ഇസ്ലാമും ലിംഗ സമത്വവും

Originally posted 2016-07-01 16:08:01.

പ്രക്രതി മതമാണ് ഇസ്ലാം

ഇസ്ലാമും ലിംഗ സമത്വവും

ഇസ്ലാമും ലിംഗ സമത്വവും

  ആതിഫ് ഹനീഫ്

സമകാലിക ലോകത്ത് ഏറെ ചര്‍ച്ച പ്രാധാന്യമുള്ള ഒരു വിഷയമാണ് ലിംഗസമത്വം. വിശിഷ്യ കേരളീയ നവ സാമൂഹിക പശ്ചാത്തലം ചര്‍ച്ചയെ കൂടുതല്‍ പ്രസക്തമാകുന്നുമുണ്ട്. ഈയൊരു സാഹചര്യത്തില്‍ ഇസ്‌ലാമിക വിതാനത്തില്‍ നിന്ന കൊണ്ട് വിഷയവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുക എന്നാണിത് കൊണ്ടുദ്ദേശിക്കുന്നത്

ഇസ്‌ലാം ഒരിക്കലും സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ സമത്വത്തെ കുറിച്ചല്ല ചര്‍ച്ചചെയ്യുന്നത്, മറിച്ച് അവര്‍ക്കിടയില്‍ ഉടലെടുക്കേണ്ട ബന്ധത്തെയും ഇടപാടുകളെയും നീതിയെ കുറിചാണ് പ്രകൃതിപരമായി സ്ത്രീ പുരുഷനില്‍ നിന്നും വ്യത്യസ്തമാണ്. ശാരീരികം എന്ന പോലെ മാനസികമായും ആണും പെണും തമ്മില്‍ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രകൃതിപരമായ വസ്തുതയെ മുന്‍നിര്‍ത്തുമ്പോള്‍ സമത്വവാദം പ്രകൃതി വിരുദ്ധവും അസാധ്യവുമാണ്. ഒരു പെണ്ണൊരിക്കലും ഒരാണിനോ ഒരാണൊരിക്കലും ഒരു പെണ്ണിനോ സമമാവുകയില്ല. ഇരുവര്‍ക്കും വ്യത്യസ്ത ധര്‍മങ്ങളാണ് ഈ ലോകത്ത് നിര്‍ഹിക്കാനുള്ളത്. ജീവശാസ്ത്രപരമായ ചില പ്രത്യേകതകളാണ് പെണ്ണിനെ പെണ്ണും ആണ്ണിനെ ആണും ആക്കി തീര്‍ക്കുന്നത്. ഈ പ്രത്യേകതള്‍ താല്‍പര്യപ്പെടുന്ന വ്യത്യസ്തമെങ്കിലും പരസ്പര പൂരകമായ ധര്‍മങ്ങളാണ് ഇരുവര്‍ക്കും നിര്‍വഹിക്കാനുള്ളത്. ഈ പ്രത്യേകതകള്‍ ഒരിക്കലും വെച്ചുമാറുക സാധ്യമല്ല. സ്ത്രീ പുരുഷന്മാര്‍ക്കിടയിലെ ശരീര പ്രകൃതിയിലെ വ്യത്യാസം ഈ വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ഇരു കൂട്ടരെയും പ്രാപ്തരാക്കും വിധമാണ്. ഇരുവര്‍ക്കും നിര്‍വഹിക്കാനുള്ള ധര്‍മ്മം വ്യക്തിപരം എന്നതിലുപരി സാമൂഹികമാണ്. തലമുറകളുടെ സൃഷ്ടിപ്പും സംസ്‌കാര സമ്പന്നമായ നാഗരികതയുടെ നൈരന്തര്യം ഉറപ്പിക്കലുമാണ് ഇരുവര്‍ക്കും ഒരുമിച്ചു നിര്‍വഹിക്കാനുള്ള സാമൂഹിക ധര്‍മങ്ങളില്‍ പ്രധാനം. ഇത് നിര്‍വിഘ്‌നം നിര്‍വഹിക്കപ്പെടണമെങ്കില്‍ സ്ത്രീ പുരുഷ ദ്വന്ദ്വങ്ങള്‍ക്കിടയില്‍ സംഘര്‍ഷമല്ല സഹകരണമാണ് ഉണ്ടാവേണ്ടതത് സ്ത്രീയെ പുരുഷന്റെ സ്ഥാനത്തേക്കോ നേരെ തിരിച്ചോ പ്രതിഷ്ഠിക്കുന്നതിന് പകരം ഇരുകൂട്ടര്‍ക്കും അവരവരുടേതായ സ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ചുകൊടുക്കുന്നതാണുത്തമം. ഈയൊരു പ്രകൃതിപരമായ വസ്തുത തന്നെയാണ് ഇസ്‌ലാം വിഭാവന ചെയ്യുന്നത്.

ഇസ്‌ലാം പ്രകൃതിമതമായതുകൊണ്ടു തന്നെ പ്രകൃതിവിരുദ്ധമായ നടപടികള്‍ ഇസ്‌ലാമിനന്യമാണ്. അതിനാലാണ് ഇസ്‌ലാം സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ അവരുടെ സ്ഥാനം നിര്‍ണ്ണയിച്ചു നല്‍കിയത്. സത്രീസമൂഹത്തിന്റെ പാതിയായതിനാല്‍ അവളെ അവഗണിച്ചുകൊണ്ടുള്ള ഒരു സാമൂഹിക ക്രമം അസാധ്യമാണ് എന്ന തിരിച്ചറിവാണ് സ്ത്രീകള്‍ക്ക് ഇസ്‌ലാം നല്‍കുന്ന പദവി ചര്‍ച്ച ചെയ്യാനുള്ള പ്രേരകമായി വര്‍ത്തിക്കുന്നത്. ഒരു കാലത്ത് ഇസ്‌ലാമിനെ വിടാതെ പിടികൂടിയിരുന്ന യാഥാസ്ഥിക ചിന്തകള്‍ പെണ്‍വര്‍ഗത്തെ അടുക്കളയില്‍ ഒതുക്കികൂട്ടി. താത്വികമായി ഇസ്‌ലാമില്‍ പൗരോഹിത്യമില്ലെന്ന് പറയുമ്പോഴും ഒരുപാടുകാലം നടമാടിയിരുന്ന ‘മൊല്ലായിസം’ കേരളത്തിലെ പൗരോഹിത്യത്തിന്റെ തെളിവാണ്. ഇവിടെയാണ് അക്ഷരങ്ങളൊപ്പിച്ച ആശയ വായനയും വീണ്ടുവിചാരങ്ങളുമില്ലാതെ ഇസ്‌ലാമിക അടിത്തറയില്‍ നിന്ന് കൊണ്ട് അടിസ്ഥാനപ്രമാണങ്ങളുടെ പുനര്‍ വായന പ്രസക്തമാകുന്നത്. അവിടം ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന സ്ത്രീകളുടെ സാമൂഹിക പദവി സ്പഷ്ടമാകുന്നതാണ്. സ്ത്രീ വിമോചനം സാധ്യമാക്കിയ ദര്‍ശനമാണ് ഇസ്‌ലാം. സ്വാതന്ത്ര ബോധവും ഇഛാ ശക്തിയുമുള്ള ഒരു സ്ത്രീസമൂഹത്തെ ഈ ദര്‍ശനം വളര്‍ത്തിയെടുത്തു. കുടുംബത്തിലും സമൂഹത്തിലും മാതൃകാപരമായ സ്ഥാനം നല്‍കി. സ്ത്രീ ഒരിക്കലും പുരുഷന്റെ അടിമയായി ജീവിക്കേണ്ടവളല്ല. സ്വാതന്ത്ര്യത്തിന്റെ പേരില്‍ കാലികളെ പോലെ അനിയന്ത്രിതമായ ജീവിതവും അവള്‍ക്ക് ഭൂഷണമല്ല. ഇസ്‌ലാമിക ശരീഅത്ത് സ്ത്രീകളോട് നീതിപൂര്‍വം വര്‍ത്തിച്ചു. അവളുടെ അവകാശത്തെ നേടികൊടുക്കുകയും ഇസ്‌ലാമിന് മുമ്പുള്ള എല്ലാ അന്ധകാരത്തില്‍ നിന്നും അവളെ മോചിപ്പിക്കുകയും ചെയ്തു. അവളുടെ അസ്തിത്വം അംഗീകരിച്ചു. പുത്രി എന്ന നിലക്കും ഭാര്യ എന്ന നിലക്കും മാതാവെന്ന നിലക്കും കുടുംബിനിയെന്ന നിലക്കും സമൂഹാംഗമെന്ന നിലക്കും സ്ത്രീകളെ ഇസ്‌ലാം പരിഗണിച്ചു. പുരുഷനെ പോലെ സ്ത്രീയും ശറഈ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥയാണ് എന്ന പ്രഖ്യാപനത്തിലൂടെ അവ നമുക്ക് ബോധ്യമാകുന്നതാണ്.

സമൂഹത്തിന്റെ അവിഭാജ്യ ഘടകമായ സ്ത്രീകളില്ലാതെ മനുഷ്യ വര്‍ഗ്ഗത്തിന് നിലനില്‍പ്പില്ല. ദാരിദ്ര്യവും അപമാനവും ഭയന്ന് പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ച് മൂടിയിരുന്ന കാലത്ത് ഇത്തരം അധാര്‍മികതകള്‍ക്കെതിരെ എതിര്‍ ശബ്ദം പ്രഖ്യാപിക്കുക വഴി പെണ്ണെന്ന നിലക്ക് ജനിക്കാനും ജീവിക്കാനുമുള്ള അവകാശത്തെ ഇസ്‌ലാം അംഗീകരിച്ചു കൊടുക്കുന്നു. ഭാര്യ എന്ന നിലക്കും ഇസ്‌ലാം പെണ്ണിന്റെ അവകാശങ്ങള്‍ നിര്‍ണ്ണയിച്ചു നല്‍കുന്നുണ്ട്. അല്ലാഹു പറയുന്നു ‘സ്ത്രീകള്‍ക്ക് ബാധ്യതകളുള്ളതുപോലെത്തന്നെ ന്യായമായ അവകാശങ്ങളുമുണ്ട്.’ (ബഖറ: 225) മാത്രമല്ല അവളോട് മാന്യമായി വര്‍ത്തിക്കാനും ഇസ്‌ലാം കല്‍പ്പിക്കുന്നു. (ഖുര്‍ആന്‍ 4: 19)

ഒരു മാതാവ് എന്ന നിലയിലും സ്ത്രീകളെ ഇസ്‌ലാം ബഹുമാനിക്കുന്നു. എല്ലാ മുസ്‌ലീംകളുടെയും ആത്യന്തിക ലക്ഷ്യമായ സ്വര്‍ഗം തന്റെ മാതാവിന്റെ തൃപ്തി കൂടാതെ ലഭിക്കുകയില്ലാ എന്ന പ്രഖ്യാപനം ഇതിന് ഉത്തമ ഉദാഹരണമാണ്. ഒരു പുരുഷന്‍ തന്റെ ജീവിതത്തില്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് സ്ത്രീയായ തന്റെ മാതാവിനോടാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. കുടുംബിനി എന്ന നിലക്കും സ്ഥാനം ഇസ്‌ലാം സ്ത്രീകള്‍ക്ക് വിഭാവനം ചെയ്യുന്നത്. ‘സ്ത്രീകളെ ബലമായി അനന്തരമെടുക്കരുത്.'( നിസാഅ്: 19). എന്ന ഖുര്‍ആന്‍ വാക്യം ഇതിന് തെളിവാണ്.

ഒരു മുസ്‌ലിമിന്റെ സുപ്രധാനമായ സാമൂഹികധര്‍മം നന്മ കല്‍പ്പിക്കലും തിന്മ വിരോധിക്കലുമാണ്. അതിനാല്‍ തന്നെ ഈ ഒരു ബാധ്യത നിറവേറ്റാന്‍ സ്ത്രീകളും ബാധ്യസ്ഥരാണ് എന്ന ഖുര്‍ആന്‍ വ്യക്തമാക്കുന്നു അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികള്‍ പരസ്പരം ആത്മമിത്രങ്ങളാകുന്നു അവര്‍ നന്മ കല്‍പിക്കുന്നു തിന്മ നിരോധിക്കുന്നു.’ (തൗബ:71) ഇങ്ങനെ ഒരു മനുഷ്യന്‍ ഏതൊക്കെ സ്ഥാനം അലങ്കരിക്കാന്‍ സാധിക്കുമോ അവിടെയൊക്കെയും സ്ത്രീകള്‍ക്ക് അനുയോജ്യമായ സ്ഥാനം നല്‍കി ഇസ്‌ലാം അവരെ ആദരിച്ചു ബഹുമാനിച്ചു ഇതെക്കെ മറന്ന് കൊണ്ട് സ്ത്രീകളെ പുരുഷ്യനു സമമായി നിര്‍ത്താനുള്ള വെമ്പലില്‍ അടിച്ചു പരത്തിയ സമത്വത്തിന് വേണ്ടി സ്ത്രീകളടെ ഉടയാടകള്‍ അഴിക്കുന്ന അധാര്‍മിക സംസ്‌കാരത്തിനു മുന്നില്‍ വളരെ കൃത്യവും സ്പഷ്ടവുമായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവരുടെതായ സ്ഥാനം നിര്‍ണ്ണയിച്ചു നല്‍കുന്ന ഇസ്‌ലാമിന്റെ സമകാലിക പ്രസക്തി പുനര്‍വിചിന്തനം ചെയ്യപ്പെടേണ്ടതാണ്. അല്ലാതെ പ്രകൃതിപരമായ വസ്തുതകള്‍ അവഗണിച്ചു കൊണ്ട് എല്ലാതരത്തിലുമുള്ള സമത്വവാദം ഉന്നയിക്കുന്നത് മൗഢ്യതക്ക് പര്യായം തേടുന്നതിനു തുല്ല്യമാണ്.

(അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം വിദ്യാര്‍ഥിയാണ് ലേഖകന്‍)

Related Post