മരണവും പ്രപഞ്ചനാശവും

Originally posted 2017-09-11 09:48:55.

മരണവും പ്രപഞ്ചനാശവും: വേദങ്ങളിലൂടെ

പൗരാണികകാലം മുതല്‍ക്കുതന്നെ മരണ-മരണാനന്തര ജീവിതസംബന്ധമായ അന്വേഷണം ആരംഭിച്ചിരുന്നതായിക്കാണാം. പല പൗരാണികമതങ്ങളിലും സംസ്‌കാരങ്ങളിലും ഈ അന്വേഷണത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞ നിറംപിടിപ്പിച്ച സങ്കല്‍പങ്ങള്‍ നിലനിന്നിരുന്നതായി മനസ്സിലാക്കാന്‍ കഴിയും. പൗരാണിക ഗ്രീക്ക് സംസ്‌കാരം ഹോമറിക്, പ്ലാറ്റോണിക് എന്നീ രണ്ട് പ്രബല ആശയങ്ങളുടെ സാന്നിധ്യത്തില്‍ പുഷ്ടി പ്രാപിച്ചു വന്നിട്ടുളളതാണ്. ഗ്രീക്ക് ദൈവസങ്കല്‍പ്പം മുഖ്യമായും കേന്ദ്രീകരിച്ചിരുന്നത് Zeus, Heza, Poseidon, Hade ദേവന്മാരെ ചുറ്റിപ്പറ്റിയായിരുന്നു. ദൈവങ്ങള്‍ക്ക് മരണമില്ല, മനുഷ്യര്‍ക്ക് മാത്രമേ അതുള്ളൂവെന്ന വിശ്വാസംതുടങ്ങിയവ അക്കാലഘട്ടത്തില്‍ രൂഢമായി നിലനിന്നിരുന്നതായി കാണാം. ദൈവത്തിന്  മരണമില്ലെന്നവിശ്വാസം ശക്തമായിരിക്കെത്തന്നെ, മരണാനന്തരജീവിത ചിന്തയിലേക്ക് ചിറകു വിരിച്ചുപറന്നവരും ഇല്ലാതില്ല.

മരണാനന്തരം, ആത്മാവ് നിരന്തരജീവിതത്തിനായി പുതിയ രൂപഭേദങ്ങള്‍ കൈകൊള്ളുന്നുവെന്ന ചിന്തയുടെ സ്ഫുരണവും പ്രതിഫലനവും തന്നെയാണ് ഹോമറിന്റെ  ഇലിയഡ്, ഒഡീസി എന്നീ രചനകളില്‍ തെളിഞ്ഞുകാണുന്നത്. ഹോമര്‍ വിഭാവനം ചെയ്ത മരണാനന്തര ചിന്തയിലെ മനുഷ്യന്‍, ജീവിച്ചിരുന്ന മനുഷ്യന്റെ ആത്മാവിന്റെയും മനസ്സിന്റെയും നിഴല്‍പറ്റിയുള്ള ഒരേകദേശ രൂപമായിരുന്നു. എന്നിരുന്നാലും ദൈവം അനശ്വരനാണെന്ന് വിശ്വസിച്ച ഹോമര്‍, മനുഷ്യന് മരണാനന്തര ജീവിതമുണ്ടെന്ന് ദൃഢതയോടെ പ്രസ്താവിക്കാന്‍ വൈമനസ്യം കാട്ടുകയാണുണ്ടായത്.
ദൈവത്തിന് മാത്രമേ അനശ്വരതയുള്ളൂവെന്ന ഹോമറിന്റെ ധാരണയെ പ്ലാറ്റോ നിരാകരിച്ചു. മനുഷ്യനും അനശ്വരതയുണ്ടെന്ന ആശയം അദ്ദേഹം മുന്നോട്ടുവെച്ചു. ശരീരമാത്രപ്രസക്തമല്ല മനുഷ്യനെന്നും, മനുഷ്യനെന്നാല്‍ അവന്റെ ആത്മാവാണെന്നും പ്ലാറ്റോ വാദിച്ചു. ഹോമറിന്റെയും പ്ലാറ്റോയുടെയും ആശയങ്ങള്‍ പുലര്‍ത്തുന്ന വിഭിന്നത മൂന്നു വിധമാണ്.

(1) മനുഷ്യന്റെ മരണാനന്തരജീവിതത്തെപറ്റി ഹോമര്‍ അവ്യക്ത നിലപാടെടുക്കുമ്പോള്‍, പ്ലാറ്റോ മരണാനന്തര മനുഷ്യജീവിതം സ്ഥാപിക്കുന്നു.
(2) പ്ലാറ്റോ മനുഷ്യനെ തിരിച്ചറിയുന്നത് ശാരീരികകവചത്തിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ആത്മാവിലൂടെയാണ്. അതേ സമയം, അത്രയും വ്യക്തമായ ധാരണ ഹോമറിനുണ്ടായിരുന്നില്ല.
(3) ഹോമറിനെപ്പോലെ, മരണാനന്തര മനുഷ്യജീവിതം നിസ്സാരവല്‍കരിച്ചല്ല; മറിച്ച് ഭൂമിയിലെ ജീവിതത്തെക്കാള്‍ ഔന്നത്യം പുലര്‍ത്തുന്ന രീതിയിലാണ് പ്ലാറ്റോ വിഭാവനം ചെയ്തത്്.
മരണാനന്തര ജീവിതത്തെപ്പറ്റി ഗ്രീക്ക് ചിന്തകളിലെ പൊതുവായ ഘടകം വ്യക്തിഗത അനശ്വരതയാണ്. അതേ സമയം, ഇതില്‍ നിന്ന് വ്യത്യസ്തമായ മരണാനന്തര ചിന്താസരണിയും നിലനിന്നിരുന്നതായി കാണാം. ഹിന്ദുമതം (വേദോപനിഷത്തുക്കള്‍) മുന്നോട്ടുവെച്ചത് ആത്മാവിന്റെ പരകായ പ്രവേശനമാണ്. ബുദ്ധമതം ആത്മാവിനെ നിരാകരിച്ചു തള്ളി, ജൈനമതം തത്ത്വത്തില്‍ ആത്മാവിനെ അംഗീകരിച്ചെങ്കിലും, മരണാനന്തര ജീവിതമുണ്ടെന്ന് ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. ക്രിസ്തുമതം ശരീരത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ അധിഷ്ഠിതമായ മരണാനന്തരജീവിതത്തില്‍ കാലുറപ്പിച്ചു നിന്നു. ക്രിസ്തുവിന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഫാര്‍സികളുടെ വിശ്വാസവും ഇതുതന്നെയായിരുന്നു. എന്നാല്‍, ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് ആത്മീയശരീരമാണെന്ന വിവക്ഷയാണ് ബൈബിള്‍ നല്‍കുന്നത്.
”വിതക്കപ്പെടുന്നത് ഭൗതിക ശരീരം, പുനര്‍ജീവിക്കുന്നത്, ആത്മീയ ശരീരം.(1-കോറിന്തോസ് 15:44)

വിവിധ മതങ്ങള്‍ മുന്നോട്ടുവെക്കുന്ന മരണാനന്തര ജീവിത സംബന്ധമായ നിഗമനങ്ങള്‍ വിശകലന വിധേയമാക്കുമ്പോള്‍ മൂന്നു കാര്യങ്ങള്‍ വ്യക്തമാക്കുന്നു.
(1) ഭൗതിക ശരീരത്തില്‍നിന്ന് മരണത്തോടെ വിടവാങ്ങുന്ന ആത്മാവിന്റെ അസ്തിത്വം.
(2) ആത്മാവിന്റെ പുനര്‍ജന്മം. (Reincarnation)
(3) ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന ആത്മാവിന്റെ കൂടിച്ചേരല്‍.
ഇവയില്‍ പുനര്‍ജന്മസങ്കല്‍പം മുഖ്യമായും ഇന്ത്യയിലും നേപ്പാളിലും, ശാരീരിക മരണത്തെ ആത്മാവ് അതിജീവിക്കുന്നുവെന്ന പ്ലാറ്റോനിക് വാദവും ക്രിസ്തുമതം മുന്നോട്ടുവെച്ച ഉയിര്‍ത്തെഴുന്നേല്‍പ്പും പല പാശ്ചാത്യന്‍ രാജ്യങ്ങളിലും നിലനില്‍ക്കുന്നു. എന്നാല്‍, മരണാനന്തര ജീവിതത്തെ വ്യക്തമായും ശക്തമായും അവതരിപ്പിക്കുന്നത് ഇസ്‌ലാമാണ്. മനുഷ്യ ജീവിതം മരണത്തോടെ അവസാനിക്കുന്നില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ അസന്ദിഗ്ധമായി ഉല്‍ബോധിപ്പിക്കുന്നു. മരണാനന്തര ബര്‍സഖീജീവിതവും (23: 99-100), തുടര്‍ന്ന് എല്ലാ ആത്മാവുകളും പുനരുജ്ജീവിക്കപ്പെട്ട് രക്ഷിതാവിങ്കലേക്ക് മടങ്ങുന്നതും, വളരെ സ്പഷ്ടമായിതന്നെ ഖുര്‍ആന്‍ മനസ്സിലാക്കിത്തരുന്നുണ്ട്.(6: 36, 22:7, 58:6,83:4-6) ഈയവസരത്തില്‍ മരണത്തെപ്പറ്റി ചിന്തിക്കുന്നതും മനസ്സിലാക്കാന്‍ ശ്രമിക്കുന്നതും വിജ്ഞാനപ്രദമായിരിക്കുമെന്ന് കരുതുന്നു.

എന്താണ് മരണം?
മരണം ആസ്വദിച്ചറിയാത്ത ശരീരം ഉണ്ടാവുകയില്ലെന്നും അത് അനിവാര്യമായ വിധിയാണെന്നും വിശുദ്ധ ഖുര്‍ആന്‍ ഉല്‍ബോധിപ്പിക്കുന്നു(3:185, 56:60). ഹൃദയമിടിപ്പ് നിലയ്ക്കുന്നതോ അതോമസ്തിഷ്‌ക പ്രവര്‍ത്തനമില്ലാതാകുന്നതാണോ മരണം ? ഹൃദയമിടിപ്പ് നിലയ്ക്കുന്നതിനെ അവലംബമാക്കി മരണസ്ഥിരീകരണം നടത്തുന്നവരുണ്ട്. അതേ സമയം, പല പ്രഗത്ഭഡോക്ടര്‍മാരും, നിയമജ്ഞരും മസ്തിഷ്‌ക പ്രവര്‍ത്തനം നിശ്ചലമാകുന്നത്, അതായത് Electro Encephalo Gram  ഒരു പ്രവര്‍ത്തനവും വ്യക്തമായി കാണിക്കാത്ത സമയമാണ് മരണ സ്ഥിരീകരണത്തിന് അവലംബമാക്കുന്നത്. ഇവ്വിധം ഒരു വ്യക്തി മരിച്ചതായിപ്രഖ്യാപിക്കാന്‍ കഴിയുമെങ്കിലും, ഈ അവസരത്തിലും അയാളുടെ ശരീരത്തില്‍ ചൂട് തങ്ങി നില്‍ക്കാനോ, ഒതു മെക്കാനിക്കല്‍ വെന്റിലേറ്ററിന്റെ സഹായത്താല്‍ ഹൃദയമിടിപ്പ് കുറച്ച് ആഴ്ചത്തേക്ക് നിലനിര്‍ത്താനോ സാധിച്ചുവെന്നുംവരാം. ഹൃദയമിടിപ്പും ശ്വാസോച്ഛാസവും തലച്ചോറിന്റെ പ്രവര്‍ത്തനവും നിശ്ചലമാകുന്നതോടെ ശാരീരിക മരണം(Brain death) സംഭവിക്കുന്നുണ്ടെങ്കിലും, തലച്ചോറിലെ കോശങ്ങള്‍ അഞ്ച് മിനിറ്റും, വൃക്കകള്‍ അരമണിക്കൂറും പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, മസ്തിഷ്‌ക്കമരണം അവലംബമാക്കുന്നത് നിയമാനുസൃതമരണ സ്ഥിരീകരണത്തില്‍ പ്രശ്‌നങ്ങളുടെ നൂലാമാലകളുയര്‍ത്തുന്നതും കണ്ടുവരുന്നുണ്ട്. അതുകൊണ്ടാവാം, മുസ്‌ലിം രാജ്യങ്ങളില്‍ മസ്തിഷ്‌ക്കമരണം വൈദ്യശാസ്ത്രപരമായും, നിയമപരമായും അംഗീകരിക്കപ്പെടാത്തത്. ഇസ്‌ലാമിക ജൂറികള്‍ അഭിപ്രായപ്പെടുന്നതെന്തെന്നാല്‍, വെന്റിലേറ്ററിന്റെ സഹായത്താല്‍ ശ്വാസം താല്‍ക്കാലികമായി നില നിര്‍ത്തുന്നതുകൊണ്ടോ, ശരീര ഊഷ്മാവ് പാടെ വിട്ടുമാറിയിട്ടില്ല എന്നതുകൊണ്ടോ, മൃതശരീരമായി പരിഗണിക്കപ്പെടാവുന്നതല്ലായെന്നാണ്.

മരണ സ്ഥിരീകരണത്തെപ്പറ്റി വ്യത്യസ്ത വാദങ്ങള്‍ ഉയരുമ്പോഴും, ജീവനെപ്പറ്റി പലകാര്യങ്ങളും ഇനിയും വെളിച്ചംകാണേണ്ടതായിട്ടുള്ളപ്പോഴും സുനിശ്ചിതമായ ഒരു പരമാര്‍ഥം നിലനില്‍ക്കുന്നു. ഓരോ മനുഷ്യന്റെ മേലും രേഖപ്പെടുത്തപ്പെട്ട മരണം, ഏതുസമയത്തും എവിടെവെച്ചും സംഭവിക്കുമെന്ന പരമാര്‍ഥം. മനുഷ്യരാശിക്ക് മാത്രമല്ല, ജിന്നുകളും മരണത്തെ രുചിച്ചറിയുമെന്ന് ഖുര്‍ആന്‍ ഉല്‍ബോധിപ്പിക്കുന്നു. (46:18) മനുഷ്യരാശിയിലെ ഓരോ വ്യക്തിയും രുചിച്ചറിയുന്ന മരണം, ജീവിത ത്തിന്റെ അവസാനമല്ല; മറിച്ച് ഒരു ഘട്ടം മാത്രമാണ്. നിത്യവാസത്തിലേക്കുള്ള ആദ്യപടിയാ യ അനിവാര്യഘട്ടം. ഈ ഘട്ടത്തില്‍ ശരീരത്തിലെ   ക്രോമസോമിന്റെ ഡി.എന്‍.എ യിലെ ഓര്‍മ്മയുടെ തന്മാത്രയില്‍ ബന്ധിപ്പിക്കപ്പെട്ട എല്ലാ  കഴിഞ്ഞകാല കാര്യങ്ങളും ഓര്‍ത്തുകൊണ്ടും, അതിന്റെ രേഖകളുമായാണ് ഹാജരാകുന്നതെന്നും നാം ഭയപ്പെടേണ്ട യാഥാര്‍ഥ്യം തന്നെയാണ്.
മനുഷ്യരാശിയുടെ ശാശ്വത ജീവിതത്തിന് മരണത്തിലൂടെ അവസരമൊരുക്കുന്ന സൃഷ്ടികര്‍ത്താവ്, പ്രപഞ്ചത്തിനും അന്ത്യം കല്‍പിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെയും ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ അതും പരിശോധിക്കാം.

സൂര്യന്‍: സൂര്യന്‍ തീക്ഷ്ണ ഗ്യാസ് കൊണ്ട് ക്രമപ്പെടുത്തിയതും, ന്യൂക്ലിയര്‍ റിയാക്ഷന്റെ ഫലമായി ഇലക്‌ട്രോ മാഗ്നറ്റിക് റേഡിയേഷന്‍ വെളിയിലേക്ക് പ്രസാരണം ചെയ്തുകൊണ്ടിരിക്കുന്നതും നാം പഠിച്ചിട്ടുള്ളതാണല്ലോ? സൂര്യന്റെ എഴുപത് ശതമാനത്തില്‍ കൂടുതല്‍ ഹൈഡ്രജനും, ഇരുപത്തഞ്ച് ശതമാനം ഹീലിയവും കൂടാതെ ചെറുശതമാനം മറ്റുഘന മൂലകങ്ങളുമാണെന്നും നമുക്കറിയാം. സൂര്യന്‍ തന്റെ ദീര്‍ഘയാത്രയില്‍ ധാരാളം ഹൈഡ്രജന്‍ ചിലവഴിച്ചിട്ടുണ്ട്. ഇങ്ങനെ, ഹൈഡ്രജന്‍ ചിലവഴിച്ചത് മൂലമുണ്ടാകുന്ന, ഹൈഡ്രജന്റെ വറ്റിവരള്‍ച്ച സൂര്യനെ ഭീമാകൃതിയുള്ള നക്ഷത്രമായി രൂപാന്തരപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രമതം. ഈ രൂപാന്തരം ഹീലിയം എരിഞ്ഞുകൊണ്ടുള്ള (helium-burning) ന്യൂക്ലിയര്‍ റിയാക്ഷനുകള്‍ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന ഭീമാകൃതിയുള്ള നക്ഷത്രമായി സൂര്യനെ നീണ്ടകാലം നിര്‍ത്താനും പിന്നീട് വെളുത്ത കുള്ളന്‍ നക്ഷത്രമായി (Dwarf star) ഭൂമിയുടെയത്ര വലുപ്പത്തിലേക്ക് ചുരുങ്ങാനും ക്രമേണ തണുക്കാനും ഇടവരുത്തിയേക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

അതേ സമയം, വരാനിരിക്കുന്ന ബില്യന്‍ കണക്കിന് വര്‍ഷങ്ങളുടെ കാലപ്പഴക്ക പ്രക്രിയകളാല്‍  സൂര്യന്‍ ചുമന്ന നിറം പൂണ്ട് വികസിക്കാനും ഉപരിതലം ഭൂമിയോട് വളരെ അടുക്കാനും തന്മൂലം ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് നാശം സംഭവിക്കാനും സാധ്യതയുള്ളതായും കണക്കാക്കപ്പെട്ടിരിക്കുന്നു. ഊഷ്മാവ് വര്‍ദ്ധിക്കുന്നതിനാല്‍ ഭൂമിയില്‍ കൂടുതല്‍ നിര്‍ജലീകരണത്തിനും സാധ്യതയുണ്ട്. സൂര്യന്‍ കൂടുതല്‍ ഭൂമിയോട് അടുക്കുന്നതോടെ ഊക്കേറിയ ഗുരുത്വാകര്‍ഷണ ശക്തിപ്രഭാവ(Gravitational Force)ത്താല്‍ ചന്ദ്രന്‍ ചെറിയ കഷ്ണങ്ങളായി പൊട്ടിത്തെറിക്കാനും, കടല്‍ തിളച്ചുമറിയാനും ഇടയാകും. വരാനിരിക്കുന്ന വളരെ അപകടസാധ്യതയുള്ള ഈ അവസ്ഥ സംബന്ധിച്ചുള്ള മുന്നറിയിപ്പായി ”സമുദ്രങ്ങള്‍ തിളച്ചുമറിയുമ്പോള്‍” എന്ന ഖുര്‍ആന്‍ വചനം (81:6) മനസ്സിലാക്കാം. അതിനുശേഷം സൂര്യന്‍ അതിതീക്ഷ്ണമായ ചുമപ്പ് നിറത്തോടുകൂടി ഭീമാകൃതിപൂണ്ട് പൊട്ടിത്തെറിക്കാനും അതിന്റെ അവശിഷ്ടങ്ങള്‍ ബഹിരാകാശത്തിലേക്ക് തുളച്ചുകയറാനും സാധ്യതയുണ്ടെന്നും ശാസ്ത്രം പറയുന്നു. തന്നെയുമല്ല,

ന്യൂക്ലിയര്‍ ദ്രാവകം തീരുന്നതോടെ, സൂര്യന്റെ തകര്‍ന്നുവീഴല്‍ ആരംഭിക്കുമെന്നും, അവസാനം അതൊരു വെളുത്തനിറത്തോടെ കുള്ളന്‍ ആകൃതിയായി സങ്കോചിച്ച് ചുരുളുകളായിത്തീരാനിടയുണ്ടെന്നും ശാസ്ത്രം അവകാശപ്പെടുന്നു. ഈ അവസ്ഥയാണ് ”സൂര്യന്‍ ചുറ്റിപൊതിയുമ്പോള്‍ (അതായത് കെട്ടടങ്ങി പ്രകാശ രഹിതമാകുമ്പോള്‍) എന്ന ഖുര്‍ആന്‍ വചനം (81:1) സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാകുന്നു. ഇതേ തുടര്‍ന്നുണ്ടാകാന്‍ ഇടയുള്ള സംഭ്രമാത്മകമായ അവസ്ഥകളെയാണ് ”നക്ഷ്ത്രങ്ങള്‍ ഉതിര്‍ന്നുവീഴുമ്പോള്‍” (81:2), ”എന്നാല്‍ കണ്ണഞ്ചിപ്പോകുകയും, ചന്ദ്രന് ഗ്രഹണം സംഭവിക്കുകയും സൂര്യനും ചന്ദ്രനും ഒരുമിച്ച് കൂട്ടപ്പെടുകയും ചെയ്താല്‍” (75:7-9) എന്നീ വചനങ്ങളിലൂടെ മനസ്സിലാക്കപ്പെടുന്നത്. അപ്പോള്‍ സൂര്യന്റെ നാശം ഗവേഷണപരീക്ഷണങ്ങളാല്‍ ഗണിച്ചെടുക്കുന്നതിന് സഹായകമാകുന്നില്ലേ ഈ ഖുര്‍ആന്‍ സൂചനകള്‍.

ചന്ദ്രന്‍: ഇനി ചന്ദ്രന്റെ പതനം ഏതു വിധമാണെന്ന് പരിശോധിക്കാം. ചന്ദ്രന്‍ ഭൂമിയോട് അടുത്തുവരുമ്പോള്‍ ഭീമാകാര തിരകള്‍ കടലിലുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രം പറയുന്നു. നൂഹ് നബിയുടെ കാലത്തുണ്ടായ പര്‍വ്വതസമാനമായ തിരമാലകള്‍ അല്ലാഹുവിന്റെ ആജ്ഞയാല്‍ ചന്ദ്രന്‍ ഭൂമിയുടെ നേരെ പാഞ്ഞടുത്തതിന്റെയോ, ഏതെങ്കിലും നക്ഷത്രത്തിന്റെ ശക്തമായ കാന്തികഫോഴ്‌സിനാല്‍ ചന്ദ്രന്‍ ഭൂമിയോട് ഒരേറ്റുമുട്ടലിന്റെ പാതയിലേക്ക് വന്നതിനാലോ ഉണ്ടായതായിരിക്കാം. അത് പോലെ ചന്ദ്രന്‍ ഭൂമിയെ തൊട്ടുരുമ്മുന്ന നിലവരുമ്പോള്‍ അത് പിളരും പോലെ പ്രത്യക്ഷപ്പെടും. ഈ അവസ്ഥയാണ് ” ആകാശം പൊട്ടിപ്പിളരുമ്പോള്‍, നക്ഷത്രങ്ങള്‍ കൊഴിഞ്ഞുവീഴുമ്പോള്‍” (ഖു: 82:1-2) എന്ന വചനങ്ങളിലൂടെ നമ്മുടെ ചിന്തക്ക് വിഷയമാക്കിത്തരുന്നത്. ശാസ്ത്ര സത്യങ്ങള്‍ ഖുര്‍ആനുമായി എത്രകണ്ട് തോളുരുമ്മിയാണ് നിലകൊള്ളുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്.
ഭൂമി: ബൗദ്ധിക ജീവിതത്തെ തുണക്കുന്ന സാഹചര്യങ്ങള്‍ ഭൂമിയിലാണല്ലോ ഉള്ളത്. ഇതര ഗ്രഹങ്ങളിലെ ജീവജാലങ്ങളെപ്പറ്റിയുള്ള അറിവും വിശദവിവരവും (ഖു: 42:29) അതിവിദൂരമല്ലാത്ത കാലയളവിനുള്ളില്‍ ഗ്രഹിച്ചെടുക്കാനും കണ്ടുപിടിക്കാനും കഴിയുമായിരിക്കും. ഭൂമിയുടെ ഉത്ഭവത്തിന് ഏതാണ്ട് അഞ്ച് ബില്യണ്‍ വര്‍ഷം കാലപഴക്കമുള്ളതായാണ് ശാസ്ത്രനിഗമനം. ഭൂമി അതിന്റെ ഉത്ഭവകാലത്ത് ഏക ജാതീയമായതും താരതമ്യേന തണുത്ത ഭാഗത്തോടുകൂടിയതുമായിരുന്നിരിക്കാം. തദ്പ്രവര്‍ത്തനത്തിന്റെ (Radio Activity) ഫലമായി ഭൂമി ചൂടാകാനിടവരുകയും, ഒരു ബില്യണ്‍ വര്‍ഷത്തിനുള്ളിലോ അതില്‍ കുറഞ്ഞ കാലഘട്ടത്തിലോ അതിന്റെ ഊഷ്മാവ് ഇരുമ്പിന്റെ ദ്രവണാങ്കത്തില്‍ (Melting Point) എത്തുകയും ചെയ്തിരിക്കാം, ഭൂമി ഒരു വലിയ മാഗ്നറ്റ് പോലെയാണെങ്കിലും, അതിന്റെ മാഗ്നറ്റിക് ധ്രുവം ഒരിക്കലും ഭൂഗോള ധ്രുവവുമായി ബന്ധപ്പെടുന്നില്ല. താഴെ പറയുന്ന അവസ്ഥകള്‍ക്ക് ഭൂമി ഇരയാകാന്‍ സാധ്യതയുണ്ട്.

(1) ഭൂമിയെ നക്ഷത്രമോ, ഗ്രഹമോ, വാല്‍ നക്ഷത്രമോ, ആസ്റ്റെറോയിഡോ(ക്ഷുദ്രഗ്രഹങ്ങള്‍), ഉല്‍ക്കാശിലകളോ ഇടിക്കാം.
(2) കൂട്ടിയിടിക്കപ്പെടുന്ന രണ്ടു നക്ഷത്രങ്ങള്‍ക്കിടയില്‍പെട്ട് ഭൂമി ഞെരുങ്ങി ഞെരുങ്ങി തികച്ചും പരപ്പായി (Flattened) തീരാം. (വിശുദ്ധ ഖുര്‍ആനിലെ ആകാശം പിളരുന്നതിനെയും, ഭൂമി നീട്ടപ്പെടുന്നതിനെയും, അതിനുള്ളിലുള്ളത് പുറത്തേക്കിടുകയും, കാലിയാക്കുകയും ചെയ്യുന്നതിനെക്കുറിച്ച സൂചനകള്‍ (84:3-5) പ്രപഞ്ചനാശത്തോടനുബന്ധമായി ഭൂമിക്ക് സംഭവിക്കാവുന്ന അവസ്ഥകളെ ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ളതുതന്നെയാണ്.
(3) നക്ഷത്രങ്ങള്‍ അതിശക്തമായി കൂട്ടിയിടിക്കപ്പെടുന്നതിനാല്‍ ബഹിരാകാശത്തിലേക്ക് എറിയപ്പെടുന്ന അവയുടെ മുറിഞ്ഞ ശകലങ്ങള്‍ ഭൂമിയിലേക്ക് ചൂടുള്ള മഴപോലെ വര്‍ഷിക്കുകവഴി കടല്‍ തിളക്കുവാനും, ജീവജാലങ്ങള്‍ നശിക്കാനും ഇടയായേക്കും.”ആകാശം പൊട്ടിപ്പിളരുമ്പോള്‍, നക്ഷത്രങ്ങള്‍കൊഴിഞ്ഞു വീഴുമ്പോള്‍, സമുദ്രങ്ങള്‍പൊട്ടി ഒഴിക്കപ്പെടുമ്പോള്‍,(82:1-3) എന്ന ഖുര്‍ആന്‍ വചനം ഇതിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍, ഖുര്‍ആന്‍ വചനങ്ങളുടെ അര്‍ഥ തീക്ഷ്ണത നമ്മില്‍ വിഭ്രാന്തിപരത്തിയാല്‍ അതിശയിക്കേണ്ടതില്ല.

(4) ഒരു വലിയ നക്ഷത്രം ഒരു ഗ്രഹത്തെ, അതിന്റെ ഭ്രമണപഥത്തിന്റെ പുറത്തേക്ക് ഇടിച്ചു മാറ്റുക വഴി ഭൂമിയുമായി അത് കൂട്ടിമുട്ടാനിടവരുകയോ, അതല്ലെങ്കില്‍ പ്രസ്തുത നക്ഷത്രം തന്നെ ഭൂമിയുമായി കൂട്ടിമുട്ടുകയോ ചെയ്‌തേക്കാം. വരാനിരിക്കുന്ന ഈ സംഭവങ്ങളുടെ തുടര്‍ച്ചയെയാണ്:
(എ) ”ഭൂമി പ്രകമ്പനംകൊള്ളിക്കപ്പെട്ടാല്‍, അതിന്റെ ഭാരങ്ങള്‍ പുറന്തള്ളുകയും ചെയ്താല്‍”(99:1-2).
(ബി) ”ഭൂമിയും പര്‍വ്വതങ്ങളും വിറകൊള്ളുകയും പര്‍വ്വതങ്ങള്‍ഒലിച്ചുപോകുന്ന മണല്‍പോലെയാവുകയും ചെയ്യുന്ന ദിവസത്തില്‍”(73:14)
(സി) ”ഭൂമി കിടുകിടാ വിറപ്പിക്കപ്പെടുകയും, പര്‍വ്വതങ്ങള്‍ ഇടിച്ചുപൊടിയാക്കപ്പെടുകയും അങ്ങനെയത് പാറിപ്പറക്കുന്ന ധൂളിയായിത്തീരുകയും.”(56: 4-6)
(ഡി) ”ആകാശം ശക്തിയായി പ്രകമ്പനം കൊള്ളുകയും, പര്‍വ്വതങ്ങള്‍ (അവയുടെ സ്ഥാനങ്ങളില്‍ നിന്ന്) നീങ്ങി സഞ്ചരിക്കുകയും ചെയ്യുന്ന ദിവസം”.(52:9-10)
(ഇ) ”നക്ഷത്രങ്ങളുടെ പ്രകാശം മറയ്ക്കപ്പെടുകയും, ആകാശം പിളര്‍ത്തപ്പടുകയും, പര്‍വ്വതങ്ങള്‍പൊടിക്കപ്പെടുകയും”(77:8-10)
എന്നീ വചനങ്ങളിലൂടെ വിശുദ്ധ ഖുര്‍ആന്‍ നമ്മെയുണര്‍ത്തുന്നത്.

(5) ഭൂമി ഒരു ആഹമരസ വീഹല ലേക്ക് വലിച്ചെടുക്കപ്പെട്ടേക്കാം. (ആഹമരസ വീഹല എന്നത് ഒരു വലിയ നക്ഷത്രമായിരുന്നു. പിന്നീട് അത് വികസിച്ചും സാന്ദ്രമായ പിണ്ഡമായും തണുത്തുറഞ്ഞു. അതിന്റെ ഗുരുത്വാകര്‍ഷണ മണ്ഡലം വളരെ ശക്തമാകയാല്‍ പ്രകാശരശ്മികളെപ്പോലും ആകര്‍ഷിക്കാനും വിഴുങ്ങാനും സാധിക്കുന്നു. അതിനാലാണ് ആകാശത്തില്‍ കറുത്ത പ്രതലങ്ങള്‍ കാഴ്ചവെച്ചുകൊണ്ട് അവ പ്രത്യക്ഷപ്പെടുന്നത്.) ഒരു ആഹമരസ വീഹല ഭൂമിയോടടുത്താല്‍ അതിന്റെ ഗുതുത്വാകര്‍ഷണ ശേഷിയാല്‍ ഭൂമിയെ വിഴുങ്ങുകയോ, (വലിച്ചെടുക്കുകയോ) പൊടിയാക്കുകയോ ചെയ്‌തേക്കാം. സംഭവിക്കാന്‍ സാധ്യതയുള്ള സംഭ്രാന്തിജനകമായ ഈ അവസ്ഥയെപറ്റി ”ഭൂമിപൊടിയായിപൊടിക്കപ്പെടുകയും” (89:21) എന്ന വചനത്തിലൂടെ ഖുര്‍ആന്‍ മുന്നറിയിപ്പ് തരുന്നു.
ഭൂമി അഭിമുഖീകരിച്ചേക്കാവുന്ന നാശത്തിന്റെ ആഴം എത്രയെന്ന് കണ്ടുപിടിക്കാന്‍, ഊണും ഉറക്കവുമുപേക്ഷിച്ച് വര്‍ഷങ്ങളോളം ഗവേഷണ പരീക്ഷണങ്ങള്‍ ശാസ്ത്രജ്ഞന്മാര്‍ നടത്തേണ്ടതായി വന്നു. എന്നാല്‍, മനുഷ്യരാശിയെ ഭൗതികവും ആത്മീയവുമായ ഇവ്വിഷയങ്ങളില്‍ ബോധവല്‍ക്കരിക്കാന്‍ ഖുര്‍ആന്‍ നല്‍കുന്ന സൂചനകളിലേക്ക് നമ്മുടെ അവബോധം നമ്മെ നയിക്കുമ്പോള്‍ സ്രഷ്ടാവിനോടുള്ള ഭയഭക്തിയാല്‍ നാഢീഞരമ്പുകള്‍ പോലും വിജൃംഭിതമാവും.

അഗ്നിപര്‍വതങ്ങള്‍
അഗ്നിപര്‍വതവാതകങ്ങളില്‍ കാര്‍ബണ്‍ഡയോക്‌സൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ്, ഹൈഡ്രജന്‍ ക്ലോറൈഡ്, ഹൈഡ്രജന്‍ ഫ്‌ളൂറൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, കൂടാതെ ജലബാഷ്പവും അടങ്ങിയിരിക്കുന്നുവെന്ന് പഠിച്ചിട്ടുള്ളതാണല്ലോ? അഗ്നിപര്‍വ്വതങ്ങള്‍ ഈ വാതകങ്ങള്‍ ട്രോപ്പോസ്ഫിയറിലേക്കും (ഭൗമോപരിതലത്തില്‍ നിന്ന് 15 കി.മീ.റോളം വരെയുള്ള അന്തരീക്ഷ പാളി) സ്ട്രാറ്റോസ്ഫിയറിലേക്കും (അന്തരീക്ഷത്തിലെ ഊര്‍ദ്ധഭാഗം അല്ലെങ്കില്‍ ബഹിരാകാശം) പുറന്തള്ളിക്കൊണ്ടിരിക്കുന്നതായും നാം മനസ്സിലാക്കിയിട്ടുണ്ട്. 1986 ആഗസ്റ്റ് 21ന് വെസ്റ്റ് ആഫ്രിക്കയിലെ കാമറൂണില്‍ സ്ഥിതിചെയ്തിരുന്ന ഘമസല ച്യീ െല്‍ നിന്ന് പുറന്തള്ളപ്പെടാനിടയായ വാതകത്താല്‍ ഏതാണ്ട് 1700 ആളുകള്‍ കൊല്ലപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നു.
ഭൂകമ്പകങ്ങളുണ്ടാകാനും അഗ്നിപര്‍തങ്ങള്‍ കാരണമായിത്തീരാറുണ്ട്. ‘മുര്‍സലാത്ത്’ അധ്യായത്തില്‍ സൂചിപ്പിച്ചിട്ടുള്ള വലിയ കെട്ടിടങ്ങള്‍പോലെ ഉയരമുള്ളതും ഒട്ടകകൂട്ടങ്ങളെപ്പോലെയുള്ളതുമായ തീപ്പൊരി, മനുഷ്യരില്‍ ഒരു വിഭാഗം നിരാകരിച്ചു തള്ളുന്ന നരകത്തെകുറിച്ചാണെങ്കിലും, അതില്‍ അഗ്നിപര്‍വതങ്ങളെപ്പറ്റിയുള്ള വ്യക്തമായ സൂചനകൂടി അടങ്ങിയിട്ടുണ്ടെന്ന് നമ്മുടെ അവബോധം ഉരുവിടുന്നില്ലേ? അന്ത്യനാളില്‍ പര്‍വതങ്ങള്‍ പാറിപ്പറക്കുമെന്ന സൂചനയും ഉണ്ടല്ലോ? തന്നെയുമല്ല; അഗ്നിപര്‍വതങ്ങളില്‍ നിന്ന് നിഷ്‌ക്രമിക്കുന്ന ഏറ്റവും മാരകവും നാശോന്മുഖവുമായ തിളച്ചുമറിയുന്ന ലാവയെ വീടുകളുടെ മേല്‍കൂരകളെയും മരങ്ങളെയും നിലം പരിശാക്കുന്ന അവയുടെ തീഷ്ണചാരവും തീജ്വാലകളെയും ഭീമന്‍ പാറകല്ലുകളെയുമാണ് ഈ വചനം ഓര്‍മ്മപ്പെടുത്തുന്നത്.

ഭൂമിയുടെ ധ്രുവത്വത്തിന്റെ വിപര്യാസം
ഭൂമിയുടെ കാന്തമണ്ഡലം വിപര്യാസത്തിന് വിധേയമാകും. അതിന്റെ ഫലമായി ഉത്തര ദക്ഷിണ ധ്രുവങ്ങള്‍ പരസ്പരം മാറിയേക്കാം. ഭൂമി ഇഹീരസ ംശലെ ആയി കറങ്ങുകയാണെങ്കില്‍ അത് നിലയ്ക്കാനും അിശേ ഇഹീരസ ംശലെ ആകാനും സാധ്യതയുണ്ട്. വിപര്യാസ പരിവൃത്തിയുടെ മധ്യദിശയില്‍ ഭൂമിയുടെ കാന്തമണ്ഡലം  ഇല്ലാതാകുവാനിടവരുന്നതിനാല്‍, ജീവജാലങ്ങള്‍ക്ക് നാശം സംഭവിക്കും. ഇവ്വിധം, ഭൂമിയുടെ കാന്തമണ്ഡലത്തിന്റെ വിപര്യാസം മൂലം ഉണ്ടായേക്കാവുന്ന ധ്രുവമാറ്റങ്ങളുടെ ഫലമായി സൂര്യന്‍ പടിഞ്ഞാറ് ഉദിക്കാന്‍ ഇടയാവുകയും ചെയ്യും. ഈ അവസ്ഥയെപ്പറ്റി അല്ലാഹു അറിയിച്ചുകൊടുത്ത പ്രകാരം നബി നടത്തിയ പ്രവചനമാണ്.

അത്യുഗ്രപ്രകാശമുള്ള നക്ഷത്രം (SuperNova):
Nova (നോവ) എന്ന പദം കൊണ്ടുദ്ദേശ്യം പുതിയ നക്ഷത്രമെന്നാണ്. ഒരു വര്‍ഷത്തില്‍ ഒരു ഡസനോ അതിലധികമോ നോവകള്‍ ക്ഷീരപഥത്തില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്. സ്‌ഫോടന സമാനമായ രീതിയില്‍ വളരെയധികം വാതകം പുറന്തള്ളുന്നതിനാലാണ് നോവ ഇത്രയും ശോഭയുള്ളതാകുന്നത്. ഇവ്വിധം പുറന്തള്ളപ്പെടുന്ന വാതകത്തില്‍ അപകടകാരികളായ വൈദ്യുതകാന്ത അലകളുടെ കിരണപ്രസരണം അടങ്ങിയിട്ടുണ്ട്.
സൂപ്പര്‍ നോവയെന്നാല്‍, സൂര്യനേക്കാള്‍ പതിന്മടങ്ങ് ശക്തിയോടെ നടക്കാവുന്ന നക്ഷത്രസ്‌ഫോടനമാണ്. അതാവട്ടെ, കൂടുതല്‍ അപകടകരവും അപൂര്‍വമായി സംഭവിക്കുന്നതുമാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ ഏതാണ്ട് ഇരുപത്തിമൂന്ന് ദിവസം പകല്‍ വെളിച്ചത്തില്‍ പോലും ദൃശ്യമാവുന്ന വിധം സൂപ്പര്‍നോവ പ്രത്യക്ഷപ്പെട്ടിരുന്നതായി രേഖപ്പെടുത്തിക്കാണുന്നു. ഒരു സൂപ്പര്‍നോവ ഭൂമിയുടെ മുപ്പത് പ്രകാശവര്‍ഷം അകലത്തിനുള്ളിലായാല്‍ റേഡിയേഷന്‍ മൂലം അതിന് ജീവജാലങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. സൂര്യന്‍ തന്നെ സൂപ്പര്‍നോവയായി രൂപാന്തരപ്പെട്ട് ഭൂമിയെ നശിപ്പിക്കുകയില്ലെന്ന് ആരുകണ്ടു?.

സൂപ്പര്‍ നോവക്ക് ഭൂമിയിലേക്ക് മാരകമായി റേഡിയേഷന്‍ കാന്തതരംഗങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കും. ഇതേ കാരണത്താലാണ് ഭൂമിയില്‍ നിന്ന് ദിനോസറുകള്‍ അപ്രത്യക്ഷമായതെന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞന്മാരുണ്ട്. സൂപ്പര്‍ നോവ പുറപ്പെടുവിച്ചേക്കാവുന്ന റേഡിയേഷന്‍ കാന്തതരംഗങ്ങള്‍ കുട്ടികളില്‍ ലൂക്കേമിയ (രക്താര്‍ബുദം) വരുത്തും. എന്നുമാത്രമല്ല; കുട്ടികളില്‍ അകാല നരബാധിക്കാനും മുടികൊഴിയാനും ഇടവരുത്തും.
”എന്നാല്‍, നിങ്ങള്‍ അവിശ്വസിക്കുകയാണെങ്കില്‍, കുട്ടികളെ നരച്ചവരാക്കിത്തീര്‍ക്കുന്ന ഒരു ദിവസത്തെപ്പറ്റി നിങ്ങള്‍ക്ക് എങ്ങിനെ സൂക്ഷിക്കാനാവും. അതു നിമിത്തം ആകാശം പൊട്ടിപ്പിളരുന്നതാണ്. അല്ലാഹുവിന്റെ വാഗ്ദാനം പ്രവര്‍ത്തിക്കപ്പെടുന്നതാകുന്നു.(73:17-18). ഈ ഖുര്‍ആന്‍ വചനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നതും, അന്ത്യദിനത്തോടനുബന്ധിച്ച് സൂപ്പര്‍ നോവയുടെ റേഡിയേഷന്‍ കാന്തതരംഗവികിരണം കൊണ്ടുദ്ദേശിക്കുന്ന മാരകമായ അവസ്ഥകള്‍ തന്നെയല്ലേ?
ഭീമ-വിചിത്ര അണുപ്രാണികളും (Monster Microbes) സങ്കരമൃഗങ്ങളും (Hybrid Animals)

മനുഷ്യരാശിയെ വളരെ എളുപ്പത്തില്‍ ഉന്മൂലനം ചെയ്യാന്‍ കഴിവുള്ള ആയുധങ്ങള്‍ കണ്ടുപിടിക്കാനും അവ നിര്‍മ്മിച്ച് സ്റ്റോക്ക് ചെയ്യാനും, ടാര്‍ജറ്റായി തിരഞ്ഞെടുക്കപ്പെടുന്ന രാജ്യങ്ങളില്‍ അവ പരീക്ഷിച്ച് തൃപ്തിയടയാനുമാണല്ലോ അമേരിക്കയും കൂട്ടാളികളും അവരെ പിന്താങ്ങുന്ന ലോക ഇവാഞ്ചലിസ്റ്റ് ശക്തികളും വലതുപക്ഷ ജൂതരും വമ്പിച്ച മൂലധനം മുടക്കി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാസായുധങ്ങളും ജൈവായുധങ്ങളും ക്ലസ്റ്റര്‍ബോംബുകളും സര്‍വസാധാരണമായിക്കഴിഞ്ഞ ഇക്കാലത്ത് വൈറസ് മൂലം രോഗങ്ങള്‍ വരുത്താനും ശ്രമം നടത്തിവരുന്നുണ്ട്. എന്നാല്‍, ലോകം ഭയപ്പെട്ടുകൊണ്ടിരിക്കുന്നത് ജെനിറ്റിക് എഞ്ചിനീയറിംഗിനെയാണ്. ഒരു ജീവിയുടെ ഡി.എന്‍.എ. എടുത്ത് വേറൊരു ജീവിയുടെ ഡി.എന്‍.എയോട് സംയോജിപ്പിച്ചാല്‍ മുന്‍കാലങ്ങളില്‍ ജന്മമെടുത്തിട്ടില്ലാത്ത സങ്കരജീവികളെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്ന അവസ്ഥവന്നിരിക്കുന്നു. കൂടാതെ, ജീഹ്യ ങലൃമലെ ഇവമശി ഞലമരശേീി മൂലം ഒരു ഡി.എന്‍.യുടെ പല സാദൃശ്യരൂപങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ കഴിയുമെന്നും പരീക്ഷിച്ചറിഞ്ഞിരിക്കുന്നു. ഈ വക കണ്ടുപിടുത്തങ്ങള്‍ നാശോന്മുഖ പ്രവര്‍ത്തികള്‍ക്കാണ് കൂടുതലായി ഉപയോഗപ്പെടുത്തുകയെന്നതിനാല്‍ മനുഷ്യരാശി ഇവമൂലം സംഭവിച്ചേക്കാവുന്ന ദുരന്തങ്ങള്‍ക്ക് സാക്ഷിയാവേണ്ട നിമിഷങ്ങളോട് അടുത്തുകൊണ്ടിരിക്കുകയാണ്.

വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ ഒരു എലിയുടെ കോശം മനുഷ്യകോശവുമായി സംയോജിപ്പിച്ചതിന്റെ ഫലമായി മനുഷ്യന്റെയും എലിയുടെയും പകുതി സ്വഭാവമുള്ള ഒരു പുതിയ ജീവിയെ നിര്‍മിക്കാന്‍ കഴിഞ്ഞതായി വാര്‍ത്തകണ്ടിരുന്നു. ഇപ്പോള്‍ മനുഷ്യഭ്രൂണങ്ങള്‍ നശിപ്പിക്കാതെതന്നെ വിത്തുകോശങ്ങള്‍ (Stemcells) വികസിപ്പിക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചതായും വാര്‍ത്തയുണ്ട്.
ജെനിറ്റിക് എഞ്ചിനീയറിംഗ് മൂലം മനുഷ്യന്‍ നിര്‍മിച്ചെടുക്കുന്ന ജീവികളെപ്പറ്റിയുള്ള വിവരങ്ങള്‍ നമ്മെ കൊണ്ടെത്തിക്കുന്നത് മനുഷ്യരോട്  സംസാരിക്കുന്ന അത്ഭുതജന്തുവിനെപ്പറ്റിയുള്ള ഖുര്‍ആനിക സൂചനയിലേക്കാണ് (27 :82).

ബിഗ്ബാംഗിന്റെ വിപര്യാസം
പതിനഞ്ച് ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ബിഗ്ബാംഗ് എന്ന ഉഗ്രസ്‌ഫോടന ഫലമായാണ് പ്രപഞ്ചമുണ്ടായതെന്നാണ് ശാസ്ത്രമതം. പ്രസ്തുത സ്‌ഫോടനശക്തിയാല്‍ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നുവെന്നും ശാസ്ത്രം പറയുന്നു. ഇതെല്ലാം Cosmic Background Explorer Satelite ല്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും, പ്രപഞ്ചത്തെ പല അവശ്യഘടകങ്ങളും ചേര്‍ത്ത് ഘടനയോടെ ക്രമീകരിച്ചുവെച്ചിരിക്കുന്ന അത്ഭുതപ്രതിഭാസത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയെന്താണെന്ന് കണ്ടുപിടിക്കാന്‍ ശാസ്ത്രത്തിന്ന് പൂര്‍ണമായി കഴിഞ്ഞിട്ടില്ല. എന്നാല്‍, പ്രസ്തുത ശക്തി ദൈവമല്ലാതെ മറ്റൊന്നുമല്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ വെളിപ്പെടുത്തിത്തരുന്നു. പ്രപഞ്ച ഘടന തീരെ ആകസ്മികമായി ഉണ്ടായതല്ലെന്നും, പ്രപഞ്ചത്തിലുള്ള സകലതും ക്രമീകരിച്ചുവെച്ചിരിക്കുന്നത് ശരിയായ ഉദ്ദേശ്യത്തോടുകൂടിയാണെന്നും, അതിനാല്‍ തന്നെ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നുവെന്നും വിശുദ്ധ ഖുര്‍ആന്‍മനുഷ്യരാശിയെ ഉല്‍ബോധിപ്പിക്കുന്നു. (44 :38-39,51 : 47). ഒട്ടിച്ചേര്‍ന്നിരുന്ന ഭൂമിയും ആകാശവും വേര്‍തിരിക്കപ്പെട്ടതാണെന്ന ഖുര്‍ആന്‍ വചനത്തിന്റെ (21 :30) പ്രതിഫലനം തന്നെയാണ് ഉഗ്രസ്‌ഫോടനത്താല്‍ പ്രപഞ്ചമുണ്ടായതെന്ന ശാസ്ത്രവാദം. അതേസമയം, ഉഗ്രസ്‌ഫോടനത്തിന്റെ മൂലകാരണം മനുഷ്യനിലേക്ക് മാറ്റിസ്ഥാപിച്ചുകൊണ്ടുള്ള Anthropic Cosmological Principles എന്ന ശാസ്ത്രശാഖയും ഭൗതികശാസ്ത്രജ്ഞനായ ജോണ്‍ബാരോയുടെ നേതൃത്വത്തില്‍ രൂപീകൃതമാവുകയുണ്ടായി.

എന്നാല്‍, പ്രപഞ്ചവികാസവും അതിന്റെ ഗ്രാവിറ്റിയും താറുമാറാകുന്ന ഒരു ദിനം സമാഗതമാകും. പ്രപഞ്ചവികാസം സ്വയം നില്‍ക്കുമോ അതോ ഗുരുത്വസ്വഭാവ ശക്തി പ്രപഞ്ചവികാസത്തെ തടുത്തു നിറുത്തുേമാ, പ്രപഞ്ചം സ്വയം കടുത്ത സാന്ദ്രതാവസ്ഥയിലേക്ക് ആഴ്ന്ന് ബിഗ്ബാംഗ് വിപര്യാസം സംഭവിക്കുമോ എന്നെല്ലാമുള്ളത് അല്ലാഹുവിനു മാത്രമറിയുന്ന അദൃശ്യകാര്യങ്ങള്‍ തന്നെയാണ്.
വീണ്ടും അതേ പ്രകമ്പനം ഉണ്ടാകുമെന്നും ആകാശവും ഭൂമിയും നിലനില്‍ക്കാതായിടുമെന്നും ഖുര്‍ആന്‍ വ്യക്തമാക്കിത്തരുന്നു.(52:9, 11:107-108). ഉഗ്രസ്‌ഫോടനവും അതിനെതുടര്‍ന്ന് ഊര്‍ജത്തിന് സംഭവിച്ച മാറ്റവും, പിന്നീട് പ്രപഞ്ച വികാസവും പ്രപഞ്ച രൂപാന്തരവും ഗവേഷണത്തിലൂടെ കണ്ടുപിടിച്ച ശാസ്ത്രലോകം, അവസാനമിതാ പ്രപഞ്ചനാശം സംഭവിക്കുമെന്നും സമ്മതിച്ചിരിക്കുന്നു. പ്രപഞ്ചത്തെപ്പറ്റി ഖുര്‍ആന്‍ അരുളിയ വെളിപ്പെടുത്തലുകള്‍ അശ്രദ്ധയോടെ തള്ളിക്കളഞ്ഞലോകം, ശാസ്ത്രത്തിന്റെ പ്രപഞ്ച നാശത്തെപറ്റിയുള്ള വെളിപ്പെടുത്തലോടെ സ്തബ്ധമായിരിക്കുകയാണ്. മാത്രമല്ല, ഇതിനാല്‍ ലോകശ്രദ്ധ വിശുദ്ധ ഖുര്‍ആനിലേക്ക് വളരെ തീവ്രമായി തിരിയുകയും ചെയ്തിരിക്കുന്നു.

മനുഷ്യരാശിക്കും പ്രപഞ്ചത്തിനും നാശം സംഭവിക്കുമെന്ന ഖുര്‍ആന്‍ പ്രവചനത്തിന്റെ വെളിച്ചത്തില്‍ സഞ്ചരിക്കുന്ന ശാസ്ത്രലോകം, പ്രസ്തുത നാശത്തിനു ശേഷമുള്ള അനശ്വരതയെപറ്റി ചര്‍ച്ചചെയ്യേണ്ടതായ അനിവാര്യസ്ഥിതിവിശേഷത്തിലേക്കും എത്തിപ്പെട്ടിരിക്കുന്നു. മരണാനന്തര ജീവിതത്തിന്റെ സൈദ്ധാന്തിക ഉണ്മയുടെയും അവ്യക്തതയുടെയും അകക്കാമ്പ് ദര്‍ശിക്കാനും ഇതവസരമുണ്ടാക്കിയിരിക്കുന്നു. ദാര്‍ശനിക ഉള്‍കരുത്തിന്റെ അടിത്തറയുള്ളവര്‍ക്ക് അനശ്വരതയെയും നശ്വരതയേയും പറ്റി ആഴത്തില്‍ ചിന്തിക്കാനും, സത്യത്തെ വേര്‍തിരിച്ച് മനസ്സിലാക്കാനും സാധിക്കും. അതാവട്ടെ, വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരാശിയുടെ ബോധമണ്ഡലത്തില്‍ ആശ്വാസത്തിന്റെ  ആകാശക്കുട തീര്‍ക്കുന്നതെങ്ങനെയാണെന്ന് മനസ്സിലാക്കാനും സന്ദര്‍ഭമൊരുക്കുന്നു. അനശ്വരതയേയും നശ്വരതയേയും പറ്റിയുള്ള ആത്മാര്‍ഥ വിശകലനം വിജ്ഞാനമേഖലയില്‍ അധിക നിക്ഷേപമായിത്തീരുമെന്ന കാര്യത്തിലും സംശയമില്ല.

തുടരും

Related Post