അസഹിഷ്ണുത

Originally posted 2016-01-20 11:28:22.

brandindia

മതഅസഹിഷ്ണുതയുടെ ഇന്ത്യന്‍ ചരിത്രം

മതഅസഹിഷ്ണുതയുടെ ഇന്ത്യന്‍ ചരിത്രം

ധീരേന്ദ്ര കെ. ഝാ

മതഭ്രാന്ത് വളരെ ശക്തമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, സഹിഷ്ണുത എന്ന ആശയത്തിന് എത്രത്തോളം പഴക്കമുണ്ടെന്ന് അന്വേഷിക്കുന്നതും, നമ്മുടെ പൂര്‍വികരുടെ അസഹിഷ്ണതയെ സംബന്ധിച്ച് സ്വയം ബോധവാന്മാരാകുന്നതും ഗുണകരം തന്നെയാണ്. മതസൗഹാര്‍ദ്ദത്തിന്റെയും ഐക്യത്തിന്റെയും വളരെ ശക്തമായ പാരമ്പര്യം മുന്‍കാല ഇന്ത്യക്ക് ഉണ്ടായിരിക്കെതന്നെ, അക്കാലത്ത് മതപരവും, വിഭാഗീയവുമായ പരസ്പരശത്രുത അതിന്റെ മൂര്‍ത്തഭാവത്തില്‍ നിലനിന്നിരുന്നുവെന്നതിന് തെളിവുകള്‍ ധാരാളം ലഭ്യമാണ്.

ബി.സി രണ്ടാം നൂറ്റാണ്ടില്‍ ബ്രാഹ്മണരും ബുദ്ധന്മാരും തമ്മിലുള്ള ബന്ധം കീരിയും പാമ്പും പോലെയായിരുന്നു എന്നാണ് പതഞ്ജലി നമ്മോട് പറയുന്നത്; അതിന്റെ യഥാര്‍ത്ഥ ഹിംസാത്മകതക്ക് ചരിത്രപരമായ തെളിവുകള്‍ ധാരാളമുണ്ട്. അതുപോലെ തന്നെ ശൈവ-വൈഷ്ണവ ശാത്രവത്തിനും ധാരാളം തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കും. ശൈവിസത്തിനും ജൈനിസത്തിനും ഇടയില്‍ വളരെ കാലം നീണ്ടുനിന്ന ശത്രുതയും, ജൈനര്‍ക്കെതിരെ ശൈവര്‍ അഴിച്ച് വിട്ട പീഢന-മര്‍ദ്ദനങ്ങളും ചരിത്രത്തില്‍ വളരെ വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കള്‍ ‘ധിക്കാരികളും, അഹങ്കാരികളുമാണെന്നും, തങ്ങളുടേത് പോലെ മറ്റൊരു മതം ഇല്ലെന്നാണ് അവരുടെ വിശ്വാസമെന്നും’ 11-ാം നൂറ്റാണ്ടിലെ അല്‍ബിറൂനി നമ്മോട് പറയുന്നു.

ലോകം ഒരു കുടുംബമാണ്

പക്ഷെ ഇതെല്ലാം അവഗണിച്ച് കൊണ്ട്, ‘വാസുദേവ കുടുംബകം‘ (ലോകം ഒരു കുടുംബമാണ്) എന്ന ശ്ലോകം ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍.

ഹിന്ദുമതത്തിന്റെ സഹിഷ്ണുത എന്ന നിര്‍മിതി അടുത്ത കാലത്ത് മാത്രമാണ് രൂപംകൊണ്ടത്. ഇന്ത്യയെ കുറിച്ച് പാശ്ചാത്യ എഴുത്തുകളിലാണ് അത് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 17-ാം നൂറ്റാണ്ടില്‍, ഇന്ത്യയിലുടനീളം സഞ്ചരിച്ച ഫ്രഞ്ച് ഡോക്ടര്‍ ഫ്രാങ്കോയിസ് ബെര്‍നിയര്‍ (1620-1688), ഹിന്ദുക്കള്‍ സഹിഷ്ണുത വെച്ച് പുലര്‍ത്തുന്ന ജനവിഭാഗമാണെന്ന് പറഞ്ഞ ആദ്യകാല യൂറോപ്യന്‍മാരില്‍ ഒരാളായിരുന്നു. ‘മറ്റു മതങ്ങളെ വെറുക്കാത്തവരും, കൂടാതെ മറ്റു മതങ്ങള്‍ ശരിയാണെന്നും വിശ്വസിക്കുന്നവരാണ് ഹിന്ദുക്കള്‍’ എന്നാണ് ഇമ്മാനുവല്‍ കാന്റ് പറഞ്ഞത്. വില്ല്യം ജോണ്‍സിനെ പോലെയുള്ള ഒറിയന്റലിസ്റ്റുകളുടെ കൃതികളില്‍ അത്തരം കാഴ്ച്ചപ്പാടുകള്‍ ധാരാളമായി കാണാന്‍ സാധിക്കും. അവരെ സംബന്ധിച്ചിടത്തോളം, ‘സുവിശേഷങ്ങളുടെ സത്യം ഹിന്ദുക്കള്‍ അംഗീകരിക്കും, പക്ഷെ അതെല്ലാം തന്നെ അവരുടെ ശാസ്ത്രങ്ങളില്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നാണ് അവരുടെ വാദം.’

19-ാം നൂറ്റാണ്ടില്‍, ഹിന്ദുമതത്തിന്റെ സഹിഷ്ണുതയെ സംബന്ധിച്ച് ചില ഇന്ത്യക്കാരും സംസാരിക്കാന്‍ തുടങ്ങി. പക്ഷെ മറ്റു മതങ്ങളുടെ മേല്‍ ഹിന്ദുമതത്തെ പ്രതിഷ്ഠിക്കുകയാണ് അവര്‍ ചെയ്തത്. ‘വിശ്വാസങ്ങള്‍ തമ്മിലുള്ള ശത്രുതക്ക് അതീതമായി, പ്രാപഞ്ചിക മൂല്യങ്ങളില്‍ പടുത്തുയര്‍ത്തപ്പെട്ട ഒരു മതത്തിലാണ്’ 1875-ല്‍ ആര്യ സമാജം സ്ഥാപിച്ച ദയാനന്ദ സരസ്വതി (1824-1883) വിശ്വസിച്ചിരുന്നതെന്ന് പറയപ്പെടുന്നു. പക്ഷെ വേദമതത്തിന്റെ ആചാര്യനെന്ന നിലക്ക്, മറ്റെല്ലാ മതങ്ങളെയും അദ്ദേഹം നഖശിഖാന്തം എതിര്‍ത്തിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രവാചകന്‍ മുഹമ്മദ് ഒരു ‘വ്യാജനും’, യേശു കേവലം ‘സാധാരണക്കാരനും വിദ്യാഭ്യാസമില്ലാത്തവനും അറിവ് കെട്ടവനുമാണ്’. അദ്ദേഹത്തിന്റെ സമകാലികനായിരുന്ന രാമകൃഷ്ണ (1836-1886) മതങ്ങളുടെ സമത്വത്തെ കുറിച്ച് സംസാരിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ‘ഹിന്ദുമതം മാത്രമാണ് സനാതന ധര്‍മ്മം അനുഷ്ഠിക്കുന്നത്.

സഹിഷ്ണുതയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന വിവേകാനന്ദനും (1863-1904) ഊന്നിപ്പറയുകയുണ്ടായി. ‘ഇന്ത്യ മാത്രമാണ് സഹിഷ്ണതയുടെ ഭൂമിക’ എന്ന തന്റെ വീക്ഷണത്തിന് ശക്തിപകരാനായി ‘ഏകൗസദ് വിപ്ര വാഹുദഃ വദന്തി’ (ഒന്നിനെ കുറിച്ച് ബുദ്ധിമാന്‍ പലവിധത്തില്‍ സംസാരിക്കും) എന്ന പ്രശസ്തമായ ഋഗ്വേദ വചനം അദ്ദേഹം എടുത്തുദ്ദരിക്കുക പതിവാണ്. പക്ഷെ ‘പസഫിക് സമുദ്രം മുതല്‍ അറ്റ്‌ലാന്റിക് വരെ അഞ്ചൂറ് വര്‍ഷത്തോളം രക്തപ്പുഴ ഒഴുകി.. അതാണ് മുഹമ്മദനിസം’ എന്ന പ്രസ്താവനയും അദ്ദേഹത്തിന്റെ വായില്‍ നിന്ന് വന്നതാണ്. രാഷ്ട്രീയക്കാര്‍ ഉപയോഗിച്ച് ഉപയോഗിച്ച് പ്രസ്തുത ഋഗ്വേദ വചനം ഒരു ക്ലീഷെയായി മാറിയിട്ടുണ്ട്.

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അത്തരം വീക്ഷണങ്ങളുമായി ചില നേതാക്കള്‍ മുന്നോട്ട് വരികയുണ്ടായി. ഉദാഹരണമായി, ബാല്‍ ഗംഗാദര തിലക് (1856-1920) പ്രസ്തുത ഋഗ്വേദ വചനം പതിവായി ഉദ്ദരിക്കുകയും, സഹിഷ്ണുതയെ സംബന്ധിച്ച തന്റെ വീക്ഷണങ്ങള്‍ വ്യക്തമാക്കുകയും ചെയ്തയാളാണ്. പക്ഷെ പ്രായോഗിക ജീവിതത്തില്‍ സായുധ ഹിന്ദുത്വത്തെയാണ് അദ്ദേഹം വാരിപ്പുണര്‍ന്നത്. തികഞ്ഞ മുസ്‌ലിം വിരുദ്ധനായിരുന്ന എം.എസ് ഗോള്‍വാള്‍ക്കര്‍ (1906-1973) പോലും ഹിന്ദുക്കളാണ് ലോകത്തിലെ ഏറ്റവും സഹിഷ്ണുക്കളായ ജനവിഭാഗം എന്ന് പറയുകയുണ്ടായി. വേദവാക്യമുരുവിടുന്ന ചെകുത്താനെ പോലെയാണിത്, കാരണം മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകള്‍ എന്നിവരെ രാജ്യത്തിന്റെ ആഭ്യന്തര ഭീഷണികളായിട്ടാണ് അദ്ദേഹം കണക്കാക്കിയത്. ദയാനന്ദ മുതല്‍ ഗോള്‍വാള്‍ക്കര്‍ വരെയുള്ള നേതാക്കളൊക്കെ തന്നെയും തങ്ങളുടെ ആക്രമണോത്സുക ഹൈന്ദവതയെ മറച്ച് വെക്കാനുള്ള ഒരു പുതപ്പായിട്ടാണ് സഹിഷ്ണുതയെ ഉപയോഗപ്പെടുത്തിയിരുന്നത്. മറ്റെല്ലാം മതങ്ങള്‍ക്ക് മേലെയും ഹിന്ദുയിസത്തിന് അവര്‍ വിശേഷാധികാരം നല്‍കി. മറ്റുള്ളവര്‍ക്കൊന്നും തന്നെ മതിയായ ഇടം നല്‍കാന്‍ അവര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ സാമുദായിക മൈത്രിക്ക് വേണ്ടിയാണ് മഹാത്മാ ഗാന്ധിയെ പോലെയുള്ളവര്‍ ജീവിച്ചതും മരിച്ചതും. മറ്റു മതങ്ങളേക്കാള്‍ കൂടുതല്‍ സഹിഷ്ണുത ഹിന്ദുമതത്തിനാണെന്നുള്ള അദ്ദേഹത്തിന്റെ വിശ്വാസം ആത്മാര്‍ത്ഥമായിരുന്നു.

ഹിന്ദുമതത്തിന്റെ എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന സ്വഭാവസവിശേഷതയെ കുറിച്ച് ഒരുപാട് ചരിത്രകാരന്‍മാരും സാമൂഹ്യശാസ്ത്രജ്ഞരും എഴുതുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ അതിന്റെ മൈത്രിയിലധിഷ്ഠിതമായ പാരമ്പര്യത്തെ ഉയര്‍ത്തികാട്ടികൊണ്ടുള്ള സാഹിത്യങ്ങളും ഒരുപാടുണ്ട്. വ്യത്യസ്ത ഹിന്ദുവിഭാഗങ്ങള്‍ തമ്മിലുള്ള സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വത്തിന്റെ ചില ഉദാഹരണങ്ങള്‍ പ്രത്യേകം എടുത്ത് പറയപ്പെട്ടിട്ടുണ്ട്.

എ.ഡി 6-ാം നൂറ്റാണ്ടിലെ വിഷ്ണുവിന്റെ അവതാരമായിരുന്നു ശ്രീബുദ്ധനെന്ന് വിശ്വസിക്കുന്നവരുണ്ട്. ചില പുരാണങ്ങളിലും, ക്ഷേമേന്ദ്രന്റെ (11-ാം നൂറ്റാണ്ട്) ‘ദശാവതാരചരിത്ര’യിലും, ജയദേവയുടെ (12-ാം നൂറ്റാണ്ട്) ‘ഗീതാഗോവിന്ദ’യിലും അദ്ദേഹത്തെ കുറിച്ച് പരാമര്‍ശങ്ങളുണ്ട്. അതുപോലെ അല്‍ബിറൂനിയുടെ (11-ാം നൂറ്റാണ്ട്) ‘കിതാബുല്‍ ഹിന്ദ്’-ലും ബുദ്ധനെ സംബന്ധിച്ച വിവരണങ്ങളുണ്ട്. സൗന്ദര്യാന്വേഷകര്‍ ബുദ്ധന് ബലിയര്‍പ്പിച്ചാല്‍ മതിയെന്ന് വരെ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ, കൗതുകകരമെന്ന് പറയട്ടെ, ഒരു കള്ളനായും, നിരീശ്വരവാദിയായും അദ്ദേഹം അധിക്ഷേപിക്കപ്പെട്ടിരുന്നു. ബുദ്ധനെ നിഗ്രഹിക്കാനാണത്രെ ശിവന്‍ ശങ്കരന്റെ രൂപത്തില്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടത് എന്നും വിശ്വാസമുണ്ട്. എന്നാല്‍, 14-ാം നൂറ്റാണ്ടിലെ വൈഷ്ണവ പാഠത്തില്‍ ഒരു ജാരസന്തതിയായാണ് ശങ്കരന്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്.

പരസ്പര വിരുദ്ധമായ വീക്ഷണങ്ങള്‍ ക്രോഡീകരിച്ച ഗ്രന്ഥമാണ് വേദാന്ത തത്വചിന്തകന്‍ മാധവ ആചാര്യയുടെ (14-ാം നൂറ്റാണ്ട്) ‘സര്‍വ്വദര്‍ശനസംഗ്രഹ’. ചര്‍വ്വകന്റെ ചിന്താസരണിയെ കുറിച്ച് വിവരിച്ച് കൊണ്ട് തുടങ്ങുന്ന ഗ്രന്ഥം, പിന്നീട് അതിനെ വിമര്‍ശിക്കുകയും, ‘എല്ലാ തത്വചിന്താ വ്യവസ്ഥയുടെയും കിരീടവും അവസാനവുമായി’ ശങ്കരന്റെ അദൈ്വതത്തെ പ്രതിഷ്ഠിച്ചു കൊണ്ട് അവസാനിപ്പിക്കുകയും ചെയ്യുന്നു. തള്ളിക്കളയുന്നതിന് മുമ്പ് എതിരാളിയുടെ വീക്ഷണം പൂര്‍ണ്ണമായി അവതരിപ്പിക്കുന്ന ഇന്ത്യന്‍ പാരമ്പ്യമാണ് ഇവിടെ വിസ്മരിക്കപ്പെടുന്നത്.

കൂടാതെ, ജൈനരുടെ പ്രഥമ തീര്‍ഥങ്കരനായ ആദിനാഥന്‍ (ഋഷഭ) വിഷ്ണുവിന്റെ അവതാരമായിരുന്നു എന്ന് ‘ഭഗവത്പുരാണത്തില്‍’ പറയുന്നുണ്ട്. ക്രിസ്തുവും വിഷ്ണുവിന്റെ അവതാരങ്ങളില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. മുസ്‌ലിംകളിലെ ഇമാം ഷാഹി വിഭാഗം തങ്ങളുടെ ഇമാം വിഷ്ണുവിന്റെ പത്താമത്തെ അവതാരമാണെന്നാണ് വിശ്വസിക്കുന്നത്. കൂടാതെ ഖുര്‍ആന്‍ അഥര്‍വ്വവേദത്തിന്റെ ഒരു ഭാഗമാണെന്നും അവര്‍ കരുതുന്നു. അക്ബര്‍ ചക്രവര്‍ത്തിയും വിഷ്ണുവിന്റെ പത്താമത്തെ അവതാരമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ചില സാമൂഹ്യവിരുദ്ധര്‍ വിക്ടോറിയ രാജ്ഞിയുടെ പ്രതിമയെ അവഹേളിക്കുകയുണ്ടായി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ബോംബെയില്‍ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടു. പ്ലേഗ് പൊട്ടിപ്പുറപ്പെടാന്‍ കാരണം രാജ്ഞിയുടെ പ്രതിമയെ അവഹേളിച്ചതാണെന്നും പറഞ്ഞ് ചിലര്‍ വിക്ടോറിയാ രാജ്ഞിയെ ദേവതയാക്കി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതും ചരിത്രം.

പക്ഷെ സവര്‍ണ്ണ ബ്രാഹ്മണ മതചട്ടക്കൂടിനുള്ളില്‍ ആദിനാഥനും, ഇമാമിനും, ക്രിസ്തുവിനും, അക്ബറിനും, വിക്ടോറിയ രാജ്ഞിക്കും യാതൊരു സ്ഥാനവും പദവിയുമുണ്ടായിരുന്നില്ലെന്ന് മനസ്സിലാക്കേണ്ടതുണ്ട്. മറ്റു വിധത്തില്‍ പറഞ്ഞാല്‍, അവര്‍ണ്ണ അബ്രാഹ്മണ മതങ്ങള്‍ക്കൊന്നും തന്നെ ബ്രാഹ്മണമതത്തിന്റെ ഉന്നത പദവിയോ സ്ഥാനമോ ഉണ്ടായിരുന്നില്ല. ഇന്ന് ഇന്ത്യയില്‍ ഇസ്‌ലാം മതത്തിന്റെയും ക്രിസ്തുമത്തിന്റെയും പദവി അതില്‍ നിന്നും വ്യത്യസ്തമല്ലെന്ന് പറയുക പ്രയാസകരം തന്നെയാണ്. അതേസമയം പ്രസ്തുത മതങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്ന ഹിന്ദുത്വവാദികള്‍ ഹിന്ദുമതത്തെയോ ഹിന്ദുയിസത്തെയോ ഒരുതരത്തിലും പ്രതിനിധീകരിക്കുന്നവരല്ലെന്ന വാദവും ഇവിടെ നിലനില്‍ക്കുന്നുണ്ട്.
വിവര്‍ത്തനം

Related Post