ഡാനിയല്‍ ഡ്രെനാന്‍

Originally posted 2014-08-17 14:06:44.

think imageഡാനിയല്‍ ഡ്രെനാന്‍ 94-98 കാലങ്ങളില്‍ സൈബര്‍രചനാലോകത്ത് അമേരിക്കന്‍ സീരിയലുകളുടെയും ടിവിഷോ കളുടെയും സംഗ്രഹനിരൂപകനായി അറിയപ്പെട്ടിരുന്ന ആളാണ്. എന്നാല്‍ ഒരിടവേളക്കാലത്ത് അദ്ദേഹം രംഗത്തുനിന്ന് അപ്രത്യക്ഷനായി. അമേരിക്കയില്‍നിന്ന് പിന്നീടദ്ദേഹം പോയത് ലബനാനിലേക്കാണ്. അന്വേഷണങ്ങളുടെ പാതയിലായിരുന്നു അദ്ദേഹം. ഡാനിയല്‍ ഡ്രെനാന്‍ ജനിച്ച്ത് 1963 ബെയ്‌റൂതില്‍. ജനിച്ച് മൂന്നാഴ്ച കഴിഞ്ഞപ്പോഴേക്കും ഒരു റോമന്‍കത്തോലിക്കാ അനാഥാലയത്തിലെത്തി. അവിടെനിന്ന് ന്യൂജെഴ്‌സിയിലെ ഒരു കുടുംബം അദ്ദേഹത്തെ ദത്തെടുത്തു. പിന്നീട് നാല്‍പതാമത്തെ വയസ്സില്‍ തന്റെ കുടുംബവേരുകള്‍ തേടി  അദ്ദേഹം യാത്രതുടങ്ങി.

‘നാല്‍പതുവയസ്സായപ്പോള്‍ എന്നെപ്പോലെ ദത്തെടുക്കപ്പെട്ട വ്യക്തികളുമായി ദത്തെടുക്കല്‍ സമ്പ്രദായത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ മാനങ്ങളെക്കുറിച്ച് ഞാന്‍ സംസാരിക്കാന്‍ തുടങ്ങി. ഏറെ നാളുകളായി എന്നെ വല്ലാതെ അലട്ടിയിരുന്ന വിഷയമായിരുന്നു അത്്.’ ഡ്രെനാന്‍ തന്റെ മനസ്സുതുറന്നു.

സമ്പന്നരാജ്യങ്ങളിലെ കോടീശ്വരന്‍മാര്‍ ദരിദ്രകുടുംബങ്ങളിലെ കുട്ടികളെ ദത്തെടുക്കുകയെന്നത് ഒരു സമ്പ്രദായമാണല്ലോ.  തന്റെ ജനനസര്‍ട്ടിഫിക്കറ്റിലെ പേരും കുടുംബവിവരങ്ങളും വ്യാജമാണെന്ന്് അദ്ദേഹം തിരിച്ചറിഞ്ഞു. അനാഥാലയം നല്‍കിയ വിവരങ്ങളേ അതിലുണ്ടായിരുന്നുള്ളൂ. അത് ഡ്രെനാനിലെ വാശിയെ ത്വരിപ്പിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി അദ്ദേഹം ലബനാനിലേക്ക്് യാത്രതിരിച്ചു.

ലബനാന്റെ തലസ്ഥാനമായ ബെയ്‌റൂതിലെത്തിയ ഡ്രെനാന് അറബിപഠിക്കണമെന്ന് മോഹം കലശലായി. അതോടൊപ്പംതന്നെ ഉപജീവനമാര്‍ഗത്തിന്റെ വഴിയെന്തെന്ന് ചോദ്യവും മുന്നിലേക്ക് കടനനുവന്നു. അങ്ങനെ ബെയ്‌റൂതിലെ അമേരിക്കന്‍യൂണിവേഴ്‌സിറ്റിയില്‍  ഗ്രാഫിക് ഡിസൈനര്‍ അധ്യാപകന്റെ ജോലിയില്‍ പ്രവേശിച്ചു.

തന്റെ ജന്‍മനാട്ടിലെത്തിയപ്പോഴുണ്ടായ വികാരങ്ങളെ വിവരിക്കാന്‍ വാക്കുകളില്ലെന്ന് ഡ്രെനാന്‍ മൊഴിയുന്നു. ‘ലബനീസ് സംസ്‌കാരം എന്റെ സിരകളിലൂടെ ത്രസിക്കുന്നതായി പലപ്പോഴും അനുഭവപ്പെട്ടു. എന്റെ കുടുംബവുമായി ഞാന്‍ അടുത്തെത്തിയതായി എനിക്ക്് തോന്നി. ലബനാനില്‍ എത്തിയ ആദ്യനാളുകളില്‍ ആളുകളുടെ മുഖവും തലമുടിവര്‍ണവും കൈയ്യിന്റെ ആകൃതിയുമായിരുന്നായിരുന്നു ഞാന്‍ നിരീക്ഷിച്ചുകൊണ്ടിരുന്നത്. എന്തെങ്കിലും തെളിവുകള്‍ ലഭിക്കുമോയെന്നായിരുന്നു എന്റെ അന്വേഷണം.’

കത്തോലിക്കാ ഓര്‍ഫനേജിലൂടെ ദത്തെടുക്കപ്പെട്ടതിനാലാണോ എന്നറിയില്ല, തന്റെ യഥാര്‍ഥമാതാപിതാക്കളുടെ മതമേതായിരുന്നുവെന്ന്് ഡ്രെനാന് അറിയില്ലായിരുന്നു.

‘ഇസ്‌ലാമിലെത്തിപ്പെടാന്‍ ഒരു പാട് കാരണങ്ങളുണ്ടായിരുന്നു. പത്തുകൊല്ലം കത്തോലിക്കാസ്‌കൂളില്‍ പഠിച്ചിരുന്നു. പക്ഷേ, സന്ദേഹവാദിയായി ജീവിതം നയിച്ചു. പക്ഷേ, അന്വേഷണത്വരയോടെ ജീവിച്ചു. ഇതിനിടയില്‍ ജൂതായിസം,സെന്‍ബുദ്ധിസം,താവോയിസം,കിഴക്കനേഷ്യന്‍രാജ്യങ്ങളിലെ മതങ്ങള്‍, ഇസ്‌ലാം എന്നിവയെക്കുറിച്ചൊക്കെ പഠിച്ചു. അങ്ങനെയാണ് ഖുര്‍ആന്‍ വായന തുടങ്ങിയത്. അതില്‍ ദത്തുപുത്രനെക്കുറിച്ച്  സ്വന്തം മക്കളായി പരിഗണിക്കാനാകില്ല എന്ന പരാമര്‍ശം എന്നെ വല്ലാതെ സ്പര്‍ശിച്ചു. അമേരിക്കന്‍ ചിന്താഗതിയില്‍ എനിക്ക്് അത് വളരെ വേദനാജനകമായാണ് തോന്നിയത്. എന്നാല്‍ കൂടുതല്‍ ആഴത്തില്‍ ചിന്തിച്ചപ്പോള്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബലനായ അനാഥയാണ് ദത്തുസന്താനം എന്നെനിക്ക്് മനസ്സിലായി. നാം സന്താനങ്ങളെക്കുറിച്ച്, അവരുടെ ഉത്ഭവത്തെക്കുറിച്ച് കാഴ്ചപ്പാടുകള്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത അത് ബോധ്യപ്പെടുത്തി. പിതാവാരെന്നറിയാതെ പിറവികൊള്ളുന്നതിന്റെയും വിവാഹേതരബന്ധത്തിലൂടെ ജനിക്കുന്നതിന്റെയും അനാശാസ്യതയില്‍നിന്ന് സമൂഹത്തെ അകറ്റിനിര്‍ത്താന്‍ അത് സഹായിക്കുന്നു.’അദ്ദേഹം ഒരുതത്ത്വജ്ഞാനിയുടെ കാല്‍പനികഭാവത്തോടെ മൊഴിയുന്നു.

ഡാനിയല്‍ ഡ്രെനാന്‍ 2005 ല്‍ ഇസ്‌ലാംസ്വീകരിച്ചു. റമദാനും ഇഫ്താറും അങ്ങേയറ്റം ഇഷ്ടപ്പെടുന്ന അദ്ദേഹം കുറേശ്ശെയായി ഇസ്‌ലാമിന്റെ ചിഹ്നങ്ങളെ ജീവിതത്തിലേക്ക്് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. സുന്നി-ശീഈ എന്നീ വിഭജനങ്ങളെ ശക്തിയായി എതിര്‍ക്കുന്ന അദ്ദേഹം വ്യക്തിത്വവാദിയായ എല്ലാ ചിന്താഗതികളെയും നിരാകരിക്കുന്നു.

Related Post