പണവും സന്തോഷവും

Originally posted 2015-07-23 13:50:38.

പണം

പണവും സന്തോഷവും

പണവും സന്തോഷവും ഇരട്ടപെറ്റവയോ?
കമാല്‍ ബദ്ര്‍
സന്തോഷവും പണവും പരസ്പരപൂരകങ്ങളാണ് എന്നാണ് അധികമാളുകളും ധരിച്ചുവശായിരിക്കുന്നത്. പണം ജീവിതത്തില്‍ പലതുംനേടിത്തരും എന്നവര്‍ കരുതുന്നു. ജീവിതത്തെ സന്തോഷപ്രദമാക്കുന്നത് പണമാണെന്നുപോലും ചിലര്‍ പറയാറുണ്ട്. അങ്ങനെ പണംകൂടുതലായി സമ്പാദിക്കുകയും അതില്‍ സന്തോഷം കണ്ടെത്തുകയും കൂടുതല്‍ സന്തോഷിക്കാന്‍ ആ പണം ചെലവിടുകയും ചെയ്യുന്നവരുണ്ട് നമ്മുടെ കൂട്ടത്തില്‍. സന്തോഷം നേടിത്തരുന്നതില്‍ പണത്തിനുണ്ടെന്നുപറയപ്പെടുന്ന പങ്ക് യാഥാര്‍ഥ്യമാണോ?

എല്ലാം പണമെന്നു തെറ്റിധരിച്ച ജീവിതത്തിന്റെ ആസ്വാദനങ്ങള്‍ക്കായി യാതൊരുതടസ്സവും ഉണ്ടാകരുതെന്ന് പറയാറുണ്ട്. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനംനല്‍കാന്‍ പണത്തിനാകും. ജീവിതം പ്രയാസരഹിതവും സുഖപൂര്‍ണവുമാക്കാന്‍ ഒരാളെ സഹായിക്കുന്നു എന്ന നിലക്ക് പണം വിവേകമാണ്. അതേസമയം മനസ്സിനെ ദുര്‍ബലപ്പെടുത്തി ശരീരദൗര്‍ബല്യവും ബുദ്ധിഹീനതയും സമ്മാനിച്ച് ജീവിതം ദുരിതപൂര്‍ണമാക്കുന്നുവെങ്കില്‍ അത് അജ്ഞതയാണ്.

പണം അത് സ്വയംതന്നെ ജീവിതമാണ്. നിങ്ങളുടെ അടുത്ത് പണമുണ്ടെങ്കില്‍ അത് ലോകത്തെ നിങ്ങളുടെ ഉള്ളംകൈയില്‍ വച്ചെുതരും. അത് നിങ്ങളെ സമൂഹത്തില്‍ സര്‍വസ്വീകാര്യനാക്കും. എല്ലാവരും നിങ്ങളോടൊത്ത് ചങ്ങാത്തം ആഗ്രഹിക്കും. എല്ലാറ്റിനുമുപരി സമ്പത്ത് ലോകത്തിന്റെ ചങ്ങാതിയാണ്. സുന്ദരിയായ ഭാര്യ, താമസിക്കാന്‍ മണിമാളിക, അത്യാധുനികമോഡല്‍ കാര്‍ അങ്ങനെ തുടങ്ങി നിങ്ങളിഷ്ടപ്പെടുന്ന എന്തും നേടിത്തരും അത്.

പക്ഷേ, ജീവിതപാത എന്നും റോസാമലരുകള്‍ വിരിക്കപ്പെട്ടതല്ലല്ലോ. ജീവിതത്തിന്റെ സമസ്തമേഖലകളില്‍ അത്ഭുതങ്ങള്‍ മാത്രം കാണിക്കുന്ന ഒന്നല്ല പണം എന്ന് തിരിച്ചറിയേണ്ടതുണ്ട്. എല്ലാറ്റിനുമുപരി അത് ചരക്കുവിനിമയത്തിനുള്ള മനുഷ്യന്റെ കണ്ടുപിടിത്തം മാത്രമാണല്ലോ. മനുഷ്യന് തന്റെതായ പരിമിതികളേറെയാണ്. അതിനാല്‍ അവന്റെ കണ്ടുപിടിത്തങ്ങളിലും ആ ദൗര്‍ബല്യം നിഴലിച്ചുകാണും. അതുകൊണ്ടാണ് പല സമ്പന്നര്‍ക്കും വളരെ ഞെരുക്കത്തിന്റെയും പ്രയാസത്തിന്റെയും സന്ദര്‍ഭങ്ങള്‍ ഇടക്കിടെ ഉണ്ടാകുന്നത്.

സമ്പന്നരെ ബാധിക്കുന്ന ഗുരുതരപ്രശ്‌നമാണ് വിശ്രമമില്ലായ്മ. ഒട്ടേറെ ഉത്തരവാദിത്തങ്ങള്‍ അവരെ സാധാരണജീവിതം നയിക്കുന്നതില്‍നിന്ന് തടയുന്നു. ഒഴിവാക്കാനാകാത്ത സാമൂഹികബന്ധങ്ങളില്‍പെട്ട് കുടുംബബാധ്യതകള്‍ നിര്‍വഹിക്കാനാകാതെ വ്യക്തിജീവിതത്തില്‍ അവര്‍ പരാജയപ്പെടുന്നു. കുടുംബത്തിലെ വളര്‍ന്നുവരുന്ന ബാല്യങ്ങള്‍ അവര്‍ക്കുകിട്ടേണ്ട പരിലാളനകളും ശ്രദ്ധയും കിട്ടാതെ അവഗണിക്കപ്പെടുകയാണ് അതിന്റെ ഫലം. അതുകൊണ്ടുതന്നെ മാനസികമായി അവര്‍ ദുര്‍ബലരായിത്തീരുന്നു. മതിയായ രക്ഷാശിക്ഷണങ്ങളുടെ അഭാവത്തില്‍ വളരുന്ന അത്തരം കുട്ടികള്‍ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി സമൂഹത്തില്‍ പ്രശ്‌നക്കാരായി മാറുന്നത് കാണേണ്ടിവരുന്നത് അതുകൊണ്ടാണ്.

ലക്ഷ്യബോധമില്ലാത്ത റെബലുകള്‍

സമ്പന്നജീവിതങ്ങളിലെ ദുഃഖിതരുടെയും നിരാശരുടെയും ചിത്രങ്ങളും നമുക്ക് കാണാനാകും. സമ്പത്തുണ്ടാകുകയെന്നതും സംതൃപ്തജീവിതം നയിക്കുകയെന്നതും രണ്ടും രണ്ടാണെന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. സന്തോഷപ്രദമായ ജീവിതം നയിക്കണമെങ്കില്‍ ഉള്ളതില്‍ സംതൃപ്തി കണ്ടെത്തുന്ന മനസ്സിനുടമയായിരിക്കണം. തെളിച്ചുപറഞ്ഞാല്‍,സന്തോഷപ്രദമായ ജീവിതം നയിക്കണമെങ്കില്‍ ലക്ഷാധിപതിയാകേണ്ട ആവശ്യമില്ല. ജീവിതം സുഖകരമാക്കാന്‍ തനിക്ക് കിട്ടിയതില്‍ സന്തോഷം കണ്ടെത്താനുള്ള മനസ്സുണ്ടായാല്‍ മതി.

ഈയിടെ നടത്തിയ പഠനത്തില്‍, ഫോര്‍ബ്‌സ് മാസിക തയ്യാറാക്കിയ സമ്പന്നരുടെ പട്ടികയിലുള്ള ആദ്യനാനൂറ് പേരുടെയും കിഴക്കനാഫ്രിക്കയിലെ ഇടയസമൂഹത്തിലെ മസ്സായികളുടെയും സന്തോഷത്തിന്റെ വിതാനം ഒരേനിലയിലാണെന്ന് കണ്ടെത്തുകയുണ്ടായി. കോടികള്‍ ഭാഗ്യക്കുറിയടിച്ച ആളുകള്‍ 5 വര്‍ഷത്തിനുശേഷം പൂര്‍വാവസ്ഥയിലേക്ക് തിരിച്ചെത്തുന്നതായാണ് റിപോര്‍ട്ട്. വരുമാനത്തിലെ വര്‍ധന ആളുകളെ കൂടുതല്‍ സന്തോഷവാന്‍മാരാക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജീവിതത്തിലെ കയ്പുറ്റ അനുഭവങ്ങളെ ദീര്‍ഘകാലസന്തോഷവേളകളുമായി താരതമ്യംചെയ്യുമ്പോള്‍ അവ നിസ്സാരമാണെന്ന് നമുക്ക് മനസ്സിലാക്കാം.

ദാമ്പത്യസംതൃപ്തി

പണംകൊണ്ട് നേടാനാകാത്ത ഒന്നാണ് സ്‌നേഹം. സ്‌നേഹത്തിന് അകമ്പടിയെന്നോണം പണം വേണമെന്ന് നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് ഇരുപങ്കാളികളുടെയും ആവശ്യങ്ങളെ പൂര്‍ത്തീകരിക്കാന്‍ അനിവാര്യമായ സംഗതിയെന്ന നിലയിലാണ്. പരസ്പരം സ്‌നേഹിക്കുന്ന പങ്കാളികള്‍ക്കിടയില്‍ ഊഷ്മളതയെ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പണവുമുണ്ടെങ്കില്‍ അത്തരം ജീവിതം സന്തോഷപ്രദവും സുഖദായിയുമായിരിക്കും. ആ അര്‍ഥത്തില്‍ അത് ശരിയുമാണ്. എന്നാല്‍ സ്‌നേഹം നിലനിറുത്താന്‍ പണം ഉണ്ടെങ്കില്‍ മാത്രമേ കഴിയൂ എന്നുവരുന്നത് ബന്ധങ്ങളെ ശിഥിലമാക്കും.

സ്ത്രീകള്‍ സര്‍വതന്ത്രസ്വാതന്ത്ര്യം അനുഭവിക്കുന്ന ലിബറല്‍ സമൂഹത്തില്‍ നിഷ്‌കളങ്കസ്‌നേഹമാണ് അധികപേരും ആഗ്രഹിക്കുന്നതെന്ന് കാണാം. സ്ത്രീഹൃദയങ്ങളുടെ പ്രത്യേകതയാല്‍ അവര്‍ പരിചരണം കൊതിക്കുന്നു. ഒന്നിലേറെ ആഗ്രഹങ്ങള്‍ ഒരേസമയം മഥിക്കുമ്പോള്‍ ഏതുവേണം എന്നതില്‍ അവര്‍ ആശയക്കുഴപ്പത്തില്‍ പെടാമെങ്കിലും അത്തരംഘട്ടത്തില്‍ സ്‌നേഹത്തിനുതന്നെയാണ് അവര്‍ മുന്‍ഗണനകൊടുക്കുന്നത്.

ശരിയാണ്, വിവാഹത്തിന്റെ ഘട്ടത്തില്‍ ചില സ്ത്രീകള്‍ പണമെന്ന ഘടകത്തിന് അമിതപ്രാധാന്യംകൊടുക്കുന്നവരാണ്. അത്തരത്തില്‍ സമ്പത്തുമാത്രം നോക്കി പങ്കാളികളെ തെരഞ്ഞെടുക്കുന്നവരുടെ ദാമ്പത്യം അധികംതാമസിയാതെ തകര്‍ന്നുവീഴുന്നതും നാം കാണുന്നു. ജീവിതംസന്തോഷപ്രദമാക്കുന്നതില്‍ സ്‌നേഹത്തിനുള്ള പങ്കാണ് ഇതിലൂടെ ബോധ്യമാകുന്നത്. സമ്പത്ത് മുഖ്യഘടകമല്ലെന്ന സത്യം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണിവിടെ.

പണവും സന്തോഷവും തമ്മിലുള്ള ബന്ധമെങ്ങനെയെന്ന് നാമിനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ജീവിതത്തില്‍ പണത്തിന്റെ പങ്കെന്തെന്നും അത് എങ്ങനെ ചെലവഴിക്കണമെന്നും തിരിച്ചറിയുകയാണ് അതിലൊന്നാമത്തേത്. പലപ്പോഴും ചില സമ്പന്നരുടെ പ്രശ്‌നമായി മനഃശാസ്ത്രവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് അവരുടെ ധനവ്യയത്തിലെ പിഴവും പിശുക്കും ആണ്.

നമ്മുടെ ധാര്‍മികമൂല്യങ്ങളുടെ അളവുകോലാണ് പണം എന്നുവേണമെങ്കില്‍ പറയാം. ആ മൂല്യങ്ങളെ തിരിച്ചറിഞ്ഞാല്‍ ഒരാള്‍ക്ക് തന്റെ ജീവിതത്തെ മാറ്റിമറിക്കാം. കാരണം നമ്മില്‍ പലരും ജീവിതത്തെ രൂപപ്പെടുത്തുന്നത് പണത്തിന്‍മേലാണ്. അത് നമ്മുടെ ആഗ്രഹങ്ങളെയും ലക്ഷ്യങ്ങളെയും രൂപപ്പെടുത്തുന്നു. അതുവഴി വ്യക്തിത്വത്തെയും. അതാണ് പണവും സന്തോഷവും തമ്മിലുള്ള ബന്ധത്തെ നിര്‍ണയിക്കുന്നതും. പണം ഒരു വേള ആളുകളെ സന്തുഷ്ടരാക്കില്ലായിരിക്കാം. എന്നാല്‍ മനസംതൃപ്തി പണമുണ്ടാക്കാന്‍ സഹായിക്കും എന്നതില്‍ സംശയംവേണ്ട.

(ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി പിഎച്ഡി വിദ്യാര്‍ഥിയാണ് ലേഖകന്‍)

Related Post