IOS APP

പാപങ്ങള്‍ നമ്മെ പരാജയപ്പെടുത്തുമ്പോള്‍

നമ്മെ പരാജയപ്പെടുത്തുമ്പോള്‍

പാപങ്ങള്‍ നമ്മെ പരാജയപ്പെടു ത്തുമ്പോള്‍

‘എന്റെ ആത്മാവ് ആരുടെ പക്കലാണോ അവനാണ് സത്യം, നിങ്ങള്‍ പാപം ചെയ്യുന്നില്ലെങ്കില്‍ പാപം ചെയ്യുകയും അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുന്ന ഒരു വിഭാഗത്തെ അവന്‍ കൊണ്ടുവരും.”

മനുഷ്യരെന്ന നിലയില്‍ വീഴ്ച്ചകള്‍ സംഭവിക്കുന്നവരാണ് നാമെല്ലാം. എന്നാല്‍ തെറ്റുകള്‍ക്ക് നേരെയുള്ള ആളുകളുടെ സമീപനം വ്യത്യസ്തമാണ്. ചിലരെയെല്ലാം അവരുടെ തെറ്റുകള്‍ ദൈവിക സരണിയില്‍ നിന്നും തെറ്റിച്ചു കളയുന്നു. അതേസമയം മറ്റുചിലര്‍ പശ്ചാതപിച്ചു പാപമോചനം തേടിയും അവയെ മറികടന്ന് ഉയര്‍ന്ന സ്ഥാനത്ത് എത്തുകയും ചെയ്യുന്നു.

ചിലരെയെല്ലാം അവരുടെ പാപങ്ങളും തെറ്റുകളും ബന്ധിക്കുകയാണ് ചെയ്യുന്നത്. അവനെ അവ നിഷ്‌ക്രിയനാക്കുകയും മാനസികമായി തകര്‍ക്കുകയും അവന്റെ മേല്‍ പൂര്‍ണ ആധിപത്യം നേടുകയും ചെയ്യുന്നു. എല്ലാ സല്‍കര്‍മങ്ങളില്‍ നിന്നും അതവനെ അറുത്തുമാറ്റുന്നു. സന്മാര്‍ഗത്തിനും അവനുമിടയില്‍ അവ മതില്‍ തീര്‍ക്കുകയും ചെയ്യുന്നു.

തെറ്റ് സംഭവിച്ചതിന് ശേഷം പിശാചിന് തന്നെ വിട്ടുകൊടുക്കുന്നവരാണ് മറ്റൊരു വിഭാഗം. വീണ്ടും വീണ്ടും അവര്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു. പശ്ചാത്താപത്തിലും സംസ്‌കരണത്തിലുമുള്ള നിരാശയാണ് അതിലേക്കവനെ എത്തിക്കുന്നത്. അപ്പോള്‍ മനുഷ്യന്‍ പടിപടിയായി സന്‍മാര്‍ഗത്തില്‍ നിന്ന് അകലുകയും തിന്മയുടെ ശക്തികളിലേക്ക് പടിപടിയായി അടുക്കുകയും ചെയ്യുന്നു. അതിന്റെ കറ അല്‍പാല്‍പമായി അവന്റെ മനസ്സില്‍ അടിഞ്ഞു കൂടുകയും ചെയ്യുന്നു.

ഒരു വിശ്വാസിയെ തെറ്റിലകപ്പെടുത്താനുള്ള ഒരവസരവും പിശാച് പാഴാക്കുകയില്ല. അത് പശ്ചാത്താപത്തെ സംബന്ധിച്ച് അവനില്‍ നിരാശയുണ്ടാക്കുകയും മനസ്സിനെ ഇടുങ്ങിയതാക്കുകയും ചെയ്യും. ഘട്ടംഘട്ടമായി വിശ്വാസത്തില്‍ നിന്ന് തന്നെയത് അവനെ അകറ്റുന്നു. അപ്പോള്‍ തെറ്റുകളും കുറ്റങ്ങളും ഓരോന്നായി അവനില്‍ ജന്മമെടുക്കുന്നു. അപ്പോള്‍ സന്‍മാര്‍ഗത്തില്‍ ചരിക്കാന്‍ പറ്റിയ ആളല്ല താനെന്ന് പറഞ്ഞ് മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ അകലുന്നു. പാപത്തില്‍ അകപ്പെടുന്ന പലര്‍ക്കും അതില്‍ നിന്നും മോചനം സാധിക്കാറില്ല. നിരന്തരമുള്ള തിന്മകളിലേക്കുള്ള വാതിലാണ് അതവനില്‍ തുറക്കുന്നത്. ആരെങ്കിലും അതിനൊരു വിരാമമിട്ട് അല്ലാഹുവില്‍ അഭയം തേടിയിരുന്നെങ്കില്‍ എന്നാണ് നാം ആഗ്രഹിക്കുന്നത്.

അല്ലാഹു പറയുന്നു: ”അല്ലയോ വിശ്വാസികളേ, ചെകുത്താന്റെ കാല്‍പ്പാടുകള്‍ പിന്തുടരാതിരിക്കുവിന്‍, ചെകുത്താന്റെ കാല്‍പ്പാടുകള്‍ പിന്തുടരുന്നവനോട് അവന്‍ നീചവും നികൃഷ്ടവുമായ കാര്യങ്ങള്‍ മാത്രമായിരിക്കും കല്‍പിക്കുക. നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍, നിങ്ങളില്‍ ഒരാളും ഒരിക്കലും സംസ്‌കൃതനാവുമായിരുന്നില്ല.” (അന്നൂര്‍: 21) ഇതില്‍ പറഞ്ഞിരിക്കുന്ന പിശാചിന്റെ കാല്‍പാടുകള്‍ അവനുണ്ടാക്കുന്ന പ്രേരണകളാണെന്ന് മുഫസ്സിറുകള്‍ വിശദീകരിച്ചിട്ടുണ്ട്. ഖതാദ പറയുന്നു: എല്ലാ തെറ്റുകളും പിശാചിന്റെ കാല്‍പാടുകളാണ്.

അതിനുള്ള പരിഹാരവും അല്ലാഹു നമുക്ക് നിര്‍ദേശിച്ചു തന്നിട്ടുണ്ട്: ”നിങ്ങളുടെ നാഥങ്കല്‍നിന്നുള്ള പാപമോചനത്തിലേക്കും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും നയിക്കുന്ന മാര്‍ഗത്തില്‍ സോത്സാഹം സഞ്ചരിക്കുവിന്‍. അതാവട്ടെ, ക്ഷേമത്തിലും ക്ഷാമത്തിലും ധനം ചെലവഴിക്കുകയും കോപത്തെ സ്വയം വിഴുങ്ങുകയും ജനത്തിന്റെ കുറ്റങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്ന ഭക്തജനങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്നു. ഇവ്വിധമുള്ള സജ്ജനങ്ങളെ അല്ലാഹു അത്യധികം സ്‌നേഹിക്കുന്നുവല്ലോ. അവരോ, ഒരു നീചകൃത്യം ചെയ്യാനോ അധര്‍മത്തിലേര്‍പ്പെട്ട് തങ്ങളെത്തന്നെ അക്രമിക്കാനോ ഇടയായാല്‍ ഉടനെ അല്ലാഹുവിനെ ഓര്‍ത്ത് പാപമോചനം തേടുന്നവരാകുന്നു. എന്തെന്നാല്‍, പാപമോചനം നല്‍കുന്നവന്‍ അല്ലാഹുവല്ലാതാരുണ്ട്? അവര്‍, അറിഞ്ഞുകൊണ്ട് ദുഷ്‌ചെയ്തികളില്‍ ഉറച്ചുനില്‍ക്കുന്നതല്ല. അവര്‍ക്കുള്ള പ്രതിഫലം നാഥങ്കല്‍ നിന്നുള്ള പാപമോചനവും താഴെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുമാകുന്നു. അവരതില്‍ നിത്യവാസികളാകുന്നു. സല്‍ക്കര്‍മങ്ങളിലേര്‍പ്പെടുന്നവര്‍ക്കുള്ള പ്രതിഫലം എത്ര അനുഗൃഹീതമായിരിക്കുന്നു” (ആലുഇംറാന്‍: 133-136)

പശ്ചാത്തപിച്ചും പാപമോചനം തേടിയും തെറ്റില്‍ നിന്ന് ഉടന്‍ ഊരിപ്പോരാനുള്ള കല്‍പനയാണിതില്‍. തെറ്റുകള്‍ പൊറുത്തുകൊടുക്കുന്നവും പാപമോചനം ചെയ്യുന്നവനുമാണ് അല്ലാഹുവെന്ന് മനസ്സിലാക്കണം. തെറ്റുകളോട് ഉദാസീനത കാണിച്ച് പിശാചിന്റെ കാല്‍പാടുകള്‍ പിന്തുടരുകയല്ല വിശ്വാസി വേണ്ടത്. അതിന് പകരം ഉടന്‍ അതിന് ചികിത്സ നല്‍കുകയാണ് വേണ്ടത്.

അല്ലാഹു പറയുന്നു: ”ഒരുവന്‍ ഒരു തിന്മ പ്രവര്‍ത്തിക്കാനിടയായി, അല്ലെങ്കില്‍ തന്നോടുതന്നെ അധര്‍മം ചെയ്തുപോയി; എന്നാലും പിന്നെ, അവന്‍ അല്ലാഹുവിനോട് പാപമോചനമര്‍ഥിക്കുകയാണെങ്കില്‍ അല്ലാഹുവിനെ ഏറെ പൊറുക്കുന്നവനായും ദയാപരനായുംതന്നെ കണ്ടെത്തുന്നതാകുന്നു.” (അന്നിസാഅ്: 110)
മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ”എന്നാല്‍, നീ അവരില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കാന്‍ പോകുന്നില്ല. ജനം പാപമോചനമര്‍ഥിച്ചുകൊണ്ടിരിക്കെ അവര്‍ക്ക് ശിക്ഷ നല്‍കുക അല്ലാഹുവിന്റെ വഴക്കവുമല്ല.” (അല്‍അന്‍ഫാല്‍: 33)

പാപങ്ങളെ പരിഹരിക്കേണ്ടതെങ്ങിനെയെന്ന് പ്രവാചക വചനങ്ങളും പഠിപ്പിച്ചു തരുന്നുണ്ട്. അബൂഹുറൈറയില്‍ നിന്നും നിവേദനം: നബി(സ) പറഞ്ഞു: ‘എന്റെ ആത്മാവ് ആരുടെ പക്കലാണോ അവനാണ് സത്യം, നിങ്ങള്‍ പാപം ചെയ്യുന്നില്ലെങ്കില്‍ പാപം ചെയ്യുകയും അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുന്ന ഒരു വിഭാഗത്തെ അവന്‍ കൊണ്ടുവരും.”

അനസ് ബിന്‍ മാലികില്‍ നിന്ന് നിവേദനം: പ്രവാചകന്‍(സ) പറയുന്നതായി ഞാന്‍ കേട്ടു: ”എന്റെ ആത്മാവ് ആരുടെ പക്കലാണോ അവനാണ് സത്യം, ആകാശ ഭൂമികള്‍ക്കിടയിലുള്ളതെല്ലാം നിറയുവോളം നിങ്ങള്‍ പാപങ്ങള്‍ ചെയ്താലും നിങ്ങള്‍ അല്ലാഹുവിനോട് പാപമോചനം തേടിയാല്‍ അവന്‍ നിങ്ങള്‍ക്ക് പൊറുത്തുതരും. മുഹമ്മദിന്റെ ആത്മാവ് ആരുടെ പക്കലാണോ അവനാണ് സത്യം, നിങ്ങള്‍ തെറ്റു ചെയ്യുന്നില്ലെങ്കില്‍ തെറ്റു ചെയ്യുകയും പാപമോചനം തേടുകയും ചെയ്യുന്ന സമൂഹത്ത് അവന്‍ കൊണ്ടുവരും, അവര്‍ക്കവന്‍ പൊറുത്തു കൊടുക്കുകയും ചെയ്യും.”

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.