ഹജ്ജ്

Originally posted 2016-04-04 19:50:43.

hajj-2015ഹജ്ജ്

 ജി കെ

ഭൂഖണ്ഡങ്ങളുടെ മധ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മക്കയിലാണ് കഅ്ബ. സാധ്യമാകുന്ന വിശ്വാസികള്‍ വര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധമായും അവിടം സന്ദര്‍ശിച്ച് നിര്‍വഹിക്കുന്ന മഹത്തായൊരു കര്‍മമാണ് ഹജ്ജ്. ഇബ്‌റാഹീം, ഹാജര്‍, ഇസ്മാഈല്‍ എന്നീ മൂന്ന് മഹാവ്യക്തിത്വങ്ങളുടെ ത്യാഗോജ്ജലമായ ജീവിതത്തെ അനുസ്മരിച്ച് നിര്‍വഹിക്കുന്നതാണത്.

ആര്‍ജിക്കലും ഭോഗിക്കലും മനുഷ്യന്റെ ജന്മ പ്രകൃതമാണ്. വര്‍ജിക്കലും ത്യജിക്കലും അതിനെതിരിലുള്ള പോരാട്ടവുമാണ്. ഈ രണ്ട് മൂല്യങ്ങളുടെ ശക്തമായ ആവിഷ്‌കാരമായിരുന്നു ഈ മഹാത്മാക്കളുടെ ജീവിതം.

ദൈവകല്‍പന പ്രകാരം വാര്‍ധക്യകാലത്ത് പിറന്ന പ്രിയപുത്രനെയും സ്വന്തം ഭാര്യയെയും വിജനമായ മരുഭൂമിയിലിട്ടേച്ച് പോകുന്ന ഇബ്‌റാഹീം നബി; ദൈവകല്‍പന പ്രകാരമാണിത് ചെയ്യുന്നതെന്നറിഞ്ഞപ്പോള്‍ ഭര്‍ത്താവിനെ തടയുകയോ ആവലാതി പറയുകയോ ചെയ്യാത്ത ഭാര്യ ഹാജര്‍; തുള്ളിച്ചാടി നടക്കും പ്രായമെത്തിയപ്പോള്‍ മകനെ ബലികൊടുക്കണെന്ന ദൈവകല്‍പന സഹനപൂര്‍വം പാലിക്കാന്‍ ശ്രമിച്ച പിതാവ്; ദൈവകല്‍പനയെങ്കില്‍ അങ്ങനെയാവട്ടെ എന്ന് നിസങ്കോചം പ്രതികരിക്കുന്ന മകന്‍ ഇസ്മാഈല്‍. കല്ലുകടിയില്ലാത്ത ദൈവാനുസരണത്തിന്റെ ഈ മാതൃകാ ജീവിതങ്ങളെ അനുസ്മരിച്ചുള്ളതാണ് ഹജ്ജ്. പ്രസ്തുത മാതൃക ജീവിതത്തില്‍ ഏറ്റുവാങ്ങുന്നവനാണ് ഹാജി.

സൃഷ്ടികളോടുള്ള ബാധ്യതകള്‍ ബാക്കിവെച്ചു കൊണ്ടല്ല അവ പൂര്‍ത്തീകരിച്ചു വേണം ഹജ്ജ് നിര്‍വഹിക്കാന്‍. സ്രഷ്ടാവിന്റെ വിളിക്കുത്തരം നല്‍കി കൊണ്ടുള്ള ഈ തീര്‍ഥാടനം ഒരു വിനോദയാത്രയല്ല; ഭൗതികമായ ‘കാര്യസാധ്യം’ അതിന്റെ ലക്ഷ്യവുമല്ല. അതിനാല്‍ ഭണ്ഡാരപ്പെട്ടിയോ നേര്‍ച്ചകുറ്റിയോ അവിടെയില്ല. ദൈവാരാധനക്കായി ജനം കൂടുന്നിടത്ത് ‘പണം പിരിക്കുന്ന’ ഭണ്ഡാരപ്പെട്ടിയില്ല എന്നത് അവിടെ നടക്കുന്ന ആരാധനയുടെ ലക്ഷ്യശുദ്ധിക്കാണ് അടിവരയിടുന്നത്.

ഇബ്‌റാഹീം നബി വൃദ്ധനാണ്. ഹാജര്‍ സ്ത്രീയും അടിമയും കറുത്തവളുമാണ്. ഇസ്മാഈല്‍ കുട്ടിയുമാണ്. മാനവസമൂഹത്തില്‍ എന്നും എപ്പോഴും താങ്ങും തണലും ആവശ്യമുള്ളവരാണീ വിഭാഗം. ഏതൊരു സംസ്‌കൃത സമൂഹവും ഇവര്‍ക്ക് ‘സംവരണം’ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇവിടെ ദൈവത്തിന്റെ വിളിക്കു മുമ്പില്‍ ദുര്‍ബലന്‍ ശക്തരാകുന്നതിന്റെ ഉദാഹരണമാവുകയാണിവര്‍. ഈ മൂവരുടെയും ത്യാഗോജ്ജലമായ ജീവിതത്തിന്റെ പ്രതീകാത്മകമായ അനുധാവനമാണ് ഹജ്ജ്. ദൈവാരാധനയുടെ മാനവികവല്‍കരണമല്ലാതെ എന്താണിത്?

”കിഴക്കും പടിഞ്ഞാറും ദൈവത്തിനുള്ളതാണ്. നിങ്ങള്‍ എങ്ങോട്ട് തിരിഞ്ഞാലും അവിടെയെല്ലാം ദൈവവദനമുണ്ട്.” (2:115) എന്ന് പഠിപ്പിക്കുന്നുണ്ട് ഖുര്‍ആന്‍. എന്നാല്‍ ലോകത്തിന്റെ ഏത് ഭാഗത്തുള്ളവരാണെങ്കിലും നമസ്‌കാരം നിര്‍വഹിക്കേണ്ടത് കഅ്ബാലയത്തിനഭിമുഖമായിട്ടായിരിക്കണം എന്നും ഖുര്‍ആന്‍ പഠിപ്പിച്ചിട്ടുണ്ട്. ലോകത്ത് പരന്നു കിടക്കുന്ന മനുഷ്യനെ ആത്മീയമായി ഐക്യപ്പെടുത്തുകയാണ് നമസ്‌കാരത്തിലൂടെ. എന്നാല്‍ ഹജ്ജ് കര്‍മത്തിലൂടെ മാനവ സമൂഹത്തെ ശാരീരികമായും ആത്മീയമായും ഐക്യപ്പെടുത്തുകയാണ്.

”പരിശുദ്ധ ഗേഹമായ കഅ്ബാലയത്തെ ദൈവം ജനങ്ങള്‍ക്ക് (സാമൂഹ്യജീവിതത്തിന്റെ) നിലനില്‍പിനുള്ള ആധാരമാക്കി നിശ്ചയിച്ചിരിക്കുന്നു.” (5:97) എന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്. മാത്രമല്ല, ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്ന് ഒരു കേന്ദ്രത്തില്‍ വന്നു ചേരുന്ന ഹാജിമാര്‍ ഒരേ ലക്ഷ്യവുമായി, ഒരേ മന്ത്രം ചൊല്ലി നിര്‍വഹിക്കുന്ന ഹജ്ജ് കര്‍മം ദേശ, വര്‍ണ, വര്‍ഗ, ഭാഷാ വ്യത്യാസങ്ങളെ അവഗണിച്ച് ‘നിങ്ങളുടെ ദൈവവും മാതാപിതാക്കളും ഒന്ന്’ എന്ന ഖുര്‍ആനിന്റെ പ്രഖ്യാപനത്തെയാണ് യാഥാര്‍ഥ്യമാക്കുന്നത്.

തിന്മയുടെ വക്താവായ പിശാചിന്റെ പ്രതീകങ്ങളായ മൂന്ന് സ്തൂപങ്ങളെ കല്ലെറിയല്‍ ഹജ്ജിന്റെ ഭാഗമാണ്. പിശാച് ഒന്നാണെങ്കിലും പൈശാചികത ഭിന്നമാണെന്ന് കുറിക്കുന്നുണ്ടീ സ്തൂപങ്ങള്‍. അദൃശ്യ ദൈവത്തിന് ദൃശ്യപ്രതീകങ്ങള്‍ നിരോധിച്ച ഇസ്‌ലാം അദൃശ്യനായ പിശാചിന് ദൃശ്യപ്രതീകങ്ങള്‍ ഉണ്ടാക്കിയതെന്തിന്? ‘ഒന്നിന്റെ യാഥാര്‍ഥ്യവും മഹത്വവും അതിന്റെ വിപരീതത്തിലൂടെയാണ് വ്യക്തമാവുക’ എന്ന തത്വമായിരിക്കും ഇതിന്റെ ന്യായം. മാത്രമല്ല, സ്രഷ്ടാവായ ദൈവത്തെയും സത്യത്തെയും പ്രതിനിധീകരിക്കാന്‍ പ്രതിബിംബങ്ങള്‍ക്കാവില്ല; മനുഷ്യസൃഷ്ടികളായ ദൈവങ്ങളെയും അസത്യങ്ങളെയുമാണത് പ്രതിനിധീകരിക്കുക. ഈ യാഥാര്‍ഥ്യത്തെ ശക്തമായി ബോധ്യപ്പെടുത്താനാകാം ആരാധനയുടെ വിപരീതമായ എറിഞ്ഞാട്ടല്‍ ഒരു പ്രതിബിംബം വെച്ച് ഒരു ആരാധനാ ചടങ്ങില്‍ ചേര്‍ത്തുവെച്ചത്. ആരാധന പരമാവധി ചേര്‍ന്നു നില്‍ക്കലും എറിഞ്ഞാട്ടല്‍ പരമാവധി അകറ്റി നിര്‍ത്തലുമാണ്. ചുരുക്കത്തില്‍ ദൈവത്തോട് ചേര്‍ന്ന് നിന്ന് പിശാചിനെ അകറ്റി നിര്‍ത്തലാണ് ഹജ്ജ്.

പിന്‍കുറി: വര്‍ണ വിവേചനത്തിന്റെ ഇരകളിലൊരാളായ മാല്‍ക്കം എക്‌സ് തന്റെ ഹജ്ജനുഭവത്തില്‍ ഇങ്ങനെ കുറിച്ചു: ”ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ അവിടെ എത്തിച്ചേര്‍ന്നിരിക്കുന്നു. നീലക്കണ്ണും സ്വര്‍ണത്തലമുടിയുമുള്ളവര്‍ തൊട്ട് കറുത്ത തൊലിയുള്ള ആഫ്രിക്കക്കാര്‍ വരെ, വ്യത്യസ്ത നിറക്കാര്‍. പക്ഷേ ഞങ്ങളെല്ലാവരും ഒരേ അനുഷ്ഠാനങ്ങളിലാണ് പങ്കെടുത്തത്. ഏകതയുടെയും സാഹോദര്യത്തിന്റെയും ചൈതന്യം പ്രകടമാക്കുന്നവയായിരുന്നു ഈ അനുഷ്ഠാനങ്ങള്‍. വെളുത്തവര്‍ക്കും അല്ലാത്തവര്‍ക്കുമിടയില്‍ ഇത്തരം ഏകതാബോധം ഒരു കാലത്തും നിലനില്‍ക്കുകയില്ല എന്ന വിശ്വാസത്തിലേക്കാണ് അമേരിക്കയിലെ അനുഭവങ്ങള്‍ എന്നെ നയിച്ചിട്ടുള്ളത്. അമേരിക്ക ഇസ്‌ലാമിനെ മനസ്സിലാക്കേണ്ടത് ആവശ്യമാണ്. കാരണം, സമൂഹത്തില്‍ നിന്ന് വംശീയ പ്രശ്‌നങ്ങള്‍ മായ്ച്ചുകളയുന്ന ഒരേ ഒരു മതം ഇസ്‌ലാമാണ്… ഞാന്‍ പറയുന്ന വാക്കുകള്‍ കേട്ട് നിങ്ങള്‍ നടുങ്ങിയേക്കും.” (മാല്‍ക്കം എക്‌സ്, പേജ് 438)

Related Post