അവസാന മുഗള്‍ ചക്രവര്‍ത്തിയുടെ അന്ത്യം

Originally posted 2014-04-11 17:50:17.

1862 നവംബറിലെ മഴക്കാലത്തിന് ശേഷമുള്ള ഒരു അപരാഹ്നത്തില്‍ റങ്കൂണില്‍ (മ്യാന്‍മാര്‍) ഒരുകൂട്ടം ബ്രിട്ടീഷ് പട്ടാളക്കരുടെ അകമ്പടിയോടെ ഒരു മൃതദേഹം പൊതിഞ്ഞുകെട്ടി ജയിലിന്റെ മതില്‍ക്കെട്ടിനകത്ത് പിന്‍ഭാഗത്ത് തയാറാക്കിയ കുഴിമാടത്തിലേക്കാനയിക്കപ്പെട്ടു. പരേതന്റെ രണ്ട് സന്താനങ്ങളും ഒരു താടിക്കാരന്‍ മുല്ലാക്കയും മാത്രമേ ജഡത്തിന്റെ കൂടെ വരാന്‍ അനുവദിക്കപ്പെട്ടുള്ളു. സായുധ കാവല്‍ക്കാര്‍ പരിസരത്തുനിന്നെത്തിയ ചെറിയ ജനക്കൂട്ടത്തെ മാറ്റിനിര്‍ത്തിയിരുന്നു. മുന്‍കൂട്ടി തയാറാക്കിവെച്ച ഖബറില്‍ ചുരുങ്ങിയ ചടങ്ങുകളോടെ മൃതദേഹം അടക്കി. പ്രത്യേകം തിരിച്ചറിയപ്പെടാന്‍ സാധിക്കാത്തവിധം മണ്ണിട്ടുനിരത്തി.

02-1388644693-24-1387880964-tajmahal
ഒരാഴ്ചക്കുശേഷം ബ്രിട്ടീഷ്‌കമ്മീഷണര്‍ ക്യാപ്റ്റന്‍ ഡേവിസ് ലണ്ടനിലെ തന്റെ മേധാവികള്‍ക്കെഴുതി. ”ജയില്‍ സന്ദര്‍ശിച്ചു. രാഷ്ട്രീയ തടവുകാരായ അലവലാതികളെല്ലാം ഉണ്ട്. രോഗശയ്യയിലായിരുന്ന വൃദ്ധന്റെ മരണം കുടുംബത്തെ ഒട്ടും ബാധിച്ചതായി തോന്നുന്നില്ല. വാര്‍ദ്ധക്യസഹജമായ അവശതകളായിരുന്നു അയാളുടെ മരണകാരണം. കാലത്ത് 5 മണിക്കായിരുന്നു മരണം. റങ്കൂണിലെ മുസ്‌ലിം പ്രദേശത്ത് മുന്‍ രാജാവിന്റെ നിര്യാണം ഒരു ചലനവുമുണ്ടാക്കിയില്ല. എങ്കിലും ദൃക്‌സാക്ഷികളായ ഏതാനും കിറുക്കന്മാര്‍ കൂടിനിന്ന് ഇസ്‌ലാമിന്റെ അന്തിമവിജയത്തിനായി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. നിരപ്പാക്കിയ ശവകുടീരത്തിന്റെ ഭാഗത്ത് മുളകൊണ്ട് ഒരു വേലി തീര്‍ത്തിട്ടുണ്ട്. ഏതാനും മാസങ്ങള്‍കൊണ്ട് രാജാവും മുളവേലിയും ദ്രവിച്ച് മണ്ണില്‍ ലയിക്കും. ”.

ഡേവിസ് പരാമര്‍ശിച്ച വൃദ്ധന്‍ ചെങ്കിസ് ഖാന്റേയും അക്ബറിന്റേയും ഷാജഹാന്റേയും പിന്‍ഗാമിയായി മുഗള്‍ വംശത്തില്‍ 1775 ല്‍ ജനിച്ച ബഹദൂര്‍ഷാ രണ്ടാമന്‍ എന്നറിയപ്പെട്ട ബഹദൂര്‍ഷാ സഫര്‍ ആയിരുന്നു.  തന്റെ ജീവിതകാലത്തുതന്നെ മുഗള്‍ രാജവംശത്തിന്റെ പ്രതാപവും പ്രൗഡിയും അസ്തമിക്കുന്നതും തന്റെ വംശം അപമാനിക്കപ്പെടുന്നതും അദ്ദേഹം കണ്ടു. ഇന്ത്യന്‍ തീരപ്രദേശത്ത്  കച്ചവടക്കാരായെത്തിയ ബ്രിട്ടന്‍ അകത്ത് കടക്കാനുള്ള തന്ത്രങ്ങള്‍ ആലോചിക്കുകയായിരുന്നു അന്ന്. ഇന്നും നിലനില്‍ക്കുന്ന സമ്പന്നമായ ഒരു ഭാഷയും സംസ്‌കാരവും ഭാരതത്തിന് സംഭാവനനല്‍കി പുഷ്ടിപ്പെടുത്തിയ മുഗള്‍ വംശത്തിലെ അവസാനത്തെ കണ്ണിയായിരുന്നു സഫര്‍. താജ്മഹലും, കുതബ്മിനാറും, ചെങ്കോട്ടയും ദല്‍ഹിയിലേയും ആഗ്രയിലേയും ഉദ്യാനങ്ങളും കെട്ടിടങ്ങളും ഇന്നും സാംസ്‌കാരിക പൈതൃകങ്ങളായി നിലകൊള്ളുന്നു. സഹൃദയനും കവിയുമായിരുന്ന ബഹദൂര്‍ഷാ, ‘സഫര്‍’ എന്ന തൂലികാനാമത്തിലെഴുതിയ ഗസലുകള്‍ ഇന്നും സിനിമകളിലും ടി.വി. പരിപാടികളിലും ഗൃഹാതുരത്തോടെ ആലപിക്കപ്പെടുന്നു

രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന ‘സിപാഹി ലഹള’ എന്ന കലാപം 1857 മേയ് ഒമ്പതിന്ന് മീററ്റിലാണ് ആരംഭിച്ചത്. മംഗള്‍ പാണ്ഡെ എന്ന പട്ടാളക്കാരനായിരുന്നു ലഹള തുടങ്ങിവെച്ചത്. ഇത് വ്യാപകമായ ജനപങ്കാളിത്തത്തോടെ വെള്ളക്കാര്‍ക്കെതിരായ കലാപമായി മാറി. ഒരു കൂട്ടം ഇന്ത്യന്‍ പട്ടാളക്കാര്‍ വെള്ളക്കാരായ മേലുദ്യേഗസ്ഥര്‍ക്കെതിരെ തിരിയുകയും അവരെ വധിക്കുകയും ചെയ്തതോടെയാണ് തുടക്കം. മാര്‍ച്ച് ചെയ്ത് ദല്‍ഹീയിലെത്തിയ പട്ടാളം ബഹദൂര്‍ഷായോട് സമരത്തിന്റെ നേതൃത്വമേറ്റെടുക്കാന്‍ അഭ്യര്‍ത്ഥിച്ചു അവസാനം നിര്‍ബന്ധത്തെതുടര്‍ന്ന് സമ്മതം മൂളിയ അദ്ദേഹത്തെ അവര്‍ ജാതിമതഭേതമെന്യെ ഇന്ത്യയുടെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു. ദല്‍ഹിപിടിച്ചശേഷം ഒരു മാസത്തിനകം കാന്‍പൂര്‍, ലഖ്‌നൗ, ബനാറസ്, അലാഹബാദ്, ബരേലി, ജാന്‍സി എന്നിവിടങ്ങളിലേക്ക് കലാപം പടര്‍ന്നു. ബ്രിട്ടീഷുകാര്‍ കണ്ടമാനം വധിക്കപ്പെട്ടു. ബംഗാള്‍, ബോംബെ എന്നിവിടങ്ങളിലെ ബാരക്കുകളിലേക്കും ലഹള പടര്‍ന്നു.

ഹൈന്ദവരിലെ സവര്‍ണവിഭാഗക്കാരായിരുന്നു ഇന്ത്യന്‍ സേനയിലെ ഭൂരിപക്ഷവും. ഇവരുടെ ആചാരങ്ങള്‍ക്കനുസരിച്ചുള്ളസൗകര്യങ്ങള്‍ നിഷേധിച്ചതും, ജാതിമതാടിസ്ഥാനത്തില്‍ വിഭജനം ഏര്‍പ്പെടുത്തിയതും, ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനത്തിനുള്ള ശ്രമം നടക്കുന്നു എന്ന സംശയവും, ജാതിഭ്രഷ്ടിന് കാരണമാകുന്ന ബര്‍മയിലേക്കുള്ള കടല്‍യാത്രക്ക് വിസമ്മതിച്ചവരെ തൂക്കിലേറ്റിയതുമുള്‍പ്പടെയുള്ള കാര്യങ്ങള്‍ സിപാഹികളില്‍ കടുത്ത അസംതൃപ്തിയും പ്രതിഷേധവും ഉണ്ടാക്കിയിരുന്നു. അതിനിടെ പുതിയ എന്‍ഫീല്‍ഡ് റൈഫിളുകളുടെ വെടിയുണ്ടയില്‍ പന്നിയുടേയും പശുവിന്റേയും കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടെന്ന കിംവദന്തികൂടി ഉയര്‍ന്നത് ഇരു മതവിഭാഗത്തേയും അങ്ങേയറ്റം പ്രകേപിപ്പിച്ചു. ഉത്തരേന്ത്യയാകെ പിടിച്ചുകുലുക്കിയ ലഹള ഒരു വര്‍ഷക്കലം നീണ്ടുനിന്നു. ആധുനികരീതിയില്‍ സജ്ജീകരിച്ചതും ആസൂത്രിതവുമായ ബ്രിട്ടീഷ് നീക്കങ്ങള്‍ക്കുമുമ്പില്‍ സിപാഹികള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. വെള്ളക്കാര്‍ ദല്‍ഹി തിരിച്ചുപിടിച്ചു. പിന്നീട് എല്ലാ കലാപബാധിത പ്രദേശങ്ങളും തിരിച്ചുപിടിക്കുകയും നേതൃത്വം നല്‍കിയവരേയും സഹായിച്ചവരേയും നിഷ്‌കരുണം ശിക്ഷിക്കുകയും തൂക്കലേറ്റുകയും ചെയ്തു. ബഹദൂര്‍ഷായുടെ സഹോദരങ്ങളേയും കുടുംബത്തേയും തൂക്കിലേറ്റി. രോഗിയും അവശനുമായ മുഗള്‍ ചക്രവര്‍ത്തിയെ ഒരു കാളവണ്ടിയില്‍ ബര്‍മയിലേക്ക് നാടുകടത്തി. വെള്ളക്കാര്‍ക്ക് ഇന്ത്യയില്‍ നേരിടേണ്ടിവന്ന ആദ്യത്തേതും ഏറ്റവും ശക്തവുമായ വെല്ലുവിളി അവസാനിപ്പിച്ചു. ഇന്ത്യാചരിത്രത്തില്‍ മതമൈത്രിയുടേയും രാജ്യസ്‌നേഹത്തിന്റേയും ധീരതയുടേയും മഹത്തായ മാതൃകയായി ഈ സംഭവം രേഖപ്പെടുത്തപ്പെട്ട് കിടക്കുന്നു.

Related Post