Main Menu
أكاديمية سبيلي Sabeeli Academy

ഇസ്‌ലാം പ്രകൃതിയുടെ മതം

         ഇസ്‌ലാം: പ്രകൃതിയുടെമതം

ഇസ്‌ലാം പ്രകൃതിയുടെ മതം

ഡോ. മുഹ്‌യിദ്ദീന്‍ ആലുവായ്

ബുദ്ധിയുടെയും ശാസ്ത്രത്തിന്റെയും എന്നപോലെ പ്രകൃതിയുടെയും മതമാണെന്നത് ഇസ്‌ലാമിന്റെ ശ്രദ്ധേയമായ ഒരു വ്യതിരിക്തതയാണ്. മനുഷ്യ ധിഷണയോടാണ് ഇസ്‌ലാം സംവദിക്കുന്നത്. ഇസ്‌ലാമിക ദര്‍ശനം മുന്നോട്ടുവെക്കുന്ന വിശ്വാസം, അനുഷ്ഠാനം, വിധിവിലക്കുകള്‍ എന്നിവയിലൊന്നുപോലും മനുഷ്യന്റെ നേര്‍ ബുദ്ധിയെ വെറുപ്പിക്കുന്നതോ അവന്റെ നിര്‍മല മനസ്സിനെ ദുഷിപ്പിക്കുന്നതോ അല്ല. വേറൊരു നിലക്ക് നോക്കിയാല്‍ വിശുദ്ധഖുര്‍ആന്‍ പോലും അതിന്റെ സത്യസന്ദേശം അവതരിപ്പിക്കുന്നത് ചിന്തോദ്ദീപകമായ പ്രമാണങ്ങളുടെയും തൃപ്തിദായകമായ വസ്തുതകളുടെയും പിന്‍ബലത്തിലാണ്. ബലാല്‍ക്കാരത്തിന്റെ രീതിശാസ്ത്രം വേദഗ്രന്ഥം അസന്നിഗ്ധമായി വിലക്കിയിട്ടുണ്ട്.
‘മതത്തിന്റെ കാര്യത്തില്‍ ബലാല്‍ക്കാരം പാടില്ല'(അല്‍ബഖറ 256). സത്യസന്ദേശം എത്തിച്ചുകൊടുക്കുന്നു എന്നതല്ലാതെ ദൈവദൂതന്‍ അത് ആരുടെയും അടിച്ചേല്‍പിക്കുന്നതായി കാണാന്‍ കഴിയില്ല.
മനുഷ്യന്റെ ശുദ്ധപ്രകൃതിയുടെ തേട്ടങ്ങളോട് പ്രതികരിച്ചുകൊണ്ടും അവയെ അംഗീകരിച്ചുകൊണ്ടുമാണ് ഇസ്‌ലാം കടന്നുവന്നത്. ബുദ്ധിയെ തട്ടിയുണര്‍ത്തി ദൈവികമുദ്രകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ദൃഷ്ടാന്തങ്ങളും തെളിവുകളും മാത്രമേ അത് മുന്നോട്ടുവെച്ചിട്ടുള്ളൂ. അല്ലാഹുവിന്റെ ആസ്തിക്യത്തെ അവതരിപ്പിച്ചതും സമര്‍ഥിച്ചതും മനുഷ്യധിഷണയോടും പ്രകൃതിയോടും താദാത്മ്യപ്പെട്ടു കൊണ്ടായിരുന്നു. ഖുര്‍ആനിലെ നിരവധി സൂക്തങ്ങള്‍ ഇക്കാര്യം ബോധ്യപ്പെടുത്തുന്നുണ്ട്.

‘ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചതും ആകാശത്ത് നിന്ന് നിങ്ങള്‍ക്ക് മഴവര്‍ഷിച്ചുതരുന്നതും അതുവഴി പകിട്ടുള്ള തോട്ടങ്ങള്‍ വളര്‍ത്തുന്നതും ആരാണ്? അവിടെ ഒരു മരം മുളപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറൊരു ദൈവമുണ്ടോ? എന്നാല്‍ ആ ജനത വഴിതെറ്റിപ്പോയിരുന്നു ‘(അന്നംല് 60).
‘ഭൂമിയെ താമസയോഗ്യമാക്കിയതും അതിലൂടെ അരുവികളൊഴുക്കിയതും അതില്‍ പര്‍വതങ്ങള്‍ നാട്ടിയതും ഇരു സമുദ്രങ്ങള്‍ക്കിടയില്‍ മറതീര്‍ത്തതും ആരാണ്? അല്ലാഹുവിനോടൊപ്പം വേറൊരു ദൈവമോ? എന്നാല്‍ അവരിലധികവും വിവരമില്ലാത്തവരാണ്'(അന്നംല് 61).
‘നീ ചോദിക്കുക, അല്ലാഹുവിന് പുറമെ നിങ്ങള്‍ പ്രാര്‍ഥിക്കുന്ന പരദൈവങ്ങളെക്കുറിച്ച് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഭൂമയില്‍ അവര്‍ സൃഷ്ടിച്ചതെന്താണെന്ന് നിങ്ങളെനിക്ക് കാണിച്ചുതരൂ. അതോ ആകാശങ്ങളിലെ സൃഷ്ടികളില്‍ അവര്‍ക്ക് എന്തെങ്കിലും പങ്കുണ്ടോ? അതല്ല, നാം നല്‍കിയ ഒരു ഗ്രന്ഥത്തിന്റെ ന്യായങ്ങളിന്‍മേലാകണം അവരുടെ നില. എന്നാല്‍ അക്രമികള്‍ ചതി മാത്രമാണ് അന്യോന്യം വാക്കുകൊടുക്കുന്നത്'(ഫാത്വിര്‍ 40).

‘ഭൂമിയെ പരത്തുകയും അതില്‍ മലകളും പുഴകളും ഉണ്ടാക്കുകയും ചെയ്തത് അവനാണ്. പഴങ്ങളില്‍ നിന്നെല്ലാം ഈ രണ്ടിണകളെയും അവനുണ്ടാക്കി. രാവിനെ അവന്‍ പകലുകൊണ്ട് പൊതിയുന്നു. ആലോചിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും ഇതില്‍ ദൃഷ്ടാന്തങ്ങളുണ്ട്'(അര്‍റഅ്ദ് 3)
ബൗദ്ധിക നിലവാരത്തിന്റെയും ചിന്താശേഷിയുടെയും അനുഭവസമ്പത്തിന്റെയും തോതനുസരിച്ച് ഇപ്പറഞ്ഞ ദൈവിക പ്രതിഭാസങ്ങള്‍ മനുഷ്യ മനസ്സുകളില്‍ അഗാധമായ സ്വാധീനംചെലുത്തും. ധിഷണക്ക് അപ്രാപ്യമോ ദുര്‍ഗ്രാഹ്യമോ ആയ വിധിവിലക്കുകളോ വിശ്വാസവ്യവസ്ഥകളോ ഇസ്‌ലാം പ്രബോധനംചെയ്യുന്നില്ല. ഒരു സൈദ്ധാന്തിക വസ്തുതയാണെങ്കില്‍പോലും സുഗ്രാഹ്യമായ ആമുഖങ്ങളോടു കൂടിയേ ഇസ്‌ലാം പറയാറുള്ളൂ. കാരണം, ഹൃദയങ്ങളുടെയും കണ്‍-കാതുകളുടെയും ഉടമസ്ഥനും സ്രഷ്ടാവുമായ അല്ലാഹുവാണ് ഈ സത്യദര്‍ശനത്തിന്റെ ഉടമസ്ഥന്‍. സുവിശേഷകരും മുന്നറിയിപ്പുകാരുമായിട്ടാണ് ദൈവദൂതന്‍മാരെ അവന്‍ അയച്ചിരിക്കുന്നത്.

‘അതുകൊണ്ട് നീ ഓര്‍മപ്പെടുത്തുക. നീ ഓര്‍മപ്പെടുത്തുന്നവന്‍ മാത്രമാണ്. അവരുടെ മേല്‍ അധികാരം പ്രയോഗിക്കേണ്ടവനല്ല നീ'(അല്‍ഗാശിയ 21,22),
‘സത്യദര്‍ശനം വ്യക്തമായി എത്തിച്ചുകൊടുക്കേണ്ട ദൗത്യമല്ലേ ദൈവദൂതന്‍മാര്‍ക്കുള്ളൂ'(അന്നൂര്‍ 54).
‘ദൈവദൂതന്‍മാരെ നാം അയച്ചിട്ടുള്ളത് സുവിശേഷകരും മുന്നറിയിപ്പുകാരുമായിട്ടാണ്. സത്യത്തെ തകര്‍ക്കാന്‍ വേണ്ടി നിഷേധികള്‍ മിഥ്യകൊണ്ട് സംവദിക്കുന്നു’ (അല്‍കഹ്ഫ് 56).
‘അവര്‍ക്കുനേരെ നീ അധികാരം പ്രയോഗിക്കുന്നവനാകരുത്. വാഗ്ദത്ത ശിക്ഷയെ ഭയന്നുകഴിയുന്നവര്‍ക്ക് ഖുര്‍ആന്‍ കൊണ്ട് നീ ഓര്‍മപ്പെടുത്തുക'(ഖാഫ് 45).

ശുദ്ധപ്രകൃതം

മനുഷ്യന്റെ ശുദ്ധപ്രകൃതത്തെയാണ് ഇസ്‌ലാം അഭിസംബോധന ചെയ്യുന്നത്. മനുഷ്യ ധിഷണക്ക് അസാധ്യമായതോ അപ്രാപ്യമായതോ ആയ ഒന്നും ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നില്ല. ചിന്തിച്ചും വിലയിരുത്തിയും സ്വീകരിക്കാവുന്നതും സ്വായത്തമാക്കാവുന്നതുമായ വിശ്വാസ ദര്‍ശനങ്ങളാണ് സൂക്ഷ്മമായി പറഞ്ഞാല്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. മനുഷ്യപ്രകൃതത്തിന്റെ തേട്ടത്തോടും ബൗദ്ധികമാനങ്ങളുടെ അതിര്‍ത്തികളോടും ചേര്‍ന്നുനില്‍ക്കുന്ന ദര്‍ശനങ്ങളാണവ. ഈയൊരു സുപ്രധാന സവിശേഷത നമുക്ക് ഖുര്‍ആന്‍ ബോധ്യപ്പെടുത്തി തരുന്നുണ്ട്.

‘ദൈവദൂതന്‍ പറഞ്ഞു: ജനങ്ങളേ, നിങ്ങളെന്ത് പറയുന്നു. എന്റെ രക്ഷിതാവില്‍ നിന്നുള്ള വ്യക്തമായ മാര്‍ഗദര്‍ശനത്തില്‍ ഞാന്‍ സഞ്ചരിക്കുകയും അവന്റെയടുത്ത് നിന്നുള്ള കാരുണ്യം എനിക്കുവന്നുകിട്ടുകയും ചെയ്തിട്ടും അത് തിരിച്ചറിയാത്തവിധം നിങ്ങള്‍ക്ക് അന്ധത ബാധിച്ചുവോ? നിങ്ങള്‍ക്ക് അരോചകമായി തോന്നുന്ന കാര്യം നാം നിങ്ങളില്‍ അടിച്ചേല്‍പിക്കുമെന്നോ?'(ഹൂദ് 28)
‘ കാര്യങ്ങള്‍ ബോധ്യപ്പെടുന്നവര്‍ക്ക് വേണ്ടി ദൃഷ്ടാന്തങ്ങള്‍ നാം വിശദീകരിച്ചിട്ടുണ്ട്. തീര്‍ച്ചയായും നാം താങ്കളെ സത്യവേദവുമായി അയച്ചിട്ടുള്ളത് ശുഭവാര്‍ത്തയറിയിക്കാനും മുന്നറിയിപ്പുനല്‍കാനുമാണ്'(അല്‍ബഖറ 118-119)
‘ദൈവദൂതന്‍മാര്‍ വന്നതിന് ശേഷവും ജനങ്ങള്‍ അല്ലാഹുവിനെതിരെ ന്യായം പറയാതിരിക്കാനാണിത്’ (ഖാഫ് 45).

Related Post