തൊട്ടുകൂടായ്മ അടിമത്തത്തേക്കാള്‍ ഭീകരമാണെന്ന് പറഞ്ഞത് ഇന്ത്യ കണ്ട എക്കാലത്തെയും വലിയ നിയമജ്ഞനായ ഡോ. ഭീംറാവു അംബേദ്കറാണ്. ഹിന്ദു ജാതീയ സങ്കല്‍പം കാരണം സമൂഹത്തിലെ അധഃസ്ഥിത വിഭാഗമായി തീര്‍ന്നവരാണ് രാജ്യത്തെ ദളിതുകള്‍. ഹിന്ദുക്കള്‍ക്കിടയിലെ ജാതീയതയും സവര്‍ണാധിപത്യവും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ഹിന്ദു-ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയിലും തൊട്ടുകൂടായ്മയും ജാതീയതയും വളരുന്നു എന്നത് ഇന്ത്യന്‍ സാക്ഷ്യമാണ്. അടിസ്ഥാനപരമായി ഇസ്‌ലാമും ക്രിസ്തുമതവും ജാതീയതയെയോ വംശീയതയെയോ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മാത്രമല്ല അതിനെ ശക്തമായി വിമര്‍ശിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിലോ ക്രിസ്തുമതത്തിലോ ഒരു സാമൂഹ്യക്രമമായി ജാതീയത കടന്നുവരുന്നുമില്ല. എന്നാല്‍ ഒരു സാമൂഹ്യ അനാചാരമെന്ന രീതിയിലാണ് മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ അത് നിലനില്‍ക്കുന്നത്. ഇരു സമുദായങ്ങളിലെയും പ്രമാണിമാരും ധനാഢ്യരുമായ വിഭാഗങ്ങളാണ് അതിന്റെ പ്രയോക്താക്കളായി വര്‍ത്തിക്കുന്നത്.
140 മില്യണ്‍ വരുന്ന ഇന്ത്യന്‍ മുസ്‌ലിം ജനസംഖ്യയിലെ മഹാഭൂരിപക്ഷവും ഹിന്ദുമതത്തിലെ കീഴാള ജാതികളില്‍ നിന്ന് പരിവര്‍ത്തനം ചെയ്തവരാണ്. ഹിന്ദു സവര്‍ണാധിപത്യത്തില്‍ നിന്ന് രക്ഷപ്പെട്ട് സാമൂഹ്യനീതി കൊതിച്ചുകൊണ്ടാണ് അവരൊക്കെ ഇസ്‌ലാമിലേക്ക് കടന്നുവന്നത്. ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയുടെ 75 ശതമാനവും ‘ദളിത് മുസ്‌ലിംകള്‍’ ആണെന്നാണ് മുസ്‌ലിം പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ പ്രതിനിധിയായ ഇഅ്ജാസ് അലി പറയുന്നത്. ജാതീയതയും തൊട്ടുകൂടായ്മയും ഇന്ത്യയിലും ദക്ഷിണേഷ്യയിലും ജീവിക്കുന്ന മുസ്‌ലിംകള്‍ നേരിടുന്ന പച്ചയായ യാഥാര്‍ത്ഥ്യമാണ്. തൊട്ടുകൂടായ്മ മുസ്‌ലിം സമുദായത്തിനിടയിലെ പറയപ്പെടാത്ത രഹസ്യമാണ്, ഈ വിഷയത്തില്‍ ഗവേഷകനായ ഡോ. അല്‍ത്താഫ് ആലം അഭിപ്രായപ്പെടുന്നു. ശുദ്ധി, അശുദ്ധി എന്ന സങ്കല്‍പം പല മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ഹിന്ദുക്കള്‍ക്കിടയില്‍ ദളിതുകള്‍ ‘അസ്പൃശ്യര്‍’ എന്നാണ് വിളിക്കപ്പെടുന്നതെങ്കില്‍ മുസ്‌ലിം ദളിതുകള്‍ ‘അര്‍ദല്‍’ (കീഴാളര്‍) എന്നാണ് വിളിക്കപ്പെടുന്നതെന്ന് അലി അന്‍വറിന്റെ ‘മസാവത് കീ ജംഗ്’ (Struggle for equality) എന്ന പുസ്തകത്തില്‍ പറയുന്നു. സയ്യിദ്, ഖാന്‍, ഖുറൈശി, അന്‍സാരി എന്നിങ്ങനെ പല വിഭാഗങ്ങളും മേല്‍ ജാതികള്‍ പോലെ വര്‍ത്തിക്കുന്നു. അതാത് വിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് മാത്രമേ വിവാഹാലോചനകള്‍ പാടുള്ളൂ എന്ന കണിശത പോലും ഉത്തരേന്ത്യയിലെ പല പ്രദേശങ്ങളിലും വെച്ചുപുലര്‍ത്തുന്നു.
പ്രശാന്ത് കെ. ത്രിവേദി, ഫഹീമുദ്ദീന്‍, ശ്രീനിവാസ് ഗോലി, സുരീന്ദര്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ സമീപകാല പഠനത്തില്‍ നിരവധി കാര്യങ്ങള്‍ കണ്ടെത്തുകയുണ്ടായി. അവരുടെ ഗവേഷണ ഫലങ്ങളില്‍ ചിലത് ചുവടെ:
►ഉയര്‍ന്ന വിഭാഗങ്ങളില്‍ നിന്ന് ദളിത് മുസ്‌ലിംകള്‍ക്ക് വിവാഹബന്ധങ്ങള്‍ അനുവദനീയമല്ല
►ദളിതുകള്‍ അല്ലാത്ത മുസ്‌ലിംകള്‍ വിവാഹ വിരുന്നുകള്‍ക്കോ മറ്റ് ആഘോഷങ്ങള്‍ക്കോ ദളിത് മുസ്‌ലിംകളെ ക്ഷണിക്കുകയോ പങ്കെടുപ്പിക്കുകയോ ചെയ്യാറില്ല. ക്ഷണിക്കപ്പെട്ടാല്‍ തന്നെ അവരെ പ്രത്യേക സ്ഥലങ്ങളില്‍ ഇരുത്തിയാണ് ഭക്ഷണം വിളമ്പുന്നത്. ഉയര്‍ന്ന ആളുകള്‍ കഴിച്ചതിന് ശേഷം മാത്രമേ അവര്‍ക്ക് കഴിക്കാന്‍ സാധിക്കുകയുള്ളൂ.
►സ്‌കൂള്‍ ക്ലാസുകളിലും കാന്റീനുകളിലും ദളിത് മുസ്‌ലിം വിദ്യാര്‍ഥികള്‍ വിവേചനം നേരിടുന്നു.
►പൊതു മുസ്‌ലിം ഖബറിസ്ഥാനുകള്‍ ഉപയോഗിക്കാന്‍ ദളിത് മുസ്‌ലിംകള്‍ക്ക് അനുവാദമില്ല. ഖബറിസ്ഥാനുകളുടെ മൂലകളാണ് പൊതുവില്‍ അവര്‍ക്ക് അനുവദിക്കപ്പെടുന്നത്
►മുസ്‌ലിം പള്ളികള്‍ സമത്വത്തിന്റെ കേന്ദ്രങ്ങളാണെങ്കിലും ഇന്ത്യയിലെ അപൂര്‍വം ചില ഭാഗങ്ങളില്‍ ഉയര്‍ന്ന വിഭാഗക്കാരോടൊപ്പം നമസ്‌കരിക്കാന്‍ ദളിത് മുസ്‌ലിംകള്‍ക്ക് സാധിക്കാറില്ല.
►ജോലിസ്ഥലങ്ങളില്‍ അര്‍ഹിച്ച പരിഗണന ലഭിക്കാതിരിക്കുകയും താഴ്ന്ന തരം ജോലികള്‍ക്ക് മാത്രം നിയമിക്കപ്പെടുകയും ചെയ്യുന്നു.
ഇസ്‌ലാമോ മുസ്‌ലിം സമുദായമോ ജാതീയതയെ പ്രോത്സാഹിപ്പിക്കുകയോ മുസ്‌ലിംകള്‍ക്കിടയില്‍ വേര്‍ിതിരിവ് കല്‍പിക്കുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാണ്. എന്നാല്‍ സാമൂഹ്യദൂഷ്യങ്ങള്‍ എല്ലാ മത സമുദായങ്ങളെയും ബാധിച്ചിട്ടുണ്ട്. ഹിന്ദു സമുദായം സതിയില്‍ അഭിരമിച്ചത് പോലെ മുസ്‌ലിം സമുദായം സ്ത്രീധനത്തില്‍ അകപ്പെട്ടിരുന്നു. സമാനമായി, ഹിന്ദു സമുദായത്തിലെ ജാതീയത പോലെ വ്യാപകമായല്ലെങ്കിലും എന്നാല്‍ അത്യന്തം ഭീകരമായി ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയിലും ജാതീയത നിലനില്‍ക്കുന്നു. ക്രിസ്ത്യന്‍, സിഖ് സമൂഹങ്ങള്‍ക്കിടയിലും സമാനമായ സാഹചര്യം നിലവിലുണ്ട്. ഹിന്ദു മതഗ്രന്ഥങ്ങളില്‍ ജാതീയതയുടെയും വര്‍ണാശ്രമ ധര്‍മത്തിന്റെയും വേരുകള്‍ കാണാമെങ്കിലും സമ്പത്തും അധികാരവുമാണ് പലപ്പോഴും മുസ്‌ലിം-ക്രിസ്ത്യന്‍-സിഖ് വിഭാഗങ്ങള്‍ക്കിടയില്‍ അതിന് പ്രേരകമാവുന്നത്.