ആത്മീയ പ്രദാനമാകണം വിദ്യാഭ്യാസം

വിദ്യാഭ്യാസം

                                                              ആത്മീയ പ്രദാനമാകണം വിദ്യാഭ്യാസം

രാവിലെ ദിനപ്പത്രങ്ങള്‍ നോക്കുന്ന നാം തലവാചകങ്ങള്‍ കണ്ട് അസ്വസ്ഥപ്പെടാറുണ്ട്. കവര്‍ച്ചയുടെയും കൊലപാതകങ്ങളുടെയും അതിക്രമങ്ങളുടെയും അഴിമതികളുടെയുമെല്ലാം അമ്പരപ്പിക്കുന്ന വാര്‍ത്തകള്‍ ദിനേനയെന്നോണം പത്ര-മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്നു. വിദ്യാഭ്യാസം നേടിയ സ്ത്രീകളും പുരുഷന്‍മാരുമാണ് കുറ്റവാളികളുടെ മുന്‍നിരയില്‍. മുമ്പ് നമ്മുടെ നാട്ടില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത് വിദ്യാഭ്യാസം നേടാത്തവരായിരുന്നു. അഭ്യസ്ത വിദ്യര്‍ ഉന്നതമായ സ്വഭാവമഹിമ, പൗരബോധം, സത്‌പെരുമാറ്റം, ജീവിതവിശുദ്ധി എന്നിവ നിത്യജീവിതത്തില്‍ ഉയര്‍ത്തിപ്പിടിക്കും എന്നാണ് പൊതുസമൂഹം വിശ്വസിച്ചിരുന്നത്. കാലം മാറി. ലോകംമുന്നോട്ടുപോയി. വിദ്യാലയങ്ങളുടെയും സര്‍വകലാശാലകളുടെയും എണ്ണം പെരുകി. പക്ഷേ, അഭ്യസ്തവിദ്യരില്‍ സ്വഭാവവിശുദ്ധി ഉയര്‍ത്തിപ്പിടിക്കുന്നവരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു. മനുഷ്യവിഭവശേഷിയുടെ വികാസത്തിനും രാഷ്ട്രനിര്‍മാണത്തിനും വിദ്യാഭ്യാസപ്രക്രിയയില്‍ എത്രത്തോളം ഇടമുണ്ട് എന്നതിനെക്കുറിച്ച് വിദ്യാഭ്യാസനടത്തിപ്പുകാര്‍ക്ക് തന്നെ കൃത്യമായ ധാരണയില്ലാതെ വന്നിരിക്കുന്നു.

ഒരിക്കല്‍ ഇന്ത്യയുടെ മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ . അബ്ദുല്‍കലാം ആത്മീയാചാര്യനായ പ്രമുഖ് സ്വാമിജിയുമായി സംസാരിച്ചുകൊണ്ടിരിക്കെ, ഒരു വികസ്വര രാജ്യം വികസിത രാജ്യമാകണമെങ്കില്‍ അഞ്ച് മൗലിക ഘടകങ്ങള്‍ കൂടിച്ചേരണമെന്ന് അഭിപ്രായപ്പെട്ടു. ഭദ്രമായ ഭൗതികാടിത്തറ, എല്ലാവര്‍ക്കും വിദ്യാഭ്യാസം, സമ്പൂര്‍ണആരോഗ്യം, ആശയവിനിമയ സ്വയംപര്യാപ്തി, സാങ്കേതികവിദ്യ ഇത്രയുമായിരുന്നു ഡോ. കലാം മുന്നോട്ടുവെച്ച അഞ്ചു ഘടകങ്ങള്‍. അതുകേട്ട് പ്രമുഖ് സ്വാമിജി പ്രതികരിച്ചു: ‘തീര്‍ന്നില്ല, ആറാമത് ഒന്നുകൂടിയുണ്ട്. ആത്മീയത.’

ഭൗതികമായ മുന്നേറ്റം കൊണ്ടുമാത്രം ഒരു രാജ്യം വികസിതമാവില്ല. അവിടുത്തെ പൗരന്‍മാര്‍ക്ക് ആത്മീയമായി ഉയരാനും കഴിയണം. ജീവിതത്തെ മൂല്യാധിഷ്ഠിതമായി ചിട്ടപ്പെടുത്തുമ്പോഴാണ് ആത്മീയത രൂപപ്പെടുന്നത്. ആത്മീയത മതകീയതയല്ല. പുതിയ തലമുറക്ക് മൂല്യവിദ്യാഭ്യാസം കൊടുക്കണമെന്ന് പറയുമ്പോള്‍ അര്‍ഥമാക്കേണ്ടത് ഇത്തരമൊരു ആത്മീയതയുടെ വീണ്ടെടുപ്പാണ്.

സൈബര്‍ കേന്ദ്രിതമായ ഒരു സാമൂഹിക ഘടനയ്ക്കകത്ത് ജീവിക്കുന്ന പുതിയ തലമുറയിലേക്ക് ധാര്‍മികസനാതനമൂല്യങ്ങള്‍ എങ്ങനെ പ്രസരിപ്പിക്കും എന്നത് ഗൗരവമുള്ള ഒരു വിഷയമാണ്. ശിക്ഷിക്കുന്നതും കര്‍ശനനിലപാടുകള്‍ എടുക്കുന്നതും സദാചാരമൂല്യങ്ങളുടെ പരിപോഷണത്തിന് സഹായകമല്ല.

ഓരോ കുട്ടിയും പിറക്കുന്നത് ശുദ്ധപ്രകൃതത്തോടുകൂടിയാണ്. കുട്ടികളുടെ ചിന്തയെയും മനോഭാവത്തെയും സ്വഭാവത്തെയും രൂപപ്പെടുത്തുന്നത് അവര്‍ ജീവിക്കുന്ന പശ്ചാത്തലവും പരിസരവുമാണ്. ജീവിതാനുഭവങ്ങളാണ് അവരുടെ കാഴ്ചപ്പാടുകളെപ്പോലും പരുവപ്പെടുത്തുന്നത്. സംഭവങ്ങളോടും സന്ദര്‍ഭങ്ങളോടും പ്രതികരിക്കുന്നത് തുടര്‍ന്ന് ഈ കാഴ്ചപ്പാടുകളുടെ പിന്‍ബലത്തിലായിരിക്കും. പ്രതിഭാശാലിയായ ഒരു കലാകാരന്‍ അവ്യക്തമായ കുറെ വരകള്‍ കൊണ്ട് കാന്‍വാസില്‍ ഒരിക്കലൊരു ചിത്രം വരച്ചു. ഒരു ഡോക്ടറോട് ആ ചിത്രമെന്താണെന്ന് പിന്നീടയാള്‍ ചോദിച്ചു:
‘മനുഷ്യമസ്തിഷ്‌കത്തിനകത്തെ കോശങ്ങള്‍’എന്നായിരുന്നു മറുപടി.

ഒരു വഴിപോക്കന്‍ ചിത്രം നോക്കി പറഞ്ഞത് ‘ഭ്രാന്താശുപത്രിയില്‍ കഴിയുന്ന മനോരോഗിയുടെ കാലിലെ ചങ്ങല’ എന്നാണ്.
‘വളര്‍ന്നുവരുന്ന ഒരു ചെടിയുടെ മണ്ണിലേക്ക് പടരുന്ന വേരുകള്‍ ‘ എന്നായിരുന്നു ഒരു കര്‍ഷകന്റെ മറുപടി. എന്നാല്‍ ആ ചിത്രം നോക്കി ഒരു കോളേജ് വിദ്യാര്‍ഥി പ്രതികരിച്ചത് മറ്റൊരു തരത്തിലാണ്: ‘എന്റെ ഗേള്‍ഫ്രണ്ടിന്റെ ചുരുണ്ട തലമുടിപോലെ’ എന്ന്.
എവിടെയാണോ നമ്മുടെ മനസ്സുകള്‍ വ്യവഹരിക്കുന്നത്, എന്താണോ നമ്മുടെ മനോഘടന അതെല്ലാം നമ്മുടെ നിരീക്ഷണങ്ങളെയും സ്വാധീനിക്കുന്നു എന്ന് നമുക്കീ പ്രതികരണങ്ങളില്‍ നിന്ന് വായിച്ചെടുക്കാം.

കുട്ടികള്‍ ജീവിക്കുന്ന പരിസരത്തെ മൂല്യവത്കരിക്കുക എന്നതാണ് അവരില്‍ മൂല്യങ്ങള്‍ വളര്‍ത്താനുള്ള ഒരു മാര്‍ഗം. വീടുകളിലും വിദ്യാലയങ്ങളിലും ഇത്തരം മൂല്യാന്തരീക്ഷം സ്വാഭാവികമായി വളര്‍ന്നുവളരണം. നന്‍മയുടെ മാതൃകകള്‍ അവര്‍ക്ക് കാണാന്‍ കഴിയണം. രക്ഷിതാക്കളും അധ്യാപകരും മതപുരോഹിതന്‍മാരും നേതാക്കളും ഭരണാധിപരും കുട്ടികളെ ശരികളിലേക്ക് നയിക്കുന്ന പ്രചോദനകേന്ദ്രങ്ങളാകണം.

ദീര്‍ഘമായ പ്രസംഗങ്ങള്‍ കേള്‍പ്പിച്ചതുകൊണ്ടോ നിരന്തരം ഉപദേശിച്ചതുകൊണ്ടോ വിശദീകരിച്ചുപഠിപ്പിച്ചതുകൊണ്ടോ കുട്ടികളില്‍ സദാചാരബോധം വളരില്ല. മാനവികതയിലൂന്നിയ ഗാര്‍ഹികാനുഭവങ്ങളും വിദ്യാലയാനുഭവങ്ങളും ലഭിക്കുമ്പോഴാണ് സമതുലിതമായ ബൗദ്ധികവികാസവും ധാര്‍മികവികാസവും കുട്ടികളില്‍ നടക്കുന്നത് . അത്തരം വികാസമാണ് കുട്ടികളെ നല്ല പൗരന്‍മാരാക്കി മാറ്റുന്നത്.

Related Post