ടിപ്പുസുല്‍ത്താന്‍

Originally posted 2015-09-14 21:28:15.

ഗോഡ്‌സേ പ്രണയവും ടിപ്പുസുല്‍ത്താന്‍ വിരോധവും

സുഭാഷ് ഗത്താദ
tipu_tipu sulthan

ഗോഡ്‌സേ പ്രണയവും ടിപ്പുസുല്‍ത്താന്‍ വിരോധവും,ഭരണാധികാരിയായിട്ടും തന്നെ ഒരു പൗരന്‍ മാത്രമായി പരിഗണിക്കുകയും തന്റെ കൊട്ടാരത്തില്‍ സ്വാതന്ത്ര്യത്തിന്റെ മരം നടുകയും ചെയ്തു

 

കാവിശക്തികള്‍ ഒരിക്കല്‍ കൂടി അത് ചെയ്തിരിക്കുന്നു. രണാങ്കണത്തില്‍ രക്തസാക്ഷിയായ അപൂര്‍വം രാജാക്കന്മാരിലൊരാളായ ടിപ്പു സുല്‍ത്താന്‍ എന്ന വീരേതിഹാസത്തെ ഒരിക്കല്‍ കൂടി അവര്‍ നിഷേധിച്ച് തള്ളിയിരിക്കുന്നു.

1857-ലെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് അമ്പത് വര്‍ഷം മുമ്പ് തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരമായി പോരാടുകയും ശ്രീരംഗപട്ടണം യുദ്ധത്തില്‍ രക്തസാക്ഷിയാവുകയും ചെയ്ത അദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സ്വന്തം മക്കളെ പോലും സമര്‍പ്പിച്ചിട്ടുണ്ടെന്ന വസ്തുത പലര്‍ക്കും അറിയാത്ത സത്യമാണ്.

ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കാനുള്ള കര്‍ണാട സര്‍ക്കാറിന്റെ തീരുമാനമാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെയുള്ള കുപ്രചാരണങ്ങള്‍ക്ക് കാവിപ്പടയെ പ്രേരിപ്പിക്കുന്നത്. പ്രൊഫസര്‍ ബി. ശൈഖ് അലിയുടെ ‘Tipu Sultan: A crusader of Change’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് കര്‍ണാടക മുഖ്യമന്ത്രി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

കാലത്തിന് മുമ്പേ നടന്ന ഭരണാധികാരി, പണ്ഡിതന്‍, പോരാളി, കവി, ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ അപോസ്തലന്‍, പുതിയ കണ്ടുപിടുത്തങ്ങളെ ഇഷ്ടപ്പെടുന്നവന്‍ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹമാണ് ആദ്യ യുദ്ധ റോക്കറ്റിന്റെ ഉപജ്ഞാതാവ്. ഭരണാധികാരിയായിട്ടും തന്നെ ഒരു പൗരന്‍ മാത്രമായി പരിഗണിക്കുകയും തന്റെ കൊട്ടാരത്തില്‍ സ്വാതന്ത്ര്യത്തിന്റെ മരം നടുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ക്കെതിരെ നാട്ടുരാജ്യങ്ങളെ ഒരുമിച്ച് നിര്‍ത്തിയതോടൊപ്പം തന്നെ ഫ്രാന്‍സിന്റെയും തുര്‍ക്കിയുടെയും അഫ്ഗാന്റെയും സഹായം തേടുകയും ചെയ്തു. മികച്ച ആസൂത്രണ പാടവത്താലും സാങ്കേതിക മികവിനാലും പലപ്പോഴും ബ്രിട്ടീഷുകാരെ പരാജയപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു.

ടിപ്പുവിന്റെ ജീവിതത്തില്‍ കാവിശക്തികള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് ശൃങ്കേരി ശങ്കരാചാര്യ മഠാധിപതി ടിപ്പുവിന്റെ സഹായം തേടിയ സംഭവം. 1791-ല്‍ മറാഠ സൈന്യം ശൃങ്കേരി ശങ്കരാചാര്യ മഠവും ക്ഷേത്രവും ആക്രമിച്ച് നിരവധി പേരെ വധിക്കുകയും കൊള്ളചെയ്യുകയും ചെയ്തു. മഠാധിപതി ടിപ്പു സുല്‍ത്താന്റെ സഹായം തേടി. അവര്‍ക്കിടയില്‍ നടന്ന കത്തിടപാടുകളുടെ ബാക്കിപത്രമായി കന്നടയിലുള്ള മുപ്പതോളം കത്തുകള്‍ 1916-ല്‍ മൈസൂര്‍ ആര്‍ക്കിയോളജി ഡയറക്ടര്‍ കണ്ടെത്തിയിട്ടുണ്ട്.

ഈ ആക്രമണത്തിലുള്ള രോഷം പ്രകടിപ്പിച്ചു കൊണ്ട് ടിപ്പു എഴുതി:
‘ഇത്തരത്തിലുള്ള ഒരു വിശുദ്ധ സ്ഥലത്തോട് അതിക്രമം പ്രവര്‍ത്തിച്ചവര്‍ തീര്‍ച്ചയായും ഈ കലിയുഗത്തില്‍ അതിന്റെ പരിണിതഫലം അധികം വൈകാതെ അനുഭവിക്കേണ്ടി വരും. ‘ഹസദ്ബി ക്രിയതേ കര്‍മ രുദദഭിര്‍ അനുഭുയതേ’ (മനുഷ്യന്‍ ചിരിച്ചു കൊണ്ട് തിന്മ ചെയ്യും പക്ഷെ കരഞ്ഞു കൊണ്ട് അതിന്റെ ഫലം അനുഭവിക്കും’

ടിപ്പു ജയന്തി ആഘോഷിക്കാനുള്ള തീരുമാനം കര്‍ണാടകയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. ഇത് വോട്ടു പിടിക്കാനുള്ള തന്ത്രമാണെന്ന് പ്രതിപക്ഷമായ ബി.ജെ.പി ആരോപിച്ചു കഴിഞ്ഞു. അതിന്റെ ഉന്നതനായ ഒരു നേതാവ് ടിപ്പുവിനെ ക്രൂരനായ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കുകയും ടിപ്പു ജയന്തി ആഘോഷിക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്യുകയും ചെയ്തു. മറ്റൊരു സംഘ് നേതാവായ ഡി.എച്ച് ശങ്കരമൂര്‍ത്തി ടിപ്പുവിനെ കന്നട വിരുദ്ധന്‍ എന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹം ഭരണഭാഷ കന്നടയില്‍ നിന്ന് പേര്‍ഷ്യനിലേക്ക് മാറ്റിയതിനെ കുറിച്ച് സൂചിപ്പിച്ചാണത് പറഞ്ഞത്. ഇതേ വ്യക്തി തന്നെയാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് കന്നട ചരിത്രത്തില്‍ നിന്ന് ടിപ്പുവിനെ മാറ്റാനുള്ള ശ്രമവും നടത്തിയത്. ഘടക കക്ഷിയില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പ് കാരണം പിന്നീട് ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു.

കഴിഞ്ഞ വര്‍ഷം ടിപ്പുവിനെ ആദരിച്ചു കൊണ്ട് റിപബ്ലിക് ദിന പരേഡില്‍ ടിപ്പുവിന്റെ പ്രതീകാത്മക അവതരണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനവും ഹിന്ദുത്വ ചേരിയെ പ്രകോപിച്ചതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടത് തന്നെയാണ്. യു.പി.എ സര്‍ക്കാര്‍ ടിപ്പുവിന്റെ പേരില്‍ അദ്ദേഹം രക്തസാക്ഷിയായ നാട്ടില്‍ ഒരു യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. ഹിന്ദുത്വ ചേരിയ പ്രക്ഷുബ്ദമാക്കിയ ഒന്നായിരുന്നു ഇതും.

രണ്ട് വര്‍ഷം മുമ്പ് ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിയ സമയത്ത് സംഘ് പരിവാറിന്റെ ഒരു മുതിര്‍ന്ന നേതാവ് – അന്നത്തെ വിദ്യാഭ്യാസ മന്ത്രി- ടിപ്പുവിനെ ബ്രിട്ടീഷുകാരുമായി താരതമ്യപ്പെടുത്തിയത് ഒരു ലജ്ജയും കൂടാതെയാണ്. ബ്രിട്ടീഷുകാരെ പോലെ തന്നെ ഒരു വിദേശിയാണദ്ദേഹമെന്ന് ആരോപിക്കാനും ആ നേതാവ് മടികാണിച്ചില്ല.

സംഘ് ശക്തികള്‍ ടിപ്പുവിന്റെ എതിര്‍ക്കുന്നതിന്റെ കാരണം പരിശോധിക്കുന്നതിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്. അതിനു മുമ്പ് ചരിത്രത്തിന്റെ വളച്ചൊടിക്കല്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന് എത്രത്തോളം ഫലം ചെയ്തു എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ‘സാമ്രാജ്യത്വത്തെ സേവിക്കുന്ന ചരിത്രം’ എന്ന ബി.എന്‍. പാണ്ഡേയുടെ പരാമര്‍ശം (1977) വിലപ്പെട്ടതാണ്. അലഹാബാദ് യൂണിവേഴ്‌സിറ്റിയിലെ ചരിത്ര വിഭാഗം പ്രൊഫസറും പിന്നീട് ഒറീസ ഗവര്‍ണറും ആയിരുന്ന അദ്ദേഹം തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിലത് വിവരിച്ചിട്ടുണ്ട്.

അലഹാബാദ് യൂണിവേഴ്‌സിറ്റി പ്രൊഫസറായിരിക്കെ ചില വിദ്യാര്‍ഥികള്‍ ഒരു പുസ്തകവുമായി അദ്ദേഹത്തിന്റെ അടുക്കല്‍ വന്നു. കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയിലെ സംസ്‌കൃത പ്രഫസര്‍ ഹര്‍പ്രസാദ് ശാസ്ത്രിയുടെ പുസ്തകമായിരുന്നു അത്. ടിപ്പു സുല്‍ത്താന്‍ 3000 ബ്രാഹ്മണരെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചതായും വിസമ്മതിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അവസാനം ആ 3000 ബ്രാഹ്മണര്‍ ആത്മഹത്യ ചെയ്തുവെന്നും പുസ്തത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്തടിസ്ഥാനത്തിലാണ് ഈ സംഭവം രേഖപ്പെടുത്തിയതെന്നും അതിന്റെ ഉറവിടം ഏതാണെന്നും പ്രൊഫസര്‍ ഹരപ്രസാദ് ശാസ്ത്രിയോട് അന്വേഷിച്ചു. മൈസൂരിലെ ഔദ്യോഗിക രേഖകളില്‍ നിന്നാണ് ഈ വിവരം ശേഖരിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതിനെ തുടര്‍ന്ന് പാണ്ഡെ മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ ചരിത്ര വിഭാഗം പ്രൊഫസറായിരുന്ന ശ്രീകാന്‍ശ്യയുമായി ബന്ധപ്പെട്ട് സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ചു. ഈ വിഷയത്തില്‍ പഠനം നടത്തിയ അദ്ദേഹം പറഞ്ഞത് അത്തരത്തില്‍ ഒരു പരാമര്‍ശമോ വിവരണമോ മൈസൂര്‍ ഔദ്യോഗിക രേഖകളില്‍ ഇല്ലെന്നാണ്. മാത്രമല്ല ഇത്തരം ആരോപണങ്ങള്‍ക്ക് നേര്‍വിരുദ്ധമായ ചരിത്രവസ്തുതകളാണ് അതിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതില്‍ എടുത്തു പറയേണ്ട കാര്യമാണ് ടിപ്പു സുല്‍ത്താല്‍ 156 ക്ഷേത്രങ്ങള്‍ക്ക് വര്‍ഷം തോറും ധനസഹായം നല്‍കിയിരുന്നുവെന്നതും ശൃങ്കേരിയിലെ ശങ്കരാചാര്യ മഠത്തിന് നല്‍കിയിരുന്ന പ്രത്യേക സഹായങ്ങളും.

ഉപഭൂഖണ്ഡത്തെ കോളനി വല്‍കരിച്ചവര്‍ ടിപ്പുവിന്റെ ചരിത്രത്തിനു മുകളില്‍ ഏച്ചുകെട്ടാന്‍ ശ്രമിച്ച വികലമായ ജല്‍പനങ്ങള്‍ തന്നെയാണ് 1990 കളില്‍ ശക്തിപ്രാപിച്ച ആക്രമണോത്സുക ഹിന്ദുത്വത്തിന്റെ വക്താക്കള്‍ ഇന്നും എടുത്തുപയോഗിക്കുന്നത് എന്നത് തികഞ്ഞ വിരോധാഭാസം തന്നെയാണ്. (Tipu Sultan Search for legitimacy – Brittlebank, Kate (1999)

ടിപ്പുവിനെതിരെ എന്നും ആരോപിക്കപ്പെട്ടിട്ടുള്ള ഒന്നാണ് അന്യമതസ്ഥര്‍ക്ക് എതിരെയുള്ള പീഡനങ്ങള്‍. ഇത്തരം ആരോപണങ്ങളെ പിന്തുടരുന്നവര്‍ക്ക് കിര്‍ക് പാട്രിക്, വിന്‍ക്‌സ് തുടങ്ങിയ കൊളോണിയല്‍ ബ്രിട്ടീഷ് എഴുത്തുകാരുടെ കൃതികളിലാണ് അവയുടെ വേരുകളെന്ന് കണ്ടെത്താന്‍ സാധിക്കും. ബ്രിട്ടീഷുകാരെ എതിര്‍ക്കുന്ന ടിപ്പുവിനെ മര്‍ദകനും സ്വേച്ഛാധിപതിയുമായി ചിത്രീകരിക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. അതേസമയം ബ്രിട്ടീഷുകാരെ പുരോഗമനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വക്താക്കളായിട്ടും അവര്‍ പരിചയപ്പെടുത്തി. ഇതേ വിന്‍ക്‌സും കിര്‍ക് പാട്രികും ടിപ്പുവിനെതിരെയുള്ള യുദ്ധത്തില്‍ പങ്കെടുത്തവരും അന്നത്തെ അധിനിവേശ ഭരണകൂടത്തിന്റെ ഭാഗവുമായിരുന്നുവെന്ന് ബ്രിട്ടില്‍ബാങ്ക് തന്റെ മറ്റൊരു പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

‘ടിപ്പു സുല്‍ത്താന്റെ ചരിത്രം’ എന്ന പ്രബന്ധത്തില്‍ മുഹിബ്ബുല്‍ ഹസന്‍ ടിപ്പുവിനെ കരിവാരി തേക്കാനുളള ഇത്തരം ശ്രമങ്ങളുടെ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്നു. അദ്ദേഹം വിവരിക്കുന്നു:
‘ടിപ്പു ഇത്തരത്തില്‍ നിന്ദിക്കപ്പെടാനുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ വലിയ പ്രയാസമില്ല. ബ്രിട്ടീഷുകാര്‍ ടിപ്പുവിനെ തങ്ങളുടെ ഏറ്റവും പ്രബലനായി ശത്രുവായി കണക്കാക്കിയിരുന്നു എന്നതാണ് ബ്രിട്ടീഷുകാരുടെ കടുത്ത ടിപ്പു വിരോധത്തിന്റെ കാരണം. ഇന്ത്യയിലെ മറ്റു രാജാക്കന്‍മാരെ പോലെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കപ്പം കൊടുത്ത് ഭരണം തുടരാന്‍ ടിപ്പു തയ്യാറായില്ല. ടിപ്പുവിനെതിരെയുള്ള മിക്ക ആരോപണങ്ങളും ടിപ്പുവില്‍ നിന്നേറ്റ പരാജയത്തിന്റെയോ അല്ലെങ്കില്‍ ടിപ്പുവിനാല്‍ പിടിക്കപ്പെട്ട് ശിക്ഷിക്കപ്പെട്ടതിന്റെയോ വിദ്വേഷത്തില്‍ നിന്നും ഉയിര്‍ കൊണ്ടവയായിരുന്നു. മാത്രമല്ല ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നടത്തിയിരുന്ന ആക്രമണങ്ങളും കൊള്ളയും ന്യായീകരിക്കുക എന്ന ഉദ്ദേശ്യവും ടിപ്പുവിനെതിരെയുള്ള കുപ്രചാരണങ്ങളിലുണ്ടായിരുന്നു. ഇതിലെല്ലാമുപരിയായി ടിപ്പുവിന്റെ നേട്ടങ്ങളെ കുറച്ച് കാണിക്കാനും അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാനും അതുവഴി തങ്ങള്‍ക്ക് കീഴ്‌വഴങ്ങുന്ന ഒരു ഭരണകൂടത്തെ അവിടെ കുടിയിരുത്താനും ഇത്തരം നുണക്കഥകള്‍ പ്രചരിപ്പിക്കല്‍ ബ്രീട്ടീഷുകാര്‍ക്ക് ആവശ്യമായിരുന്നു.’

ടിപ്പുവിന്റെ ചരിത്രം മാത്രമല്ല ഇത്തരത്തില്‍ വളച്ചൊടിക്കപ്പെട്ടിട്ടുള്ളത്. കൊളാണിയല്‍ ചരിത്രകാരന്‍മാര്‍ ഇത്തരത്തില്‍ ചരിത്രത്തെ എങ്ങനെ വളച്ചൊടിച്ചുവെന്നും ഇന്ന് വര്‍ഗീയ ശക്തികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ആവര്‍ത്തിക്കുകയും ചെയ്യുന്നുവെന്ന് ചരിത്രത്തെ കുറിച്ച് പഠിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല.

ജെയിംസ് മില്‍ തന്റെ ‘ഹിസ്റ്ററി ഓഫ് ബ്രിട്ടീഷ് ഇന്ത്യ’ എന്ന പുസ്തകത്തില്‍ ഇന്ത്യന്‍ ചരിത്രത്തെ ഹിന്ദു, മുസ്‌ലിം, ബ്രിട്ടീഷ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി വേര്‍തിരിക്കുന്നുണ്ട്. പ്രസ്തുത പുസ്തകം ബുദ്ധ, ജൈന തുടങ്ങിയ വിഭാഗങ്ങളെ അവഗണിച്ചു എന്ന് മാത്രമല്ല ആ കാലഘട്ടത്തെ കുറിച്ച് തികച്ചും ഏകശിലാത്മകമായ ഒരു ധാരണ പടച്ചുവിടുകയും ചെയ്യുന്നു. അതിലൂടെ മതവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിനുള്ള സാധ്യത തുറന്നു വെക്കുന്നു. എന്നാല്‍ മതാധിഷ്ഠിതമായ ഈ വേര്‍തിരിക്കലില്‍ നിന്ന് ബ്രിട്ടീഷ് ഭരണകാലത്തെ മനപൂര്‍വം ക്രിസ്ത്യന്‍ ഭരണകാലം എന്നു പറയാതെ മാറ്റി നിര്‍ത്തുകയും ചെയ്തതായി കാണാം. Prof. DN Jha ഒരു അഭിമുഖത്തില്‍ പറഞ്ഞു:

‘മജൂംദാര്‍ ഭാരതീയ വിദ്യാഭവന്‍ പ്രസിദ്ധീകരിച്ച തന്റെ ബഹുവാള്യ ഇന്ത്യന്‍ ചരിത്ര ഗ്രന്ഥം രചിച്ചപ്പോള്‍ അതിലെ ഭൂരിഭാഗം പേജുകളും നീക്കിവെച്ചത് ഇന്ത്യയുടെ ഹിന്ദു ഭരണകാലത്തെ കുറിച്ച് വിശദീകരിക്കാനാണ്. അതും വര്‍ഗീയമായ ഒരു ഉണര്‍വിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ മുസ്‌ലിംകളെ വിദേശികളായും ഹിന്ദുക്കളെ തദ്ദേശീയരായും വേര്‍തിരിച്ച കൊളോണിയല്‍ യുക്തിയുടെ വര്‍ഗീയമായ ചരിത്രവ്യാഖ്യാനത്തെ പിന്തുടരുന്ന ചരിത്രവ്യാഖ്യാനമായിരുന്നു അത്.’

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രാഖ്യാനവും ഈ കൊളോണിയല്‍ ചരിത്രവ്യാഖ്യാനത്തില്‍ നിന്ന് തീര്‍ത്തും മുക്തമായിരുന്നില്ല. അതുകൊണ്ട് തന്നെ അതില്‍ മുഴച്ചു നിന്നത് ‘മഹത്തായ ഇന്ത്യന്‍ പാരമ്പര്യം’ ആയിരുന്നു. സംഘപരിവാറും അതിന്റെ വക്താക്കളും ഈ ‘മഹത്തായ ഇന്ത്യന്‍ പാരമ്പര്യം എന്ന ഐതിഹ്യം പ്രചരിപ്പിക്കുന്ന തിരക്കിലാണ്. Prof. DN. Jha തുടര്‍ന്ന് പറയുന്നു:

‘ആര്‍.എസ്.എസിന്റെ മുസ്‌ലിം വിരുദ്ധ മനോഭാവം രൂപീകരിക്കപ്പെടുന്നത് കൊളോണിയല്‍ ചരിത്രകാരന്‍മാരായ HM Elliot, John Dawson തുടങ്ങിയവരുടെ ചരിത്രാഖ്യാനത്തില്‍ നിന്നാണ്. ഇവരാണ് ഇന്ത്യന്‍ ചരിത്രം ഇന്ത്യാക്കാരുടെ വായില്‍ നിന്നെന്ന പോലെ കൂട്ടിചേര്‍ത്ത് ഉണ്ടാക്കിയത്. ഇതില്‍ ഹിന്ദുക്കളെ കൂട്ടകൊല ചെയ്തവരായും ക്ഷേത്രങ്ങള്‍ പൊളിച്ചവരുമായിട്ടാണ് മുസ്‌ലിംകളെ ചിത്രീകരിച്ചിരിക്കുന്നത്. ഈ തന്ത്രത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം 19-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ വര്‍ഗീയ വിഷം വന്‍തോതില്‍ കുത്തിവെക്കുകയായിരുന്നു.

കോളനിവാഴ്ച്ചക്കാര്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്താനും താല്‍പര്യ സംരക്ഷണത്തിനും നമ്മുടെ ചരിത്രത്തെ വികലമാക്കിയെന്നുള്ളത് നമുക്ക് ബോധ്യമുള്ള ഒന്നാണ്. അവര്‍ നമ്മുടെ സ്വാതന്ത്ര്യത്തിനുള്ള ഉയിര്‍ന്നെഴുന്നേല്‍പ്പുകളെ ലഹളകള്‍ എന്നാണ് വിളിച്ചത്. നമ്മുടെ നായകന്‍മാരെ വില്ലന്‍മാരും സ്വാതന്ത്ര്യസമര പോരാളികളെ തീവ്രവാദികളുമായിട്ടാണ് അവര്‍ ചിത്രീകരിച്ചത്. കോളനി വിരുദ്ധ സമരകാലത്ത് മതങ്ങളുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ച് ബ്രിട്ടീഷ് വിരുദ്ധ വിശാല ഐക്യമുന്നണി രൂപീകരിക്കപ്പെടേണ്ട നേരത്ത് അതില്‍ നിന്ന് വിട്ടുനിന്ന ആര്‍.എസ്.എസിന്റെയും അനുബന്ധ സംഘടനകളുടെയും ടിപ്പുവിനെ കുറിച്ച നിലപാടില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. ടിപ്പുവിനെതിരെയുള്ള കുപ്രചരണങ്ങളിലൂടെ തങ്ങളുടെ സ്വാതന്ത്ര്യസമര കാലത്തെ കൊളോണിയല്‍ അനുകൂല നിലപാടിനെ കുറിച്ച ചര്‍ച്ചകളെ ഒഴിവാക്കി നിര്‍ത്തുക എന്നതായിരിക്കും അവരുടെ ഉദ്ദേശ്യം. എന്നാല്‍ ആര്‍.എസ്.എസിന്റെ പിതാവ് ഹെഡ്‌ഗെവാറും പ്രത്യയശാസ്ത്ര ഉപജ്ഞാതാവ് ഗോള്‍വാക്കറും സ്വീകരിച്ച ബ്രിട്ടീഷ് അനുകൂല നിലപാടുകള്‍ ഒരു നിലക്കും മറച്ചുവെക്കാനാവാത്ത തരത്തില്‍ വെളിച്ചത്ത് വന്ന യാഥാര്‍ത്ഥ്യങ്ങളാണ്. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ അണിനിരക്കുന്നതിനെ പരസ്യമായി എതിര്‍ത്ത അവര്‍ അത്തരത്തില്‍ അണികള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളും നല്‍കിയിരുന്നു.

ക്വിറ്റ് ഇന്ത്യാ സമരം കൊടുമ്പിരി കൊണ്ട 1942 കളില്‍ സുഭാഷ് ചന്ദ്രബോസും അദ്ദേഹത്തിന്റെ ആര്‍മിയും ബ്രിട്ടനെതിരെ പോരാടുമ്പോള്‍ എല്ലാ ഹിന്ദുക്കളും ഇംഗ്ലീഷ് സൈന്യത്തില്‍ ചേരണമെന്ന് ആഹ്വാനം ചെയ്ത് ഈ നിലപാടില്‍ ഒരുപടി കൂടി മുന്നോട്ട് നീങ്ങിയ ആളാണ് വിനായക് ദാമോദര്‍ സവര്‍ക്കര്‍. അതുകൊണ്ടും അവസാനിപ്പിക്കാതെ സവര്‍ക്കര്‍ ഭരണകര്‍ത്താക്കളുടെ (ബ്രിട്ടീഷ്) പിന്തുണയോടെ ‘സൈന്യത്തെ ഹിന്ദുത്വ വല്‍കരിക്കുക, ഹിന്ദുക്കളെ സൈനിക വല്‍കരിക്കുക’ എന്ന മുദ്രാവാക്യവുമായി ഇന്ത്യമുഴുവന്‍ ചുറ്റി സഞ്ചരിച്ച് പൊതുപരിപാടികള്‍ സംഘടിപ്പിച്ചു. സംഘപരിവാര്‍ കൊളോണിയല്‍ വിരുദ്ധ സമരങ്ങളില്‍ നിന്ന് വിട്ടു നിന്നു എന്ന് മാത്രമല്ല ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം അതിന്റെ ഉച്ഛസ്ഥായില്‍ എത്തിയ വേളയില്‍ പോലും അതിനെ ഒറ്റുകൊടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നാണിതെല്ലാം വ്യക്തമാക്കുന്നത്. സ്വാതന്ത്യസമരം ശക്തമായതിനെ തുടര്‍ കൊളോണിയല്‍ ശക്തികള്‍ തളര്‍ച്ച നേരിടുന്ന ഘട്ടത്തില്‍ അവര്‍ക്ക് അനുകൂലമായും അവരുടെ കോളനിവല്‍കരണത്തെ സാധൂകരിച്ചും പ്രവര്‍ത്തിക്കുകയാണവര്‍ ചെയ്തത്.

ടിപ്പുസുല്‍ത്താനെതിരെയുള്ള ഹിന്ദുത്വ ശക്തികളുടെ വിരോധവും കള്ളപ്പചാരങ്ങളും അവരെ മറ്റൊരു വിഷമവൃത്തത്തില്‍ എത്തിക്കുന്നുണ്ട്. അവര്‍ ആരാധനയോടെ കാണുന്ന ഹിന്ദു രാജാക്കന്‍മാര്‍ പ്രജകള്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളും കൊള്ളകളും അതിലൂടെ അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടും. അവര്‍ വലിയ ആരാധനയോടെ കാണുന്ന മറാഠാ രാജാവ് ഒന്നിലധികം തവണ സൂറത്ത് ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കച്ചവട നഗരങ്ങളില്‍ ഒന്നായിരുന്നു സൂറത്ത്. ശൃങ്കേരിയിലെ ശങ്കരാചാര്യ മഠവും ക്ഷേത്രവും ആക്രമിച്ച് കൊള്ളയടിച്ച പെഷവാസിന്റെ നേതൃത്വത്തിലുള്ള മറാഠികള്‍ മതഭ്രാന്തനും സ്വേച്ഛാധിപതിയുമായി ടിപ്പുവിനെ ചിത്രീകരിക്കുന്നവര്‍ക്ക് മുന്നില്‍ വലിയ ചോദ്യചിഹ്നമായി മാറുന്നു. ഈ ആക്രമണങ്ങള്‍ ചരിത്രത്തിലെ ഒറ്റപ്പെട്ട സംഭവം അല്ല എന്നുള്ളതാണ് വസ്തുത. ഇത്തരത്തില്‍ ഹിന്ദു രാജാക്കന്‍മാര്‍ തന്നെ മഠങ്ങളും ക്ഷേത്രങ്ങളും ആക്രമിച്ച ഒരുപാട് ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ കാണാന്‍ സാധിക്കും. അതുകൂടാതെ ജാതിവിവേചനത്തിന്റെ ഭാഗമായുള്ള നീതിനിഷേധത്തെയും മനുഷ്യാവകാശ നിഷേധത്തെയും കുറിച്ചും അവര്‍ക്ക് അഭിപ്രായം പറയേണ്ടി വരും.

‘ജനുവരി 30-ന് ഭാരതമാതാവിനും ഗോഡ്‌സേക്കും വേണ്ടിയുള്ള അമ്പലത്തിന്റെ തറക്കല്ല് ഇടാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു. അതോടൊപ്പം തന്നെ ഗോഡ്‌സേജിയുടെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന പൂനെയില്‍ ഒരു മഹാസമ്മേളനം നടത്തി അവിടന്ന് സീതാപൂരില്‍ പണിയുന്ന അമ്പലത്തിലേക്ക് ചിതാഭസ്മം കൊണ്ടുവരും. അദ്ദേഹത്തിന്റെ സ്വപ്‌നം പൂവണിഞ്ഞ ശേഷമേ ചിതാഭസ്മം നിമജ്ഞനം ചെയ്യുകയുള്ളൂ.’ ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയുടെ വാക്കുകളാണിത്.

‘ടിപ്പുവിനെ വെറുക്കുക’ എന്ന രോഗം ഹിന്ദുത്വ സംഘടനകളുടെ എല്ലാ ശ്രേണിയിലും കാണുന്ന ഒന്നാണ്. അതിനൊപ്പം തന്നെ കര്‍ട്ടന് പിന്നില്‍ ഗാന്ധി ഘാതകനായ ഭീകരന്‍ നാഥുറാം ഗോഡ്‌സേയുടെ സ്തുതി പാഠകരുടെ വളര്‍ച്ചയും കാണാം.

കുറച്ച് കാലം മുമ്പ് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് ഗോഡ്‌സേയെ സ്വരാജ്യസ്‌നേഹി, ദേശീയവാദി എന്നൊക്കെ വിശേഷിപ്പിച്ച് ഒരു വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഗോഡ്‌സേ കൊല്ലേണ്ടിയിരുന്നത് ഗാന്ധിയെ ആയിരുന്നില്ല മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനെയായിരുന്നു എന്ന് ആര്‍.എസ്.എസിന്റെ മലയാളിയായ ഒരു വക്താവ് പറഞ്ഞത് കഴിഞ്ഞ ഒക്ടോബറിലാണ്. പാര്‍ലമെന്റിലേക്ക് മത്സരിച്ച ഒരു ബി.ജെ.പി നേതാവിന്റെ വാക്കുകളാണിതെന്ന് നാം ഓര്‍ക്കണം. അത് ‘വ്യക്തി’പരമായ അഭിപ്രായമാണെന്ന് പറഞ്ഞ് കൈകഴുകാനുള്ള ശ്രമവും ആര്‍.എസ്.എസ് നടത്തിയിരുന്നു. ഈ ‘മഹാ ദേശസ്‌നേഹി’യുടെ പേരിലുള്ള അമ്പലങ്ങള്‍ രാജ്യമൊട്ടുക്ക് നിര്‍മിക്കാന്‍ ശ്രമം തുടങ്ങിയെന്ന് ഇന്ന് നമുക്കറിയാം. ഗോഡ്‌സേയുടെ ചിതാഭസ്മം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടിയിരുത്താനുള്ള ശ്രമത്തിലാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ. ഈ സംഘത്തിലെ ഉന്നത നേതാവായിരുന്ന സവര്‍ക്കര്‍ ആണ് ഗാന്ധി വധക്കേസിലെ പ്രധാന ഗൂഢാലോചകന്‍ എന്ന് ജീവന്‍ ലാല്‍ കപൂര്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് വ്യക്തമാക്കിയിട്ടുള്ളതാണ്.

‘ലവ് ഗോഡ്‌സേ’ കാമ്പയിനോട് പ്രത്യക്ഷത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും പുലര്‍ത്തുന്ന നിസ്സംഗത രണ്ടു തന്ത്രങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒന്ന്, തെരെഞ്ഞെടുപ്പ് കാലത്തെ നിര്‍ബന്ധിതാവസ്ഥയില്‍ നിന്നുയര്‍ന്ന ‘വികസനം’ എന്ന മുദ്രാവാക്യം ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ കാരണമാകരുത്‌ എന്ന സന്ദേശമാണ് ഭരണകൂടത്തിനത് നല്‍കുന്നത്. രണ്ട്, ഗാന്ധിവധത്തെയും അതില്‍ ഗോഡ്‌സേക്കും ഹിന്ദുത്വ സംഘടനകള്‍ക്കും ഉള്ള പങ്കിനെ കുറിച്ചുമുളള ചര്‍ച്ചയില്‍ നിന്ന് മാറിനില്‍ക്കുന്നതിലൂടെ ഗാന്ധിയെ കൂടി തങ്ങളുടെ ആളായി അവതരിപ്പിക്കാനുള്ള ശ്രമം കൂടിയുണ്ട്.

മറുവശത്ത് ജനങ്ങള്‍ പതുക്കെ ആണെങ്കിലും ഗോഡ്‌സേ സ്തുതികളുടെ ആന്തരാര്‍ത്ഥങ്ങള്‍ മനസ്സിലാക്കി കൊണ്ട്  അവരുടെ ഗൂഢാലോചനകളെ വെല്ലുവിളിക്കുന്ന രീതിയിലേക്ക് വളരുന്നുണ്ട്. മീററ്റില്‍ ഈയടുത്ത് സംഘടിപ്പിക്കപ്പെട്ട ആയിരങ്ങള്‍ പങ്കെടുത്ത റാലി അത്തരത്തില്‍ ഉരുണ്ടുകൂടി ശക്തിപ്രാപിക്കുന്ന കൊടുങ്കാറ്റിനെ കുറിച്ച സൂചനയാണ്.

വിവ: ഫഹദ് കൊടുങ്ങല്ലൂര്‍

Related Post