ജനന നിയന്ത്രണം: മതങ്ങള്‍ എന്തുപറയുന്നു ?

Originally posted 2015-06-09 19:46:38.

family planig

ജനന നിയന്ത്രണം

 

ഗര്‍ഭനിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് മതങ്ങളും ആദര്‍ശങ്ങളും എന്തുപറയുന്നു? ഒറ്റവാക്കില്‍ ഉത്തരംനല്‍കാന്‍ കഴിയാത്ത ചോദ്യമാണിത്. ഈ വിഷയത്തില്‍ ഓരോ മതങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടുകളാണുള്ളത്.
1. റോമന്‍ കത്തോലിക്കാക്രൈസ്തവത

ജനനനിയന്ത്രണത്തിനെതിരെ ശക്തമായ നിലപാടുള്ള മതമായാണ് കത്തോലിക്കാമതം അറിയപ്പെട്ടിരുന്നത്. അതുപക്ഷേ, 1930 ലെ പോപ് പിയുസ് പതിനൊന്നാമന്റെ വിവാഹനിയമപരിഷ്‌കരണങ്ങള്‍ നടപ്പിലായതോടെ മാറുകയായിരുന്നു.

1930 കള്‍ക്ക്മുമ്പ് സന്താനനിയന്ത്രണവിഷയത്തിലുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചിരുന്നു. അബോര്‍ഷന്‍ പോലെത്തന്നെ ജനനനിയന്ത്രണവും ക്രൈസ്തവവിരുദ്ധമായാണ് കണക്കാക്കപ്പെട്ടിരുന്നത്. സെക്‌സ് സന്താനോല്‍പാദനത്തിന് എന്നതായിരുന്നു കാഴ്ചപ്പാട്. അതിനാല്‍ സന്താനോല്‍പാദനം തടയുന്നത് സെക്‌സിനെ പാപപങ്കിലപ്രവൃത്തിയാക്കിത്തീര്‍ക്കുമെന്ന് മതനേതൃത്വം വിധിയെഴുതി.

2. പ്രൊട്ടസ്റ്റന്റ് ക്രൈസ്തവത

ലോകത്ത് വളരെ പ്രചാരത്തിലുള്ള മതമാണ് പ്രൊട്ടസ്റ്റന്റ് ക്രൈസ്തവത. കത്തോലിക്കന്‍ അധ്യാപനങ്ങളെ കൂടുതലായി സ്വാംശീകരിക്കുന്ന അവരിലെ യാഥാസ്ഥിതികഇവാഞ്ചെലിക്കല്‍ വിശ്വാസികള്‍ സന്താനനിയന്ത്രണത്തെ ശക്തിയായി എതിര്‍ക്കുന്നു.

വ്യത്യസ്തഅവാന്തരവിഭാഗങ്ങളും ദൈവശാസ്ത്രകാരന്‍മാരും ചര്‍ച്ചുകളും ഗര്‍ഭനിരോധനമാര്‍ഗങ്ങളെ അനുവദിക്കുന്നുണ്ട്. ഒരുവേള കുടുംബാസൂത്രണത്തെ പൗരബാധ്യതയായികണ്ട് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

3. ജൂതമതം

ആദ്യകാലജൂതമതം സന്താനലബ്ധിയെ പ്രോത്സാഹിപ്പിച്ചിരുന്നു. മാതാവിന്റെ ആരോഗ്യം അപകടത്തിലാകുന്ന സ്ഥിതിവിശേഷമുണ്ടായാല്‍ നിലവിലുള്ള കുട്ടിയുടെ ജീവരക്ഷയ്ക്കായി ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ അത് നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ സന്താനങ്ങള്‍ക്കായി നിര്‍ബന്ധംപിടിക്കുന്ന ജൂതന്‍മാര്‍ ഇക്കാലത്ത് വളരെ കുറവാണ്. അധികമാളുകളും മാതാവിന്റെ ജീവനും ആരോഗ്യവും കൂടുതല്‍ പ്രാധാന്യമേറിയതായി കണ്ട് സന്താനനിയന്ത്രണരീതികളെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്.

4. ഇസ്‌ലാം

ഗര്‍ഭനിരോധനരീതികളെ അപലപിക്കുന്ന ഒന്നും ഇസ്‌ലാമിലില്ല. എന്നല്ല, ഗര്‍ഭനിരോധനരീതികളെ മുസ്‌ലിം വൈദ്യശാസ്ത്രകാരന്‍മാരാണ് ഗവേഷണംചെയ്ത് വികസിപ്പിച്ച് യൂറോപിന് നല്‍കിയത്. തന്റെ ഒരു പുസ്തകത്തില്‍ പ്രശസ്തഭിഷഗ്വരനായ ഇബ്‌നുസീന 20 വ്യത്യസ്തജനനനിയന്ത്രണമാര്‍ഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കുടുംബത്തിന്റെ ആരോഗ്യം, സാമ്പത്തികനില, സാമൂഹികനിലവാരമുയര്‍ത്തല്‍, മാതാവിന്റെ സൗന്ദര്യസംരക്ഷണം എന്നിവയെല്ലാം ജനനനിയന്ത്രണത്തിന് കാരണങ്ങളാകാം.

മാതാവിന് സന്താനപരിപാലനം അതിന്റെ പൂര്‍ണാര്‍ഥത്തില്‍ നിര്‍വഹിക്കാന്‍ അവസരമൊരുക്കുവിധം രണ്ടുഗര്‍ഭധാരണങ്ങള്‍ക്കിടയില്‍ അകലംപാലിക്കാനായി നിയന്ത്രണമാര്‍ഗങ്ങള്‍ സ്വീകരിക്കാം. അതേസമയം ഇസ്‌ലാമില്‍ കുടുംബാസൂത്രണം വിലക്കപ്പെട്ടിരിക്കുന്നു. ദാരിദ്ര്യം ഉണ്ടാകും എന്ന് ഭയന്ന് സന്താനങ്ങളെ വേണ്ടെന്നുവെക്കുന്നത് തെറ്റാണ്. അല്ലാഹു പറയുന്നു: ‘പട്ടിണി പേടിച്ച് നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്. അവര്‍ക്കും നിങ്ങള്‍ക്കും അന്നം നല്‍കുന്നത് നാമാണ്. അവരെ കൊല്ലുന്നത് കൊടിയകുറ്റം തന്നെ.'(അല്‍ ഇസ്‌റാഅ് 31) ഈ സൂക്തത്തിന്റെ വെളിച്ചത്തില്‍ ദാരിദ്ര്യം ഭയന്ന് കുടുംബാസൂത്രണം സ്വീകരിക്കുന്നത് ഇസ്‌ലാമികവിരുദ്ധമാണെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. കാരണം അത് സര്‍വലോകരക്ഷിതാവും അന്നദാതാവുമായ അല്ലാഹുവിലുള്ള ദുര്‍ബലവിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത് എന്നതിനാലാണ്.

5. ബുദ്ധമതവീക്ഷണം

ബുദ്ധഅധ്യാപനങ്ങള്‍ കൂടുതല്‍ സന്താനങ്ങളുണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. മനുഷ്യജന്‍മങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത് നിര്‍വാണപദത്തിലെത്തേണ്ട ആത്മാവുകളുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്നാണ് അതിന്റെ വീക്ഷണം.

ഇങ്ങനെയൊക്കെയാണെങ്കിലും കൂടുതല്‍ സന്താനങ്ങളുണ്ടാകുന്നത് കുടുംബത്തിലെ സാമ്പത്തികനിലയെ അപകടപ്പെടുത്തുമെന്ന് ഭയന്നാല്‍ ജനനനിയന്ത്രണം സ്വീകരിക്കാന്‍ അനുവാദംനല്‍കുന്നു.

5. സിഖുമതം

സന്താനനിയന്ത്രണത്തെ ആക്ഷേപിക്കുന്ന സിഖ് പ്രമാണങ്ങളില്ല. മറിച്ച് സമുദായത്തിന് അനുഗുണമാകുംവിധം കുടുംബാസൂത്രണം സ്വീകരിക്കാന്‍ അത് പ്രോത്സാഹിപ്പിക്കുന്നു. എത്ര കുട്ടികള്‍ വേണമെന്ന് ദമ്പതികള്‍ക്ക് തീരുമാനിക്കാവുന്നതാണ്. കുടുംബത്തിന്റെ സാമ്പത്തികനില, മാതാവിന്റെയും കുട്ടികളുടെയും ആരോഗ്യം, സാമൂഹികപരിസ്ഥിതി എന്നിവ പരിഗണിച്ച് കുടുംബാസൂത്രണം സ്വീകരിക്കാം. ഇതെല്ലാം കുടുംബത്തിനുവേണ്ടിയാണ.് അതേസമയം വ്യക്തികള്‍ക്ക് അനുവദനീയമല്ല. തെളിച്ചുപറഞ്ഞാല്‍, അവിഹിതസംസര്‍ഗത്തിനായി ജനനനിയന്ത്രണമാര്‍ഗങ്ങള്‍ മറയാക്കുന്നത് അത് വിലക്കുന്നു.

6. താവോയിസം

ചൈനയില്‍ ആയിരംവര്‍ഷങ്ങള്‍ക്കുമുമ്പേ കുടുംബാസൂത്രണവും ജനനനിയന്ത്രണരീതികളും നിലനിന്നിരുന്നു. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹികജീവിതത്തിലും സന്തുലിതത്വവും സൗഹൃദാന്തരീക്ഷവും ഉണ്ടാകണമെന്ന് താവോയിസം നിഷ്‌കര്‍ഷിക്കുന്നു. കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നത് കുടുംബത്തിന്റെ സന്തുലിതത്വത്തെ തകിടം മറിക്കുമെന്ന് ആശങ്കയുണ്ടെങ്കില്‍ ജനനനിയന്ത്രണം സ്വീകരിക്കാന്‍ അത് ആഹ്വാനംചെയ്യുന്നു. കൂടുതല്‍ കുട്ടികളുണ്ടാകുന്നത് വിഭവദാരിദ്ര്യമുണ്ടാക്കുമെന്ന ആശങ്ക ചൈനീസ്‌സാമൂഹികമണ്ഡലത്തില്‍ ശക്തമാണിന്ന്.

Related Post