വിവാദമാകുന്ന മുത്ത്വലാഖ്

Originally posted 2015-07-27 18:10:32.

മുസ്‌ലിം വിവാഹ നിയമത്തിലെ മുത്ത്വലാഖ് നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഡോ. പാം രാജ്പത് സമിതിയുടെ നിര്‍ദേശം മുസ്‌ലിം സമുദായത്തിന്റെ വിവാഹവും വിവാഹമോചനവും ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യപ്പെടാന്‍ കാരണമായിരിക്കുന്നു.

പ്രസ്തുത നിര്‍ദേശത്തെ അനുകൂലിച്ചും എതിര്‍ത്തും പലരും രംഗത്ത് വരികയും ചെയ്തു. ഇത്തരം ചര്‍ച്ചകള്‍ക്കിടയില്‍ സമൂഹത്തിന്റെ മഹാഭൂരിപക്ഷവും മനസ്സിലാക്കുന്നത് ‘നിന്നെ ത്വലാഖ് ചൊല്ലിയിരിക്കുന്നു’ എന്ന് മൂന്ന് തവണ പറഞ്ഞ് അഞ്ച് സെക്കന്റ് കൊണ്ട് അവസാനിപ്പാക്കുന്ന ഒന്നാണ് ഇസ്‌ലാമിലെ ദാമ്പത്യ ബന്ധം എന്നാണ്.

ഇസ്‌ലാമുമായി ബന്ധപ്പെട്ട ഓരോ വിവാദവും ഇസ്‌ലാമിനെയും ശരീഅത്തിനെയു കരിവാരിത്തേക്കാനാണ് ഉപയോഗപ്പെടുത്തപ്പെടുന്നത്. എന്നാല്‍ വിവാഹമോചനത്തിന് ഇസ്‌ലാം പഠിപ്പിക്കുന്ന രീതി മനസ്സിലാക്കിയ ഒരാള്‍ക്ക് അതാണ് ഏറ്റവും മാനുഷിക പരിഗണനയുള്ളതും നീതിയുക്തവും മാതൃകാപരവുമായ രീതിയെന്ന് അംഗീകരിക്കാതിരിക്കാനാവില്ല. ദമ്പതികളെ പരസ്പരം ചേര്‍ത്തു നിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നിടത്ത് മാത്രമാണ് ത്വലാഖ് അനുവദനീയമാകുന്നതെന്ന് അതിന്റെ നടപടിക്രമങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ട്. പിണക്കങ്ങള്‍ സ്വന്തം നിലക്ക് പരിഹരിക്കാന്‍ ശ്രമിക്കുകയും അതിന് സാധിക്കാതെ വരുമ്പോള്‍ ഇരുകക്ഷികളുടെയും ഗുണകാംക്ഷികളായ മധ്യസ്ഥരുടെ ശ്രമത്തിലൂടെ പരിഹാരത്തിന് ശ്രമിക്കുകയുമാണ് വേണ്ടത്. അതിലും പരാജയപ്പെടുമ്പോള്‍ മാത്രമാണ് പുരുഷന്‍ ത്വലാഖ് എന്ന അവകാശം ഉപയോഗിക്കേണ്ടത്. (സ്ത്രീക്ക് മുന്‍കയ്യെടുത്ത് വിവാഹമോചനം ചെയ്യാന്‍ ‘ഖുര്‍അ്’ എന്ന സമാനമായ അവകാശം അവര്‍ക്കുമുണ്ട്.) അപ്രകാരം ത്വലാഖ് ചൊല്ലുന്നത് ഭാര്യ ആര്‍ത്തവക്കാരിയല്ലാത്തപ്പോഴും ലൈംഗിക ബന്ധത്തിലേര്‍പ്പെടാത്ത ശുദ്ധി കാലത്താവണമെന്നുമുള്ള നിബന്ധനകള്‍ അതിന്റെ സാധ്യതയെ വീണ്ടും വെട്ടിചുരുക്കുകയാണ്.

thalaq

വിവാദമാകുന്ന മുത്ത്വലാഖ്

. ത്വലാഖ് ചെയ്യപ്പെട്ട സ്ത്രീ മൂന്ന് ആര്‍ത്തവചക്രത്തിന്റെ കാലം കാത്തിരിക്കണം. ഇക്കാലയളവില്‍ അവള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെയാണ് കഴിയേണ്ടതെന്ന് മാത്രല്ല അവളുടെ ഭക്ഷണവും താമസവും വസ്ത്രവും ഭര്‍ത്താവിന്റെ ബാധ്യതയുമാണ്. ഇത്തരത്തില്‍ പരസ്പരം ഒന്നിക്കാനുള്ള അവസരങ്ങള്‍ ഒരുക്കി കൊടുക്കുകയാണ് ശരീഅത്ത് ചെയ്യുന്നത്. എന്നാല്‍ പെട്ടന്നുണ്ടാകുന്ന ദേഷ്യത്തെ അടക്കിനിര്‍ത്താനാവാതെ ‘നിന്നെ മൂന്ന് ത്വലാഖും ചൊല്ലിയിരിക്കുന്നു’ എന്ന് ഭാര്യയോട് പറയുന്ന രീതി സമുദായത്തില്‍ ഉണ്ടായിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളായിട്ടുള്ള ത്വലാഖാണ് ഇസ്‌ലാമിക ശരീഅത്ത് പ്രകാരമുള്ള വിവാഹമോചന രീതി എന്നതില്‍ പണ്ഡിതന്‍മാര്‍ ഒന്നിക്കുന്നുണ്ടെങ്കിലും മൂന്നും കൂടി ഒരുമിച്ച് ചൊല്ലിയാല്‍ അത് ഒന്നായിട്ടാണോ മൂന്നായിട്ടാണോ പരിഗണിക്കുക എന്നതില്‍ അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ആളുകള്‍ ത്വലാഖിനെ വളരെ ലാഘവത്തോടെ കാണുകയും മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലുകയും ചെയ്യുന്ന രീതി ഉണ്ടായപ്പോള്‍ ആ ദുശ്ശീലത്തെ നേരിടാനുള്ള ശിക്ഷാനടപടിയായിട്ടാണ് മൂന്ന് ത്വലാഖും സംഭവിച്ചതായി ഖലീഫ ഉമര്‍(റ) വിധിച്ചത്. സ്വഹീഹ് മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്നു: ”അബ്ദുല്ലാഹിബ്‌നു അബ്ബാസ് പറയുന്നു. റസൂലി(സ)ന്റെ കാലത്തും അബൂബക്‌റി(റ)ന്റെ കാലത്തും ഉമറി(റ)ന്റെ ഭരണകാലത്തിന്റെ ആരംഭത്തിലും ‘മുത്ത്വലാഖ്’ ഒന്നായാണ് പരിഗണിച്ചിരുന്നത്. ഉമര്‍(റ) പറഞ്ഞു: ജനങ്ങള്‍ക്ക് സാവകാശമുണ്ടായിരുന്ന കാര്യത്തില്‍ അവര്‍ ധൃതിപിടിക്കുകയാണ്. അതിനാല്‍ നാമത് അവരില്‍ നടപ്പാക്കിയാലോ? അങ്ങനെ അദ്ദേഹമത് നടപ്പിലാക്കി.” പില്‍ക്കാലത്ത് കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ ഭൂരിപക്ഷവും ഉമര്‍(റ) നടപ്പാക്കിയത് തന്നെ നടപ്പാക്കണമെന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. എന്നാല്‍ അത് താല്‍ക്കാലികമായ ഒരു ശിക്ഷാനടപടിയാണെന്നതാണ് ശരീഅത്തിന്റെ ചൈതന്യത്തിന് നിരക്കുന്ന അഭിപ്രായം. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുല്‍ തൈമിയ്യ, ഇബ്‌നുല്‍ ഖയ്യിം പോലുള്ള മഹാന്‍മാര്‍ ഒറ്റത്തവണ മൂന്ന് ത്വലാഖ് ചൊല്ലിയാല്‍ അത് ഒന്നായിട്ട് മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.

ലൈംഗിക ബന്ധത്തിലേര്‍പ്പെടാത്ത ശുദ്ധികാലത്ത് ഒന്നാമത്തെ ത്വലാഖ് ചൊല്ലി അതിന്റെ ഇദ്ദാകാലവും പൂര്‍ത്തീകരിച്ച് വേര്‍പിരിയുന്ന രീതിയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇങ്ങനെ ഒന്നാമത്തെ ത്വലാഖ് ചൊല്ലി ഇദ്ദാകാലത്ത് ഭാര്യയെ തിരിച്ചെടുത്ത ആള്‍ക്കുള്ള അവകാശമാണ് രണ്ടാമത്തെ ത്വലാഖ്. അതിലും തിരിച്ചെടുത്ത ആള്‍ക്കുള്ളതാണ് തിരിച്ചെടുക്കാനാവാത്ത മൂന്നാമത്തെ ത്വലാഖ്. വിവാഹം വളരെ ഗൗരവമുള്ള ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ ഒരാള്‍ വിവാഹമോചനം ചെയ്യലും തിരിച്ചെടുക്കലും ഒരു നിരന്തര പ്രവര്‍ത്തനമായി നടക്കുന്നത് ശരിയല്ല. ഇത്തരത്തില്‍ മൂന്നുതവണ വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീയെ വീണ്ടും അയാള്‍ക്ക് തന്നെ വിവാഹം ചെയ്യണമെങ്കില്‍ അവളെ മറ്റൊരാള്‍ വിവാഹം ചെയ്യുകയും പിന്നീട് വിവാഹമോചനം ചെയ്ത് ഇദ്ദാകാലം പൂര്‍ത്തിയാക്കുകയും വേണം. നിരന്തരം ത്വലാഖു ചൊല്ലുന്നതിന് നിയന്ത്രം വരുത്തി സ്ത്രീയുടെ ആദരവ് കാത്തുസൂക്ഷിക്കുകയാണ് ശരീഅത്ത് ഇതുകൊണ്ടുദ്ദേശിക്കുന്നത്.

ഇസ്‌ലാമിക ശരീഅത്ത് പഠിപ്പിക്കുന്ന വിവാഹമോചനത്തിന്റെ ശരിയായ രീതി പാലിക്കുമെന്ന് ഓരോ മുസ്‌ലിമും തീരുമാനിച്ചാല്‍ മുത്ത്വലാഖ് എന്ന ചര്‍ച്ചയുടെ തന്നെ പ്രസക്തി നഷ്ടമാകും. എന്നാല്‍ വിവാഹത്തെയോ വിവാഹമോചനത്തെയോ കുറിച്ച് കൃത്യമായ ബോധ്യമില്ലാത്ത പ്രായത്തില്‍ മദ്‌റസയില്‍ നിന്ന് പഠിക്കുന്ന പ്രാഥമിക പാഠങ്ങള്‍ കൊണ്ട് മാത്രം മുസ്‌ലിം സമുദായത്തെ ബോധവല്‍കരിക്കാനാവില്ല. വിവാഹത്തിന് മുമ്പ് മുസ്‌ലിം യുവാക്കള്‍ക്ക് വിവാഹത്തെയും കുടുംബജീവിതത്തെയും വിവാഹമോചനത്തെയും കുറിച്ച് കൃത്യമായ ധാരണ നല്‍കുകയാണ് അതിന് പരിഹാരം. അതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ മഹല്ലുകള്‍ മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.

Related Post