സൂര്യന്റെ ചലനം

Originally posted 2016-06-07 23:33:15.

സൂര്യന്റെ ചലനം: ഖുര്‍ആന്‍ ശാസ്ത്രസത്യത്തിന് വിരുദ്ധമോ ?  

ഭൂമിയാണ് കറങ്ങുന്നതെന്നും സൂര്യന്‍ സ്ഥിരമായി നില്‍ക്കുകയാണെന്നും ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. പക്ഷേ, അല്ലാഹു ഖൂര്‍ആനില്‍ ഇങ്ങനെ പറയുന്നു: “സൂര്യനെയും അവന്‍ കീഴ് പ്പെടുത്തിത്തന്നു. എല്ലാം ഒരു നിശ്ചിത അവധിവരെ ചരിച്ചുകൊണ്ടിരിക്കും.” ഇതെങ്ങനെ ശരിയാകും ? ശാസ്ത്രസത്യത്തെയും ഖുര്‍ആന്‍ സൂക്തത്തെയും എങ്ങനെ സമന്വയിപ്പിക്കും?

========

ഉത്തരം: ഈ നൂറ്റാണ്ടിലെയും കഴിഞ്ഞ നൂറ്റാണ്ടിലേയും ചില പ്രകൃതി ശാസ്ത്രജ്ഞര്‍ ഭൂമിയാണ് ചലിക്കുന്നതെന്നും സൂര്യന് ചലനമില്ലെന്നും സിദ്ധാന്തിക്കുകയുണ്ടായി.

സൂര്യന് ചലനമില്ല എന്ന സിദ്ധാന്തം ഖൂര്‍ആന്‍ സൂക്തങ്ങളുടെ ആശയത്തിന് വിരുദ്ധം തന്നെ. “സൂര്യന്‍ അതിന്റെ സങ്കേതത്തിലേക്ക് ചലിച്ചുകൊണ്ടിരിക്കുന്നു. പ്രതാപശാലിയും സര്‍വജ്ഞനുമായ അല്ലാഹുവിന്റെ നിശ്ചയമത്രെ അത്.” “രാത്രിയെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചതവനാണ്. എല്ലാം അതിന്റേതായ പഥങ്ങളില്‍ ചരിച്ചുകൊണ്ടിരിക്കുന്നു.” എന്നിങ്ങനെ മറ്റിടങ്ങളിലും കാണാം. സൂര്യന്റെ ചലനവും അതിന്റെ നീക്കവും, പൊതുവെ മുഴുവന്‍ ഗോളങ്ങളുടെയും സഞ്ചാരവുമാണ് ഈ സൂക്തങ്ങളുടെ പ്രതിപാദ്യം. എന്നാല്‍ ഗോളശാസ്ത്രത്തില്‍ മുമ്പേ പഠിപ്പിക്കപ്പെട്ടുപോന്ന, സൂര്യന്‍ ഒരിടത്ത് സ്ഥിരമായി നില്‍ക്കുകയാണ് എന്ന സിദ്ധാന്തം തെറ്റാണെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പില്‍ക്കാലത്ത് രംഗപ്രവേശം ചെയ്ത നിഗമനങ്ങള്‍ സൂര്യനും ചലിക്കുന്നുണ്ട് എന്നു സ്ഥാപിക്കുന്നു. മുമ്പ് വിശ്വസിക്കപ്പെട്ടിരുന്നപോലെ സൂരന്‍ സ്ഥിരമായി ഒരിടത്തുനില്‍ക്കുകയില്ലെന്നും അതിന്റേതായ ഒരു പഥത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും അവ സിദ്ധാന്തിക്കുന്നു. ഇവിടെ ഖുര്‍ആനും ശാസ്ത്രനിഗമനവും തമ്മില്‍ ഒരു വൈരുധ്യവുമില്ല. ഭൂമിയുടെ കറക്കം ഖുര്‍ആനുമായി യോജിക്കുന്നില്ലെന്നു വിശ്വസിക്കുന്ന ചിലരുണ്ട്. ഭൂമി ചെരിഞ്ഞുപോവാതിരിക്കാന്‍ അല്ലാഹു അതില്‍ പര്‍വതങ്ങള്‍ സ്ഥാപിച്ച് ഉറപ്പിച്ചിരിക്കുകയാണെന്ന് ഖുര്‍ആനില്‍ പറയുന്നുണ്ടല്ലോ. അതിനാല്‍ ഭൂമിയുടെ കറക്കം ഇളക്കമുണ്ടാക്കുമത്രെ! ഇത് സ്വീകാര്യമായ വീക്ഷണമല്ല. കാരണം, ചെരിയുക, ഇളകുക എന്നതും കറങ്ങുക എന്നതും ഭിന്നമായ രണ്ട് അവസ്ഥകളാണ്. ഭൂമി ഇളകാതെയും ചെരിയാതെയുമിരിക്കാന്‍ അല്ലാഹു അതില്‍ പര്‍വതങ്ങളുറപ്പിച്ചു. അവ ഭൂമിയുടെ സന്തുലിതത്വം നിലനിര്‍ത്തുകയാണ്. ചരക്കുകളില്ലാതെ കടലില്‍ സഞ്ചരിക്കുന്ന ഒരു കപ്പലിന്റെ ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം. ഒഴിഞ്ഞ കപ്പല്‍ ഭാരക്കുറവുമൂലം തിരമാലകളില്‍ ആടിയുലയും. അതില്‍ ഭാരമുള്ള വസ്തുക്കള്‍ നിറച്ചാല്‍ ആട്ടവും ഇളക്കവും നിലക്കും. ഒപ്പം അത് മുന്നോട്ട് സഞ്ചരിക്കുകയും ചെയ്യും. ഇളകാതെയും ചെരിയാതെയും ഇരിക്കാനാണ് കപ്പലില്‍ ഭാരം വെച്ചത് എന്നു പറഞ്ഞാല്‍ മുന്നോട്ടു ഗമിച്ചുകൊണ്ടിരിക്കുന്ന കപ്പലിനെ സംബന്ധിച്ചിടത്തോളം അത് മനസ്സിലാക്കാവുന്നതേയുള്ളൂ. അതുപോലെ ഭൂമി ഇളകാതെയും ചെരിയാതെയുമിരിക്കാന്‍ അല്ലാഹു ഭൂമിയില്‍ ആണികള്‍ കണക്കെ പര്‍വതങ്ങള്‍ സ്ഥാപിച്ചു. ഇത് ഭൂമിയുടെ കറങ്ങിക്കൊണ്ടിരിക്കുക എന്ന അവസ്ഥയെ നിഷേധിക്കുന്നില്ല. അപ്പോള്‍ ഫലത്തില്‍ പ്രാപഞ്ചിക ഗോളങ്ങളഖിലം നീന്തിക്കൊണ്ടും ചലിച്ചുകൊണ്ടുമിരിക്കുന്നുവെന്ന് തന്നെയാണ് ഖുര്‍ആന്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ശാസ്ത്രം പറയുന്നതും ഇതുതന്നെ അവ പരസ്പര വിരുദ്ധമല്ല.

Related Post