ക്ഷമിക്കാൻ പഠിക്കുക

Originally posted 2018-06-12 23:02:07.

ക്ഷമ കാണിക്കുക                    

നിങ്ങളെ ഒരാള്‍ അപമാനിക്കുകയും നിന്ദിക്കുകയും ചെയ്തു, ശേഷം അയാളോട് പ്രതികാരം ചെയ്യാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചു. നിങ്ങള്‍ അയാള്‍ക്കു പൊറുത്തു കൊടുക്കുമോ? നിങ്ങളുടെ അടുത്ത ബന്ധുവിനെ ഒരാള്‍ കൊലപ്പെടുത്തി. നിങ്ങള്‍ അയാളോട് പ്രതികാരം ചെയ്യുമോ അതോ ക്ഷമിക്കുമോ. കുറഞ്ഞ ആളുകള്‍ മാത്രമേ ക്ഷമിക്കുമെന്ന് ഉത്തരം നല്‍കൂ.

ഇവിടെയാണ് പ്രവാചകന്‍ മുഹമ്മദ് നബി(സ) നാം മാതൃകയാക്കേണ്ടത്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നുണ്ട്:
സംശയമില്ല; നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ മികച്ച മാതൃകയുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കാണിത്. അല്ലാഹുവെ ധാരാളമായി ഓര്‍ക്കുന്നവര്‍ക്കും. (അഹ്‌സാബ്- 33-21).

നമ്മുടെ സുഹൃത്തുക്കളോടും മാതാപിതാക്കളോടും ഇണയോടും ക്ഷമ കാണിക്കുക എന്നത് നമ്മുടെ കൂട്ടത്തിലെ മിക്കവാറും ആളുകള്‍ക്ക് സാധിക്കാത്ത ഒന്നാണ്. നമ്മളോട് മറ്റുള്ളവര്‍ ചെയ്ത കാര്യ ങ്ങള്‍ വര്‍ഷങ്ങളായിട്ടും മറക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവരാണ് നമ്മില്‍ അധികവും. ഒരു വശത്ത് ഇതിനെ ന്യായീകരിക്കാനും പലരും ശ്രമിക്കാറുണ്ട്. മറുവശത്തുള്ളവര്‍ നാമാണ് തെറ്റു ചെയ്തതെന്ന രൂപത്തില്‍ പരസ്പരം ആരോപണം നടത്തുന്നു.

ഇത്തരം പ്രവണതകള്‍ നമ്മുടെ മനസ്സിനകത്ത് കയറിക്കൂടുന്നത് ആത്മീയമായും മാനസികമായും അനാരോഗ്യകരമാണ്. നിങ്ങളെ ഒരാള്‍ ഉപദ്രവിക്കുമ്പോള്‍ നാം അസ്വസ്ഥനാകുന്നത് തികച്ചും സ്വാഭാവികമാണ്. പ്രവാചകന്‍ മുഹമ്മദ് നബി (സ) പറയുന്നു: ഒരു മുസ്ലിം മറ്റൊരു മുസ്ലിമുമായി മൂന്നു ദിവസത്തില്‍ കൂടുതല്‍ ബന്ധം മുറിക്കുകയില്ല.

ഇത്തരം സംഭവങ്ങളില്‍ നിന്ന് ശാന്തനാകാന്‍ നമുക്ക് സമയം വേണമെന്നുള്ളതു കൊണ്ടാണ് മനസ്സിനെ തണുപ്പിക്കാന്‍ മൂന്നു ദിവസം അനുവദിച്ചിരിക്കുന്നത്. ‘മൂന്നു ദിവസത്തിനകം ബന്ധം പുതുക്കാത്തവര്‍ മുസ്ലിംകളില്‍പെട്ടവരല്ല’ എന്നാണ് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ക്ഷമിക്കാനും അതുള്‍ക്കൊണ്ട് മുന്നോട്ടു പോവാനുമുള്ള കഴിവ് നമുക്കില്ലെങ്കില്‍ അത് പലപ്പോഴും വിനാശകരവും അനാരോഗ്യകരവുമാകും. നമ്മള്‍ക്കും മറ്റുള്ളവര്‍ക്കും.

മറ്റൊരാളോട് ക്ഷമിക്കുക എന്നാല്‍, ആ വ്യക്തിക്കെതിരെ നിങ്ങളുടെ മനസ്സിനുള്ളില്‍ വച്ച് പക വീട്ടുക എന്നതല്ല. മറിച്ച്, നിങ്ങള്‍ക്ക് അയാളോട് പ്രതികാരം ചെയ്യാന്‍ അവസരം ലഭിച്ചിരിക്കെ അതിനു മുതിരാതെ ക്ഷമിക്കാന്‍ മനസ്സു കാണിക്കലാണ്. അവനെ ശപിച്ചുകൊണ്ട് ക്ഷമിക്കലല്ല. മാത്രമല്ല, അവരുടെ ക്ഷേമത്തിനും സന്മനസ്സിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യലാണ്. ഇത്തരം മാതൃകയാണ് നമ്മള്‍ക്ക് ഇസ്ലാം പഠിപ്പിച്ചു തരുന്നത്. അതിനാല്‍ നിങ്ങളുടെ കൊടിയ ശത്രുവിനോട് പോലും ക്ഷമിക്കാനും സഹിക്കാനും നാം പഠിക്കണം.

Related Post