വിധിവിശ്വാസം

Originally posted 2016-12-19 19:25:08.

ഈമാന്‍

ഇസ് ലാമിക വിശ്വാസകാര്യങ്ങളില്‍ ആറാമത്തേതാണ് വിധിയിലുള്ള വിശ്വാസം

ഇസ് ലാമിക വിശ്വാസ കാര്യങ്ങളില്‍ ആറാമ ത്തേതാണ് വിധിയി ലു ള്ള വിശ്വാസം അഥവാ നന്മയും തിന്മയുമെല്ലാം അല്ലാ ഹുവിന്റ നിശ്ച യമ നുസരി ച്ചാണുണ്ടാ വു ന്നത് എന്ന വിശ്വാ സം.

സാങ്കേതികമായി ഇത് അല്‍ ഖദാഅ് വല്‍ ഖദ്ര്‍ (വിധിയും നിര്‍ണയവും) എന്നാണ് അറിയപ്പെടുന്നത്. ലോകത്തുള്ള ചെറുതും വലുമായ എന്ത് സംഗതിയും നടക്കുന്നത് അല്ലാഹുവിന്റെ അറിവും നിര്‍ണയവുമനുസരിച്ച് മാത്രമാണ.് അതിന് മുഖ്യമായും 4 ഘടകങ്ങളുണ്ട്.

1. അല്ലാഹു എല്ലാ സംഗതികളും അറിയുന്നുവെന്ന വിശ്വാസം:

ഭാവിഭൂതവര്‍ത്തമാന വ്യത്യാസങ്ങളില്ലാതെ എല്ലാ സംഗതികളും അല്ലാഹു ആദ്യമേ തന്നെ അറിഞ്ഞിട്ടുള്ളതാണ് എന്നതാണ് വിധിവിശ്വാസത്തിലെ ഒന്നാമത്തെ ഘടകം. സൂക്ഷ്മവും വിശദവുമായി എല്ലാ കാര്യങ്ങളും അവ ഉണ്ടാകുന്നതിനു മുമ്പേ തന്നെ അല്ലാഹു അറിഞ്ഞിട്ടുണ്ട്. അല്ലാഹു സ്വയം പരിചയപ്പെടുത്തിയ നാമങ്ങളും അവയുള്‍ക്കൊള്ളുന്ന വിശേഷങ്ങളും ഈ വസ്തുതയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. അഥവാ അല്ലാഹു എല്ലാമറിയുന്നവനും (അല്‍ അലീം) എല്ലാം കേള്‍ക്കുന്നവനും (അസ്സമീഅ്) എല്ലാം കാണുന്നവനും (അല്‍ ബസ്വീര്‍) സൂക്ഷ്മജ്ഞാനിയും (അല്‍ ഖബീര്‍) ഒക്കെയാണെന്ന് പറയുമ്പോള്‍ ഈ വസ്തുതയാണ് അറിയിക്കുന്നത്.

അല്ലാഹു അവന്റെ അറിവിനെ കുറിച്ച് നമ്മെ അറിയിക്കുന്നത് കാണുക. ‘അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല. ” (അല്‍ അന്‍ആം:59)

2. അല്ലാഹു എല്ലാം സംരക്ഷിതഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിശ്വസിക്കല്‍:
അല്ലാഹുവിന്റെ അറിവില്‍പ്പെടാത്ത യാതൊന്നുമില്ല എന്നതുപോലെ തന്നെ എല്ലാ സംഗതികളും അവന്‍ ഒരു സംരക്ഷിത ഫലകത്തില്‍ (അല്ലൗഹുല്‍ മഹ്ഫൂദ്)രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന വിശ്വാസം.
‘നിനക്കറിഞ്ഞുകൂടേ; ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്ന് നന്നായറിയാമെന്ന്. തീര്‍ച്ചയായും അതൊക്കെയും ഒരു മൂല പ്രമാണത്തിലുണ്ട്. അതെല്ലാം അല്ലാഹുവിന് ഏറെ എളുപ്പമാണ്’ (അല്‍ഹജ്ജ് 70).

അബ്ദുല്ലാഹി ബ്‌നു അംറി ബ്‌നില്‍ ആസ്വ്(റ) പറയുന്നു. നബി(സ) ഇപ്രകാരം പറയുന്നതിനായി ഞാന്‍ കേട്ടിട്ടുണ്ട്. ആകാശഭൂമികളെ സൃഷ്ടിക്കുന്നതിന്റെ അമ്പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ സൃഷ്ടികളുടെ വിധിനിര്‍ണയങ്ങള്‍ അല്ലാഹു രേഖപ്പെടുത്തി. (സ്വഹീഹു മുസ് ലിം)

3. എല്ലാം അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരം(മശീഅത്ത്) നടക്കുന്നുവെന്ന് വിശ്വസിക്കുക.:
ലോകത്ത് ചെറുതും വലുതുമായ എന്തും അല്ലാഹുവിന്റെ ഉദ്ദേശ്യവും അനുമതിയും അനുസരിച്ച് മാത്രമേ ഉണ്ടാകുന്നുള്ളു എന്നതാണ് ഇതുകൊണ്ടു അര്‍ഥമാക്കുന്നത്. അല്ലാഹു ഉദ്ദേശിക്കുന്നതെന്തോ അത് നടക്കുന്നു. അവനുദ്ദേശിക്കാത്തത് നടക്കുകയില്ല. അത് അല്ലാഹുവിന്റെ ആധിപത്യത്തെയും അധികാരത്തേയും അറിയിക്കുന്ന സംഗതി കൂടിയാണ്. അഥവാ അവന്റെ അറിവും അനുമതിയുമില്ലാതെ യാതൊന്നും അവന്റെ ആധിപത്യത്തിലുള്ള ഈ ലോകത്ത് നടക്കുന്നില്ല എന്നര്‍ഥം.

‘അല്ലാഹു അവനിച്ഛിക്കുന്നതെന്തും ചെയ്യുന്നു ‘(ഇബ്‌റാഹീം 27).

സൃഷ്ടികളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അല്ലാഹു പറയുന്നത് കാണുക:
‘അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവന്‍ നിങ്ങള്‍ക്കെതിരില്‍ അവര്‍ക്ക് കരുത്തുനല്‍കുകയും അങ്ങനെ അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുമായിരുന്നു ‘(അന്നിസാഅ് 90).
‘നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ അവരങ്ങനെ ചെയ്യുമായിരുന്നില്ല ‘ (അല്‍അന്‍ആം 112).

4. സംഭവിക്കുന്നതെല്ലാം അതിന്റെ സത്തയിലും സവിശേഷഗുണങ്ങളിലും ചലനങ്ങളിലും പൂര്‍ണമായും അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് വിശ്വസിക്കുക.
അല്ലാഹു പറയുന്നു:’അല്ലാഹു സകല വസ്തുക്കളുടെയും സ്രഷ്ടാവാണ്. എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നവനും.'(അസ്സുമര്‍ 62)
ഒരു വ്യക്തി മേല്‍ പറഞ്ഞ കാര്യങ്ങളെല്ലാം പൂര്‍ണമായും വിശ്വസിക്കുന്നുവെങ്കില്‍ അയാള്‍ ദൈവികവിധിനിര്‍ണയത്തില്‍ വിശ്വസിക്കുന്നുവെന്ന് തറപ്പിച്ചുപറയാം.

Related Post