ഇസ്ലാംഒരു ജീവിത പദ്ധതിയാണ്

ഇസ്ലാംഒരു ജീവിത പദ്ധതിയാണ്

മത പ്രസംഗത്തിന് പ്രാസംഗികനെ ബുക്ക് ചെയ്യാനാണ് ഷമീര്‍ പോയത്. അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ലിസ്റ്റ് ഷമീറിന് നല്‍കി. പലവിധ കാറ്റഗറിയിലാണ് വിഷയങ്ങള്‍. വില കൂടിയതും കുറഞ്ഞതും. ‘കൂടുതല്‍ കമ്മിറ്റിക്കാരും ആവശ്യപ്പെട്ടത് ഒന്നാമത്തെ കാറ്റഗറിയില്‍ പെട്ടതാണ്.’ പ്രാസംഗികന്‍ പറഞ്ഞു. ഷമീര്‍ ആ ലിസ്റ്റില്‍ ഒന്ന് കണ്ണോടിച്ചു.

പരലോകം, സ്വര്‍ഗം, നരകം, മഹ്ശറ, വിചാരണ തുടങ്ങിയ വിഷയങ്ങളാണ് ലിസ്റ്റില്‍. അടുത്ത ലിസ്റ്റില്‍ ആരാധന കാര്യങ്ങളാണ്. ഇസ്ലാമിന്റെ ജീവിത വീക്ഷണം എന്നത് ആ ലിസ്റ്റില്‍ എവിടെയും കണ്ടില്ല. അത്ഭുതത്തോടെ ഷമീര്‍ ചോദിച്ചു ‘ഇസ്ലാമിന്റെ ജീവിത വീക്ഷണം  എന്നതാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ആ വിഷയമൊന്നും ഇതില്‍ കണ്ടില്ല’.
‘അതിനു ആവശ്യക്കാര്‍ കുറവാണ്. ആളുകളെ കയ്യിലെടുക്കാന്‍ നല്ലതു ഈ ലോകത്തെ ഇസ്ലാമല്ല. പരലോകത്തെ ഇസ്ലാമാണ്’ പ്രാസംഗികന്‍ പ്രതിവചിച്ചു .
ലിസ്റ്റില്‍ ഒരു വിഷയം തിരഞ്ഞെടുത്തു പൈസയും ഉറപ്പിച്ചു ഷമീര്‍ തിരിച്ചു പോന്നു.

തിരിച്ചു വരുമ്പോള്‍ ഷമീര്‍ ആലോചിച്ചു. പ്രാര്‍ത്ഥനകളുടെ നേതാവ് എന്ന് പറയുന്ന പ്രാര്‍ത്ഥന ‘ഞങ്ങളുടെ നാഥാ, ഞങ്ങളില്‍ ഈ ലോകത്തു നന്മ ചൊരിയേണമേ, പരലോകത്തും നന്മ ചൊരിയേണമേ! നരകശിക്ഷയില്‍നിന്ന് ഞങ്ങളെ നീ കാക്കുകയും ചെയ്യേണമേ’ എന്നാണല്ലോ?. ദുനിയാവിനെ മറന്നുകൊണ്ട് ഒരു പരലോകം ഇസ്ലാം വിഭാവനം ചെയ്യുന്നില്ല. ഈ ലോകത്തിനു ശേഷമാണ് പരലോകം വരുന്നത്. ഈ ലോകത്തെ ജീവിതത്തിന്റെ ബാക്കിയാണ് പരലോകം. ഭൂമിയില്‍ തന്റെ  ബാധ്യതകള്‍ എങ്ങിനെ നിറവേറ്റി എന്നിടത്താണ് നരക മോചനവും പരലോകത്തെ നല്ല ജീവിതവും സാധ്യമാകുന്നത്.

കേവലം പരലോകം മാത്രമാണ് ഇസ്ലാം എന്ന നിലയിലാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്ന മത പ്രഭാഷണങ്ങളും ചര്‍ച്ചകളും.  ‘അല്ലാഹു നിനക്കുതന്നിട്ടുള്ള സമ്പത്തുകൊണ്ട് പാരത്രികഗേഹം നേടാന്‍ നോക്കണം. എന്നാല്‍, ഈ ലോകത്ത് നിനക്കുള്ള പങ്ക് വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിന്നോട് നന്മ ചെയ്തിട്ടുള്ളതുപോലെ നീയും നന്മ ചെയ്യുക’ ഈ ലോകത്തോട് വിശ്വാസിയുടെ നിലപാട് ഇങ്ങിനെയാകണം എന്നതാണ് ഖാറൂന്‍ വിഷയം പറയുന്നിടത്തു ഖുര്‍ആന്‍ പറഞ്ഞത്.

പരലോകത്തു ഗുണം ലഭിക്കാന്‍ കഴിയുന്ന ഏക മാര്‍ഗം ഈ ലോകത്തിലൂടെ മാത്രമാണ്. ഇസ്ലാമിക ജീവിതം എന്നത് കൊണ്ട് കേവലം ആരാധനകള്‍ മാത്രമാണ് എന്ന തെറ്റിധാരണ സമൂഹത്തെ ഗ്രസിച്ചിരിക്കുന്നു. ഈ ഭൂമിയില്‍ തന്നില്‍ അര്‍പ്പിതമായ ബാധ്യതകള്‍ പൂര്‍ണമായി നിറവേറ്റുമ്പോള്‍  മാത്രമാണ് അയാള്‍ സ്വര്‍ഗത്തിന് അവകാശിയാകുന്നത്. അപ്പോള്‍ വേണ്ടത് ഭൂമിയില്‍ മനുഷ്യന്റെ ബാധ്യതയെന്ത്, അത് ആരോടൊക്കെ, എങ്ങിനെ പൂര്‍ത്തീകരിക്കാം എന്നതാണ് ജനത്തെ പഠിപ്പിക്കേണ്ടത്. അതില്‍ നിന്നും മാറി പരലോകത്തെ സ്വപ്നം കാണുന്ന ഇസ്ലാം അപൂര്‍ണ്ണമാണ് എന്നെ പറയാന്‍ കഴിയൂ.

സദസ്സിനെ ചിന്തിപ്പിക്കാന്‍ എന്നതിനേക്കാള്‍ സദസ്സിനെ കരയിപ്പിക്കുക എന്നിടത്താണ് പ്രാസംഗികന്റെ മിടുക്കു കണക്കാക്കുന്നത്. പരലോകത്തെക്കുറിച്ച് പറഞ്ഞ് ഒരു അവസ്ഥയിലെത്തിയാല്‍ സദസ്സിനെ സാമ്പത്തികമായി ചൂഷണം ചെയ്യാന്‍ എളുപ്പമാണ് എന്നതാണ് ഇതിനു പിന്നിലെ മുഖ്യ ഉദ്ദേശം എന്ന് മനസ്സിലാക്കണം.

മനുഷ്യന്റെ ഭൂമിയിലെ വിഷയങ്ങള്‍ക്ക് മതം എന്ത് പരിഹാരം പറയുന്നു എന്നത് പലപ്പോഴും അവഗണിക്കപ്പെടുന്നു.  ഈ ലോകത്തെ മറന്ന് പരലോകത്തില്‍ കയറിപ്പിടിക്കുന്ന രീതി ഇസ്ലാമിനെ ഒരു മരണ പദ്ധതിയായി മറ്റുള്ളവര്‍ക്ക് തെറ്റിദ്ധരിക്കാന്‍ ഇട വരും. ഇസ്ലാം ഒരു ജീവിത പദ്ധതിയാണ് എന്നത് കൂടി ജനത്തിന് മനസ്സിലാക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു സമീകൃത ഭാഷണങ്ങള്‍ ഇനിയും നടക്കണം. ഇസ്ലാം ചിലരുടെ ജീവിത പദ്ധതിയായിട്ട് കാലമേറെയായി എന്നത് കൂടി ചേര്‍ത്ത് വായിക്കണം.

ഈ ഭൂമിയും പരലോകവും കൂടി ചേര്‍ന്നതാണ് ഖുര്‍ആന്‍ പറയുന്ന ദീന്‍. ‘ഫര്‍ദ്’ എന്നത് കൊണ്ട് ഇസ്ലാമിന്റെ വിവക്ഷ വ്യക്തി എന്ന നിലയില്‍ ഒരാള്‍ അല്ലാഹുവിനോടും മനുഷ്യരോടും പ്രകൃതിയോടും ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളാണ്.  ഒരാളില്‍ ഇസ്ലാം വര്‍ധിക്കുമ്പോള്‍ അയാള്‍ ഒരു പക്ഷത്തേക്ക് മാത്രം ചായുക എന്നതല്ല ഇസ്ലാം പറയുന്നത്. അയാള്‍ എല്ലായിടത്തേക്കും ഒരേ പോലെ പരന്നു പോകണമെന്നാണ്.  ഇസ്ലാം അധികരിക്കുമ്പോള്‍ ഈ ലോകത്തെ മറക്കുന്നത് ശരിയായ രീതിയിലല്ല ഇസ്ലാമിനെ മനസ്സിലാക്കിയത് എന്ന് ബോധ്യമാകും.

 

Related Post