ഇസ്‌ലാമും ഇതര ദര്‍ശനങ്ങളും

Originally posted 2014-05-17 09:58:52.

ഇസ്‌ലാമിക ദര്‍ശനപ്രകാരം ദൈവമാണ് പ്രപഞ്ച സ്രഷ്ടാവ്. പരമമായ ഉണ്‍മയും കേവലവും നിരുപാധികവുമായ അസ്തിത്വവും ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണ്. പ്രപഞ്ചവും, മനുഷ്യനടക്കം സര്‍വചരാചരങ്ങളും ദൈവത്തിന്റെ സൃഷ്ടിയാകുന്നു. അതിനാല്‍ അവയുടെയെല്ലാം അസ്തിത്വം ആപേക്ഷികമാണ്. ദൈവത്തിന് ആദിയോ അന്ത്യമോ ഇല്ല. എന്നാല്‍ ആപേക്ഷികാസ്തിത്വങ്ങള്‍ക്ക് തുടക്കവും ഒടുക്കവുമുണ്ട്. സത്തയില്‍ തന്നെ അനിവാര്യമായ അസ്തിത്വമാണ് ദൈവം. അവനാണ് പ്രപഞ്ചത്തിന്റെ ഹേതു. എല്ലാ ഹേതുക്കളുടെയും ശൃംഖല അവസാനം അവനില്‍ ചെന്നെത്തുന്നു. ആദിഹേതു പദാര്‍ഥമോ ദ്വന്ദാത്മകതയോ ആണെന്ന വാദത്തെ ഇസ്‌ലാം ഇപ്രകാരം നിരാകരിക്കുന്നു. കാരണങ്ങളുടെ തുടര്‍ച്ച അനന്തമല്ല. അഥവാ ആദികാരണത്തിന് വേറൊരു കാരണം ആവശ്യമില്ല. ആദികാരണം- ദൈവം- ആണ് തുടക്കം. കാര്യ-കാരണ ബന്ധങ്ങളുടെ ശൃംഖലക്ക് ഒരു തുടക്കമില്ലെങ്കില്‍ ഓരോ കാരണവും കാര്യമാവുകയും ശൃംഖല അനന്തമായി പിറകോട്ടു നീളുകയും ചെയ്യും. അതിനാലാണ് കാര്യ-കാരണ ബന്ധത്തിനു വിധേയമല്ലാത്ത ഒരാദി കാരണം ആവശ്യമായി വരുന്നത്.
muslim &others

ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം ഇസ്‌ലാമിക ദര്‍ശനത്തില്‍ സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ളതാണ്. ദൈവം മനുഷ്യനില്‍ പ്രത്യക്ഷപ്പെടുകയോ അവതരിക്കുകയോ ചെയ്യുന്നില്ല. മനുഷ്യനെ മനുഷ്യപ്രകൃതിയില്‍ തന്നെ ഇസ്‌ലാം കാണുന്നു. മനുഷ്യ പ്രകൃതി മൗലികമായി പവിത്രമാണ്. ജന്മനാ അതു മലിനമോ പാപം പുരണ്ടതോ അല്ല. എല്ലാ മനുഷ്യനും പാപിയായാണ് ജനിക്കുന്നത് എന്ന ക്രൈസ്തവ ദര്‍ശനവുമായി ഇസ്‌ലാം ഇവിടെ ഇടയുന്നു. ക്രൈസ്തവ ദര്‍ശനത്തിലെ ആദിപാപ സങ്കല്പം ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഓരോ മനുഷ്യനും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം ഉത്തരവാദിയാണ് എന്നതാണ് ഇസ്‌ലാമിന്റെ ദര്‍ശനം. വിധിയുടെ കൈയിലെ കളിപ്പാട്ടമായി ഇസ്‌ലാമിക ദര്‍ശനം വ്യക്തിയെ ചിത്രീകരിക്കുന്നില്ല. മനുഷ്യനില്‍ രണ്ടു ഭാവങ്ങള്‍ ദൈവം സന്നിവേശിപ്പിച്ചിട്ടുണ്ട്. ഒന്ന് സാത്വിക ഭാവവും മറ്റൊന്ന് അധമഭാവവും. സാത്വികഭാവത്തെ ഉപാസിക്കുന്നവന്‍ ആത്മീയമായി ഉയരുകയും ദൈവപ്രീതിക്കു പാത്രമാവുകയും ചെയ്യും. അധമ ഭാവത്തെ ഉപാസിക്കുന്നവന്‍ ആത്മാവിനെ മലിനമാക്കുകയും ദൈവകോപത്തിന് ഇരയാവുകയും ചെയ്യും. രണ്ടിനുമിടയിലുള്ള തെരഞ്ഞെടുപ്പ് മനുഷ്യന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ മനുഷ്യന്റെ ഇച്ഛ, യുക്തി, ജ്ഞാനം എന്നിവ സത്താപരമായി കേവലമല്ല; ആപേക്ഷികമാണ്.

മനുഷ്യന്ന് തന്റെ ഇച്ഛാസ്വാതന്ത്ര്യത്തെ ശരിയായി വിനിയോഗിക്കാന്‍ ദിവ്യവെളിപാട് ആവശ്യമാണ്. മനുഷ്യന്ന് തന്റെ യുക്തിയെ മാത്രം അവലംഭിച്ച് ദൈവിക യാഥാര്‍ഥ്യത്തെ പൂര്‍ണമായി അറിയാനാവില്ല. ഇതിനു കാരണം മനുഷ്യന്‍ തന്റെ പ്രജ്ഞയെക്കുറിച്ചു സദാ ജാഗ്രത പാലിക്കുന്നവനല്ല എന്നതാണ്. ആദം വിലക്കപ്പെട്ട കനി ഭുജിച്ചത് മറവി കാരണമായിരുന്നു എന്നു ഖുര്‍ആന്‍ പറയുന്നു. വിസ്മൃതിയില്‍നിന്ന് മനുഷ്യരെ ഉണര്‍ത്തുകയാണ് പ്രവാചക ധര്‍മം. പ്രവാചകന്മാര്‍ക്ക് ദൈവത്തില്‍നിന്ന് വെളിപാട് ലഭിക്കുന്നു. പഞ്ചേന്ദ്രിയങ്ങള്‍ വഴിയോ യുക്തിചിന്തനം വഴിയോ പരീക്ഷണ നിരീക്ഷണങ്ങള്‍ വഴിയോ ലഭിക്കാത്ത ജ്ഞാനത്തിന്റെ ഉറവിടമാണ് ദിവ്യബോധനം അഥവാ പ്രവാചകത്വം. ‘ദിവ്യ പ്രകാശത്താല്‍ പ്രത്യക്ഷമാകുന്ന യുക്ത്യതീതമായ നിഗൂഢതകളെ ദര്‍ശിക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക അവസ്ഥ’ എന്ന് ഇമാം ഗസ്സാലി പ്രവാചകത്വത്തെ പരിചയപ്പെടുത്തുന്നു.

പദാര്‍ഥ വാദം, നിരീശ്വര വാദം, സന്ദേഹവാദം, സുഖവാദം, ശൂന്യതാവാദം തുടങ്ങിയ എല്ലാവിധ തത്ത്വ ചിന്താ പ്രവണതകളോടും മൗലികമായി വിയോജിക്കുന്ന ദര്‍ശനമാണ് ഇസ്‌ലാമിന്റേത്. പദാര്‍ഥവാദികള്‍ പദാര്‍ഥത്തെ മാത്രം യ#ാഥാര്‍ഥ്യമായി കാണുന്നു. മനസ്സും പ്രാണനും പദാര്‍ഥത്തിന്റെ ഗുണങ്ങളായി മാത്രമേ അവര്‍ കാണുന്നുള്ളൂ. ഭൗതികവും പ്രത്യക്ഷവുമായ വസ്തുക്കള്‍ക്കപ്പുറം യാഥാര്‍ഥ്യമില്ല എന്ന വാദത്തില്‍നിന്നാണ് നിരീശ്വരവാദം ഉടലെടുക്കുന്നത്. ദൈവത്തിന്റെ അസ്തിത്വത്തിലും ഏകത്വത്തിലും വിശ്വസിക്കുന്ന ഇസ്‌ലാമിന് ഈ വാദങ്ങള്‍ സ്വീകാര്യമല്ലാതാവുന്നത് സ്വാഭാവികം. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ പറയുക അസാധ്യമാണെന്ന സന്ദേഹവാദവും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ജീവിതം സുഖിക്കാനുള്ളതെന്ന എപ്പിക്യൂറിയന്‍/ ചാര്‍വാക വാദവും പ്രയോജനമുള്ളതെല്ലാം ശരിയാണ് എന്ന പ്രായോഗിക വാദവും ഇസ്‌ലാമിക ദര്‍ശനവുമായി യോജിക്കുന്നില്ല.

Related Post