Main Menu
قناة الجامع لعلوم القرآن - Al-Jami' Channel for Quranic Sciences

ആരാണ് മുസ്‌ലിം

Originally posted 2019-02-16 16:49:23.

ഇസ്ലാം

എന്താണ് ഇസ്‌ലാം, അതെന്താണ് മനുഷ്യനോട് ആവശ്യപ്പെടുന്നത്

http://ഖുര്‍ആന്‍http://മുസ്ലിംഎന്താണ് ഇസ്‌ലാം?

ആരാണ് മുസ്‌ലിം എന്ന ചോദ്യം പോലെ പ്രസക്തമാണ് ആരുടേതാണ് ഇസ്‌ലാം എന്ന ചോദ്യവും. ആരുടേതാണ് ഇസ്‌ലാം എന്നതിന്റെ ഉത്തരം എന്താണ് ഇസ്‌ലാം എന്നതുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.

എന്താണ് ഇസ്‌ലാം, അതെന്താണ് മനുഷ്യനോട് ആവശ്യപ്പെടുന്നത്. ഇത് സംബന്ധമായൊരു ഖുര്‍ആന്‍ സൂക്തം ഇങ്ങനെയാണ്:
”ആകാശഭൂമികളിലുള്ള സകല ചരാചരങ്ങളും ഒന്നുകില്‍ നിര്‍ബന്ധിതമായി അല്ലെങ്കില്‍ സ്വയം ദൈവത്തിന് അനുസരണം സമര്‍പ്പിക്കവെ ഇവര്‍ ഇസ്‌ലാമല്ലാത്ത മറ്റു വല്ല വ്യവസ്ഥയുമാണോ തേടിപ്പോകുന്നത്?” (ആലുഇംറാന്‍: 83)
ഈ സൂക്തത്തിന്റെ ഉള്ളടക്കം ഇതാണ്:
ആകാശഭൂമികളിലുള്ള ജീവനുള്ളതും ജീവനില്ലാത്തതുമായ എല്ലാ ചരാചരങ്ങളും ദൈവത്തെ അനുസരിക്കുന്നു. അതിനാല്‍ മനുഷ്യാ നീയും നിന്റെ സ്രഷ്ടാവായ ദൈവത്തെ അനുസരിക്കുക. ഇതാണ് ഇസ്‌ലാം മനുഷ്യനോട് ആവശ്യപ്പെടുന്നത്.

പ്രസ്തുത ഖുര്‍ആന്‍ സൂക്ത പ്രകാരം സൂര്യചന്ദ്രാദി നക്ഷത്രങ്ങളും സസ്യലതാദികളു മടക്കം സകല ചരാചരങ്ങളും ദൈവിക വ്യവസ്ഥക്ക് വിധേയമാണ്. മറ്റൊരര്‍ഥത്തില്‍ അവയെല്ലാം മുസ്‌ലിം എന്ന അവസ്ഥയിലാണ്. അഥവാ ദൈവത്തെ അനുസരിച്ചാണ് നിലകൊള്ളുന്നത്.

സൂര്യന്‍ കിഴക്കുദിക്കുന്നതും പടിഞ്ഞാറസ്തമിക്കുന്നതും, പാടത്ത് വിതക്കുന്ന നെല്‍വിത്ത് നെല്‍ച്ചെടിയായി മുളക്കുന്നതും പുല്‍വിത്ത് പുല്‍ച്ചെടിയായി മുളക്കുന്നതും, ഏതൊരാളുടെയും ഹൃദയം തുടിക്കുന്നതും വൃക്കകള്‍ പ്രവര്‍ത്തിക്കുന്നതും അവയുടെ സൃഷ്ടിപ്രകൃതിയില്‍ ദൈവം നിശ്ചയിച്ച ധര്‍മമനുസരിച്ചാണ്. ആടുന്ന മയിലും ചാടുന്ന മുയലും പാടുന്ന കുയിലും ദൈവിക വ്യവസ്ഥക്ക് വിധേയമാണ്. ഇതുപോലെ മനുഷ്യന്‍ തന്റെ ദൈവത്തിന് വിധേയപ്പെടണം. ധിക്കരിക്കാനും മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. ഉദ്ദേശ്യപൂര്‍വം ഒരാള്‍ ദൈവത്തെ മനസ്സിലാക്കി ദൈവിക കല്‍പനകള്‍ക്ക് വിധേയമാകുന്നതോടെയാണ് അയാള്‍ മുസ്‌ലിം ആവുന്നത്.

ചുരുക്കത്തില്‍ ഈ പ്രപഞ്ചത്തില്‍ എങ്ങനെ സ്വധര്‍മം നിര്‍വഹിക്കണം എന്ന കാര്യത്തില്‍ സ്രഷ്ടാവായ ദൈവം സകലചരാചരങ്ങള്‍ക്കും അവയുടെ പ്രകൃതിയില്‍ മാര്‍ഗദര്‍ശനം നല്‍കിയതു പോലെ മനുഷ്യന് പ്രവാചകന്‍മാരിലൂടെ ദൈവം നല്‍കിയ മാര്‍ഗദര്‍ശനമാണ് ഇസ്‌ലാം. അതുകൊണ്ടു തന്നെ ഇസ്‌ലാമിലേക്കുള്ള മനുഷ്യന്റെ മടക്കം പ്രകൃതിയിലേക്കുള്ള മടക്കമാണ്. ഇതാകുന്നു മനുഷ്യന്റെ ഇഹപര രക്ഷക്കുള്ള വഴി.

വായുവും വെള്ളവും വെളിച്ചവുമൊക്കെ ഏതുപോലെ എല്ലാ മനുഷ്യര്‍ക്കുമുള്ള അനുഗ്രഹമാണോ അതുപോലെ എല്ലാ മനുഷ്യര്‍ക്കുമുള്ള ദൈവത്തിന്റെ സന്മാര്‍ഗമാണ് ഇസ്‌ലാം; ഏതെങ്കിലും സമുദായത്തിന്റെ മതമല്ല. ക്രിസ്തുസമുദായത്തിന്റെ മതം ക്രിസ്തുമതം പോലെ ഹിന്ദുസമുദായത്തിന്റെ മതം ഹിന്ദുമതം പോലെ മുസ്‌ലിം സമുദായത്തിന്റെ മതമല്ല ഇസ്‌ലാം.

മതങ്ങള്‍ പൊതുവില്‍ മതസ്ഥാപകന്റെ പേരിലോ സമുദായത്തിന്റെ പേരിലോ ഗോത്രത്തിന്റെ പേരിലൊക്കെയാണ് അറിയപ്പെടുന്നതെങ്കില്‍ ഇസ്‌ലാം അങ്ങനെയല്ല. ആ നാമം ഒരു സവിശേഷ ഗുണത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇസ്‌ലാം എന്ന അറബി പദത്തിന് അനുസരണം, കീഴ്‌വണക്കം, സമ്പൂര്‍ണസമര്‍പണം, സമാധാനം എന്നൊക്കെയാണര്‍ഥം. ദൈവത്തിനുള്ള സമ്പൂര്‍ണ സമര്‍പണമാണ് ഇസ്‌ലാം.

അത് സകല മനുഷ്യര്‍ക്കുമുള്ളതാണ്. അതിനാലാണ് വിശുദ്ധ ഖുര്‍ആന്‍ ദൈവത്തെക്കുറിച്ച് ‘ജനങ്ങളുടെ ദൈവം‘ (114:3), അന്ത്യപ്രവാചകനെക്കുറിച്ച് ‘എല്ലാ ജനങ്ങളിലേക്കുമുള്ള പ്രവാചകന്‍’ (7:158), വിശുദ്ധ ഖുര്‍ആനെക്കുറിച്ച് ‘ജനങ്ങള്‍ക്കുള്ള സന്മാര്‍ഗം‘ (2:185) എന്നിങ്ങനെ പ്രത്യേകം എടുത്തു പറഞ്ഞത്.

അതായത്, സ്രഷ്ടാവായ അല്ലാഹുവും അന്ത്യപ്രവാചകനായ മുഹമ്മദ് നബിയും അന്ത്യവേദമായ വിശുദ്ധ ഖുര്‍ആനും ജനങ്ങളുടേതാണ്. ഹിന്ദുസമുദായത്തില്‍ പിറന്നവര്‍ക്കും ക്രിസ്തുസമുദായത്തില്‍ പിറന്നവര്‍ക്കും മുസ്‌ലിം സമുദായത്തില്‍ പിറന്നവര്‍ക്കുമെല്ലാം പ്രസ്തുത യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി ഇസ്‌ലാമിനെ തെരെഞ്ഞെടുക്കാം; നിരാകരിക്കാം. എന്തായാലും ഇസ്‌ലാമിനെ ഉദ്ദേശ്യപൂര്‍വം തെരെഞ്ഞെടുത്ത് അതനുസരിച്ച് ജീവിക്കുന്നവരാണ് മുസ്‌ലിംകള്‍. അവരാകുന്നു ഇസ്‌ലാമിന്റെ പ്രതിനിധികള്‍. ഭൂമിയില്‍ ജനിച്ച സകല മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണ് ഇസ്‌ലാം എന്ന് ചുരുക്കം.

പിന്‍കുറി: മുസ്‌ലിം സമുദായം ഒരു കുളമാണ്. ഇസ്‌ലാം അതിലെ താമരയും. ആരൊക്കെയോ കുളം കലക്കിക്കൊണ്ടിരിക്കുന്നു. അതിനാല്‍ അധിക ജനവും കലങ്ങിയ കുളത്തെ മാത്രം കാണുന്നു. താമരയെ കാണുന്നില്ല. ഇതാവണം ഇന്ന് ഇസ്‌ലാമിനെ സംബന്ധിച്ച ഒന്നാമത്തെ തിരിച്ചറിവ്.

Related Post