ഇസ്ലാമിലെ ജിഹാദ്

Originally posted 2016-10-05 12:07:16.

%d8%a7%d9%84%d8%ac%d9%87%d8%a7%d8%af_%d9%81%d9%8a_%d8%b3%d8%a8%d9%8a%d9%84_%d8%a7%d9%84%d9%84%d9%87

എന്താണ് ഇസ്ലാമിലെ ജിഹാദ്

മുസ്‌ലിംകളാകാത്തവര്ക്കെെതിരെ നടത്തുന്ന പോരാട്ടത്തിനാണല്ലോ ജിഹാദ് എന്നു പറയുന്നത്. ജിഹാദിന് മുസ്‌ലിംകളെ പ്രേരിപ്പിക്കുന്ന ഖുര്ആന്‍ അന്യമതവിരോധമല്ലേ പ്രചരിപ്പിക്കുന്നത്?
എം.എം അക്ബർ    

കാര്യസാധ്യത്തിനുവേണ്ടി വിഷമങ്ങളെയോ എതിര്‍പ്പുകളെയോ തരണം ചെയ്തുകൊണ്ട് പരമാവധി പരിശ്രമിക്കുന്നതിനാണ് അറബിയില്‍ ജിഹാദ് എന്നു പറയുന്നത്. ദൈവികമാര്‍ഗത്തിലുള്ള തീവ്രശ്രമമെന്ന അര്‍ഥത്തിലാണ് ഖുര്‍ആനിലും നബിവചനങ്ങളിലുമെല്ലാം ജിഹാദ് എന്ന് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. അതല്ലാതെ അമുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന വര്‍ഗീയ അക്രമങ്ങള്‍ക്കല്ല ജിഹാദ് എന്നു പറയുന്നത്.

ദൈവിക മാര്‍ഗത്തിലുള്ള ത്യാഗപരിശ്രമങ്ങള്‍ ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. ഈ ത്യാഗപരിശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന ഒരു ഖുര്‍ആന്‍ സൂക്തം കാണുക. ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യേണ്ട മുറപ്രകാരം നിങ്ങള്‍ സമരം ചെയ്യുക. അവന്‍ നിങ്ങളെ ഉല്‍കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്രാഹിമിന്റെ മാര്‍ഗമത്രെ അത്. മുമ്പും (മുന്‍ വേദങ്ങളിലും) ഇതിലും (ഈവേദത്തിലും) അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് മുസ്‌ലിംകളെന്ന് പേര് നല്‍കിയിരിക്കുന്നു. റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും, നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷിയായിരിക്കാനും വേണ്ടി. ആകയാല്‍ നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെ മുറുകെ പിടിക്കുകയും ചെയ്യുക. അവനാണ് നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി! എത്ര നല്ല സഹായി!” (ഖുര്‍ആന്‍ 22:78)

ജിഹാദിനെക്കുറിച്ച് വിശദീകരിക്കുകയും ജിഹാദിന് സജ്ജരാകുവാന്‍ സത്യവിശ്വാസികളെ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഈ സൂക്തത്തില്‍ ‘ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും വേണ്ടി’ എന്നു പ്രത്യേകമായി എടുത്തുപറഞ്ഞത് ശ്രദ്ധേയമാണ്. പ്രവാചകന്മാര്‍ മുഴുവന്‍ നിര്‍വഹിച്ച ദൗത്യം നിര്‍വഹിക്കുവാന്‍ അന്തിമ പ്രവാചകനുശേഷം ബാധ്യതയേല്‍പിക്കപ്പെട്ടവരാണ് മുസ്‌ലിംകള്‍. സത്യമതസാക്ഷ്യം എന്ന ദൗത്യം. ഈ ദൗത്യ നിര്‍വഹണത്തിനാവശ്യമായ ത്യാഗപരിശ്രമങ്ങളാണ് ജിഹാദ്.

സത്യസാക്ഷ്യമെന്ന ദൗത്യനിര്‍വഹണത്തിന് സ്വന്തത്തെ സജ്ജമാക്കുകയാണ് ഒരു മുസ്‌ലിം ആദ്യമായി ചെയ്യേണ്ടത്. ദൈവികവിധിവിലക്കുകള്‍ക്കനുസൃതമായി സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ ക്രമീകരിച്ചുകൊണ്ടാണ് ഒരാള്‍ സ്വന്തത്തോട് ജിഹാദ് ചെയ്യുന്നത്. ഈ ദൗത്യനിര്‍വഹണത്തിന് തന്റെ സമ്പത്തിനെയും കുടുംബത്തെയും സമൂഹത്തെയും പരിസരത്തെയുമെല്ലാം സജ്ജമാക്കുവാന്‍ മുസ്‌ലിം ബാധ്യസ്ഥനാണ്. ഈ സജ്ജീകരണങ്ങളെല്ലാം തന്നെ ജിഹാദിന്റെ വരുതിയില്‍ വരുന്നവയാണ്.

ദൈവിക മതമനുസരിച്ച് ജീവിക്കുകയും അതു പ്രബോധനം നടത്തുകയും ചെയ്തുകൊണ്ടാണ് ഒരു മുസ്‌ലിം സത്യമതസാക്ഷ്യം നിര്‍വഹിക്കുന്നത്. ഇതിന് രണ്ടിനുമുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍ പ്രസ്തുത സ്വാതന്ത്ര്യം അനുവദിക്കപ്പെടുന്നതിനുവേണ്ട സാഹചര്യമൊരുക്കുന്നതില്‍ പങ്കാളിയാകേണ്ടതും ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. അത്തരമൊരു അവസ്ഥയില്‍ മതസ്വാതന്ത്ര്യം നേടിയെടുക്കുന്നതിന് ഒരു സായുധ സമരം അനിവാര്യമാണെന്ന് മുസ്‌ലിം സമൂഹത്തിന് ബോധ്യപ്പെടുകയാണെങ്കില്‍ ആ സമരത്തില്‍ സജീവ സാന്നിധ്യം വഹിക്കേണ്ടതും അയാളുടെ കടമതന്നെയാണ്.

മുസ്‌ലിംകളല്ലാത്തവര്‍ക്കെതിരെ നടത്തുന്ന കേവലം വര്‍ഗീയമായ പോരാട്ടമല്ല ജിഹാദ്. ഇസ്‌ലാം അനുസരിച്ചുള്ള ജീവിതവും അങ്ങനെ ജീവിക്കാന്‍ വേണ്ടിയുള്ള ത്യാഗപരിശ്രമങ്ങളുമാണത്. താന്‍ വിശ്വസിക്കുന്ന മതമനുസരിച്ച് ജീവിക്കാനും അത് പ്രബോധനം ചെയ്യുന്നതിനുമുള്ള ഓരോ വ്യക്തിയുടെയും മൗലികമായ അവകാശം ആധുനിക നിയമവ്യവസ്ഥകളെല്ലാം അംഗീകരിക്കുന്നുണ്ട്. ഈ മൗലികാവകാശം നിഷേധിക്കപ്പെടുകയാണെങ്കില്‍ അത് നേടിയെടുക്കാന്‍ വേണ്ടി പരിശ്രമിക്കേണ്ടത് മുസ്‌ലിം സമൂഹത്തിന്റെ ബാധ്യതയാണ്. ഈ പരിശ്രമത്തില്‍ ശക്തി പ്രയോഗിക്കപ്പെടുമ്പോഴാണ് ജിഹാദ് സായുധസമരമായിത്തീരുന്നത്. സത്യമതമനുസരിച്ച് ജീവിക്കാനും അത് പ്രബോധനം ചെയ്യുവാനുമുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍ അനിവാര്യമെങ്കില്‍ ശക്തി പ്രയോഗിക്കാന്‍ ഖുര്‍ആന്‍ മുസ്‌ലിം സമൂഹത്തെ അനുവദിക്കുന്നുണ്ട്. ഇതാണ് ജിഹാദ് സായുധസമരമായിത്തീരുന്ന സാഹചര്യം. അതല്ലാത്തപ്പോഴെല്ലാം അത് ഇസ്‌ലാം അനുസരിച്ചുള്ള ജീവിതവും അത് പ്രബോധനം ചെയ്യുന്നതിനുവേണ്ടിയുള്ള തീവ്രയത്‌നങ്ങളും മാത്രമായിരിക്കും.

ഇസ്‌ലാം അനുസരിച്ച് ജീവിക്കാന്‍ അവകാശം നിഷേധിച്ചുകൊണ്ട് മുസ്‌ലിം സമൂഹവുമായി യുദ്ധത്തിനുവരുന്നവരോട് സായുധസമരം നടത്തുമ്പോള്‍ പോലും പരിധിവിട്ട് പ്രവര്‍ത്തിക്കുവാന്‍ പാടില്ലെന്നും അവര്‍ എതിര്‍ പ്പില്‍നിന്ന് വിരമിക്കുകയാണെങ്കില്‍ തുടര്‍നടപടികള്‍ പാടില്ലെന്നുമാണ് ഖുര്‍ആനിന്റെ ശാസന.

”നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍, നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകതന്നെയില്ല.” (2:190)

”ഇനി അവര്‍ വിരമിക്കുകയാണെങ്കിലോ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്”

(2:192)

യുദ്ധരംഗത്തുപോലും സമ്പൂര്‍ണമായ നീതിപാലിക്കണമെന്ന മാനവികമായ നിര്‍ദേശം നമുക്ക് എവിടെയാണ് കാണാനാവുക; ഖുര്‍ആനിലല്ലാതെ!

Related Post