ഇസ്ലാം എന്ന നാമത്തിന്റെ അര്‍ത്ഥം

Originally posted 2017-04-01 16:28:59.

ഇസ്‌ലാം

                                                                                  ഇസ്ലാം എന്ന നാമത്തിന്റെ അര്‍ത്ഥം

ഇസ്‌ലാം എന്ന പേര്, മറ്റു മതങ്ങളുടേത് പോലെ ഏതെങ്കിലും വ്യക്തിയുമായോ ദേശവുമായോ സമുദായവുമായോ ബന്ധപ്പെട്ടല്ല. യേശുക്രിസ്തു സ്ഥാപിച്ച മതം എന്ന സങ്കല്‍പത്തെ ആധാരമാക്കിയാണല്ലോ ക്രിസ്തുമതം ആ പേരില്‍ അറിയപ്പെടുന്നത്. അതുപോലെ ബുദ്ധന്‍ സ്ഥാപിച്ച മതം ബുദ്ധമതം എന്നും ഹിന്ദുസ്ഥാനില്‍ പ്രചരിച്ച മതം എന്ന അര്‍ഥത്തില്‍ ഹിന്ദുമതവും, ജൂതവംശത്തിന്റെ മതം ജൂതമതമെന്നും അറിയപ്പെടുന്നു. എന്നാല്‍ ഇസ്‌ലാം എന്ന പേര്‍ അവ്വിധം ഉണ്ടായതല്ല. കാരണം, ഏതെങ്കിലും വ്യക്തിയോ വംശമോ ആവിഷ്‌കരിച്ച മതമല്ല ഇസ്‌ലാം. ഏതെങ്കിലും സമുദായത്തിനോ ഭൂപ്രദേശത്തിനോ വേണ്ടി ആവിഷ്‌കരിക്കപ്പെട്ടതുമല്ല. അല്ലാഹുവാണ് അതിന്റെ ആവിഷ്‌കര്‍ത്താവ്. മനുഷ്യവംശത്തിനാകമാനം, അല്ല, സൃഷ്ടി പ്രപഞ്ചത്തിനാകമാനം തന്നെയുള്ള മതമാണത്. ഇസ്‌ലാം എന്ന പേര് ഈ ആശയങ്ങളെയെല്ലാം പ്രതിനിധീകരിക്കുന്നതാണ്.
സ-ല-മ എന്നീ ധാതുക്കളില്‍ നിന്ന് നിഷ്പാദിതമായി അറബി പദമാകുന്നു ഇസ്‌ലാം. ഈ ധാതുവില്‍നിന്ന് രൂപംകൊണ്ട പദങ്ങള്‍ക്ക് പുരാതന അറബി ഭാഷാ വിശാരദന്മാര്‍ നല്‍കിയിട്ടുള്ള അര്‍ഥം ലിസാനുല്‍ അറബ്, അല്‍-മുഫ്‌റദാത്, അല്‍-ഇശ്തിഖാഖ് തുടങ്ങിയ ആധികാരിക നിഘണ്ടുകള്‍ ഉദ്ധരിക്കുന്നതിങ്ങനെയാണ്:
1. രക്ഷ, സമാധാനം
2. സമ്മതം, സമര്‍പ്പണം, അനുസരണം, വിധേയത്വം
3. സന്ധി, അനുരഞ്ജനം, പരസ്പരം ധാരണ
4. പരോക്ഷവും പ്രകടവുമായ എല്ലാ ന്യൂനതകളില്‍ നിന്നുമുള്ള മുക്തി
സ-ല-മ എന്നതിന്റെ നിഷ്പന്ന രൂപങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ചതായി കാണാം. ഉദാ:- 1) സില്‍മ്: فَلَا تَهِنُوا وَتَدْعُوا إِلَى السَّلْمِ -മുഹമ്മദ്: 35) (നിങ്ങള്‍ ദുര്‍ബലരായി സമാധാനത്തിന് (രക്ഷക്ക്) അപേക്ഷിക്കരുത്.) وَإِن جَنَحُوا لِلسَّلْمِ فَاجْنَحْ لَهَا -അല്‍-അന്‍ഫാല്‍: 61 (അവര്‍ സമാധാനത്തിന് (സന്ധിക്ക്) താല്‍പര്യപ്പെട്ടാല്‍ നീയും അതിന് തല്‍പരനാകണം.)
2) മുസ്തസ്‌ലിം: بَلْ هُمُ الْيَوْمَ مُسْتَسْلِمُونَ  – അസ്സ്വാഫാത്: 26 (അല്ല, ഇന്ന അവര്‍ കീഴടങ്ങിയവര്‍ (സമര്‍പ്പിതര്‍) ആകുന്നു.)
3) അസ്‌ലമ: أَسْلَمْتُ لِرَبِّ الْعَالَمِينَ – അല്‍ബഖറ: 131 (ഞാന്‍ സര്‍വലോക നാഥാനായ അല്ലാഹുവിന് അനുസരിക്കുന്നവര്‍ (വിധേയന്‍) ആയിരിക്കുന്നു)
4) മുസല്ലമത്: مُسَلَّمَةٌ لَّا شِيَةَ فِيهَا – അല്‍ബഖറ: 71 (ന്യൂനതകളില്‍ നിന്ന് മുക്തമായത്, കലകളില്ലാത്തത്)
5) സലീം: إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ – അശ്ശുഅറാ: 89 (നിഷ്‌കളങ്കമായ മനസ്സുമായി അല്ലാഹുവിങ്കല്‍ ഹാജരായവനൊഴിച്ച്)
ബുഖാരി ഉദ്ധരിച്ച ഒരു ഹദീഥില്‍ മുസ്‌ലിമിനെ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്: المسلم من سلم المسلمون من لسانه و يده (ആരുടെ നാവില്‍ നിന്നും കരത്തില്‍ നിന്നും മുസ്‌ലിംകള്‍ സുരക്ഷിതരായോ അവനാകുന്നു മുസ്‌ലിം) മുസ്‌ലിംകളുടെ അഭിവാദന വചനം ‘അസ്സലാമു അലൈകും’ എന്നാണ്. ‘അല്ലാഹുവുന്റെ രക്ഷയും സമാധാനവും നിങ്ങളില്‍ ഭവിക്കട്ടെ’ എന്നാണതിനര്‍ഥം. ‘അസ്സലാം’ അല്ലാഹുവിന്റെ നാമമായും ഉപയോഗിക്കാറുണ്ട്. പരോക്ഷവും പ്രത്യക്ഷവുമായ എല്ലാ ന്യൂനതകളില്‍ നിന്നും മുക്തനായവന്‍ എന്ന അര്‍ഥത്തിലാണത്. ഇസ്‌ലാം എന്ന നാമകരണത്തില്‍ ഉപരി സൂചിതമായ എല്ലാ അര്‍ഥങ്ങളും പരിഗണിക്കപ്പെട്ടിരിക്കുന്നു. അവ താഴെ പറയും പ്രകാരമാണ്:
1. അല്ലാഹു സകല വിധ ന്യൂനതകളില്‍ നിന്നും ബഹുത്വത്തില്‍ നിന്നും പങ്കാളിത്തങ്ങളില്‍ നിന്നും പരിശുദ്ധനാണ് എന്ന വിശ്വാസവും, ആ വിശ്വാസത്തിലധിഷ്ഠിതമായി, സൃഷ്ടികളെ അസത്യം, അക്രമം, അനീതി തുടങ്ങിയ ആന്തരികവും ബാഹ്യവുമായ എല്ലാ മാലിന്യങ്ങളില്‍ നിന്നും ശുദ്ധീകരിക്കുന്ന ധര്‍മവ്യവസ്ഥയും ഉള്‍ക്കൊള്ളുന്ന മതമാണ്.
2. മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രപഞ്ചവും തമ്മിലും അനുരഞ്ജനമുണ്ടാക്കുകയും സമരസപ്പെടുത്തുകയും ചെയ്യുന്ന തത്വശാസ്ത്രമാണ്.
3. മനുഷ്യന് ഐഹികവും പാരത്രികവുമായ രക്ഷയും സമാധാനവും പ്രദാനം ചെയ്യുന്ന പ്രത്യയശാസ്ത്രമാണ്.
4. ദൈവത്തിനുള്ള സൃഷ്ടികളുടെ വിധേയത്വത്തിന്റെയും അനുസരണത്തിന്റെയും സമര്‍പ്പണത്തിന്റെയും മതമാണ്

Related Post