എന്റെ ഉത്തരമായിരുന്നു ഇസ്‌ലാം

thayyiba-tylor

എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു ഇസ്‌ലാം

എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു ഇസ്‌ലാം   തയ്യിബ ടെയ്‌ലര്‍

ഞാന്‍ ജനിച്ചത് കരീബിയയിലെ ട്രിനിഡാഡിലായിരുന്നു. എന്റെ രക്ഷിതാക്കള്‍ ഇരുവരും ബാര്‍ബഡോസില്‍ നിന്നുമുള്ളവരാണ്. എനിക്ക് ഏഴു വയസ്സുള്ളപ്പോള്‍ എന്റെ പിതാവ് ടെക്‌സാകോയിലേക്ക് സ്ഥലം മാറിയതിനെത്തുടര്‍ന്ന് ഞങ്ങളെല്ലാവരും ടൊറോന്റോയിലേക്ക് മാറി. അതുകൊണ്ട് ഞാന്‍ വളര്‍ന്നത് ടൊറോന്റോയിലാണ്. എന്റെ വിദ്യാഭ്യാസവും അവിടെയായിരുന്നു. ഞാന്‍ പഠിച്ചത് ടൊറോന്റോ യൂണിവേഴ്‌സിറ്റിയിലാണ്.

ഞാന്‍ എപ്പോഴും ജീവിതത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെപ്പറ്റിയും വിശകലനം നടത്തിക്കൊണ്ടിരുന്നു. എന്റെ രക്ഷിതാക്കള്‍ ക്രിസ്തുമത വിശ്വാസികളായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം ചര്‍ച്ചില്‍ പോകുമായിരുന്നു. ത്രിയേകത്വവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായോ ഗണിതപരമായോ എനിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഞാന്‍ ഇതിനെ എപ്പോഴും ചോദ്യംചെയ്യുകയും വിവിധ മതങ്ങളില്‍ അന്വേഷണം നടത്തുകയും ചെയ്തുകൊണ്ടിരുന്നു.

ദൈവം ഉണ്ടോ?
ഞാന്‍ പത്താം ക്ലാസിലായിരുന്നപ്പോള്‍ സിലബസിന്റെ ഭാഗമായി ഞങ്ങള്‍ക്ക് ലോക മതങ്ങളെക്കുറിച്ച് പഠിക്കാനുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഞങ്ങള്‍ പള്ളിയിലേക്ക് പഠന യാത്ര സംഘടിപ്പിക്കുകയുണ്ടായി. പള്ളിയിലെത്തിയപ്പോള്‍ അവിടുത്തെ ബാങ്കു വിളിയും അതിനെത്തുടര്‍ന്നുള്ള നമസ്‌കാരവും എന്നെ അതിയായി ആകര്‍ഷിക്കുകയുണ്ടായി.

മറ്റു വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് മടങ്ങിയപ്പോഴും ഞാന്‍ അവിടെത്തെന്നെ നിന്നു. അവിടെ ഉണ്ടായിരുന്നു ഒരു സ്ത്രീയോട് സംസാരിക്കുകയും മുസ്‌ലിംകളുടെ വിശ്വാസത്തെപ്പറ്റി അവരോട് ചോദിക്കുകയും ചെയ്തു. നിങ്ങള്‍ മുസ്‌ലിമാകണമെന്നാഗ്രഹിക്കുന്ന പക്ഷം ‘ലാഇലാഹ ഇല്ല അല്ലാഹ്, മുഹമ്മദുറസൂലുല്ലാഹ്'(അല്ലാഹു അല്ലാതെ മറ്റൊരു ദൈവവുമില്ല, മുഹമ്മദ് അവന്റെ പ്രവാചകനുമാകുന്നു) എന്ന് പറയണമെന്ന് ആ സ്ത്രീ എന്നോട് പറഞ്ഞു. ഞാന്‍ അപ്പോള്‍ തന്നെ അപ്രകാരം ചെയ്തു. ഇങ്ങനെയാണ് ഞാന്‍ ഔദ്യോഗികമായി മുസ്‌ലിമായിത്തീര്‍ന്നത്.

എന്തു തന്നെയായാലും കുറച്ചു മാസങ്ങള്‍ പിതാവ് എന്നെ പള്ളിയിലേക്ക് കൊണ്ടുപോയി വിട്ടു. ഗവേഷണത്തിന്റെ ഭാഗമായി ചില പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നത്. എന്നാല്‍ ക്രമേണ ഞാന്‍ അത് നിര്‍ത്തി. ഞാന്‍ എന്റെതായ രീതിയില്‍ ഒരു മുസ്‌ലിമാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയയായിരുന്നു. എന്നാല്‍ ഇത് വേണ്ടത്ര വിജയിച്ചിട്ടില്ല.

കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ രണ്ട് മച്ചുനമാര്‍ ഇസ്‌ലാമിലേക്ക് കടന്നു വന്നു. ഈ സമയം ഞാന്‍ ടൊറോന്റോയിലെ യൂണിവേഴ്‌സിറ്റിയിലായിരുന്നു. ഞാന്‍ അപ്പോള്‍ അവിടെ ഭൂരിഭാഗം സമയവും എന്നെപ്പറ്റി തന്നെയുള്ള അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു, ഈ ലോകത്തിലെ എന്റെ സ്ഥാനം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമം, ഞാന്‍ ആരാണെന്ന് നിര്‍വചിക്കാനുള്ള ശ്രമം, സ്രഷ്ടാവും ഞാനും തമ്മിലുള്ള ബന്ധം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമം. അവസാനം ദൈവമില്ല എന്ന തീരുമാനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു.

ഞാന്‍ മൈക്രോ ബയോളജി ലാബില്‍ ക്രോമറ്റോഗ്രഫി(മിശ്രിതങ്ങളെ വേര്‍തിരിക്കുന്നതിനുള്ള ഒരു കൂട്ടം പരീക്ഷണശാലാ സാങ്കേതികവിദ്യയാണിത്)യുമായി ബന്ധപ്പെട്ട് പരീക്ഷണത്തിന് ശേഷം താഴേക്ക് നോക്കിയപ്പോള്‍ ക്ലോറോഫിലിന്റെ വിവിധ നിറ ഭേദങ്ങള്‍ കാണുകയുണ്ടായി. തീര്‍ച്ചയായും ദൈവമുണ്ടെന്ന ഉറച്ച തീരുമാനത്തില്‍ അപ്പോള്‍ ഞാനെത്തി. അത് മഹത്തായ ഒരു ഉള്‍വിളിയായിരുന്നു.  ഇവിടെ ഒരു ദൈവമുണ്ടെങ്കില്‍ ദൈവവവുമായുള്ള എന്റെ ബന്ധത്തെക്കുറിച്ചും എന്താണ് എന്റെ ഉത്തരവാദിത്വമെന്നതിനെക്കുറിച്ചും എനിക്ക് അറിയേണ്ടതുണ്ട് എന്ന് ഞാന്‍ അപ്പോള്‍ ചിന്തിച്ചു.

വിയറ്റ്‌നാമിലേക്കു പോകുന്നതിനു പകരം നിരവധിപ്പേര്‍ കാനഡ തെരഞ്ഞെടുത്തിരുന്ന സന്ദര്‍ഭമായിരുന്നു അത്. അമേരിക്കയില്‍ നിന്നുമുള്ള മുസ്‌ലിംകളും അതിലുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങള്‍  രാഷ്ട്രീയത്തെപ്പറ്റിയും മതത്തെപ്പറ്റിയും ജീവിതത്തെപ്പറ്റിയും അവിടുത്തെ വിദ്യാര്‍ഥി യൂണിയന്റെ ആഭിമുഖ്യത്തില്‍ ശക്തമായ സംവാദം സംഘടിപ്പിക്കുകയുണ്ടായി. ഞാനും അതിന്റെ ഭാഗമായിരുന്നു.

നിങ്ങളെ സ്വയം കണ്ടെത്തുക
സമ്പൂര്‍ണമായ മതത്തെക്കുറിച്ച ഒരു സങ്കല്‍പ്പം എനിക്കുണ്ടായിരുന്നു. അപ്പോഴാണ് ഞാന്‍ ഇസ്‌ലാമിനെക്കുറിച്ച് വീണ്ടും കേള്‍ക്കുന്നത്. ഇതായിരിക്കണം എന്റെ ആത്മീയ പാതയെന്ന് അപ്പോള്‍ ഞാന്‍ തീരുമാനിച്ചു.

നേഷണ്‍ ഓഫ് ഇസ്‌ലാം എന്നില്‍ ഒട്ടും താല്‍പര്യം ഉണ്ടാക്കുകയുണ്ടായില്ല. ഭൂരിപക്ഷം വെള്ളക്കാരായ സ്‌കൂളിലാണ് ഞാന്‍ വളര്‍ന്നു വന്നതെങ്കിലും അവിടെ എനിക്ക് വംശീയതയുടെ അനുഭവങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. ആ സ്‌കൂളില്‍ ഞാനും മറ്റൊരു കുടുംബവും മാത്രമായിരന്നു കറുത്ത നിറമുള്ളവരായിട്ടുണ്ടായിരുന്നത്.

വളരെയധികം രാഷ്ട്രീയ പരിജ്ഞാനവും അവബോധവുമുള്ള ആളുകായിരുന്നെങ്കിലും അവര്‍ സംവാദത്തില്‍ കേന്ദ്രീകരിച്ചിരുന്നത് ആത്മീയ ബോധം എന്നതിലായിരുന്നു. ഞാന്‍ അന്വേഷിച്ചു കൊണ്ടിരുന്നത് കേവലം ആന്തരികവും ആത്മീയവുമായ സമാധാനത്തിനുവേണ്ടിയുള്ള ഒരു വഴി  മാത്രമായിരുന്നില്ല. മറിച്ച്  ഇതോടൊപ്പം തന്നെ ഇസ്‌ലാമിലൂടെ എനിക്ക് കിട്ടിയ ക്രമവും വ്യവസ്ഥയും ആത്മ നിയന്ത്രണവുമായിരുന്നു ഞാന്‍ തേടിരുന്നത്.

60കളുടെ അന്ത്യം സാമൂഹിക കോളിളക്കത്തിന്റെ കാലമായിരുന്നു. ഈ സമയം ഓരോരുത്തരം സ്വന്തം നിലക്ക് പ്രവര്‍ത്തിച്ചു. എന്നാല്‍ ഞാന്‍ അസ്തിത്വത്തെപ്പറ്റിയുള്ള അന്വേഷണത്തിലായിരുന്നു. ജീവിതത്തിന് ഒരു ഘടനവേണമെന്നും ഇസ്‌ലാമിന് തീര്‍ച്ചയായും അത് നല്‍കാന്‍ കഴിയുമെന്നും എനിക്ക് ശരിക്കും തോന്നി

ഞാന്‍ ടൊറോന്റോ യൂണിവേഴ്‌സിറ്റിയിലെ പഠനം ഉപേക്ഷിച്ച് ബാര്‍ബഡോസിലേക്ക് തിരിച്ചുപോയി. എന്റെ മാതാപിതാക്കള്‍ അവിടെ ഉണ്ടായിരുന്ന അവരുടെ വീടുകള്‍ അവിടെത്തന്നെ നിലനിര്‍ത്തിയിരുന്നു. ചിലപ്പോഴെല്ലാം ശൈത്യകാല അവധി സമയത്ത് ഞാന്‍ അവിടെ പോവുകയും ചെയ്തിരുന്നു. വേര്‍പിരിയലിന്റെ ഈ സന്ദര്‍ഭത്തില്‍ ഒരു മാറ്റം ആവശ്യമാണെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാല്‍ ഏതു തരത്തിലുള്ള മാറ്റമാണ് എന്നില്‍ സംഭവിക്കുന്നത് എന്ന് തീര്‍ച്ചയില്ലായിരുന്നു. അങ്ങനെ ഞാന്‍ എന്നെത്തെന്നെ കണ്ടെത്താന്‍ തീരുമാനിച്ചു, ബാര്‍ബഡോസിലേക്ക് പോവുകയും നിരവധി മാസങ്ങള്‍ അവിടെ ചെലവഴിക്കുകയും ചെയ്തു. ഒരു മുസ്‌ലിമാകാന്‍ ഞാന്‍ തീരുമാനിച്ചു. അതുകൊണ്ടു തന്നെ  ഞാന്‍ തിരികെ വന്നപ്പോള്‍, ടൊറോന്റോയില്‍ നിന്നും പോയതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥയായ ഒരു വ്യക്തിയായിട്ടായിരുന്നു ഞാന്‍ തിരികെ വന്നത്.

വ്യത്യസ്ത കാര്യങ്ങള്‍ ചെയ്തുകൊണ്ട് കൗമാര പ്രായം മുതല്‍ ശരിക്കും ഞാന്‍ എന്റെ രക്ഷിതാക്കളുടെ ക്ഷമ പരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതുപോലെയുള്ള മറ്റൊരു ഘട്ടം മാത്രമായിട്ടായിരുന്നു അവര്‍ക്ക് ഇത് തോന്നിയിരുന്നത്. അതുകൊണ്ട് തന്നെ അവര്‍ എല്ലാവരും പറഞ്ഞു. ഇത് പ്രശ്‌നമല്ല കാരണം അവള്‍ ഇതില്‍ നിന്നും മറ്റൊരു ഘട്ടത്തിലേക്ക് വരുന്നതുവരെയും നമുക്ക് കാത്തിരിക്കാം എന്ന്.

എന്നാല്‍ എന്നില്‍ ദൃഢമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത് എന്ന യാഥാര്‍ഥ്യം അവര്‍ തിരിച്ചറിഞ്ഞ സന്ദര്‍ഭത്തില്‍ അവരുടെ പാരമ്പരാഗത മതം ഞാന്‍ തെരഞ്ഞെടുക്കാതുകൊണ്ട് അവര്‍ ദുഖിക്കുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഞാന്‍ ഒരു മതം തെരഞ്ഞെടുത്തെല്ലോ എന്നതില്‍ അവര്‍ സന്തോഷിക്കുകയായിരുന്നു.

ഞാന്‍ മുസ്‌ലിമായതിനു ശേഷം കുറച്ചു കാനഡക്കാര്‍ മാത്രമാണ് ഇസ്‌ലാം ആശ്ലേഷിച്ചവരായി ഉണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ എന്റെ കസിനായിരുന്നു. അവള്‍ വിവാഹം കഴിച്ചത് ബിലാല്‍ ഫിലിപ്പ്‌സിനെയായിരുന്നു. ശൈഖ് അബ്ദുല്ല ഹക്കീം എന്നൊരാളും അവിടെയുണ്ടായിരുന്നു. ഞങ്ങള്‍ വളരെ ചെറിയ സമുദായമായിരുന്നു. ഞങ്ങള്‍ ഇസ്‌ലാമിനെക്കുറിച്ച് സംവാദവും ചര്‍ച്ചകളും നടത്തി. ഇസ്‌ലാമിന്റെ സാരാംശം ലഭിക്കണമെങ്കില്‍ ഖുര്‍ആന്‍ തങ്ങളുടെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ അറബി അറിഞ്ഞിരിക്കണമെന്ന് അവര്‍ മനസ്സിലാക്കി. കാരണം നിങ്ങള്‍ക്ക് അറബി അറിയില്ലെങ്കില്‍ നിങ്ങള്‍ മറ്റാളുകളുടെ വ്യാഖ്യാനങ്ങള്‍ ആശ്രയിക്കേണ്ടി വരും. അങ്ങനെ അവര്‍ അതിനുവേണ്ടി മദീനയിലേക്ക് പോയി.

അബ്ദുറഹ്മാന്റെയും അദ്ദേഹത്തിന്റെ ഭാര്യ മറിയത്തിന്റെതുമായിരുന്നു അവിടെയുണ്ടായിരുന്ന മറ്റൊരു കുടുംബം. അബ്ദുറഹ്മാന്‍ ബര്‍മുഡയില്‍ നിന്നുള്ളയാളും മറിയം ആഗ്‌ളോ കനേഡിയക്കാരിയുമായിരുന്നു. അവര്‍ ഇരുവരും മക്കയിലേക്ക് പോവുകയുണ്ടായി. അവിടെ ഉണ്ടായിരുന്ന മറ്റൊരു കുടുംബം വാന്‍കോവറിലേക്കും പോയി. അതുകൊണ്ട് തന്നെ ഞാന്‍ അവിടെ തനിച്ചായിരുന്നു.

ഞാന്‍ ഒരു അമേരിക്കകാരനെ വിവാഹം ചെയ്യുകയും ഹൗസ്ടണിലേക്ക് മാറുകയും ചെയ്തു. അദ്ദേഹം നാഷണല്‍ ബാസ്‌ക്കറ്റ് ബാള്‍ അസോസിയഷനില്‍ കളിച്ചിരുന്നു. ബാസ്‌ക്കറ്റ് ബാള്‍ മത്സരം സംഘടിപ്പിക്കുന്നതിനു വേണ്ടി സൗദിയിലേക്ക് അദ്ദേഹം ക്ഷണിക്കപ്പെടുകയുണ്ടായി. ഇത് ഞങ്ങള്‍ക്ക് അറബി പഠിക്കാനുള്ള ഒരു സുവര്‍ണ അവസരം കൂടിയായിരുന്നു. അദ്ദേഹം യൂണിവേഴ്‌സിറ്റിയിലെ കോച്ചായി പ്രവര്‍ത്തിച്ചപ്പോള്‍ ഞാന്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആനില്‍ ചേര്‍ന്നു. എനിക്ക് അവിടെ നിന്നും വേഗത്തില്‍ ഖുര്‍ആനും അറബിയും ഇസ്‌ലാമിക് മത മീമാംസയും പഠിക്കാന്‍ കഴിഞ്ഞു. ടൊറോന്റോയില്‍ നിന്നുമുള്ള എന്റെ സുഹൃത്തുക്കളുമായി ഞാന്‍ പുനസംഗമിച്ചു.

അസിസ മാഗസിന്‍
90 കളുടെ ആദ്യത്തില്‍ അമേരിക്കയിലെ മുസ്‌ലിം സ്ത്രീകളുടെ സമ്മേളനത്തിലേക്ക് ഞാന്‍ ക്ഷണിക്കപ്പെടുകയുണ്ടായി. ആ സമ്മേളനത്തില്‍ നിരവധി വിദ്യാസമ്പന്നരായ സ്ത്രീകള്‍ സംബന്ധിക്കുകയുണ്ടായി. ഇത് എന്നെ ഏറെ ആവേശഭരിതമാക്കി. ഇവിടെ സംബന്ധിച്ച എല്ലാവര്‍ക്കും അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കാനുണ്ടാകുമെന്നും അതുകൊണ്ട് നമുക്കൊരു മാഗസിന്‍ ആവശ്യമാണെന്നും ഞാന്‍ അവരോട് പറഞ്ഞു. എനിക്ക് ഒരു മാഗസിനുണ്ടെന്നും എട്ട് പേജുള്ള പത്രിക ഫോട്ടോകോപ്പി എടുത്തു വിതരണം ചെയ്യുന്ന രീതിയിലുള്ളതാണിതെന്നും സദസ്സില്‍ നിന്നും ഒരാള്‍ പറയുകയുണ്ടായി. അപ്പോള്‍ ഞാന്‍ പറഞ്ഞു അതു പോരാ, നമുക്ക് യഥാര്‍ഥ ഒരു മാഗസിന്‍ തന്നെ വേണം.

ഈ സമയത്ത് ഞാന്‍ സിയറ്റലായിരുന്നു താമസിച്ചത്. സമ്മേളനം നടന്നത് ചിക്കാഗോയിലുമായിരുന്നു. എന്റെ വീട്ടിലേക്കുള്ള യാത്രക്കിടയില്‍ വിമാനത്തില്‍ വെച്ച്് എന്റെ കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്തുക്കളോട് മുസ്‌ലിം സ്ത്രീകള്‍ക്ക് ഒരു മാഗസിന്‍ വേണമെന്ന കാര്യം ഞാന്‍ പറഞ്ഞു. നിങ്ങള്‍ അതിന് മുന്‍കൈ എടുക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്ന് അവര്‍ എന്നോട് പറഞ്ഞു. അതെ ഞാന്‍ തയ്യാര്‍ ഞാന്‍ അവരോട് പറഞ്ഞു.

ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടിലിരുന്ന് അതിന്റെ രൂപരേഖ എഴുതി തയ്യാറാക്കുകയും അതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. അതായിരുന്നു അടിസ്ഥാനപരമായി ഇതിന്റെ തുടക്കം. ഞാന്‍ ഇതിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് പിന്നിലേക്ക്് ചിന്തിച്ചു, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ടൊറോന്റോയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍, അവിടെ ഉണ്ടായിരുന്ന പാഠ പുസ്തകങ്ങളിലോ,മാധ്യമങ്ങളിലോ, പരസ്യങ്ങളിലോ കറുത്തവരെ ഉള്‍പ്പെടുത്തിയതായി ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല.

12ാം വയസ്സില്‍ ഞാന്‍ എന്റെ ഒരു അമ്മായിയുടെ വീട്ടില്‍ പോയപ്പോള്‍ അവിടെ മേശപ്പുറത്ത് ഒരു മാഗസിന്‍ കണ്ട കാര്യം ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. ഞാന്‍ അത് എടുത്ത് മറിച്ചു നോക്കിയപ്പോള്‍, അധികാരത്തിന്റെ ഭാഗമായിട്ടുള്ള കറുത്തവരെയും സമൂഹത്തിനു വേണ്ടി ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന കറുത്തവരെയും ഞാന്‍ കണ്ടു. നമുക്കൊരു പ്രശനവും ഇല്ല എന്ന സ്വയം മൂല്ല്യനിര്‍ണ്ണയത്തിനുള്ള ഒരു അവസരമായിരുന്നു അത്.

എന്റെ പിതാവ് ഒരു കെമിക്കല്‍ എഞ്ചിനീയര്‍ ആയിരുന്നെങ്കിലും, ഞങ്ങളുടെ കുടുംബത്തില്‍ ഡോക്ടര്‍മാരും അഭിഭാഷകരും ഉണ്ടായിരുന്നെങ്കിലും എനിക്ക് അവരുടെ ഉദ്യോഗങ്ങളെപ്പറ്റി അറിയാമായിരുന്നെങ്കിലും എന്റെയുള്ളില്‍ വിങ്ങല്‍ ഉണ്ടായിക്കൊണ്ടിരുന്നു.

‘അസിസ മാഗസിന്‍’ അതിന്റെ തുടക്കത്തില്‍ ചെയ്തത് സ്ത്രീകളുടെ അസ്തിത്വം ഉയര്‍ത്തിപ്പിടിക്കുക എന്നതായിരുന്നു. സ്ത്രീകളെ മാധ്യമങ്ങളില്‍ ക്രിയാത്മകമായി ചിത്രീകരിക്കുന്നത് ആദ്യമായിട്ടായിരുന്നു.

കുടുംബത്തില്‍ സ്ത്രീകള്‍ക്ക് സമാധാനപരമായി ജീവിക്കാനുള്ള അവകാശം, സ്ത്രീകള്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം ഇവയാണ് ഇവിടെ അവകാശങ്ങളില്‍ മര്‍മ്മപ്രധാനം. മുസ്‌ലിം സ്ത്രീകള്‍ക്ക് ആത്മീയവും സാമൂഹികവും, ബൗദ്ധികവുമായ സ്വയം പര്യാപ്തതയുണ്ടോ ഇല്ലെയോ? ഈ ചോദ്യത്തിന് നിങ്ങള്‍ മറുപടി നല്‍കുകയാണെങ്കില്‍ എല്ലാം പ്രതിബന്ധങ്ങളും മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മുഴുവന്‍ സ്ഥലങ്ങളിലെയും എല്ലാ കാലത്തേയും സകല മനുഷ്യര്‍ക്കും ആത്മീയ സമാധാനത്തിനുവേണ്ടിയുള്ള സന്ദേശമാണ് ഇസ്‌ലാം എന്നതാണ് നിങ്ങളുടെ വിവരണമെങ്കില്‍ തീര്‍ച്ചയായും അതില്‍ സ്ത്രീകളും ഉള്‍പ്പെടും.  വിവ: റഈസ്.ഇ.കെ

Related Post