IOS APP

ആരോഗ്യത്തിന്റെ ദൈവശാസ്ത്രം

ആരോഗ്യത്തിന്റെ ദൈവശാസ്ത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ഒരു കാലത്ത് മരുന്നിന്റേയോ ചികില്‍സാ സൗകര്യങ്ങളുടേയോ അഭാവമാണ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നതെങ്കില്‍ ഇന്ന് തെറ്റായ ജീവിത രീതിയും ശൈലിയും സമ്മാനിക്കുന്ന രോഗങ്ങളാണ് പലപ്പോഴും ആധുനിക മനുഷ്യന്റെ ഉറക്കം കെടുത്തുന്നത് എന്നാണ് പറയപ്പെടുന്നത്. ആരോഗ്യ ബോധവല്‍ക്കരണത്തിന്റെ പ്രാധാന്യമാണ് ഇത് അടയാളപ്പെടുത്തുന്നത്. മറുഭാഗത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുകയും ജീവന്‍് മരണപോരാട്ടത്തില്‍ പാവപ്പെട്ടവര്‍ക്കും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കും വൈദ്യപരിചരണവും സേവനങ്ങളും അപ്രാപ്യമാകുന്ന ദുരന്തങ്ങളും ആവര്‍ത്തിക്കപ്പെടുന്നു.

ഒരു നബി വചനത്തിന്റെ ഏകദേശം ആശയം ഇങ്ങനെയാണ് രണ്ട് കാര്യങ്ങള്‍, അധികം പേരും ആ വിഷയത്തില്‍ അശ്രദ്ധരാണ്. ആരോഗ്യവും ഒഴിവുസമയവും. നാം ജീവിക്കുന്ന കാലത്ത് ഏറ്റവും പ്രസക്തമായ ഒരു വചനമാണിതെന്ന് തോന്നുന്നു. നാമെല്ലാവരും വലിയ തിരക്കിലാണ്. ഒന്നിനും സമയമില്ല. ആരോഗ്യ സംരക്ഷണത്തിനും സാമൂഹ്യ ബാധ്യതകള്‍ നിറവേറ്റുന്നതിനും കഴിയാതെ ലോകം വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിലാണ് നമ്മില്‍ പലരും. കുറേ കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോള്‍ തിരിച്ചു പിടിക്കാനാവാത്ത വലിയ ദുരന്തങ്ങളിലാണ് പലപ്പോഴും നാം എത്തിച്ചേരുക . ഓരോന്നിനും സമയം നിശ്ചയിക്കുകയും ഉപഭോഗ സംസ്‌കാരത്തിന്റെ മാസ്മരിക വലയത്തില്‍ അകപ്പെടാതെ സന്തുലിതമായ ജീവിത രീതിയും വീക്ഷണവും പാലിക്കണമെന്നാണ് എല്ലാ പഠനങ്ങളും ഉദ്‌ബോധിപ്പിക്കുന്നത്.

ആരോഗ്യത്തിന്റെ നാലാം മാനത്തെക്കുറിച്ച ഗൗരവപൂര്‍ണമായ ചിന്തകളും അന്വേഷണങ്ങളുമാണ് ലോകാടിസ്ഥാനത്തില്‍ നടക്കുന്നത്. ആത്മീയതയും ഭൗതികതയുമെല്ലാം സമന്വയിക്കുന്ന ജീവിതത്തിന്റെ വ്യത്യസ്ഥ തലങ്ങളിലൂടെ സഞ്ചരിക്കുന്ന മനുഷ്യന്റെ മാനസികവും ശാരീരികവും ധാര്‍മികവുമായ എല്ലാ വശങ്ങളും പരിഗണിച്ചുകൊണ്ടുള്ള നടപടികളും നിലപാടുകളുമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളുമൊക്കെ ആരോഗ്യ രംഗത്ത് സൃഷ്ടിക്കുന്ന വെല്ലുവിളികളെ ക്രിയാത്മകമായി് അതിജീവിച്ച് മുന്നേറുന്നതിനാവശ്യമായ കൂട്ടായ ചിന്തകളും പരിപാടികളും ഉണ്ടാവുമെങ്കില്‍ ലോകാരോഗ്യദിനാചരണം സാര്‍ഥമാകും.

മനുഷ്യ ജീവിതം ധന്യമാകുന്നത് നമ്മെകൊണ്ട് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമ്പോഴാണ്. നന്മയില്‍ സഹകരിക്കുകയും നല്ല കാര്യങ്ങളുടെ സംസ്ഥാപനത്തിനായി കൂട്ടായി പ്രവര്‍ത്തിക്കുകയും ചെയ്യുകയെന്നതാണ് മനുഷ്യ പ്രകൃതം. എന്നാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ അവശ്യമായ ചികില്‍സ ലഭിക്കാതെ പല ജീവനുകളും പൊലിയുന്നതിന്റെ ദുരന്തവാര്‍ത്തകള്‍ ആവര്‍ത്തിക്കപ്പെടുന്ന സമകാലിക ലോകത്ത് യൂണിവേഴ്‌സ്യല്‍ ഹെല്‍ത്ത് കവറേജ് എവരിവണ്‍, എവരി വേര്‍ എന്ന പ്രമേയം കൂടുതല്‍ പ്രസക്തമാവുകയാണ്. ലോകാരോഗ്യ സംഘടനയുടെ എഴുപതാം വാര്‍ഷികമാഘോഷിക്കുമ്പോഴും എല്ലാവര്‍ക്കും ആരോഗ്യമെന്നത് ഒരു മരീചികയായി അവശേഷിക്കുന്നുവെങ്കില്‍ നമ്മുടെ വികസനത്തിന്റേയും പുരോഗതിയുടേയും ബാക്കി പത്രം എന്ത് എന്ന അന്വേഷണം വളരെ പ്രധാനമാണ്.

2015 ല്‍ ലോക രാജ്യങ്ങള്‍ അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യത്തിലും എല്ലാവര്‍ക്കും ആരോഗ്യമെന്ന ആശയം സാക്ഷാല്‍ക്കരിക്കുന്നതിനുള്ള പുനപ്രതിജ്ഞയുണ്ട്. ഒരു തരത്തിലുമുള്ള സാമ്പത്തിക പ്രാരാബ്ദങ്ങളോ പ്രതിബന്ധങ്ങളോ ഇല്ലാതെ എല്ലാവര്‍ക്കും എവിടേയും ആവശ്യമായ ആരോഗ്യ പരിരക്ഷ ലഭ്യമാകുമ്പോള്‍ മാത്ര ലോകത്തിന്റെ വികസന നിലവാരം ഉയരുകയുള്ളൂ. പല രാജ്യങ്ങളും ആരോഗ്യ സംരക്ഷണ രംഗത്ത് ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ടെങ്കിലും ലോക ജനസംഖ്യയുടെ പകുതിയോളം ആളുകള്‍ ഇപ്പോഴും ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കാതെയാണ് കഴിയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകത്ത് സുസ്ഥിര വികസന ലക്ഷ്യം സാധ്യമാവണമെങ്കില്‍ 2023 ഓടെ പുതുതായി ഒരു ബില്യന്‍ പേര്‍ക്കെങ്കിലും പുതുതായി ആരോഗ്യ പരിരക്ഷ സംവിധാനങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.

മനുഷ്യന് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹമാണ് ആരോഗ്യം. ഈ അമൂല്യമായ സമ്പത്ത് സംരക്ഷിക്കുകയെന്നത് പ്രകൃതിയുടേയും ബുദ്ധിയുടേയും തേട്ടമാകുന്നു. ഈ രംഗത്ത് നം കാണിക്കുന്ന അശ്രദ്ധയും അലംബാവവും അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരം ബോധിപ്പിക്കേണ്ടിവരുമെന്ന ചിന്ത ആരോഗ്യത്തിന്റെ ദൈവശാസ്ത്രത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിങ്ങള്‍ നിങ്ങളെ നാശത്തിലേക്ക് ഇടരുത് എന്ന ദൈവിക കല്‍പന ആരോഗ്യ സംരക്ഷണത്തെക്കുറിച്ച ഗൗരവമേറിയ നിര്‍ദേശമാണ്. ആരോഗ്യ സംരക്ഷണത്തിന്റെ ഓരോ വശങ്ങളും സൂക്ഷ്മമായിപരിഗണിച്ച ഏകജീവിതക്രമമാണ് ഇസ്‌ലാമെന്നാണ് ഇവ്വിഷയകമായി ഗവേഷണം നടത്തിയ വൈദ്യ ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത്.

ശുദ്ധിക്ക് ഇസ്‌ലാം കല്‍പ്പിക്കുന്ന പ്രാധാന്യം അടിവരയിടപ്പെടേണ്ടതാണ്. വൃത്തി ഈമാനിന്റെ പകുതിയാണെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ശരീരത്തിന്റേയും മനസിന്റേയും ശുദ്ധീകരണം സാധ്യമാകുമ്പോള്‍ അകവും പുറവും വൃത്തിയുള്ളവനായി മനുഷ്യന്‍ മാറുമെന്നാണ് മതത്തിന്റെ വിലയിരുത്തല്‍.

വിശുദ്ധവും ആരോഗ്യദായകവുമായ ഭക്ഷണത്തോടുള്ള മനുഷ്യന്റെ സ്വാഭാവികമായ ആഗ്രഹം ഇസ്‌ലാം അംഗീകരിക്കുന്നു. നിങ്ങള്‍ക്ക് നാം നല്‍കിയ നല്ലതില്‍ നിന്നും ഭക്ഷിക്കുക എന്ന ദൈവിക ശിക്ഷണം മതത്തിന്റെ ഏറെ ദീര്‍ഘവീക്ഷണമുള്ള ഭക്ഷണസങ്കല്‍പത്തിന്റെ നിദര്‍ശനമാണ്. പല ഭക്ഷണപദാര്‍ഥങ്ങളും ഇസ്‌ലാം വിരോധിച്ചത് അത് മനുഷ്യന് ഹാനികരമായത് കൊണ്ടാണ് എന്നും നാം മനസിലാക്കുക. വിശപ്പകറ്റാന്‍ നല്ലതും വിശുദ്ധവുമായ സാധനങ്ങളാണ് മനുഷ്യന്‍ ഉപയോഗിക്കേണ്ടത് എന്ന് ഈ നിര്‍ദേശം വ്യക്തമാക്കുന്നു. ഇസ്‌ലാമില്‍ അനുവദനീയവും അനനുവദനീയവും നിശ്ചയിച്ചതിലുള്ള മാനദണ്ഡം ഈ നന്മ തിന്മകളാണ് എന്നും നാം കൂട്ടത്തില്‍ മനസിലാക്കുക. മാത്രമല്ല അമിതമായി ഭക്ഷണം കഴിക്കുന്നതിനെ കണിശമായി നിരോധിച്ച ഇസ്‌ലാം ഭക്ഷണം കഴിക്കുന്നതിന്റെ മര്യാദകളും സവിസ്തരം പ്രതിപാദിപ്പിക്കുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകുന്നതും ഭക്ഷണം ചവച്ചരച്ച് കഴിക്കുവാനുള്ള നിര്‍ദേശവുമൊക്കെ ആരോഗ്യവശം കൂടി പരിഗണിച്ചാണ് നല്‍കിയിരിക്കുന്നത്.

ശക്തനായ വിശ്വാസിയാണ് ദുര്‍ബലനായ വിശാസിയേക്കാളും ഉത്തമനും അല്ലാഹുവിന് ഏറ്റവും പ്രിയങ്കരനുമെന്ന നബിവചനവും ആരോഗ്യത്തിന് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. ശാരീരികവും വിശ്വാസപരവുമായ ശക്തി ദൗര്‍ബല്ല്യങ്ങളെ നമുക്ക് ഇവിടെ പരിഗണിക്കാവുന്നതാണ്. മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനായി കുതിരസവാരിയും അമ്പെയ്ത്തുമൊക്കെ കുട്ടികളെ പരിശീലിപ്പിക്കാന്‍ പ്രവാചകന്‍ നിര്‍ദേശം നല്‍കിയതായും പല നബി വചനങ്ങളിലും കാണാം. അതുപോലെതന്നെ കായികാഭ്യാസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പല നടപടികളും തിരുമേനിയില്‍ നിന്നുണ്ടായതായും തെളിയിക്കപ്പെട്ട സംഗതിയാണ്.

മാനസികാരോഗ്യമാണ് നമ്മുടെ സവിശേഷ ശ്രദ്ധപതിയേണ്ട മറ്റൊരു രംഗം. മനുഷ്യനെ ആത്മീയമായി സംസ്‌ക്കരിക്കുകയും മാനസികമായി ആരോഗ്യവാനാക്കുകയും ചെയ്യുതിനുപകരിക്കുന്ന ഒട്ടേറെ നിര്‍ദേശങ്ങള്‍ ഇസ്‌ലാമില്‍ നമുക്ക് കാണാന്‍ കഴിയും. അസൂയ, പക, വിദ്വേഷം, ഏഷണി, പരദൂഷണം, പൊങ്ങച്ചം പറച്ചില്‍ തുടങ്ങി എല്ലാ ദുസ്വഭാവങ്ങളേയും പൂര്‍ണമായും നിരാകരിച്ച് തെളിഞ്ഞ മനസോടെ ആരോഗ്യവാനായി കഴിയാന്‍ പരസ്പരം സ്‌നേഹവും സഹകരണവുമാണ് ഇസ്‌ലാം പ്രോല്‍സാഹിപ്പിക്കുന്നത്. പരസ്പരം കണ്ടുമുട്ടുമ്പോള്‍ ആരോഗ്യകരമായ വ്യക്തി ബന്ധത്തിന്റെ അടിത്തറപാകാന്‍ പുഞ്ചിരി തൂകാനും അല്ലാഹുവിന്റെ രക്ഷയും സമാധാനവുമുണ്ടാവട്ടെ എന്നാശംസിക്കാനുമാണ് ഇസ്‌ലാമിന്റെ നിര്‍ദേശം. സമൂഹത്തിന് ആരോഗ്യകരമായ ഒരു ചുറ്റുപാടുണ്ടാക്കാന്‍ ഏറ്റവും അനുഗുണമായ നടപടികളായാണ് ബഹുസ്വര സമൂഹങ്ങള്‍ പോലും ഈ നിര്‍ദേശങ്ങളെ വിലയിരുത്തുന്നത്.

ആരോഗ്യസംരക്ഷണത്തെക്കുറിച്ച മാര്‍ഗനിര്‍ദേശം നല്‍കുന്നതോടൊപ്പം രോഗത്തെക്കുറിച്ചും ഇസ്‌ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. രോഗം ദൈവത്തിന്റെ കോപമാണെന്ന വികലമായ ധാരണയെ അപ്പാടെ നിരാകരിച്ച ദൈവശാസ്ത്രം രോഗം വന്നാല്‍ ചികില്‍സിക്കണമെന്നാണ് പഠിപ്പിക്കുന്നത്. എല്ലാ രോഗങ്ങള്‍ക്കും ചികില്‍സയുണ്ടെന്നും ഏറ്റവും അനുഗുണമായ ചികില്‍സ വിധിതേടണമെന്നുമാണ് നിര്‍ദേശം.

ആരോഗ്യകരമായ ജീവിത ചുറ്റുപാടും ചിന്താഗതിയും പ്രോല്‍സാഹിപ്പിക്കാനും ഇത് സംബന്ധമായ ചര്‍ച്ചകളിലൂടെ സമൂഹത്തില്‍ രചനാത്മകമായ മാറ്റങ്ങളുണ്ടാക്കാനും ലക്ഷ്യം വെച്ചുകൊണ്ടാണ് ഏപ്രില്‍ ഏഴ് ലോകാരോഗ്യദിനമായി ലോകാരോഗ്യ സംഘടന ആചരിക്കുന്നത്. ഓരോ വര്‍ഷവും സവിശേഷമായ ഓരോ പ്രമേയം തെരഞ്ഞെടുത്തുകൊണ്ടാണ് ഈ ദിനം കൊണ്ടാടാറുള്ളത്. എല്ലാവര്‍ക്കും ആരോഗ്യം എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യദിനത്തിന്റെ പ്രമേയം.

പ്രതിവര്‍ഷം അമ്പത് ലക്ഷം കുട്ടികള്‍ പരിസ്ഥിതി പരമായ കാരണങ്ങളാല്‍ മരിക്കുകയും മറ്റനേകലക്ഷം കുട്ടികള്‍ വ്യത്യസ്തങ്ങളായ പ്രയാസങ്ങള്‍ അഭിമുഖീകരിക്കുകയും ചെയ്യുന്ന ആധുനിക ലോകത്ത് ഏറെ പ്രസക്തമായ ഒരു പ്രമേയമാണിത്. സംഘര്‍ഷങ്ങളും യുദ്ധങ്ങളുമൊക്കെ സൃഷ്ടിക്കുന്ന കനത്ത വെല്ലുവിളികളും പാരിസ്ഥികവും സാമൂഹികവുമായ ചുറ്റുപാടുകളുമൊക്കെ എല്ലാവര്‍ക്കും ആരോഗ്യം എന്ന മഹത്തായ ആശയത്തിന്റെ സാക്ഷാല്‍ക്കാരത്തിന് വിലങ്ങുതടിയാകുമ്പോള്‍ പ്രത്യേകിച്ചും ഈ പ്രമേയം കൂടുതല്‍ ശ്രദ്ധേയമാകുന്നു.

കുട്ടികളുടെ സുന്ദരമായ ബാല്യവും യൗവനവും ആരോഗ്യകരമായ അന്തരീക്ഷത്തില്‍ വളര്‍ന്ന് പരിലസിക്കേണ്ടതുണ്ട്. വീടും ചുറ്റുപാടും, സ്‌ക്കൂളും, സമൂഹവും എന്നുവേണ്ട ജീവിതത്തിന്റെ സമസ്ത മേഖലകളും ആരോഗ്യകരമായതായെങ്കില്‍ മാത്രമേ ഭാവി തലമുറയെ ശരിയായ നിലക്ക് നമുക്ക് വാര്‍ത്തെടുക്കാന്‍ കഴിയുകയുള്ളൂ.

 

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.