ഇസ്‌ലാം പ്രചരണവും വാളും

ഇസ്ലാം

                                                    ഇസ്‌ലാം പ്രചരിച്ചത് വാള് കൊണ്ടോ?

ഇത് മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനുമെതിരെ ഉന്നയിക്കപ്പെടുന്ന പൊതുവായ ആരോപണമാണ്. പാശ്ചാത്യ ലോകത്തിന് ഇസ്‌ലാം ഭീഷണിയുയര്‍ത്തുന്നു എന്ന ഭീതി പരത്തിക്കൊണ്ട് ചരിത്രകാരന്‍മാരും വിശകലന വിദഗ്ധരുമായി വിലസുന്ന ഇസ്‌ലാമോഫോബുകളുടെ ഏറ്റവും ഇഷ്ടപ്പെട്ട പ്രസ്താവനയാണിത്. ധാരാളം സംവാദങ്ങള്‍ക്ക് കാരണമാകുന്ന ഈ ചൂടുള്ള വിഷയം വിശകലനം ചെയ്യേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഈ ആരോപണത്തില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.

ഈജിപ്ത്, സിറിയ, ഇറാഖ്, പേര്‍ഷ്യ- ആദ്യ വിജയങ്ങള്‍
പ്രവാചകന്‍(സ)ക്ക് ശേഷം എഡി 630ന്റെ ആദ്യത്തില്‍ തന്നെ ഇസ്‌ലാമിക വ്യാപനത്തിന് തുടക്കം കുറിക്കപ്പെട്ടിരുന്നു. ബൈസന്റൈന്‍, സസാനീദ് (പേര്‍ഷ്യന്‍) സാമ്രാജ്യങ്ങള്‍ക്കെതിരെ ഇസ്‌ലാമിക ഭരണകൂടത്തിന്റെ കാമ്പയ്‌നുകള്‍ ആരംഭിച്ച സമയമായിരുന്നു അത്. കോണ്‍സ്റ്റാന്റിനോപ്പിളും സിഫോണും(Ctesiphon)കേന്ദ്രമാക്കിയുള്ള പുരാതനവും വ്യവസ്ഥാപിതവുമായ സാമ്രാജ്യങ്ങള്‍ക്കെതിരെയായിരുന്നു മരുഭൂമിയിലെ അറേബ്യന്‍ പോരാളികള്‍ അണിനിരന്നിരുന്നത്. ഇന്നത്തെ യുദ്ധങ്ങള്‍ പരിശോധിക്കുമ്പോള്‍ ഏറെ സങ്കീര്‍ണ്ണം എന്ന് തോന്നാവുന്ന നിയമങ്ങളാണ് ഇസ്‌ലാമിന്റെ ആദ്യ ഖലീഫയായ അബൂബക്കര്‍(റ) തന്റെ സൈന്യത്തിന് നല്‍കിയത്:

‘ജനങ്ങളേ, യുദ്ധരംഗത്ത് പാലിക്കേണ്ട പത്ത് നിയമങ്ങളാണ് ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. ഒരിക്കലും വിശ്വാസവഞ്ചന ചെയ്യുകയോ ശരിയായ വഴിയില്‍ നിന്ന് തെറ്റിപ്പോവുകയോ ചെയ്യരുത്. മൃതദേഹങ്ങള്‍ ഒരിക്കലും അംഗഭംഗപ്പെടുത്തരുത്. കുട്ടികളെയും സ്ത്രീകളെയും വൃദ്ധന്‍മാരെയും വധിക്കരുത്. വൃക്ഷങ്ങള്‍ മുറിക്കുകയോ കത്തിക്കുകയോ ചെയ്യരുത്,പ്രത്യേകിച്ചും ഫലം തരുന്നവ. നിങ്ങളുടെ ഭക്ഷണത്തിനല്ലാതെ ശത്രുക്കളുടെ മൃഗങ്ങളെ വധിക്കരുത്. ഏകാന്തജീവിതം നയിക്കുന്നവരുടെ സമീപത്ത് കൂടെ നിങ്ങള്‍ പോയേക്കാം. അവരെ വെറുതെ വിട്ടേക്കുക.’

അന്ന് ഇത്തരം നിയമങ്ങള്‍ സവിശേഷവും നൂതനവുമായിരുന്നു. മുസ്‌ലിംകള്‍ വരുന്നതിന് മുമ്പ് പേര്‍ഷ്യന്‍-ബൈസന്റൈന്‍ സാമ്രാജ്യങ്ങള്‍ പതിറ്റാണ്ടുകള്‍ നീണ്ട യുദ്ധത്തിലൂടെ സിറിയയെയും ഇറാഖിനെയും നാമാവശേഷമാക്കിയിട്ടുണ്ടായിരുന്നു. മുസ്‌ലിംകളൊരിക്കലും അവരുടെ ശത്രുക്കളുടെ തത്വങ്ങള്‍ അനുകരിക്കുകയില്ല എന്നും സൈന്യത്തെ മാത്രമേ അക്രമിക്കുകയുള്ളൂ എന്നും നിരപരാധികളെ വെറുതെ വിടുമെന്നുമാണ് അബൂബക്കര്‍(റ) വ്യക്തമാക്കിയത്. യുദ്ധത്തില്‍ ശത്രുക്കളെയല്ലാതെ വേറെയാരെങ്കിലും അക്രമിക്കുന്നത് ഇസ്‌ലാമിക ശരീഅത്തും വിലക്കുന്നുണ്ട്.

ഇറാഖ്, സിറിയ, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളെ കീഴടക്കിയ ചരിത്രം വിശദീകരിക്കലല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. 638ല്‍ സിറിയയും 642ല്‍ ഈജിപ്തും 644ല്‍ ഇറാഖും മുസ്‌ലിംകളുടെ അധീനത്തിലായിരുന്നു എന്ന വിവരം മാത്രമേ ഇപ്പോള്‍ നമുക്കാവശ്യമുള്ളൂ. സിറിയയില്‍ മതപരമായ അടിത്തറയും ഈജിപ്തില്‍ സാമ്പത്തികാടിത്തറയും നഷ്ടപ്പെട്ട ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചിരുന്ന കാലമായിരുന്നു അത്. സസാനീദ് സാമ്രാജ്യമാകട്ടെ, മുസ്‌ലിംകളുടെ വിജയത്തിന് ശേഷം സമ്പൂര്‍ണ്ണമായും തൂത്തെറിയപ്പെടുകയുണ്ടായി. ഈ വലിയ സാമ്രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയപരമായി ഈ പരാജയം വന്‍ ദുരന്തമായിരുന്നു. നമുക്ക് ഈ ലേഖനത്തിന്റെ വിഷയത്തിലേക്ക് പോകാം. എങ്ങനെയാണ് കീഴടക്കിയ പ്രദേശങ്ങളില്‍ ഇസ്‌ലാം വ്യാപിച്ചത്?

തങ്ങള്‍ കീഴടക്കിയ പ്രദേശങ്ങളിലെ ജനങ്ങളെ ഒരിക്കലും മുസ്‌ലിംകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയിരുന്നില്ല. മാത്രമല്ല, നൂറ്റാണ്ടുകളോളം എങ്ങനെയായിരുന്നോ ജീവിച്ചത് അത്‌പോലെത്തന്നെ അവരെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തു. ജറൂസലേം കീഴടക്കിയ സന്ദര്‍ഭത്തില്‍ അന്ന് ഖലീഫയായിരുന്ന ഉമര്‍ ബിന്‍ ഖത്താബ് അവിടത്തെ ഭരണാധികാരിയുമായുണ്ടാക്കിയ സന്ധിയില്‍ ഇങ്ങനെ എഴുതുകയുണ്ടായി:

‘ഉമര്‍ അവര്‍ക്കും അവരുടെ സ്വത്തിനും അവരുടെ പളളികള്‍ക്കും സുരക്ഷിതത്വം ഉറപ്പ് നല്‍കിയിരിക്കുന്നു. അവരുടെ പള്ളികള്‍ മുസ്‌ലിംകള്‍ കൈയ്യടക്കുകയോ നശിപ്പിക്കുകയോ ചെയ്യില്ല. നിര്‍ബന്ധപൂര്‍വ്വം അവരെ മതപരിവര്‍ത്തനം ചെയ്യിപ്പിക്കുകയുമില്ല’.

മതസഹിഷ്ണുതയെക്കുറിച്ച് ഇത്തരത്തിലുള്ള ആശയങ്ങള്‍ അന്നാര്‍ക്കുമുണ്ടായിരുന്നില്ല. കീഴടക്കിയ ജനങ്ങളോടുള്ള സമീപനം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ഒരു മാതൃക മുന്നോട്ട് വെക്കുകയാണ് ഉമര്‍(റ) ചെയ്യുന്നത്. മുസ്‌ലിംകള്‍ കീഴടക്കിയ മറ്റ് രാഷ്ട്രങ്ങളായ ഈജിപ്ത്, സിറിയ, ഇറാഖ്, പേര്‍ഷ്യ എന്നിവിടങ്ങളിലും സമാനമായ സന്ധികള്‍ ഉണ്ടാക്കിയിരുന്നു.

ഈ പ്രദേശങ്ങളിലൊന്നും തന്നെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ല എന്നതിന്റെ തെളിവ് അവിടങ്ങളില്‍ അവശേഷിച്ച ക്രൈസ്തവ സമുദായങ്ങള്‍ തന്നെയാണ്. മുസ്‌ലിംകളുടെ വിജയത്തിന് ശേഷവും നൂറ്റാണ്ടുകളോളം അവിടങ്ങളിലെ ഭൂരിപക്ഷം ക്രൈസ്തവരായിരുന്നു. അതേസമയം, പതിയെ അവര്‍ ഇസ്‌ലാം ആശ്ലേഷിക്കാനും അറബി മാതൃഭാഷയായി സ്വീകരിക്കാന്‍ തുടങ്ങുകയും ചെയ്തു. നല്ലൊരു ശതമാനം ക്രൈസ്തവരും ഇന്ന് ജീവിക്കുന്നത് ഈജിപ്ത് (9%), സിറിയ (10%), ലെബനോന്‍ (39%), ഇറാഖ് (3%) തുടങ്ങിയ രാഷ്ട്രങ്ങളിലാണ്. മുസ്‌ലിംകള്‍ അന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനം നടപ്പിലാക്കിയിരുന്നെങ്കില്‍ ഈ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ അവശേഷിക്കുമായിരുന്നില്ല. ഇസ്‌ലാം വാള് കൊണ്ടല്ല പ്രചരിച്ചത് എന്നതിന് ഇത് തന്നെ ഏറ്റവും വലിയ തെളിവാണ്.

ഉത്തര ആഫ്രിക്കയും സ്‌പെയ്‌നും
ഈജിപ്ത്, സിറിയ, ഇറാഖ്, പേര്‍ഷ്യ തുടങ്ങിയ രാഷ്ട്രങ്ങള്‍ കീഴടക്കിയ മുസ്‌ലിം സൈന്യത്തിലെ അംഗങ്ങളും സേനാനായകന്‍മാരും ആദ്യകാലത്ത് ഇസ്‌ലാം സ്വീകരിച്ചവരായിരുന്നു. അവരില്‍ പലരും പ്രവാചകാനുയായികളായിരുന്നു.

600കളില്‍ ഉത്തര ആഫ്രിക്കയിലെ ജനസംഖ്യയില്‍ ഭൂരിപക്ഷവും ബെര്‍ബറുകളായിരുന്നു. ഈജിപ്ത് മുതല്‍ അള്‍ജീരിയ വരെയുള്ള ഭാഗം ബൈസന്റൈന്‍ സാമ്രാജ്യത്വത്തിന്റെ കൈയ്യിലായിരുന്നെങ്കിലും ജനങ്ങളുടെ പിന്തുണ അവര്‍ക്കുണ്ടായിരുന്നില്ല. ഇസ്‌ലാമിന്റെ വരവിന് മുമ്പുണ്ടായ രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങള്‍ മേഖലയെ നാമാവശേഷമാക്കുകയുണ്ടായി.

660ല്‍ ബൈസന്റൈനില്‍ നിന്ന് ഉത്തര ആഫ്രിക്ക പിടിച്ചടക്കാന്‍ ആദ്യത്തെ ഉഖ്ബ ബിന്‍ നാഫിഇനെ ജനറലായി അമവി ഖലീഫയായ മുആവിയഃ നിയോഗിക്കുകയുണ്ടായി. പതിറ്റാണ്ടുകള്‍ക്കകം ഉത്തര ആഫ്രിക്ക മുസ്‌ലിംകളുടെ കൈയിലാവുകയും ചെയ്തു.

ഉത്തര ആഫ്രിക്കയില്‍ ബെര്‍ബറുകളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയിട്ടില്ല. അങ്ങനെ നടന്നതായി മുസ്‌ലിംകളോ അമുസ്‌ലിംകളോ രേഖപ്പെടുത്തിയിട്ടുമില്ല. അതേസമയം, ഒരുപാട് ബെര്‍ബറുകള്‍ വളരെ പെട്ടെന്ന് തന്നെ ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. അതോടൊപ്പം അവര്‍ മുസ്‌ലിം സൈന്യത്തില്‍ ചേരുകയും സൈന്യത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. അവരെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടായിരുന്നെങ്കില്‍ അവരൊരിക്കലും ബൈസാന്റൈന്‍ സാമ്രാജ്യത്വത്തിനെതിരെ സ്വമേധയാ മുസ്‌ലിം സൈന്യത്തില്‍ അണിനിരക്കുമായിരുന്നില്ല.

ഉത്തര ആഫ്രിക്കയെ പൂര്‍ണ്ണമായും കീഴ്‌പ്പെടുത്തിയതിന് ശേഷം ലോകചരിത്രത്തെ തന്നെ മാറ്റിയേക്കാവുന്ന ഒരു സുവര്‍ണ്ണാവസരം മുസ്‌ലിംകള്‍ക്ക് ലഭിക്കുകയുണ്ടായി. 700ന്റെ ആദ്യത്തില്‍ ഐബീരിയന്‍ ഉപദ്വീപ് (ഇന്നത്തെ സ്‌പെയിനും പോര്‍ച്ചുഗലും) വിസിഗോതിക് (visigothic) രാജാവായിരുന്ന റോഡെറിക്കിന്റെ (Roderic)കൈയ്യിലായിരുന്നു. റോഡെറിക്കിന്റെ മര്‍ദ്ദക ഭരണത്തിനെതിരെ ഐബീരിയയിലെ ഒരു കുലീന മനുഷ്യന്‍ ഉത്തര ആഫ്രിക്കയിലെ മുസ്‌ലിം ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയുണ്ടായി. റോഡെറിക്കിനെതിരെ മുസ്‌ലിംകള്‍ സൈനിക നീക്കം നടത്തുകയാണെങ്കില്‍ തന്റെ കൂടെയുള്ള സംഘത്തിന്റെ പൂര്‍ണ്ണപിന്തുണ അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു.

പ്രാദേശിക ജനങ്ങളുടെ പിന്തുണ ഉറപ്പ് വരുത്തിയതിന് ശേഷം മുസ്‌ലിം ജനറലായിരുന്നു താരീഖ് ഇബ്‌നു സിയാദ് (അദ്ദേഹം ഒരു ബെര്‍ബറായിരിക്കാനാണ് സാധ്യത) മൊറോക്കോയില്‍ നിന്ന് ഐബീരിയയിലേക്ക് ഒരു സൈന്യത്തെ അണിനിരത്തിക്കൊണ്ട് വരികയുണ്ടായി. മൂന്ന് വര്‍ഷങ്ങള്‍ക്കകം തന്നെ ഐബീരിയന്‍ ഉപദ്വീപ് മുസ്‌ലിം നിയന്ത്രണത്തിലാവുകയും ചെയ്തു. ഒട്ടുമിക്ക സമീപ നഗരങ്ങളും നീതിയിലധിഷ്ഠിതമായ മുസ്‌ലിം ഭരണത്തെക്കുറിച്ച് കേട്ടറിഞ്ഞ ശേഷം മുസ്‌ലിം സൈന്യങ്ങളെ തങ്ങളുടെ നാടുകളിലേക്ക് സ്വാഗതം ചെയ്യുകയുണ്ടായി.

ഇവിടെയും നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ല എന്നാണ് തെളിവുകള്‍ നമ്മോട് പറയുന്നത്. ഒരു വിസിഗോതിക് പ്രഭുവുമായി മുസ്‌ലിം ഗവര്‍ണര്‍ ഒപ്പുവെച്ച കരാറില്‍ പ്രാദേശിക ജനങ്ങളെ കൊല്ലുകയോ തുറങ്കിലിലടക്കുകയോ ചെയ്യില്ലെന്ന് വ്യവസ്ഥയുണ്ടായിരുന്നു. മാത്രമല്ല, അവരെ നിര്‍ബന്ധിച്ച് മതംമാറ്റം നടത്തില്ലെന്നും അവരുടെ ചര്‍ച്ചുകള്‍ തകര്‍ക്കപ്പെടില്ലെന്നും മുസ്‌ലിം ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിരുന്നു.

മുസ്‌ലിം സ്‌പെയിനിലും (പിന്നീട് അല്‍അന്ദലുസ് എന്നാണ് അതറിയപ്പെട്ടത്.) പ്രാദേശിക ജനത (ക്രൈസ്തവരും ഒരു ചെറിയ വിഭാഗം ജൂതരും) നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമായിട്ടില്ല. തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ അല്‍അന്ദലുസില്‍ നാം കണ്ടത് മതസഹിഷ്ണുതയാണ്. അവിടെ മുസ്‌ലിംകളും ജൂതരും ക്രൈസ്തവരും വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും സുവര്‍ണ്ണ കാലഘട്ടം ഒരുമിച്ചാണ് അനുഭവിച്ചത്. മുസ്‌ലിംകളെയും ജൂതരെയും സ്‌പെയിനില്‍ നിന്ന് പിഴുതെറിഞ്ഞ ക്രൈസ്തവ അധിനിവേശത്തോടെ ആ സുവര്‍ണ്ണ കാലഘട്ടം അവസാനിക്കുകയും ചെയ്തു.

ഇന്ത്യന്‍ ഉപഭൂഖണ്ഡം
ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ളത് ഇന്ത്യയിലും പാക്കിസ്ഥാനിലുമാണ്. വലിയ തോതിലുള്ള സ്വാധീനമാണ് ഇസ്‌ലാമിന് ഇവിടങ്ങളില്‍ ഉണ്ടായിരുന്നത്. നൂറ്റാണ്ടുകളോളം ഇന്ത്യാ ഉപഭൂഖണ്ഡം മുസ്‌ലിംകള്‍ ഭരിച്ചിട്ടും ഇപ്പോഴും ഹിന്ദു മതവും മറ്റ് മതങ്ങളും അവിടെ നിലനില്‍ക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഇന്ത്യാ ഉപഭൂഖണ്ഡത്തിലേക്കുള്ള മുസ്‌ലിംകളുടെ വരവിന് ഒരുപാട് രാഷ്ട്രീയ കാരണങ്ങളുണ്ടായിരുന്നു. ഒരിക്കല്‍ ശ്രീലങ്കയില്‍ വ്യാപാരത്തിലേര്‍പ്പെട്ടിരുന്ന മുസ്‌ലിം വ്യാപാരികളുടെ കപ്പല്‍ സിന്ദില്‍ (ഇപ്പോഴത്തെ പാക്കിസ്ഥാന്‍) നിന്നുള്ള കടല്‍കൊള്ളക്കാര്‍ ആക്രമിക്കുകയും അവരുടെ പെണ്‍മക്കളെ പിടികൂടുകയും അടിമകളാക്കുകയുമുണ്ടായി. കടല്‍കൊള്ളക്കാരില്‍ നിന്ന് പെണ്‍മക്കളെ മോചിപ്പിക്കാന്‍ വേണ്ടിയാണ് 710ല്‍ താഇഫ് നഗരത്തില്‍ നിന്നുള്ള ഒരറബിയായ മുഹമ്മദ് ഇബ്‌നു ഖാസിമിന്റെ നേതൃത്വത്തില്‍ ഒരു സംഘം മുന്നിട്ടിറങ്ങിയത്.

ഇന്ത്യയില്‍ അന്ന് നിലനിന്നിരുന്ന വളരെ പ്രധാനപ്പെട്ട സാമൂഹ്യപ്രശ്‌നങ്ങളാണ് ഖാസിമിന്റെ മിലിട്ടറി നീക്കത്തെ വിജയകരമാക്കിയത്. ഹിന്ദു വിശ്വാസത്തില്‍ നിന്നുടലെടുത്ത ജാതി വ്യവസ്ഥ സമൂഹത്തെ പല തട്ടുകളായി വേര്‍തിരിച്ചിരുന്നു. മേല്‍തട്ടിലുള്ളവര്‍ സുഖജീവിതം നയിച്ചപ്പോള്‍ താഴെത്തട്ടിലുള്ളവര്‍ക്ക് നേരിടേണ്ടി വന്നത് ദുരിതങ്ങളും പീഢനങ്ങളും നിറഞ്ഞ ജീവിതമായിരുന്നു. അത്‌പോലെ ബുദ്ധമത വിശ്വാസികളെ ഹിന്ദു രാജാക്കന്‍മാര്‍ രാജ്യത്തിലുടനീളം മര്‍ദ്ദനത്തിന് വിധേയമാക്കിയിരുന്നു. സമത്വത്തിലധിഷ്ടിതമായ ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പ് വാഗ്ദാനം ചെയ്തിരുന്ന മുസ്‌ലിം സൈന്യങ്ങളുടെ വരവിനെ ബുദ്ധന്‍മാരും താഴ്ന്ന ജാതിയില്‍ പെട്ടവരും ചേര്‍ന്ന് സ്വീകരിക്കുകയുണ്ടായി. ഇന്ത്യയിലെ ആദ്യകാലത്തെ മുസ്‌ലിംകളധികവും താഴ്ന്ന ജാതിയില്‍ പെട്ടവരായിരുന്നു. കാരണം മര്‍ദകമായ ഒരു സാമൂഹ്യ വ്യവസ്ഥയില്‍ നിന്നുള്ള മോചനമാണ് ഇസ്‌ലാം വാഗ്ദാനം ചെയ്തിരുന്നത്.

ഇസ്‌ലാമിക നിയമം മുന്നോട്ട് വെക്കുന്ന മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ക്രൈസ്തവര്‍ക്കും ജൂതര്‍ക്കും മാത്രമുള്ളതല്ല എന്നാണ് സിന്ധ് പിടിച്ചടക്കിയ മുഹമ്മദ് ബിന്‍ ഖാസിം കാണിച്ച് കൊടുത്തത്. ബുദ്ധന്‍മാര്‍ക്കും ഹിന്ദുക്കള്‍ക്കും അദ്ദേഹം മതസ്വാതന്ത്ര്യം അനുവദിച്ച് നല്‍കുകയുണ്ടായി. അവരെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തില്ല. ഒരിക്കല്‍ മുസ്‌ലിം സൈന്യം തങ്ങളുടെ മേല്‍ ഇസ്‌ലാം അടിച്ചേല്‍പ്പിക്കുമെന്ന ഭയം ഒരു ബുദ്ധ സമുദായം ഖാസിമിന് മുമ്പാകെ പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം ബുദ്ധ-ഹിന്ദു നേതാക്കന്‍മാരെ വിളിച്ച് ചേര്‍ക്കുകയും പൂര്‍ണ്ണമായ മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുകയും ചെയ്തു.

ഉപസംഹാരം
ഇനി നമുക്ക് ലേഖനത്തിന്റെ തുടക്കത്തില്‍ ഉന്നയിച്ച ചോദ്യത്തിലേക്ക് തിരിച്ച് വരാം: ഇസ്‌ലാം വാളു കൊണ്ടാണോ പ്രചരിച്ചത്? രാഷ്ട്രീയവും മതപരവുമായ അജണ്ടകളുള്ളവര്‍ എന്തൊക്കെ പറഞ്ഞാലും അക്രമത്തിലൂടെയല്ല ഇസ്‌ലാം പ്രചരിച്ചത് എന്നതിന് നമ്മുടെ മുമ്പില്‍ ധാരാളം തെളിവുകളുണ്ട്. ഒരിക്കല്‍പോലും നിര്‍ബന്ധപൂര്‍വ്വം ആളുകള്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടതിന്റെ തെളിവുകള്‍ എവിടെയും ലഭ്യമല്ല. മാത്രമല്ല, തങ്ങള്‍ നടത്തിയ യുദ്ധങ്ങളിലുടനീളം ഇതര മതവിഭാഗങ്ങള്‍ക്ക് അവര്‍ സംരക്ഷണം ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. തങ്ങളുമായി യുദ്ധത്തിലേര്‍പ്പെട്ടിരുന്ന സൈന്യങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കുമെതിരെ മാത്രമാണ് അവര്‍ യുദ്ധം ചെയ്തത്. ചുരുക്കം ചില പ്രദേശങ്ങളിലെ ഉദാഹരണങ്ങള്‍ മാത്രമേ ഈ ലേഖനത്തിലുള്ളതെങ്കിലും ഇസ്‌ലാമിക ചരിത്രത്തിലൂടെ കടന്ന് പോകുന്നവര്‍ക്ക് മതസഹിഷ്ണുതയുടെയും സൗഹാര്‍ദ്ദത്തിന്റെയും ചരിത്രം തന്നെയാണ് കണ്ടെടുക്കാനാവുക.

മതസഹിഷ്ണുതയുടെ ചരിത്രത്തിലെ ആദ്യ ഉദാഹരണങ്ങളാണ് ഇവിടെ പറഞ്ഞത്. 1600ലും 1700ലുമുണ്ടായ നവോത്ഥാനത്തിന്റെ ഫലമായി രൂപം കൊണ്ട പാശ്ചാത്യ നാഗരികതയാണ് മതസഹിഷ്ണുതയും സ്വാതന്ത്ര്യവും പ്രചരിപ്പിച്ചത് എന്നാണ് പറയപ്പെടുന്നതെങ്കിലും . മാത്രമല്ല, യൂറോപ്പ്, അമേരിക്കന്‍ ഐക്യനാടുകള്‍, ഇന്ത്യ എന്നിവിടങ്ങളില്‍ മതസഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും അധ്യാപനങ്ങള്‍ പഠിപ്പിച്ചത് ഇസ്‌ലാമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

ഫിറാസ് അല്‍ഖതീബ്

Related Post