ദൈവം ആരാണ്?

Originally posted 2015-06-24 16:09:25.

THe God

ദൈവം

ദൈവം ആരാണ്? സൃഷ്ടികള്‍ക്ക് കാരണമായ സ്രഷ്ടാവായ ശക്തിയത്രെ ദൈവം. ദൈവികം എന്ന് പൊതുവില്‍ വിശ്വസിച്ചുപോരുന്ന വേദങ്ങള്‍ അതിങ്ങനെ സാക്ഷ്യപ്പെടുത്തുന്നു.
‘സൃഷ്ടിക്ക് മുമ്പ് ഹിരണ്യഗര്‍ഭനായ ഈശ്വരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭൂമി മുതല്‍ പ്രകാശ ലോകം വരെയുള്ള എല്ലാം അവന്‍ സൃഷ്ടിച്ചു. സുഖസ്വരൂപനായ അവനെ ഞങ്ങള്‍ ഉപാസിക്കുന്നു. അവനെ മാത്രമേ ഞങ്ങള്‍ ഉപാസിക്കുന്നുള്ളൂ.'(ഋഗ്വേദം മണ്ഡലം 10, സൂക്തം 121 ഋക്ക് 1)
‘ആകാശത്തെ സൃഷ്ടിച്ച യഹോവ അരുളിചെയ്യുന്നു. അവന്‍ തന്നെ ദൈവം, അവന്‍ ഭൂമിയെ നിര്‍മിച്ചുണ്ടാക്കി. അതിനെ ഉറപ്പിച്ചു. വൃഥാ അല്ല അതിനെ നിര്‍മിച്ചത്. പാര്‍പ്പിന്നത്രെ അത് നിര്‍മിച്ചത്.’ (ബൈബിള്‍, യശയ്യാവ് പുസ്തകം 45:18)
‘സത്യസമേതം ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനാകുന്നു അവന്‍(അല്ലാഹു).’ (ഖുര്‍ആന്‍ 6:73)

ഋഗ്വേദത്തില്‍ പറയുന്ന ഹിരണ്യഗര്‍ഭനായ ഈശ്വരനും ബൈബിളില്‍ പറയുന്ന യഹോവയാം ദൈവവും ഖുര്‍ആനില്‍ പറയുന്ന അല്ലാഹുവും വേറെ വേറെ ദൈവങ്ങളല്ല. ഒരേ ദൈവത്തെ സംബന്ധിച്ച് വിവിധ ഭാഷകളില്‍ പറഞ്ഞതാണെന്ന് ചുരുക്കം സൃഷ്ടികള്‍ക്ക് ഒരു സൃഷ്ടാവേ ഉണ്ടാവൂ എന്നതിനാല്‍ അവന്‍ ഏകനാണെന്നതും വ്യക്തം.
അപ്പോള്‍ പിന്നെ മതങ്ങളില്‍ കാണുന്ന ദൈവങ്ങളോ? അവ മനുഷ്യന്റെ സൃഷ്ടികളാണ്. മനുഷ്യനെ സൃഷ്ടിച്ച ദൈവവും മനുഷ്യന്‍ സൃഷ്ടിക്കുന്ന ദൈവസങ്കല്‍പ്പങ്ങളുമുണ്ട്. മനുഷ്യനെയടക്കം സകല ചരാചരങ്ങളുടെയും സ്രഷ്ടാവായ ദൈവത്തിന് ഒരു സൃഷ്ടിയെയും ആശ്രയിക്കേണ്ടതില്ല. മനുഷ്യന്‍ സൃഷ്ടിച്ച ദൈവങ്ങള്‍ക്ക് പക്ഷേ ആരാധകരും വരുമാനവുമില്ലെങ്കില്‍ നിലനില്‍പ്പില്ല. ഒരു സുനാമിയോ ഭൂകമ്പമോ എങ്ങനെ മനുഷ്യനെ നശിപ്പിക്കുന്നവോ അപ്രകാരം ദൈവങ്ങളെയും നശിപ്പിക്കുന്നു. അതുകൊണ്ടത്രെ പുരാവസ്തു ഗവേഷകര്‍ നശിച്ചുപോയ ജനസമൂഹങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് അവരുടെ ‘ദൈവാവശിഷ്ടങ്ങളും’ കണ്ടെടുക്കുന്നത്. അവയുടെ നിസ്സഹായാവസ്ഥയെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
‘അല്ലയോ ജനങ്ങളേ, ഒരുദാഹരണം അവതരിപ്പിക്കുന്നു. സശ്രദ്ധം ശ്രദ്ധിക്കുവിന്‍. അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ വിളിച്ചുപ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരുണ്ടല്ലോ. അവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന് അവരെല്ലാം ഒന്നായി ചേര്‍ന്നാലും എന്നല്ല, ഈച്ച അവരില്‍ നിന്ന് വല്ലതും തട്ടിയെടുക്കുന്നുണ്ടെങ്കില്‍ അതിങ്കല്‍ നിന്ന് അത് രക്ഷിച്ചെടുക്കാനും അവര്‍ക്ക് സാധിക്കുകയില്ല. സഹായം തേടുന്നവര്‍ ബലഹീനര്‍. ആരില്‍ നിന്ന് തേടുന്നുവോ അവരും ബലഹീനര്‍. ഈ ജനം ദൈവത്തിന്റെ സ്ഥാനം തന്നെ മനസ്സിലാക്കിയിട്ടില്ല, അത് മനസ്സിലാക്കേണ്ടവിധം. സത്യത്തില്‍ ശക്തനും അജയ്യനുമായവന്‍ അല്ലാഹു മാത്രമാകുന്നു.'(22:73-74)

ഖുര്‍ആന്‍ വീണ്ടും പറയുന്നു: ‘സകല വസ്തുക്കളെയും അവന്‍ സൃഷ്ടിക്കുകയും അവയ്ക്ക് കൃത്യമായ പരിണാമം നിശ്ചയിക്കുകയും ചെയ്തു. ജനങ്ങള്‍ അവനെ വിട്ട് ഇതര ദൈവങ്ങളെ വരിച്ചു. അവയാകട്ടെ യാതൊന്നും സൃഷ്ടിക്കുന്നില്ല. എന്നല്ല, അവതന്നെ സൃഷ്ടിക്കപ്പെടുന്നവയാകുന്നു. തങ്ങള്‍ക്കുതന്നെ ഗുണമോ ദോഷമോ ചെയ്യാനുള്ള അധികാരവും അവക്കില്ല. മരണമേകാനോ ജീവിതമേകാനോ, മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനോ ഒന്നിനും കഴിവില്ല'(25:2,3)

ചുരുക്കത്തില്‍ സൃഷ്ടിക്കപ്പെട്ടതും, സൃഷ്ടിക്കാനും പരിപാലിക്കാനും സംഹരിക്കാനും കഴിയാത്തതൊന്നും ദൈവമല്ല. സ്രഷ്ടാവും, സൃഷ്ടി-സ്ഥിതി-സംഹാരത്തിന്റെ ഉടമസ്ഥനുമായവനാരോ അവന്‍ മാത്രമാണ് ദൈവം എന്ന കാര്യമാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്.

പിന്‍കുറി: സൃഷ്ടി-സ്ഥിതി-സംഹാരത്തിന്റെ ഉടമസ്ഥനായ യഥാര്‍ത്ഥ ദൈവത്തിന് അറബിയില്‍ അല്ലാഹു എന്ന് പറയുന്നു. യഥാര്‍ത്ഥ ദൈവം എന്നര്‍ത്ഥം വരുന്ന ‘അല്‍-ഇലാഹ്’ എന്നതില്‍ നിന്നത്രെ ‘അല്ലാഹു’ എന്ന നാമം വന്നത്. അതിനു സമാനമായ പദം ഇംഗ്ലീഷില്‍ THE GOD എന്നാണ്. GOD എന്ന പദത്തിലെ മൂന്ന് അക്ഷരങ്ങളും യഥാക്രമം സൃഷ്ടി-സ്ഥിതി-സംഹാരത്തെയാണ് (Generator, Organizer, Destroyer) കുറിക്കുന്നത്.

Related Post