ഫുഖഹാക്കളും അന്താരാഷ്ട്ര നിയമങ്ങളും

Originally posted 2014-04-13 17:02:04.

 

qqran

ഇസ്‌ലാമിക ശരീഅത്തിന്റെ പ്രധാന സവിശേഷതയാണ് അതിന്റെ ആഗോള സ്വഭാവം. മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും അതുള്‍ക്കൊണ്ടിക്കുന്നു.  ഇടപാടുകളിലും കരാറുകളിലുമുള്ള നിയമങ്ങള്‍ പറയുന്നത് പോലെ ഒരു ഇസ്‌ലാമിക രാഷ്ട്രത്തിന് ഇതര രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങളെക്കുറിച്ചും അതില്‍ വിധികളുണ്ട്. ഇക്കാര്യത്തില്‍ കര്‍മശാസ്ത്ര വിശാരദന്മാര്‍ പ്രത്യേക കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയും നിയമങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. ഖുര്‍ആനിന്റെയും സുന്നതിന്റെയും പ്രമാണങ്ങള്‍ അടിസ്ഥാനമാക്കി  ആദ്യകാല പണ്ഡിതന്മാര്‍ വിശദമായ അധ്യായങ്ങളിലായി കര്‍മശാസ്ത്ര ഗ്രന്ഥരചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്.

നീതിയോട് കൂടി ഈ ഗ്രന്ഥങ്ങളെ നിരീക്ഷിക്കുന്ന ഏതൊരു പഠിതാവിനും നിയമങ്ങളുടെ (ഖാനൂന്‍) അടിസ്ഥാനങ്ങള്‍ (ഖവാഇദ്) രൂപീകരിക്കുന്നതിലും വികസിപ്പിക്കുന്നതിലും ഇസ്‌ലാമിക ശരീഅത്തിന് ശക്തമായ സ്വാധീനമുണ്ട് എന്ന് മനസിലാക്കാന്‍ സാധിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സാമൂഹിക രാഷ്ട്രീയത്തില്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഒരു പാട് നിയമപഠനങ്ങളും ഗവേഷണങ്ങളും ഈ വിഷയത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും (പ്രത്യേകിച്ച് യൂറോകേന്ദ്രീകൃതമായ) അവ നിയമ നിര്‍മാണവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക ശരീഅത്തിന്റെ സംഭാവനകളെക്കുറിച്ച് അജ്ഞത നടിക്കുന്നു. അന്താരാഷ്ട്ര നിയമ നിര്‍മാണങ്ങളുടെ പ്രാഥമിക ഘട്ടത്തിലെ നിയമങ്ങള്‍  ക്രൈസ്തവ യൂറോ നിര്‍മിത നിയമങ്ങളാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഈ വാദം ചരിത്രത്തെ നിരാകരിക്കുന്നതും വൈജ്ഞാനിക വിശ്വസ്തതയോടുള്ള വഞ്ചനയുമാണ്.

അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്ന ഒരു പാട് നിയമങ്ങളും വിധികളും ഇസ്‌ലാം കൊണ്ട് വന്നിട്ടുണ്ട്. അവയില്‍ ചിലത് താഴെ കൊടുക്കുന്നു : വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ നീതിയും സമത്വവും സ്ഥാപിക്കുക, ശത്രുത നിരോധിക്കുക, സാധ്യമെങ്കില്‍ യുദ്ധത്തിന് പകരം സന്ധിക്ക് മുന്‍ഗണന നല്‍കുക, മതസ്വാതന്ത്ര്യം ഉറപ്പാക്കുക, ശത്രുത ഇല്ലാതാക്കുക, അക്രമിക്കപ്പെട്ടവനെ സഹായിക്കുക, ഈ  ലക്ഷ്യങ്ങള്‍ക്കായി ദൈവ മാര്‍ഗത്തില്‍ സമരം ചെയ്യുക, മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മാത്രം യുദ്ധം പരിമിതപ്പെടുത്തുക, യുദ്ധം സുരക്ഷക്ക് വേണ്ടിയുള്ളതാക്കുക, തടവ് പുള്ളികളോട് കാരുണ്യം കാണിക്കുക, കരാറുകള്‍ പൂര്‍ത്തീകരിക്കുക.

അന്താരാഷ്ട്ര നിയമങ്ങളെക്കുറിച്ച് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വലിയ ഗവേഷണങ്ങള്‍ തന്നെ നടത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള വൈജ്ഞാനിക ഗവേഷണങ്ങള്‍ക്ക് അവര്‍ ‘സിയര്‍’ എന്ന വാക്കാണ് ഉപയോഗിച്ചത്. യുദ്ധം, സന്ധി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അല്ലെങ്കില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ എന്നറിയപ്പെടുന്ന കാര്യങ്ങളെ കുറിക്കാനുപയോഗിക്കുന്ന പ്രയോഗമാണത്. ഇമാം അബൂഹനീഫയുടെ കാലം മുതല്‍ തന്നെ പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ പ്രാഗല്‍ഭ്യം നേടുകയും ഗ്രന്ഥ രചന നടത്തുകയും ചെയ്തു. അവരില്‍ പ്രധാനിയാണ് അബൂഹനീഫയുടെയും അബൂയൂസുഫിന്റെ ശിഷ്യനായ ഇമാം മുഹമ്മദ് ബിന്‍ ഹസന്‍ ശൈബാനി. വ്യവസ്ഥാപിതമായ രൂപത്തില്‍ ഫിഖ്ഹില്‍ ആദ്യമായി ഗ്രന്ഥ രചന നടത്തിയത് ഇദ്ദേഹമാണ്. ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹത്തിന്റെ രചനകളില്‍ സമൂഹങ്ങള്‍ക്കിടയിലെ ബന്ധങ്ങള്‍ വിശദീകരിക്കുന്ന ‘അസ്സിയറുല്‍ കബീര്‍’ ഏറെ പ്രസിദ്ധമാണ്.  ക്രിസ്താബ്ദം ഒമ്പതാം നൂറ്റാണ്ടിലായിരുന്നു അതിന്റെ രചന നിര്‍വഹിച്ചത്.  അലി ബിന്‍ മുഹമ്മദ് അല്‍-മാവറദി ക്രിസ്തു വര്‍ഷം പത്താം നൂറ്റാണ്ടില്‍ ആഭ്യന്തരകാര്യങ്ങളും വിദേശകാര്യവുമായി ബന്ധപ്പെട്ട്  ഗ്രന്ഥരചന നടത്തുകയുണ്ടായി.

ഈ രചനകളെ തുടര്‍ന്ന് സിയര്‍ എന്ന പദം കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ക്കിടയില്‍ പൊതുവില്‍ അറിയപ്പെടുന്ന സാങ്കേതിക ശബ്ദമായി മാറി. സര്‍ഖസി ഇതുമായി ബന്ധപ്പെട്ട് എഴുതുന്നു: ‘ സിയര്‍ എന്നത് സീറഃ എന്ന പദത്തിന്റെ ബഹുവചനമാണ്. സീറ (എന്നതിന് മലയാളതത്തില്‍ പെരുമാറ്റചട്ടം എന്നു പറയാവുന്നതാണ്) ഇതില്‍ കരാറിലേര്‍പ്പെട്ട മുശ്‌രിക്കുകള്‍, യുദ്ധം ചെയ്യുന്ന മുശ്‌രിക്കുകള്‍, അവരിലെ സമാധാന കാംക്ഷികള്‍, ദിമ്മികള്‍, സത്യത്തെ അംഗീകരിച്ച ശേഷം ധിക്കരിച്ച മതപരിത്യാഗികള്‍, മുശ്‌രിക്കുകളല്ലാത്ത വ്യാഖ്യാനാര്‍ത്ഥത്തില്‍ വഴിപിഴച്ചവരെന്ന് പറയാവുന്ന പ്രശ്‌നക്കാരായ ആളുകള്‍ ഇങ്ങനെയുള്ളവരോടുള്ള പെരുമാറ്റചട്ടം വിശദീകരിക്കുന്നത് കൊണ്ടാണ് ഇൗ ഗ്രന്ഥത്തിന് സിയര്‍ എന്ന് പറയുന്നത്’ (അല്‍മബ്‌സൂത്വ്, ശംസുദ്ധീന്‍ മുഹമ്മദ് ബിന് അബീസഹല്‍ അസ്സര്‍ഖസി)

നിയമങ്ങള്‍ നിര്‍മിക്കുന്നതിലും പരിഷ്‌കരിക്കുന്നതിലും ഇസ്‌ലാമിക ശരീഅത്തിന്റെ പങ്ക് പരോശോധിച്ചാല്‍ ശക്തിയുപയോഗിച്ച് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് നിയന്ത്രണങ്ങള്‍ വെച്ചതായി കാണാന്‍ സാധിക്കും. അത് അക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ ശക്തി പ്രയോഗിക്കേണ്ടി വരുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളും വ്യവസ്ഥകളും ഖണ്ഡിതവും വ്യക്തവുമായ പ്രമാണങ്ങളിലൂടെ ഇസ്‌ലാം വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമം കടം കൊള്ളുകയും അംഗീകരിക്കുകയും ചെയ്തിട്ടുള്ള കാര്യമാണത്.

അതിക്രമത്തെ വിലക്കുകയും, ജീവനും സ്വത്തിനും ആദര്‍ശത്തിനും എതിരെ ആക്രമണമുണ്ടാകുമ്പോള്‍ മാത്രമാണ് അതിന് അനുവാദമുള്ളതെന്നും വ്യക്തമാക്കുന്ന തെളിവുകള്‍ നിരവധിയുണ്ട്. അല്ലാഹു പറയുന്നു : ‘നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുവിന്‍. എന്നാല്‍ അതിക്രമം പ്രവര്‍ത്തിച്ചുകൂടാ. എന്തെന്നാല്‍ അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല ‘ (അല്‍ബഖറ: 190)

‘ ആര്‍ക്കെതിരില്‍ യുദ്ധം നടത്തപ്പെടുന്നുവോ, അവര്‍ക്ക് അനുമതി നല്‍കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ മര്‍ദിതരാകുന്നു. അല്ലാഹു അവരെ സഹായിക്കുവാന്‍ തികച്ചും കഴിവുറ്റവന്‍ തന്നെ. സ്വന്തം വീടുകളില്‍നിന്ന് അന്യായമായി ആട്ടിപ്പുറത്താക്കപ്പെട്ടവരാണവര്‍. ഞങ്ങളുടെ റബ്ബ് അല്ലാഹുവാകുന്നു എന്നു പ്രഖ്യാപിച്ചതു മാത്രമാകുന്നു അവരുടെ കുറ്റം. അല്ലാഹു ജനങ്ങളില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ടു തടഞ്ഞുകൊണ്ടിരിക്കുന്നില്ലായിരുന്നുവെങ്കില്‍ അല്ലാഹുവിന്റെ നാമം ധാരാളമായി സ്മരിക്കപ്പെടുന്ന മഠങ്ങളും ചര്‍ച്ചുകളും പ്രാര്‍ഥനാലയങ്ങളും പള്ളികളും തകര്‍ക്കപ്പെട്ടുപോകുമായിരുന്നു. അല്ലാഹുവിനെ സഹായിക്കുന്നവരെ അവന്‍ സഹായിക്കുകതന്നെ ചെയ്യും. അല്ലാഹു അതിശക്തനും പ്രതാപിയുമല്ലോ.’ (അല്‍ബഖറ :39,40)

ശക്തിയുപയോഗിക്കാന്‍ നിബന്ധനകളും വ്യവസ്ഥകളും വെച്ചത് പോലെ തന്നെ തടവ് പുള്ളികളോട് മാന്യമായി പെരുമാറാനും ഇസ്‌ലാം ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു : ‘അല്ലയോ പ്രവാചകാ, നിങ്ങളുടെ അധീനത്തിലുള്ള തടവുകാരോടു പറയുക: നിങ്ങളുടെ ഹൃദയങ്ങളില്‍ വല്ല നന്മയുമുള്ളതായി അല്ലാഹു അറിയുന്നുവെങ്കില്‍, നിങ്ങളില്‍നിന്നു വസൂല്‍ ചെയ്യപ്പെട്ടതിനേക്കാള്‍ ഉത്തമമായത് അവന്‍ തിരിച്ചുതരുന്നതാണ്. നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുന്നതുമാകുന്നു. അല്ലാഹു പൊറുക്കുന്നവനും ദയാപരനുമല്ലോ. (അല്‍ അന്‍ഫാല്‍ :70)

യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കണം. പ്രവാചകന്‍ (സ) മുആദ് ബിന്‍ജബലിനെ യമനിലേക്ക് അയക്കുന്ന സന്ദര്‍ഭത്തില്‍ പറഞ്ഞു: അവരില്‍ പ്രബോധനം നടത്താതെ നീ അവരോട് യുദ്ധം ചെയ്യരുത്. അവര്‍ നിഷേധിച്ചാല്‍, അവര്‍ യുദ്ധം തുടങ്ങാതെ നീ യുദ്ധം തുടങ്ങുകയുമരുത് ! അവര്‍ നിങ്ങളില്‍ നിന്ന് ഒരാളെ കൊല്ലുന്നത് വരെ നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്. നിന്റെ കരങ്ങള്‍കൊണ്ട് ഒരാള്‍ സന്മാര്‍ഗത്തിലാകുന്നതാണ് നിനക്ക് സൂര്യന്‍ ഉദിക്കുന്നതിനേക്കാളും അസ്തമിക്കുന്നതിനേക്കാളും മെച്ചമായിട്ടുള്ളത്. (ബസ്വീത്)

അന്താരാഷ്ട്ര തലത്തില്‍ ശക്തിയുപയോഗിക്കുന്നതിന് ഇസ്‌ലാം വ്യക്തമായ നിയമങ്ങള്‍ വെച്ചിട്ടുണ്ട്.  ഇന്നത്തെ അന്താരാഷ്ട്ര നിയമങ്ങളിലുള്ള കരാര്‍ പാലനം അതിന്റെ പരിധികള്‍, മനുഷ്യ സംരക്ഷണത്തിനാവശ്യമായ വ്യവസ്ഥകള്‍ എന്നിവയുടെയെല്ലാം രൂപീകരണത്തില്‍ ഇസ്‌ലാമിക നിയമങ്ങള്‍ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമത്തിലുള്‍പ്പെടുന്ന കരാര്‍പാലനവുമായി ബന്ധപ്പെട്ട അടിസ്ഥാനങ്ങളെല്ലാം ഇസ്‌ലാമിക നിയമങ്ങളില്‍ നിന്ന് കടംകൊണ്ടതാണ്. ഇവയെല്ലാം മുസ്‌ലിംകള്‍ വ്യത്യസ്ത സമൂഹങ്ങളുമായി പ്രത്യേകിച്ച് ഇസ്‌ലാമേതര സമൂഹങ്ങളുമായി ഇടപഴകുമ്പോള്‍ പാലിച്ചവയായിരുന്നു. ഇത് ക്രസ്താബ്ദം ഏഴാം നൂറ്റാണ്ടില്‍ ഇസ്‌ലാമിന്റെ തുടക്കത്തോടെ ഉണ്ടായതാണ്. നിലവിലെ അന്താരാഷ്ട്ര നിയമങ്ങള്‍ പിറക്കുന്നതിനും ഏകദേശം ഒമ്പത് നൂറ്റാണ്ടുകള്‍ക്ക് മുമ്പായിരുന്നു ഇതെന്ന് സാരം. ആധുനിക നിയമങ്ങളുണ്ടായത് പതിനാറാം നൂറ്റാണ്ടിലാണെന്നതാണ് ഏറ്റവും പ്രബലമായ അഭിപ്രായം.

Related Post