പ്രായമായ രക്ഷിതാക്കള്‍ മക്കളുടെ സ്വര്‍ഗ്ഗ-നരകങ്ങള്‍ നിശ്ചയിക്കും

പ്രായമായ രക്ഷിതാക്കള്‍ മക്കളുടെ സ്വര്‍ഗ്ഗ-നരകങ്ങള്‍ നിശ്ചയിക്കും

പ്രായമായ രക്ഷിതാക്കള്‍ മക്കളുടെ സ്വര്‍ഗ്ഗ-നരകങ്ങള്‍ നിശ്ചയിക്കും

മക്കളെയും പേരക്കുട്ടികളെയും ഒന്നിച്ചു കാണണമെന്ന് അബുക്കയുടെ വലിയ ആഗ്രഹമായിരുന്നു. അസുഖമായി കിടക്കുമ്പോള്‍ അദ്ദേഹം ഈ വിവരം പലവുരി അവരെ അറിയിച്ചിരുന്നു. സമയമില്ല, അവധിയില്ല, കുട്ടികളുടെ പഠനം എന്നൊക്കെ കാരണം പറഞ്ഞു പലരും മാറി നിന്നു. അബുക്കയെ പരിചരിക്കല്‍ ഭാര്യ ഖദീജയുടെ മാത്രം ജോലിയായി. അവശതകള്‍ ആരെയും അറിയിക്കാതെ അവര്‍ അതേറ്റെടുത്തു. ആ ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചു കൊണ്ടാണ് അബുക്ക കണ്ണടച്ചത്. വിവരമറിയിച്ചപ്പോള്‍ ഞങ്ങള്‍ വന്നിട്ട് മയ്യിത്ത് എടുത്താല്‍ മതി എന്നായി മക്കളും പേര മക്കളും. ജീവിച്ചിരിക്കുമ്പോള്‍ കാണാന്‍ ആളില്ലാത്ത അബുക്ക മരണപ്പെട്ടതിനു ശേഷം മക്കളെ കാത്തു കിടന്നു. ഇന്ന് വീട് മുഴുവന്‍ ആളുകളാണ്. മരണം ഒരാഘോഷമായി മാറുന്ന കാഴ്ചയാണ് നാട്ടുകാര്‍ക്ക് ബോധ്യമായത്.

മരണം ഒരു ആഘോഷമായി മാറുന്ന കാഴ്ച ഇന്ന് അപൂര്‍വമല്ല. പലപ്പോഴും വിവാഹ വീടും മരണ വീടും തമ്മില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ജീവിച്ചിരിക്കുന്ന മാതാപിതാക്കളെ കാണാന്‍ സമയം കിട്ടാത്ത മക്കള്‍ക്ക് ബാപ്പയും ഉമ്മയും മരിച്ചാല്‍ താമസിക്കാന്‍ ധാരാളം സമയം കാണും. ജീവിച്ചിരിക്കുമ്പോഴാണ് ഒരാള്‍ക്ക് മറ്റൊരാളുടെ സഹായം ആവശ്യമായി വരിക. മരണം ഇന്ന് ചിലവേറിയ കാര്യമായി മാറിയിരിക്കുന്നു. മരണ വീട്ടില്‍ നടന്നു വരുന്ന പുതിയ കണ്ടുപിടുത്തമായ ദിക്ര്‍ സദസ്സുകള്‍ അതിന്റെ തെളിവാണ്. ജീവിച്ചിരിക്കുന്ന മാതാപിതാക്കള്‍ക്ക് മാന്യമായി ചികിത്സ നല്‍കാന്‍ പോലും തയ്യാറാകാത്ത പലരും മരണപ്പെട്ട ഉപ്പാക്ക് വേണ്ടി ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ മുമ്പിലാണ്. അല്ലെങ്കില്‍ സമൂഹം എന്ത് കരുതും എന്നതാണു കാര്യം. പൗരോഹിത്യം സമുദായത്തില്‍ ഏതു രീതിയിലൊക്കെ പിടിമുറുക്കിയിരിക്കുന്നു എന്ന് മനസ്സിലാക്കാനും ഇത് സഹായിക്കും.

തന്റെ മരണപ്പെട്ടുപോയ രക്ഷിതാക്കള്‍ക്ക് വേണ്ടി പ്രവാചകന്‍ കല്‍പ്പിച്ചത് ചെറിയ കാര്യങ്ങള്‍ മാത്രമാണ്. അവര്‍ക്ക് വേണ്ടി നമസ്‌കരിക്കുക, പാപമോചനം നടത്തുക, അവരുടെ കരാറുകള്‍ പൂര്‍ത്തിയാക്കുക, അവരിലൂടെ നിലനില്‍ക്കുന്ന ബന്ധങ്ങള്‍ നിലനിര്‍ത്തുക, അവരുടെ സുഹൃത്തുക്കളുമായുള്ള ബന്ധങ്ങളും നില നിര്‍ത്തുക തുടങ്ങിയവയാണ് പ്രവാചകന്‍ എണ്ണിപ്പറഞ്ഞത്. നീയും നിന്റെ ധനവും നിന്റെ പിതാവിന്റെതാണ് എന്നൊരു പ്രവാചക വചനമുണ്ട്. അതിനാല്‍ മക്കളുടെ പ്രവര്‍ത്തനത്തിന്റെ നന്മയുടെ ഒരു വശം മാതാപിതാക്കള്‍ക് ലഭിക്കുക എന്നത് സാധാരണയാണ്. ഇന്നത്തെ രീതിയില്‍ അടിയന്തിര മാമാങ്കത്തിനു പ്രവാചകനില്‍ ഒരു മാതൃകയും നാം കാണുന്നില്ല. ഒന്നുകില്‍ സഹാബികള്‍ മരണപ്പെട്ട സമയത്ത് ഇന്ന് കാണുന്ന രീതിയിലുള്ള കാര്യങ്ങള്‍ പ്രവാചകന്‍ കാണിച്ചു തരണം. അല്ലെങ്കില്‍ പ്രവാചകന്‍ മരിച്ചപ്പോള്‍ സഹാബികള്‍ അങ്ങിനെ ചെയ്തതായി കാണണം. ഇത് രണ്ടുമില്ല എന്നാണു നമ്മുടെ അറിവ്. എല്ലാം സാമ്പത്തികം എന്നിടത്ത് മരണവും ഒരു സാമ്പത്തിക സ്രോതസ്സായി മാറുന്നു.

മരണവീടുകളില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം അനുവദിച്ചിട്ടുണ്ട്. മൂന്നു ദിവസത്തില്‍ കൂടുതല്‍ അതൊരു ആചാരമായി കൊണ്ട് നടക്കാന്‍ ഇസ്ലാം ആഗ്രഹിക്കുന്നില്ല. അതെ സമയം ബന്ധുക്കളുടെ മരണം കൊണ്ട് മറ്റു പല സമുദായങ്ങളും ആചരിച്ചു വരുന്ന ദുഃഖം ഇന്ന് മുസ്ലിം സമുദായത്തിലും കണ്ടു വരുന്നു. പല വീടുകളിലും ഇന്ന് പ്രായമായ രക്ഷിതാക്കള്‍ മാത്രമാവുന്നു. ഒരിക്കല്‍ തനിക്കും സംഭവിക്കാന്‍ പോകുന്ന അവസ്ഥ പലരും സൗകര്യപൂര്‍വ്വം മറക്കുന്നു.

പ്രായമായ രക്ഷിതാക്കള്‍ മക്കളുടെ സ്വര്‍ഗ്ഗവും നരകവും നിശ്ചയിക്കും എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ത. പിതാവിനെയും മാതാവിനെയും എത്ര തൃപ്തികരമായി ശുശ്രൂഷിച്ചു എന്നതാണ് കാര്യം. അതിലാണ് അല്ലാഹുവിന്റെ തൃപ്തി. ജനത്തെ തൃപ്തിപ്പെടുത്താന്‍ കാട്ടിക്കൂട്ടുന്ന മാമാങ്കങ്ങള്‍ കൊണ്ട് ഒരു ഗുണവും ലഭിക്കാന്‍ പോകുന്നില്ല എന്നുറപ്പാണ്.

Related Post