മൂന്ന് മൂല പ്രമാണങ്ങള്‍

Originally posted 2014-05-22 09:07:41.

16543956

തൗഹീദ് (ഏക ദൈവ സിദ്ധാന്തം), രിസാലത് (പ്രവാചകത്വം), ഖിലാഫത് (ദൈവിക പ്രാതിനിധ്യ വിഭാവന) എന്നീമൂന്ന് മൂല പ്രമാണങ്ങളിലധിഷ്ഠിതമാണ് ഇസ്‌ലാമിലെ രാഷ്ട്രീയ വ്യവസ്ഥ. പ്രപഞ്ചവുംഹാകിമീന്‍)യുമാണെന്ന് ഖുര്‍ആന്‍ പറയുന്നു. ദൈവിക പരമാധികാര സങ്കല്പത്തെ ഊന്നുന്നതാണ് ഈ വിശേഷണം.

സത്തയിലെന്നപോലെ ഗുണങ്ങളിലും ഏകനാണ് ദൈവം. ഇത് പങ്കുവയ്ക്കപ്പെടുന്നത് ഏക ദൈവ സിദ്ധാന്തത്തിന്റെ നിരാകരണമാണ്. പരമാധികാരം (Sovereigtny) എന്തുകൊണ്ട് മനുഷ്യ കരങ്ങളില്‍ നിക്ഷിപ്തമായിക്കൂടാ എന്നതിനെക്കുറിച്ച് മുസ്‌ലിം രാഷ്ട്രമീമാംസകരില്‍ പ്രമുഖനായ ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവി(1706-1713)യുടെ വിശകലനം ശ്രദ്ധേയമാണ്:
മാനവിക ജീവിത വൃത്തത്തില്‍ മനുഷ്യകരങ്ങളാല്‍ നിര്‍മിതമാകുന്ന രാഷ്ട്രീയ വ്യവസ്ഥിതി സിവിലിയന്‍ സ്വഭാവമോ രാജവാഴ്ചയുടെ
സവിശേഷതയോ ഉള്‍ക്കൊള്ളുന്ന ഭരണകൂടത്തിന് അടിത്തറ പാകുന്നു. അത്തരം വ്യവസ്ഥക്ക് കീഴില്‍ ഭരണമേധാവിത്വം വഹിക്കുന്ന പരമാധികാരി തന്റെ സിവില്‍ കേന്ദ്രത്തിലൂടെ ഒരു സ്വകാര്യ സാമ്രാജ്യം സ്ഥാപിക്കുന്നു. നാല് ഭാഗത്തു നിന്നും ആ കേന്ദ്രത്തിലേക്ക് സമ്പത്ത് പ്രവഹിക്കുന്നു. സൈന്യവും പോലീസും ചുറ്റും ഒരുമിച്ചുകൂടുന്നു. അവരുടെ പ്രകൃതം വ്യത്യസ്തമായിരിക്കും. കഴിവുകള്‍ ഭിന്നമായിരിക്കും. അങ്ങനെ അത് സ്വയം ഏകാധിപത്യത്തിലേക്കും മര്‍ദക
വ്യവസ്ഥിതിയിലേക്കും നീങ്ങുന്നു. ഏതൊരു ദൈവിക വ്യവസ്ഥിതിയുെട നിയമ കേന്ദ്രത്തിന് ഭരണകൂടം വിധേയമാകേണ്ടതുണ്ടോ അതുമായി അതിന് യാതൊരു ബന്ധവുമുണ്ടാവുകയില്ല. തരംകെട്ട ഭൗതിക ദുരയും അസൂയയും ശത്രുതയും അത്തരം വ്യവസ്ഥക്ക് കീഴില്‍ ജന്മംകൊള്ളുന്നു. അവിടെ മുതലാളിത്തത്തിന്റെയും സമീന്‍ദാരിയുടെയും താല്‍പര്യങ്ങള്‍ സംഘര്‍ഷത്തിനു ജന്മം നല്കുന്നു. (ഹുജ്ജതുല്ലാഹില്‍ ബാലിഗഃയിലെ സിയാസതുന്‍ അഅ#്‌വാന്‍ അധ്യായം പേ. 47, ഉദ്ധരണം: ഹാമിദുല്‍ അന്‍സ്വാരി ഗാസി- ഇസ്‌ലാം കാ നിളാമെ ഹുകൂമത് പേ. 28-29).

ഇബ്‌നുഖല്‍ദൂന്‍ (1316-1388) ഇത് കുറേക്കൂടി വിശദമാക്കുന്നു: ഭരണകൂടം സാമൂഹികമായ അനിവാര്യതയാണ്. അടിച്ചമര്‍ത്താനും മറ്റുളളവരുടെമേല്‍ അധികാരം വഴാനുമുള്ള മനുഷ്യന്റെ അഭിവാഞ്ഛയാണ് അതിന്റെ പ്രേരക ശക്തി. തിര്യക്‌സഹജമായ സ്വഭാവ വിശേഷത്തിന്റെ പ്രതിഫലനമാണത്. അങ്ങനെ വരുമ്പോള്‍ രാഷ്ട്ര മേധാവിയുടെ അനുശാസനങ്ങള്‍ മിക്കപ്പോഴും സത്യത്തിന്റെ പരിധി ലംഘിക്കുന്നതും പ്രജകളുടെ ജീവിത സാഹചര്യങ്ങളില്‍ അതിക്രമം കെട്ടിയേല്പിക്കുന്നതുമായിരിക്കും. അധികാരികളുടെ ഇഷ്ടങ്ങള്‍ക്കും സ്വേഛകള്‍ക്കുമനുസരിച്ച് പ്രജകള്‍ കഴിവിന്നതീതമായ ഭാരം വഹിക്കാന്‍ നിര്‍ബദ്ധരായിത്തീരും. അപ്പോള്‍ ഭരണാധികാരിയെ അനുസരിക്കാന്‍ പ്രയാസമാവുകയും കലാപത്തിലേക്കും കുരുതിയിലേക്കും നയിക്കുന്ന അസ്വബിയ്യഃ (വര്‍ഗമേധാവിത്വ വികാരം) ഉടലെടുക്കുകയും ചെയ്യുന്നു. തദവസരത്തില്‍ എല്ലാവര്‍ക്കും ബാധകമായ രാഷ്ട്രീയ നിയമങ്ങള്‍ അവലംബിക്കേണ്ടി വരും. ഈ നിയമങ്ങള്‍ രാഷ്ട്രത്തിലെ
പ്രമാണിവര്‍ഗങ്ങളും ബുദ്ധിജീവികളുമാണ് രൂപവല്‍ക്കരിക്കുന്നതെങ്കില്‍ ഭൗതിക രാഷ്ട്രീയത്തിനായിരിക്കും അതില്‍ മേല്‌ക്കോയ്മ. അത് ദൈവത്തില്‍നിന്ന് അനുശാസിതമാവുകയും ഒരു നിശ്ചിത വക്താവിലൂടെ നടപ്പിലാവുകയുമാണെങ്കില്‍ ഐഹിക ജീവിതത്തിലും പാരത്രിക ജീവിതത്തിലും ഒരുപോലെ പ്രയോജനപ്രദമായ ധാര്‍മിക മൂല്യാധിഷ്ഠിത രാഷ്ട്രമായിരിക്കും അത്. മനുഷ്യന്ന് പാരത്രിക സൗഭാഗ്യം നേടിക്കൊടുക്കുന്നത് മതമാണ്; ആകാശഭൂമികളിലുള്ള സകലതിന്റെയും ഉടമയായ ദൈവത്തിന്റെ പാത-അതിനായി ദൈവത്തിന്റെ നിയമങ്ങള്‍ അവതീര്‍ണമായി. ആരാധനകളും ലൗകിക വ്യവഹാരങ്ങളും തൊട്ട് സാമൂഹികതയുടെ അനിവാര്യ പ്രതിഭാസമായ ഭരണകൂടം വരെയുള്ള സമസ്ത കാര്യങ്ങളിലും ആ നിയമങ്ങള്‍ രാഷ്ട്രത്തെ മതത്തിന്റെ പന്ഥാവിലൂടെ നടത്തിച്ചു… അതിനാല്‍ മനുഷ്യന്‍ സ്വയം നിയമങ്ങള്‍ ആവിഷ്‌കരിക്കുന്നത് ഇരുട്ടില്‍ തപ്പുന്നതിനു തുല്യമത്രേ. എന്തുകൊണ്ടന്നാല്‍ അത് ദൈവത്തിന്റെ വെളിച്ചം സ്വീകരിക്കാത്ത യാത്രയാകുന്നു. സാക്ഷാല്‍ പരമാധികാരിയായ ദൈവം മാത്രമാകുന്നു എല്ലാവരുടെയും നന്മകള്‍ ഏതില്‍ സ്ഥിതിചെയ്യുന്നു എന്നതിനെക്കുറിച്ച് അഭിജ്ഞന്‍ (മുഖദ്ദിമഃയിലെ അല്‍ഖിലാഫതു വല്‍ഇമാമഃഎന്ന അധ്യായം).

മനുഷ്യനെ സൃഷ്ടിച്ച ദൈവം അവന്റെ ജീവിത സംവിധാനത്തിനാവശ്യമായ നിയമങ്ങളും നല്കിയിട്ടുണ്ട്. പ്രസ്തുത നിയമങ്ങള്‍ ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കാന്‍ നിയുക്തരായവരാണ് പ്രവാചകന്മാര്‍. നിയമങ്ങള്‍ മനുഷ്യന്ന് എത്തിച്ചുകൊടുക്കാന്‍ ദൈവം സ്വീകരിച്ച ഈ മാധ്യമത്തിനാണ് രിസാലത് എന്ന് പറയുന്നത്. ജനങ്ങളുടെ ജീവിത വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഭൂമിയില്‍ ഭരമേല്പിക്കപ്പെട്ട ദൈവത്തിന്റെ പ്രതിനിധികള്‍ എന്നാണ് പ്രവാചകന്മാരെ അബൂഹയ്യാന്‍
(ഹി. 654-754)നിര്‍വചിക്കുന്നത്. ദൈവത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ദൈവാവതീര്‍ണമായ നിയമങ്ങള്‍ പ്രവാചകന്‍ നീതിപൂര്‍വം സമൂഹത്തില്‍ നടപ്പിലാക്കുന്നു. പ്രവാചകന്‍ മുഖേന ജനങ്ങള്‍ക്ക് അവരുടെ ജീവിത സംവിധാനത്തിനാവശ്യമായ അടിസ്ഥാന നിയമങ്ങള്‍ വിവരിക്കുന്ന വേദഗ്രന്ഥം ലഭിക്കുന്നു. ദൈവിക ഗ്രന്ഥത്തിലെ നിര്‍ദേശങ്ങളുടെ വിശദീകരണങ്ങള്‍ പഠിപ്പിച്ചുകൊണ്ട് പ്രവാചകന്‍ തദനുസൃതമായ ഒരു ജീവിത വ്യവസ്ഥയുടെ കര്‍മപരമായ മാതൃക സമര്‍പ്പി
ക്കുന്നു. വേദവും പ്രവാചക ചര്യയുമടങ്ങുന്ന ഈ നിര്‍ദേശങ്ങള്‍ക്കാണ് ശരീഅത്ത് എന്ന് പറയുന്നത്. മുഹമ്മദ്‌നബിക്ക്
അവതീര്‍ണമായ ഖുര്‍ആനും അദ്ദേഹത്തിന്റെ തിരുചര്യയുമടങ്ങിയ ഈ ശരീഅതായിരിക്കും ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭരണഘടനയുടെയും നിയമനിര്‍മാണത്തിന്റെയും അടിസ്ഥാനം. ഇസ്‌ലാമിക വീക്ഷണമനുസരിച്ച് ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാണ്മനുഷ്യന്‍. ദൈവത്തിന്റെ ഭൂമിയില്‍
അവന്‍ നല്കിയ അധികാരങ്ങള്‍ മാത്രം ഉപയോഗിക്കുക എന്നതാണ് മനുഷ്യന്റെ ധര്‍മം. ദൈവത്തിന്റെ ‘ട്രസ്റ്റി’യാണവന്‍. ഈ ട്രസ്റ്റിഷിപ്പ് അഥവാ പ്രാതിനിധ്യ വ്യവസ്ഥക്കാണ് ഖിലാഫത് എന്നു പറയുന്നത്.

ഇസ്‌ലാമിക രാഷ്ട്രീയവ്യവസ്ഥ ഉരുത്തിരിയുന്നത് മനുഷ്യനെ സംബന്ധിച്ച ഈ അട#ിസ്ഥാന വീക്ഷണത്തില്‍നിന്നാണ്. ദൈവിക പരമാധികാരത്തിനു കീഴിലുള്ള മനുഷ്യന്റെ പ്രാതിനിധ്യ വ്യവസ്ഥയാണ് ഈ സിദ്ധാന്തം മുന്നോട്ടു വയ്ക്കുന്നത്. ഈ പ്രാതിനിധ്യപദവി ഇസ്‌ലാമിക വിഭാവന പ്രകാരം ഏതെങ്കിലും പ്രത്യേക വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ടതല്ല; പ്രത്യുത,മനുഷ്യ രാശിക്ക് പൊതുവായിട്ടുള്ളതാണ്. സമൂഹത്തിലെ ഓരോ വ്യക്തിക്കും ഖിലാഫതിന്റെ അവകാശങ്ങളും അധികാരങ്ങളുമുണ്ട് . സര്‍ക്കാര്‍ രൂപീകരണത്തില്‍ പൊതുജനാഭിപ്രായത്തിനുള്ള പ്രാധാന്യവും സ്ഥാനവും ഇത് വ്യക്തമാക്കുന്നു. ഗവണ്‍മെന്റ് രൂപീകൃതമാകുമ്പോള്‍ ബഹുജനം തങ്ങളുടെ ‘ഖിലാഫത്’ അധികാരത്തിന്റെ ഒരു ഭാഗം ഗവണ്‍മെന്റിന് നല്കുക മാത്രമാണ് ചെയ്യുന്നത്. അതിനാല്‍ തികച്ചും പൊതു ജനാഭിപ്രായത്തിന് വിധേയമായി മാത്രമേ ശരിയായ ഇസ്‌ലാമിക വ്യവസ്ഥിതിക്ക് കീഴില്‍ ഗവണ്‍മെന്റ് രൂപീകൃതമാവാന്‍ സാധ്യതയുള്ളൂ. ബഹുജന സമ്മതിയില്ലാത്ത സര്‍ക്കാറുകള്‍ക്ക് നിയമ സാധുത ഉണ്ടായിരിക്കുന്നതല്ല. ഈ ജനകീയ പ്രാതിനിധ്യ തത്ത്വം (Popular Vicegerency) ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ജനായത്ത സ്വഭാവത്തിലേക്ക് വെളിച്ചം വീശുന്നു. ഇതുപ്രകാരം സമഗ്രാധിപത്യത്തിനോ ഏകാധിപത്യത്തിനോ ഇസ്‌ലാമിക രാഷ്ട്രീയ വ്യവസ്ഥിതിയില്‍ യാതൊരു പഴുതുമുണ്ടായിരിക്കുന്നതല്ല.

Related Post