IOS APP

ദേശീയവാദവും മുസ്‌ലിംകളും

ദേശീയവാദവും മുസ്‌ലിംകളും

ദേശീയതയ്ക്കും ഇസ്‌ലാമിനും വ്യത്യസ്തവും അന്യോന്യവിരുദ്ധവുമായ ആദര്‍ശസംഹിതകളും പ്രത്യയശാസ്ത്രവും ആശയങ്ങളും ലക്ഷ്യങ്ങളും കര്‍മപദ്ധതികളുമാണുള്ളത്. മനുഷ്യന് സ്വാഭാവികമായും ഒരു ആദര്‍ശസംഹിത പിന്തുടരാനും അതിനോട് കൂറുപുലര്‍ത്താനും മാത്രമേ സാധിക്കുകയുള്ളൂ.

ഒരാള്‍ തനിക്ക് രണ്ട് ആദര്‍ശസംഹിതകളുണ്ടെന്ന് പറഞ്ഞാല്‍ അവയില്‍ ഒന്ന് സജീവവും പ്രവര്‍ത്തനനിരതവുമായിരിക്കും. മറ്റേത് നിര്‍ണിതവും നിഷ്‌ക്രിയവുമായിരിക്കും. ഒരു ജര്‍മന്‍ ദേശീയവാദിക്ക് യഥാര്‍ഥക്രിസ്തുമതാനുയായിയാകാന്‍ സാധ്യമല്ല.

കാരണം അദ്ദേഹത്തില്‍ ദേശീയതയാണ് സജീവവും പ്രവര്‍ത്തനനിരതവും. അദ്ദേഹത്തിന്റെ മതം നിഷ്‌ക്രിയവും മൃതപ്രായവുമാണ്. ഒരു ഇറ്റാലിയന് ഒരേസമയം ഫാഷിസ്റ്റും യഥാര്‍ഥക്രിസ്തുമതവിശ്വാസിയുമായിരിക്കാന്‍ കഴിയില്ല.

ഇസ്‌ലാമിന് ഒരു പ്രത്യേക ആദര്‍ശസംഹിതയുണ്ട്. ദേശീയതയ്ക്ക് അതില്‍നിന്നെല്ലാം വ്യത്യസ്തമായി അതിന്റെ ആദര്‍ശവുമുണ്ട്. ഒരു മനുഷ്യന് ക്രിയാത്മകവും സജീവവുമായി രണ്ട് ആദര്‍ശസംഹിതകളെ ഒരേസമയം മുറുകെപ്പിടിക്കാന്‍ ആവില്ല. അവ പരസ്പരപൂരകങ്ങളും പരസ്പരസഹായകങ്ങളുമല്ലെങ്കില്‍.

തന്റെ രാജ്യസ്‌നേഹമാണോ മതവിശ്വാസമാണോ പ്രാധാന്യമര്‍ഹിക്കുന്നതെന്ന് ബോധമില്ലാത്ത വ്യക്തി തന്റെ ആദര്‍ശസംഹിത ഒളിച്ചുവെക്കുന്നത് അവസരോചിതമാണെന്ന് ധരിച്ചേക്കാം. അല്ലെങ്കില്‍ അദ്ദേഹം അതിനെക്കുറിച്ച് അറിവില്ലാത്തവനായിരിക്കാം. നേരെമറിച്ച് അദ്ദേഹത്തിന് രണ്ട് ആദര്‍ശപ്രത്യയശാസ്ത്രങ്ങളുണ്ടെന്ന് പറഞ്ഞുകൂടാ.

കാരണം, അവയില്‍ ഒന്നുമാത്രമേ ക്രിയാത്മകവും അദ്ദേഹത്തിന്റെ ജീവിതവ്യവഹാരങ്ങളെ നിയന്ത്രിക്കുന്നതുമായുള്ളൂ. തനിക്ക് ഒരു പ്രത്യയശാ സ്ത്രവുമില്ലെന്നോ അല്ലെങ്കില്‍ ഒന്നിലധികമുണ്ടെന്നോ ധരിക്കുന്ന ഒരു വ്യക്തിയോട് അവ ഉപേക്ഷിക്കണമെന്ന് പറഞ്ഞാല്‍, പ്രത്യയശാസ്ത്രം തന്റെ സ്വത്വത്തിന്റെ ഭാഗമാണെന്നും അതുപേക്ഷിക്കാന്‍ പ്രയാസമാണെന്നും തന്റെ ജീവിതം അതിനുവേണ്ടി ത്യജിക്കാന്‍ തയ്യാറാണെന്നും അയാള്‍ക്ക് തോന്നുന്ന ഒരു ഘട്ടംവരും. അതാണ് അദ്ദേഹത്തിന് ക്രിയാത്മകവും സജീവവുമായ പ്രത്യയശാസ്ത്രമുണ്ടെന്നതിന്റെ തെളിവ്.

അങ്ങനെയുള്ള ഒരു വ്യക്തി ഇസ്‌ലാമിന് വേണ്ടിയോ സ്വാതന്ത്ര്യം, ജനാധിപത്യം, കമ്യൂണിസം, ദേശീയത എന്നിവയിലേതെങ്കിലുമൊന്നിനുവേണ്ടിയോ തന്റെ ജീവിതം ത്യജിക്കാന്‍ തയ്യാറാണോ എന്നാണ് നോക്കേണ്ടത്.

അയാള്‍ സര്‍വസ്വവും ഉപേക്ഷിക്കാന്‍ തയ്യാറാവുന്നത് ഏതിനുവേണ്ടിയാണോ അതാണ് അയാളുടെ യഥാര്‍ഥ ആദര്‍ശസംഹിത. അയാള്‍ അതിനെപ്പറ്റി ബോധവാനല്ലെങ്കിലും. പ്രത്യയശാസ്ത്രത്തോടുള്ള ഈ സ്‌നേഹമാണ് ഒരു വ്യക്തിയുടെ സ്വഭാവവും മാര്‍ഗങ്ങളും നയങ്ങളും നിര്‍ണയിക്കുന്നത്. മറ്റെല്ലാത്തിനോടുമുള്ള അദ്ദേഹത്തിന്റെ മനോഭാവം അതിന് വിധേയമായിരിക്കും.

ചില ദേശീയവാദികള്‍ തങ്ങള്‍ക്ക് ഒരേസമയം ഇസ്‌ലാമിനെയും ദേശീയതയെയും പിന്തുടരാന്‍ സാധിക്കുമെന്ന് കരുതുന്നു. ഈജിപ്തിലെ ത്വഹ്താവിയും മുസ്ത്വഫാ കമാലും തുര്‍ക്കിയിലെ കമാല്‍ അത്താതുര്‍ക്കും ഇന്ത്യയിലെ അബുല്‍ കലാം ആസാദും ഹുസൈന്‍ അഹ്മദ് മദനിയും തങ്ങള്‍ക്ക് ഈ രണ്ടുപ്രത്യയശാസ്ത്രങ്ങളെയും ഒരേസമയം പിന്തുടരാന്‍ കഴിയുമെന്ന് വിചാരിച്ചവരില്‍ ചിലരാണ്.

അവ അന്യോന്യം യോജിച്ചുപോകുകയാണെന്നവര്‍ വിശ്വസിച്ചിരുന്നു. പക്ഷേ, ഇവ രണ്ടും യോജിച്ചുപോകുന്നവയല്ല. ഏതെങ്കിലും ഒന്നിനോടുള്ള അടുപ്പത്തിന്റെ അര്‍ഥം മറ്റേതില്‍നിന്ന് അകന്നുപോകുന്നുവെന്നാണ്.

നമുക്ക് ജീവിതത്തിന്റെ എല്ലാ വശങ്ങളെ സംബന്ധിച്ചും ഇസ്‌ലാമികവീക്ഷണമുണ്ടാകുമ്പോഴാണ് നാം തികച്ചും മുസ്‌ലിംകളാകുന്നത്. പക്ഷേ, സാമൂഹികമായും രാഷ്ട്രീയമായും നമുക്ക് മറ്റൊരു വീക്ഷണമുണ്ടാവുകയും ഇസ്‌ലാമിന്റെ ഒരു വശം ഉപേക്ഷിക്കുകയുംചെയ്താല്‍ നാം എങ്ങനെ മുസ്‌ലിംകളാവും.
‘നിങ്ങള്‍ വേദഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റുചിലത് തള്ളിക്കളയുകയുമാണോ? എന്നാല്‍ നിങ്ങളില്‍നിന്ന് അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ അതികഠിനമായ ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുകയുംചെയ്യും'(അല്‍ബഖറ 85).

ഇറക്കുമതി ചെയ്യപ്പെട്ട ഒരു വിദേശപ്രത്യയശാസ്ത്രം പിന്തുടരാനും സ്വയം മുസ്‌ലിമെന്ന് അവകാശപ്പെടാനും ആര്‍ക്കും സാധ്യമല്ല. ‘ദേശീയമുസ്‌ലിം’ എന്നത് ‘മതപരമായ കമ്യൂണിസ്റ്റ്’, ‘മുതലാളിത്ത മാര്‍ക്‌സിസ്റ്റ്’, ‘വിഗ്രഹാരാധകനായ ഏകദൈവവിശ്വാസി ‘ എന്നൊക്കെ പറയുന്നതുപോലെ അര്‍ഥശൂന്യമാണ്.

ഇവ അന്യോന്യം വിരുദ്ധമാണ്. ഇസ്‌ലാമിക ആദര്‍ശം വികസിക്കുമ്പോള്‍ ദേശീയത ഇല്ലാതാകുന്നു. ദേശീയത വികാസം പ്രാപിക്കുമ്പോള്‍ ഇസ്‌ലാം ഉന്‍മൂലനംചെയ്യപ്പെടുന്നു. രണ്ട് ദിശകളിലേക്ക് സഞ്ചരിക്കുന്ന കപ്പലുകളില്‍ ഒരാള്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്നതെങ്ങനെ ? അങ്ങനെ ഒരു അവകാശവാദം ഉന്നയിക്കുന്നത് അജ്ഞതയാലോ കപടവിശ്വാസം കാരണമായോ രണ്ടുപ്രത്യയശാസ്ത്രങ്ങളുടെയും സ്വഭാവം മനസ്സിലാക്കാന്‍ കഴിയാത്തതിനാലോ ആണ്.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.