ഗോസംരക്ഷകര്‍

Originally posted 2015-10-13 09:39:38.

cow

ഗോസംരക്ഷകര്‍

സംഘ്പരിവാര്‍ ഫാഷിസം ആടിത്തിമിര്‍ക്കുന്ന കാഴ്ച്ചകള്‍ക്കാണ് കുറച്ചുനാളുകളായി രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ദാദ്രി സംഭവം അതിന്റെ ഏറ്റവിമൊടുവിലത്തെ ഉദാഹരണമാണ്. ഗൗരവമായ ഈ വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നു കൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ ശ്ലാഘനീയമാണ്. എന്നാല്‍ ഇടതു പക്ഷ പ്രസ്ഥാനങ്ങളില്‍ നിന്നടക്കം ഉയര്‍ന്നു വരുന്ന ഇത്തരം പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഭോജന സ്വാതന്ത്ര്യമെന്ന സമസ്യയെ അടിസ്ഥാനമാക്കിയുള്ളവയാണ്. എന്നാല്‍ ദാദ്രി സംഭവത്തിന് കേവല ഭക്ഷണ ഫാഷിസമെന്നതിനപ്പുറം വേറെ ചില മാനങ്ങള്‍ കൂടിയുണ്ട്.

രാജ്യത്തെ മുസ്‌ലിം ദലിത് പിന്നോക്ക വിഭാഗങ്ങളോടുള്ള അടങ്ങാത്ത വൈര്യവും വിരോധവുമാണ് യഥാര്‍ത്ഥത്തില്‍ ഇത്തരം സംഭവങ്ങളുടെ മൂലകാരണമായി വര്‍ത്തിക്കുന്നത്. ഗുജറാത്തും മുസഫര്‍നഗറും യാക്കൂബ് മേമനടക്കം മുഹമ്മദ് അഖ്‌ലാഖ് വരെയുള്ളവര്‍ അനിഷ്യേധമായ ഈ വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്വന്തം അനുയായികളെ വൈകാരികമായി ഇളക്കിവിടാനും ശത്രുക്കളെ അടിച്ചമര്‍ത്താനും ഒരേ സമയം കഴിയുന്നുവെന്നത് ആസൂത്രിതമായ ഇത്തരം സംഭവങ്ങളുടെയെല്ലാം പൊതുസവിശേഷതയാണ്. ഭീതിതമാംവിധം അവ ആവര്‍ത്തിക്കപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ഗോമാതാവിന്റെ മാഹാത്മ്യ സംരക്ഷണമെന്ന മഹത്തായ ദൗത്യമായിട്ടാണ് ഗോവധ നിരോധം സംഘപരിവാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഇവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടും വിധത്തിലുള്ള കണക്കുകളാണ് അനുദിനം പുറത്തുവന്നു കൊണ്ടിരിക്കുന്നത് രാജ്യത്ത് വന്‍തോതില്‍ ബീഫ് കമ്പനി നടത്തികൊണ്ടിരിക്കുന്ന വമ്പന്‍ കമ്പനികളുടെ അധിപന്മാരിലധികവും ഇപ്പറഞ്ഞ ”ല്‍ നിന്നുള്ളവരാണ്. മുംബൈ ചെമ്പൂരിലെ അതുല്‍ സബര്‍വാളിന്റെ ‘അല്‍ കബീര്‍ എക്‌സ്‌പോര്‍ട്ട്‌സ് ലിമിറ്റഡ്’, മുംബൈയിലെതന്നെ സുനില്‍ കപൂറിന്റെ അറേബ്യന്‍ എക്‌സ്‌പോര്‍ട്ട്‌സ് െ്രെപവറ്റ് ലിമിറ്റഡ്, ന്യൂഡല്‍ഹി ജന്‍പഥിലെ മദന്‍ അബോട്ടിന്റെ എം.കെ.ആര്‍ ഫ്രോസണ്‍ ഫുഡ് എക്‌സ്‌പോര്‍ട്ട്‌സ് െ്രെപവറ്റ് ലിമിറ്റഡ്, ചണ്ഡിഗഢിലെ എ.എസ് ബിന്ദ്രയുടെ പി.എം.എല്‍ ഇന്‍ഡസ്ട്രീസ് െ്രെപവറ്റ് ലിമിറ്റഡ് എന്നിവയാണ് രാജ്യത്തെ ഏറ്റവും വലിയ ബീഫ് വിതരണകയറ്റുമതിക്കാര്‍. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ബീഫ് കയറ്റുമതിയില്‍ രാജ്യം ഒന്നാം സ്ഥാനത്തത്തെുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ബീഫ് വിരുദ്ധ സമരം നടത്തുന്ന ബി.ജെ.പിയുടെ നേതാവ് സംഗീത് സോം ബീഫില്‍ ഹലാല്‍ മുദ്ര പതിച്ച് കയറ്റുമതി ചെയ്യുന്ന വ്യാപാരിയാണെന്ന വെളിപ്പെടുത്തലാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഗോമാംസം കഴിക്കുന്ന നിരവധിയാളുകള്‍ ഹൈന്ദവ സമൂഹത്തിലുമുണ്ട്. എന്നാല്‍ ഇവരാരും ഇന്നേവരെ അക്രമിക്കപ്പെടുകയോ ചോദ്യം ചെയ്യപ്പെടുകയോ ചെയ്തതായി ആര്‍ക്കും അറിവില്ല. അവിടെയാണ് ഗോവധ നിരോധനമെന്ന ആശയം ഒരു പ്രത്യേക വിഭാഗത്തിന്റെ മേല്‍ കുതിര കയറാനുള്ള ആയുധമായി പരിവര്‍ത്തിപ്പിക്കപ്പെടുന്നത്. വളരെ അപകടകരമായ ഇത്തരം പ്രവണതകള്‍ക്കെതിരയുള്ള പ്രതിഷേധങ്ങള്‍, അതിന്റെ യഥാര്‍ത്ഥ അടിസ്ഥാനത്തില്‍ നിന്നാവുമ്പോഴാണ് അവ ഫലപ്രദമായിത്തീരുന്നത്.

Related Post