പ്രണയം മിഥ്യയുമാണ്

Originally posted 2015-03-02 10:37:59.

love

love in islam

പ്രണയം – എല്ലായിടത്തും ചര്‍ച്ചക്ക് വിഷയീഭവിച്ച, ഹരമേകുന്ന മധുരവാക്കാണ് ഇത്. ഒരു നിലക്കും മിഥ്യയായി ഭവിക്കാത്ത നിരുപാധിക യാഥാര്‍ത്ഥ്യമാണ് അതെന്ന് ലോകം ധരിച്ചുവശായിരിക്കുന്നു. എന്നാല്‍ പ്രണയം എന്ന ആശയത്തിന് അത് അര്‍ഹിക്കുന്നതിനേക്കാള്‍ വലിയ പരിഗണ നല്‍കിയിരിക്കുന്നുവെന്ന് ബോധ്യപ്പെടുന്നത് മരണം പോലെയുള്ള മറ്റ് ചില യാഥാര്‍ത്ഥ്യങ്ങളുമായി അതിനെ താരതമ്യം ചെയ്യുമ്പോഴാണ്.

മനുഷ്യന്‍ മിഥ്യയെന്നോണം അവഗണിച്ച ഏറ്റവും വലിയ യാഥാര്‍ത്ഥ്യമാണ് മരണം. മരണത്തേക്കാള്‍ സംഭവിക്കുമെന്ന് ഉറപ്പുള്ള മറ്റൊരു കാര്യവും ഈ ലോകത്തില്ല. എന്നിട്ടും നാം മരിക്കാനുള്ളവരാണെന്ന കാര്യത്തെപ്പറ്റി ചിന്തിക്കാറില്ല. അഥവാ അങ്ങനെയൊരു ചിന്ത മനസ്സിലേക്ക് കടന്നുവന്നാല്‍ തന്നെ അതിനെ നാം തട്ടിമാറ്റുകയാണ് ചെയ്യുക.

ഇതിന് വിപരീതമാണ് പ്രണയത്തിന്റെ കാര്യം. ഭാവനകളാല്‍ അലങ്കരിക്കപ്പെട്ട, തെറ്റിദ്ധാരണയാല്‍ പര്‍വതീകരിക്കപ്പെട്ട, സങ്കല്‍പങ്ങളാല്‍ രൂപം നല്‍കപ്പെട്ട, വികാരങ്ങള്‍ തിളച്ചുകൊണ്ടിരിക്കുന്ന ആശയമാണ് അത്. എന്നിട്ടും അത് കത്തിജ്ജ്വലിക്കുകയും അണയുകയും ചൂടാകുകയും തണുക്കുകയും ചെയ്യുന്നു. ഇപ്രകാരം മാറിമറിയുന്ന അവസ്ഥയോടൊപ്പം തന്നെ അതൊരു വലിയ തെറ്റിദ്ധാരണയോ, വ്യാമോഹമോ ആയി മാറിയിരിക്കുന്നു. എന്നിട്ടും വളരെ ആദരവോടെ, വിധേയത്വത്തോടെ, പവിത്രതയോടെ ഒക്കെയാണ് നാം അതിനെ കൈകാര്യം ചെയ്യുന്നത്.

മേല്‍വിവരിച്ച ഈ വൈരുധ്യം നമ്മെ ബോധവാനാക്കാന്‍ പര്യാപ്തമാണ്. നാം നമ്മുടെ വിവേകം വീണ്ടെടുത്ത് യാഥാര്‍ഥ്യബോധത്തോടെ ജീവിക്കേണ്ടതുണ്ട്. ഈ വൈരുധ്യത്തിന്റെ അടിസ്ഥാന കാരണം കാര്യങ്ങളെ വിലയിരുത്തുന്നതില്‍ നമുക്കുപറ്റിയ പിശകാണ്. നമ്മുടെ കണ്ണില്‍പെടുന്ന സൗന്ദര്യത്തെയും, മനോഹാരിതയെയും അതിന്റെ ആളിലേക്ക് ചേര്‍ത്തുവെക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പ്രസ്തുത വ്യക്തി ആ സൗന്ദര്യത്തിന്റെ ഉടമയോ, സ്രഷ്ടാവോ അല്ലല്ലോ. ഏതെങ്കിലും സ്ത്രീക്ക് തന്റെ സൗന്ദര്യം ഉടമപ്പെടുത്താന്‍ സാധിച്ചിരുന്നുവെങ്കില്‍ അവള്‍ എന്നെന്നും സുന്ദരിയായേനെ. പക്ഷേ സൗന്ദര്യം അനശ്വരമല്ല. മറിച്ച് നിര്‍ണിതമായ അവധി വെച്ച് അല്ലാഹു നല്‍കിയ സമ്മാനം മാത്രമാണ് അത്. അവന്‍ നല്‍കിയ കടം തിരിച്ചുകൊടുക്കാന്‍ നാം ബാധ്യസ്ഥരാണ്.

നാം പ്രേമിക്കുന്ന, കൊതിക്കുന്ന എല്ലാ കാര്യങ്ങളും ഇപ്രകാരം തന്നെയാണ്. അല്ലാഹു നല്‍കിയ കേവലം സമ്മാനങ്ങള്‍ മാത്രം. അവനാണ് യഥാര്‍ത്ഥത്തില്‍ അവയുടെ ഉടമ. നാം അവനില്‍ നിന്ന് അവയെല്ലാം കടമെടുത്തവര്‍ മാത്രമാണ്. പക്ഷേ സൗന്ദര്യത്തെ പ്രണയിക്കുന്ന കണ്ണുകള്‍ക്ക് സങ്കല്‍പങ്ങളില്‍ പിഴക്കുന്നു. അവ സൗന്ദര്യത്തെ അതിന്റെ വക്താവിലേക്ക് ചേര്‍ക്കുന്നു. സൗന്ദര്യത്തിന്റെ ഉടമക്ക് കീഴൊതുങ്ങുന്നു. പ്രസ്തുത മിഥ്യാധാരണയില്‍ ജീവിക്കുകയും പെട്ടെന്നൊരു നാള്‍ ബോധമുണരുമ്പോള്‍ വേദനിക്കുകയും ഖേദിക്കുകയും, പ്രയാസപ്പെടുകയും ചെയ്യുന്നു. പക്ഷെ അധികം താമസിയാതെ അടുത്ത അബദ്ധത്തില്‍ അത് അകപ്പെടുകയും ചെയ്യും.

നമ്മിലധികപേരും പെട്ടുപോകുന്ന അശ്രദ്ധയാണിത്. ചില നിമിഷങ്ങളില്‍ നാം ഉണരുമെങ്കിലും വീണ്ടും മയക്കത്തിലേക്ക് തന്നെ വഴുതി വീഴുന്നു. മഹാന്മാരായ പ്രവാചകന്മാരും, അതിഭക്തരായ ദാസന്മാരും മാത്രമെ ഈ പരീക്ഷണത്തില്‍ വിജയം കണ്ടിട്ടുള്ളൂ. അവര്‍ എവിടെയും അല്ലാഹുവിന്റെ മുഖം മാത്രം കാണുന്നവരാണ്. അല്ലാഹ്… അല്ലാഹ് എന്ന മന്ത്രമായിരിക്കും എപ്പോഴും അവരുടെ മനസ്സിലുണ്ടാവുക. കണ്ണഞ്ചിപ്പിക്കുന്ന ബാഹ്യമോടികളിലേക്കല്ല യാഥാര്‍ത്ഥ്യങ്ങളിലേക്കായിരിക്കും അവര്‍ ശ്രദ്ധപതിപ്പിക്കുക. എല്ലാറ്റിലും അല്ലാഹുവിനെ ദര്‍ശിക്കുന്നവരാണ് അവര്‍.

പക്ഷെ ഇത്തരക്കാര്‍ വൈഢൂര്യം എപ്രകാരം അപൂര്‍വമാണോ അപ്രകാരമേ ഉണ്ടായിരിക്കുകയുള്ളൂ. പതിനായിരംപേരെയെടുത്താല്‍ അതില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഇവര്‍ ഉണ്ടാവുകയുള്ളൂ. മറ്റുള്ളവരെല്ലാം തീര്‍ത്തും അബോധാവസ്ഥയിലായിരിക്കും. അതില്‍ നിന്ന് അവരുടെ വിജ്ഞാനമോ, സംസ്‌കാരമോ, ഡോക്ടറേറ്റോ, അംഗീകാരങ്ങളോ അവരെ രക്ഷപ്പെടുത്തുകയില്ല. അവയെല്ലാം അവരുടെ അശ്രദ്ധയെ അധികരിപ്പിക്കുന്ന കവാടങ്ങള്‍ മാത്രമാണ്. ആഗ്രഹപൂര്‍ത്തീകരണത്തിനായി തന്റെ വിജ്ഞാനത്തെ പണയപ്പെടുത്തിയ, ബുദ്ധിയെ അടിമപ്പെടുത്തിയ പണ്ഡിതന്മാരെ നാം കാണുന്നത് അതുകൊണ്ടാണ്.

ഇത്തരം അശ്രദ്ധയിലും, അബോധാവസ്ഥയിലുമായി ജീവിതം കഴിഞ്ഞു കൊണ്ടേയിരിക്കുന്നു. മിഥ്യാധാരണകളില്‍ നിന്നും മിഥ്യാധാരണകളിലേക്കും, വഞ്ചനയില്‍ നിന്നും വഞ്ചനയിലേക്കും ചുവടുവെച്ചുകൊണ്ടേയിരിക്കുന്നു. ദാഹം മാറാന്‍ ഉപ്പുവെള്ളം കുടിക്കുന്നവരെപ്പോലെയാണ് ഇവര്‍. വെള്ളം കൂടുതല്‍ കുടിക്കുന്തോറും ദാഹം കൂടിക്കൊണ്ടേയിരിക്കും. അവര്‍ക്ക് ശാന്തതയോ, സമാധാനമോ ലഭിക്കുന്നില്ല. മറിച്ച് അസ്വസ്ഥതയില്‍ നിന്നും കൂടുതല്‍ അസ്വസ്ഥതകളിലേക്കും, സംഘര്‍ഷത്തില്‍ നിന്ന് സംഘര്‍ഷങ്ങളിലേക്കും അവര്‍ ആപതിച്ചുകാണ്ടേയിരിക്കും.

Related Post