കേരള മുസ്‌ലിം പരിഷ്‌കരണത്തിന്റെ ചരിത്രവും വര്‍ത്തമാനവും

Originally posted 2019-02-16 16:41:49.

കേരള മുസ്‌ലിം പരിഷ്‌കരണത്തിന്റെ ചരിത്രവും വര്‍ത്തമാനവും

 

ഡോ. എം.പി. മുജീബുറഹ്മാന്‍

ന്ത്യയിലെ മറ്റു പ്രദേശങ്ങളിലെന്ന പോലെ കേരളത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി വിവിധ ജാതി വിഭാഗങ്ങള്‍ക്കിടയില്‍ പരിഷ്‌കരണ സംരംഭങ്ങള്‍ ഉണ്ടായി. അധിനിവേശ ആധുനികത്വം (Colonial modernity) സാധ്യമാക്കിയ ഒരു സാംസ്‌കാരിക പശ്ചാത്തലത്തിലാണ് നവോത്ഥാനം (Reniaissance) എന്ന് വിളിക്കപ്പെടുന്ന പരിഷ്‌കരണ സംരംഭങ്ങള്‍ പൊതുവേ പ്രവര്‍ത്തനക്ഷമത കൈവരിച്ചത്. അധിനിവേശ ഭരണകൂടം ആവിഷ്‌കരിച്ച വിദ്യാഭ്യാസ പദ്ധതികളോടും അതുവഴി തുറന്നുകിട്ടിയ പുതിയ തൊഴില്‍ മണ്ഡലത്തോടും ക്രിയാത്മകമായി ഐക്യപ്പെടുന്നതിന്റെ ഭാഗമായാണ് ഓരോ ജാതിവിഭാഗങ്ങളും സ്വയം നവീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ആധുനിക വിദ്യാഭ്യാസം നേടിയ ഉത്പതിഷ്ണുക്കള്‍ അതതു ജാതി വിഭാഗങ്ങളെ ഇരുട്ടിന്റെ കയങ്ങളില്‍ നിന്നും വെളിച്ചത്തിന്റെ വിഹായസ്സിലേക്ക് കൈപിടിച്ചാനയിച്ചു. നമ്പൂതിരി, നായര്‍, ഈഴവ, പുലയ, ക്രൈസ്തവ വിഭാഗങ്ങള്‍ക്കൊപ്പം മാപ്പിളമാരും ആധുനികതയിലേക്കുള്ള യാത്രയില്‍ പങ്കാളികളായി. സനാഉല്ലാ മക്തി തങ്ങള്‍, മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, വക്കം മൗലവി, മുഹമ്മദ് മാഹീന്‍ ഹംദാനി തങ്ങള്‍, കെ.എം. മൗലവി തുടങ്ങിയ മഹാരഥന്മാര്‍ ഒരു ജനതയെ ആധുനികത്വത്തിന്റെ പുതിയ ആകാശത്തിലേക്ക് നയിക്കുകയായിരുന്നു. എന്നാല്‍ മുസ്‌ലിം പരിഷ്‌കരണസംരംഭങ്ങളെ ഇക്കാലത്തുപോലും കേരളീയ നവോത്ഥാനവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍ നിന്നും അറിഞ്ഞോ അറിയാതെയോ അന്യവല്‍ക്കരിക്കുന്ന കാഴ്ച സാധാരണമായിത്തീര്‍ന്നിരിക്കുന്നു.

അധിനിവേശ ആധുനികത്വവും കേരള മുസ്‌ലിംകളും
നേരത്തെ സൂചിപ്പിച്ചപോലെ സാമൂഹ്യ പരിഷ്‌കരണ സംരംഭങ്ങള്‍ സാധ്യമാക്കാനിടയാക്കിയത് ആധുനികത്വത്തിന്റെയും അധിനിവേശ ഭരണകൂടത്തിന്റെയും സാംസ്‌കാരിക പശ്ചാത്തലത്തിലാണ്. തീര്‍ച്ചയായും ബ്രിട്ടീഷ് ഭരണം, പരിഷ്‌കരണം സാക്ഷാത്കരിക്കപ്പെടുന്നതിന് അനുകൂലമായ സാമൂഹ്യ സാമ്പത്തിക ഘടകങ്ങള്‍ സാധ്യമാക്കി. പുതുതായി രൂപംകൊണ്ട ഉദ്യോഗസ്ഥ വൃന്ദവും കര്‍ഷക സമ്പദ്ഘടനയുടെ വാണിജ്യവല്‍ക്കരണവും ഗതാഗത വാര്‍ത്താവിനിമയ സംവിധാനങ്ങളും ഭൂമിയുടെ മേലുള്ള സ്വകാര്യ സ്വത്തവകാശത്തെക്കുറിച്ചുള്ള പശ്ചാത്യ കാഴ്ചപ്പാടുകളും ചില ദൃഷ്ടാന്തങ്ങള്‍ മാത്രം. എന്നാല്‍ അധിനിവേശ ആധുനികത്വം, മെട്രോപൊളിറ്റന്‍ ആധുനികത്വവും തദ്ദേശിയ പാരമ്പര്യവുമായുള്ള ഒരു ഒത്തുതീര്‍പ്പ് മാത്രമായിരുന്നുവെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.
പരിഷ്‌കരണോത്സുകരായ എല്ലാ ബുദ്ധിജീവികളും സമകാലീന സമൂഹത്തിനുമേല്‍ നിരന്തര വിമര്‍ശന ശരങ്ങളെയ്തുകൊണ്ടിരുന്നു. കേരളത്തിലെ മേല്‍ ജാതി-സമുദായങ്ങളുടെയും കീഴാള സമുദായങ്ങളുടെയും വിശാലാര്‍ത്ഥത്തില്‍ പരിവര്‍ത്തനം ലക്ഷ്യമിട്ടുകൊണ്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഈ രണ്ടു ധാരകളെയും ഒരേ മാനദണ്ഡം കൊണ്ടളക്കുന്ന പൊതുരീതി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ബ്രിട്ടീഷ് ഭരണകൂടം സാധ്യമാക്കിയ അവസരങ്ങളോട് പ്രതികരിക്കുന്നതിനായി സ്വജാതികളെ സജ്ജരാക്കുന്നതിനും മാറിയ സാഹചര്യത്തില്‍ അറിവും വിഭവങ്ങളും തങ്ങളുടെ കൈപ്പിടിയില്‍ തന്നെ ഉറപ്പിക്കുന്നതിനും വേണ്ടിയായിരുന്നു മേല്‍ജാതികള്‍ പരിഷ്‌കരത്തിലൂടെ ലക്ഷ്യമിട്ടിരുന്നതെങ്കില്‍ തങ്ങളില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ട വിഭവങ്ങളെയും നിഷേധിക്കപ്പെട്ട മനുഷ്യാവകാശങ്ങളെയും തിരിച്ചുപിടിക്കാനുള്ള ഒരു പ്രത്യക്ഷ സമരമെന്ന നിലയിലാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ പരിഷ്‌കരണ സംരംഭങ്ങളെ നോക്കിക്കണ്ടത്. ഇപ്രകാരം ചരിത്രപരമായി തങ്ങളകപ്പെട്ട സാംസ്‌കാരിക വിടവിനെ (Cultural lag) മറികടക്കാനും അധികാരത്തിലും വിഭവങ്ങിലുമുള്ള തങ്ങളുടെ പങ്ക് ശക്തമായി ആവശ്യപ്പെടാനും (Assrt) മുസ്‌ലിംകള്‍ നടത്തിയ ശ്രമങ്ങള്‍ എന്ന നിലയില്‍ വേണം അവരുടെ പരിഷ്‌കരണ സംരംഭങ്ങളെ മനസ്സിലാക്കാന്‍
പരിഷ്‌കരണം അഥവാ ഇ്‌സലാഹ് പ്രവാചകകാലം മുതല്‍ തന്നെ ഇസ്‌ലാമിനകത്ത് പ്രത്യക്ഷപ്പെട്ടുകഴിഞ്ഞിരുന്നു. പക്ഷെ പില്‍ക്കാല ഘട്ടത്തിലെ അറബ് ലോകത്തെ ചിന്തകരായ ഇബ്‌നുതൈമിയ്യ (1262-1327) മുഹമ്മദ് അബ്ദുല്‍ വഹാബ് (1703-92) ജമാലുദ്ദീന്‍ അഫ്ഗാനി (1849-1905), റശീദ്‌രിദ (1856-1935) എന്നിവരായിരുന്നു കേരളത്തിലെ മുസ്‌ലിം പരിഷ്‌കരണ വാദികളെ പ്രധാനനമായും സ്വാധീനിച്ചിരുന്നവര്‍. പരിഷ്‌കരണവാദം (reformism) ആധുനിക കാലത്തെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നു കരുതുന്നവരും കുറവല്ല.
1880 കളിരാലംഭിച്ച് അരനൂറ്റാണ്ട് കാലത്തോളം നീണ്ടുനിന്ന, കേരളത്തിലെ മുസ്‌ലിം പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നിശ്ചയമായും ആധുനികത്വവുമായുള്ള ഇടപാടുകളായിരുന്നു (Engagement with modernity). ഒരേ സമയം ആധുനികത ഉയര്‍ത്തിയ വെല്ലുവിളികളെയും മതയാഥാസ്തിതികത്വത്തെയും അതിനു അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ആധുനികവും ശാസ്ത്രീയവുമായ വിദ്യാഭ്യാസ പ്രചാരണം, മതനവീകരണം, സ്ത്രീമോചനം എന്നീ ആശയങ്ങളാണ് പരിഷ്‌കരണവാദികളുടെ കാര്യപരിപാടികളില്‍ പ്രധാനമായും ഇടം നേടിയത്. കണ്ണൂരിലെ മുഹമ്മദീയ സഭ, ചിറയന്‍കീഴ് മുഹമ്മദീയ സംഘം, കൊടുങ്ങല്ലൂരിലെ ഐക്യസംഘം, കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ സംഘടനകളെല്ലാം മുസ്‌ലിംകള്‍ക്കിടയില്‍ മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രധാന്യവും ബോധ്യപ്പെടുത്തി. അതുവരെ കാഫിറുകളുടെയും നരകത്തിന്റെയും ഭാഷകളായി സമുദായം പരിഗണിച്ചിരുന്ന മലയാളം ഇംഗ്ലീഷ് ഭാഷകളെ പരിഷ്‌കരണ വാദികള്‍ സമുദായ മധ്യത്തില്‍ പ്രതിഷ്ഠിച്ചു. യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ വിലക്കുകള്‍ ലംഘിച്ചുകൊണ്ട് മാതൃ ഭാഷയിലൂടെ ആധുനിക വിദ്യാഭ്യാസം നേടാന്‍ സ്വന്തം സമുദായത്തോടവര്‍ ആഹ്വാനം ചെയ്തു. മഖ്ദി തങ്ങളും വക്കം മൗലവിയും ഈ നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ത്യാഗനിര്‍ഭരമായിരുന്നു. മുസ്‌ലിം ജനവും വിദ്യാഭ്യാസവും എന്ന കൃതിയിലൂടെ ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ പ്രാവീണ്യം നേടുന്നതിന്റെ ആവശ്യകത തങ്ങള്‍ ഊന്നിപ്പറഞ്ഞു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസിലിരുന്ന് വിദ്യ അഭ്യസിക്കുന്നതിനെ പ്രോത്സാഹിപ്പിച്ച തങ്ങള്‍, പില്‍ക്കാലത്ത് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ അധ്യാപികമാരാകുന്നതും പ്രത്യേകം സ്ഥാപനങ്ങളും ഉണ്ടാക്കുന്നതും സ്ത്രീ വിദ്യാഭ്യാസത്തിന് അനുഗുണമാകുമെന്നു വാദിച്ചു. 1906 ല്‍ സ്വലാഹുല്‍ ഇഖ്‌വാനില്‍ മാതൃകാപരമായ ഒരു വിദ്യാഭ്യാസ പദ്ധതി പ്രസിദ്ധം ചെയ്തുകൊണ്ട് പ്രായോഗികമായ ഒരു കര്‍മ്മപഥം തന്നെ തങ്ങള്‍ തുറന്നുവെച്ചു. മലയാളവും ഇംഗ്ലീഷും അറബിയും ഗണിതവും പ്രധാന കേന്ദ്ര വിഷയങ്ങളായാണ് തന്റെ പദ്ധതി വിഭാവനം ചെയ്യപ്പെട്ടത്. മലയാള ഭാഷയില്‍ സ്ഫുടത കൈവരിക്കാന്‍ പുരാണേതിഹാസങ്ങള്‍ ഹൃദിസ്ഥമാക്കണമെന്നും അദ്ദേഹം തന്റെ സഹോദരങ്ങളോടാവശ്യപ്പെട്ടു. മലയാള ബോധനസഹായി എന്നനിലയിലാണ് തഅ്‌ലീമുല്‍ ഇഖ്‌വാന്‍ (സഹോദരന്മാര്‍ക്കുള്ള പാഠം) എന്ന ഗ്രന്ഥം തങ്ങള്‍ രചിച്ചത്. ഹംദാനി തങ്ങളും ശിഷ്യനും ചേര്‍ന്ന് തയ്യാറാക്കിയ അല്‍ കശ്ശാഫ് എന്ന അറബി-മലയാളം-സംസ്‌കൃത നിഘണ്ടു ഭാഷാപഠനത്തിനൊരു ഉത്തമ കൈപ്പുസ്തകമായി മാറി. നിര്‍ഭാഗ്യവശാല്‍ പ്രസ്തുത ത്രിഭാഷാ നിഘണ്ടു നഷ്ടപ്പെട്ടുപോയി.
1922 ല്‍ ഏറിയാട്ട് (കൊടുങ്ങല്ലൂര്‍) കേന്ദ്രമായി മുഹമ്മദ് മാഹിന്‍ ഹംദാനി തങ്ങളുടെ അദ്ധ്യക്ഷതയില്‍ രൂപംകൊണ്ട കേരള മുസ്‌ലിം ഐക്യസംഘം മഖ്ദി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച നല്‍കി. 1924 ല്‍ ആലുവയില്‍ ചേര്‍ന്ന രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ സമുദായം മതനിന്ദയായി കരുതിയ സ്ത്രീ വിദ്യാഭ്യാസം തങ്ങളുടെ കാര്യപരിപാടിയായി സ്വീകരിക്കുകയുണ്ടായി. സ്ത്രീ വിദ്യഭ്യാസ പ്രചാരണം മുന്നില്‍ കണ്ടുകൊണ്ട് കൂടുതല്‍ സ്‌കൂളുകള്‍ സ്ഥാപിക്കണമെന്ന് മറ്റൊരു പ്രമേയത്തിലൂടെ പ്രസ്തുത സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെടുകയുണ്ടായി. സംഘത്തിന്റെ നാലാം വാര്‍ഷികം അതിന്റെ അധ്യക്ഷന്റെ സാന്നിധ്യത്താല്‍ തന്നെ ശ്രദ്ദേയമായിരുന്നു. ബ്രിട്ടീഷുകാരനും അറബിഭാഷാ പണ്ഡിതനായിരുന്ന മുഹമ്മദ് മര്‍ഡുക് പിക്താളിന്റെ അധ്യക്ഷ പ്രസംഗത്തില്‍ ആധുനിക വിദ്യാഭ്യാസവും ഇസ്‌ലാമിക വിദ്യാഭ്യാസവും തമ്മിലുള്ള വേര്‍പെടുത്താനാവാത്ത പ്രകൃതം എടുത്തുപറയുകയുണ്ടായി. അഞ്ചാം വാര്‍ഷിക സമ്മേളനത്തിന്റെ അധ്യക്ഷനായ എം.എ മുഹമ്മദാലിയും (ജെ.ഡി.ടി. പൂനൈ) ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയിലൂന്നിയാണ് സംസാരിച്ചത്. ബ്രിട്ടീഷ് സര്‍ക്കാരില്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്താനും സംഘം തീരുമാനിച്ചു. അതിന്റെ ഫലമായാണ് മലബാറില്‍ ഒട്ടേറെ മാപ്പിള സ്‌കൂളുകള്‍ സ്ഥാപിതമായത്.
തിരുവിതാംകൂറിലെ പ്രധാന പരിഷ്‌കര്‍ത്താവായിരുന്ന വക്കം അബ്ദുല്‍ ഖാദിര്‍ മൗലവിയും സ്വസമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ ശ്ലാഘനീയമാണ്. മുസ്‌ലിം അല്‍-ഇസ്‌ലാം, ദീപിക, എന്നീ വാരികകളിലൂടെ മുസ്‌ലിംകളെ വിദ്യാസമ്പന്നരാക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്. മുസ്‌ലിമിന്റെ ആദ്യ ലക്കത്തില്‍ തന്നെ (1906) തിരുവിതാംകൂര്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ സ്ഥിതി വിവരക്കണക്ക് അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. അതുപ്രകാരം പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 8.4 ശതമാനവും സ്ത്രീകളുടെത് 1.0 ശതമാനവുമായിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ മുസ്‌ലിംകളുടെ വിശേഷാല്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി മൗലവി ശക്തിയുക്തം വാദിച്ചു.
പാശ്ചാത്യ വിദ്യാഭ്യാസ പ്രചാരണത്തിനുപരിയായി മുസ്‌ലിം പരിഷ്‌കരണവാദികള്‍ ശാസ്ത്രീയ വീക്ഷണം, മതേതരവാദം, യുക്തിചിന്ത എന്നീ മൂല്യങ്ങളിലടിയുറച്ചു വിശ്വസിച്ചു. ഇസ്‌ലാം യുക്തിയിലധിഷ്ഠിതമായി മനസ്സിലാക്കപ്പെടണമെന്ന് അവരാഗ്രഹിച്ചു. ഇസ്‌ലാമിന്റെ പേരില്‍ നടത്തപ്പെടുന്ന പല ആചാരങ്ങളും അനിസ്‌ലാമികമാണെന്ന കാരണത്താല്‍ വെറുക്കപ്പെട്ടു. മുഹര്‍റം ആഘോഷം, കൊടികുത്ത്, ചന്ദനക്കുടം, നേര്‍ച്ച, മൗലീദ്, മരുമക്കത്തായം തുടങ്ങിയവയെല്ലാം തന്നെ അനിസ്‌ലാമികമാണ് എന്നും അതുകൊണ്ടുതന്നെ മുസ്‌ലിംകള്‍ അതില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും പരിഷ്‌കരണവാദികള്‍ ആവശ്യപ്പെട്ടു.

മതനവീകരണവും ശാസ്ത്രവും 
പള്ളി ദര്‍സുകള്‍ കേന്ദ്രമാക്കിക്കൊണ്ട് മതപഠനം മാത്രം നടത്തിക്കൊണ്ടിരുന്ന മതവിശ്വാസികള്‍ക്കിടയില്‍ പരിഷ്‌കര്‍ത്താക്കള്‍ നടത്തിയ മദ്രസാ പരിഷ്‌കരണം ഫലത്തില്‍ ഒരു വിപ്ലവമായി മാറുകയായിരുന്നു. അന്നുവരെയും ക്ലാസുകളില്‍ ബ്ലാക്ക് ബോര്‍ഡിലെഴുതുന്നത് നിഷിദ്ധമായിരുന്നു. അറബി അക്ഷരങ്ങളില്‍ നിന്നും കൊഴിഞ്ഞുവീഴുന്ന ചോക്കുപൊടികളില്‍ ചവിട്ടിപ്പോയാലുള്ള പാപ ഭയത്താലായിരുന്നുവത്രെ അവരങ്ങനെ ചെയ്തത്. ഇങ്ങനെ ബ്ലാക്ക് ബോര്‍ഡുകള്‍ നിഷിദ്ധമായിരുന്ന ഒരു കാലത്താണ് മൗലാനാ ചാലിലത്ത് കുഞ്ഞഹമ്മദ് ഹാജി ബ്ലാക്ക്‌ബോര്‍ഡ് ഉപയോഗിച്ചു തുടങ്ങുന്നത്. ഹാജി ആവിഷ്‌കരിച്ച മദ്രസയിലെ ക്ലാസ്‌റൂം സമ്പ്രദായവും മലയാളം ബോധനമാധ്യമമായി പ്രഖ്യാപിച്ചതും ഗണിതവും ശാസ്ത്രവും തര്‍ക്കശാസ്ത്രവും പാഠ്യവിഷയങ്ങളാക്കിയതുമെല്ലാം അക്കാലത്തെ സാമുദായിക കാലാവസ്ഥയില്‍ വിപ്ലമാത്മകമായിരുന്നു. പഠനപ്രക്രിയ രസകരമായ അനുഭവമാക്കുന്നതിന്റെ ഭാഗമായാണ് ഗ്ലോബുകളും ഭൂപഠങ്ങളും ഹാജി തന്റെ ക്ലാസില്‍ ഉപയോഗിച്ചു തുടങ്ങുന്നത്. മുടങ്ങാതെ ദിനപത്രം വായിക്കണമെന്ന് തന്റെ ശിഷ്യഗണങ്ങളോട് നിഷ്‌കര്‍ഷിച്ച ചാലിലകത്ത്, മൗലാനാ അബ്ദുല്‍ കലാം ആസാദിന്റെ അല്‍ ഹിലാല്‍, അല്‍ ബലാഗ് എന്നീ പത്രങ്ങളുടെ സ്ഥിരം വായനക്കാരനുമായിരുന്നു. പരിഷ്‌കരണ പ്രവര്‍ത്തകര്‍ പോലും സ്വന്തം പെണ്‍കുട്ടികളെ സ്‌കൂളിലയക്കാന്‍ അറച്ചുനിന്ന കാലത്ത് അമ്മാവന്റെയും തന്റെയും പെണ്‍മക്കളെ സ്‌കൂളിലയച്ചു കൊണ്ട് ഹാജി മാതൃക കാട്ടി.
ആധുനിക ശാസ്ത്രം മതങ്ങള്‍ക്കു നേരെ വെല്ലുവിളികളുയര്‍ത്തിയ സാഹചര്യത്തില്‍ മതവും ശാസ്ത്രവും പരസ്പര വിരുദ്ധമല്ലെന്നു മാത്രമല്ല, പരസ്പര പൂരകമാണെന്ന നിലപാടാണ് പരിഷ്‌കരണ വാദികള്‍ സ്വീകരിച്ചത്. ശാസ്ത്രത്തിന്റെ വളര്‍ച്ച മതതത്വങ്ങളെ ഒരിക്കലും മറികടക്കുന്നില്ലെന്നു വക്കം മൗലവി വാദിച്ചു. മതത്തിന്റെയും ശാസ്ത്രത്തിന്റെയും അതിര്‍ത്തി നിര്‍ണ്ണയിച്ച അദ്ദേഹം മതത്തിന്റെ അടിസ്ഥാന തത്വങ്ങളെ വെല്ലുവിളിക്കുന്ന ഒരു സിദ്ധാന്തവും ശാസ്ത്രം ഇതുവരെ രൂപപ്പെടുത്തിയിട്ടില്ലെന്നു വിശ്വസിച്ചു. ഇങ്ങനെ വരുമ്പോള്‍ ശാസ്ത്രത്തിന് ഒരിക്കലും മതത്തിനെതിരായി നില്‍ക്കുക സാധ്യമല്ല. ശാസ്ത്രത്തിലുടലെടുക്കുന്ന ചില മുന്നേറ്റങ്ങള്‍ മതത്തിന്റെ പേരിലുള്ള സിദ്ധാന്തങ്ങളെ വെല്ലുവിളിക്കാനിടയുണ്ടെങ്കിലും അതിന്റെ സത്തയില്‍ യാതൊരു സമ്മര്‍ദ്ദവും സൃഷ്ടിക്കുന്നില്ലെന്ന് മൗലവി അടിവരയിട്ടു. ആധുനിക ശാസ്ത്രീയ ജ്ഞാനത്തിനും വിദ്യാഭ്യാസത്തിനും നേരെ വാതിലുകള്‍ കൊട്ടിയടക്കപ്പെട്ട സമുദായത്തെ ശാസ്ത്രീയ പഠനത്തിന്റെ ലോകത്തേക്കാനയിക്കാന്‍ മൗലവിയുടെ നിലപാടുകള്‍ ഏറെ സഹായകമായി.
1990 അല്‍ ഇസ്‌ലാമിലെഴുതിയ നമ്മുടെ അവസ്ഥ എന്ന ലേഖനത്തില്‍ സമൂഹത്തില്‍ മാറ്റത്തിനനുസരിച്ച് മുസ്‌ലിംകള്‍ മാറേണ്ടതിന്റെ ആവശ്യകതയാണ് മൗലവി എടുത്തുപറഞ്ഞത്. നമുക്കുചുറ്റും നടക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ജീവിക്കാതിരിക്കുന്ന സമുദായം വിസ്മൃതിയിലേക്കെറിയപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി. മുസ്‌ലിംകള്‍ കഠിനപ്രയത്‌നരും സംരംഭകത്വ തല്‍പരരും (entrepreneurship) ആയിരിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ഇഹലോകത്തില്‍ ഇസ്സത്ത് (ശ്രേയസ്സ്) ലഭിക്കുന്ന പ്രവൃത്തികള്‍ക്കു മാത്രമേ പരലോകത്തും ശ്രേയസ്സ് ലഭിക്കുകയുള്ളുവെന്നും മൗലവി മുസ്‌ലിംകളെ ഓര്‍മപ്പെടുത്തി. ആധുനിക – പൂര്‍വ കര്‍തൃത്വങ്ങളായി (pre-modern subjects) ചിത്രീകരിക്കപ്പെട്ട മാപ്പിളമാര്‍ക്ക് മൗലവിയുടെ വാക്കുകള്‍ സ്വയം മാറാനുള്ള കാഹളമായിരുന്നു.
ഏകദൈവാരാധന (തൗഹീദ്) ബഹുദൈവാരാധനയെ (ശിര്‍ക്) വെറുപ്പിക്കല്‍, അന്ധമായി ഇമാമുകളെ പിന്തുടരാതിരിക്കല്‍ (തഖ്‌ലീദ്), പുത്തന്‍ പ്രവണതകളെ (ബിദ്അത്ത്) എതിര്‍ക്കല്‍, സ്വതന്ത്ര ഗവേഷണത്തെ (ഇജ്തിഹാദ്) പ്രോല്‍സാഹിപ്പിക്കല്‍ എന്നിവയായിരുന്നു ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പ്രധാന തത്വങ്ങള്‍. ഇസ്‌ലാഹ് എന്താണെന്ന് മൗലവി പലവുരു വിശദീകരിച്ചു. അത് ഇസ്‌ലാമിലെ വിശുദ്ധിയുടെ വീണ്ടെടുപ്പിനുള്ള പ്രയാണമായിരുന്നു. ഇജ്തിഹാദിന് വേണ്ടി മൗലവി നിലകൊണ്ടു. മതത്തില്‍ ഇജ്തിഹാദിന്റെ വാതിലുകള്‍ കൊട്ടിയടക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഭൗതിക ലോകത്ത് രൂപപ്പെടുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഇസ്‌ലാമിലെ നിയമങ്ങള്‍ മാറേണ്ടതിന്റെ ആവശ്യകതയും മൗലവി ഊന്നിപ്പറഞ്ഞു. മുസ്‌ലിം ഐക്യസംഘം അഞ്ചാം വാര്‍ഷിക സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്ന എം.എ മുഹമ്മദലി, മുസ്‌ലിം സമുദായത്തിന്റെ പതനകാരണം അത് ഇജ്തിഹാദിനെ കൈവെടിഞ്ഞതാണെന്ന് പ്രഖ്യാപിച്ചിരുന്നു. നവീനവും ശാസ്ത്രീയവുമായ കണ്ടുപിടിത്തങ്ങളുടെ വെളിച്ചത്തില്‍ ഖുര്‍ആന്‍ വ്യഖ്യാനിക്കണമെന്ന ആഹ്വാനം തികച്ചും കാലികമായിരുന്നു. ആരും അതിന് ചെവികൊടുത്തില്ലെങ്കിലും ഖുര്‍ആന്‍ അനുശാസിക്കുന്ന ബൗദ്ധിക ഔന്നത്യം ശാസ്ത്രത്തിലൂടെ മാത്രമേ കരഗതമാവുകയുള്ളൂവെന്ന് പിക്താളും ഓര്‍മിപ്പിച്ചു.

മുസ്‌ലിം പരിഷ്‌കരണത്തിന്റെ വര്‍ത്തമാനം
പത്തൊമ്പത് ഇരുപത് നൂറ്റാണ്ടുകളില്‍ കേരള മുസ്‌ലിംകങ്ങള്‍ക്കിടയില്‍ രൂപംകൊണ്ട പരിഷ്‌കരണോദ്യമങ്ങള്‍ മതപരവും സാമൂഹ്യപരവുമായ ധര്‍മങ്ങളാണ് നിര്‍വ്വഹിച്ചത്. വിദ്യാഭ്യാസ പുരോഗതിയും മാതൃഭാഷാ പഠനവും ശാസ്ത്രാധ്യായനവും സ്ത്രീ മോചനവും അത് ലക്ഷ്യംവെച്ചു. ഖുര്‍ആന്‍ മലയാള പരിഭാഷയും മാതൃഭാഷയിലെ ഖുത്ബയും അംഗീകരിക്കപ്പെട്ടു. സ്ത്രീകളുടെ പള്ളിപ്രവേശവും അവരുടെ വിദ്യാഭ്യാസവും ജോലിയുമെല്ലാം മതാനുസാരം തന്നെ അനുവദിക്കപ്പെട്ടു. ഇജ്തിഹാദിലുള്ള ഉറച്ച വിശ്വാസം ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ സമുദായത്തെ സജ്ജമാക്കി. പത്രമാധ്യമങ്ങളും വ്യവസായങ്ങളും ശാസ്ത്രീയ കൃഷിയും മാപ്പിളമാരുടെ അവഗണിക്കാനാവാത്ത സാന്നിധ്യത്താല്‍ ശ്രദ്ധേയമായി. അങ്ങനെ ചരിത്രപരവും സ്വയം നിര്‍മ്മിതവുമായ പിന്നോക്കാവസ്ഥയുടെ വേലിക്കെട്ടുകളില്‍ നിന്നും ആധുനികത്വം തുറന്നുവെച്ചു പുതുലോകത്തിലേക്ക് മുസ്‌ലിംകളും കടന്നുകയറി
എന്നാല്‍ പരിഷ്‌കരണ കാലത്തെ പ്രകീര്‍ത്തിക്കുകയും വര്‍ത്തമാന കാലത്ത്  പിന്തിരിപ്പന്‍ നിലപാടുകളെടുക്കുകയും ചെയ്യുന്നത് മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം പഴയകാലത്തിലേക്കുള്ള തിരിച്ചുനടത്തമായിരിക്കും. മാറുന്ന കാലത്തിനനുസരിച്ച് സമുദായത്തെ പരിഷ്‌കരിക്കുന്നതില്‍ ദീനീ സംഘടനകള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണ് എന്ന അന്വേഷണം വളരെ കാലികമാണ്. സുവര്‍ണ ഭൂതകാല സ്മരണകള്‍ അയവിറക്കുന്നതിനേക്കാള്‍ ഒരുപക്ഷേ സമുദായത്തിന്റെ വളര്‍ച്ചയെ പോഷിപ്പിക്കുന്നത് അതിന്റെ ക്രിയാത്മക വിമര്‍ശനവും ചരിത്രവത്കരണവുമായിരിക്കും.
പണ്ടു നടന്ന പ്രവര്‍ത്തനങ്ങളെ നവോത്ഥാനമെന്ന് വിളിക്കുന്നത് എത്രത്തോളം ശരിയാകും എന്നതാണ് പ്രധാന ചോദ്യം. യൂറോപ്പില്‍ നടന്നതിന് സമാനമായ ഒരു പരിവര്‍ത്തനം നടന്നതായി അവകാശപ്പെടുന്നതാണ് ഇതിലെ പ്രശ്‌നം.  ഇവിടെ നടന്ന പരിവര്‍ത്തനങ്ങളെയെല്ലാം യൂറോപ്പിന്റെ കണ്ണിലൂടെ നോക്കുന്ന അബദ്ധവും ഇവിടെ മറഞ്ഞിരിക്കുന്നതായി കാണാം. കേരളത്തിലും ഇന്ത്യയുടെ മറ്റിടങ്ങളിലും നടന്ന മത-സാമൂഹ്യ പരിഷ്‌കരണ സംരംഭങ്ങളെ നവോത്ഥാനമായി പരിഗണിക്കുന്ന പ്രവണത നേരത്തെതന്നെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ പരിഷ്‌കരണ വാദികള്‍ പൊതുവില്‍ ജ്ഞാനോയ യുക്തിയുടെയും  ആധുനിക ശാസ്ത്രത്തിന്റെയും ഗുണഭോക്താക്കളായിരുന്നുവെന്നതും അവര്‍ മതത്തിന്റെ നവീകരണം മാത്രം ലാക്കാക്കി പ്രവര്‍ത്തിച്ചവരും അധിനിവേശ ആധുനികത്വത്തിന്റെ ഉപോല്‍പന്നങ്ങളായിരുന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്. ജ്ഞാനോദയ ചിന്തകര്‍ മധ്യകാലത്തെയും യൂറോപ്പ് ഒഴികെയുള്ള വന്‍കരകളെയും യഥാക്രമം ഇരുട്ടിന്റ കാലവും ലോകവുമായി ചിത്രീകരിച്ചതുപോലെ ഇന്ത്യയിലെ പരിഷ്‌കര്‍ത്താക്കളും തദ്ദേശീയ പൈതൃകത്തെ തിരസ്‌കരിക്കുകയായിരുന്നു. എന്നാല്‍ യൂറോപ്യന്‍ യുക്തിയെയോ ശാസ്ത്രത്തെയോ അതേ ആവേശത്തില്‍ ആന്തരികവല്‍ക്കരിച്ചതുമില്ല. അധിനിവേശ വിദ്യാഭ്യാസത്തിന്റെ ഉല്‍പ്പനങ്ങളായിരുന്ന ഇന്ത്യയിലെ ബുദ്ധിജീവി വര്‍ഗ്ഗം സാമ്രാജ്യത്വ ഭരണകൂടത്തെ ആധുനിക ലോകത്തേക്കുള്ള വാതായനമായാണ് സ്വീകരിച്ചത്. ആദ്യകാല പരിഷ്‌കര്‍ത്താക്കാളായ റാം മോഹന്‍ റോയ്, കേശബ് ചന്ദ്രസെന്‍, സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ എന്നിവരൊന്നും തന്നെ ഇതിന്അപവാദമായിരുന്നില്ല.
കേരളത്തിലെ പരിഷ്‌കരണ പ്രസ്ഥാനം പൊതുവിലും മുസ്‌ലിം പരിഷ്‌കരണം വിശേഷിച്ചും ഇതില്‍ നിന്നും ഭിന്നമായിരുന്നില്ല. കേരളത്തിലെ ഇസ്‌ലാമിക സമൂഹത്തിനകത്ത് കടന്നുകൂടിയ അഴുക്കുകള്‍ നീക്കം ചെയ്യുന്നതിന്റെഭാഗമായി പരമ്പരാഗതമയായി മാപ്പിളമാര്‍ തുടര്‍ന്നുപോന്ന പല ആചാരങ്ങളെയും പരിഷ്‌കര്‍ത്താക്കള്‍ തള്ളിപ്പറഞ്ഞു. മുസ്‌ലിംകള്‍ തദ്ദേശീയ പൊതുസാംസ്‌കാരിക ധാരയുടെ ഭാഗമാണെന്ന സാമാന്യ ധാരണ പോലും അവര്‍ പരിഗണിച്ചില്ല. ഇസ്‌ലാമിന്റെ മാപ്പിള രീതികളെയും പിന്നിട്ട വഴികളെയും അത് നിഷേധിച്ചു. മാപ്പിളമാരുടെ കലകളും സംഗീതമുള്‍പ്പെടെയുള്ള സര്‍ഗ്ഗാത്മക രൂപങ്ങളും വിസ്മൃതിയിലാണ്ടുപോയി. കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ കൊളോണിയല്‍ വിരുദ്ധ വികാരം വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച മാലപ്പാട്ടുകളും പടപ്പാട്ടുകളുമെല്ലാം ചരിത്രത്തിന്റെ ഭാഗമായി മാറി. പ്രസ്തുത കൃതികളുടെ കലവറയില്‍ നിന്നും പുതിയകാലത്തെ അധിനിവേശ സാംസ്‌കാരികാധിപത്യത്തെ പ്രതിരോധിക്കുന്നതിനുള്ള ആശയങ്ങളന്വേഷിക്കാന്‍ ഈ പ്രവണത തടസ്സമായി. ഭാവതീവ്രവും ഭക്തിസാന്ദ്രവുമായ ബിംബപരികല്‍പനകളാല്‍ സമ്പന്നമായ സൂഫി സാഹിത്യവും മറ്റും യുക്തി രാഹിത്യത്തിന്റെ പേരില്‍ മാത്രം അസ്പൃശ്യമാക്കപ്പെട്ടു. അറിവിന്റെ വാതിലുകള്‍ തുറക്കുന്നതിനായി മാപ്പിളമാര്‍ വികസിപ്പിച്ചെടുത്ത അറബി-മലയാളം ലിപിയും ക്രമേണ ഉപേക്ഷിക്കപ്പെട്ടു. അങ്ങനെ നൂറ്റാണ്ടുകളായി കേരളത്തില്‍ നിലനിന്നിരുന്ന ജനകീയ ഇസ്‌ലാമിന്റെ പാരമ്പര്യത്തെ ഗ്രന്ഥ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതില്‍ പരിഷ്‌കരണവാദം പങ്കുവഹിച്ചു. പരിഷ്‌കരണ പൂര്‍വ്വകാലം അനുകരണീയമായിരുന്നു എന്ന് ഇതിനര്‍ത്ഥമില്ല.
പരിഷ്‌കരണധാരയുടെ സ്വാധീനം കേരള മുസ്‌ലിംകള്‍ക്കിടയില്‍ എത്രത്തോളമുണ്ടെന്ന് അന്വേഷണ വിധേയമാക്കുന്നത് ഇത്തരുണത്തില്‍ നന്നായിരിക്കും. ജനസംഖ്യാപരമായും സ്ഥാപനങ്ങളുടെയും മറ്റും അംഗബലത്താലും നോക്കിയാല്‍ നാലിലൊന്നോ അതില്‍ താഴെയോ മാത്രമായിരിക്കും പരിഷ്‌കരണ വിഭാഗത്തിന്റെ സ്ഥാനം. അതിന്റെ പ്രധാന കാരണം. കുലീനരും ജന്മിമാരും അവരുടെ ആശ്രിതരുമടങ്ങുന്ന ഒരു ചെറിയ ന്യൂനപക്ഷം മാത്രമായിരുന്നു പരിഷ്‌കരണധാരയുടെ ഭാഗമായിരുന്നത് എന്നതാണ്. പില്‍ക്കാലത്ത് വിദ്യാഭ്യാസം നേടിയവരില്‍ ചിലരും പരിഷ്‌കണ പക്ഷം സ്വീകരിച്ചു. ഇക്കാരണത്താല്‍ ബഹുഭൂരിപക്ഷം വരുന്ന നിരക്ഷരരായ മാപ്പിളമാരും പരിഷ്‌കരണത്തെ ഒരു ഉപരിവര്‍ഗ പരിപാടിയായാണ് വീക്ഷിച്ചത്. പരിഷ്‌കരണവാദികള്‍ തിരിച്ച് മറുവിഭാഗത്തെ അപരിഷ്‌കൃതരെന്ന നിലയിലും നോക്കിക്കണ്ടു.
മുസ്‌ലിം പരിഷ്‌കരണത്തിന്റെ വര്‍ഗഘടന പരശോധിക്കുമ്പോള്‍ ഉപരിവര്‍ഗ താല്‍പര്യങ്ങള്‍ താലോലിച്ച ഒരു വിഭാഗമാണ് അതിനെ നയിച്ചത് എന്ന് വ്യക്തമാവും. കൃത്യമായിപ്പറിഞ്ഞാല്‍ രണ്ടു കുലീന സംഘങ്ങള്‍ തമ്മിലുള്ള വഴക്ക് തീര്‍ക്കുന്നതിന് വേണ്ടി രൂപീകൃതമായ നിഷ്പക്ഷ സംഘമാണ് 1922 ല്‍ ഐക്യസംഘം എന്ന പേരില്‍ രൂപാന്തരം പ്രാപിച്ചത്. 1934 ല്‍ ഐക്യസംഘം കേരള മുസ്‌ലിം മജ്‌ലിസില്‍ വിലയം പ്രാപിക്കുകയും പിന്നീട് 1937 ല്‍ മുസ്‌ലിം ലീഗിന്റെ രൂപീകരണത്തിന് നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്തു. രാഷ്ട്രീയമായി സാമ്രാജ്യത്വ ദാസ്യവും വര്‍ഗപരമായി ഉപരിവര്‍ഗ നിലപാടുമായിരുന്നു പ്രസ്തുത സംഘടനകളുടെ മുഖമുദ്ര. അതാണ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെയും മൊയ്തുമൗലവിയേയും പോലുള്ള ദേശീയ നേതാക്കന്മാരെ ഐക്യസംഘം വിടാന്‍ പ്രേരിപ്പിച്ച ഘടകം. പില്‍ക്കാലത്ത് മുസ്‌ലിം ലീഗിന്റെ അമരക്കാരനായി മാറിയ കെ.എം സീതി സാഹിബും മണപ്പാട്ടില്‍ കുഞ്ഞിമുഹമ്മദ് സാഹിബുമെല്ലാം കോണ്‍ഗ്രസ്സിന്റെ കടുത്ത വിമര്‍ശകരുമായി. 1921 ലെ കലാപാനന്തര രാഷ്ട്രീയാന്തരീക്ഷം (കലാപവിരുദ്ധ നിലപാടുമൂലം മലബാറില്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ അക്കാലത്ത് ഏറെകുറേ നിശ്ചലമായിരുന്നു.) മുസ്‌ലിംകളുടെ രാഷ്ട്രീയ ഗതിയെ വഴിതിരിച്ചുവിട്ടു. ഈ രാഷ്ട്രീയധാരയുടെ മൂര്‍ത്തീകരണമാണ് 1937 ല്‍ അഖിലേന്ത്യ മുസ്‌ലിം ലീഗിന്റെ മലബാര്‍ ശാഖാ രൂപീകരണത്തിലൂടെ സാക്ഷാല്‍ക്കരിക്കപ്പെട്ടത്.
മുസ്‌ലിം പരിഷ്‌കരണവാദത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും തലമുറകളില്‍പെട്ടവര്‍ കുലീന-മത രാഷ്ട്രീയത്തിന്റെ വക്താക്കളായതിനാല്‍ അത്ഭുതപ്പെടേണ്ടതില്ല. അവര്‍ വര്‍ഗപരവും ദേശീയപരവും മതേതരവുമായ രാഷ്ട്രീയത്തോട് സ്വാഭാവികമായും വിപ്രതിപത്തി പുലര്‍ത്തിയവരായിരുന്നു.

ഉപസംഹാരം
മുസ്‌ലിം പരിഷ്‌കരണ സംരഭങ്ങള്‍ക്ക് പാളിച്ച സംഭവിച്ചതെവിടെയാണെന്ന അന്വേഷണം പ്രധാനമായും ചെന്നെത്തുന്നത് അതിന്റെ ചരിത്ര വിച്ഛേദത്തിലായിരിക്കും. ഒന്നാമതായി, മേല്‍ചൊന്ന പരിഷ്‌കരണത്തിന് മുമ്പ് നടന്നിട്ടുള്ള പരിഷ്‌കണ പ്രവര്‍ത്തനങ്ങളെയും ഉലമാക്കളുടെ പ്രവര്‍ത്തനങ്ങളെയും നിരസിച്ചത് തീര്‍ച്ചയായും ചരിത്ര നിരാസം തന്നെ. ഇസ്‌ലാമിന്റെ പ്രചാരത്തോടൊപ്പം തന്നെ ശെയ്ഖുമാരും ഉലമാക്കളും നടത്തിയ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അനിഷേധ്യമായിരുന്നു. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനും, രണ്ടാമനും കോഴിക്കോട്ടെ ഖാദി മുഹമ്മദുമെല്ലാം ഒരേ സമയം സമുദായത്തെ മതപരമായും രാഷ്ട്രീയപരമായും നയിച്ചവരായിരുന്നു. മലബാറിലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ബുദ്ധികേന്ദ്രങ്ങളായിരുന്നു അവര്‍. തഹ്‌രീള്, തുഹ്ഫത്തുല്‍ മുജാഹിദീന്‍, ഫത്ഹുല്‍ മുബീന്‍ എ്ന്നീ കൃതികള്‍ക്ക് ഇന്ത്യയില്‍ തന്നെ താരതമ്യങ്ങളില്ല. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച് സമുദായത്തെ നയിക്കുകയും കൊളോണിയല്‍ ഭരണത്തോട് ഏറ്റുമുട്ടുകയും ചെയ്ത പണ്ഡിത ശ്രേഷ്ടന്മാരായ മമ്പുറം സയ്യിദ് അലവി, സയ്യിദ് ഫസല്‍ എന്നീ തങ്ങന്മാരും ഇന്ത്യയിലാദ്യമായി നികുതി നിഷേധാഹ്വാനം നല്‍കിയ ഉമര്‍ ഖാളിയുമെല്ലാം പ്രസ്തുത ഉലമാക്കളുടെ തുടര്‍ച്ചയാണെന്ന കാര്യം മറക്കാവതല്ല. ഇവരുടെ കൃതികളും ജീവിത ചര്യകളും പ്രബോധനങ്ങളും മാലപ്പാട്ടുകളുമെല്ലാം മാപ്പിള സംസ്‌കാരത്തിന്റെയും കൊളോണിയല്‍ വിരുദ്ധ വികാരത്തിന്റെയും അമൂല്യമായ ആര്‍ക്കൈവുകളാണ്. ഇതെല്ലാം അറുത്തുമാറ്റി പുതിയൊരു മുസ്‌ലിമിനെ സൃഷ്ടിക്കാനുള്ള ശ്രമത്തിനിടയില്‍ പലതും എവിടെയോ നഷ്ടമായിപ്പോയി. അധിനിവേശ ആധുനികത്വവും അതിന്റെ യുക്തിയും പുനരന്വേഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു ചരിത്ര സന്ദര്‍ഭത്തില്‍ മുസ്‌ലിം നവോത്ഥാനവും തുടര്‍ ഗവേഷണങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

Related Post