വ്രതത്തിന്റെ ആരോഗ്യശാസ്ത്രം

Originally posted 2014-06-26 11:23:55.

മനുഷ്യശരീരത്തിന് ഒരു വ്യവസ്ഥയും ക്രമവുമുണ്ട്. ശരീരകലകൡ വ്യത്യസ്ത രീതിയില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളും അവയെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഉയര്‍ന്ന കേന്ദ്രങ്ങളും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ഒരു രൂപവും ക്രമവും ശരീരത്തിന് പ്രദാനം ചെയ്യുന്നു.
ഇന്ദ്രിയവ്യവസ്ഥകളെ ചിട്ടപ്പെടുത്തുകയും വ്യവസ്ഥാപിതമായി അവയെ ക്രമീകരിക്കുകയും അതുവഴി ശാരീരികാരോഗ്യം വീണ്ടെടുക്കുകയും ചെയ്യുന്നതില്‍ വ്രതത്തിന്റെ പങ്ക് നിസ്തുലമാണ്.മനുഷ്യപ്രകൃതിയുടെ മതമാണ് ഇസ്‌ലാം. അതിന്റെ ആചാരക്രമങ്ങളും കര്‍മ-അനുഷ്ഠാനങ്ങളും പ്രകൃതിയുടെ പുരോഗമനാത്മകവും നിര്‍മാണാത്മകവുമായ വ്യവഹാരങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. അവ പ്രകൃതിയുടെ താല്‍പര്യവും ശരീരവ്യവസ്ഥയുടെ ചാലകവുമാകുന്നു.images fruts

ഇസ്‌ലാമിലെ വ്രതം അടിസ്ഥാനപരമായി മതപരവും ആത്മീയവുമായ ജീവിതവിശുദ്ധി ലക്ഷ്യമിടുമ്പോള്‍ തന്നെ, തല്‍ഫലമായി സാധ്യമാകുന്ന ഭൗതികവും ശാരീരികവുമായ നേട്ടങ്ങളെ അത് പാടെ നിരാകരിക്കുന്നില്ല. ശാരീരിക പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്തി യൗവനയുക്തമായ ശരീരവും മനസ്സും പ്രദാനം ചെയ്യുക എന്നതാണ് വ്രതത്തിന്റെ ഭൗതിക ഫലം. ആരോഗ്യപരിപാലനത്തിനും രോഗശമനത്തിനും വ്രതം അത്യാവശ്യമാണെന്ന് ഇപ്പോള്‍ ആരോഗ്യ ലോകം തത്വത്തില്‍ ആംഗീകരിച്ചിട്ടുണ്ട്.

ഭക്ഷണത്തിലെ പൊരുത്തക്കേടുകള്‍, അമിതാഹാരം, ക്രമരഹിതമായ ഭോജനം എന്നിവയാണ് ഒട്ടുമിക്ക രോഗങ്ങളുടെയും ഹേതുവായി ഗണിക്കപ്പെടുന്നത്. അമിതാഹാരം മൂലം ഭക്ഷണം ശരിയാംവണ്ണം ദഹിക്കാത്ത അവസ്ഥ സംജാതമാകുന്നു. ഇത് ഫലത്തില്‍ ദഹനവ്യവസ്ഥയെ താറുമാറാക്കുന്നു. തല്‍ഫലമായി അടിഞ്ഞുകൂടുന്ന ‘മാലിന്യങ്ങള്‍’ ചേര്‍ന്ന് ദുര്‍മേദസ്സ് ആയിത്തീരുന്നു. ഒട്ടേറെ രോഗങ്ങള്‍ക്ക് ഇത് കാരണമായി ഭവിക്കുന്നു. ക്രമരഹിതമായ ആഹാരരീതി ജീവിതത്തിലെ ആഗിരണത്തെയും ദഹനത്തെയും പ്രതികൂലമായി ബാധിക്കുകയും അതുവഴി ഒട്ടേറെ രോഗങ്ങള്‍ക്ക് ഹേതുവായി മാറുകയും ചെയ്യുന്നു.

സുദീര്‍ഘങ്ങളല്ലാത്ത നിരാഹര-ഉപവാസ രീതികള്‍ ദഹനവ്യവസ്ഥയ്ക്ക് വേണ്ടത്ര വിശ്രമം നല്കുന്നു. ക്ലിപ്തപ്പെടുത്തിയ സമയം വിശന്നിരിക്കുക വഴി, പതിവായി ശരീരത്തില്‍ നടക്കുന്ന ദഹനപ്രക്രിയ എന്ന ജോലിഭാരത്തിന്റെ ബാധ്യതയില്‍ നിന്ന് അവയവങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം ലഭിക്കുന്നു. തല്‍ഫലമായി ശരീരത്തില്‍ അടിഞ്ഞുകൂടിയ ദുര്‍മേദസ്സ് എന്ന മാലിന്യം ദീപനത്തിന് വിധേയമാക്കി നീക്കം ചെയ്യപ്പെടുന്നു. ദഹനപ്രക്രിയയുടെ ജോലിഭാരം ലഘൂകരിക്കുക വഴി കരള്‍, വൃക്ക, ശ്വാസകോശം, ത്വക്ക് തുടങ്ങിയ അവയവങ്ങള്‍ക്ക് വേണ്ടത്ര വിശ്രമവും കൂടുതല്‍ കരുത്തും പ്രവര്‍ത്തിനക്ഷമതയും ലഭ്യമാകുന്നു.

വ്രതത്തിന്റെ മറ്റൊരു നേട്ടം, തെറ്റായ രീതിയിലുള്ള പോഷണപരിണാമങ്ങളും ആഗിരണപ്രക്രിയകളും ക്രമീകരിക്കുന്നുവെന്നതാണ്. ആന്തരികാവയവങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം കിട്ടുന്നത് വിസര്‍ജനാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ക്രമരഹിതമായ പോഷണ പരിണാമങ്ങള്‍ തടയാനും സഹായകമാകുന്നു. കരളിന്റെയും പിത്താശയത്തിന്റെയും പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുകയും ആവശ്യമായ വിശ്രമം നല്കുകയും ചെയ്യുന്നു. ഇതുവഴി രക്തത്തിലെ ചുവന്ന അണുക്കളുടെ എണ്ണം വര്‍ധിക്കുകയും പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിമത്താക്കുകയും ചെയ്യുന്നു. തലച്ചോറിലെയും ഞരമ്പുകളിലെയും രക്തപ്രവാഹം വര്‍ധിപ്പിക്കുകയും കൊഴുപ്പ് ഉപയോഗിച്ചൊഴിവാക്കുകയും ചെയ്യുന്നത് വഴി ബുദ്ധിയും ഗ്രഹണശേഷിയും ഞരമ്പുകളുടെ സംവേദനക്ഷമതയും വര്‍ധിപ്പിക്കുന്നു

വ്രതാനുഷ്ഠാനം ആത്മാവിനെ ആരോഗ്യദൃഢമാക്കാന്‍ ലഭിക്കുന്ന ഏറ്റവും നല്ല മാര്‍ഗമാണെങ്കില്‍, ശരീരത്തെ അരോഗമാക്കി ശക്തിപ്പെടുത്താന്‍ ലഭ്യമാകുന്ന ഏറ്റവും നല്ല ഉപാധിയും വ്രതം തന്നെയാണ്. ആമാശയത്തിന് ലഭിക്കുന്ന വിശ്രമവും ഉപദ്രവകരമായ പദാര്‍ഥങ്ങളുടെ പുറംതള്ളലിലും ഒട്ടേറെ രോഗങ്ങളില്‍ നിന്ന് ശരീരത്തിന് സംരക്ഷണം നല്കുകയും പല രോഗങ്ങളുടെയും വ്യാപനം തടയുകയും ചെയ്യുന്നു. ‘നോമ്പനുഷ്ഠിക്കുക, ആരോഗ്യവാന്മാരാകുക’ (ത്വബ്‌റാനി) എന്ന മുഹമ്മദ് നബി(സ)യുടെ വചനം ആത്മീയവും ശാരീരികവുമായി വ്രതം നല്കുന്ന സല്‍ഫലങ്ങളിലേക്ക് വെളിച്ചം വീശുന്നു.

ആഹാരത്തിലെ ആവശ്യഘടകങ്ങള്‍

ശരീരവളര്‍ച്ചയ്ക്കാവശ്യമായ ഘടകങ്ങള്‍ പ്രദാനം ചെയ്യുക, അപചയ പ്രവര്‍ത്തനങ്ങള്‍ മൂലം ശരീരത്തിനുണ്ടാകുന്ന തേയ്മാനങ്ങളും അറ്റകുറ്റങ്ങളും നികത്തുക, ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം ഉത്പാദിപ്പിക്കുക എന്നിവയാണ് ആഹാരം കൊണ്ട് നിര്‍വഹിക്കപ്പെടുന്ന പ്രധാന ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ആഹാരത്തില്‍ ഉണ്ടായിരിക്കേണ്ട അടിസ്ഥാന ഘടകങ്ങള്‍ താഴെ വിവരിക്കുന്നവയാണ്:

1. അന്നജം (carbohydrates), 2. കാല്‍സ്യം(protein), 3. കൊഴുപ്പ് (fat), 4. ലവണങ്ങള്‍ (minerals), 5. വിറ്റാമിനുകള്‍ (vitamins), 6. വെള്ളം (water).

അന്നജം

ഇന്ധനപ്രധാനമായവയാണ് അന്നജങ്ങള്‍. ശരീരതാപമായും ഊര്‍ജമായും ഉപയോഗിക്കപ്പെടുന്നതിന്റെ കലോറിമാനം ആഗിരണം ചെയ്യുന്ന അന്നജത്തിന്റെ കലോറിമാനത്തിന് തുല്യമാണ്. അന്നജ ആഗിരണം കുറയുമ്പോള്‍ ശരീരം അതിന്റെ സൂക്ഷിപ്പു മുതലിലടങ്ങിയ മാംസ്യവും കൊഴുപ്പും അപചയ പ്രവര്‍ത്തനങ്ങള്‍ (catabolism) വഴി ഊര്‍ജം ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നു. അന്നജ ആഗിരണം കൂടുമ്പോള്‍ അത് മറ്റു രൂപങ്ങളില്‍ സൂക്ഷിക്കുകയും അത് വര്‍ധിച്ച് ‘പൊണ്ണത്തടി’ (obesity) ഉണ്ടാകുകയും ചെയ്യുന്നു.

ഒരുഗ്രാം അന്നജം 4.1 കലോറി ഊര്‍ജം ഉത്പാദിപ്പിക്കുന്നു. ഒരാള്‍ക്ക് ഒരു ദിവസം ഏകദേശം 2000 മുതല്‍ 2500 വരെ ഊര്‍ജം ആവശ്യമാണ്. കൂടുതല്‍ അധ്വാനിക്കുന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും കൂടുതല്‍ കലോറി ആവശ്യമാണ്. പഞ്ചസാര, ധാന്യങ്ങള്‍, കിഴങ്ങുകള്‍, പഴങ്ങള്‍ എന്നിവയില്‍ അന്നജം അധികമായുണ്ട്.

മാംസ്യം

ശരീരഭാഗങ്ങളുടെ നിര്‍മിതിക്ക് മാംസ്യം അത്യന്താപേക്ഷിതമാണ്. ശരീരകോശങ്ങള്‍ (സെല്ലുകള്‍) മാംസ്യവും വെള്ളവുമടങ്ങിയ ‘പ്രോട്ടോപ്ലാസം’ കൊണ്ടാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. പുതിയ കോശങ്ങളുടെ നിര്‍മിതിക്കുപുറമെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വഴി കോശങ്ങള്‍ക്ക് സംഭവിക്കുന്ന തേയ്മാനം പരിഹരിക്കലും മാംസ്യങ്ങളുടെ ധര്‍മമാണ്. മുട്ട, മാംസം, മത്സ്യം, നിലക്കടല, ബദാം, പരിപ്പ്, പയര്‍ എന്നിവയില്‍ കൂടുതല്‍ മാംസ്യമുണ്ട്.

കൊഴുപ്പുകള്‍

ശാരീരികാവശ്യത്തിന് ഉപയുക്തമായ ഇന്ധനം കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നത് കൊഴുപ്പിനാണ്. ഒരു ഗ്രാം കാര്‍ബോഹൈഡ്രേറ്റും ഒരു ഗ്രാം മാംസ്യവും 4.1 കലോറി വീതം ഊര്‍ജം പ്രദാനം ചെയ്യുമ്പോള്‍ ഒരു ഗ്രാം കൊഴുപ്പ് 9.4 കലോറി ഊര്‍ജം പ്രദാനം ചെയ്യുന്നു. മാംസം, മത്സ്യം, സസ്യ എണ്ണകള്‍ എന്നിവയില്‍ കൂടുതല്‍ കൊഴുപ്പ് അടങ്ങിയിരിക്കുന്നു.

ലവണങ്ങള്‍

ശാരീരികാവയവങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ലവണങ്ങള്‍ അന്ത്യന്താപേക്ഷിതമാണ്. ശരീരത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും സന്തുലനത്തിലും ലവണങ്ങള്‍ക്ക് പങ്കുണ്ട്.

വിറ്റാമിനുകള്‍

ശരീരത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും വളരെയേറെ ആവശ്യമാണ് വിറ്റാമിനുകള്‍. പ്രധാന വിറ്റാമിനുകള്‍ എ,ബി,സി,ഡി,ഇ,കെ എന്നിവയാണ്. എ,ഡി,ഇ,കെ വിറ്റാമിനുകള്‍ കൊഴുപ്പുലായകമെന്നും മറ്റുള്ളവ ജലലായകമെന്നും അറിയപ്പെടുന്നു.

വെള്ളം

ശരീരത്തിന്റെ അധികഭാഗവും വെള്ളമാണ്. രക്തത്തിന്റെ പത്തില്‍ ഒന്‍പത് ഭാഗവും മാംസത്തിന്റെ നാലില്‍ മൂന്ന് ഭാഗവും വെള്ളമാണ്. അകത്തേക്ക് കഴിക്കുന്ന വെള്ളത്തിന് പുറമെ, ശരീരത്തിലെ ഉപാപചയ പ്രക്രിയ വഴിയും ശരീരത്തിന് ജലാംശം ലഭ്യമാകുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കാവശ്യമായ പദാര്‍ഥങ്ങള്‍ എത്തിക്കാനും ശരീരത്തില്‍ നിന്ന് ഒഴിവാക്കേണ്ട വസ്തുക്കള്‍ ഒഴിവാക്കാനും ജലമെന്ന മാധ്യമം ആവശ്യമാണ്.

ആഹാരത്തിലെ അവശ്യഘടകങ്ങള്‍ കൃത്യമായ അളവിലും അനുപാതത്തിലും ശരീരത്തിന് ആവശ്യമാണ്. വ്രതം മൂലം അവശ്യഘടകങ്ങളുടെ നിശ്ചിത തോതും അളവും നിയന്ത്രിക്കപ്പെടുന്നു. ക്രമപരമായ വിശ്രമവും ക്ലിപ്തപ്പെടുത്തിയ ഭക്ഷണരീതിയും അവശ്യഘടകങ്ങളുടെ ആധിക്യത്തെയും അമിതപോഷണത്തെയും തടയുന്നു. അവശ്യഘടകങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങളോട് ബന്ധപ്പെട്ട വിവിധ അവയവങ്ങള്‍ക്കും കോശകലകള്‍ക്കും (ടിഷ്യു) വേണ്ടത്ര വിശ്രമവും പ്രവര്‍ത്തന ലഘൂകരണവും സാധ്യമാകുന്നു.

നിരാഹാരത്തിന്റെ ഘട്ടങ്ങള്‍

നിരാഹാരം(starvation) കൊണ്ട് വിവക്ഷിക്കപ്പെടുന്നത് ഖരരൂപത്തിലോ ദ്രവരൂപത്തിലോ ഉള്ള ആഹാരപദാര്‍ഥങ്ങള്‍ ശരീരത്തിന് ലഭ്യമാകാത്ത അവസ്ഥയാണ്. ഇത് പെടുന്നനെയോ(acute form) ക്രമേണയോ (chronic form) ആകാം. പൊടുന്നനെയുള്ള നിരാഹാരം ഗുരുതരവും അപകടകരവുമായ അവസ്ഥയിലേക്ക് നയിക്കുന്നു. ക്രമേണയുണ്ടാകുന്ന നിരാഹാരം ക്ഷണികമായി ഗുരുതരമല്ലെങ്കിലും ദൂരവ്യാപകമായ പ്രതിഫലനങ്ങളാണ് ശരീരത്തിലുണ്ടാക്കുന്നത്.

നിരാഹാരത്തിന്റെ പ്രധാന ഘട്ടം ആദ്യത്തെ 36 മണിക്കൂറുകളാണ്. വിശപ്പ്, ദാഹം, ക്ഷീണം എന്നിവയാണ് ഈ ഘട്ടത്തിലെ പ്രധാന ലക്ഷണങ്ങള്‍. ശരാശരി ആരോഗ്യനിലവാരത്തിലും താഴ്ന്ന ഒരാള്‍ക്കുപോലും ഈ ഘട്ടം തരണം ചെയ്യാന്‍ സാധിക്കും. 48 മണിക്കൂറിനും 72 മണിക്കൂറിനുമിടയില്‍ ആരോഗ്യസ്ഥിതി മോശമാകാന്‍ തുടങ്ങുന്നു. വിശപ്പിന്റെ വേദന എന്നതാണ് പ്രധാന ലക്ഷണം. വയറിന്റെ മേല്‍ഭാഗത്ത് കഠിനമായ വേദനയനുഭവപ്പെടുകയും അതില്‍ നിന്ന് മുക്തിനേടാനായി വയറിന് മേല്‍ അമര്‍ത്തുകയും സ്വയം ചുരുളുന്ന അവസ്ഥ (curling) ഉണ്ടാവുകയും ചെയ്യുന്നു. ബലക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാനാവാതിരിക്കുക എന്നിവയും അനുഭവപ്പെടും.

നിരാഹാരം തുടരുമ്പോള്‍, മൂന്നാം ദിവസത്തോടെ സ്ഥിതി കൂടുതല്‍ വഷളാവുന്നു. മൂത്രത്തിന്റെ അളവ് കുറയുന്നു. എണ്ണം(frequency) കൂടുന്നു. മലവിസര്‍ജനത്തിന് തടസ്സം നേരിടുന്നു. ശരീരത്തിലെ പഞ്ചസാര (ഗ്ലൂക്കോസ്)യുടെ അളവ് കുറയുന്നു. രക്ത സമ്മര്‍ദം, നാഡിമിടിപ്പ്, കൊളസ്‌ട്രോള്‍ അളവ് എന്നിവ ക്രമാതീതമായി കുറയുന്നു.

നിരാഹാരത്തിന്റെ ആറാം ദിവസം ശരീരമാകമാനം ശോഷിക്കുകയും ത്വക്കിന്നടിയിലെ കൊഴുപ്പ്‌ശേഖരം കുറയുകയും ചെയ്യുന്നു. കണ്ണുകള്‍ കുഴിയുകയും പ്യൂപ്പിള്‍ വികസിക്കുകയും ചെയ്യുന്നു. കവിള്‍ ഒട്ടുകയും താടിയെല്ലുകള്‍ മുഴച്ചുനില്‍ക്കുകയും ചെയ്യുന്നു. ശരീരത്തിലെ എല്ലുകളും സന്ധികളും കൂടുതല്‍ മുഴച്ചുനില്‍ക്കുന്നു. ശബ്ദം ഇടറുകയും പതര്‍ച്ച അനുഭവപ്പെടുകയും ചെയ്യുന്നു. ഉമിനീര്‍ കുറയുകയും കൊഴുക്കുകയും ചെയ്യുന്നു. ചുണ്ട് വരളുകയും വിണ്ടുകീറുകയും ചെയ്യുന്നു. നാവ് പ്രത്യേകതരം ആവരണത്തിന് വിധേയമാകുന്നു.

നിരാഹാരം മൂലം മരണമുണ്ടാകുന്നത് രക്തസംവഹന വ്യവസ്ഥയിലെ തകരാറുകൊണ്ടാണ്(cardio vascular failure). ഏറ്റവും അപകടകരമായ ഘട്ടം ഏഴു മുതല്‍ പത്തുവരെയുള്ള ദിവസങ്ങളിലാണ്. ആഹാരമില്ലാതെ പരമാവധി ജീവിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത് രണ്ടു മാസത്തോളമാണ്.

ഇസ്‌ലാമിലെ വ്രതരീതി മറ്റ് നിരാഹാര-ഉപവാസ രീതികളില്‍ നിന്നും വ്യത്യസ്തമാകുന്നത് അതിന്റെ ക്ലിപ്തപ്പെടുത്തിയ സമയനിഷ്ഠയും മാനസികമായ ഉന്നത നിലവാരവുമാണ്. പ്രഭാതം മുതല്‍ പ്രദോഷം വരെ ശരാശരി പന്ത്രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വ്രതം നിമിത്തം നിരാഹാരത്തിന്റെ (starvation)പൊടുന്നനെയുള്ള അവസ്ഥയോ, നിശ്ചിത ദിവസങ്ങളില്‍ പരിമിതപ്പെടുത്തുന്നതിനാല്‍ നിരാഹാരത്തിന്റെ ക്രമേണയുള്ള അവസ്ഥയോ രൂപപ്പെടുന്നില്ലെന്നു മാത്രമല്ല, ചിട്ടപ്പെടുത്തിയ വ്രതരീതി മറ്റു ഭൗതികവും മാനസികവുമായ നേട്ടങ്ങള്‍ സാധിച്ചെടുക്കുകയും ചെയ്യുന്നു.

നിരാഹാരത്തിന്റെ പ്രാഥമിക ഘട്ടത്തിന്റെ (36 മണിക്കൂര്‍) മൂന്നിലൊന്നോളം മാത്രമേ ഇസ്‌ലാമിലെ വ്രതത്തിന്റെ സമയം എത്തുന്നുള്ളൂ എന്നതിനാല്‍ നിരാഹാരത്തിന്റെ പ്രത്യക്ഷ ഫലത്തില്‍ നിന്നും പരോക്ഷ ഫലത്തില്‍ (indirect effect) നിന്നും ശരീരം മുക്തമാകുന്നു. സാധാരണയില്‍ താഴ്ന്ന ആരോഗ്യസ്ഥിതിയുള്ള ഒരാള്‍ക്കുപോലും പ്രഥമഘട്ടത്തിലെ നേരിയ വിശപ്പും ദാഹവും തരണം ചെയ്യാനാകുമെന്നത് സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്. ഫലത്തില്‍ ഉപവാസത്തിന്റെ ആദ്യഘട്ടത്തിലെ മുഴുവന്‍ ഗുണവും ഇസ് ലാമിലെ വ്രതരീതി കൊണ്ട് കരഗതമാകുന്നു. എന്നാല്‍ നിരാഹാരത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ നോമ്പുമൂലം ഉണ്ടാകുന്നില്ല എന്നതാണ് സത്യം.

ദഹനത്തിന്റെ പ്രക്രിയകള്‍

മനുഷ്യന്‍ ഭക്ഷിക്കുന്ന ആഹാരപദാര്‍ഥങ്ങളില്‍ നിന്നു പോഷകങ്ങള്‍ വേര്‍തിരിച്ച് രക്തത്തിനും കോശത്തിനും വലിച്ചെടുക്കാവുന്ന രീതിയില്‍ പാകപ്പെടുത്തിയെടുക്കുന്ന പ്രക്രിയയാണ് ദഹനത്തിലൂടെ സാധിച്ചെടുക്കുന്നത്. വായ തൊട്ട് ഗുദം വരെയായി ഏതാണ്ട് മുപ്പതടി നീളമുള്ള അന്നപഥത്തില്‍ വെച്ചാണ് ഈ പ്രക്രിയ പൂര്‍ത്തിയാകുന്നത്.

വായയില്‍ വെച്ചുതന്നെ ദഹനം തുടങ്ങുന്നു. ചവയ്ക്കുമ്പോള്‍ ഭക്ഷണപദാര്‍ഥം വളരെ ചെറുതായി മാറുന്നു. മൂന്ന് ജോഡി ഉമനീര്‍ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന ഉമിനീര്‍ ഭക്ഷണത്തെ നനച്ച് മൃദുവാക്കുക മാത്രമല്ല, ഉമിനീരിലെ ട്യാലിന്‍ എന്ന ദഹന എന്‍സൈം ഭക്ഷണത്തിലെ അന്നജനങ്ങളെ പഞ്ചസാരയാക്കി മാറ്റുകയും ചെയ്യുന്നു. ഉമിനീരിലെ മ്യൂസിന്‍(mucin) എന്ന പദാര്‍ഥമാണ് അയവുള്ള രൂപമാക്കി മാറ്റുന്നത്. വിഴുങ്ങുമ്പോള്‍ തൊണ്ടയില്‍ നിന്ന് ശ്വാസകോശത്തിലേക്കുള്ള വഴി താനെ അടയുകയും ഉദരത്തിലേക്കുള്ള വഴി തുറക്കുകയും ചെയ്യുന്നു.

വായില്‍ നിന്ന് തൊണ്ടയിലെത്തിയ ഉടനെ തൊണ്ടയിലെ കുഴല്‍ അമര്‍ത്തിയടയ്ക്കുമ്പോഴാണ് ഭക്ഷണ ഉരുള താഴേക്കിറങ്ങുന്നത്. അതുപോലെ ഭക്ഷണത്തിലുടനീളം കുഴല്‍ അമര്‍ന്നമര്‍ന്ന് ഉരുളയെ തള്ളിക്കൊണ്ടു പോകുന്നു. ഇത്തരം പേശീചലനങ്ങളെ പെരിസ്റ്റാള്‍സിസ് എന്നു പറയുന്നു. ഉപവാസ-വ്രത സമയങ്ങളില്‍ ഈ ചലനം മന്ദഗതിയിലാകുന്നത് മൂലം വിഷാംശങ്ങളടങ്ങിയ മാലിന്യങ്ങള്‍ പുറംതള്ളാന്‍ കരളിന് ആയാസം ലഭിക്കുന്നു.

ഉദരത്തിലെ പേശീചലനങ്ങള്‍ മൂലം തന്നെ ഭക്ഷണം ഉരുള മര്‍ദിക്കപ്പെടുന്നു. മിനുട്ടില്‍ മൂന്നു തവണ ഇങ്ങനെ ശക്തിയായി അമര്‍ത്തപ്പെടുന്ന ഭക്ഷണം ആകെ കുഴഞ്ഞ് കലര്‍ന്ന് ദഹനരസങ്ങളുമായി ലയിച്ചുചേരുന്നു. ഉദരത്തില്‍ മാത്രം ഏകദേശം മൂന്നുകോടി ദഹനരസഗ്രന്ഥികളുണ്ട്. പെപ്‌സിനും ഹൈഡ്രോക്ലോറിക് ആസിഡും ചേര്‍ന്നാണ് മാംസ്യം വിഘടിപ്പിക്കുന്നത്.

കൊഴുപ്പുകളില്‍ ചിലത് മാത്രമേ ഉദരത്തില്‍ വെച്ച് വിഘടിപ്പിക്കപ്പെടുന്നുളളൂ. കുടലില്‍വച്ചാണ് കൊഴുപ്പുദഹനം നടക്കുന്നത്. ഉദരത്തിലെ ദഹനപ്രക്രിയ തീരുന്നതോടെ ആഹാരം കൊഴുത്ത ഒരു തരം ദ്രാവകമായി മാറുന്നു. കുടലിലെ ‘ഡ്യൂവോഡിന’ ത്തില്‍ വെച്ച് പാന്‍ക്രിയാസ് ഗ്രന്ഥികളിലെ രസങ്ങളുമായി ഇത് ചേരുന്നു. അവയിലെ എന്‍സൈമുകള്‍ ദഹിക്കാന്‍ ബാക്കിയുള്ള അന്നജത്തെയും മാംസ്യത്തെയും ദഹിക്കാനുള്ള കൊഴുപ്പിനെയും ദഹിപ്പിക്കുന്നു. പിത്താശയഗ്രന്ഥി (gail bladder)യില്‍ നിന്നുമുള്ള സ്രവങ്ങള്‍ കൊഴുപ്പിന്റെ വിഘടനത്തിന് ആക്കം കൂട്ടുന്നു. ഭക്ഷ്യാവശിഷ്ടത്തിലെ ജലം വലിച്ചെടുക്കുന്നത് വന്‍കുടലില്‍ വെച്ചാണ്.

ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ ഉദരത്തിലെ ദഹനപ്രക്രിയ തിരക്കുപിടിച്ച് നടക്കും. മൂന്നു മണിക്കൂറിനകം അത് പൂര്‍ത്തിയാകുന്നു. അമിതാഹാരം മൂലം എട്ടു മണിക്കൂര്‍ വരെ ഉദരത്തില്‍ ഭക്ഷണം കെട്ടിക്കിടക്കാറുണ്ട്. ഇത് പിന്നീട് അജീര്‍ണമായി രൂപപ്പെട്ട് ശാരീരിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. വ്രതം വഴി ഈ കെട്ടിക്കിടപ്പു വസ്തുക്കളെയും അജീര്‍ണത്തെയും സൂക്ഷിപ്പുമുതലിനെയും ശരിയായി ഉപയോഗപ്പെടുത്താനാകുന്നു.

വിശപ്പിന്റെ നിയന്ത്രണം

മനുഷ്യശരീരത്തിലെ ഭക്ഷ്യധാതുക്കളുടെ അളവും വിശപ്പിന്റെ നിയന്ത്രണവും പ്രധാനമായും നിര്‍വഹിക്കുന്നത് കേന്ദ്ര നാഡീവ്യൂഹത്തിലെ ഹൈപ്പോതലാമസ് എന്ന തലച്ചോറിന്റെ ഭാഗമാണ്. ആഹരിക്കലും ആഹരിക്കാതിരിക്കലും നിയന്ത്രിക്കുന്നത് ഹൈപ്പോതലാമസിലെ രണ്ട് കേന്ദ്രങ്ങളാണ്. പാര്‍ശ്വത്തിലായി സ്ഥിതി ചെയ്യുന്ന ‘ഭക്ഷ്യകേന്ദ്രം’, മധ്യത്തിലായി സ്ഥിതി ചെയ്യുന്ന തൃപ്തി കേന്ദ്രം എന്നിവയാണ് ആ കേന്ദ്രങ്ങള്‍.

ഭക്ഷ്യകേന്ദ്രത്തിന്റെ ഉദ്ദീപനം നിയന്ത്രണമില്ലാത്ത ആഹരിക്കലും, ആ കേന്ദ്രത്തിന്റെ നശീകരണം അനിയന്ത്രിതമായ വിശപ്പും പ്രദാനം ചെയ്യുമെന്നും, തൃപ്തികേന്ദ്രത്തിന്റെ ഉദ്ദീപനം ആഹരിക്കലിന്റെ സ്തംഭനവും ആ കേന്ദ്രത്തിന്റെ നശീകരണം അനിയന്ത്രിതമായ ഭോജനവും അതുവഴി ഹൈപ്പോതലാമസിന്റെ പൊണ്ണത്തടി എന്ന മാരകരോഗവും ഉണ്ടാക്കുന്നുവെന്നും പരീക്ഷണ മൃഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. (ref. The hypothalamus: Haymaker, W, Anderson E, Nauta WJH)

ഭക്ഷ്യ കേന്ദ്രത്തിന്റെയും തൃപ്തികേന്ദ്രത്തിന്റെയും നിയന്ത്രണം പ്രധാനമായും നിര്‍ണിയിക്കുന്നത് ശരീരകോശങ്ങളിലെ പഞ്ചസാര(ഗ്ലൂക്കോസ്)യുടെ അളവിലെ വ്യതിയാനങ്ങളാണ്. ശരീരത്തിലെ പഞ്ചസാരയുടെ ആഗിരണ വിഗിരണ തോതിലുള്ള തുലനാവസ്ഥ പ്രസ്തുത കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത് മൂലം അത്തരം കോശങ്ങള്‍ ഗ്ലൂക്കോസ്റ്റാറ്റ് കേന്ദ്രങ്ങളെന്ന് വിളിക്കപ്പെടുന്നു.

മനുഷ്യശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് 70-110 mg/dl ആണ്. ഗ്ലൂക്കോസിന്റെ കോശ അളവ് കുറയുമ്പോള്‍ ഗ്ലൂക്കോസ്റ്റാറ്റ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നു. അപ്പോള്‍ ഭക്ഷ്യ കേന്ദ്രത്തിന്റെ ധര്‍മം തകിടംമറിയുകയും കലശമായ വിശപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു. ശരീരത്തിലെ ഗ്ലൂക്കോസ് അളവ് കൂടുമ്പോള്‍ ഗ്ലൂക്കോസ്റ്റാറ്റുകളുടെ പ്രവര്‍ത്തനം വര്‍ധിക്കുകയും ഭക്ഷ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം മിതപ്പെടുകയും വ്യക്തിക്ക് ആഹാരം ‘മതിയായതായി’ അനുഭവപ്പെടുകയും ചെയ്യുന്നു.

ശരീരത്തിലെ ഗ്ലൂക്കോസിന്റെ തോത് നിശ്ചിത അനുപാതത്തില്‍ കുറയുമ്പോള്‍ വിവിധ ഗ്രന്ഥികളിലേക്ക് കേന്ദ്ര നാഡീവ്യൂഹത്തില്‍ നിന്നു ‘സന്ദേശ’ ങ്ങള്‍ പ്രവഹിക്കാന്‍ തുടങ്ങുന്നു. കോശങ്ങളിലെ ഊര്‍ജക്കലവറകളില്‍ സംഭരിച്ചുവെച്ചിട്ടുള്ള ഗ്ലൈക്കോജനും കൊഴുപ്പു പദാര്‍ഥങ്ങളും ഗ്ലൂക്കോസാക്കി തിരിച്ചുകൊണ്ടുവരുന്ന പ്രക്രിയ പുനരാരംഭിക്കുന്നു. പ്രധാന അന്തസ്രാവഗ്രന്ഥികളായ പിറ്റിയൂറ്ററി, തൈറോയിഡ് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സ്രവങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നു. അതുവഴി ശരീരകോശങ്ങളിലെ ഗ്ലൂക്കോസ് നില സ്ഥിരമായി നിലനില്ക്കുകയും ചെയ്യുന്നു.

ശരീരകോശങ്ങളിലെ ഊര്‍ജക്കലവറ പ്രധാനമായും ഉദരഭാഗത്തും മുതുകിലും പൃഷ്ഠഭാഗത്തുമാണ് കേന്ദ്രീകരിക്കപ്പെട്ടിട്ടുളളത്. ഗ്ലൈക്കോജന്റെയും വിവിധതരം കൊഴുപ്പുകളുടെയും രൂപത്തിലുള്ള സംഭരണികളായാണ് ഊര്‍ജക്കലവറകള്‍ രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്.

ദഹനവ്യവസ്ഥ: നിയന്ത്രണവും ഏകോപനവും

ദഹനേന്ദ്രിയ വ്യവസ്ഥയുടെ ക്രമീകൃതമായ പ്രവര്‍ത്തനം പ്രധാനമായും നിയന്ത്രിക്കുന്നത് അന്നപഥമടക്കമുള്ള ആന്തരികാവയവങ്ങളുടെ നാഡീശൃംഖലകളുടെ വിന്യാസവും ദഹനരസങ്ങളുടെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു. മാംസബന്ധിതമായ ശൃംഖലയടങ്ങുന്ന Auerbach’s plexus ഉം ഉപരിശ്ലേഷ്മ (submucous) ശൃംഖലയടങ്ങുന്ന (Meissner’s plexus)മാണ് ദഹനേന്ദ്രിയ വ്യൂഹത്തിലെ പ്രധാന നാഡീശൃംഖലാ വിന്യാസങ്ങള്‍. ഇവയുടെ ഉദ്ദീപനം (stimulation)വിവിധ ദഹനഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കാന്‍ കാരണമായിത്തീരുന്നു.

ദഹനവ്യവസ്ഥയിലെ പ്രധാന ഹോര്‍മോണുകള്‍ രണ്ട് കുടുംബങ്ങളില്‍ പെടുന്നു. ഗാസ്ട്രിന്‍ കുടുംബം, സെക്രിറ്റിന്‍ കുടുംബം എന്നിവയാണവ ഗാസ്ട്രിന്‍ കുടുംബത്തിലെ പ്രധാന അംഗങ്ങള്‍ ഗാസ്ട്രിനും കോലിസിസ്‌റ്റോകൈനിനുമാണ്. സെക്രിറ്റില്‍ കുടുംബത്തിലെ പ്രധാന അംഗങ്ങള്‍ സെക്രിറ്റിന്‍, ഗ്ലൂക്കഗോണ്‍,ഗ്ലിസെന്റിന്‍, വാസോ ആക്ടീവ് ഇന്റസ്‌റ്റൈനല്‍ പെപ്‌റ്റെഡ് (vip), ഗാസ്റ്റട്രിക് ഇന്‍ഹിബിറ്ററി പെപ്റ്റഡ് എന്നിവയുമാണ്.

വിവിധ ഹോര്‍മോണുകളും എന്‍സൈമുകളുമാണ് ദഹനപ്രക്രിയ രൂപപ്പെടുത്തുന്നതെങ്കിലും കേന്ദ്ര നാഡീവ്യൂഹത്തിന്റെ നിയന്ത്രണം ഇതിനും ബാധകമാണ്. വിവിധതരം ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുന്നതും അന്തഃസ്രാവ ഗ്രന്ഥികളുടെ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുന്നതും കേന്ദ്ര നാഡീവ്യവസ്ഥയാകയാല്‍ തന്നെ വ്രതംമൂലം വളര്‍ത്തിയെടുക്കുന്ന ആത്മനിയന്ത്രണത്തിനും മനഃസ്ഥൈര്യത്തിനും മാനസിക സന്തുലിതാവസ്ഥയ്ക്കും ദഹനവ്യവസ്ഥയുടെ ഏകോപനത്തില്‍ പ്രധാന പങ്കുണ്ടെന്ന് വ്യക്തമാക്കുന്നു.

വ്രതവും സ്ത്രീകളും

നിശ്ചിത സമയങ്ങളില്‍ വ്രതമനുഷ്ഠിക്കുന്നത് സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷി വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. വ്രതത്തിന്റെ സമയങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചില നാഡീസംവഹനികള്‍ സ്‌ത്രൈണ ലൈംഗികാവയവങ്ങളെ ഉദ്ദീപിപ്പിക്കുന്നുവെന്നും അതുവഴി പ്രത്യുത്പാദനശേഷിയും അതോടൊപ്പം തന്നെ സ്ത്രീകളുടെ ഗര്‍ഭപാത്രത്തിന്റെ ഗര്‍ഭസ്ഥശിശുവിനെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും വര്‍ധിക്കുന്നതായി ഒരു സംഘം അമേരിക്കന്‍ ആരോശ്യ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു ! (Medicine today: British broadcasting corporation (BBC) channel)

വ്രതം മൂലം സ്ത്രീകളിലെ കൊഴുപ്പിന്റെ അംശം കുറയുകയും പൊണ്ണത്തടി ചുരുങ്ങുകയും ചെയ്യുന്നത് വളരെയധികം രോഗങ്ങളില്‍ നിന്ന് ശരീരത്തെ രക്ഷിക്കാനുതകും. രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഐച്ഛിക നോമ്പുകളെടുക്കുന്നവരില്‍ താരതമ്യേന കുറവാണ്.

വ്രതത്തിന്റെ ശരീരശാസ്ത്രം

മനുഷ്യന്‍ ആഹരിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളെ ദഹിപ്പിക്കുക എന്നത് ശരീരത്തില്‍ നിരന്തരമായി നടക്കുന്ന ഒരു പ്രക്രിയയാണ്. ധാന്യങ്ങളിലും പഴവര്‍ഗങ്ങളിലുമടങ്ങിയ കാര്‍ബോഹൈഡ്രേറ്റ്, വിവിധതരം പ്രോട്ടീന്‍ (മാംസ്യം), എണ്ണയിലും കൊഴുപ്പിലുമടങ്ങിയ ഫാറ്റ് എന്നീ വ്യത്യസ്ത രൂപത്തിലും സ്വഭാവത്തിലും ഘടനയിലുമുള്ള ഭക്ഷ്യപദാര്‍ഥങ്ങളെ ദഹിപ്പിച്ച് ഗ്ലൂക്കോസ്, ഫ്രക്‌ടോസ് തുടങ്ങിയ പഞ്ചസാരകളും, അമിനോ ആസിഡുകള്‍, ഗ്ലിസറോള്‍ തുടങ്ങിയവയുമായി രൂപാന്തരപ്പെടുന്നു. ശരീരത്തിനാവശ്യമായ ഊര്‍ജം ഉപയോഗിച്ച് ബാക്കി വരുന്നവയെ ഗ്ലൈക്കോജന്‍, കൊഴുപ്പ്, പ്രോട്ടീനുകള്‍ തുടങ്ങിയ രൂപങ്ങളില്‍ ശരീരത്തില്‍ നിക്ഷേപിക്കുകയും ശേഖരിക്കുകയും ചെയ്യുന്നു. ഒരു പരിധിവരെ ഈ ശേഖരം പഞ്ഞകാലങ്ങളില്‍ ഉപയോഗപ്പെടുത്താമെങ്കില്‍ ആവശ്യത്തിലധികം സൂക്ഷിപ്പുമുതല്‍ വര്‍ധിക്കുമ്പോള്‍ അത് വിവിധ ജൈവപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. metabolic waste എന്ന ജൈവമാലിന്യങ്ങള്‍ ഉപയോഗിക്കപ്പെടാതെ ശരീരത്തില്‍ കെട്ടിക്കിടക്കുകയും തല്‍ഫലമായി രോഗപ്രതിരോധത്തിന് ആവശ്യമായ ആന്റിബോഡിയും എന്‍സൈമുകളും ഉത്പാദിപ്പിക്കുന്നതിനുള്ള ശേഷിയും കഴിവും തീരെ കുറയുകയും ചെയ്യുന്നു.

ഭക്ഷണം ശാരീരികാവശ്യങ്ങള്‍ക്ക് ഊര്‍ജം പ്രദാനം ചെയ്യുന്നത് പോലെത്തന്നെ അത് ദഹിപ്പിക്കാനും അധികമുള്ളവ സംഭരിക്കാനും ശരീരത്തിന് ഊര്‍ജം വ്യയംചെയ്യേണ്ടതുണ്ട്. ആവശ്യത്തിലധികം ഭക്ഷണപദാര്‍ഥങ്ങള്‍ ശരീരത്തിലെത്തുമ്പോള്‍ ദഹന എന്‍സൈമുകളുടെ പ്രവര്‍ത്തനക്ഷമത കുറയുകയും തല്‍ഫലമായി രൂപംകൊള്ളുന്ന അജീര്‍ണം പ്രതിരോധശേഷി കുറയ്ക്കുകയും വിവിധ രോഗാണുക്കളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

വ്രതത്തിന്റെ ഘട്ടത്തില്‍ ദഹനരസോത്പാദനവും ദഹനാവയവങ്ങളുടെ പേശീചലനവും വളരെ മന്ദഗതിയിലാകുന്നു. തല്‍ഫലമായി കരളില്‍ ശേഖരിച്ചുവെച്ചിരുന്ന മാലിന്യങ്ങളും വിഷാംശങ്ങളും വിവിധ metabolite കളായി പിത്തരസത്തോടൊപ്പം ചെറുകുടലിന്റെ ഭാഗമായ ഡുവോഡിനത്തിലൂടെ പുറന്തള്ളപ്പെടുന്നു. കൂടുതല്‍ കൊഴുപ്പ് ഭക്ഷിച്ചിരുന്ന വ്യക്തിയാണെങ്കില്‍ പിത്തരസത്തിന്റെ ഉത്പാദനവും കൂടും. പേശീചലനത്തിന്റെ കുറവുമൂലം ചെറിയതോതില്‍ സ്തംഭനമോ മലബന്ധമോ ഉണ്ടാകാനിടയുണ്ട്.

ശരീരത്തിലെ വിസര്‍ജന-ശുദ്ധീകരണ-അവയവങ്ങളിലെല്ലാം വ്രതത്തോടനുബന്ധിച്ച് വ്യതിയാനങ്ങള്‍ കാണാവുന്നതാണ്. ഉമിനീര്‍രസത്തിന് സാന്ദ്രത കൂടുകയും അളവ് കുറയുകയും കയ്പ് രുചിയും ദുസ്വാദും അനുഭവപ്പെടുകയും ചെയ്യുന്നു. സാധാരണയില്‍ നിന്നും ഭിന്നമായ സ്രവങ്ങള്‍ ഉദരത്തിലും വയറ്റിലുമെത്തുന്നതിന്റെ ഫലമായി അവയ്ക്ക് പുളിപ്പ് പ്രക്രിയ നടക്കുകയും തല്‍ഫലമായി രൂപംകൊള്ളുന്ന വാതകത്തെ പുറംതള്ളുന്നത് മൂലം ഡയഫ്രം മേലോട്ടുയരുകയും നേരിയ നെഞ്ചിടിപ്പും നാഡിമിടിപ്പു വര്‍ധനയുമുണ്ടാകുന്നു. വൃക്കയിലെ സൂക്ഷ്മനാളികളില്‍ എത്തിക്കൊണ്ടിരുന്ന പദാര്‍ഥങ്ങളുടെ സാന്ദ്രതയില്‍ വ്യതിയാനം സംഭവിക്കുന്നതിന്റെ ഫലമായി വരുന്ന അവസ്ഥാന്തരം (phase shift) മൂലം നേരിയ മൂത്രതടസ്സം അനുഭവപ്പെടാവുന്നതാണ്. വിയര്‍പ്പിന്റേതുപോലെ മൂത്രത്തിനും ദുര്‍ഗന്ധം വരാന്‍ സാധ്യതയുണ്ട്.

വ്രതത്തിന്റെ തുടക്കത്തിലെ രണ്ടുമൂന്നു ദിവസങ്ങളില്‍ മാത്രമേ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയുള്ളൂ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശാരീരികാരോഗ്യം മെച്ചപ്പെടാന്‍ തുടങ്ങുന്നു. ശരീരത്തിലെ ദുര്‍മേദസ്സ് (ഗ്ലൈക്കോജന്‍, മാംസ്യം, കൊഴുപ്പ് തുടങ്ങിയവ) ഉപയോഗിച്ചു തീര്‍ന്നാല്‍ പിന്നീട് ശരീരം ഉപയോഗശൂന്യമായ കോശങ്ങളുടെ മേല്‍ കൈവെക്കുന്നു. ഇത് ഏകദേശം പത്ത് ദിവസത്തിനുള്ളിലായിരിക്കും. തുടര്‍ന്നും ഉപവസിച്ചാല്‍ ശരീരം ഗുരുതരമായി പ്രതികരിക്കും. ദീര്‍ഘകാലം ജലപാനം പോലുമില്ലാതെ തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുന്നതിനെ ആത്മപീഡയായി മാത്രമേ കാണാനാകൂ. അതിനാലാണ് ഇസ് ലാമിലെ വ്രതരീതി പ്രഭാതം മുതല്‍ പ്രദോഷം വരെയെന്ന് ക്ലിപ്തപ്പെടുത്തിയിട്ടുള്ളത്. പ്രകൃതിമതം ഒരിക്കലും പ്രകൃതിവിരുദ്ധമായ ആത്മപീഡക്കും സ്വയം നാശത്തിനും വഴിവെക്കില്ലല്ലോ.

ഉപവാസവേളയില്‍ ഹൃദയമിടിപ്പ് അല്പം കുറയുന്നു. ശരീരത്തിന് പ്രാണവായു അല്പം മതിയെന്നത് ഹൃദയത്തിനുള്ള ഒരു താല്‍ക്കാലിക വിശ്രമവും ആശ്വാസവുമാണ്. അതേസമയം തന്നെ ചുവന്ന രക്താണുക്കളുടെ എണ്ണം കൂടുന്നു. കാരണം ഓക്‌സീകരണത്തിന്റെ കുറവ് ആകാം. ആര്‍ ബി സിയുടെ എണ്ണം കൂടുന്നതിനാല്‍ പ്രാണവായുവിന്റെ കുറവ് അനുഭവപ്പെടുന്നില്ല. വെളുത്ത രക്താണുക്കളുടെ എണ്ണം കുറയുന്നതുമൂലം മജ്ജയ്ക്ക് വിശ്രമം ലഭിക്കുന്നു.

മുപ്പത് ദിവസങ്ങളോളം നീണ്ടുനില്ക്കുന്ന വ്രതം മൂലം തലച്ചോറിലെ മടക്കുകളിലെ കൊഴുപ്പുശേഖരം ഉപയോഗപ്പെടുത്താനും അത് ഒഴിവാക്കാനും സാധിക്കുന്നു. അതിനാല്‍ തന്നെ തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും കൂടുതല്‍ ‘അഗാധ’ ങ്ങളിലേക്ക് സന്ദേശങ്ങള്‍ പ്രവഹിപ്പിക്കാനും സാധിക്കുന്നു. അതിനാല്‍ തന്നെയാണ് തെളിഞ്ഞ ബുദ്ധിയും വ്യക്തമായധിഷണയും ഉപവസിക്കുന്നവര്‍ക്ക് ഉണ്ടാകുന്നതെന്ന് ആരോഗ്യരംഗത്തെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

രക്തം ശുദ്ധീകരിക്കപ്പെടുന്നത് മൂലവും ദുര്‍മേദസ്സ് ഒഴിവാകുന്നത് മൂലവും അധ്വാനഭാരം കുറയുന്നത് മൂലവും ആന്തരികാവയവങ്ങള്‍ക്ക് വിശ്രമം ലഭിക്കുകയും പുതിയ ഓജസ്സും ഉണര്‍വും ശക്തിയും കൈവരികയും ചെയ്യുന്നു. കരളില്‍ ശുദ്ധീകരണവും മിനുക്കുപണികളും നടക്കുന്നു. അതുവഴി കരള്‍വീക്കം പോലുള്ള രോഗങ്ങളില്‍ നിന്ന് കരള്‍ മുക്തമാകുന്നു. മദ്യപാനവും അമിതാഹാരവുമാണ് സിറോസിസിനു (കരള്‍വീക്കം) കാരണം. മുസ്‌ലിം സമുദായത്തില്‍ സിറോസിസ് അളവ് കുറയാനുള്ള പ്രധാന കാരണം മദ്യപാനം നിഷിദ്ധമായതും വര്‍ഷത്തില്‍ ഒരു മാസം വ്രതാനുഷ്ഠാനം നടത്തുന്നതുമാണെന്ന് കണ്ടെത്താം!

വൃക്കയിലെ നെഫ്രോണുകളും ട്യൂബുകളും നല്ലപോലെ ‘കഴുകി’ ശുദ്ധിയാക്കല്‍ വ്രതം മൂലം നടക്കുന്നു. എല്ലിന്റെ മജ്ജക്ക് ആശ്വാസവും പ്രവര്‍ത്തനക്ഷമതയും വീണ്ടെടുക്കാനാകുന്നു. ഹൃദയത്തിന് വേണ്ടത്ര ‘ആശ്വാസ’വും ജോലിഭാരവും കുറയുന്നു. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കുറയുന്നതുകൊണ്ട് മാത്രമല്ല, വ്രതശുദ്ധി മൂലം തന്നെ ഹൃദയഭിത്തി, ഹൃദയധമനി എന്നിവക്ക് പുതിയ ഉണര്‍വ് ഉണ്ടാകുന്നുവെന്നും അനുമാനിക്കപ്പെടുന്നുണ്ട്. നാഡികളും തലച്ചോറും ശുദ്ധീകരിക്കുന്നത് മൂലം വ്രതകാലത്ത് മാനസികാസ്വാസ്ഥ്യങ്ങള്‍ കുറവാണ്. കാഴ്ചശക്തിയും സ്പര്‍ശശക്തിയും സ്വാദും ഘ്രാണശക്തിയും കേള്‍വിയും വര്‍ധിക്കുന്നു.

ശാരീരികവും മാനസികവുമായ ഒട്ടുവളരെ ഗുണങ്ങള്‍ പ്രദാനം ചെയ്യുകയും ഒട്ടേറെ രോഗങ്ങള്‍ തടയുകയും ചെയ്യുന്ന വ്രതം പ്രവാചകന്‍ മുഹമ്മദ് (സ) പറഞ്ഞപോലെ ഒരു പരിചതന്നെയാണ്, ആത്മീയവും ശാരീരികവുമായ പ്രതിരോധവും സുരക്ഷയും ഒരേസമയം പ്രദാനം ചെയ്യുന്ന പരിച!

ദുര്‍മേദസ്സിനെ പറഞ്ഞുവിടുന്നു

ദുര്‍മേദസ്സ് അനിയന്ത്രിതവും അമിതവും ക്രമരഹിതവുമായ ആഹാരരീതിയുടെ സന്തതിയാണ്. വിവിധതരം രക്ത-ഹൃദ്‌രോഗങ്ങള്‍, പ്രമേഹം, പിത്താശയ രോഗങ്ങള്‍ , രക്തസമ്മര്‍ദം മുതലായ ഒട്ടനവധി രോഗങ്ങള്‍ ദുര്‍മേദസ്സിന്റെ കൂടപ്പിറപ്പാണ്. ഒരു പുരുഷന്റെ തൂക്കത്തിന്റെ 20% ത്തിലധികം കൊഴുപ്പില്‍ നിന്നും സ്ത്രീയുടെ തൂക്കത്തിന്റെ 25% ത്തിലധികം കൊഴുപ്പില്‍ നിന്നുമാകുമ്പോള്‍ ദുര്‍മേദസ്സ് രൂപപ്പെടുന്നതായാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

അമിതപോഷണം മൂലം ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം, സന്ധിരോഗങ്ങള്‍, പിത്താശയരോഗങ്ങള്‍ തുടങ്ങിയ ഒട്ടനവധി രോഗങ്ങള്‍ ഉണ്ടാകുന്നുണ്ട്. വിവിധ ശസ്ത്രക്രിയകള്‍ ഗുരുതരവ്യാധികള്‍ എന്നിവയില്‍ നിന്ന് ശരീരം സുഖം പ്രാപിക്കുന്നതിന് ദുര്‍മേദസ്സ് തടസ്സം സൃഷ്ടിക്കുന്നു.

‘നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക; അമിതമാവരുത്’ (വി.ഖു) എന്ന സന്ദേശം അമിതാഹാരവും ധൂര്‍ത്തുമുയര്‍ത്തുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ മാത്രമല്ല; അവ ഉയര്‍ത്തുന്ന ആരോഗ്യപ്രതിസന്ധിയും കൂടി അനാവരണം ചെയ്യുന്നു.

‘ ആദമിന്റെ മകന്‍ (മനുഷ്യന്‍) അവന്റെ ഉദരത്തെക്കാള്‍ ചീത്തയായ ഒരു പാത്രവും നിറച്ചിട്ടില്ല. ആദമിന്റെ മകന് അവന്റെ മുതുകിനെ നേരെ നിര്‍ത്താന്‍ ഏതാനും ഉരുള ആഹാരം മാത്രം മതി. അനുപേഷ്യമാണെങ്കില്‍ ഉദരത്തിന്റെ മൂന്നിലൊരു ഭാഗം അവന്റെ ആഹാരത്തിനും മൂന്നിലൊരു ഭാഗം കുടിനീരിനും മൂന്നിലൊരുഭാഗം സുഗമമായ ശ്വാസോച്ഛ്വാസത്തിനുമായി അവന്‍ നീക്കിവെക്കട്ടെ’ (നസാഈ, തുര്‍മുദി, അഹ്മദ്). അമിതമായ ആഹാരവും ധൂര്‍ത്തും സങ്കീര്‍ണമായ രോഗങ്ങള്‍ക്ക് നിമിത്തമായി പരിണമിക്കുന്നു.

ദുര്‍മേദസ്സ് ഇന്ന് സമ്പന്നരാജ്യങ്ങളുടെ മാത്രമല്ല, മൂന്നാം രാഷ്ട്രങ്ങളിലെപ്പോലും സാമൂഹിക പ്രതിസന്ധിയായി മാറുന്നു. ശരീരഭാഗം കുറയ്ക്കാനും കൊഴുപ്പിന്റെ അംശം കുറയ്ക്കാനും ചിലര്‍ ഭീമമായ തോതില്‍ പണം ചെലവഴിക്കുന്നു.

മനുഷ്യനെ അധ്വാനശീലനും പ്രയാസങ്ങളോട് മല്ലിടേണ്ടവനുമായാണ് ദൈവം സൃഷ്ടിച്ചത്(വി.കു. 90: 4). അലസപൂര്‍ണവും ആഡംബരബന്ധിതവുമായ ഒരു ജീവിതമല്ല, മറിച്ച് ക്ലേശപൂര്‍ണവും അധ്വാനബന്ധിതവുമായ ജീവിതമാണ് ഇസ്‌ലാം വിഭാവനചെയ്യുന്നത്.

കൊല്ലത്തില്‍ ഒരു മാസക്കാലം നിര്‍ബന്ധമായും ഉപവാസമനുഷ്ഠിക്കാനാവശ്യപ്പെടുന്ന ഇസ്‌ലാം മറ്റ് ഏത് ഉപവാസ പദ്ധതികളെക്കാളും മെച്ചപ്പെട്ട ആരോഗ്യസംരക്ഷണോപാധിയാണ് കാഴ്ചവെക്കുന്നത്. ഇതിനേക്കാള്‍ ചുരുങ്ങിയ ഇടവേളയാണ് ഉപവാസത്തിന് നിശ്ചയിക്കുന്നതെങ്കില്‍ ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് ‘മെറ്റബൊളൈസ്’ ചെയ്യപ്പെട്ട് ഊര്‍ജമാക്കി മാറ്റി ശരീരത്തിന് ലാഘവം നല്കാന്‍ അത് മതിയാകുകയില്ല. കൊല്ലം മുഴുവന്‍ കൂടിയ അളവില്‍ ഭക്ഷണം കഴിക്കുന്ന (അമിതാഹാരി) ഒരാള്‍ക്കുപോലും ദുര്‍മേദസ്സ് മൂലമുണ്ടാകുന്ന രോഗങ്ങള്‍ ശമിപ്പിക്കാന്‍ ഒരു മാസത്തെ വ്രതം പര്യാപ്തമായിരിക്കും.

ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായിരിക്കുന്ന പകല്‍ സമയമാണ് ഇസ്‌ലാം വ്രതത്തിന് നിശ്ചിയിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഊര്‍ജവിനിയോഗം മന്ദഗതിയിലാകുന്ന രാത്രിയില്‍ വ്രതം പകലത്തെപ്പോലെ ഫലപ്രദമാകില്ല. പകല്‍സമയത്ത് ഉറങ്ങിയാലും ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നതിനാല്‍ നോമ്പ് നോറ്റുകൊണ്ട് പകലുറങ്ങുന്നത് നോമ്പിന്റെ ആരോഗ്യപരമായ പ്രയോജനം കുറയാന്‍ കാരണമാകും.

Related Post