കുടുംബത്തിലെ സ്ത്രീ

Originally posted 2015-03-19 13:08:36.

wb051390സ്ത്രീക്ക് ഖുര്‍ആന്‍ എന്ത് സ്ഥാനമാണ് കല്‍പ്പിച്ചുനല്‍കുന്നത്? അവളര്‍ഹിക്കുന്ന രീതിയില്‍ പുരുഷനെപ്പോലെ തന്നെ ആദരവും അന്തസ്സും അതുറപ്പ് നല്‍കുന്നുണ്ടോ? അല്ലെങ്കില്‍ ഒരു അധസ്ഥിതജീവിയാണ് അവളെന്ന കാഴ്ച്ചപ്പാട് അത് പ്രസരിപ്പിക്കുന്നുണ്ടോ?

കുടുംബത്തിലെ സ്ത്രീ:

കുടുംബത്തില്‍ സ്ത്രീ പുരുഷ ദൗത്യത്തെ സംബന്ധിച്ച ഇസ്്‌ലാമിക വീക്ഷണം കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി തുടര്‍ന്ന് പോരുന്ന കാഴ്ച്ചപ്പാടുകള്‍ക്ക് വിരുദ്ധമായ ഒന്നാണ് . ആധുനിക പരിഷ്‌കൃത സമൂഹത്തിന്റെ കാഴ്ചപ്പാടിനും അതെതിരാണ്. എല്ലായ്‌പ്പോഴും ഒരേ സ്വഭാവത്തിലുള്ള അവകാശവും ഉത്തരവാദിത്വവും ശിക്ഷയുമല്ല സ്ത്രീ പുരുഷന്മാര്‍ക്ക് അത് നിയതപ്പെടുത്തിയിരിക്കുന്നത്.

പുരുഷന്മാര്‍ക്ക് ഏറ്റവും അനുയോജ്യമായ ഉത്തരവാദിത്വവും അവകാശവും ശിക്ഷയും അത് നിര്‍ണയിച്ച് നല്‍കുമ്പോള്‍ സ്ത്രീകള്‍ക്ക് അവര്‍ക്കനുഗുണമായ അവകാശവും ഉത്തരവാദിത്വങ്ങളും ശിക്ഷാനടപടികളും അത് നിര്‍ദേശിക്കുന്നു. ചില ഘട്ടങ്ങളില്‍ സ്ത്രീ പുരുഷന്മാര്‍ക്ക് ഒരേ നിയമാവലി അത് മുന്നോട്് വെക്കുമ്പോള്‍ മറ്റ് ചിലപ്പോള്‍ സ്ത്രീ പുരുഷന്മാര്‍ക്ക് വെവ്വേറെ തലങ്ങളില്‍ നിന്നുകൊണ്ട് ബാധ്യതാ നിര്‍വഹണത്തില്‍ പ്രമാണങ്ങള്‍ സമര്‍പ്പിക്കുന്നു.

എന്തിനാണിങ്ങനെ വ്യത്യസ്തത, എന്താണ് അതിനടിസ്ഥാനം, അതുകൊണ്ടാണോ മറ്റ് മതങ്ങളെപ്പോലെ സ്ത്രീയെ രണ്ടാംകിടക്കാരിയായി ചിത്രീകരിക്കുന്നത് അതല്ലാ അതിന് അതിന്റേതായ വേറിട്ട ദര്‍ശനം എന്തെങ്കിലുമുണ്ടോ?

മഹര്‍, മത്താഅ്, വിവാഹ മോചനം, ബഹുഭാര്യാത്വം തുടങ്ങി സ്ത്രീ സംബന്ധിയായ ഒട്ടേറെ വിഷയങ്ങളില്‍ ഇസ്്‌ലാം വെറുപ്പുളവാക്കുന്ന, സ്ത്രീയെ അവമതിക്കുന്ന നിലപാടാണ് എടുത്തിരിക്കുന്നത് എന്ന് പാശ്ചാത്യ അനുകൂലികളായ ഒട്ടേറെ പേര്‍ വിമര്‍ശിക്കാറുണ്ട്.

ഇരുപതാം നൂറ്റാണ്ടിന് മുമ്പുള്ള പ്രസ്തുത നിയമങ്ങള്‍ സ്ത്രീയെ തനിക്ക് വേണ്ടി പടച്ചതാണെന്ന പുരുഷമേധാവിത്വ മനോഭാവത്തില്‍ നിന്നുണ്ടായതാണെന്ന് അവര്‍ ആരോപിക്കുന്നു. ഇസ്്‌ലാമിന്റെ അവകാശ പ്രഖ്യാപനങ്ങളെല്ലാം പുരുഷ കേന്ദ്രീകൃതമാണെന്നും അവര്‍ വാദിക്കുന്നു. ഇസ്്‌ലാം പുരുഷന്മാരുടെ മതമാണ്, അത് സ്ത്രീയെ പൂര്‍ണ മനുഷ്യനായി അംഗീകരിക്കുന്നുപോലുമില്ല, മനുഷ്യനെന്ന നിലക്ക് അവള്‍ അര്‍ഹിക്കുന്ന നിയമ പരിരക്ഷ അവള്‍ക്ക് നല്‍കുന്നുമില്ല… എന്നിങ്ങനെ ആക്ഷേപങ്ങള്‍ അനവധിയാണ്. മനുഷ്യനെന്ന പരിഗണന നല്‍കിയിരുന്നുവെങ്കില്‍ ബഹുഭാര്യാത്വം അനുവദിക്കില്ലായിരുന്നു. പുരുഷന് ത്വലാഖിനുള്ള അവകാശം നല്‍കില്ലായിരുന്നു; സാക്ഷ്യം ഒരു പുരുഷന്റേതിന് തുല്യമാകണമെങ്കില്‍ രണ്ട് സ്ത്രീകളുണ്ടാകണം എന്ന് നിബന്ധന വെക്കില്ലായിരുന്നു; കുടുംബ നാഥന്റെ റോള്‍ പുരുഷനെ ഏല്‍പ്പിക്കില്ലായിരുന്നു; പുരുഷന്റെ അനന്തര സ്വത്തിന് നേര്‍ പകുതി എന്ന് സ്ത്രീക്ക് നിര്‍ണയിക്കില്ലായിരുന്നു; മഹ്‌റിന്റെ പേര് പറഞ്ഞ് സ്ത്രീക്ക് വിലയിടില്ലായിരുന്നു; പുരുഷന്റെ ‘സംരക്ഷണത്തില്‍’ അവന്‍ വെച്ചുനീട്ടുന്നതും വാങ്ങി തൃപ്തി അടയുന്ന ആശ്രിതയാക്കി തരം താഴ്ത്തുമായിരുന്നില്ല; വെറുമൊരു മനുഷ്യോല്‍പ്പാദകയന്ത്രമായി അവളെ ചുരുക്കിക്കെട്ടില്ലായിരുന്നു. എല്ലാ മേഖലയിലും നന്മയും സമത്വവും നടപ്പാക്കിയെങ്കിലും സ്ത്രീ പുരുഷ സങ്കല്‍പ്പങ്ങളില്‍ തനി പിന്തിരിപ്പന്‍ കാഴ്ചപ്പാടാണ് ഇസ്്‌ലാമിന്റേതെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

അവരുടെ വിമര്‍ശനങ്ങളുടെ ആകെത്തുക ഇതാണ്:

സ്ത്രീയെ പൂര്‍ണ മനുഷ്യനായി പരിഗണിച്ചിരുന്നുവെങ്കില്‍ മേല്‍പ്പറഞ്ഞ തരത്തില്‍ നിയമങ്ങളുണ്ടാക്കുമായിരുന്നില്ല. ആ നിയമങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സ്ത്രീയെ പൂര്‍ണ മനുഷ്യനായി കണക്കാക്കുന്നില്ലെന്നതിന് അത് തെളിവാണ്. വിമര്‍ശകരുടെ ഇത്തരം അരിസ്റ്റോട്ടിലിയന്‍ യുക്തിയെ നമുക്ക് തിരുത്തേണ്ടതുണ്ട്.

Related Post