മഴ അനുഗ്രഹം

മഴ; അല്ലാഹുവിന്റെ അനുഗ്രഹവും പരീക്ഷണവും

മഴ

മഴ; അല്ലാഹുവിന്റെ അനുഗ്രഹവും പരീക്ഷണവും

മഴ; അല്ലാഹുവിന്റെ അനുഗ്രഹവും പരീക്ഷണവും

മിഡിലീസ്റ്റിലെ എല്ലാ ഭാഗത്തും ഇപ്പോള്‍ ശക്തമായ മഴ വര്‍ഷിച്ചു കൊണ്ടിരിക്കുന്നു. ചിലയിടങ്ങളിലൊക്കെ വെള്ളക്കെട്ടുകള്‍ക്കും വെള്ളക്കെടുതികള്‍ക്കും അത് കാരണമാകുന്നുണ്ടെങ്കിലും പൊതുവെ ജനങ്ങള്‍ അതില്‍ ആഹ്ലാദിക്കുകയാണ്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളെ അനുസ്യൂതം അനുഭവിച്ചു കൊണ്ടിരിക്കുന്നവരാണ് നാമെല്ലാവരും. മഴയും അവന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളില്‍ പെട്ട ഒരടയാളമത്രെ. മനുഷ്യന്റെ മാത്രമല്ല, അവന്റെ എണ്ണമറ്റ സൃഷ്ടിജാലങ്ങളുടെയും സസ്യലതാദികളുടെയും നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണല്ലോ ജലം. അത് അവന്‍ ഇച്ഛിക്കുന്നവര്‍ക്ക് ഉദ്ദേശിക്കുന്നത്ര അളവില്‍ ഉദ്ദേശിക്കുന്നിടത്ത് ഇറക്കിക്കൊണ്ടിരിക്കുന്നു.  അവനെത്ര അനുഗ്രഹപൂര്‍ണ്ണന്‍! മഴയെയും വെള്ളത്തെയും കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ സൃഷ്ടികള്‍ക്ക് അവന്‍ ചെയ്യുന്ന അനുഗ്രഹമായി തന്നെ എടുത്ത് പറയുന്നുണ്ട്. അതിന് പകരമായി അവന്‍ ആവശ്യപ്പെടുന്നത്, സൃഷ്ടികളില്‍ നിന്നുള്ള നന്ദി പ്രകാശനം മാത്രമാണ്. അവനെ മാത്രം വണങ്ങി വഴങ്ങി വിധേയപ്പെട്ട് ജീവിക്കുക. അവന്റെ കഴിവുകളിലും അധികാരങ്ങളിലും മറ്റൊരു ശക്തിയെയും വ്യക്തിയെയും പങ്ക് ചേര്‍ക്കാതിരിക്കുക. മനുഷ്യന്‍ ഒഴികെയുള്ള ജീവജാലങ്ങളെല്ലാം യഥാവിധി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. മനുഷ്യരില്‍ അല്‍പ്പം പേരൊഴിച്ചു, അവരുടെ ഉത്തരവാദിത്വം മറന്ന് പ്രവര്‍ത്തിച്ചു കൊണ്ടുമിരിക്കുന്നു. ‘ഇനി നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെക്കുറിച്ചു നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തില്‍ നിന്നും ഇറക്കിയത്, അതല്ല നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനെ ദുഃസ്വാദുള്ള ഉപ്പ് വെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദി കാണിക്കാത്തത് എന്താണ്?’ (വാഖിഅ: 68-69)

മനുഷ്യന്റെ സമ്പത്തിനോടുള്ള അമിതമായ ആര്‍ത്തി കാരണം ഈ മഹാനുഗ്രഹത്തിന്റെ ഉറവ വറ്റിത്തുടങ്ങിയിരിക്കുന്നു. വൃക്ഷത്തലപ്പുകളെല്ലാം വെട്ടിനശിപ്പിച്ചും ഉയര്‍ന്ന കുന്നുകളെല്ലാം വെട്ടിനിരത്തിയും തണ്ണീര്‍ത്തടങ്ങളും ജലസംഭരണികളെല്ലാം മണ്ണിട്ട് നികത്തിയും അത്യാര്‍ത്തിയുടെ കോണ്‍ക്രീറ്റ് വനങ്ങള്‍ മാനംമുട്ടെ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. ‘പറയുക; നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ നിങ്ങള്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഉറവ വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവുവെള്ളം കൊണ്ടുവന്നു തരുക?’ (അല്‍മുല്‍ക്ക്: 30) മനുഷ്യന്‍ ചെയ്തു കൂട്ടുന്ന മഹാപരാധങ്ങളും അഹങ്കാരവും നന്ദി കേടുമെല്ലാം കടുത്ത പരീക്ഷണങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഇനി അവര്‍ പാപമോചനമര്‍ഥിക്കുകയും ഖേദിച്ചു മടങ്ങുകയുമാണെങ്കില്‍ സമൃദ്ധമായ മഴ വര്‍ഷിപ്പിച്ചുകൊണ്ടു അവരെ അനുഗ്രഹീതരാക്കുമെന്നും അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നു. ഭൂമിയില്‍ പതിക്കുന്ന ഓരോ തുള്ളി ജലത്തിന്റെയും നിറവും മണവും രുചിയുമെല്ലാം ഒന്ന് തന്നെ ആയിട്ടും അതില്‍ നിന്നും തളിരെടുത്ത് പുഷ്പ്പിക്കുന്ന പുഷ്പങ്ങളും കായ്ക്കുന്ന കായ്കനികളും എത്രമാത്രം വൈവിധ്യവും സുഗന്ധ പൂരിതവും നിറഭേദങ്ങളുടെ മായാപ്രപഞ്ചവുമാണെന്നു നോക്കൂ. ഹസ്രത് നൂഹ്(അ ) സുദീര്‍ഘമായ തന്റെ പ്രബോധന കാലഘട്ടം മുഴുവന്‍ തന്റെ ജനതയെ ഏകനായ അല്ലാഹുവിന്ന് മാത്രം ജീവിതം സമര്‍പ്പിക്കാന്‍ ക്ഷണിക്കുകയുണ്ടായി. ദൗര്‍ഭാഗ്യവശാല്‍ അവര്‍ നിഷേധത്തില്‍ മുന്നോട്ടു പോയപ്പോള്‍ ഒരുജനതയുടെ പര്യവസാനം ദാരുണമായ പരീക്ഷണത്തിന് വിധേയമാകുമല്ലോ എന്ന വ്യസനത്താല്‍ ഗുണകാംക്ഷിയായ ഒരു ദൈവദൂതന്‍ എന്ന നിലയില്‍ അവരോട് അവസാനമായി പറയുന്ന ഏതാനും വാക്കുകള്‍ നൂഹ് അധ്യായത്തില്‍ 10, 11, 12 എന്നീ സൂക്തങ്ങളിലൂടെ ഇങ്ങനെ വായിക്കാം. ”നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക, തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായ മഴ വര്‍ഷിപ്പിച്ചു തരും. സമ്പത്തും സന്താനങ്ങളും കൊണ്ടവന്‍ നിങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ക്കവന്‍ തോട്ടങ്ങളുണ്ടാക്കിത്തരികയും അതില്‍ നദികളുണ്ടാക്കിത്തരികയും ചെയ്യും. ”അല്ലാഹുവോട് പാപമോചനം തേടുക വഴി പാപങ്ങള്‍ പൊറുത്ത് തരുമെന്ന് മാത്രമല്ല, ഈലോകത്ത് തന്നെ നാം മോഹിക്കുന്ന സൗഭാഗ്യങ്ങള്‍ കൈവരുമെന്നു കൂടി പ്രവാചകന്‍ തന്റെ ജനതക്ക് ഉറപ്പ് നല്‍കുന്നു. ഇത് എല്ലാ വിശ്വാസികള്‍ക്കും ബാധകമാണ്. എന്നാല്‍ നിഷേധത്തില്‍ ഉറച്ചു നിന്ന തന്റെ ഭാര്യയും പുത്രനുമടങ്ങുന്ന ജനതയെ മഹാപ്രളയം കൊണ്ടു തന്നെയാണ് അല്ലാഹു ശിക്ഷിച്ചതെന്ന് ഖുര്‍ആന്‍ തന്നെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അപ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹമാകുന്ന ഒരു അവസ്ഥ തന്നെ നമുക്ക് പരീക്ഷണമായി മാറാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് മഴ പെയ്യുമ്പോള്‍ അതിന്റെ നന്മയെ തേടാനും അതുകൊണ്ടുള്ള ഭവിഷ്യത്തുകളെ തൊട്ട് അഭയം തേടാനും പ്രവാചകന്‍(സ) നമ്മെ പഠിപ്പിച്ചത്.

പുനരുത്ഥാന നാളിന്റെ യാഥാര്‍ഥ്യത്തിലേക്കുള്ള ഉദാഹരണമായി മഴയെ അല്ലാഹു ഉദാഹരിക്കുന്നു. കരിഞ്ഞുണങ്ങി മൃതമായി കിടക്കുന്ന വരണ്ട ഭൂമിയില്‍ മഴ വര്‍ഷിക്കുമ്പോള്‍ ഭൂമി അതിന്റെ നിര്‍ജീവാവസ്ഥ വെടിഞ്ഞു ജീവസ്സുറ്റതാവുകയും നുരുമ്പിച്ചും തുരുമ്പിച്ചും മണ്ണിനടിയില്‍ വിലയം പ്രാപിച്ചിരുന്നു ധാന്യാവശിഷ്ടങ്ങള്‍ ഭൂമിയെ പിളര്‍ന്ന് നാമ്പെടുക്കുകയും തളിര്‍ക്കുകയും പന്തലിക്കുകയും ചെയ്യുന്നതു പോലെ മരിച്ചു മണ്ണടിയുകയും തുരുമ്പിക്കുകയും ചെയ്ത എല്ലിന്‍ അവശിഷ്ടങ്ങളില്‍ നിന്നും നിങ്ങളെ വീണ്ടും പുനരുജ്ജീവിപ്പിക്കുക എന്നത് നമുക്ക് എത്ര നിസ്സാരമാണെന്ന് അല്ലാഹു ചോദിക്കുന്നു.

മനുഷ്യന്റെ കൈകടത്തലുകളും ആര്‍ത്തിയും ഇന്ന് പ്രകൃതിയെ ആകെ മാറ്റിമറിച്ചിരിക്കുന്നു. അത് കാലാവസ്ഥയെയും ബാധിച്ചിരിക്കുന്നു. നിനച്ചിരിക്കാതെ കടന്നു വരുന്ന പ്രളയവും, ദാഹജലം കിനിയാതെ ഊഷരമായി കൊണ്ടിരിക്കുന്ന ഭൂമിയും ഈ ദുരയുടെ ഫലങ്ങളാണ്. സൃഷ്ടികള്‍ക്ക് ആകമാനം അനുഗ്രഹമായി പെയ്തിറങ്ങുന്ന വെള്ളത്തെ അതിരുകളും അതിര്‍ത്തികളും നിര്‍ണയിച്ചു തടഞ്ഞു വെക്കുന്ന അധികാരികള്‍. ജീവജാലങ്ങള്‍ക്ക് ദാഹമകറ്റാന്‍ സ്രഷ്ടാവ് നല്‍കിയ നീരുറവയെ കുപ്പിയിലടച്ചു സമ്പത്ത് കൊയ്യുന്ന കോര്‍പ്പറേറ്റു ഭീകരന്മാര്‍. അനന്തമായ ജലജീവികള്‍ക്ക് നിര്‍ഭയമായി വിഹരിക്കാന്‍ നാഥന്‍ നല്‍കിയ നദീതടങ്ങള്‍ വിഷമൊഴുക്കി മലീമസമാക്കുന്ന വ്യവസായ ലോബികള്‍. എല്ലാം എല്ലാം ജീവിതം ദുഃസ്സഹമാക്കിയിരിക്കുന്നു. അല്ലാഹു പറയുന്നു: ‘ഭൂമി, അതിന്റെ സംവിധാനം പൂര്‍ത്തിയായിരിക്കെ അതില്‍ നിങ്ങള്‍ കുഴപ്പം സൃഷ്ടിക്കരുത്.’

കാലാവസ്ഥ അതിന്റെ മൂര്‍ദ്ധന്യത്തിലെത്തുമ്പോള്‍ നമുക്ക് അസ്വസ്ഥത ഉണ്ടാകുക സ്വാഭാവികമാണ്. ശക്തിയായ മഴയായാലും മരവിപ്പിക്കുന്ന തണുപ്പായാലും ഉരുകിയൊലിക്കുന്ന ചൂടായാലും നമ്മില്‍ ചിലരെങ്കിലും കാലാവസ്ഥയെ ശപിക്കാറുണ്ട്. പഴിപറയാറുണ്ട്. പക്ഷേ, ഒരു വിശ്വാസിക്ക് ഈ പരിഭവം ഭൂഷണമല്ല. പ്രകൃതിയില്‍ നടന്നു കൊണ്ടിരിക്കുന്ന ഓരോ ചലനങ്ങളും അല്ലാഹുവിന്റെ നടപടിക്രമങ്ങള്‍ക്ക് വിധേയമാണ് എന്ന് അവന്‍ വിശ്വസിക്കുന്നു. അവന്‍ പഴിപറഞ്ഞത് കൊണ്ടോ, പരാതിപ്പെട്ടത് കൊണ്ടോ അവസ്ഥകള്‍ക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ല. ഏതവസ്ഥയിലും അല്ലാഹുവിന് നന്ദി രേഖപ്പെടുത്തി അതിലെ നന്മകളെ തേടാനും തിന്മകളെ തൊട്ട് കാവല്‍ തേടാനുമാണ് വിശ്വാസി അനുശാസിക്കപ്പെട്ടിരിക്കുന്നത്. അബൂഹുറൈറയില്‍ നിന്ന് ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വഹീഹായ ഒരു ഹദീസ് ഇങ്ങനെ വായിക്കാം:’നബി(സ ) പറഞ്ഞു; അല്ലാഹു അരുള്‍ ചെയ്തിരിക്കുന്നു, മനുഷ്യന്‍ എന്നെ ഉപദ്രവിക്കുന്നു. അവന്‍ കാലത്തെ ശകാരിക്കുന്നു. ഞാനാണ് കാലം. എന്റെ കയ്യിലാണ് കാര്യങ്ങളുടെ നിയന്ത്രണം. രാവിനേയും പകലിനെയും മാറി മാറി വരുത്തുന്നത് ഞാനാണ്.'(ബുഖാരി)

Related Post