ആദര്‍ശംതന്നെ ഭരണഘടന

Originally posted 2014-09-03 12:26:14.

മുഹമ്മദ് ഖുത്വുബ്

‘ലാഇലാഹ ഇല്ലല്ലാഹ്’ അതിന്റെ മുഴുവന്‍ താല്‍പര്യങ്ങളോടുകൂടി പ്രവാചകാനുചരരുടെ ആ അപൂര്‍വ്വ തലമുറയില്‍ അനിവാര്യമായും പ്രകടമാകേണ്ടിയിരുന്നുവെന്നും, അവരുടെ ജീവിതത്തില്‍ ഈ വാക്യം വമ്പിച്ച സ്വാധീനം ചെലുത്തേണ്ടിയിരുന്നുവെന്നും അധികപേരും ധരിക്കുന്നു. കാരണം അവര്‍ മുമ്പ് തനി മുശ്‌രിക്കുകളായിരുന്നുവല്ലോ!. നേരെ മറിച്ച്, ഇതില്‍ നിന്നുഭിന്നമായ ഒരു പാരമ്പര്യ മുസ്‌ലിം സമൂഹമായിരുന്നു അവരെങ്കില്‍ ‘ലാഇലാഹ ഇല്ലല്ലാ’യുടെ കേവല സത്യപ്പെടുത്തലും അധരസാക്ഷ്യവും മാത്രമെ അവരില്‍ നിന്ന് ഇസ്‌ലാം ആവശ്യപ്പെടുമായിരുന്നുള്ളുവെന്നും ഇവര്‍ കരുതുന്നു.

1396579415

യഥാര്‍ത്ഥത്തില്‍, പിന്തിരിപ്പന്‍ ചിന്ത മുസ്‌ലിം ഉമ്മത്തിനോട് ചെയ്ത മഹാ അപരാധമാണ് ഈ ധാരണ. ‘ലാഇലാഹ ഇല്ലല്ലാ’യെ അതിന്റെ സാക്ഷാല്‍ ഉദ്ദേശ്യത്തില്‍ നിന്ന് പടിപടിയായി ഊരിയെടുത്ത് വെറുമൊരു പൊള്ളവചനമാക്കി മാറ്റി തീര്‍ത്തത് -മറ്റു പല ഘടകങ്ങളും ഉള്ളതോടൊപ്പം- ഈ ധാരണയായിരുന്നു.
ഈ വികല ചിന്തയെ നിരൂപണം ചെയ്യുന്നതിനുമുമ്പ് മദീനഃയിലെ വിശ്വാസികളില്‍ ‘ലാഇലാഹ ഇല്ലല്ലാ’യുടെ ചിത്രമെന്തായിരുന്നുവെന്ന് നാമറിയേണ്ടതുണ്ട്.
നേരത്തെ സൂചിപ്പിച്ചതുപോലെ, ‘ലാഇലാഹ ഇല്ലല്ലാ’യെ കുറിച്ച ഭാഷണം മദീനയിലും മുറിഞ്ഞുപോയിട്ടുണ്ടായിരുന്നില്ല. വഴിയാരംഭത്തില്‍ ഓര്‍മപ്പെടുത്തി പിന്നീട് മറ്റേതെങ്കിലും വിഷയത്തിലേക്ക് മാറിപ്പോകേണ്ട ഒരു വര്‍ത്തമാനമല്ല ‘ലാഇലാഹ ഇല്ലല്ലാ’യുടേത്. പ്രത്യുത, വഴിയാരംഭത്തില്‍ പറഞ്ഞ്, അണമുറിയാതെ പിന്നീട് ഓരോ വിഷയത്തോടും ചേര്‍ന്ന് ചരിക്കേണ്ട ഒന്നത്രേ ഈ വചനം.
ഉപര്യുക്ത വസ്തുത നന്നായി ബോധ്യപ്പെടുത്തുന്ന മദനീ സൂറകളിലെ ചില മാതൃകകള്‍ നമുക്ക് പരിശോധിക്കാം:
സൂറഃ അല്‍ബഖറഃ
ഇസ്‌ലാമികരാഷ്ട്രം സ്ഥാപിതമായ ശേഷമുള്ള മദീനയിലെ പുതിയ സമൂഹത്തില്‍, വിശ്വാസികളുടെ ജീവിതം ചിട്ടപ്പെടുത്താനാവശ്യമായ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യായമാണ് അല്‍ബഖറഃ. വിശ്വാസം ശരിയാംവിധം അടിയുറക്കുകയും നിര്‍ബന്ധമായ ആരാധനകള്‍ അനുഷ്ഠിക്കുകയും ചെയ്ത വിശ്വാസികളെ വര്‍ണിക്കുന്ന ഈ അധ്യായം ആരംഭിക്കുന്നതിങ്ങനെ:- ”അലിഫ് – ലാം – മീം, ഇതാണ് വേദഗ്രന്ഥം ഇതില്‍ സംശയമില്ല. ദൈവഭക്തര്‍ക്ക് ഇത് വഴികാട്ടിയാണ്. അഭൗതിക സത്യങ്ങളില്‍ വിശ്വസിക്കുന്നവരാണവര്‍. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും, നാം നല്‍കിയതില്‍ നിന്ന് ചിലവഴിക്കുന്നവരുമാണ്. നിനക്കിറക്കിയ ഈ വേദഗ്രന്ഥത്തിലും നിന്റെ മുമ്പുള്ളവര്‍ക്കിറക്കിയവയിലും വിശ്വസിക്കുന്നവരാണവര്‍. പരലോകത്തില്‍ അടിയുറച്ച ബോധ്യമുള്ളവരും. അവര്‍ തങ്ങളുടെ നാഥന്റെ നേര്‍വഴിയിലാണ്. അവര്‍ തന്നെയാണ് വിജയം വരിക്കുന്നവര്‍”. (1-5).
ഹൃദയാംഗീകരണത്തിന്റെയും അധരസാക്ഷ്യത്തിന്റെയും നിബന്ധന പൂര്‍ത്തിയാക്കിയെന്നുമാത്രമല്ല, നിര്‍ബന്ധമാക്കപ്പെട്ട നമസ്‌കാരവും സകാത്തും നിഷ്ഠയോടെ ആചരിക്കുകയും ചെയ്ത മുഫ്‌ലിഹുകളും മുത്തഖീങ്ങളും മുഅ്മിനുകളുമായ മദീനയിലെ വിശ്വാസികളോട് യഥാര്‍ഥത്തില്‍ എന്താണ് പറയുന്നത്? മതി, ആവശ്യമുള്ള ഈമാനൊക്കെയും നിങ്ങള്‍ സ്വായത്തമാക്കിയിരിക്കുന്നു. സ്വര്‍ഗമിതാ ഉറപ്പായിരിക്കുന്നുവെന്നാണോ? അതല്ല, അല്ലാഹു ഇന്നതുകൂടി നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു എന്നിങ്ങനെ പുതിയ ബാധ്യതകള്‍, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോലും ശേഷിപ്പിക്കാതെ തികച്ചും നിര്‍ബന്ധസ്വരത്തില്‍ ചുമതലപ്പെടുത്തുകയാണോ ചെയ്യുന്നത്? യഥാര്‍ഥത്തില്‍ അല്ലാഹു അവരുടെമേല്‍ പുതിയ പുതിയ ബാധ്യതകള്‍ ഒന്നിനുപുറകെ മറ്റൊന്നായി അവതരിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. കാരണം, അവരറിയണം ഈമാനെന്നാല്‍ വെറും സത്യപ്പെടുത്തലോ അധരാഗീകാരം കൊണ്ടോ മാത്രം സാക്ഷാല്‍ക്കരിക്കപ്പെടില്ല. മറിച്ച് ഈമാനിനെ വിളിച്ചറിയിക്കുന്ന നിര്‍ണിതമായ കര്‍മങ്ങള്‍ കൂടി വേണ്ടതുണ്ട്. ”നിങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖം തിരിക്കുന്നതിലല്ല പുണ്യം. പിന്നെയോ, അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുക; സമ്പത്തിനോട് ഏറെ പ്രിയമുണ്ടായിരിക്കെ അത് അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും ചോദിച്ചു വരുന്നവര്‍ക്കും അടിമമോചനത്തിനും ചിലവഴിക്കുക, നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക, സകാത്ത് നല്‍കുക, കരാറുകളിലേര്‍പ്പെട്ടാല്‍ അവ പാലിക്കുക; പ്രതിസന്ധികളിലും വിപത്ഘട്ടങ്ങളിലും യുദ്ധരംഗത്തും ക്ഷമപാലിക്കുക, ഇങ്ങനെ ചെയ്യുന്നവരാണ് പുണ്യവാന്മാര്‍. അവരാണ് സത്യം പാലിച്ചവര്‍. അവര്‍ തന്നെയാണ് യഥാര്‍ഥ ഭക്തന്മാര്‍ (177).
സൂറത്തു ആലുഇംറാന്‍
ലാഇലാഹ ഇല്ലല്ലായുടെ പ്രതിപാദ്യങ്ങളാല്‍ നിര്‍ഭരമാണ് ഈ അധ്യായം. ആദര്‍ശവുമായി ബന്ധപ്പെട്ട സൂക്തങ്ങളുമായാണ് സൂറഃ ആരംഭിക്കുന്നത്. ”അലിഫ് ലാം മീം അല്ലാഹു അവനല്ലാതെ ഇലാഹില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍. സത്യസന്ദേശവുമായി ഈ ഗ്രന്ഥം നിനക്കിറക്കിത്തന്നത് അവനാണ്. അത് മുന്‍ വേദങ്ങളെ ശരിവെക്കുന്നു. തൗറാത്തും ഇഞ്ചീലും അവനിറക്കിക്കൊടുത്തു. അത് ഇതിനുമുമ്പാണ്. ഇതെല്ലാം മനുഷ്യര്‍ക്ക് വഴികാണിക്കാനുള്ളതാണ്. ശരിതെറ്റുകളെ വേര്‍തിരിച്ചറിയാനുള്ള പ്രമാണവും (ഫുര്‍ഖാന്‍) അവനിറക്കിത്തന്നു” (1-4).
അഖീദഃയുടെ അടിസ്ഥാനങ്ങളെ ഈ സൂറഃ കണിശമായും സ്പഷ്ടമായും രേഖപ്പെടുത്തുന്നതോടൊപ്പം അതിന്റെ തേട്ടങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. സത്യത്തെ (ഹഖ്) ഭൂമിയില്‍ സ്ഥാപിക്കാനാവശ്യമായ പോരാട്ടത്തെ (ഖിതാല്‍) ക്കുറിച്ച വിശദാംശങ്ങള്‍ അഖീദഃയുടെ താല്‍പര്യങ്ങള്‍ പരാമര്‍ശിക്കുന്നിടത്തുതന്നെയാണ് വെളിപ്പെടുന്നത്. ഇതേ അധ്യായത്തില്‍ തന്നെയാണ് ചുവടെ നല്‍കുന്ന ശിക്ഷണങ്ങളും കടന്നുവരുന്നത്.
”ആകാശഭൂമികളുടെ സൃഷ്ടിയിലും രാപ്പകലുകള്‍ മാറിമാറിവരുന്നതിലും ചിന്താശേഷിയുള്ളവര്‍ക്ക് ധാരാളം  ദൃഷ്ടാന്തങ്ങളുണ്ട്. നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ സ്മരിക്കുന്നവരാണവര്‍; ആകാശഭൂമികളുടെ സൃഷ്ടിയെപ്പറ്റി ചിന്തിക്കുന്നവരും. അവര്‍ സ്വയം പറയും: ‘ഞങ്ങളുടെ നാഥാ! നീ ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ല. നീയെത്ര പരിശുദ്ധന്‍! അതിനാല്‍ നീ ഞങ്ങളെ നരകത്തീയില്‍ നിന്ന് കാത്തുരക്ഷിക്കേണമേ. ഞങ്ങളുടെ നാഥാ, നീ ആരെയെങ്കിലും നരകത്തീയിലേക്കയച്ചാല്‍ അവനെ നീ നിന്ദിച്ചതു തന്നെ. അതിക്രമികള്‍ക്ക് തുണയായി ആരുമുണ്ടാവുകയില്ല. ഞങ്ങളുടെ നാഥാ! സത്യവിശ്വാസത്തിലേക്കു ക്ഷണിക്കുന്ന ഒരു വിളിയാളന്‍ ‘നിങ്ങള്‍ നിങ്ങളുടെ നാഥനില്‍ വിശ്വസിക്കുവീന്‍’ എന്നു വിളംബരം ചെയ്യുന്നത് ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചു. ഞങ്ങളുടെ നാഥാ! അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ നീ പൊറുത്തുതരേണമേ. ഞങ്ങളുടെ തിന്മകളെ മായ്ച്ചുകളയുകയും സല്‍ക്കര്‍മികളായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ!. ഞങ്ങളുടെ നാഥാ! നിന്റെ ദൂതന്മാരിലൂടെ നീ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതൊക്കെയും ഞങ്ങള്‍ക്കു നല്‍കേണമേ. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ഞങ്ങളെ നീ നിന്ദിക്കരുതേ. നിശ്ചയമായും നീ വാഗ്ദാനം ലംഘിക്കുകയില്ല. അപ്പോള്‍ അവരുടെ നാഥന്‍ അവര്‍ക്കുത്തരമേകി: ‘പുരുഷനായാലും സ്ത്രീയായാലും നിങ്ങളിലാരുടെയും കര്‍മത്തെ (¹»Y) ഞാന്‍ പാഴാക്കുകയില്ല. നിങ്ങളിലൊരുവിഭാഗം മറുവിഭാഗത്തില്‍ നിന്നുണ്ടായവരാണ്. അതിനാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ നാട് വെടിഞ്ഞവര്‍; സ്വന്തം വീടുകളില്‍ നിന്ന് പുറന്തള്ളപ്പെട്ടവര്‍; ദൈവമാര്‍ഗത്തില്‍ പീഡിപ്പിക്കപ്പെട്ടവര്‍; യുദ്ധത്തിലേര്‍പ്പെടുകയും വധിക്കപ്പെടുകയും ചെയ്തവര്‍ – എല്ലാവരുടെയും തിന്മകളെ നാം മായ്ച്ചില്ലാതാക്കും; തീര്‍ച്ച. താഴെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നാമവരെ പ്രവേശിപ്പിക്കും. ഇതൊക്കെയും അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമാണ്. അല്ലാഹുവിന്റെയടുത്ത് മാത്രമാണ് ഉത്തമമായ പ്രതിഫലമുള്ളത്” (190-195).
ഈ ആയത്തിന്റെ ഉള്ളടക്കം ഇങ്ങനെ സംക്ഷേപിക്കാം: കിടന്നും ഇരുന്നും നടന്നും അല്ലാഹുവിനെ ഓര്‍ക്കുന്ന സത്യസന്ധരായ വിശ്വാസികള്‍. ആകാശഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ച് ചിന്തിക്കുന്നവര്‍, അങ്ങനെ അവയൊന്നും വൃഥാ സൃഷ്ടിക്കപ്പെട്ടതല്ലെന്നും ഉദ്ദേശ്യപൂര്‍വ്വം (ഹഖ്) സൃഷ്ടിക്കപ്പെട്ടതാണെന്നും സന്മാര്‍ഗം സിദ്ധിക്കുന്നവര്‍. ഹഖിന്റെ താല്‍പര്യമാണ് ഐഹികജീവിതത്തിലെ കര്‍മങ്ങളെക്കുറിച്ച് ജനങ്ങള്‍ വിചാരണചെയ്യപ്പെടുകയെന്നത്. അതിനാല്‍ തന്നെ പുനരുത്ഥാനവും വിചാരണയും അര്‍ഹമായ പ്രതിഫലം നല്‍കലും അനിവാര്യം. അതിനാലവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുവാനും നരകത്തീയില്‍ നിന്ന് രക്ഷപ്പെടുവാനും പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥിക്കാനാവശ്യമായ യോഗ്യത അവര്‍ നിരത്തുന്നുണ്ട്. ഈമാനിലേക്കുള്ള വിളിയാളം കേട്ടപ്പോഴേ ചെവികൊടുത്ത് വിശ്വസിച്ചവരാണവര്‍. ഇതാണവരുടെ യോഗ്യത. ഈ ഗുണഗണങ്ങളൊക്കെയുള്ള വിശ്വാസികള്‍ക്കാണ് ഉത്തരമേകുക എന്നല്ലാഹു അറിയിക്കുന്നു. ആലോചിച്ചുനോക്കൂ, എന്തിന്റെ പേരിലായിരിക്കാം അല്ലാഹു അവര്‍ക്ക് ഉത്തരമേകുക? വെറുമൊരു സത്യപ്പെടുത്തലിന്റെയും അധരസാക്ഷ്യത്തിന്റെയും പേരിലായിരിക്കുമോ? അതല്ല, ചിന്തിച്ചതിന്റെയും ആലോചിച്ചതിന്റെയും പേരില്‍? അതുമല്ലെങ്കില്‍ അണമുറിയാത്ത ദിക്‌റുകള്‍ കാരണത്താലോ? നരകവിമുക്തിയും സ്വര്‍ഗപ്രവേശത്തിനുമുള്ള അവരുടെ കേണപേക്ഷ മൂലമായിരിക്കുമോ? ഇതൊന്നുമല്ലാത്ത മറ്റേതെങ്കിലും കാരണത്താലായിരിക്കുമോ? ഉത്തരം അല്ലാഹു തന്നെ പറയട്ടെ
”അവരുടെ നാഥന്‍ അവര്‍ക്കു ഉത്തരമേകി. പുരുഷനായാലും സ്ത്രീയായാലും നിങ്ങളിലൊരാളുടെയും കര്‍മങ്ങളെ ഞാന്‍ പാഴാക്കുകയില്ല.
വളരെ സ്പഷ്ടമാണ് കാര്യം. ‘കര്‍മം’ അതാണാവശ്യം. ചിന്തയും മനനവും ദിക്‌റും കര്‍മമായി പരിവര്‍ത്തിക്കപ്പെടുമ്പോഴാണ് അല്ലാഹു ഉത്തരമേകുക. ഹഖിനെ ഭൂമിയില്‍ സ്ഥാപിക്കാനുള്ള ജിഹാദിനെക്കുറിച്ചുപറയുമ്പോഴൊക്കെയും സന്ദര്‍ഭാനുസാരം വിവിധകര്‍മങ്ങളെക്കുറിച്ചും ഈ അധ്യായം വെളിപ്പെടുത്തുന്നുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഹിജ്‌റഃ ചെയ്തവരെക്കുറിച്ച്, കുടിയിറക്കപ്പെട്ടവരെക്കുറിച്ച്, പീഡിപ്പിക്കപ്പെട്ടവരെക്കുറിച്ച്, അവന്റെ മാര്‍ഗത്തില്‍ പോരാടി വീരമൃത്യുവരിച്ചവരെക്കുറിച്ച്; ഈ പരാമര്‍ശങ്ങളൊക്കെയും ജിഹാദിന്റെ പശ്ചാത്തലത്തിലാണ്. തെറ്റിദ്ധരിക്കേണ്ട! ഇവ മാത്രമാണ് ദൈവമാര്‍ഗത്തിലെ കര്‍മങ്ങള്‍ എന്ന അര്‍ഥത്തിലല്ല ഈ പ്രതിപാദനങ്ങള്‍. ജിഹാദിനോട് ചേരുന്ന കര്‍മങ്ങള്‍ എന്നനിലക്കത്രേ.
സൂറത്തുന്നിസാഅ്
‘വിശ്വസിച്ചവരേ’ എന്ന അഭിസംബോധനയാണ് ഈ സൂറത്തിന്റെ ആരംഭം. അക്ഷരാര്‍ത്ഥത്തില്‍ അവര്‍ നേരത്തെ വിശ്വസിച്ച അതേ കാര്യങ്ങള്‍തന്നെ വീണ്ടും വിശ്വസിക്കാനാവശ്യപ്പെടുകയാണ് ഈ അധ്യായം. നിങ്ങള്‍ ഇങ്ങനെയൊക്കെ വിശ്വസിച്ചുറപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനോട് താല്‍പര്യവും പ്രതിപത്തിയും കാണിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഹൃദയവും മനസും ഈമാന്‍  നിറഞ്ഞ് നില്‍ക്കുന്നുവെങ്കില്‍ അതുതന്നെ ധാരാളം മതി,  ഇനി നിങ്ങളുടെ സ്വഭാവവും മറ്റെല്ലാ കര്‍മ-ഇടപാടുകളും ഇഛാനുസാരം അല്ലെങ്കില്‍ നിങ്ങളുടെ നാട്ടുനടപ്പനുസരിച്ചായിക്കൊള്ളൂ എന്നല്ല പറയുന്നത്. മറിച്ച്,  പുതിയ ചില നിര്‍ബന്ധകാര്യങ്ങള്‍കൂടി അവരെ ചുമതലപ്പെടുത്തുകയാണ്. തല്‍സംബന്ധമായ സൂക്തങ്ങളുടെ സമാപനം ഇങ്ങനെയാണ്. ”ഇവയെല്ലാം അല്ലാഹു നിശ്ചയിച്ച നിയമപരിധികളാണ്. അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നവനെ അല്ലാഹു താഴെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. അതുതന്നെയാണ് മഹത്തായ വിജയം. എന്നാല്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും അവന്റെ പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നവനെ അല്ലാഹു നരകത്തീയിലേക്കാണ് തള്ളിവിടുക. അവനതില്‍ സ്ഥിരവാസിയായിരിക്കും. വളരെ നിന്ദ്യമായ ശിക്ഷയാണ് അവനുണ്ടാവുക” (13,14)
വിശ്വാസത്തില്‍ മതിയാക്കാതെ കര്‍മപരമായ നിര്‍ണിത നിര്‍ദ്ദേശങ്ങള്‍കൂടി നല്‍കുകയാണ്, അവരുടെ കുടുംബം, സാമൂഹ്യബന്ധങ്ങള്‍ തുടങ്ങിയവ അതിന്മേല്‍കെട്ടിപ്പടുക്കാന്‍. ഇത്തരം വിഷയങ്ങളില്‍ അവരുടെ ആധികാരിക സ്രോതസ്സ് എന്തായിരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ”വിശ്വസിച്ചവരെ, അല്ലാഹുവെ അനുസരിക്കുക. ദൈവദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍”  (59).
കാര്യങ്ങള്‍ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുകയെന്നതിനെ അല്ലാഹുവും അവന്റെ പ്രവാചകനും വിധിക്കുന്നതനുസരിച്ച് മുഴുജീവിതത്തെയും വഴിനടത്തണമെന്ന കല്‍പനയും ഈമാനുമായിട്ടാണ് ഈ സൂക്തം ബന്ധപ്പെടുത്തുന്നത്. ഒരു നിബന്ധന എന്നര്‍ഥത്തിലാണ് ഈമാനെ ഈ സൂക്തം എടുത്തുപറയുന്നത്.
‘എനിക്ക് സത്യമെത്തിയിരിക്കുന്നു, ഞാന്‍ അറിഞ്ഞിരിക്കുന്നു, ഞാന്‍ സത്യപ്പെടുത്തുന്നു, അംഗീകരിക്കുന്നു, ‘എന്നൊക്കെയാണ്. കര്‍മങ്ങളില്‍ നിന്ന് വിമുഖരാകാതിരിക്കാന്‍ വെറും എത്തിക്കലും അറിയിക്കലുമല്ല പ്രവാചക ദൗത്യമെന്നും അനുസരിക്കപ്പെടാന്‍ വേണ്ടിയാണ് പ്രവാചകനെ നിയോഗിച്ചതെന്നും വിശ്വാസികളെ അറിയിക്കുന്നു. ”അല്ലാഹുവിന്റെ കല്‍പനപ്രകാരം അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ ഒരു ദൂതനെയും നാം അയച്ചിട്ടില്ല”(64).
വിശ്വാസികളുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ട കല്‍പനകളും നിരോധനങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം വ്യക്തമാക്കിയശേഷം ഈമാന്‍ എന്നാല്‍ വെറും വ്യാമോഹമല്ലെന്നും പ്രായോഗികമായ അംഗീകരണമാണെന്നും അനുഭവവേദ്യമായ രീതിയില്‍ ഈ അധ്യായം പഠിപ്പിക്കുന്നു. ”കാര്യങ്ങള്‍ നടക്കുന്നത് നിങ്ങളുടെ വ്യാമോഹങ്ങള്‍ക്കനുസരിച്ചല്ല. വേദക്കാരുടെ വ്യാമോഹങ്ങള്‍ക്ക് ഒത്തുമല്ല. തിന്മചെയ്യുന്നതാരായാലും അതിന്റെ ഫലം അവന്ന് ലഭിക്കും. അല്ലാഹുവെകൂടാതെ ഒരു രക്ഷകനെയും സഹായിയെയും അവന് കണ്ടെത്താനാവില്ല. ആണായാലും പെണ്ണായാലും സത്യവിശ്വാസിയായി സല്‍കര്‍മങ്ങള്‍ ചെയ്യുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവരോടൊട്ടും അനീതിയുണ്ടാകില്ല”(123, 124).
സൂറത്തുല്‍ മാഇദഃ
ദീന്‍ സമ്പൂര്‍ണമായെന്നും അനുഗ്രഹം പൂര്‍ത്തിയായെന്നും പ്രഖ്യാപിച്ച അധ്യായമാണിത്. ”ഇന്ന് നിങ്ങളുടെ ദീന്‍ ഞാന്‍ നിങ്ങള്‍ക്ക് സമ്പൂര്‍ണമാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചുതന്നിരിക്കുന്നു. ഇസ്‌ലാമിനെ നിങ്ങള്‍ക്കുള്ള ജീവിതവ്യവസ്ഥയായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു”(3).
അല്ലാഹു അനുവദിച്ചതും വിരോധിച്ചതുമായ ഭക്ഷണപാനീയങ്ങള്‍, ഇടപാടുകള്‍ തുടങ്ങിയവയെക്കുറിച്ച വിവരണങ്ങളാണ് ഈ അധ്യായം മുഴുവനും. ഈ വിവരണങ്ങളെല്ലാം –  പ്രഥമ സൂക്തം മുതല്‍തന്നെ – വിശ്വാസികളെന്നാണ് അഭിസംബോധനം ചെയ്യുന്നത്. ”വിശ്വസിച്ചവരേ കരാറുകള്‍ പാലിക്കുക”(1).
മറ്റെല്ലാം നിയമവ്യവസ്ഥകളെയും കയ്യൊഴിച്ച് അല്ലാഹുവിന്റെ ശരീഅത്തനുസരിച്ച് മാത്രം വിധികല്‍പിക്കേണ്ടതിന്റെ അനിവാര്യത കണിശമായി രേഖപ്പെടുത്തിയ അധ്യായമാണ് മാഇദഃ. ലോകത്ത് രണ്ട് തരത്തിലുള്ള വിധികളെ ഉള്ളൂ. ഒന്നുകില്‍ അല്ലാഹുവിന്റെ വിധി (ഹുകൂമ്) അല്ലെങ്കില്‍ ജാഹിലിയ്യത്തിന്റെ വിധി. മൂന്നാമതൊരു നിയമമോ, ഇവയ്ക്കുമധ്യേ മറ്റൊന്നോ ഇല്ലെന്ന് ഈ അധ്യായം വ്യക്തമാക്കുന്നു. ”അനിസ്‌ലാമിക വ്യവസ്ഥയുടെ (ജാഹിലിയ്യത്തിന്റെ) വിധിയാണോ അവര്‍ ആഗ്രഹിക്കുന്നത്. അടിയുറച്ച സത്യവിശ്വാസികള്‍ക്ക് അല്ലാഹുവെക്കാള്‍ നല്ല വിധികര്‍ത്താവായി ആരുണ്ട്?”(50).
അല്ലാഹുവില്‍ നിന്ന് അവതീര്‍ണമായതുകൊണ്ട് വിധികല്‍പിക്കാത്തവരെസംബന്ധിച്ച അല്ലാഹുവിന്റെ തീരുമാനം അവര്‍ കാഫിറും ഫാസിഖും അക്രമിയുമാണെന്നും ഈ സൂറഃ തറപ്പിച്ചുപറയുന്നു. ”ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവര്‍ തന്നെയാണ് അവിശ്വാസികള്‍”(44).
”ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധിക്കുന്നില്ലയോ അവര്‍തന്നെയാണ് അതിക്രമികള്‍”(45)
”ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധിക്കുന്നില്ലയോ അവര്‍തന്നെയാണ് അധര്‍മികള്‍(ഫാസിഖുകള്‍)”(47).
മറ്റു മദനീ സൂറഃകളെല്ലാം ഇപ്രകാരം തന്നെ. വിശ്വസിച്ചവരേ എന്ന് അഭിസംബോധന ചെയ്യുന്നു. ഈ അധ്യായങ്ങള്‍ അവരോട് പറയുന്നതിതാണ്: ‘മക്കഃയിലും (മുഹാജിറുകള്‍) മദീനഃയിലും (അന്‍സ്വാരികള്‍) നിങ്ങള്‍ സ്വായത്തമാക്കിയ ഈമാന്‍ (വിശ്വാസം), മദീനഃയില്‍ പുതുതായി രൂപപ്പെട്ട വിധികളും കല്‍പനാനിരോധങ്ങളും കൈക്കൊള്ളണമെന്ന് താല്‍പര്യപ്പെടുന്നു. ഇനിമുതല്‍ ഈമാനെന്നാല്‍ – വെറും വിശ്വാസമല്ല – അല്ലാഹുവില്‍ നിന്ന് അവതീര്‍ണമായതിനെ മുറുകെ പിടിക്കുന്ന ഒന്നാണ്. ചുമതലകള്‍ നിര്‍വഹിക്കാനുള്ള നിങ്ങളുടെ പ്രതിബദ്ധതയാണ് വിശ്വാസസത്യസന്ധതക്കുള്ള ഉരക്കല്ല്. അല്ലാത്തപക്ഷം നിങ്ങളുടെ നിലപാടുകള്‍ അല്ലാഹു തിരസ്‌കരിച്ച നിഫാഖ് അഥവാ കാപട്യമായി വിലയിരുത്തപ്പെടും. മുനാഫിഖുകള്‍ക്കാകട്ടെ, നരകാടിത്തട്ടല്ലാതെ മറ്റൊരു സങ്കേതവും ശാശ്വതപ്രതിഫലമായി ലഭിക്കുകയില്ല. ”നിനക്കിറക്കിത്തന്നതിലും നിനക്ക് മുമ്പ് ഇറക്കിക്കിട്ടിയതിലും തങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് വാദിക്കുന്നവരെ നീ കണ്ടില്ലേ? അല്ലാഹുവിന്റെതല്ലാത്ത വിധികള്‍ നല്‍കുന്നവരുടെ അടുത്തേക്ക് തീര്‍പ്പുതേടിപ്പോകാനാണ് അവരുദ്ദേശിക്കുന്നത്. സത്യത്തില്‍ അവരെ തള്ളിക്കളയാനാണ് അവരോട് കല്‍പിച്ചിരിക്കുന്നത്. പിശാച് അവരെ നേര്‍വഴിയില്‍ നിന്ന് തെറ്റിച്ച് സത്യത്തില്‍ നിന്ന് ഏറെ ദൂരെയാക്കാനാണ് ആഗ്രഹിക്കുന്നത്. അല്ലാഹു ഇറക്കിത്തന്നതിലേക്കും അവന്റെ ദൂതനിലേക്കും വരിക എന്നുപറഞ്ഞാല്‍ ആ കപടവിശ്വാസികള്‍ നിന്നില്‍ നിന്നും പിന്തിരിഞ്ഞുപോകുന്നത് നിനക്കുകാണാം….. എന്നാല്‍ അങ്ങനെയല്ല; നിന്റെ നാഥന്‍ തന്നെ സത്യം! അവര്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ നിന്നെ അവര്‍ വിധികര്‍ത്താവാക്കുകയും നീ നല്‍കുന്ന വിധിതീര്‍പ്പില്‍ അവരൊട്ടും അലോസരമനുഭവിക്കാതിരിക്കുകയും അതിനെ പൂര്‍ണ സമ്മതത്തോടെ സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അവര്‍ യഥാര്‍ഥ വിശ്വാസികളാവുകയില്ല; തീര്‍ച്ച. (അന്നിസാഅ്:61…65)
”അവര്‍ പറയുന്നു: ‘ഞങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിച്ചിരിക്കുന്നു. അവരെ അനുസരിക്കുകയും ചെയ്തിരിക്കുന്നു’ എന്നാല്‍ അതിനു ശേഷം അവരിലൊരു വിഭാഗം പിന്തിരിഞ്ഞുപോകുന്നു. അവര്‍ വിശ്വാസികളേ അല്ല. അവര്‍ക്കിടയില്‍ വിധിതീര്‍പുകല്‍പിക്കാനായി അവരെ അല്ലാഹുവിങ്കലേക്കും അവന്റെ ദൂതനിലേക്കും വിളിച്ചാല്‍ അവരിലൊരു വിഭാഗം ഒഴിഞ്ഞുമാറുന്നു. അഥവാ, ന്യായം അവര്‍ക്കനുകൂലമാണെങ്കിലോ അവര്‍ ദൈവദൂതന്റെ അടുത്തേക്ക് വിധേയത്വ ഭാവത്തോടെ വരികയും ചെയ്യുന്നു. അവരുടെ ഹൃദയങ്ങളില്‍ കാപട്യത്തിന്റെ ദീനമുണ്ടോ? അല്ലെങ്കില്‍ അവര്‍ സംശയത്തിലകപ്പെട്ടതാണോ? അതുമല്ലെങ്കില്‍ അല്ലാഹുവും അവന്റെ ദൂതനും അവരോട് അനീതി കാണിച്ചേക്കുമെന്ന് അവര്‍ ഭയപ്പെടുകയാണോ? എന്നാല്‍ കാര്യം ഇതൊന്നുമല്ല; അവര്‍ തന്നെയാണ് ധിക്കാരികള്‍. എന്നാല്‍ തങ്ങള്‍ക്കിടയില്‍ വിധിത്തീര്‍പ്പുകല്‍പിക്കാനായി അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ക്ഷണിച്ചാല്‍ സത്യവിശ്വാസികള്‍ പറയുക ഇതുമാത്രമായിരിക്കും: ‘ഞങ്ങള്‍ കേട്ടിരിക്കുന്നു, അനുസരിച്ചിരിക്കുന്നു. അവര്‍ തന്നെയാണ് വിജയികള്‍’. അല്ലാഹുവെയും  അവന്റെ ദൂതനെയും അനുസരിക്കുകയും അല്ലാഹുവെ ഭയപ്പെടുകയും അവനോട് ഭക്തിപുലര്‍ത്തുകയും ചെയ്യുന്നവരാണ് വിജയം വരിക്കുന്നവര്‍”(അന്നൂര്‍:47-52).
”കപടവിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലാണ്; തീര്‍ച്ച. അവര്‍ക്കൊരു സഹായിയേയും കണ്ടെത്താന്‍ നിനക്കാവില്ല” (അന്നിസാഅ്:145).
ലാഇലാഹ ഇല്ലല്ലായുടെ തേട്ടമായി മദനീ സൂറഃകള്‍ പഠിപ്പിക്കുന്നത് നടേ സൂചിപ്പിച്ചതു പ്രകാരമാണെങ്കില്‍ അവ നമ്മെ ബോധ്യപ്പെടുത്തുന്ന കാര്യപ്രസക്തമായ ഒരു വസ്തുതയുണ്ട്: ദീന്‍ പൂര്‍ത്തിയായ വിളംബരമുണ്ടായതുമുതല്‍ ലാഇലാഹ ഇല്ലല്ലാഹ് വെറുമൊരു വര്‍ത്തമാനമല്ല, ഒരു ജീവിത രീതിയായി മാറിയിരിക്കുന്നു. ആദര്‍ശവും ആരാധനകളും പെരുമാറ്റശീലങ്ങളും കര്‍മങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ജീവിത പദ്ധതി. അല്ലാഹുവിന്റെ ഏകത്വം ആദര്‍ശമായി അംഗീകരിച്ച, ആചാരാനുഷ്ഠാനങ്ങള്‍ അവന്നുമാത്രം സമര്‍പ്പിക്കുന്ന, മറ്റുനിയമവ്യവസ്ഥകള്‍ കൈവെടിഞ്ഞ് അവന്റെ ശരീഅത്തനുസരിച്ചുമാത്രം വിധികല്‍പിക്കുന്ന, നിരവധി ചുമതലകളോടൊപ്പം ലാഇലാഹ ഇല്ലല്ലായുടെ സ്വഭാവഗുണങ്ങള്‍ സ്വന്തം പെരുമാറ്റമര്യാദകളായി മാറ്റിയെടുത്ത സമ്പൂര്‍ണ ജീവിതരീതി.
മക്കീസൂറഃകള്‍ വിശ്വാസത്തിന്റെ – ആദര്‍ശത്തിന്റെ – (അല്ലാഹു, മലക്കുകള്‍, പ്രവാചകര്‍, ഗ്രന്ഥങ്ങള്‍, പരലോകം, ഖദ്ര്‍) – ഭാഗത്തിനാണ് ഊന്നല്‍ നല്‍കിയത്. കൂട്ടത്തില്‍ ധാര്‍മിക ശിക്ഷണശീലങ്ങളും ശ്രദ്ധിച്ചു. ആരാധനാപരമായ ഒരു ചിഹ്നവും മക്കാ കാലയളവില്‍ നിര്‍ബന്ധമാക്കപ്പെട്ടിരുന്നില്ല. എന്നാല്‍ മദനീ സൂറകള്‍ അല്ലാഹുവിന്റെ ഹാകിമിയ്യത്, ശരീഅത്തനുസരിച്ച് വിധികല്‍പിക്കേണ്ടതിന്റെ ആവശ്യകത എന്നീ വശങ്ങള്‍ക്കാണ് മുന്തിയ പ്രാധാന്യമേകിയത്. എന്നല്ല, ഈ ഗുണങ്ങള്‍ ഈമാനിന്റെ ഉരകല്ലായി പരിഗണിക്കുകയും ചെയ്തു. അതോടൊപ്പം ധാര്‍മിക ശിക്ഷണത്തിനും ആരാധനകള്‍ക്കും ആവശ്യമായ ഊന്നല്‍ നല്‍കി.
വസ്തുതാപരമായി  ഈ നിഗമനങ്ങള്‍ ശരിതന്നെ, എന്നാല്‍ ഹാകിമിയ്യത്തിന്റെ വിഷയം (വിധികര്‍തൃത്വം, ഹറാം ഹലാല്‍ തീരുമാനിക്കുവാനുള്ള – മറ്റൊരു മനുഷ്യനും പങ്കില്ലാത്ത – അവകാശം, അല്ലാഹു അവതരിപ്പിക്കാത്തതുകൊണ്ട് നിയമനിര്‍മാണം നടത്തുന്നതും അത്തരക്കാരെ അനുസരിക്കുന്നത് ശിര്‍ക്കാണെന്നുമുള്ള വസ്തുതകള്‍), മദീനയിലെ (രാഷ്ട്രരൂപീകരണ ശേഷം) നിയമനിര്‍മാണത്തോടൊപ്പം സ്ഥാപിതമായ അടിസ്ഥാനമാണ് എന്ന് ധരിക്കുന്നത് മഹാ അബദ്ധമാണ്. എന്നല്ല, മക്കയില്‍ അവതരിച്ച ഒന്നിലധികം സൂറത്തുകള്‍ ലാഇലാഹ ഇല്ലല്ലയുടെ അടിസ്ഥാനങ്ങളിലൊന്നായിത്തന്നെ – വെറുമൊരു ധാര്‍മിക ശിക്ഷണമെന്ന നിലക്കല്ല – ഹാകിമിയ്യതിനെ എണ്ണുകയും സംശയമില്ലാത്തവിധം വ്യക്തമായി സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു.
മക്കീ സൂറത്തായ അഅ്‌റാഫിലെ ഈ പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കൂ. ”നിങ്ങളുടെ നാഥനില്‍ നിന്ന് നിങ്ങള്‍ക്കിറക്കിയതിനെ പിന്‍പറ്റുക. അവനെ കൂടാതെ മറ്റു രക്ഷകരെ പിന്തുടരരുത്. നിങ്ങള്‍ വളരെ കുറച്ചെ ആലോചിച്ചറിയുന്നുള്ളൂ”(3)
എന്താണീ ആയത്തില്‍ നിന്ന് സിദ്ധിക്കുന്നത്! ജനങ്ങള്‍ രണ്ടവസ്ഥയിലാണ്. അതിലൊന്ന് അവര്‍ സ്വീകരിക്കാന്‍ കല്‍പിക്കപ്പെട്ടതും മറ്റൊന്ന് അവര്‍ക്ക് വിരോധിച്ചതുമാണ്. ഒന്നാമത്തേതിനെ ഈമാന്‍ എന്നുവിശേഷിപ്പിക്കുന്നു. രണ്ടാമത്തേതാകട്ടെ ശിര്‍ക്കും. ഈമാന്‍ എന്നതിനെ അല്ലാഹു ഇങ്ങനെ സംക്ഷേപിക്കുന്നു: ‘നിങ്ങള്‍ അല്ലാഹുവില്‍ നിന്ന് അവതീര്‍ണമായതിനെ പിന്‍പറ്റുവിന്‍’ ഇതിന്റെ നേര്‍വിപരീതം ശിര്‍ക്കാണ്. അഥവാ അല്ലാഹുവില്‍ നിന്ന് അവതരിപ്പിക്കാത്തതിനെ പിന്‍പറ്റുക എന്നത്.
സൂറത്തുല്‍ അഅ്‌റാഫിലെ മറ്റൊരു ആയത്തുകൂടെ പരിശോധിക്കാം. ”അറിയുക, സൃഷ്ടിക്കാനും ശാസിക്കുവാനുമുള്ള അധികാരം അവന്നുമാത്രമാണ്” (അഅ്‌റാഫ്: 54).
ഈ ആയത്ത് രണ്ട് കാര്യങ്ങള്‍ ശക്തമായി ഊന്നുന്നു. ശാസനാധികാരം അല്ലാഹുവിന് മാത്രമാണ്.’അംറ്’ശാസനാധികാരം ഏതെങ്കിലും പ്രത്യേകപരിധികളിലോ മേഖലകളിലോ പരിമിതമല്ല, നിരുപാധികമാണ്. ആകാശഭൂമികളിലും മനുഷ്യജീവിതത്തിലും ശാസനാധികാരം അല്ലാഹുവിനു മാത്രമാണ്. ആകാശഭൂമികളിലെ ‘അംറ്’ (ശാസനാധികാരം) തൊട്ടുമുമ്പുള്ള ആയത്തില്‍നിന്ന് വ്യക്തമാണ്: ”നിങ്ങളുടെ നാഥന്‍ അല്ലാഹുവാണ്. ആറുനാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ചവനാണവന്‍. പിന്നെ അവന്‍ തന്റെ സിംഹാസനത്തിലുപവിഷ്ടനായി. രാവിനെകൊണ്ട് അവന്‍ പകലിനെ പൊതിയുന്നു. പകലാണെങ്കില്‍ രാവിനെത്തേടി കുതിക്കുന്നു. സൂര്യ-ചന്ദ്ര-നക്ഷത്രങ്ങളെ എല്ലാം തന്റെ ശ ാ സ ന ക്ക് വിധേയമാംവിധം അവന്‍ സൃഷ്ടിച്ചു” (അല്‍ അഅ്‌റാഫ്:54).
മനുഷ്യജീവിതത്തിലെ ‘അംറ്’ ശേഷമുള്ള ആയത്തില്‍ നിന്നും സ്പഷ്ടമാവും. ”നിങ്ങള്‍ വിനയത്തോടും രഹസ്യമായും നിങ്ങളുടെ നാഥനോട് പ്രാര്‍ത്ഥിക്കുക. പരിധിലംഘിക്കുന്നവരെ അവനിഷ്ടമില്ല; തീര്‍ച്ച. ഭൂമിയില്‍ നന്മവരുത്തിയ ശേഷം (സംസ്‌കരണം)നിങ്ങളതില്‍ നാശമുണ്ടാക്കരുത്”(അല്‍ അഅ്‌റാഫ്:55). അഥവാ അല്ലാഹുവിന്റെ കല്‍പനയില്‍ നിന്ന് പുറത്തുകടക്കുകവഴി നിങ്ങള്‍ അതിര്‍ ലംഘിക്കരുത്. അല്ലാഹുവിന്റേതല്ലാത്ത നിയമവ്യവസ്ഥകള്‍, ജീവിതരീതികള്‍ പിന്‍പറ്റുകവഴി ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയുമരുത്. അല്ലാഹുവില്‍ നിന്ന് അവതീര്‍ണമായതു മുഖേന ഭൂമിയുടെ സംസ്‌കരണം നടന്നിരിക്കെ.
ഈ സൂക്തത്തില്‍ നിന്ന് ഉരുത്തിരിയുന്ന രണ്ടാമത്തെ വസ്തുത ഇതാണ്: ‘ഹാകിമിയ്യത്ത്’ (വിധികല്‍പിക്കാനുള്ള അവകാശം) അല്ലാഹുവിന്റെ സൃഷ്ടിക്കുവാനുള്ള കഴിവില്‍ നിന്ന് (ഖാലിഖിയ്യത്ത്) നിഷ്പന്നമായതാണ്. സൃഷ്ടികര്‍മം നടത്താന്‍ കഴിവുള്ളവന്‍ ആരോ അവന്നാണ് ശാസനക്കുള്ള അധികാരവും. സൃഷ്ടികര്‍മം അല്ലാഹുവിനുമാത്രം തനിച്ചുള്ള കഴിവാണെങ്കില്‍ അവന്‍ മാത്രമാണ് ശാസനക്കുള്ള അധികാരി. ആകാശഭൂമികളില്‍ മാത്രമല്ല, മനുഷ്യജീവിതത്തിലും അങ്ങനെത്തന്നെ.
സൂറത്തുശ്ശൂറായിലെ ഈ സൂക്തം പരിശോധിക്കൂ: ”നിങ്ങള്‍ക്കിടയില്‍ ഭിന്നതയുള്ളത് ഏതുകാര്യത്തിലായാലും അതില്‍ വിധിത്തീര്‍പ്പുണ്ടാക്കേണ്ടത് അല്ലാഹുവാണ്. അവന്‍ മാത്രമാണ് എന്റെ നാഥനായ അല്ലാഹു. ഞാന്‍ അവനില്‍ ഭരമേല്‍പിക്കുന്നു. ഞാന്‍ ഖേദിച്ചുമടങ്ങുന്നതും അവങ്കിലേക്കുതന്നെ”(10).
ജനജീവിതത്തില്‍ പ്രകടമാകുന്ന എല്ലാകാര്യങ്ങളിലും നിയമനിര്‍മാണാധികാരം അല്ലാഹുവിലേക്കുമടക്കണമെന്ന അടിസ്ഥാനമാണ് ഈ സൂക്തം ഊട്ടിയുറപ്പിക്കുന്നത്. ആയത്തിലെ ‘മിന്‍ ശൈഇന്‍’ എന്ന പ്രയോഗം ശ്രദ്ധേയമത്രെ. ഏതിനത്തിലും ഗണത്തിലും പെട്ട കാര്യമായാലും എന്നാണ് പദത്തിന്റെ അര്‍ഥം. നിരുപാധികം എല്ലാ വസ്തുക്കളിലും എന്നു സൂചിപ്പിക്കാനാണീപ്രയോഗം. അനുവദനീയമാകട്ടെ, വിരോധിച്ചതാകട്ടെ, അഭിലഷണീയമാകട്ടെ, അനഭിലഷണീയമാകട്ടെ എല്ലാറ്റിലും ‘ഹുക്മ്’ (വിധി) അല്ലാഹുവിലേക്കാണ് മടങ്ങേണ്ടത്. ഇതേ ആശയം തന്നെ സൂറത്തു ശ്ശൂറായിലെ ചുവടെ നല്‍കുന്ന സൂക്തം സ്ഥിരീകരിക്കുന്നു: ”ഇക്കൂട്ടര്‍ അവനെക്കൂടാതെ മറ്റുരക്ഷകരെ സ്വീകരിച്ചിരിക്കുകയാണോ? എന്നാല്‍ അറിയുക; യഥാര്‍ഥ രക്ഷകന്‍ അല്ലാഹുവാണ്. അവന്‍ മരിച്ചവരെ ജീവിപ്പിക്കുന്നു. അവന്‍ എല്ലാകാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്”(10).
അപ്പോള്‍, എല്ലാ ‘ഹാകിമിയത്തും’ അല്ലാഹുവിലേക്ക് മടക്കുകയെന്നതാണ് ഈമാന്‍. ഇതിനുവിരുദ്ധമായതെല്ലാം – ഔലിയാക്കളെ സ്വീകരിക്കല്‍ – ശിര്‍ക്കാണ്. അതാകട്ടെ അസാധുവായ കര്‍മവും. കാരണം, അല്ലാഹു, അവന്‍ മാത്രമാണ് വലിയ്യ്. ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍ അവന്‍ തന്നെ. അവനെല്ലാറ്റിനും കഴിവുള്ളവനാകുന്നു.
സൂറത്തുശ്ശൂറായിലെ പരാമര്‍ശം ഇങ്ങനെ: ”ഈ ജനത്തിന്, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം ദീനീ നിയമമായി നിശ്ചയിച്ചുകൊടുത്ത വല്ല പങ്കാളികളുമുണ്ടോ?” (21).
സൂറത്തുല്‍അന്‍ആമിലെ ആയത്തുകള്‍ കൂടുതല്‍ വിശദമായി ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നുണ്ട്: ”കാര്യം ഇതായിരിക്കെ ഞാന്‍ അല്ലാഹുവല്ലാത്ത മറ്റൊരു വിധികര്‍ത്താവിനെ തേടുകയോ? അവനോ, വിശദവിവരങ്ങളടങ്ങിയ വേദഗ്രന്ഥം നിങ്ങള്‍ക്കിറക്കിത്തന്നവനാണ്. നാം നേരത്തെ വേദം നല്‍കിയവര്‍ക്കറിയാം, ഇത് നിന്റെ നാഥനില്‍ നിന്ന് സത്യവുമായി അവതീര്‍ണമായതാണെന്ന്. അതിനാല്‍ നീയൊരിക്കലും സംശയാലുക്കളില്‍ പെട്ടുപോകരുത്.  നിന്റെ നാഥന്റെ വചനം സത്യത്താലും നീതിയാലും സമഗ്രമായിരിക്കുന്നു. അവന്റെ വചനങ്ങളില്‍ ഭേദഗതിവരുത്തുന്ന ആരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. ഭൂമുഖത്തുള്ള ഭൂരിപക്ഷം പേരും പറയുന്നത് നീ അനുസരിക്കുകയാണെങ്കില്‍ അവര്‍ നിന്നെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിച്ചുകളയും. കേവലം ഊഹങ്ങളെ മാത്രമാണ് അവര്‍ പിന്‍പറ്റുന്നത്. അവര്‍ അനുമാനങ്ങളില്‍ ആടിയുലയുകയാണ്. തന്റെ വഴിയില്‍ നിന്ന് തെറ്റിപ്പോകുന്നവര്‍ ആരൊക്കെയെന്ന് നിന്റെ നാഥന് നന്നായറിയാം. നേര്‍വഴി പ്രാപിച്ചവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും അവന്‍ തന്നെ. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ അറുത്തവയില്‍ നിന്ന് തിന്നുക. നിങ്ങള്‍ അവന്റെ വചനങ്ങളില്‍ വിശ്വസിക്കുന്നവരെങ്കില്‍. ദൈവനാമത്തില്‍ അറുത്തതില്‍നിന്ന് നിങ്ങളെന്തിന് തിന്നാതിരിക്കണം? നിങ്ങള്‍ക്കു നിഷിദ്ധമാക്കിയത് ഏതൊക്കെയെന്ന് അല്ലാഹു വിവരിച്ചുതന്നിട്ടുണ്ടല്ലോ. നിങ്ങളവ തിന്നാന്‍ നിര്‍ബന്ധിതമാകുമ്പോളൊഴികെ. പലരും ഒരു വിവരവുമില്ലാതെ തോന്നിയപോലെ ആളുകളെ വഴിപിഴപ്പിച്ചുകൊണ്ടിരിക്കുകയാണ്. സംശയമില്ല; നിന്റെ നാഥന്‍ അതിക്രമികളെപ്പറ്റി നന്നായറിയുന്നവനാണ്. പരസ്യവും രഹസ്യവുമായ പാപങ്ങള്‍ വര്‍ജിക്കുക. കുറ്റം സമ്പാദിച്ചുവെക്കുന്നവര്‍ക്ക് അവര്‍ പ്രവര്‍ത്തിക്കുന്നതിനനുസരിച്ച ശിക്ഷ ലഭിക്കും. അല്ലാഹുവിന്റെ നാമത്തില്‍ അറുക്കാത്ത മൃഗങ്ങളുടെ മാംസം നിങ്ങള്‍ തിന്നരുത്. അധര്‍മമാണത്; തീര്‍ച്ച. നിങ്ങളോട് തര്‍ക്കിക്കാനായി പിശാചുക്കള്‍ തങ്ങളുടെ കൂട്ടാളികള്‍ക്ക് ചില ദുര്‍ബോധനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളും ദൈവത്തില്‍ ശിര്‍ക്ക് ചെയ്തവരായിത്തീരും”
നിഷേധസ്വരമുള്ള ഒരു ചോദ്യത്തോടെയാണ് ഈ സൂക്തം അവതരിപ്പിക്കൂന്നത്. അല്ലാഹു അല്ലാത്ത മറ്റൊരു വിധികര്‍ത്താവിനെ ഞാന്‍ തേടുകയോ? ചോദ്യത്തില്‍നിന്നുതന്നെ ഹാകിമിയ്യത്ത് അല്ലാഹുവിന് മാത്രമാണെന്ന് ധ്വനിക്കുന്നുണ്ട്. അനിവാര്യമായും അവന്‍മാത്രമാണ് വിധികര്‍ത്താവാകേണ്ടത്. അവനല്ലാത്ത ഒരുവനിലേക്കും ഒരുകാര്യത്തിലും വിധിതേടാന്‍ പാടുള്ളതല്ല. അല്ലാഹു എല്ലാറ്റിനും വിശദീകരണമായി വേദഗ്രന്ഥം അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഒരാള്‍ക്കും അവനല്ലാത്ത മറ്റൊരുവനെ വിധികര്‍ത്താവാക്കേണ്ട ആവശ്യമില്ലെന്നും ഈ സൂക്തം തുടര്‍ന്നുവ്യക്തമാക്കുന്നു. ഈ അധ്യായം മക്കയിലവതരിച്ചതാണെന്നത് ശ്രദ്ധേയമാണ്. മക്കയിലാകട്ടെ, ജീവിതത്തിനാവശ്യമായ എല്ലാ നിയമങ്ങളും അവതീര്‍ണമായിരുന്നില്ലതാനും. മദീനയിലാണ് നിയമങ്ങളുടെ പൂര്‍ത്തീകരണം നടക്കുന്നത്. അപ്പോള്‍, ആയത്തില്‍ സൂചിപ്പിച്ച ‘വിശദീകരണം’ എന്നത് ശാഖാപരമായ കാര്യങ്ങളെപ്പറ്റിയല്ല, അടിസ്ഥാനവിഷയമായ ഹാകിമിയ്യത്തിന്റെ വിശദാംശമെന്നര്‍ത്ഥത്തിലാണ്. അല്ലാഹു അവതരിപ്പിച്ചത് കുറച്ചോ കൂടുതലോ ആകട്ടെ, വിശ്വാസപരമോ സ്വഭാവപരമോ ആകട്ടെ, മറ്റു വിധികളാകട്ടെ അവയെ പൂര്‍ണമായും മുറുകെപിടിക്കുകയും ജീവിതത്തില്‍ നടപ്പില്‍ വരുത്തുകയും ചെയ്യുമ്പോഴെ ആദര്‍ശം സാധുവും പൂര്‍ണവുമാകൂ.
അല്ലാഹുവിന്റെ കലിമത്താണ് യഥാര്‍ത്ഥ സത്യാസത്യ വിവേചകമെന്നും നീതിയും സത്യവും അതുതന്നെയാണെന്നും സൂക്തം തറപ്പിച്ചുപറയുന്നു. ആ വചനത്തെ പിന്തുടരാത്തവര്‍ ഊഹങ്ങളെ പിന്‍പറ്റുന്ന വഴിപിഴച്ചവരാണ്. അതിനാല്‍ അവര്‍ സന്മാര്‍ഗം പ്രാപിക്കുകയുമില്ല. ആര്‍ക്കാണ് സന്മാര്‍ഗം സിദ്ധിക്കുകയെന്നും ആരാണ് വഴിപിഴച്ചതെന്നും അല്ലാഹുവിനറിയാം.
ശക്തമായ ഈ ആമുഖത്തിനുശേഷം സുപ്രധാനവിഷയത്തിലേക്ക് സൂക്തം കടക്കുകയാണ്. അഥവാ ഹറാം ഹലാലുകള്‍ തീരുമാനിക്കുവാനുള്ള അവകാശം, ആരാണ് വിധിത്തീര്‍പ്പുകല്‍പിക്കേണ്ടത്? ഹറാം ഹലാലുകളില്‍ വിശ്വാസികളുടെയും മുശ്‌രിക്കുകളുടെയും നിലപാട് എന്തായിരിക്കും, തദ്വിഷയകവുമായി ഒരാള്‍ മുഅ്മിനും മുശ്‌രിക്കുമായി മാറുന്നതെപ്പോള്‍ എന്നിങ്ങനെയുള്ള വിശദാംശങ്ങളും ഈ സൂക്തം നല്‍കുന്നുണ്ട്. ഒരു കേന്ദ്രപശ്ചാത്തലത്തെ മു ന്‍ നി ര്‍ ത്ത ി യ ാ ണ് ഈ പരാമര്‍ശങ്ങളൊക്കെയും അവതരിക്കുന്നത്. പശ്ചാത്തലമിതാണ്: മക്കാമുശ്‌രിക്കുകള്‍ മൃഗങ്ങളെ അറുക്കുമ്പോള്‍ ദൈവനാമം ഉച്ചരിക്കുമായിരുന്നില്ല. പിന്നീടത് ഭക്ഷിക്കുന്നത് ഹലാലാക്കുകയും ചെയ്തിരുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരനുമതിയും തെളിവും കൂടാതെ തികച്ചും സ്വയംകൃതമായ നിയമസാധുതയാണ് അവരുടെ ഈ ഇടപാടിനുണ്ടായിരുന്നത്. അതിനാല്‍ തന്നെ വിശ്വാസികളോട് ദൈവനാമം ഉച്ചരിക്കാതെ അറുത്ത മാംസം ഭക്ഷിക്കുന്നത് നിരോധിക്കുകയും അത് ശവമാണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. ഇവ്വിഷയകമായി മുശ്‌രിക്കുകളെ അനുസരിച്ചാല്‍ അവര്‍ മുശ്‌രിക്കുകളെപോലെത്തന്നെ (ശിര്‍ക്ക് ചെയ്തവരാകുമെന്നും) യാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കാരണം, അല്ലാഹു ഒരു തെളിവും നല്‍കാത്ത ജാഹിലിയ്യാ നിയമങ്ങളെ അനുസരിക്കുകയാവും അതുവഴി സംജാതമാകുക.
‘ഹാകിമിയ്യതി’നെക്കുറിച്ച ചര്‍ച്ച മദീനയില്‍ ഇസ്‌ലാമിക രാഷ്ട്ര രൂപീകരണശേഷം നിയമനിര്‍മാണവേളയില്‍ ആരംഭിച്ച ഒന്നല്ല എന്നും  പ്രത്യുത അഖീദഃ അടിയുറപ്പിക്കുന്ന, ‘ലാഇലാഹ ഇല്ലല്ലാ’യുടെ തേട്ടങ്ങള്‍ വ്യക്തമാക്കുന്ന മക്കീ കാലഘട്ടത്തില്‍ തന്നെ പ്രസ്തുത വിഷയം ആരംഭിച്ചിട്ടുണ്ടെന്നും ഉപര്യുക്ത സൂക്തങ്ങള്‍ വ്യക്തമാക്കുന്നു. മക്കയിലെ ആദര്‍ശ ദൃഡീകരണ വേളയില്‍ സ്ഥിരീകരിക്കപ്പെട്ട വസ്തുതകളുടെ പ്രായോഗിക നടപടിയെന്നോണം, മദീനയില്‍ അവതരിച്ച ഖണ്ഡിത നിയമങ്ങള്‍, അല്ലാഹു അവതരിപ്പിക്കാത്തതുകൊണ്ട് വിധികല്‍പിക്കുന്നവര്‍ കാഫിറുകളാണെന്നും അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും വിധിതേടാത്തപക്ഷം ഒരുവനും വിശ്വാസിയാകില്ലെന്നും സ്ഥിരീകരിക്കുന്നു.

Related Post