IOS APP

സ്ത്രീജന്മം

                                                      സമൂഹ മനസ്സാണ് പെണ്ണിന്റെ പ്രശ്‌നം

അടിക്കടി വേട്ടയാടപ്പെടുകയാണ് സ്ത്രീജന്മം. വിവിധ തരം മാനസികവ്യഥകളാല്‍ വീടകങ്ങളില്‍ വെന്തുനീറുന്നവള്‍, തന്റെ സൗന്ദര്യം ചൂഴ്‌ന്നെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന കഴുകക്കണ്ണുകളെ ഭയന്നു മാത്രം സഞ്ചരിക്കാന്‍ വിധിക്കപ്പെട്ടവള്‍, സാമൂഹിക അരക്ഷിതത്വം അനുഭവിക്കുന്നവള്‍, ശരീരത്തിനുമേല്‍ പരാക്രമങ്ങള്‍ നടത്താന്‍ തക്കം പാര്‍ത്തിരിക്കുന്നവരുടെ നടുവില്‍ ഒന്നുറക്കെ കരയാന്‍ പോലുമാകാതെ നിസ്സഹായയായിപ്പോകുന്നവള്‍…. സ്ത്രീയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളധികവും നിഷ്ഫലമായി പോകുന്ന കാഴ്ച ദുഃഖകരവും എന്നാല്‍ ചിന്തനീയവുമാണ്.

എന്തുകൊണ്ടാണ് സ്ത്രീ പ്രശ്‌നങ്ങള്‍ ഇന്നും അപരിഹാര്യമായി തുടരുന്നത്? ആരാണവളുടെ ശോചനീയാവസ്ഥക്ക് ഉത്തരവാദി? ‘ഒരൊറ്റ ആത്മാവില്‍നിന്ന് സൃഷ്ടിക്കപ്പെട്ട’ രണ്ട് ജന്മങ്ങള്‍ എങ്ങനെ ഇപ്രകാരം രണ്ട് തട്ടിലായി? സ്ത്രീ -പുരുഷന്മാര്‍ക്കിടയിലുള്ള ശാരീരിക-മാനസിക-വൈകാരിക വൈജാത്യങ്ങള്‍ അവരുടെ കര്‍മധര്‍മങ്ങള്‍ക്കനുയോജ്യമായ സംവിധാനങ്ങള്‍ മാത്രമാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയപ്പെടാതെ പോകുന്നുവെന്നതാണ് ഒന്നാമത്തെ പ്രശ്‌നം. പുരുഷന്റെ പ്രകൃതി കൈകാര്യകര്‍തൃത്വത്തിന്റേതാണെങ്കില്‍ സ്ത്രീയുടേത് മാതൃത്വത്തിന് അനുയോജ്യമാണ്. കുടുംബത്തിന്റെ സുരക്ഷിതത്വവും മേല്‍നോട്ടവും ഏറ്റെടുക്കാന്‍ പാകത്തില്‍ പുരുഷന് കായികബലവും മാനസിക ശക്തിയും അധികം നല്‍കപ്പെട്ടപ്പോള്‍ മാതൃത്വത്തിന്റെ പരിപൂര്‍ണതക്കാവശ്യമായ ശാരീരിക-മാനസിക സവിശേഷതകളാല്‍ സ്ത്രീ അനുഗ്രഹിക്കപ്പെട്ടു. പ്രസ്തുത സവിശേഷതകള്‍ പുരുഷന്റെ ശ്രേഷ്ഠതയായും സ്ത്രീയുടെ ന്യൂനതയായും കാണുന്ന വിരോധാഭാസമാണ് പുരുഷനെ പരമാധികാരിയും സ്ത്രീയെ അടിമയുമായി ഗണിക്കാനിടയാക്കിയത്.

ഈയൊരു ചിന്താഗതി നിലനില്‍ക്കുന്നതിനാല്‍ ആശ്രിതത്വത്തിന്റെയും വിധേയത്വത്തിന്റെയും പാഠങ്ങള്‍ മാത്രം പകര്‍ന്നുനല്‍കി സ്ത്രീയുടെ ശൈശവ-ബാല്യ കൗമാരങ്ങളെ നിഷ്‌ക്രിയമാക്കുന്നതില്‍ കുടുംബത്തിന് നല്ലൊരു പങ്കുണ്ട്. പുരുഷനാകട്ടെ പ്രസ്തുത ഘട്ടങ്ങളിലെല്ലാം എങ്ങനെ ഒരു സ്വതന്ത്ര വ്യക്തിയായി വളര്‍ന്നു വികസിക്കാം എന്നാണ് പരിശീലിപ്പിക്കപ്പെടുന്നത്.  കുടുംബവും സമൂഹവും അവനെ അങ്ങനെ പഠിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ആണ്‍മക്കള്‍ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സ്വയംപര്യാപ്തതയുടെയും പാഠങ്ങള്‍ അഭ്യസിക്കുമ്പോള്‍, പെണ്‍മക്കള്‍ ഒതുങ്ങിക്കൂടലിന്റെ രീതിശാസ്ത്രം പരിശീലിക്കുകയാണ്. എപ്പോഴെങ്കിലും പ്രസ്തുത വലയം ഭേദിച്ച് അവള്‍ പുറത്തുകടക്കാന്‍ ശ്രമിച്ചാല്‍ ‘നീയെന്താ ആണിനെപ്പോലെ?’ എന്ന ചോദ്യം അവളുടെ ആത്മവിശ്വാസത്തെ തല്ലിക്കെടുത്തുകയും അപകര്‍ഷ ബോധം ആളിക്കത്തിക്കുകയും ചെയ്യുന്നു. അധികാരിയായ പുരുഷന്‍ തന്റെ കാവല്‍ക്കാരനായുണ്ടാകുമ്പോള്‍ ഉത്തരവാദിത്തങ്ങള്‍ സ്വയം ചുമലിലേറ്റി പ്രയാസപ്പെടേണ്ടതില്ല എന്ന് അവളും തീരുമാനിക്കുന്നതോടെ പുരുഷന്റെ ഓരം പറ്റി നടന്ന് ആശ്രിതത്വത്തിന്റെ ആത്മഹര്‍ഷം അനുഭവിക്കുന്നു. അവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും തീരുമാനിക്കാനുള്ള അവകാശം മറ്റുള്ളവര്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് താനൊരു രണ്ടാംകിട വ്യക്തിയാണെന്ന് അവള്‍ സ്വയം സമ്മതിച്ചുകൊടുക്കുന്നു. പെണ്‍കുട്ടി എന്ത്, എത്രത്തോളം പഠിക്കണം എന്നുവരെ കുടുംബംസദസ്സ് കൂടി തീരുമാനിക്കുമ്പോള്‍ അവളുടെ അതേ സത്തയില്‍നിന്നുതന്നെ സൃഷ്ടിക്കപ്പെട്ട ആണ്‍മക്കള്‍ അവരുടെ വിദ്യാഭ്യാസവും തൊഴിലും സ്വന്തം ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം അനുഭവിക്കുന്നു.

ജീവിതത്തിലെ വഴിത്തിരിവായ വിവാഹത്തില്‍ പോലും സ്ത്രീയുടെ വീക്ഷണങ്ങള്‍ക്കോ അഭിപ്രായങ്ങള്‍ക്കോ വേണ്ടത്ര പരിഗണന ലഭിക്കാറില്ല. ചടങ്ങിനൊരു സമ്മതം ചോദിക്കലിനപ്പുറം പ്രതിശ്രുത വരനെക്കുറിച്ചുള്ള അവളുടെ സങ്കല്‍പത്തിനോ, തന്റെ വിവാഹം എപ്പോള്‍ നടക്കണം എന്ന് തീരുമാനിക്കുന്നേടത്തു പോലുമോ അവളുടെ അഭിപ്രായങ്ങള്‍ക്ക് പരിഗണന നല്‍കപ്പെടാറില്ല. കാരണം, പെണ്ണിന്റെ ശാരീരിക-ജൈവശാസ്ത്ര സവിശേഷതകളില്‍ മാത്രം കണ്ണുടക്കി നില്‍ക്കുന്നവര്‍ വളര്‍ച്ചയെത്തിയ ശരീരമാണ് വിവാഹപ്പന്തലിലേക്കുള്ള അവളുടെ യോഗ്യതയായി കാണുന്നത്. ചേര്‍ന്നുനിന്നാല്‍ ആളുകള്‍ കുറ്റം പറയാത്ത ഒരു മാരനെ കണ്ടെത്തി ആശ്വസിക്കുന്നവര്‍, പക്ഷേ അവരുടെ മാനസികവും ചിന്താപരവുമായ പൊരുത്ത-പൊരുത്തക്കേടുകളെക്കുറിച്ച് ആലോചിക്കാതിരിക്കുന്നത് പെണ്ണിനെ കേവലം ശരീരപ്രധാനമായി കാണുന്നതുകൊണ്ടാണ്. പഠിച്ചതും നേടിയതുമൊക്കെ പാതിവഴിയിലുപേക്ഷിക്കേണ്ടിവന്നാലും അനുസരണയുള്ള മകളായി വിവാഹത്തിന് നിന്നുകൊടുക്കുന്നതില്‍ ആത്മസംതൃപ്തി കണ്ടെത്താന്‍ അവളെ അഭ്യസിപ്പിക്കുന്നതില്‍ സമൂഹം വിജയിച്ചിരിക്കുന്നു. മഹ്ര്‍ ചോദിച്ചു വാങ്ങാനുള്ള അവകാശവും അവള്‍ക്ക് വേണ്ടെന്നായിരിക്കുന്നു. നികാഹിന്റെ സുപ്രധാന നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും ഖുത്വ്ബ കേള്‍ക്കാനുമുള്ള അവകാശം പോലും വധു ഉള്‍പ്പെടെയുള്ള പെണ്‍സദസ്സിന് നിഷേധിക്കുന്നവരുമുണ്ട്. പെണ്ണിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിനു മേല്‍ വരെ വിലങ്ങു വീഴ്ത്തുന്ന ഭര്‍തൃവീട്ടുകാരാണ് പിന്നീടവളെ നിയന്ത്രിക്കുന്നത്. വിദ്യാഭ്യാസവും സാമര്‍ഥ്യവുമുള്ള പെണ്‍കുട്ടികളുടെ പോലും അഭിപ്രായങ്ങളും വീക്ഷണങ്ങളും അടുക്കള കടന്ന് പുറത്തുവരാന്‍ ഏറെ പ്രയാസമാണ്. കാലങ്ങളായി മനസ്സില്‍ സൂക്ഷിച്ച സ്വപ്‌നങ്ങളും പ്രതീക്ഷകളും ജനിച്ചുവളര്‍ന്ന വീടിന്റെ പടിവാതില്‍ക്കല്‍ ഇറക്കിവെച്ച് ഇണയായ പുരുഷന്റെ കൈപിടിച്ച് ഇറങ്ങുന്നവള്‍ താന്‍ ശീലിച്ച വിധേയത്വത്തിന്റെ പാഠങ്ങള്‍ ഓര്‍മിച്ചെടുത്ത് നല്ലൊരു മരുമകളാകാന്‍ ശ്രമിക്കുകയാണ്. പുരുഷന്റെ പഠനത്തിനോ തൊഴിലന്വേഷണത്തിനോ വിവാഹം ഒരു പ്രതിബന്ധമേയല്ല എന്നു മാത്രമല്ല വിവാഹത്തിന് മുമ്പോ ശേഷമോ അവന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ആരുടെയും ഇടപെടലോ നിയന്ത്രണമോ ഉണ്ടാകുന്നുമില്ല. ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒരുമിച്ചെടുക്കുന്ന തീരുമാനങ്ങളില്‍ പോലും മൂന്നാമതൊരു ഇടപെടലും അംഗീകാരവും ആവശ്യമാണെന്ന അലിഖിത നിയമങ്ങള്‍ മൂലം സ്വതന്ത്ര ദാമ്പത്യം പോലും പലപ്പോഴും നിഷേധിക്കപ്പെടുന്നു.

വിവാഹം പെണ്ണിന്റെ ജീവിതത്തിലെ അവസാന വാക്കായും അവളുടെ വളര്‍ച്ചയുടെ അവസാന ഘട്ടമായും മനസ്സിലാക്കുമ്പോള്‍ ഭര്‍ത്താവിന്റെ മാത്രമല്ല, ഭര്‍തൃവീട്ടുകാരുടെ കൂടി താല്‍പര്യത്തിനനുസൃതമായേ പിന്നീടവള്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പാടുള്ളൂ എന്നതും ശിരസ്സാവഹിച്ച് സദ്‌വൃത്തയായ ഭാര്യയും അനുസരണയുള്ള മരുമകളുമാകാന്‍ ശ്രമിക്കുകയാണവള്‍. അങ്ങനെ പഠിച്ചുമറന്ന വിധേയത്വത്തിന്റെ പാഠങ്ങള്‍ പൊടിതട്ടി മിനുക്കാന്‍ ഒട്ടനവധി അവസരങ്ങള്‍ അവള്‍ക്ക് ഭര്‍തൃഗൃഹത്തില്‍ ലഭിക്കുന്നു. സ്വന്തം മാതാപിതാക്കളുടെ തണലില്‍ അനുഭവിച്ച അഭിപ്രായ-കര്‍മ സ്വാതന്ത്ര്യങ്ങള്‍ക്കു പോലും കൂച്ചുവിലങ്ങു വീഴുമ്പോള്‍ അവളനുഭവിക്കുന്ന മാനസിക സംഘര്‍ഷവും പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ വേണ്ടിവരുന്ന അധ്വാനവും വാക്കുകള്‍ക്കും വര്‍ണനകള്‍ക്കും അതീതമാണ്.

വിവാഹത്തിനു മുമ്പും ശേഷവും സ്ത്രീയുടെ അധ്വാനത്തിന്റെ മുക്കാല്‍ പങ്കും അവളുടെ ചുറ്റുമുള്ളവരുടെ സന്തോഷത്തിനു വേണ്ടി മാത്രമാണ് എന്നതാണ് ഏറെ വിചിത്രമായ സംഗതി. ഒരു ദിവസമെങ്കിലും അവള്‍ അവള്‍ക്കു വേണ്ടി മാത്രമായി ജീവിക്കുന്നുണ്ടോ എന്നത് സംശയമാണ്. മറ്റുള്ളവരോടുള്ള ബാധ്യത സ്ത്രീക്കെന്ന പോലെ പുരുഷനുമുണ്ട്. എന്നാല്‍, പുരുഷന്‍ സ്വന്തം സുഖ-ദുഃഖ-സന്തോഷങ്ങള്‍ക്ക് അവധി കൊടുത്തുകൊണ്ട് ചുറ്റുമുള്ളവരെ സേവിക്കാറില്ല. സ്ത്രീയാകട്ടെ, സ്വന്തം ഇഹ-പര സൗഭാഗ്യങ്ങള്‍ മറന്നുകൊണ്ടാണ് മറ്റുള്ളവരെ തൃപ്തിപ്പെടുത്താന്‍ പെടാപ്പാട് പെടുന്നത്. അല്ലാഹു നമുക്ക് നല്‍കിയ ജീവിതം നമ്മുടേത് മാത്രമാണ്, അതിന്റെ വിജയ-പരാജയങ്ങളുടെ പൂര്‍ണ ഉത്തരവാദിയും നാം മാത്രമായിരിക്കും എന്നതിനാല്‍ സ്വന്തം ജീവിതത്തെ ഇഹപര വിജയത്തിനായി ഒരുക്കിയെടുക്കാന്‍ പാകത്തില്‍ വൈജ്ഞാനികവും ചിന്താപരവുമായ വളര്‍ച്ചാ വികാസങ്ങള്‍ ആര്‍ജിക്കേണ്ട സുന്ദരമായ ഈ ജീവിതം നമുക്ക് തന്നനുഗ്രഹിച്ച പടച്ചതമ്പുരാനോടുള്ള ബാധ്യതയാണ് എന്ന തിരിച്ചറിവ് നഷ്ടപ്പെട്ടവരാണ് സ്ത്രീകളില്‍ ഭൂരിഭാഗവും എന്നതാണ് വസ്തുത. ഭര്‍ത്താവിനോടും കുടുംബത്തോടുമുള്ള ബാധ്യത നിറവേറ്റുന്നതോടൊപ്പം സ്വന്തം ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകളിലേക്ക് നോക്കാതെ പോകുന്നത് നാളത്തെ കണക്കു പുസ്തകത്തില്‍ വലിയൊരു ശൂന്യതക്ക് കാരണമാകുമ്പോള്‍ അതിനുത്തരം പറയേണ്ടത് സ്ത്രീതന്നെയാണ് എന്നത് മറക്കാതിരിക്കുക.

സ്ത്രീയുടെ വളര്‍ച്ചക്കും വികാസത്തിനും തടസ്സം നില്‍ക്കുന്നവര്‍ സ്വാര്‍ഥരും ചൂഷകരും തന്നെയാണ്. സ്വന്തം സുഖസന്തോഷങ്ങള്‍ക്കു വേണ്ടി പെണ്ണിന്റെ ജീവിതത്തെ കരുവാക്കുന്നവരാണവര്‍. അണിയറയിലും മണിയറയിലും ചുറ്റുമുള്ളവരെ തൃപ്തിപ്പെടുത്താന്‍ മാത്രമായി ഒരു ജന്മം തയാറായി നില്‍ക്കുന്നത് അവളുടെ മനസ്സും വികാരവും വായിക്കാന്‍ കഴിയുന്ന ഒരു പുരുഷന്‍ കൂടെ ഇല്ലാത്തതുകൊണ്ടുതന്നെയാണ്. വായനയിലൂടെയും ചിന്തയിലൂടെയും വളര്‍ന്നു വികസിക്കാനും ആത്മവിശ്വാസത്തോടെ പ്രതിസന്ധികളെ നേരിടാനും സ്ത്രീക്കും കഴിയുമെന്ന് മനസ്സിലാക്കി പൂര്‍ണാര്‍ഥത്തില്‍ അവളുടെ സംരക്ഷകനാകാന്‍ കഴിയുന്ന പുരുഷന്റെ പിന്തുണ അവളുടെ ജീവിതത്തില്‍ വിപ്ലവങ്ങള്‍ സൃഷ്ടിക്കും. ഇത്തരത്തിലുള്ള ജീവിതപങ്കാളിയെയാണ് ഖുര്‍ആന്‍ ‘ഇണ’ എന്ന് വിശേഷിപ്പിച്ചത്. ആ ഇണയെക്കുറിച്ചാണ് ‘സ്ത്രീകളിലാര്‍ക്കെങ്കിലും സുജൂദ് ചെയ്യാന്‍ കല്‍പിക്കുമായിരുന്നെങ്കില്‍ ഭാര്യ ഭര്‍ത്താവിന് സുജൂദ് ചെയ്യാന്‍ കല്‍പിക്കുമായിരുന്നു’ എന്നും ‘ഭര്‍ത്താവ് നിന്റെ സ്വര്‍ഗവും നരകവുമാണെന്നും’ പ്രവാചകന്‍ പഠിപ്പിച്ചത്.

പിതാവ്, സഹോദരന്‍, ഭര്‍ത്താവ് എന്നീ റോളുകളില്‍ പുരുഷന്‍ തന്റെ സംരക്ഷണയിലുള്ള സ്ത്രീയെ അറിവും കഴിവും കാര്യശേഷിയുമുള്ളവളാക്കി മാറ്റുന്നതിനു പകരം, അസ്തിത്വവും വ്യക്തിത്വവും നഷ്ടപ്പെട്ട ആശ്രിത വത്സലയായി മാത്രമാണ് വളര്‍ത്തിക്കൊണ്ടുവരുന്നതെങ്കില്‍ തന്റേടവും സാമര്‍ഥ്യവുമില്ലാത്ത നിര്‍ഗുണ ജന്മങ്ങളായി സ്ത്രീസമൂഹം മാറുന്നതിന്റെ ഉത്തരവാദിത്തം പുരുഷന്‍ തന്നെ ഏല്‍ക്കേണ്ടിവരും. ‘നീ പെണ്ണാണ്; ഇത്രയൊക്കെ മതി; ഇതിലപ്പുറം വേണ്ട’ എന്ന് പഠിപ്പിച്ച് വളര്‍ത്തുന്ന പെണ്‍കുട്ടികള്‍ ശാരീരിക- മാനസിക പീഡനങ്ങളുടെ മുന്നില്‍ കാര്യശേഷിയും കര്‍മശേഷിയും പ്രകടിപ്പിക്കുമെന്ന് വിശ്വസിക്കുന്നത് മണ്ടത്തരമാണ്. പ്രവാചകന്റെ തണലിലും കരുതലിലും വളര്‍ന്നു വികസിച്ച ഖദീജ(റ), ആഇശ(റ), ഫാത്വിമ(റ) തുടങ്ങിയ സ്വഹാബിവനിതകള്‍ കാണിച്ച നിസ്തുലമായ ധൈര്യവും സാമര്‍ഥ്യവും കൂച്ചുവിലങ്ങില്ലാത്ത വ്യക്തിസ്വാതന്ത്ര്യം അനുഭവിച്ചതിന്റെ ഫലം തന്നെയായിരുന്നു.

സ്ത്രീ പദാര്‍ഥവത്കരിക്കപ്പെടുന്ന സമൂഹത്തില്‍, പക്ഷേ അവളുടെ വികാര വിചാരങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല. അവളുടെ വിദ്യാഭ്യാസം പോലും വിവാഹ മാര്‍ക്കറ്റിലെ ‘ഉരുപ്പടി’ക്ക് നല്‍കുന്ന ഡിമാന്റിനനുസരിച്ച് മാത്രം തീരുമാനിക്കപ്പെടുന്നതാണ്. അവളുടെ ശരീരഭാഷയും ഡ്രസ് കോഡും ചലനങ്ങളും വരെ ശരീരകേന്ദ്രീകൃതമാണ്. ചര്‍ച്ചകളഖിലവും അവളുടെ ശരീരത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചുമാകുമ്പോള്‍ അവളുടെ ബുദ്ധിയോടും ചിന്തയോടും സംവദിക്കാന്‍ ആരും തയാറാകുന്നില്ല. ഇത്തരത്തില്‍ സ്ത്രീ വെറും പ്രദര്‍ശനവസ്തുവായി തരം താഴ്ത്തപ്പെടുമ്പോഴാണ് അവളെ കടിച്ചുകീറാന്‍ വേട്ടനായ്ക്കളെപ്പോലെയുള്ളവര്‍ പാഞ്ഞടുക്കുന്നത്.

അതിനാല്‍, സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്ക് കേവലം ഉപരിപ്ലവമായ പരിഹാരമല്ല തേടേണ്ടത്. സ്ത്രീയെക്കുറിച്ചുള്ള മനോഭാവത്തിലും അവളോടുള്ള സമീപനത്തിലുമാണ് ആത്യന്തികമായി മാറ്റം വരേണ്ടത്. ആ മാറ്റമാകട്ടെ, ഒന്നാമതായി ജനിക്കേണ്ടത് സ്ത്രീയുടെ മനസ്സിലും പിന്നീട് അവളുടെ സംരക്ഷകനായ പുരുഷനിലുമാണ്.

അപകര്‍ഷബോധത്തിന്റെ പടുകുഴിയില്‍ ആത്മവിശ്വാസത്തിന്റെ കരുത്ത് നഷ്ടപ്പെട്ട് കിതക്കുന്ന ആധുനിക സ്ത്രീയെ അവിടെനിന്ന് കരകയറ്റാന്‍ പുരുഷന്റെ കൈത്താങ്ങ് അനിവാര്യം തന്നെയാണ്. തുടിക്കുന്ന ഒരു ഹൃദയവും പിടക്കുന്ന ഒരു മനസ്സും സ്ത്രീ ശരീരത്തിനുള്ളിലുണ്ട് എന്ന് എപ്പോഴും ചിന്തിക്കാന്‍ കഴിയുന്ന പുരുഷനേ, പ്രവാചകന്‍ പറഞ്ഞതുപോലെ, ഏതൊരു സ്ത്രീയെ ആക്രമിക്കുന്നതും പ്രയാസപ്പെടുത്തുന്നതും സ്വന്തം കുടുംബത്തിലെ സ്ത്രീയെ വേദനിപ്പിക്കുന്നതിന് തുല്യമായി കാണാന്‍ കഴിയൂ. സംവദിക്കുക, സ്ത്രീയുടെ മനസ്സിനോട്…..

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.