IOS APP

ഘര്‍ വാപസി നിയമാനുസൃതമോ?

wapasi‘(സ്വന്തം വീട്ടിലേക്കുള്ള മടക്കം) എന്ന പേരില്‍ സംഘ്പരിവാര്‍ ശക്തികള്‍ നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തന പ്രക്രിയ തുടരുകയാണ്. കേരളത്തിലെ ആലപ്പുഴ, കൊല്ലം ജില്ലകളില്‍ നടന്നത് അതിന്റെ അവസാനത്തെ ഉദാഹരണം മാത്രം. ഇന്ത്യന്‍ ഭരണഘടനാ തത്വങ്ങള്‍ക്ക് തീര്‍ത്തും കടകവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണിത്. രാജ്യത്ത് മതപരിവര്‍ത്തന നിയമങ്ങള്‍ക്ക് കൂച്ചു വിലങ്ങിടുന്ന ഇത്തരം പ്രവൃത്തികള്‍ ജനാധിപത്യവിശ്വാസികളില്‍ ആശങ്കജനിപ്പിക്കുന്നതും അവരില്‍ പൗരബോധം ഉണര്‍ത്തേണ്ടതുമാണ്.

മതപരിവര്‍ത്തനം ഇന്ത്യന്‍ ഭരണഘടന അനുവദിച്ച പ്രധാന അവകാശങ്ങളില്‍ പെട്ടതാണ്. ഭരണഘടനയുടെ 25ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പില്‍ ഓരോ വ്യക്തിക്കും സ്വേച്ഛാനുസരണം മതം അവലംബിക്കാനും അനുവര്‍ത്തിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകരമാണെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിലെ 295എ, 298 വകുപ്പുകള്‍ പ്രകാരം മൂന്നുവര്‍ഷം തടവും പിഴവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണത്.

ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനുമുള്ള സ്വാതന്ത്ര്യം ഏതൊരു ഭരണഘടനയുടെയും ശ്രേഷ്ഠതയുടെയും വിശാല നിലപാടിന്റെയും അടയാളമാണ്. ഒരു ജനാധിപത്യ പ്രകൃയയുടെ ജീവവായുവുമാണത്. ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാതാക്കള്‍ ഈ സ്വാതന്ത്ര്യം വകവെച്ചു നല്‍കിയതിന്റെ കാരണവും മറ്റൊന്നായിരിക്കില്ല. ഈ നിയമത്തിനെതിരെയുള്ള ഏതൊരു കടന്നുകയറ്റവും രാജ്യദ്രോഹവും ഭരണഘടനാ ലംഘനവുമാണ്. എന്നാല്‍ ഇത്തരം മാനവിക മൂല്യങ്ങളെ വംശീയപരമായ ചെയ്തികളിലൂടെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് സംഘ്പരിവാര്‍ നടത്തുന്നത്.

മതപരിവര്‍ത്തനം നിരോധിക്കണമെന്ന വാദം ഉയര്‍ത്തിപ്പിടിക്കുകയും തങ്ങള്‍ക്ക് അധികാരമുള്ള പലസംസ്ഥാനങ്ങളിലും അതിന് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്ത പാരമ്പര്യമാണ് സംഘ്പരിവാര്‍ ശക്തികള്‍ക്കുള്ളത്. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായടക്കമുള്ളവര്‍ ഇപ്പോള്‍ അത് ആവര്‍ത്തിക്കുകയും അത് നിയമാക്കാന്‍ ആഹ്വാനം നല്‍കുകയും ചെയ്തിരിക്കുന്നു. പക്ഷെ, ബി.ജെ.പിയുടെ ‘ഘര്‍വാപസി’ പരമ്പരകള്‍ ഇതിന്റെ ഭാഗമാകുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. കാരണം അത് മതപരിവര്‍ത്തനമല്ലെന്നും മതപരാവര്‍ത്തനമാണെന്നുമാണ് സംഘ്പരിവാര്‍ ശക്തികള്‍ വാദിക്കുന്നത്. രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങളെ നിഷേധിക്കുന്ന ഇത്തരം നടപടികള്‍ രാജ്യം ഫാസിസത്തിലേക്കും ഏകാധിപത്യത്തിലേക്കും നീങ്ങുന്നതിന്റെ സൂചനകളാണ്. ജനാധിപത്യപരവും വിവേകപൂര്‍വ്വവുമായ വഴികളിലൂടെ ഇതിനെ ചെറുത്തു തോല്‍പിക്കാന്‍ നാം തയ്യാറാകേണ്ടതുണ്ട്.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.