നോമ്പും ചില ശാസ്ത്രപാഠങ്ങളും

Originally posted 2014-07-21 23:15:03.

സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെതന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍ വേണ്ടി’ (അല്‍ബഖറ: 183)
മനുഷ്യകുലത്തിലെ മുഴുവന്‍ സമൂഹത്തിനും നോമ്പ് നിര്‍ബന്ധമാക്കിയിരുന്നുവെന്ന് സൂചിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആനിലെ വചനമാണിത്. അഥവാ, മനുഷ്യ കുലത്തിന് അപരിചിതമായ കാര്യമല്ല നോമ്പെന്ന് ചുരുക്കം. പേര്‍ഷ്യക്കാര്‍, റോമക്കാര്‍, ഭാരതീയര്‍, ഗ്രീക്കുകാര്‍, ബാബിലോണിയക്കാര്‍ പുരാതന ഈജിപ്തുകാര്‍, തുടങ്ങി ചരിത്രം രേഖപ്പെടുത്തിയ മുഴുവന്‍ പൂര്‍വ്വ സമൂഹങ്ങളും വ്രതമനുഷ്ഠിക്കുകയും അതൊരു സല്‍കര്‍മ്മമായി മനസ്സിലാക്കുകയും ചെയ്തിരുന്നു. ജൂതന്‍മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും വ്രതമുണ്ടായിരുന്നു. പല മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും, അതവര്‍ ഇപ്പോഴും അനുഷ്ഠിക്കുന്നു.

മനുഷ്യവംശമൊഴികെ, മറ്റു സകല ജീവജാലങ്ങളും അവയെ സൃഷ്ടിച്ച സ്രഷ്ടാവിന്റെ നിയമത്തിനുള്ളില്‍ നിന്ന് വ്യതിചലിക്കാതെ ഒരു സന്തുലിതമായ പ്രകൃതി നിയമത്തിന് വിധേയമായാണ് ജീവിക്കുന്നത്. ആവശ്യമായ ഭക്ഷണം കഴിക്കലും, ആവശ്യമില്ലങ്കില്‍ ഭക്ഷണം പാഴാക്കാതിരിക്കലും പ്രകൃത്യായുള്ള അവയുടെ സ്വഭാവങ്ങളാണ്. ഒരു മൃഗത്തിന്, ഭക്ഷണത്തോടുള്ള താല്‍പര്യം അതിന് ആവശ്യമുള്ളതിനപ്പുറം കടന്ന് അത്യാര്‍ത്തിയായി ഒരിക്കലും മാറില്ല. ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഭക്ഷണം മാത്രമേ പ്രകൃതിയില്‍ നിന്ന് അത് ഭക്ഷിക്കൂ. ചില ജീവികള്‍ നീണ്ട കാലത്തോളം ഭക്ഷണത്തില്‍ നിന്ന് വിട്ടുനില്‍ക്കാറുണ്ട്. രോഗ സമയങ്ങളില്‍ ഭക്ഷണം ഉപേക്ഷിക്കുന്ന ജീവികളുമുണ്ട്. മുറിവോ, ചതവോ സംഭവിക്കുമ്പോള്‍ ഭക്ഷണം ഉപേക്ഷിക്കുന്ന പട്ടികളെയും പൂച്ചകളെയും നമുക്ക് കാണാം. യാത്രയിലും ദേശാന്തരഗമനങ്ങളിലും ഭക്ഷണം കഴിക്കാത്ത മത്സ്യങ്ങളും പക്ഷികളും പ്രകൃതിയിലുണ്ട്.

എന്നാല്‍ മനുഷ്യന്‍ ഇവയില്‍ നിന്നൊക്കെയും വ്യതിരിക്തനാണ്. സ്വാതന്ത്ര്യവും വിവേചനാധികാരവും നല്‍കപ്പെട്ടവനാണ് മനുഷ്യന്‍. അതുകൊണ്ട്, ഭക്ഷണത്തോടുള്ള മനുbrain_healthyഷ്യന്റെ താല്‍പര്യം യഥാര്‍ത്ഥത്തില്‍ അവന് ആവശ്യമുള്ളതുമായിട്ടല്ല ബന്ധപ്പെട്ടു കിടക്കുന്നത്. അതുകൊണ്ട് ആവശ്യമുള്ളതിനേക്കാള്‍ അവന്‍ കഴിക്കുന്നു; ഭക്ഷണ പല നിറത്തിലും രുചിയിലും ലഭിക്കുമ്പോള്‍ വിശേഷിച്ചും. ഇക്കാലഘട്ടത്തിലെ മനുഷ്യന്‍ വിശപ്പ് മാറ്റാനല്ല ഭക്ഷിക്കുന്നത്. ഭക്ഷണത്തോടുള്ള ആര്‍ത്തിയെ ശമിപ്പിക്കാനാണ്. അങ്ങനെ ആവശ്യത്തില്‍ കൂടുതല്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അമിതപോഷണങ്ങള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുന്നുകൂടുകയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.  അമിത ഭക്ഷണം മൂലം അവന്റെ ശരീര കോശങ്ങളില്‍ വിഷാംശം അടിഞ്ഞു കൂടുകയും, രോഗത്തിനും ശരീരത്തിന്റെ അസന്തുലിതാവസ്ഥക്കും കാരണമായിത്തീരുന്നു.
ക്രമാതീതമായ അളവില്‍ ഭക്ഷണം ശീലമാക്കുന്നത് ശരീരത്തിനെ ദോഷകരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. ഒരു യൂറോപ്യന്‍ ശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടതു പോലെ, ഒന്നിനു പിറകെ ഒന്നായി വിവിധ ഭക്ഷണപാനീയങ്ങള്‍ കഴിച്ചു കൊണ്ടിരിക്കുന്നത് ശരീരത്തിലെ രാസപ്രവര്‍ത്തനത്തെ അപകടപ്പെടുത്തുമത്രെ. അമിതഭോജന ശീലം ഒഴിവാക്കിയാല്‍ തീര്‍ച്ചയായും ശരീരത്തിലെ ദഹനേന്ദ്രിയങ്ങളിലെ ഹോര്‍മോണുകളും ഇന്‍സുലിനും വളരെ കുറച്ച് മാത്രം ഉല്‍പ്പാദിപ്പിക്കപ്പെടാനും, അതുവഴി ആരോഗ്യം നിലനിര്‍ത്തി ദീര്‍ഘായുസ്സ് ലഭിക്കാനും ഇടവരുത്തും. ഒന്നിടവിട്ട ദിവസങ്ങളില്‍ ഭക്ഷണം കഴിക്കുന്ന എലികള്‍, എപ്പോഴും തിന്നുകൊണ്ടിരിക്കുന്ന എലികളേക്കാള്‍ 63 ആഴ്ച്ചകള്‍ കൂടുതല്‍ ജീവിക്കുമെന്ന് പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു. അവയുടെ ആയുസ്സിലെ അവസാന നാള്‍വരെയും ഉന്മേഷ ഭരിതരും കര്‍മ്മ നിരതരുമായിരിക്കും അത്തരം എലികള്‍.
ശാസ്ത്ര നവോത്ഥാനത്തിന്റെ തുടക്കം മുതല്‍ തന്നെ അമിത ഭക്ഷണം കഴിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിക്കൊണ്ടുള്ള മുന്നറിയിപ്പുകള്‍ ശാസ്ത്രഞ്ജര്‍ നല്‍കിയിട്ടുണ്ട്. ഭക്ഷണത്വര കുറക്കുവാന്‍ ഉപവാസം വരെ നിര്‍ദേശിക്കുകയുണ്ടായി. യൂറോപ്പിലെ ശാസ്ത്രജ്ഞര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തതിങ്ങനെയാണ്: ‘ഇറ്റാലിയന്‍ ജനങ്ങളേ, ഈ അമിത ഭോജനം ഇറ്റലിയുടെ പൗരന്‍മാരെ കൊന്നൊടുക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ ? സാംക്രമിക രോഗങ്ങളോ യുദ്ധങ്ങളോ അല്ല നമ്മുടെ പൗരന്‍മാരെ കൊന്നൊടുക്കുന്നത്. അതിനാല്‍ നമ്മുടെ നിലനില്‍പിന് ആവശ്യമായ ഭക്ഷണം മാത്രമേ കഴിക്കൂയെന്ന് നാം തീരുമാനിക്കണം. അമിതമായി കഴിക്കുന്ന ഭക്ഷണം താല്‍കാലികമായി നമ്മെ രസിപ്പിച്ചേക്കാമെങ്കിലും, പിന്നീടതിന്റെ പരിണിത ഫലം നാം തന്നെയാണ് അനുഭവിക്കേണ്ടി വരിക. ചിലപ്പോള്‍ അത് മാരകമായ രോഗമാകാം, മറ്റു ചിലപ്പോള്‍ മരണം തന്നെയുമാകാം.
പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ തിരുവചനത്തിന്റെ യുക്തി സ്ഥിരീകരിക്കുന്നതാണ് മേല്‍ സൂചിപ്പിച്ച വാക്യങ്ങള്‍. പ്രവാചകന്‍ തിരുമേനി (സ) പറഞ്ഞു : ‘മനുഷ്യന്‍ അവന്റെ വയറിനേക്കാള്‍ മോശമായ ഒരു പാത്രവും നിറക്കുന്നില്ല. അവന്റെ ജീവിതം നിലനിര്‍ത്താന്‍ ഏതാനും ഉരുളകളേ വാസ്തവത്തില്‍ അവന് ആവശ്യമുള്ളൂ. അങ്ങനെ ഭക്ഷണം കഴിക്കുമ്പോള്‍ അവന്‍ വയറിന്റെ മൂന്നിലൊന്നില്‍ ഭക്ഷിക്കട്ടെ, മൂന്നിലൊന്നില്‍ വെള്ളം നിറക്കട്ടെ, മൂന്നിലൊന്ന്  ശൂന്യമാക്കിയിടട്ടെ’.
ഈ ശാസ്ത്രജ്ഞര്‍ക്ക് പ്രവാചകനെയോ അദ്ദേഹത്തിന്റെ കല്‍പനകളോ അറിയില്ല. എന്നിട്ടും ആധുനിക കാലഘട്ടത്തില്‍ ശാസ്ത്ര സാങ്കേതിക ഗവേഷണ പഠനങ്ങളുടെ സഹായത്തോടെ അവര്‍ തങ്ങളുടെ ജനതയോട് നടത്തിയിരിക്കുന്നത്, പ്രവാചകന്‍ (സ) 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുസ്‌ലിം സമൂഹത്തോട് കല്‍പ്പിച്ച അതേ ഉപദേശമാണ്.

Related Post