ഇതര മതങ്ങളെ അറിയല്‍ പൗരത്വത്തിന്റെ അടിസ്ഥാനമാണ്

Originally posted 2017-03-15 12:29:26.

ഇതര മതങ്ങളെ അറിയല്‍ പൗരത്വത്തിന്റെ അടിസ്ഥാനമാണ്

ഇതര മതങ്ങളെ അറിയല്‍ പൗരത്വത്തിന്റെ അടിസ്ഥാനമാണ്

ഏതൊരു പ്രധാന നഗരത്തിലെ തെരുവിലൂടെ നിങ്ങള്‍ നടക്കുകയാണെങ്കിലും പതിനെട്ടാം നൂറ്റാണ്ടിലെ യാത്രികന്‍ തന്റെ ജീവിത കാലത്ത് കണ്ടതിനെക്കാള്‍ കൂടുതല്‍ വൈജാത്യങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഞാന്‍ മനസ്സിലാക്കുന്നത് ഒരു സമൂഹം എങ്ങനെയായിരിക്കണം പ്രവര്‍ത്തിക്കേണ്ടത് എന്നതിനെക്കുറിച്ച് വ്യത്യസ്ത ആശയങ്ങളുള്ള ജനങ്ങള്‍ ഒരുമിച്ചാണ് ജീവിക്കേണ്ടതാ എന്നാണ്. മതത്തേക്കാള്‍ വൈവിധ്യമുള്ള വേറൊരു ആശയമില്ല. മിക്കവാറും പ്രധാനപ്പെട്ട അഭിപ്രായ വിത്യാസങ്ങളും പൊട്ടിപ്പുറപ്പുറപ്പെടുന്നത് മതാടിസ്ഥാനത്തിലാണ്. തീര്‍ച്ചയായും സ്വാതന്ത്ര്യം, ലൈംഗികത, നീതി എന്നിവയെക്കുറിച്ച വ്യത്യസ്തങ്ങളായ മതവീക്ഷണങ്ങള്‍ സാമൂഹിക ഐക്യത്തെയാണ് ഭീഷണിപ്പെടുത്തുന്നത്. അതൊരിക്കലും അനുവദിച്ച് കൂടാ.

ജനങ്ങള്‍ പരസ്പരം ഒരുമിച്ച് ജീവിക്കാന്‍ പഠിക്കാനുള്ള ഒരു പ്രധാനപ്പെട്ട വഴി എന്നത് അവരുടെ മതവിദ്യാഭ്യാസം വര്‍ധിപ്പിക്കുക എന്നതാണ്. ഒരു ബ്രിട്ടീഷ് എഴുത്തുകാരനായ സി.എസ് ലെവിസ് പറഞ്ഞത് ഇതര വിശ്വാസ വ്യവസ്ഥകളെക്കുറിച്ചറിയണമെങ്കില്‍ അവയെ ഉള്ളില്‍ നിന്ന് മനസ്സിലാക്കണമെന്നാണ്. പുറത്ത് നിന്ന് അവയെ നിരീക്ഷിക്കുകയല്ല വേണ്ടത്. ഒരു താരതമ്യത്തിലൂടെ അദ്ദേഹമത് വിശദീകരിച്ചിട്ടുണ്ട്. ഒരു പ്രകാശകിരണത്തെ ജനാലയിലൂടെ നിരീക്ഷിക്കുമ്പോഴുള്ള അനുഭവവും നേരിട്ടുളള അനുഭവവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ചിന്തിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഉള്ളില്‍ നിന്ന് കൊണ്ടാണ് നമുക്കൊരു വ്യവസ്ഥയുടെ ആഭ്യന്തര പൊരുത്തത്തെക്കുറിച്ചും ഒരു വിശ്വാസിയെ രൂപപ്പെടുത്താനുള്ള അതിന്റെ കഴിവിനെയും പരിശോധിക്കാന്‍ സാധിക്കുക. അഥവാ, മതം എന്നത് നാം നമ്മില്‍ സൂക്ഷിച്ച് വെക്കുന്ന പ്രസ്താവനകളല്ല. മറിച്ച് കനേഡിയന്‍ തത്വചിന്തകനായ ചാള്‍സ് ടെയ്‌ലര്‍ പറഞ്ഞത് പോലെ ഒരു ജീവിതാനുഭവമാണ്.

സംവേദനമാണ് അതിലേക്കുള്ള ഒരു പ്രധാന പോംവഴി. അത് പക്ഷെ, മറ്റൊരുത്തന്റെ മതത്തിന്റെ കുറ്റങ്ങള്‍ ചികയുന്ന ഏര്‍പ്പാടാകരുത്. മറിച്ച്, അഭിപ്രായ വിത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ പരസ്പരം മനസ്സിലാക്കുക എന്നതാണ് സാധ്യമാകേണ്ടത്. ധാര്‍മ്മികമായ ഭാവനയാണ് അതിനാവശ്യം. അതുപോലെ എങ്ങനെയാണ് തങ്ങള്‍ ലോകത്തെ അനുഭവിക്കുന്നത് എന്നത് വിശ്വാസികള്‍ പരസ്പരം പങ്ക് വെക്കുകയും വേണം. ചോദ്യങ്ങള്‍ ഉയര്‍ത്തപ്പെടേണ്ടത് എല്ലാം തുറന്ന് പ്രകടമാക്കാന്‍ വേണ്ടിയാകണം. അല്ലാതെ സംവാദങ്ങളെ തടഞ്ഞ്‌നിര്‍ത്താനാകരുത്. നിങ്ങള്‍ കഥകളെ അനുഭവിക്കുന്നത് പോലെയാണിത്. ഭാവനാത്മകമായി നിങ്ങളതിലേക്ക് പ്രവേശിക്കുകയും കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കുകയുമാണല്ലോ ചെയ്യുന്നത്. കഥകള്‍ മനുഷ്യജീവിതത്തിന്റെയും മതങ്ങളുടെയും ഹൃദയത്തിലാണ് സ്ഥിതി ചെയ്യുന്നത്. അഥവാ മതങ്ങളും മതാനുഭവങ്ങളും മനുഷ്യ ജീവിതങ്ങളെ ബാധിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് പ്രകാശകിരണങ്ങളെ അവയുടെ കൂടെ ദര്‍ശിക്കാന്‍ നാം ആരംഭിക്കുന്നത്.

സാക്ഷരത കൈവരിക്കുക എന്നത് സുരക്ഷിതവും സമാധാനപൂര്‍വ്വവുമായ ഒരു ബഹുസ്വര സമൂഹത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ്. അതേസമയം ലോകരാഷ്ട്രങ്ങള്‍ വിഷമുള്ള ഒരു സര്‍പ്പത്തിന്റെ ഉത്ഭവത്തിനാണ് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. സ്വന്തത്തെയല്ലാതെ മറ്റൊന്നിനെയും മനസ്സിലാക്കാന്‍ അത് പഠിപ്പിക്കപ്പെട്ടിട്ടില്ല. നമ്മുടെ സമകാലിക രാഷ്ട്രീയത്തെ അടയാളപ്പെത്തിയിരിക്കുന്ന വംശീയത, അപരവല്‍ക്കരണം തുടങ്ങിയവയൊക്കെയാണ് അതിന്റെ അനന്തര ഫലം. മതവിദ്യാഭ്യാസത്തിന്റെ വര്‍ധനവ് അഭിപ്രായ ഐക്യത്തെ സൃഷ്ടിക്കുകയല്ല ചെയ്യുക. നമ്മുടെ ബോധ്യങ്ങളെ ഒരുപക്ഷെ അതുറപ്പിച്ചേക്കാം. എന്നാല്‍ മുന്‍ധാരണകളെയും മോശമായ ചിത്രീകരണങ്ങളെയും ഇല്ലാതാക്കുന്നതിലൂടെ ആരോഗ്യകരമായ രീതിയില്‍ അഭിപ്രായ വിത്യാസങ്ങള്‍ പ്രകടിപ്പിക്കാന്‍ അത് നമ്മെ പ്രാപ്തരാക്കുകയാണ് ചെയ്യുക.

വിദ്യാഭ്യാസ സിദ്ധാന്തപ്രകാരം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പൗരത്വത്തിന്റെ ഒരു പ്രാരംഭ ആശയമാണ് മതപരമായ സാക്ഷരത. മെതിക്കുക എന്ന വാക്കില്‍ നിന്നാണ് ആരംഭം (Threshold) എന്ന വാക്ക് ഉല്‍ഭവിക്കുന്നത്. അഥവാ, പതിരില്‍ നിന്ന് ഗോതമ്പിനെ വേര്‍തിരിക്കുക, വളരാത്തതിനെ അരിച്ച് മാറ്റുക എന്നിങ്ങനെയെല്ലാം അതതിനര്‍ത്ഥമുണ്ട്. ഉപരിപ്ലവമായ മനസ്സിലാക്കലുകളെ ഇല്ലാതാക്കിക്കൊണ്ട് കുറച്ച് കൂടി അഗാധവും സങ്കീര്‍ണ്ണവുമായ ആശയങ്ങള്‍ ഉല്‍പാദിപ്പിക്കുക എന്ന അര്‍ത്ഥത്തിലാണ് ഞാനതിനെ ഇവിടെ ഉപയോഗിക്കുന്നത്. ഊര്‍ജ്ജതന്ത്രത്തില്‍ താപനിലയുടെ തോത് മനസ്സിലാക്കാനും സാഹിത്യത്തില്‍ ഒരു വാക്യത്തെ വിശകലനം ചെയ്യുന്നതിന് വേണ്ടി അപനിര്‍മ്മിക്കാനും അതുപയോഗിക്കപ്പെടാറുണ്ട്. ഒരു വിഷയത്തെ മനസ്സിലാക്കാന്‍ ഒരാള്‍ കടന്ന്‌പോകേണ്ട അതിര്‍ത്തിയാണത്. വിഷയത്തെ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ അപ്പോഴാണ് സാധ്യമാവുക. അത്‌പോലെ, മതത്തെക്കുറിച്ചും ആഗോള പൗരത്വത്തെക്കുറിച്ചുമുള്ള പഠനത്തില്‍ മതപരമായ സാക്ഷരത എന്നത് ഒരു പ്രാരംഭ ആശയമായി വികസിപ്പിക്കേണ്ടതുണ്ട്. മതത്തെക്കുറിച്ച പരിമിതമായ മനസ്സിലാക്കലുകളില്‍ നിന്നും മാറി ഒരു സമഗ്രമായ ആശയമായി മതത്തെ അടയാളപ്പെടുത്താന്‍ അപ്പോഴാണ് സാധ്യമാവുക. ഒരു കൂട്ടം ആജ്ഞകളും പ്രവര്‍ത്തനങ്ങളും എന്നതില്‍ നിന്ന് മനുഷ്യ സ്വഭാവത്തെ ജീവിപ്പിക്കുന്ന ഒരു ശക്തിയായി മതം മാറേണ്ടതുണ്ട്.

മതവിദ്യഭ്യാസം അഭ്യസിപ്പിക്കണമെങ്കില്‍ ഉള്ളടക്കത്തിനുപരിയായി അതിന്റെ പ്രായോഗികമായ പ്രക്രിയയിലാണ് നാം ശ്രദ്ധ പതിക്കേണ്ടത്. അര്‍ത്ഥവത്തായ സംവാദമാണ് അതിന് വേണ്ടത്. അതിന്റെ ലക്ഷ്യം എന്നത് വിദ്യാര്‍ത്ഥികളില്‍ സജീവമായി കേള്‍ക്കുക, സത്യസന്ധമായി ചോദ്യം ചെയ്യുക, വിനയം തുടങ്ങിയ മൂല്യങ്ങള്‍ സന്നിവേശിപ്പിക്കുക എന്നതാണ്. അഭിപ്രായ വിത്യാസങ്ങള്‍ പരസ്പരം പങ്ക് വെക്കാന്‍ കഴിയുന്ന ഒരു സാഹചര്യമാണ് അധ്യാപകര്‍ സൃഷ്ടിക്കേണ്ടത്. ഞാന്‍-നീ വ്യത്യസ്തത (I-Thou variety) എന്നാണ് ജൂത ദൈവശാസ്ത്രകാരനായ മാര്‍ട്ടിന്‍ ബുബെര്‍ അതിനെ വിളിക്കുന്നത്. എതിരഭിപ്രായത്തെ വകവെക്കാത്ത ഞാന്‍-ഇത് ( I-It) എന്ന ബന്ധമല്ല അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ നിലനില്‍ക്കേണ്ടത്. സംവേദനത്തിന്റെ വിദ്യാഭ്യാസപരമായ മൂല്യത്തെക്കുറിച്ച് സംസാരിച്ച മറ്റൊരു തത്വചിന്തകനായ ഹെബര്‍മാസില്‍ നിന്ന് വ്യത്യസ്തമായി ബുബെര്‍ ഒരു പൊതുവായ കേന്ദ്രത്തെ അടിസ്ഥാനമാക്കേണ്ട സംവാദത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. വ്യത്യസ്തങ്ങളായ മതവിശ്വാസങ്ങളെ മനസ്സിലാക്കുക എന്നതാണ് അതിലേറ്റവും പ്രധാനം.

നമ്മുടെ സമൂഹത്തില്‍ മതവിദ്യാഭ്യാസം വികസിപ്പിച്ചില്ലെങ്കില്‍ വംശീയമായ സംഘര്‍ഷങ്ങള്‍ രൂക്ഷമാകും എന്നത് തീര്‍ച്ചയാണ്. ബഹുസ്വരമായ അന്തരീക്ഷങ്ങളെ അത് ഇല്ലാതാക്കുകയും ചെയ്യും. ബ്രിട്ടനില്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ശരീഅ ഉപദേശക സമിതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതിനുദാഹരണമാണ്. ശരീഅ ഉപദേശക സമിതികള്‍ നിയമനിര്‍മ്മാണത്തിനും ശരീഅ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്ക് ഉപദേശങ്ങള്‍ നല്‍കാനുമാണ് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടനില്‍ അവക്ക് നിയമപരമായ സ്വാധീനങ്ങളൊന്നുമില്ലെങ്കിലും പല പ്രശ്‌നങ്ങളിലും വിജയകരമായ ഇടപെടലുകള്‍ അവ നടത്താറുണ്ട്. എന്നാല്‍ ഒരു ബദല്‍ നിയമ സംവിധാനമായി ശരീഅ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ ഒരുപാട് പേര്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, അവ നിരോധിക്കണമെന്നാവശ്യപ്പെട്ട് പരാതികള്‍ നല്‍കിയിട്ടുമുണ്ട്. എന്നാല്‍  നീതി വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളില്‍ വ്യത്യസ്തമായാണ് മനസ്സിലാക്കപ്പെടുന്നത് എന്ന് മനസ്സിലാക്കാനുള്ള പ്രാപ്തിയില്ലായ്മ ഇത്തരം സംവാദങ്ങളില്‍ പ്രകടമാണ്. അതേസമയം ശരീഅ കോടതികള്‍ക്ക് ബ്രിട്ടീഷ് നീതിന്യായ വ്യവസ്ഥയില്‍ ഒരു സ്ഥാനമുണ്ടായിരിക്കണമെന്നല്ല ഇവിടെ പറയുന്നത്. മറിച്ച്, പരസ്പര സ്‌നേഹവും ആദരവും മതങ്ങളെക്കുറിച്ച വിജ്ഞാനവും ഇല്ലെങ്കില്‍ ഇത്തരം സംവാദങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുക എന്നാണ് ഞാന്‍ പറയുന്നത്.

വിവ: സഅദ് സല്‍മി

Related Post