നോമ്പ് ഒരു പാഠം

Originally posted 2016-04-04 20:04:10.

Hak-Hak-Suami-Isteri

വ്രതം

ജി.കെ

നോമ്പ് സംബന്ധമായി ദൈവം ഖുര്‍ആനിലൂടെ അറിയിക്കുന്നു: ”വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെ തന്നെ. നിങ്ങള്‍ ഭക്തിയുള്ളവരാവാന്‍.” (2:183)

ഭക്തിയുള്ളവരാവാനുള്ള മാര്‍ഗമായിട്ടാണ് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നത് എന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. റമദാന്‍ മാസത്തിലെ പകലുകളിലാണ് നോമ്പ് നിര്‍ബന്ധമാകുന്നത്. അന്നേരങ്ങളില്‍ തിന്നു കുടിച്ചു മദിച്ചു നടക്കാനനുവാദമില്ല. കള്ളവും ചതിയും പൊളിവചനങ്ങളും പാടില്ല. സകല തിന്മകളും നോമ്പിനെ തകര്‍ക്കും. അതിനാല്‍ സകലവിധ ഇച്ഛകളോടും സമരം ചെയ്തു കൊണ്ടാണൊരാള്‍ നോമ്പുകാരനാവുന്നത്.

ഇങ്ങനെ സ്വേച്ഛകളോട് അകലം സൂക്ഷിക്കുന്നത് ദൈവത്തോടടുപ്പം വര്‍ധിപ്പിക്കാനാണ്. വേദ പാരായണവും ആരാധനാനുഷ്ഠാനങ്ങളും വര്‍ധിപ്പിച്ചു കൊണ്ടാണത് സാധിക്കേണ്ടത്. അങ്ങനെ വരുമ്പോഴാണ് നോമ്പ് യഥാര്‍ഥത്തില്‍ തന്നെ ഉപവാസം ആവുന്നത്. ഉപവാസം എന്നാല്‍ കൂടെ താമസമാണ്. ദൈവത്തിന്റെ കൂടെ താമസമായി വ്രതം മാറണം. അങ്ങനെ വരുമ്പോള്‍ ദൈവത്തിന്റെ നിലപാടെന്തായിരിക്കുമെന്ന് പ്രവാചകന്‍ ഒരു ദൈവവചനം ഉദ്ധരിച്ച് പറഞ്ഞതിങ്ങനെ:
”എന്റെ ദാസന്‍ ഒരു ചാണ്‍ എന്നോടടുക്കുകയാണെങ്കില്‍ ഞാന്‍ ഒരു മുഴം അങ്ങോട്ടടുക്കും; ദാസന്‍ ഒരു മുഴം ഇങ്ങോട്ടടുക്കുകയാണെങ്കില്‍ ഞാന്‍ ഒരു മാറ് അങ്ങോട്ടടുക്കും. അവന്‍ എന്നിലേക്ക് നടന്നടുക്കുകയാണെങ്കില്‍ ഞാന്‍ അവനിലേക്ക് ഓടിയടുക്കും.”

മനുഷ്യന്‍ ദൈവത്തോടടുക്കുമ്പോള്‍ അതിനേക്കാള്‍ മനുഷ്യനോടടുക്കുന്നവനാണ് ദൈവം. മനുഷ്യന്‍ ദൈവത്തിന്റെ കൈ പിടിക്കാന്‍ ശ്രമിച്ചാല്‍ ദൈവം മനുഷ്യന്റെ കൈ പിടിക്കുമെന്നര്‍ഥം. ദൈവം കൈ പിടിച്ചാലോ?

പിതാവിന്റെ കൈ പിടിച്ചാണ് കുട്ടി നടക്കുന്നതെങ്കില്‍ കല്ലിലോ മറ്റോ കാല്‍ തട്ടിയാല്‍ പിടിവിട്ട് വീഴാന്‍ സാധ്യതയുണ്ട്. എന്നാല്‍ പിതാവ് കുട്ടിയുടെ കൈ പിടിച്ച് നടത്തുകയാണെങ്കിലോ?

ഈ അര്‍ഥത്തില്‍ ദൈവത്തോടടുക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്താല്‍ ഖുര്‍ആന്‍ പറയുന്നു:
”ആര്‍ ദൈവത്തെ സൂക്ഷിച്ച് ജീവിക്കുന്നുവോ അവന് എല്ലാവിധ വിഷമങ്ങളില്‍ നിന്നും മോചനം നേടാനുള്ള മാര്‍ഗം ദൈവം ഒരുക്കി കൊടുക്കും. അവന്‍ ഊഹിക്കുക പോലും ചെയ്യാത്ത മാര്‍ഗത്തിലൂടെ അവനു വിഭവമരുളുകയും ചെയ്യും.” (65:3)

എന്നാല്‍, ദൈവത്തോടടുക്കാന്‍ മനുഷ്യന് തടസ്സം സൃഷ്ടിക്കുന്ന മുഖ്യ ഘടകം ഇച്ഛകളാണ്. മനുഷ്യേച്ഛകളില്‍ നല്ലതും ചീത്തയുമുണ്ട്. ജീവിതത്തെ താളം തെറ്റിക്കുന്നതില്‍, സന്മാര്‍ഗത്തില്‍ നിന്നകറ്റുന്നതില്‍ അവക്ക് പങ്കുണ്ട്. അതിനാല്‍ ഇച്ഛാനിയന്ത്രണം സന്മാര്‍ഗ ജീവിതത്തിന് അനിവാര്യമാണ്. അതിനുള്ള പരിശീലനം കൂടിയാണ് വ്രതം.

വ്രതാനുഷ്ഠാനം എങ്ങനെയാണ് മനുഷ്യന്റെ സന്‍മാര്‍ഗ ജീവിത സംസ്‌കരണത്തിനുതകുന്നത് എന്നതിനുള്ള ഒരു ഉദാഹരണം:
ശരീരത്തെ രാജ്യമായും ആത്മാവിനെ രാജാവായും ഇച്ഛകളെ പ്രജകളായും സങ്കല്‍പിക്കുക. പ്രജകളാകുന്ന ഇച്ഛകളില്‍ നല്ലതും ചീത്തയുമുണ്ട്. ഈ ഇച്ഛകളാകുന്ന പ്രജകള്‍ ആത്മാവാകുന്ന രാജാവിനോട് പല ആവശ്യങ്ങളും പറയുന്നു. ഉദാഹരണത്തിന്, വിശപ്പാകുന്ന ഇച്ഛ പറയുന്നു: ‘എനിക്ക് വിശക്കുന്നു ഭക്ഷണം വേണം.’ ആത്മാവാകുന്ന രാജാവ് അതനുവദിക്കുമ്പോള്‍ അയാള്‍ ഭക്ഷണം കഴിക്കുന്നു. ദാഹം എന്ന ഇച്ഛ ആവശ്യപ്പെടുന്നു ‘എനിക്ക് ദാഹിക്കുന്നു വെള്ളം വേണം.’ ആത്മാവാകുന്ന രാജാവ് അതനുവദിക്കുമ്പോള്‍ വെള്ളം കുടിക്കുന്നു. ഇതുപോലെ ഒരാളുടെ മദ്യപാനേച്ഛ പറയുന്നു: ‘എനിക്ക് മദ്യപിക്കണം.’ ആത്മാവാകുന്ന രാജാവ് അതനുവദിച്ചാല്‍ അയാള്‍ മദ്യപിക്കുന്നു. ലൈംഗികേച്ഛ പറയുന്നു: ‘എനിക്ക് വ്യഭിചരിക്കണം.’ ആത്മാവാകുന്ന രാജാവ് അതനുവദിച്ചാല്‍ വ്യഭിചരിക്കുന്നു. ഇങ്ങനെ ആത്മാവാകുന്ന രാജാവിനോട് ഇച്ഛകളാകുന്ന പ്രജകള്‍ ആവശ്യപ്പെടുന്നതൊക്കെയും അനുവദിച്ചാല്‍ ഒരാള്‍ തോന്നുന്നതൊക്കെ ചെയ്യുന്ന, തോന്നുന്നതൊക്കെ പറയുന്ന ‘താന്തോന്നി’യാവുന്നു. അവിടെ ആത്മാവാകുന്ന രാജാവ് വെറും നോക്കുകുത്തിയും ഇച്ഛകളാകുന്ന പ്രജകളുടെ അഴിഞ്ഞാട്ടവുമാണുണ്ടാവുക. അങ്ങനെ ശരീരമാകുന്ന രാജ്യത്ത് അരാജകത്വം ഉടലെടുക്കുന്നു. അതിനാല്‍ ആത്മാവാകുന്ന രാജാവിന് ഇച്ഛകളാവുന്ന പ്രജകളെ കടിഞ്ഞാണിടാന്‍, അടക്കി ഭരിക്കാന്‍ കഴിയണം. ഇതാണ് വ്രതാനുഷ്ഠാനത്തിലൂടെ സാധ്യമാകുന്നത്.

നോമ്പുകാരന്റെ വിശപ്പിന്റെ വിളിയോടുള്ള പ്രതികരണം ‘തല്‍കാലം നീ ഭക്ഷണം കഴിക്കണ്ട’, ദാഹത്തിന്റെ വിളിയോട് ‘തല്‍ക്കാലം വെള്ളം കുടിക്കണ്ട’ എന്നായിരിക്കും. മനുഷ്യന്റെ പ്രാഥമികേച്ഛകളെ തന്നെ അടക്കി ഭരിക്കാന്‍ പരിശീലിക്കുന്ന ആത്മാവിന് സകല ഇച്ഛകളെയും വരുതിയില്‍ നിര്‍ത്താന്‍ സ്വാഭാവികമായും കഴിയും.

മാത്രമല്ല, സ്വന്തം ഇച്ഛകളെ ദൈവേച്ഛക്ക് വിധേയപ്പെടുത്തുന്ന മഹത്തായൊരു പരിശീലനം കൂടിയാണ് വ്രതാനുഷ്ഠാനത്തിലൂടെ നടക്കുന്നത്. നോമ്പുകാരന്‍ വിശന്നിട്ടും ഭക്ഷണം ലഭ്യമായിട്ടും ഭക്ഷണം കഴിക്കുന്നില്ല; ദാഹിച്ചിട്ടും വെള്ളം ലഭ്യമായിട്ടും വെള്ളം കുടിക്കുന്നില്ല. കാരണം, ഈ സമയത്ത് അന്നപാനീയങ്ങള്‍ ഉപേക്ഷിക്കണമെന്നാണ് തന്റെ നാഥന്റെ കല്‍പന. പ്രാഥമികേച്ഛകളെ തന്നെ ദൈവേച്ഛക്ക് വിധേയപ്പെടുത്താന്‍ കഴിഞ്ഞാല്‍ സ്വാഭാവികമായും സകല ഇച്ഛകളെയും ദൈവകല്‍പനക്ക് വിധേയപ്പെടുത്താന്‍ ഒരാള്‍ക്ക് കഴിയും. ഇങ്ങനെ സകല തിന്മകളില്‍ നിന്നും അയാള്‍ മുക്തനാകുന്നു.

പിന്‍കുറി: വൃക്ഷങ്ങള്‍ ആഹാരം പാകം ചെയ്യുന്നത് ഇലകളിലാണ്. ശിശിരകാലത്തവ ഇലപൊഴിക്കുന്നു. ഒരു ശിശിരം മുതല്‍ അടുത്ത ശിശിരം വരെയുള്ള കാലയളവിനുള്ളില്‍ മുഴുപ്പും പുഴുക്കുത്തും വന്ന ഇലകള്‍ പൊഴിക്കുന്നു. വ്രതമനുഷ്ഠിക്കുന്നു. പിന്നെ പുതിയ തളിരുകളും പൂക്കളും കായ്കളുമുണ്ടായി അവ ധര്‍മനിര്‍വഹണത്തിനു സജ്ജമാകുന്നു.
വിശ്വാസികള്‍ ഒരു റമദാന്‍ മുതല്‍ അടുത്ത റമദാന്‍ വരെയുള്ള കാലയളവിനുള്ളില്‍ സംഭവിച്ച പാപക്കറകള്‍ കഴുകി, വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസത്തിന്റെ പുതിയ തളിരുകളും പൂക്കളും സല്‍ക്കര്‍മങ്ങളാകുന്ന കായ്കനികളുമായി ധര്‍മനിര്‍വഹണത്തിനൊരുങ്ങണമെന്നാണ് ദൈവ കല്‍പന.

Related Post