സുന്നത്തും ഇസ്ലാമിക നിയമനിര്‍മാണവും

Originally posted 2017-04-12 15:53:43.

കെ അബ്ദുല്ലഹ് ഹസ്സന്‍

സുന്നത്തും നിയമനിര്‍മാണവും

അല്ലാഹുവിനെ അനുസരിക്കുന്ന പോലെത്തന്നെ പ്രവാചകനെ അനുസരിക്കുന്നത് മുസ്‌ലിംകള്‍ക്ക് ഖുര്‍ആന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു.
”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക, അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും. വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായാല്‍ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍ അതാണ് നിങ്ങള്‍ക്കുത്തമം. നല്ല പരിണാമവും അതുതന്നെ” (അന്നിസാഅ്: 59). ഇവിടെ അല്ലാഹുവെ അനുസരിക്കാന്‍ കല്‍പിച്ചതിന്റെ താല്‍പര്യം, ഖുര്‍ആന്‍ അനുസരിക്കലാണെന്നു വ്യക്തം. അതിനു പുറമെ പ്രവാചകനെ കൂടി അനുസരിക്കാന്‍ കല്‍പിക്കുമ്പോള്‍ അത് സുന്നത്താവാനേ വഴിയുള്ളൂ. അതായത്, പ്രവാചകന്‍ അല്ലാഹുവില്‍നിന്നുള്ള സന്ദേശവാഹകന്‍ മാത്രമല്ല; നിയമത്തിന്റെ ആധികാരിക സ്രോതസ്സ് തന്നെയാണ്.

എന്നാല്‍ ഇവിടെ കൈകാര്യകര്‍ത്താക്കളെകൂടി അനുസരിക്കാന്‍ പറഞ്ഞിരിക്കയാല്‍ അതും ശരീഅത്തിന്റെ മുഖ്യസ്രോതസ്സാണെന്നു പറയാമോ എന്നു ചോദിച്ചേക്കാം. ഇല്ലെന്നു തന്നെയാണ് മറുപടി. കാരണം പ്രസ്തുത ആയത്തിന്റെ ശേഷമുള്ള ഭാഗങ്ങള്‍ അതു വ്യക്തമാക്കുന്നു. ‘തര്‍ക്കമുണ്ടായാല്‍’ എന്നുപറയുന്നത് ഖുര്‍ആന്റെയും സുന്നത്തിന്റെയും കാര്യത്തിലല്ല. അവിടെ തര്‍ക്കത്തിനു വകയില്ല. മടങ്ങേണ്ടതോ? ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മാത്രവും. അവിടെ കൈകാര്യകര്‍ത്താക്കളില്ല. നിയമങ്ങളുടെ അടിസ്ഥാന സ്രോതസ്സ് ഖുര്‍ആനും സുന്നത്തും മാത്രമാണെന്ന് ഇത് വ്യക്തമാക്കുന്നു. ഇതേ കാര്യം ഖുര്‍ആന്‍ പലേടങ്ങളിലായി ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ട്. ഉദാഹരണമായി, പ്രവാചകനെ അനുസരിക്കാന്‍ അല്ലാഹു കല്‍പിച്ചതായതിനാല്‍ അത് യഥാര്‍ഥത്തില്‍ അല്ലാഹുവിനു തന്നെയുള്ള അനുസരണമാണെന്നു വ്യക്തമാക്കുന്നു ഖുര്‍ആന്‍:

”ആര്‍ പ്രവാചകനെ അനുസരിക്കുന്നുവോ അവന്‍ അല്ലാഹുവിനെ അനുസരിച്ചു”(അന്നിസാഅ്: 80).
പ്രവാചകാനുസരണത്തിന്റെ ഫലം സന്മാര്‍ഗ സിദ്ധിയാണെന്നും സുന്നത്തിനെ നിഷേധിച്ചുകൊണ്ട് നേര്‍മാര്‍ഗം പ്രാപിക്കുക സാധ്യമല്ലെന്നും പഠിപ്പിക്കുന്നു മറ്റൊരിടത്ത്:
”നിങ്ങള്‍ അദ്ദേഹത്തെ (പ്രവാചകനെ) അനുസരിച്ചാല്‍ സന്മാര്‍ഗം പ്രാപിക്കും. നിങ്ങള്‍ക്കു കാര്യങ്ങള്‍ വ്യക്തമായി എത്തിച്ചുതരാന്‍ മാത്രമേ നമ്മുടെ ദൂതനു ബാധ്യതയുള്ളൂ” (അന്നൂര്‍: 54).
മറ്റു ചിലേടത്ത് ‘അനുസരിക്കുക’ എന്ന പദത്തിനു പകരം പ്രവാചകന്റെ ജീവിത മാതൃക മുഴുവന്‍ ഉള്‍ക്കൊള്ളുന്ന തരത്തില്‍ അതിനേക്കാള്‍ വിശാലമായ ‘പിന്‍പറ്റുക’ എന്ന പദമാണ് ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത്:
”നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നതിനായി ആ പ്രവാചകനെ പിന്‍പറ്റുക” (അല്‍ അഅ്‌റാഫ്: 158).
നിയമനിര്‍മാണത്തില്‍ മാത്രമല്ല വിശ്വാസം, സ്വഭാവം എന്നിവയിലും സുന്നത്ത് പ്രമാണമാണ്.
”പറയുക, നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക, എന്നാല്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കും. നിങ്ങളുടെ കുറ്റങ്ങള്‍ പൊറുത്തുതരും”(ആലു ഇംറാന്‍: 31).
മറ്റൊരിടത്ത് നബി തിരുമേനിയുടെ കല്‍പനകളും നിരോധങ്ങളും സ്വീകരിക്കാന്‍ നേര്‍ക്കുനേരെത്തന്നെ കല്‍പിച്ചിരിക്കുന്നു ഖുര്‍ആന്‍:”പ്രവാചകന്‍ നിങ്ങളോട് കല്‍പിക്കുന്നത് നിങ്ങള്‍ സ്വീകരിക്കുക. തടയുന്നതില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുക”(അല്‍ഹശ്ര്‍: 7).

പ്രവാചകന്റെ കല്‍പന ധിക്കരിക്കുന്നവരെ ഖുര്‍ആന്‍ താക്കീതു ചെയ്യുന്നു:
”പ്രവാചകന്റെ കല്‍പനകള്‍ ധിക്കരിക്കുന്നവര്‍, അവരെ ഇഹത്തില്‍ തന്നെ വല്ല വിപത്തും ബാധിക്കുന്നതോ പരത്തില്‍ വേദനാജനകമായ ശിക്ഷ ബാധിക്കുന്നതോ ഭയപ്പെട്ടു കൊള്ളട്ടെ”(അന്നൂര്‍: 63).
പ്രവാചകന്റെ ഭാഗത്തുനിന്ന് ഒരു കല്‍പന വന്നാല്‍ അത് സര്‍വാത്മനാ സ്വീകരിക്കാനല്ലാതെ തള്ളുകയോ കൊള്ളുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യമൊന്നും അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കിയിട്ടില്ല:
”അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യം വിധിച്ചാല്‍ വിശ്വാസിക്കോ വിശ്വാസിനിക്കോ പിന്നെ തങ്ങളുടെ കാര്യത്തില്‍ സ്വാതന്ത്ര്യമൊന്നുമില്ല. ഇനി ആരെങ്കിലും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുകയാണെങ്കില്‍ അവന്‍ വഴികേടില്‍ അകെപ്പട്ടതുതന്നെ”(അല്‍അഹ്‌സാബ്: 36).
അപ്പോഴുണ്ടാവുന്ന പ്രശ്‌നങ്ങളില്‍ പ്രവാചകന്‍ നല്‍കുന്ന വിധിത്തീര്‍പ്പുകളെ സസന്തോഷം സ്വീകരിക്കുകയും പ്രവാചകന് സമ്പൂര്‍ണമായി കീഴ്‌പ്പെടുകയും ചെയ്യുന്നില്ലെങ്കില്‍ അവന്‍ മുസ്‌ലിമാവുകയില്ലെന്ന് അല്ലാഹു ആണയിട്ടു പറയുന്നു:”കാര്യം അവര്‍ വിചാരിക്കുന്നതു പോലെയല്ല. നിന്റെ രക്ഷിതാവാണ് സത്യം, അവര്‍ തങ്ങള്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ താങ്കളെ (പ്രവാചകനെ) വിധികര്‍ത്താവായി സ്വീകരിക്കുകയും പിന്നീട് താങ്കളുടെ വിധിയില്‍ അവര്‍ക്ക് ഒരു മനപ്രയാസവും തോന്നാതിരിക്കുകയും അങ്ങനെ സമ്പൂര്‍ണമായി പ്രവാചകനു കീഴ്‌പ്പെടുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല തന്നെ” (അന്നിസാഅ്: 65).

വിശ്വാസികളാണെന്നു വാദിക്കുകയും പിന്നെ ചില പ്രശ്‌നങ്ങളിലെങ്കിലും പ്രവാചകനെ ധിക്കരിക്കുകയും ചെയ്യുന്നത് ശുദ്ധ കാപട്യത്തിന്റെ ലക്ഷണമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു:”ഞങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നുവെന്നവര്‍ പറയുന്നു. എന്നിട്ട് അതിനു ശേഷമതാ അവരില്‍നിന്ന് ഒരു വിഭാഗം പിന്തിരിഞ്ഞുപോകുന്നു. അവര്‍ വിശ്വാസികളല്ല. അവര്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ വിധി പറയുവാന്‍ അവരെ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും വിളിച്ചാല്‍ അവരില്‍ ഒരുവിഭാഗമതാ തിരിഞ്ഞുകളയുന്നു”(അന്നൂര്‍: 47,48).

വിജയികളായ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ കല്‍പനകളോടെന്നപോലെ പ്രവാചകന്റെ കല്‍പനകളോടും ഒറ്റ സമീപനമേ അവര്‍ക്കുണ്ടാകാന്‍ പാടുള്ളൂ. മനസാ, വാചാ, കര്‍മണാ അതംഗീകരിക്കുകയെന്ന ഒറ്റ സമീപനം:”തങ്ങള്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ വിധി പറയാന്‍ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികള്‍ക്ക് ഒറ്റ വാക്കേയുള്ളൂ. അവര്‍ പറയും: ഞങ്ങള്‍ കേട്ടനുസരിച്ചിരിക്കുന്നു. അവരാണ് വിജയികള്‍”(അന്നൂര്‍: 51).

ഈ ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ കണ്ണോടിക്കുന്ന ഏതൊരാള്‍ക്കും സുന്നത്ത് ഇസ്‌ലാമിക ശരീഅത്തില്‍ നിയമനിര്‍മാണത്തിന്റെ അനിവാര്യ ഘടകമാണെന്നു ബോധ്യമാവാതിരിക്കില്ല. ഖുര്‍ആന്‍ പോലെത്തന്നെ സുന്നത്തും ഇക്കാര്യം വളരെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. നബി(സ)യെ പിന്‍പറ്റിക്കൊണ്ടല്ലാതെ സ്വര്‍ഗപ്രവേശം സാധ്യമല്ലെന്നു വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം തന്നെ പറഞ്ഞു:”എന്റെ സമുദായം ഒന്നടങ്കം സ്വര്‍ഗത്തില്‍ പ്രവേശിക്കും. വിസമ്മതിച്ചവരൊഴികെ. ആരോ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ആരാണ് വിസമ്മതിക്കുന്നവര്‍? അവിടുന്നു പറഞ്ഞു: എന്നെ അനുസരിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. എന്നെ ധിക്കരിച്ചവന്‍ വിസമ്മതിച്ചു.”

നമ്മുടെ കൈയില്‍ ഖുര്‍ആനുണ്ടല്ലോ. അതു മതി… ഇനിയൊരു സുന്നത്തു കൂടി വേണ്ടതില്ലെന്നു വാദിച്ചുകൊണ്ട് വരാനിരിക്കുന്ന ഒരു വിഭാഗത്തെക്കുറിച്ച് തിരുമേനി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞതായി മിഖ്ദാദുബ്‌നു മഅ്ദീകരിബ് (റ) ഉദ്ധരിക്കുന്നു:”അറിഞ്ഞുകൊള്ളുക: എനിക്ക് വേദം നല്‍കപ്പെട്ടു. അത്രതന്നെ വേറെയും. അറിഞ്ഞുകൊള്ളുക: എനിക്ക് ഖുര്‍ആന്‍ നല്‍കപ്പെട്ടു. അത്രതന്നെ വേറെയും. അറിഞ്ഞുകൊള്ളുക: ഭാവിയില്‍ ഒരുവന്‍ വയറുനിറച്ച് കട്ടിലില്‍ ചെരിഞ്ഞിരുന്നു കൊണ്ടു പറയും: നിങ്ങള്‍ ഖുര്‍ആന്‍ മുറുകെ പിടിക്കുക. അതിലുള്ള ഹലാല്‍ ഹലാലാക്കുകയും അതിലുള്ള ഹറാം ഹറാമാക്കുകയും ചെയ്യുക.” തിര്‍മിദിയുടെ റിപ്പോര്‍ട്ടില്‍ ഇത്ര കൂടിയുണ്ട്: ”അല്ലാഹുവിന്റെ ദൂതന്‍ ഹറാമാക്കിയത് അല്ലാഹു ഹറാമാക്കിയത് പോലെത്തന്നെയാണ്.” ഇതേ ഹദീസ് പദ വ്യത്യാസങ്ങളോടെ മറ്റു സ്വഹാബികളില്‍നിന്നും പലരും ഉദ്ധരിച്ചിട്ടുണ്ട്.

‘വയറുനിറച്ച് കട്ടിലില്‍ ചെരിഞ്ഞിരുന്നുകൊണ്ട്’ എന്ന പ്രയോഗം സുഖലോലുപതയിലേക്കും താല്‍പര്യ പൂജയിലേക്കുമാണ് സൂചന നല്‍കുന്നത്. അത്തരക്കാരെ സംബന്ധിച്ചിടത്തോളം സുന്നത്തിനെ പ്രാമാണികതയില്‍നിന്ന് ഒഴിവാക്കുന്നത് ഒരനിവാര്യതയായിരിക്കും. പക്ഷേ, അര്‍പ്പണബോധമുള്ള വിശ്വാസികള്‍ക്കത് ചേരുകയില്ലെന്നാണ് ഹദീസ് സൂചിപ്പിക്കുന്നത്.
ഇതുപോലെ ഹജ്ജതുല്‍ വിദാഇല്‍ സമുദായത്തോട് പല കാര്യങ്ങളും വസ്വിയ്യത്ത് ചെയ്ത ശേഷം തിരുമേനി പറഞ്ഞു:
”ഇവിടെ സന്നിഹിതരായവര്‍ സന്നിഹിതരല്ലാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ, കാരണം സന്നിഹിതരായവര്‍ എത്തിച്ചു കൊടുക്കുന്നത് തന്നെക്കാള്‍ ഗ്രഹിക്കുന്നവര്‍ക്കായിരിക്കാം.”
ഖുര്‍ആന്‍ പോലെത്തന്നെ സുന്നത്തും ശരീഅത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അതിനാല്‍ ഇസ്‌ലാമിക നിയമനിര്‍മാണത്തിന്റെ മൂലസ്രോതസ്സാണെന്നും ഈ ഹദീസുകള്‍ വ്യക്തമാക്കുന്നു. ഇതേ ആശയം പ്രകാരാന്തരേണ വ്യക്തമാക്കുന്ന മറ്റു പല ഹദീസുകളും പ്രബലമായിത്തന്നെ വന്നിട്ടുണ്ട്. അതിനാല്‍ സ്വഹാബികള്‍ക്കിടയില്‍ ഈ വിഷയത്തില്‍ ഒരഭിപ്രായ വ്യത്യാസവുമുണ്ടായിരുന്നില്ല.

പ്രഗത്ഭ സ്വഹാബികളുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങള്‍ ഇത് തെളിയിക്കുന്നു. ചില ഉദാഹരണങ്ങള്‍:
അബ്ദുല്ലാഹിബ്‌നു ഉമറിനോട് ഖാലിദുബ്‌നു ഉബൈദ് ചോദിച്ചു: ”ഖുര്‍ആനില്‍ നാട്ടില്‍ വെച്ചുള്ള നമസ്‌കാരവും, ഭയമുള്ള സന്ദര്‍ഭങ്ങളിലെ നമസ്‌കാരവും ഞാന്‍ കാണുന്നു. എന്നാല്‍ യാത്രയിലെ നമസ്‌കാരം കാണാന്‍ കഴിയുന്നില്ലല്ലോ?” ഇബ്‌നു ഉമര്‍ പറഞ്ഞു: ”സഹോദരപുത്രാ, ഞങ്ങള്‍ക്ക് ഒന്നുമറിയാത്ത അവസ്ഥയിലാണ് അല്ലാഹു മുഹമ്മദ് നബി(സ)യെ ഞങ്ങളിലേക്കയച്ചത്.

അതിനാല്‍ ഞങ്ങള്‍ അല്ലാഹുവിന്റെ ദൂതന്‍ എന്തു ചെയ്യുന്നത് കണ്ടുവോ അതു ചെയ്യുക മാത്രമായിരുന്നു. യാത്രയില്‍ ചുരുക്കി നമസ്‌കരിക്കുന്നത് അല്ലാഹുവിന്റെ ദൂതന്‍ നടപ്പാക്കിയ സമ്പ്രദായ(സുന്നത്ത്)മാണ്.”
അബൂബക്‌റി(റ)ന്റെ കാലത്ത് ഒരു മാതാമഹി (ഉമ്മൂമ്മ) തന്റെ പേരക്കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് അനന്തര സ്വത്തില്‍ അവകാശം ചോദിച്ചുകൊണ്ട് അബൂബക്‌റി(റ)ന്റെ മുമ്പില്‍ വന്നു. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിങ്ങള്‍ക്കൊരവകാശവും ഞാന്‍ കാണുന്നില്ല. അല്ലാഹുവിന്റെ പ്രവാചകന്‍ നിങ്ങള്‍ക്ക് അവകാശമുള്ളതായി പറഞ്ഞതും എനിക്കറിയില്ല.’ പിന്നീടദ്ദേഹം ജനങ്ങളോട് ചോദിച്ചു: അപ്പോള്‍ മുഗീറത്തുബ്‌നു ശുഅ്ബ പറഞ്ഞു: ‘അവര്‍ക്ക് സ്വത്തിന്റെ ആറില്‍ ഒന്നു നല്‍കണമെന്ന് തിരുമേനി പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്.’ അബൂബക്ര്‍(റ) ചോദിച്ചു: നിനക്കിതിനു മറ്റാരെങ്കിലും സാക്ഷികളുണ്ടോ?’ അപ്പോള്‍ മുഹമ്മദുബ്‌നു മസ്‌ലമ അതിനു സാക്ഷിനിന്നു. അതോടെ അബൂബക്ര്‍(റ) അത് നടപ്പാക്കി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഒരു വിഷയത്തില്‍ നേര്‍ക്കു നേരെ ഖുര്‍ആനില്‍ വിധിയില്ലെങ്കില്‍ അതില്‍ സുന്നത്ത് എന്തു പറയുന്നുവെന്ന് നോക്കുകയായിരുന്നു അബൂബക്‌റിന്റെ സമ്പ്രദായം. ശരീഅത്തില്‍ സുന്നത്തിനു പ്രാമാണികതയില്ലെങ്കില്‍ ഈ അന്വേഷണത്തിന് പ്രസക്തിയില്ലല്ലോ!

മഹ്‌റാനുബ്‌നു മൈമൂനില്‍നിന്നു ബൈഹഖി ഉദ്ധരിക്കുന്നു: അബൂബക്‌റിന്റെ മുമ്പില്‍ ഒരു കേസ് വന്നാല്‍ അദ്ദേഹം അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ പരതിനോക്കും. വിധിക്കേണ്ട കാര്യം അതില്‍ കണ്ടാല്‍ അതനുസരിച്ചു വിധി കല്‍പിക്കും. കണ്ടില്ലെങ്കില്‍ നബി തിരുമേനിയുടെ സുന്നത്തുണ്ടോ എന്നു നോക്കും. ഉണ്ടെങ്കില്‍ അതനുസരിച്ചു വിധിക്കും. ഉള്ളതായി അറിയില്ലെങ്കില്‍ ജനങ്ങളോട് ചോദിക്കും. ഉണ്ടെന്ന് അവര്‍ പറഞ്ഞാല്‍ അതനുസരിച്ചു വിധിക്കും. അതുമില്ലെങ്കില്‍ ജനനായകരെ വിളിച്ചു കൂടിയാലോചിക്കും. അവര്‍ ഏകോപിച്ച് ഒരഭിപ്രായം പറഞ്ഞാല്‍ അത് സ്വീകരിക്കും. ഇതു തന്നെയായിരുന്നു രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെയും സമ്പ്രദായം. അദ്ദേഹം പക്ഷേ ഒരു വിഷയത്തില്‍ നബി തിരുമേനിയുടെ വിധിയൊന്നും കണ്ടില്ലെങ്കില്‍ അബൂബക്‌റിന്റെ വിധിയുണ്ടോ എന്നുകൂടി നോക്കുമായിരുന്നു. അതുമില്ലെങ്കിലേ ജന നേതാക്കളിലേക്ക് തിരിയുകയുള്ളൂ. ഖാദി ശുറൈഹിനെ കൂഫയിലെ നീതിന്യായ ചുമതല ഏല്‍പിച്ചപ്പോള്‍ ഉമര്‍ (റ) എഴുതി: ”അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍നിന്ന് വ്യക്തമാകുന്നതെന്താണെന്ന് നോക്കുക. അതേക്കുറിച്ച് ആരോടും ചോദിക്കേണ്ടതില്ല. അതില്‍നിന്നു വ്യക്തമായില്ലെങ്കില്‍ അല്ലാഹുവിന്റെ ദൂതന്റെ സുന്നത്ത് പിന്‍പറ്റുക. സുന്നത്തിലും വ്യക്തമല്ലെങ്കില്‍ വിജ്ഞാനവും യോഗ്യതയുമുള്ളവരുമായി കൂടിയാലോചിച്ചു ഗവേഷണം ചെയ്ത് ഒരഭിപ്രായം രൂപവല്‍ക്കരിക്കുക.”
ഇതുതന്നെയായിരുന്നു മറ്റു സ്വഹാബികളുടെയും ശേഷം താബിഉകളുടെയും മുഴുവന്‍ കര്‍മശാസ്ത്ര പണ്ഡിതന്മാരുടെയും അവസ്ഥ. ഇജ്തിഹാദിന്റെ രണ്ടാമത്തെ സ്രോതസ്സായി സുന്നത്തിനെ അംഗീകരിക്കാത്ത ഒരു ചിന്താസരണിയും കര്‍മ ശാസ്ത്രത്തില്‍ നാം കാണുന്നില്ല. നിയമനിര്‍മാണത്തിന്റെ അടിസ്ഥാനങ്ങളില്‍ ഒന്നാണ് സുന്നത്തെന്ന കാര്യത്തില്‍ ഇജ്മാഅ് (പണ്ഡിതന്മാരുടെ ഏകോപിതാഭിപ്രായം) ഉണ്ടെന്നാണ് ഇത് തെളിയിക്കുന്നത്.
ഇമാം അബൂഹനീഫയുടെ ചിന്താസരണി പക്ഷേ, ഖുര്‍ആനിലും സ്വകീയാഭിപ്രായങ്ങളിലും മാത്രം അധിഷ്ഠിതമായിരുന്നുവെന്ന് ചിലര്‍ വാദിച്ചിട്ടുണ്ട്. അവരുടെ വീക്ഷണത്തില്‍ ഇമാമിന് പതിനേഴ് ഹദീസുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. പിന്നെങ്ങനെയാണ് ഹദീസുകള്‍ അവലംബമാക്കുക? ഹനഫീ മദ്ഹബാണെങ്കില്‍ ഒരു പിഴച്ച ചിന്താസരണിയായി മുസ്‌ലിം ലോകം അംഗീകരിച്ചിട്ടില്ല. മറിച്ച്, മറ്റ് ചിന്താസരണികള്‍ക്ക് കടപ്പാടുള്ള ഉദാത്തമായ ആദ്യത്തെ ചിന്താസരണിയായി മാത്രമേ അവരതിനെ സ്വീകരിച്ചിട്ടുള്ളൂ. എന്നിരിക്കെ, ഹദീസുകളില്ലെങ്കില്‍ തന്നെ ശരീഅത്തിന്റെ മുഖ്യവശമായ ഫിഖ്ഹ് പൂര്‍ണമാകുമെന്നല്ലേ അത് തെളിയിക്കുന്നത്? ഇതാണവരുടെ ന്യായം.

ഈ വാദം അടിസ്ഥാനപരമായിത്തന്നെ ശരിയല്ല. ഇമാം അബൂഹനീഫക്ക് ഹദീസുകള്‍ കിട്ടിയിട്ടില്ലെന്ന വാദം മദ്ഹബ് പക്ഷപാതിത്വത്തിന്റെയും തദടിസ്ഥാനത്തിലുള്ള വൈരത്തിന്റെയും വ്യക്തമായ തെളിവാണ്. കൂഫയില്‍ ഇബ്‌നു മസ്ഊദിന്റെ ജ്ഞാനപീഠമാണ് ഇമാം അബൂ ഹനീഫ അനന്തരമെടുത്തത്.

അദ്ദേഹത്തിന്റെ ഗുരുനാഥന്മാരെല്ലാം പ്രസിദ്ധരായ ഹദീസ് പണ്ഡിതന്മാരായിരുന്നു. ഗുരുവായ ഹമ്മാദില്‍ നിന്ന് ഇമാം രണ്ടായിരം ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തതായും മറ്റു ഗുരുക്കന്മാരില്‍നിന്ന് വേറെ രണ്ടായിരം ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തതായും ഹസനുബ്‌നു സിയാദ് പറഞ്ഞതായി മുവഫ്ഫഖുല്‍ മക്കി ഉദ്ധരിച്ചിട്ടുണ്ട് (മനാഖിബു അബീഹനീഫ). അതില്‍ അത്ഭുതമില്ല. ഇബ്‌നു മസ്ഊദ്, അലി, സഅ്ദുബ്‌നു അബീവഖാസ്, ഹുദൈഫ, അമ്മാര്‍, സല്‍മാന്‍, അബൂമൂസ(റ) തുടങ്ങി നാല്‍പതിലധികം പ്രഗത്ഭ സ്വഹാബികള്‍ സ്ഥിരതാമസമാക്കിയ ഒരു പ്രദേശത്ത് പണ്ഡിതന്മാര്‍ക്ക് ഹദീസുകള്‍ കിട്ടിയില്ലെന്നു പറഞ്ഞാല്‍ അത് പ്രഥമ ശ്രവണത്തില്‍ തന്നെ തള്ളിക്കളയേണ്ടതാണ്. ഇമാമിന്റെ ഗുരുവായ ഹമ്മാദ്, അദ്ദേഹത്തിന്റെ ഗുരുവായ ഇബ്‌റാഹീമുന്നഖഇ എന്നിവരൊക്കെ അറിയപ്പെടുന്ന ഹദീസ് പണ്ഡിതന്മാരായിരുന്നുവെന്നതാണ് ചരിത്രം. ഹദീസുകള്‍ സ്വീകരിക്കുന്നതിന് ഇമാം തന്റേതായ നിബന്ധനകള്‍ വെക്കുകയും സൂക്ഷ്മത പുലര്‍ത്തുകയും ചെയ്തിരുന്നുവെന്നത് ശരിയാണ്. അത് പക്ഷേ, ഹദീസ് നിരാകരണത്തിന്റെ തെളിവല്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ശിഷ്യന്മാരും ഹദീസുകള്‍ സ്വീകരിച്ചുവെന്നു മാത്രമല്ല, ആ ശാസ്ത്രത്തില്‍ പ്രവീണരായാണ് അറിയപ്പെടുന്നത്. എന്നിരിക്കെ ഇമാം അബൂഹനീഫയെ ഹദീസ്‌വിരോധിയാക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കുകയില്ല.

മറ്റു കര്‍മശാസ്ത്ര സാരഥികളെ സംബന്ധിച്ചിടത്തോളം നിലപാടുകള്‍ വളരെ വ്യക്തമാണ്. ഇമാം ബൈഹഖി ഉസ്മാനുബ്‌നു ഉമറില്‍നിന്നുദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: ഒരാള്‍ ഇമാം മാലികിന്റെ സന്നിധിയില്‍ വന്ന് ഒരു പ്രശ്‌നത്തെക്കുറിച്ചു ചോദിച്ചു. തിരുമേനിയില്‍ നിന്നുള്ള ഒരു ഹദീസാണ് അതിനു മറുപടിയായി അദ്ദേഹം നല്‍കിയത്. ഇതു കേട്ട ശേഷം ആ മനുഷ്യന്‍ വീണ്ടും ചോദിച്ചു: ഈ വിഷയത്തില്‍ അങ്ങയുടെ അഭിപ്രായമെന്താണ്? ഇതിന് ഇമാമിന്റെ മറുപടി ഈ ഖുര്‍ആന്‍ സൂക്തമായിരുന്നു: ”അദ്ദേഹത്തിന്റെ കല്‍പനക്ക് വിപരീതം പ്രവര്‍ത്തിക്കുന്നവരെ ഇഹത്തില്‍ തന്നെ വിപത്ത് പിടികൂടുന്നതും പരലോകത്ത് കഠിനമായ ശിക്ഷ ബാധിക്കുന്നതും ഭയപ്പെട്ടു കൊള്ളട്ടെ.” (അന്നൂര്‍: 63)
റബീഅ് പറഞ്ഞതായി ഉദ്ധരണം: ഒരുദിവസം ഇമാം ശാഫിഈ ഒരു ഹദീസ് ഉദ്ധരിച്ചു. അപ്പോള്‍ ഒരാള്‍ ചോദിച്ചു: അബൂ അബ്ദില്ലാ! അങ്ങ് ഈ ഹദീസ് സ്വീകരിക്കുന്നോ? ഇമാം പറഞ്ഞു: ”ഞാന്‍ അല്ലാഹുവിന്റെ ദൂതനില്‍നിന്ന് ഒരു ഹദീസ് ഉദ്ധരിക്കുകയും എന്നിട്ട് സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നത് കണ്ടാല്‍ എന്റെ ബുദ്ധി നശിച്ചിരിക്കുന്നുവെന്നതിനു ഞാന്‍ നിങ്ങളെ സാക്ഷി നിര്‍ത്തുകയാണ്.” സുന്നത്തിനെക്കുറിച്ച് ഇതുതന്നെയാണ് അറിയപ്പെടുന്ന അവലംബനീയരായ എല്ലാ കര്‍മശാസ്ത്ര പണ്ഡിതന്മാരുടെയും നിലപാട്.

പരിശുദ്ധ ഖുര്‍ആന്‍ നമ്മുടെ മുമ്പിലുണ്ട്. അതു നൂറുശതമാനം സുരക്ഷിതമാണ്. മനുഷ്യര്‍ക്കാവശ്യമുള്ള ഒരു കാര്യവും അത് വിട്ടുകളഞ്ഞിട്ടുമില്ല. ഖുര്‍ആന്‍ പറയുന്നു: ”ഗ്രന്ഥത്തില്‍ നാം ഒന്നും വിട്ടുകളഞ്ഞിട്ടില്ല” (അല്‍അന്‍ആം: 38). എന്നിരിക്കെ നമുക്ക് ഖുര്‍ആന്‍ തന്നെ മതിയല്ലോ? പിന്നെയും ഹദീസുകള്‍ എന്തിനാണെന്നാണ് ചിലരുടെ ചോദ്യം.

ശരിയാണ്, അല്ലാഹു പറഞ്ഞതുപോലെ ഒരു കാര്യവും വിശുദ്ധ ഖുര്‍ആന്‍ വിട്ടുകളഞ്ഞിട്ടില്ല. ഇതുപോലെ സൂറത്തുന്നഹ്‌ലില്‍ അല്ലാഹു പറഞ്ഞു: ”നബീ, എല്ലാ കാര്യങ്ങളുടെയും വിശദീകരണവുമായി താങ്കള്‍ക്ക് നാം വേദം അവതരിപ്പിച്ചു തന്നിരിക്കുന്നു” (അന്നഹ്ല്‍: 88). ഈ പറഞ്ഞതിനര്‍ഥം വിശ്വാസ-കര്‍മങ്ങളാകുന്ന ദീനിന്റെ എല്ലാ വിശദാംശങ്ങളും ഖുര്‍ആനിലുണ്ടെന്നല്ല. മറിച്ച് എല്ലാ വിശ്വാസകാര്യങ്ങളുടെയും കര്‍മശാസ്ത്രത്തിന്റെയും അടിസ്ഥാനങ്ങളും പൊതു തത്ത്വങ്ങളും ഖുര്‍ആനിലുണ്ടെന്ന് മാത്രമാണ്. പല കാര്യങ്ങള്‍ക്കും വിശദീകരണങ്ങള്‍ വേണ്ടിവരും. അവ വിശദീകരിക്കാന്‍ പ്രവാചകനെ ഖുര്‍ആന്‍ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഖുര്‍ആന്‍ പറയുന്നു:
”ജനങ്ങളിലേക്ക് അവതരിച്ചത് അവര്‍ക്ക് വിവരിച്ചു കൊടുക്കാന്‍ വേണ്ടിയാണ് ഈ ദിക്‌റിനെ നാം നിനക്കവതരിപ്പിച്ചു തന്നത്”(അന്നഹ്ല്‍: 44). അതിനാല്‍ തിരുമേനിയുടെ വിശദീകരണം ഖുര്‍ആന്‍ പറഞ്ഞ സാകല്യത്തിന്റെ ഭാഗമാണ്. മറ്റൊരു ഭാഷയില്‍ ഖുര്‍ആന്റെ പൂര്‍ത്തീകരണത്തിനും സമഗ്രതക്കും അല്ലാഹു തന്നെ നിശ്ചയിച്ച സംവിധാനങ്ങളിലൊന്നാണ് സുന്നത്ത്. അങ്ങനെയായിരുന്നില്ലെങ്കില്‍ ഇസ്‌ലാമിന്റെ സ്തംഭങ്ങളായ പഞ്ചകര്‍മങ്ങളുടെ നിര്‍വഹണ രീതിപോലും മനസ്സിലാക്കാന്‍ നമുക്കു കഴിയുമായിരുന്നില്ല. ഈ സ്തംഭങ്ങളില്‍ പ്രഥമമാണല്ലോ നമസ്‌കാരം. അതിന്റെ വിശദാംശങ്ങള്‍ ഖുര്‍ആനിലെവിടെ? എത്ര സമയം, എത്ര റക്അത്തുകള്‍ നമസ്‌കരിക്കണം? അതെങ്ങനെ നിര്‍വഹിക്കണം? ഇത്തരം വിശദാംശങ്ങളൊന്നും ഖുര്‍ആനിലില്ല. അതെല്ലാം തിരുമേനിയുടെ സുന്നത്തില്‍നിന്നാണ് ലഭിക്കുന്നത്. സകാത്ത്, ഹജ്ജ് തുടങ്ങിയ മറ്റു പ്രധാന കര്‍മങ്ങളും ഇങ്ങനെത്തന്നെ. അതിനാല്‍ ‘വിശദീകരണ’മെന്നു ഖുര്‍ആന്‍ പറഞ്ഞതിന്റെ താല്‍പര്യം ഓരോ കാര്യങ്ങളുടെയും ശാഖോപശാഖകളല്ല. ഇനങ്ങളുടെ സാകല്യം മാത്രമേ അതിന്റെ ഉദ്ദേശ്യമാവാനിടയുള്ളൂ.

ദീനിന്റെ നിലനില്‍പിനു വേണ്ടി ഖുര്‍ആന്റെ സംരക്ഷണം മാത്രമാണ് അല്ലാഹു ഏറ്റെടുത്തിരിക്കുന്നത്. അല്ലാഹു പറഞ്ഞു: ”ഈ ദിക്‌റിനെ അവതരിപ്പിച്ചത് നാമാണ്. നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും.” ഇതുപോലെ സുന്നത്തും ദീനിന്റെ മുഖ്യമായ ഒരടിസ്ഥാനമായിരുന്നുവെങ്കില്‍ അതിന്റെ സംരക്ഷണവും അല്ലാഹു ഏറ്റെടുക്കുമായിരുന്നു. പക്ഷേ, അതുണ്ടായില്ലെന്നാണ് മറ്റൊരു വാദം.
ഇതും ചിന്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം വളരെ ബാലിശമാണ്. കാരണം, ഖുര്‍ആന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തു എന്നു പറഞ്ഞതിന്റെ താല്‍പര്യം, ഖുര്‍ആന്റെ അക്ഷരങ്ങള്‍ മാറ്റമില്ലാതെ, മങ്ങാതെ മറയാതെ എന്നും നിലനില്‍ക്കുമെന്ന് മാത്രമല്ല. മറിച്ച് ഖുര്‍ആന്‍ ജനങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കുന്ന ആദര്‍ശവും കര്‍മങ്ങളുമുള്‍ക്കൊള്ളുന്ന സംസ്‌കാരവും കൂടി സംരക്ഷിക്കപ്പെടുമെന്നാണ്. അങ്ങനെയല്ലെങ്കില്‍ ഉദ്ദേശ്യം പൂര്‍ണമായും ഗ്രഹിക്കാന്‍ കഴിയാത്ത കുറെ അക്ഷരങ്ങളുടെ മാത്രം സംരക്ഷണം കൊണ്ടെന്തുകാര്യം? അത് പൂര്‍ണാര്‍ഥത്തില്‍ സംരക്ഷണമാവുന്നില്ല. ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കാന്‍ വേണ്ടിയാണ് അല്ലാഹു ഖുര്‍ആന്‍ മുഹമ്മദ് നബിക്ക് അവതരിപ്പിച്ചു കൊടുത്തതെന്ന് ഖുര്‍ആന്‍ തന്നെ പറയുന്നു. അതിനു സൗകര്യമാവുന്നതിനു വേണ്ടി ഒന്നിച്ചവതരിപ്പിക്കാതെ 23 വര്‍ഷം കൊണ്ടുമാത്രമേ അല്ലാഹു അതിന്റെ അവതരണം പൂര്‍ത്തിയാക്കിയുള്ളൂ. ഈ കാലയളവില്‍ അല്ലാഹു ചുമതലപ്പെടുത്തിയതനുസരിച്ച് നബി ഖുര്‍ആന്റെ അവ്യക്തമായ പല ഭാഗങ്ങളും വിശദീകരിച്ചിട്ടുണ്ടാവണമല്ലോ. ആ വിശദീകരണം കൂടാതെ സ്വഹാബികള്‍ക്ക് ഖുര്‍ആന്‍ മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ലെങ്കില്‍ പിന്നീടുള്ളവര്‍ക്ക് തിരുമേനിയുടെ വിശദീകരണമൊന്നും കൂടാതെ തന്നെ ഖുര്‍ആന്‍ ഗ്രഹിക്കാന്‍ കഴിയുമെന്ന് പറയുന്നതിനെന്തര്‍ഥമാണുള്ളത്? അതല്ല, ഖുര്‍ആന്‍ ഗ്രഹിക്കുന്നതിന് തിരുമേനിയുടെ വിശദീകരണം (സുന്നത്ത്) കൂടിയേതീരൂവെന്ന് സമ്മതിക്കുകയാണെങ്കില്‍ പിന്നെ ഖുര്‍ആന്റെ സംരക്ഷണത്തില്‍ സുന്നത്തിന്റെ സംരക്ഷണം കൂടി ഉള്‍പ്പെടുമെന്നു സമ്മതിക്കാതെ തരമില്ല.

യഥാര്‍ഥത്തില്‍ സംഭവിച്ചതും അതാണ്. സുന്നത്തിന്റെ സംരക്ഷണത്തിന് ഏതെങ്കിലും പ്രത്യേക രീതി സ്വീകരിക്കണമെന്ന് തിരുമേനി നിര്‍ദേശിച്ചതായി അറിയുന്നില്ല. എന്നിട്ടും സ്വഹാബികളും ശേഷക്കാരും അതിനു ചില പ്രത്യേക രീതികള്‍ തന്നെ ആവിഷ്‌കരിച്ചു. മൂന്നോ നാലോ തലമുറകള്‍ കൈമാറി സുന്നത്ത് വ്യാപകമായി രേഖപ്പെടുത്തുന്നത് വരെ, കടന്നു വന്ന നിവേദക പരമ്പരകളത്രയും അവര്‍ ഹൃദിസ്ഥമാക്കി. ഇങ്ങനെ പരമ്പരയില്ലാത്ത ഒരു റിപ്പോര്‍ട്ടും അവര്‍ സ്വീകരിച്ചില്ല. ലോക ചരിത്രത്തിലെവിടെയും ഇതിനു മുമ്പോ ശേഷമോ ഇത്രയും സൂക്ഷ്മമായി ഒരു സംഭവവും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ലെന്നതാണ് സത്യം.

അതിനാല്‍ ഖുര്‍ആന്റെ സംരക്ഷണത്തിനായി അല്ലാഹു തന്നെയാണ് അതിന്റെ ആധികാരിക വിശദീകരണമായ സുന്നത്തും സംരക്ഷിച്ചതെന്ന് വ്യക്തം. അതല്ലാഹു നേരത്തെതന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ”പിന്നെ അതിന്റെ വിശദീകരണവും നമ്മുടെ ബാധ്യതയാണ്” (അല്‍ഖിയാമ: 19). അതെ, ആ ബാധ്യതയാണ് സുന്നത്തിന്റെ സംരക്ഷണത്തിലൂടെ അല്ലാഹു നിര്‍വഹിച്ചത്. സുന്നത്തിന്റെ സംരക്ഷണം ഖുര്‍ആന്റെ സംരക്ഷണത്തിന്റെ ഭാഗമാണെന്നു സാരം.
‘ഖുര്‍ആന്‍ എഴുതുവാന്‍ തിരുമേനിക്ക് പ്രത്യേകം എഴുത്തുകാരുണ്ടായിരുന്നു. ഖുര്‍ആന്‍ അല്ലാത്തതൊന്നും എഴുതുവാന്‍ എഴുത്തുകാര്‍ ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, എഴുതുവാന്‍ തിരുമേനി അനുവദിക്കുകയും ചെയ്തിരുന്നില്ല. സുന്നത്ത് സംരക്ഷിക്കപ്പെടേണ്ടതാണെങ്കില്‍ തിരുമേനി മറിച്ചായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്?’ സുന്നത്ത് പ്രമാണമായി അംഗീകരിക്കാത്തവരുടെ മറ്റൊരു വാദമാണിത്.

നബി(സ) സുന്നത്ത് രേഖപ്പെടുത്തുന്നതിന് എഴുത്തുകാരെ നിയോഗിച്ചിരുന്നില്ല. ഖുര്‍ആന്‍ രേഖപ്പെടുത്തുന്നതിലായിരുന്നു പ്രഥമ പരിഗണന. എഴുതാന്‍ അറിയുന്നവരാണെങ്കില്‍ വിരളവും. അതിനാല്‍ ഉള്ളവരെ ഖുര്‍ആന്‍ എഴുതുന്നതില്‍ വ്യാപൃതരാക്കി. ഇത് പക്ഷേ, ആദ്യത്തിലായിരുന്നു. പിന്നീട് നബി(സ) തന്നെ സകാത്തുമായും ദിയ(കൊലയുടെ നഷ്ടപരിഹാരം)യുമായും മറ്റും ബന്ധപ്പെട്ട സുപ്രധാന നിയമങ്ങളും വ്യവസ്ഥകളും പ്രത്യേകമായി എഴുതി അറിയിക്കാന്‍ ഏര്‍പ്പാടു ചെയ്തു. അബ്ദുല്ലാഹിബ്‌നു അംറിനെപ്പോലുള്ള ചില സ്വഹാബികള്‍ക്ക് ഹദീസുകള്‍ എഴുതി വെക്കാന്‍ അനുവാദം നല്‍കി.

അതിനൊക്കെ പുറമെ നബി(സ)യില്‍നിന്നു കേള്‍ക്കുന്ന കാര്യങ്ങളത്രയും സൂക്ഷ്മതയോടെയും വിശ്വസ്തതയോടെയും മറ്റുള്ളവര്‍ക്കെത്തിച്ചു കൊടുക്കാന്‍ കല്‍പിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ മുതവാത്തിറിന്റെ സ്ഥാനത്തോളമുയര്‍ന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം: നബി(സ) പറഞ്ഞു:
”എന്റെ വാക്കുകള്‍ കേള്‍ക്കുകയും ഗ്രഹിക്കുകയും പിന്നീട് കേട്ടതുപോലെ മറ്റുള്ളവര്‍ക്കെത്തിച്ചു കൊടുക്കുകയും ചെയ്ത മനുഷ്യനെ അല്ലാഹു അനുഗ്രഹിക്കട്ടെ, കേള്‍ക്കുന്നവരേക്കാള്‍ ഗ്രഹിക്കുന്ന എത്രയെത്ര പേരുണ്ട് കേള്‍പ്പിക്കപ്പെടുന്നവരില്‍.”

നബി(സ)യുടെ വാക്കുകള്‍ക്ക് പ്രാമാണികതയില്ലെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് എത്തിക്കാന്‍ നബി(സ) കല്‍പിക്കേണ്ടതില്ല. സൂക്ഷ്മമായി പില്‍ക്കാലക്കാര്‍ക്ക് എത്തിക്കാന്‍ സ്വഹാബികളും ശ്രദ്ധിക്കേണ്ടിയിരുന്നില്ല.

ഖുര്‍ആന്‍പോലെ സൂക്ഷ്മമായി ലഭിക്കാത്തതിനാല്‍ നെല്ലും കല്ലും കൂടിക്കലര്‍ന്നിരിക്കുന്നുവെന്നും അവ വേര്‍തിരിച്ചെടുക്കുക സുസാധ്യമല്ലെന്നുമാണ് മറ്റൊരുവാദം.

ഇത്രയും പഴക്കമുള്ള മറ്റേതെങ്കിലും ചരിത്ര സംഭവത്തെക്കുറിച്ചാണ് ഇത് പറയുന്നതെങ്കില്‍ അത് ശരിയാകുമായിരുന്നു. പക്ഷേ, നബി(സ)യുടെ ജീവിതത്തിലെ ഒരു ഭാഗവും ഇങ്ങനെയല്ല എന്നത് അത്ഭുതാവഹമാണെങ്കിലും ചരിത്രസത്യമാണ്. നബി(സ)യുടെ വാക്കുകളും പ്രവൃത്തികളും മൗനവുമെല്ലാം കണ്ടവരും കേട്ടവരുമാണ് മറ്റുള്ളവര്‍ക്ക് സുക്ഷ്മതയോടുകൂടി എത്തിക്കുന്നത്. ശേഷക്കാരാവട്ടെ തന്നിലേക്കെത്തുന്നതു വരെയുള്ള പരമ്പരയോടു കൂടിയേ അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നുള്ളൂ. അഥവാ അങ്ങനെ മാത്രമേ അവരത് സ്വീകരിക്കുന്നുള്ളൂ. പിന്നീട് അത് രേഖപ്പെടുത്തിയ ഘട്ടമെത്തിയപ്പോള്‍ (രണ്ടോ മൂന്നോ തലമുറകള്‍ക്കു ശേഷമാണത്) അവര്‍ ഒന്നുകൂടി ജാഗ്രത്തായി. പരമ്പരയിലുള്ള ഓരോ വ്യക്തികളെക്കുറിച്ചും സൂക്ഷ്മമായി പഠനം നടത്തി. അവര്‍ എന്ത് തരക്കാരായിരുന്നു? വിശ്വസ്തതക്ക് നിരക്കാത്ത വല്ലതും അവരുടെ ജീവിതത്തിലെവിടെയെങ്കിലും സംഭവിച്ചിട്ടുണ്ടോ? ആരായിരുന്നു അവരുടെ കൂട്ടുകാര്‍? ആരായിരുന്നു ഗുരുക്കള്‍? എന്നു തുടങ്ങി വിശ്വസ്തത ഉറപ്പുവരുത്താവുന്നതിന്റെ പരമാവധി ലഭ്യമായാല്‍ മാത്രമേ ഓരോ വ്യക്തിയിലൂടെയും ലഭിക്കുന്ന ഹദീസുകള്‍ സ്വീകരിക്കുന്നുള്ളൂ. ചില ഗ്രന്ഥകാരന്മാര്‍ വിശ്വസ്തതയില്‍ സംശയങ്ങള്‍ കയറിവരാവുന്ന ചില നേരിയ പഴുതുകള്‍ അടക്കാതെയാണ് ഹദീസുകള്‍ സ്വകരിച്ചതെങ്കില്‍ സമുദായം പിന്നീട് ഈ ഗ്രന്ഥകാരന്മാരുടെ ഹദീസുകള്‍ കണ്ണടച്ച് സ്വീകരിക്കുകയുണ്ടായില്ല. മറിച്ച് പണ്ഡിതന്മാര്‍ അതേക്കുറിച്ച് വീണ്ടും സൂക്ഷ്മമായ പരിശോധനകള്‍ നടത്തിയ ശേഷമേ അവ തെളിവായി അംഗീകരിക്കുകയുണ്ടായുള്ളൂ. അതിനാല്‍ ഹദീസ് സമാഹാരങ്ങളില്‍ നെല്ലും കല്ലുമുണ്ടെന്നത് ശരി തന്നെയാണെങ്കിലും അവ വേര്‍തിരിച്ചെടുക്കാന്‍ പ്രയാസമാണെന്നത് ശരിയല്ല. വളരെ ഭദ്രമായ നിബന്ധനകള്‍ ചുമത്തി ലോക ചരിത്രത്തില്‍ മാതൃകയില്ലാത്തവിധം ഇങ്ങനെ വേര്‍തിരിച്ചു മാറ്റിയെടുത്ത ഹദീസുകള്‍ തന്നെയുണ്ട് എത്രയെങ്കിലും; എന്നല്ല അവ മാത്രമേ ശരീഅത്തിന്റെ പൂര്‍ത്തീകരണത്തിന് ആവശ്യവുമുള്ളൂ. സൂക്ഷ്മ ജ്ഞാനികളായ പണ്ഡിതന്മാര്‍ ദുര്‍ബലമായ ഒരു ഹദീസും സ്വീകരിച്ചിട്ടില്ല എന്നതാണ് വസ്തുത.

സുന്നത്ത് ആവശ്യമില്ലെന്നു വാദിക്കുന്നവര്‍ ഖുര്‍ആന്‍ മാത്രം മതിയെന്നാണ് ഘോഷിക്കുന്നത്. പക്ഷേ, ഈ വാദം ഖുര്‍ആന്നു തന്നെ എതിരാണെങ്കിലോ? അതാണ് വസ്തുത. കാരണം ഖുര്‍ആന്‍ അനേകം സൂക്തങ്ങളിലൂടെ അല്ലാഹുവിനെ അനുസരിക്കാന്‍ കല്‍പിക്കുന്നതോടൊപ്പം റസൂലിനെയും അനുസരിക്കാന്‍ കല്‍പിക്കുന്നു. ഖുര്‍ആന്‍ മാത്രമേ സ്വീകരിക്കേണ്ടതുള്ളൂവെങ്കില്‍ പ്രവാചകാനുസരണത്തിന്റെ അര്‍ഥമെന്താണ്? ഒന്നിനോട് ചേര്‍ത്ത് മറ്റൊന്നു വേര്‍തിരിച്ചു പറയുമ്പോള്‍ രണ്ടും രണ്ടു കാര്യമാണെന്നു വ്യക്തം. ഖുര്‍ആന്‍ പറയുന്നത് കാണുക:”അല്ലാഹുവിനെ അനുസരിക്കുക, അവന്റെ ദൂതനെയും അനുസരിക്കുക, നിങ്ങള്‍ ഭയപ്പെട്ടു കൊള്ളുക. അനുസരിക്കാതെ പിന്തിരിയുക യാണെങ്കില്‍, നമ്മുടെ ദൂതന് കാര്യങ്ങള്‍ വ്യക്തമായി നിങ്ങള്‍ക്കെത്തിച്ചു തരാനുള്ള ബാധ്യത മാത്രമേയുള്ളൂവെന്ന് അറിഞ്ഞിരിക്കുക” (അല്‍മാഇദ : 92).

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. കാര്യങ്ങള്‍ കേട്ടുകൊണ്ടിരിക്കെ അദ്ദേഹത്തില്‍നിന്നു പിന്തിരിഞ്ഞു കളയരുത്” (അല്‍അന്‍ഫാല്‍ : 20).
”പറയുക, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക, അവന്റെ ദൂതനെയും അനുസരിക്കുക. ഇനി നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ വ്യക്തമായും കാര്യങ്ങള്‍ എത്തിച്ചുതരാന്‍ മാത്രമേ നമ്മുടെ ദൂതനു ബാധ്യതയുള്ളൂ”(അത്തഗാബുന്‍: 12).
ഇതുപോലുള്ള നിരവധി സൂക്തങ്ങളില്‍ അല്ലാഹുവിനോടുള്ള അനുസരണത്തോടൊപ്പം പ്രവാചകനോടുള്ള അനുസരണവും ചേര്‍ത്ത് പറഞ്ഞിരിക്കുന്നു. ഖുര്‍ആന്‍ മാത്രമാണ് പിന്‍പറ്റേണ്ടതെങ്കില്‍ അല്ലാഹുവിനെ അനുസരിക്കുക എന്നുമാത്രം കല്‍പിച്ചാല്‍ തന്നെ അതു ലഭിക്കുമെന്നു പറയേണ്ടതില്ല. അതിനാല്‍ ഇവിടങ്ങളില്‍ പ്രവാചകാനുസരണത്തിന്റെ താല്‍പര്യം സുന്നത്താണെന്നു വ്യക്തം.

ഇനി ഈ അനുസരണം സാധാരണ കാര്യങ്ങളില്‍ മാത്രമാണെന്നും നിയമനിര്‍മാണവുമായി ബന്ധപ്പെട്ട ഖുര്‍ആനിലില്ലാത്ത കല്‍പനകള്‍ അതില്‍പെടുകയില്ലെന്നുമാണ് വാദമെങ്കില്‍ ഖുര്‍ആന്‍ തന്നെ ആ കാര്യവും വ്യക്തമാക്കിയിട്ടുണ്ട്:”അവര്‍ക്കിടയില്‍ വിധി കല്‍പിക്കുവാന്‍ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും വിളിച്ചാല്‍ അവരില്‍ ഒരു വിഭാഗമതാ തിരിഞ്ഞു കളയുന്നു. അവര്‍ക്ക് വല്ല അവകാശവും ലഭിക്കാനുണ്ടെങ്കില്‍ അവര്‍ അനുസരണത്തോടെ അദ്ദേഹത്തിന്റെ അടുത്തു വരും. അവരുടെ ഹൃദയങ്ങളില്‍ വല്ല രോഗവുമുണ്ടോ? അതല്ല, അവര്‍ സംശയാലുക്കളായതോ? അതുമല്ലെങ്കില്‍ അല്ലാഹുവും അവന്റെ ദൂതനും പക്ഷപാതിത്വപരമായി അവരോട് അക്രമം പ്രവര്‍ത്തിക്കുമെന്ന് അവര്‍ ഭയപ്പെടുന്നുവോ? എന്നാല്‍ യഥാര്‍ഥത്തില്‍ അവര്‍ തന്നെയാണ് അക്രമികള്‍. തങ്ങള്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ വിധി കല്‍പിക്കുവാന്‍ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികള്‍ക്ക് ഒറ്റ വാക്കേയുള്ളൂ. അവര്‍ പറയും: ഞങ്ങള്‍ കേട്ടു; അനുസരിച്ചു. അവരാണ് വിജയികള്‍. ആര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും അല്ലാഹുവിനെ ഭയപ്പെടുകയും അവന്റെ കല്‍പനകള്‍ സൂക്ഷിക്കുകയും ചെയ്യുന്നുവോ അവരാണ് വിജയികള്‍”(അന്നൂര്‍: 48-52).

അതിനാല്‍ ഇമാം ശാഫിഈ പറഞ്ഞ പോലെ അല്ലാഹുവിന്റെ വിധികളില്ലാത്ത കാര്യങ്ങളില്‍ നബി നബി(സ)യുടെ വിധികള്‍ അല്ലാഹുവിന്റെ കല്‍പനയനുസരിച്ചുള്ള വിധികളാണ്.

അതാണ് അല്ലാഹു പറഞ്ഞത്:
”നബീ, താങ്കള്‍ നേരായ വഴിയിലേക്ക് – അല്ലാഹുവിന്റെ വഴിയിലേക്ക് – മാര്‍ഗദര്‍ശനം ചെയ്യുന്നു”(അശ്ശൂറാ: 52,53).

Related Post