ഏഴ് ആകാശങ്ങള്‍

Originally posted 2016-06-08 22:33:53.

ചോദ്യം: ഏഴ് ആകാശങ്ങളെക്കുറിച്ച് ഇസ് ലാമിന്റെ വീക്ഷണമെന്താണ് ?

ഉത്തരം: ആകാശഭൂമികളുടെ എല്ലാം സീമയില്ലാത്ത ഉടമസ്ഥാധികാരം തീര്‍ച്ചയായും അല്ലാഹുവിനാണ്. അവനാണ് അവയുടെ സൃഷ്ടികര്‍ത്താവും. നൂറ്റാണ്ടുകളായി, മനുഷ്യന്‍ പ്രപഞ്ചത്തിന്റെ സൃഷ്ടിരഹസ്യങ്ങള്‍ കണ്ടെത്താന്‍ തുടങ്ങിയിട്ട്. പല രഹസ്യങ്ങളിലേക്കും വിരല്‍ചൂണ്ടാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കിലും അവ മാറ്റങ്ങള്‍ക്ക് വിധേയമാവാനും സാധ്യതയുണ്ട്.

ഇവ്വിഷയകമായി ISNA യുടെ മുന്‍ പ്രസിഡന്റും പണ്ഡിതനുമായ ഡോ. മുസ്സമ്മില്‍ സിദ്ദീഖ് അഭിപ്രായപ്പെട്ടത് ചുവടെ ചേര്‍ക്കുന്നു:

എഴ് ആകാശങ്ങളെക്കുറിച്ച് ഖുര്‍ആന്‍ വിവിധ സ്ഥലങ്ങളിലായി പരാമര്‍ശിച്ചിട്ടുണ്ട്. (ഖുര്‍ആനിലെ 2:29, 17:44, 23:86, 41:12, 65:12, 67:3, 71:15 തുടങ്ങിയ വചനങ്ങള്‍ നോക്കുക).

യഥാര്‍ത്തില്‍ ഏഴ് ആകാശങ്ങളുടെ യഥാര്‍ഥ ഘടനയും രൂപവും അല്ലാഹുവിന്റെ അറിവില്‍ മാത്രം നിക്ഷിപ്തമായ കാര്യമാണ്. പ്രമുഖ ഇന്ത്യന്‍ ഖുര്‍ആന്‍ വ്യാഖ്യാതാവ് മൗലാനാ മൗദൂദി തന്റെ ഖുര്‍ആന്‍ തഫ്‌സീറായ തഫ്ഹീമുല്‍ ഖുര്‍ആനില്‍ പറയുന്നു:

‘സപ്തവാനങ്ങളെന്നാല്‍ എന്താണെന്ന് നിര്‍ണയിക്കുക വിഷമമാണ്. മനുഷ്യന്‍ ഓരോ കാലത്തും ആകാശത്തെ, മറ്റൊരു ഭാഷയില്‍, ഭൂമിക്കുപരിയായിട്ടുള്ള ലോകത്തെ സംബന്ധിച്ച് തന്റെ നിരീക്ഷണങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ വ്യത്യസ്തങ്ങളായ സങ്കല്‍പങ്ങള്‍ വെച്ചുപുലര്‍ത്തിപ്പോന്നിട്ടുണ്ട്. അതെല്ലാം പില്‍ക്കാലത്ത് മാറിക്കൊണ്ടിരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ അവയിലേതെങ്കിലുമൊരു സങ്കല്‍പത്തെ അടിസ്ഥാനമായി അംഗീകരിച്ചുകൊണ്ട് ഖുര്‍ആനിലെ ഈ വാക്കുകളുടെ അര്‍ഥം നിര്‍ണയിക്കുന്നത് ശരിയായിരിക്കില്ല. മൊത്തത്തില്‍ ഏതാണ്ടിങ്ങനെ മനസ്സിലാക്കാം; ഒന്നുകില്‍ അതുകൊണ്ടുള്ള വിവക്ഷ, ഭൂമിക്കുപരിയായുള്ള പ്രപഞ്ചത്തെ അല്ലാഹു ബലിഷ്ഠമായ ഏഴ് മണ്ഡലങ്ങളായി വിഭജിച്ചിരിക്കുന്നുവെന്നാണ്; അല്ലെങ്കില്‍ ഭൂമി സ്ഥിതിചെയ്യുന്ന പ്രപഞ്ചമണ്ഡലം ഏഴ് മണ്ഡലങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്നാണ്.’ (അല്‍ബഖറയുടെ വ്യാഖ്യാനം, നോട്ട് നമ്പര്‍ 34)

സ്വര്‍ഗത്തിന്റെ ഒന്നാം പടി ഭൂമിയോട് എറ്റവും അടുത്താണെന്നാണ് മുഹമ്മദ് നബി(സ)യുടെ ഇസ് റാഅ് – മിഅ്‌റാജ് യാത്ര വിവരിക്കുന്ന ഹദീസില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. അതനുസരിച്ച് ആകാശങ്ങളുടെ ക്രമം തുടങ്ങുന്നത് ഭൂമിയില്‍ നിന്നാണെന്ന് മനസ്സിലാക്കാം. എറ്റവും മുകളിലേത് ഏഴാനാകാശമാണെന്നും.

Related Post