അമേരിക്ക ഇസ് ലാം സ്വീകരിക്കുന്നു

Originally posted 2014-10-16 19:44:24.

masjid-agung-annur-pekanbaru

ലോകത്ത് ഇസ് ലാമോഫോബിയ വര്‍ധിച്ചു വരികയാണ്. ഇസ് ലാം വിരുദ്ധര്‍ ഇസ് ലാമിനെതിരെ അഴിച്ചുവിടുന്ന വിദ്വേഷ പ്രചരണം പാശ്ചത്യരില്‍ എങ്ങനെ വര്‍ത്തിക്കുന്നു

ഒടുവിലത്തെ ഉദാഹരണമായിരുന്നു മുസ് ലിമാണെന്ന് കരുതി ഒരു ഇന്ത്യക്കാരനെ ട്രെയിനിന് മുമ്പിലേക്ക് തള്ളിയിട്ടു കൊന്ന അമേരിക്കന്‍ യുവതിയുടെ ചെയ്തി. കോടതിയില്‍ അവര്‍ തുറന്നു പറഞ്ഞു, മുസ് ലിംകളെയും ഹിന്ദുക്കളെയും എനിക്ക് വെറുപ്പാണെന്ന്. സെപ്തംബര്‍ 11 ന് ശേഷം അമേരിക്കന്‍ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ഇസ്‌ലാം വിരോധം വെളിപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. മാന്‍ഹട്ടണില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ സ്ഥിതി ചെയ്തിരുന്ന ഗ്രൗണ്ട് സീറോയില്‍ നിര്‍മ്മിക്കുന്ന പള്ളിക്കെതിരെ ഉയര്‍ന്നു വന്ന പ്രതിഷേധവും ഖുര്‍ആന്‍ കത്തിക്കുകയും അതിനായി പ്രചരണം നടത്തുകയും ചെയ്ത ടെറി ജോണ്‍സുമൊക്കെ അമേരിക്കന്‍ ജനതയില്‍ ഇസ് ലാം വിരോധം എത്രമാത്രം ശക്തിപ്പെട്ടുവെന്നതിന് ഉദാഹരണമാണ്. എന്നാല്‍ ഇസ് ലാമിന്നും മുസ് ലിംകള്‍ക്കും സന്തോഷം നല്‍കുന്ന മറ്റു ചില വാര്‍ത്തകളും അമേരിക്കയില്‍ നിന്ന് വന്നു കൊണ്ടിരിക്കുന്നുണ്ട്.

ഇസ് ലാം ഓരോ ദിവസവും നിരവധി അമേരിക്കക്കാരെയാണ് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പേര്‍ അമേരിക്കയില്‍ ഇസ് ലാം സ്വീകരിക്കുന്നു. വാഷിംഗ്ടണ്‍ ഡിസിയിലും ന്യൂയോര്‍ക്കിലും ചിട്ടയായി മതമനുസരിച്ച് ജീവിക്കുന്ന മുസ്ലിംകള്‍ ഇന്ന് അപൂര്‍വമല്ല.

പ്രബോധന പ്രവര്‍ത്തനങ്ങളിലെ പാശ്ചാത്യ ഗരിമ
2011 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അന്ന് പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷാണ് ‘വാര്‍ ഓണ്‍ ടെറര്‍’ എന്ന പേരില്‍ ഭീകരാവിരുദ്ധ യുദ്ധം ആരംഭിച്ചത്. ആ യുദ്ധം ഫലത്തില്‍ ഭീകരരെയും തീവ്രവാദികളെയും മാത്രമല്ല നേരിട്ടത്. ഏതൊരു മുസ് ലിമും ഭീകരവാദത്തിന്റെ കള്ളിയില്‍ അടയാളപ്പെടുത്തുമെന്ന സ്ഥിതിയായി. സാധാരണക്കാര്‍ക്കു പോലും മുസ് ലിം വിരോധമുണ്ടായി, മുസ് ലിംകളെ ദേഹോപദ്രവം ചെയ്യാന്‍ മുതിര്‍ന്നത് അതുകൊണ്ടാണ്.
അന്നാളുകളിലെ മുസ് ലിം ജീവിതം വളരെ പ്രയാസകരമായിരുന്നു. എപ്പോള്‍ വേണമെങ്കിലും പോലീസ് പിടിയിലാകാം. വംശവെറിയന്‍മാരുടെ അക്രമത്തിന്നിരയാകാം. സ്വാഭാവികമായും അമേരിക്കന്‍ മുസ് ലിംകള്‍ ഉണര്‍ന്നെണീറ്റു. ഇസ് ലാമിന്നും മുസ് ലിംകള്‍ക്കു നേരെയുയരുന്ന സംശയത്തിന്റെയും തെറ്റിദ്ധാരണകളുടെയും മൂടുപടം നീക്കുവാന്‍ മുസ് ലിംകള്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തി. ഇസ് ലാമിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്കുമുമ്പില്‍ തുറന്നു വെക്കുന്ന ജീവിക്കുന്ന ഉദാഹരണങ്ങളായി. സമ്മേളനങ്ങളും സെമിനാറുകളും നടത്തി വിദ്യഭാസ- അക്കാദമിക തലങ്ങളിലുള്ളവരെ ഇസ് ലാമിലേക്കടുപ്പിച്ചു.
ഈദൃശ്യ പ്രവര്‍ത്തനങ്ങളുടെ ഫലം അന്നാളുകളിലേ കണ്ടു തുടങ്ങിയിരുന്നുവെങ്കിലും അതിന്റെ യഥാര്‍ത്ഥ ഫലങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത് ഇപ്പോഴാണ്.അന്ന് മുസ് ലിം പണ്ഡിതന്‍മാരും സംഘടനകളും വിതച്ച വിത്തിന്റെ സല്‍ഫലങ്ങള്‍ അമേരിക്കന്‍ സമൂഹത്തില്‍ ഇന്ന് ദൃശ്യമാണ്. സെപ്തംബര്‍ പതിനൊന്ന് സംഭവമാണ് തന്നെ ഇസ് ലാമിലേക്കടുപ്പിച്ചതെന്ന് കേറ്റ്‌ലിന്‍ ബില്ലിംഗസ് എന്ന നവമുസ് ലിം വനിത വെളിപ്പെടുത്തുന്നു. ഇന്നിപ്പോള്‍ വാഷിംഗ്ടണ്‍ ഡി സിയിലുള്ള പള്ളിയിലേക്ക് ദിവസവും നിരവധി പേര്‍ നമസ്‌ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നു. റഷ്യന്‍ ടുഡേ ചാനല്‍ ഈയടുത്ത സംപ്രേഷണ ചെയ്ത പരിപാടിയില്‍ പറയുന്നത് അമേരിക്കയിലെ 40 % ആളുകള്‍ മുസ് ലിംകളെ മറ്റുള്ളവരില്‍ നിന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് വേണമെന്ന് അഭിപ്രയപ്പെടുന്നവരാണ്. ഇതൊക്കെയുണ്ടായിട്ടും അമേരിക്കയില്‍ വര്‍ഷത്തില്‍ 20000 പേരെങ്കിലും ഇസ് ലാം സ്വീകരിക്കണമെന്ന തീരുമാനമെടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഈ രാജ്യത്തുണ്ടായ ഇസ് ലാമോഫോബിയ യാണ് പലരുടെയും ഇസ് ലാമിലേക്കുള്ള കടന്നു വരവിന് കാരണമായത്. 9/11 ന് മുമ്പ് ഇസ് ലാം അമേരിക്കയിലെ പൊതു സമൂഹത്തിന്റെ ശ്രദ്ധകേന്ദ്രമായിരുന്നില്ല. എന്നാല്‍ 9/11 ന് ശേഷം, മുസ് ലിംകള്‍ എന്നൊരു വിഭാഗം ഇവിടെയുണ്ടെന്ന് അമേരിക്കന്‍ പൊതുസമൂഹം അറിഞ്ഞുവെന്ന് വാഷിംങ്ടണ്‍ ഡി സിയിലെ അമേരിക്കന്‍ ഇസ് ലാമിക കോണ്‍ഗ്രസ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ സൈനബ് അല്‍ സുവൈജ് വെളിപ്പെടുത്തുന്നു.

മുസ് ലിം ജനസംഖ്യ
ഇസ് ലാമോഫോബിയയുടെ നാളുകളില്‍ ഇസ് ലാമിനെ അമേരിക്കന്‍ ജനതയ്ക്ക് പരിചയപ്പെടുത്താന്‍ വളരെ രചനാത്മകമായ രീതിയാണ് മുസ് ലിംകള്‍ നടത്തിയത്. ഇസ് ലാമിനെ മനസ്സിലാക്കാന്‍ കഴിയുന്ന മുഴുവന്‍ വഴികളും അവര്‍ അമേരിക്കന്‍ ജനതയുടെ മുന്നില്‍ തുറന്നു വച്ചു. അങ്ങനെയാണ് ക്രിസ്ത്യാനികള്‍ക്കും പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ക്കും നിരീശ്വരവാദികള്‍ക്കുമൊക്കെ പള്ളികളില്‍ പ്രവേശിച്ച് ഇസ് ലാമിനെ മനസ്സിലാക്കാന്‍ അവസരം ലഭിക്കുന്നത്. ഇങ്ങനെ ഇസ് ലാമിനെകുറിച്ചു മനസ്സിലാക്കി അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരുടെ എണ്ണം അമേരിക്കയില്‍ കൂടിക്കൂടി വരികയാണ്. 2012 മെയ് 3 നിറങ്ങിയ ഡെയിലി ന്യൂസ് പത്രം റിപ്പോര്‍ട്ട് ചെയ്തത്, അമേരിക്കയില്‍ 9/11 ന് ശേഷം മുസ് ലിംകള്‍ ഇരട്ടിയായി വര്‍ധിച്ചുവെന്നാണ്. 2010 ലെ അമേരിക്കന്‍ മത സെന്‍സസ് പുറത്ത് വിട്ട കണക്കു പ്രകാരം, അമേരിക്കയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന മതം ഇസ് ലാമാണ്. രണ്ടായിരമാണ്ടില്‍ വെറും ഒരു മില്യന്‍ മാത്രമായിരുന്ന മുസ് ലിം ജനസംഖ്യ പത്ത് വര്‍ഷത്തിന് ശേഷം 2.6 മില്യനായി വര്‍ധിച്ചിരിക്കുന്നു. അഥവാ പത്ത് വര്‍ഷക്കാലത്തെ മുസ് ലിം ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 66.7 % ആണ്. ഇതിന്റെ മറുഭാഗത്ത് ക്രിസ്ത്യാനികളുടെ ജനസംഖ്യ വളര്‍ച്ചാ നിരക്ക് കുറയുന്നു എന്നത് അമേരിക്കന്‍ സമൂഹത്തെ ആശങ്കയിലാക്കുന്നുണ്ട്.
അമേരിക്കയിലെ മുസ് ലിം ജനസംഖ്യാ വര്‍ധനവിനെ കുറിച്ച് പ്രതികരിച്ചു കൊണ്ട് സെന്‍ട്രല്‍ ഫ്‌ളോറിഡയിലെ ഇസ് ലാമിക് സൊസൈറ്റിയിലെ ഇമാം മുഹമ്മദ് മുസ് രി പറയുന്നത് സെപ്തംബര്‍ 9/11 സംഭവം ഇസ് ലാമിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്നാണ്.
അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന പള്ളികളുടെ എണ്ണവും സൂചിപ്പിക്കുന്നത് അത് തന്നെയാണ്. പള്ളികള്‍ ഭരണകൂടത്തിന്റെ ശക്തമായ നിരീക്ഷണത്തിലാണെങ്കിലും 2000 ത്തിനു ശേഷം പള്ളികളും ഇസ് ലാമിക് സെന്റ്‌റുകളുമായി ഏകദേശം 900 സ്ഥാപനങ്ങള്‍ പുതുതായി ആരംഭിച്ചിട്ടുണ്ടെന്ന് അമേരിക്കയിലെ മുഴുവന്‍ പള്ളികളെ കുറിച്ചും സര്‍വെ നടത്തിയ പള്ളി ഇമാമാരുടെ സംഘം വെളിപ്പെടുത്തുകയുണ്ടായി. അമേരിക്കയിലെ ഏറ്റവും വലിയ ഇസ് ലാമിക് സംഘടനകളായ ദി കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ് ലാമിക് റിലേഷന്‍സും(CAIR) ISNAയും അത് റിപ്പോര്‍ട്ടു ചെയ്തിരുന്നു. അവരുടെ കണക്കനുസരിച്ച് അമേരിക്കയില്‍ ആകെ 2106 പള്ളികളുണ്ട്. അമേരിക്കയിലെ വലിയ നഗരങ്ങളിലാണ് ഈ പള്ളികളില്‍ അധികവും സ്ഥിതി ചെയ്യുന്നത്. ന്യൂയോര്‍ക്കിലും കാലിഫോര്‍ണിയയിലും മാത്രമായി 503 പള്ളികളുണ്ട്. ആദ്യകാല മുസ് ലിം കുടിയേറ്റക്കാര്‍ നിര്‍മ്മിച്ചവയാണ് അമേരിക്കയിലെ പഴയ പള്ളികള്‍. എന്നാല്‍ സോമാലിയക്കാര്‍ ഇറാഖികള്‍, ആഫ്രിക്കന്‍ വംശജര്‍ ബോസ്‌നിയക്കാര്‍ എല്ലാവരും അവരവരുടേതായി പള്ളികള്‍ 2000 വര്‍ഷത്തിന് ശേഷം നിര്‍മിക്കാന്‍ തുടങ്ങിയതാണ് അമേരിക്കയില്‍ പള്ളികളുടെ എണ്ണം കൂടാന്‍ കാരണമെന്ന് സംഘം വെളിപ്പെടുത്തുന്നു.
അമേരിക്കയിലെ ഇസ് ലാമിനും മുസ് ലിംകള്‍ക്കും വളരെ പ്രതികൂലമായിരുന്ന പത്ത് വര്‍ഷക്കാലയളവില്‍ ഇത്രയധികം പള്ളികള്‍ ഉണ്ടായെന്നത് അതിശയകരമാണെന്ന് കെന്റക്കി സര്‍വകലാശാലയില്‍ ഇസ് ലാം പഠന വിഭാഗത്തില്‍ ഗവേഷണം നടത്തുന്ന ഇഹ് സാന്‍ ബഗ്ബി അഭിപ്രായപ്പെടുന്നു.
എന്തായാലും അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ ഒരിക്കല്‍ ആശങ്ക പ്രകടിപ്പിച്ചത് പോലെ ‘We are no longer a christian nation’ (നമ്മള്‍ അമേരിക്കക്കാര്‍ അധിക കാലം ഒരു ക്രിസ്ത്യന്‍ സമൂഹമായി തുടരുകയില്ല) എന്ന യാഥാര്‍ത്ഥ്യം അമേരിക്കക്കാരും നല്ലതു പോലെ മനസ്സിലാക്കിയിട്ടുണ്ട്.

ഷെമീറ കെ.എം

Related Post