പാരന്റിങിന് ഇസ് ലാമിക മൂല്യങ്ങള്‍

Originally posted 2015-07-29 09:53:54.

clock-time-1940x900_36690

ഇസ് ലാമിക മൂല്യങ്ങള്‍

വിശ്വാസി ജീവിതത്തില്‍ കടുത്തവെല്ലുവിളി നേരിടുന്ന ഘട്ടമാണ് സന്താനപരിപാലനത്തിന്റേത്. പ്രസ്തുതഘട്ടത്തിനായി അധികമാരും തയ്യാറെടുപ്പ് നടത്താറില്ലെന്നതാണ് വസ്തുത. കുട്ടികള്‍ നമ്മുടെ കടുത്തപരീക്ഷണമാണെന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ പാരന്റിങ് വളരെ ഗൗരവമേറിയതാണെന്ന് ബോധ്യമാകുന്നു. അതിനാല്‍ കുട്ടികളും മാതാപിതാക്കളും പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കണം. പാരന്റിങിലെ ചില ശരികളെ മാതാപിതാക്കള്‍ക്ക് ഉപകാരപ്പെടാന്‍ വേണ്ടി ഇവിടെ കുറിക്കുകയാണ്. അതിലുപേക്ഷിക്കേണ്ട കാര്യങ്ങളെ മറ്റൊരു ലേഖനത്തില്‍ പിന്നീട് വിവരിക്കാം.

കാരുണ്യം(റഹ്മത്)

നബിതിരുമേനി (സ) പറഞ്ഞു:’തന്റെ സഹജീവികളോട് കാരുണ്യം ചൊരിയാത്തവന്‍ നമ്മില്‍ പെട്ടവനല്ല’ . മനുഷ്യര്‍തമ്മിലുള്ള പെരുമാറ്റചട്ടം നിര്‍ദേശിക്കുന്ന ഇത്തരത്തിലുള്ള ഹദീഥുകളും ഖുര്‍ആന്‍ സൂക്തങ്ങളും നാം ഏറെ കാണാറുണ്ട്. അതിനാല്‍ ഇപ്പറഞ്ഞ സഹജീവികളിലും സഹോദരങ്ങളിലും ഭാര്യാസന്താനങ്ങള്‍ കൂടി ഉള്‍പ്പെടുമെന്ന് തിരിച്ചറിയുക. കാരുണ്യത്തില്‍നിന്ന് വഴിഞ്ഞൊഴുകുന്നതാണ് ദയാവായ്പും ആദരവും സ്‌നേഹവുമൊക്കെ. തന്റെ കുട്ടികളിലൊരാളെപ്പോലും ചുംബിച്ചിട്ടില്ലെന്ന ബദവിയുടെ വെളിപ്പെടുത്തലിനെ എത്രമാത്രം വെറുപ്പോടെയാണ് പ്രവാചകന്‍ നിരാകരിച്ചത് എന്ന് നമുക്കറിയാമല്ലോ.

കൂടിയാലോചന

അല്ലാഹുവിന്റേതായി തിരുമേനി ഉദ്ധരിച്ചിട്ടുള്ള വാക്കുകള്‍ ശ്രദ്ധിക്കുക:’അനുചരന്‍മാരേ! എനിക്കുപോലും അനുവാദമില്ലാത്ത ഒന്നാണ് ഏകാഭിപ്രായം അടിച്ചേല്‍പിക്കുകയെന്നത്. അതിനാല്‍ ഞാന്‍ നിങ്ങളുടെ മേലും അത് വിലക്കിയിരിക്കുന്നു. അതിനാല് നിങ്ങള്‍ പരസ്പരം മേധാവിത്വം വെച്ചുപുലര്‍ത്താതിരിക്കുക’

വീടിനകത്ത് നാം ഭാര്യാഭര്‍ത്താക്കന്‍മാര്‍ എന്ന നിലയില്‍ഇടപെടുമ്പോള്‍ അന്യോന്യം ബഹുമാനാദരവുകള്‍ പുലര്‍ത്തേണ്ടതുണ്ട്. അതിന്റെ പ്രകടമായ രൂപമാണ് ഇരുകൂട്ടരും പരസ്പരം കേള്‍ക്കാനും തര്‍ക്കങ്ങള്‍ പരിഹരിക്കാനും പുലര്‍ത്തുന്ന സന്നദ്ധത. അത്തരം വിഷയങ്ങള്‍ പക്ഷേ, വെറുമൊരു ഫോര്‍മാലിറ്റി എന്നതിനപ്പുറം ആത്മാര്‍ഥതയുടെ തലത്തില്‍ നിന്നുകൊണ്ടായിരിക്കണം എന്നത് പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതുണ്ട്. കുടുംബത്തിന്റെ ക്ഷേമവും താല്‍പര്യവും ഗണിക്കാതെ തന്റെ മാത്രം അഭിപ്രായംഅടിച്ചേല്‍പിക്കുന്ന രീതി സ്വീകരിച്ചാല്‍ അത് ഖുര്‍ആന്‍ വരച്ചുകാണിക്കുന്ന കൂടിയാലോചന എന്ന തത്ത്വത്തിന്റെ നിരാസമായിരിക്കും.

പരസ്പരസഹകരണം

സഹകരണവും ഗുണകാംക്ഷയും ഏറ്റവും ഉദാത്തമായി ചിത്രീകരിക്കുന്ന ഖുര്‍ആനികഅധ്യായമാണ് അല്‍ അസ്വ്ര്!. ‘തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.'(അല്‍ അസ്വ്ര്!23) ഒരു കുടുംബം ഇസ് ലാമിന്റെ ഈ ആത്മാവ് ഉള്‍ക്കൊണ്ട് സഹകരിക്കുകയാണെങ്കില്‍ അവിടെ ഓരോ അംഗവും ഏറ്റവും വിലമതിക്കപ്പെടുന്നവരായിരിക്കും.

ആത്മാര്‍ഥത

അല്ലാഹുവോടും പ്രവാചകനോടും നിയമങ്ങളുടെ വിഷയത്തില്‍ പുലര്‍ത്തുന്ന ആത്മാര്‍ഥത കുടുംബത്തിലും ഉണ്ടായിരിക്കണം. ഖുര്‍ആന്‍ പറയുന്നത് കാണുക:’വിശ്വസിച്ചവരേ, അല്ലാഹുവെ അനുസരിക്കുക. ദൈവദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക.'(അന്നിസാഅ59) . കുടുംബാംഗങ്ങളുടെ ഒത്തൊരുമയുള്ള ആത്മാര്‍ഥത നമ്മുടെ വ്യക്തിത്വത്തെയും ലക്ഷ്യബോധത്തെയും വെളിപ്പെടുത്തുന്നു. നാം അല്ലാഹുവുമായി അടുത്തിരിക്കുന്നുവെന്നും അതിനാല്‍തന്നെ അവനോട് ഉത്തരം പറയാന്‍ ബാധ്യസ്ഥനാണെന്നുമുള്ള ചിന്ത അടിയുറക്കാന്‍ ഇത് സഹായിക്കും.

ആശയവിനിമയം

വര്‍ത്തമാനം പറയുക എന്നതിനേക്കാള്‍ വിശാലവും ആഴവുമേറിയതാണ് ആശയവിനിമയം. നമ്മെയും മറ്റുള്ളവരെയും കേള്‍ക്കാനും മനസ്സിലാക്കാനും കഴിയുമെന്ന് തെളിയിക്കുന്ന ഭാഷണമാണിത്. എല്ലാകാര്യങ്ങളും ഞങ്ങള്‍ സംസാരിക്കാറുണ്ടെന്നും അതിനാല്‍ തങ്ങള്‍ക്കിടയില്‍ ആശയവിനിമയപ്രശ്‌നങ്ങളില്ല എന്ന് അവകാശപ്പെടുന്നവരുണ്ട്. എന്നാല്‍ അവര്‍ വിഷയങ്ങള്‍ അല്ലാതെ ആളുകളോടല്ല സംസാരിക്കുന്നതെന്നതാണ് വസ്തുത. കേള്‍ക്കുന്നയാളെ ശ്രദ്ധിക്കാനോ അയാളുടെ വികാരം ഉള്‍ക്കൊള്ളാനോ ഇത്തരക്കാര്‍ക്ക് കഴിയാറില്ല. കുട്ടികള്‍ തങ്ങളുടെ രക്ഷിതാക്കളെ മനസ്സിലാക്കുന്നത് വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളിലാണ് എന്നതിനാല്‍ അവര്‍ക്കായി ശ്രദ്ധകൊടുക്കേണ്ടതുണ്ട്. ആശയവിനിമയം കേള്‍വി, മനസ്സിലാക്കല്‍, കാര്യവിനിമയം എന്നിങ്ങനെ വ്യത്യസ്തതട്ടിലുള്ളവയാണെന്നതിനാല്‍ സമൂഹത്തില്‍നിന്നുള്ള സമ്മര്‍ദ്ദങ്ങളെ അതിജയിക്കാനുള്ള കരുത്ത് കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ ഫലവത്തായ പാരന്റിങിലൂടെ മാത്രമേ കഴിയൂ. അതിലൂടെ പ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള കരുത്ത് അവര്‍ നേടിയെടുക്കുന്നു. തികച്ചും ഗുണാത്മകമായ ആശയവിനിമയം നടക്കുന്നിടത്ത് മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരുമിച്ചിരുന്ന് ചിരിക്കാന്‍ കഴിയും. തന്റെ കുടുംബവേരുകളെക്കുറിച്ചും ബന്ധുമിത്രാദികളെക്കുറിച്ചും കൃത്യമായ അവബോധം കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയുന്നത് ശരിയായ ആശയവിനിമയം കുടുംബത്തില്‍ നിലനില്‍ക്കുമ്പോഴാണ്.

സ്ഥിരത

നമ്മുടെ മൂല്യങ്ങളെക്കുറിച്ച തീര്‍പ്പിലും അച്ചടക്കത്തിലും ധാര്‍മികസദാചാരകാഴ്ചപ്പാടുകളിലും ഊന്നി മാത്രമേ ശരിയായ പാരന്റിങ് നടപ്പാക്കാനാകൂ. പല മാതാപിതാക്കളും കുട്ടികളോടുള്ള പെരുമാറ്റത്തില്‍ ഇരട്ടത്താപ്പുനയം സ്വീകരിക്കുന്നത് കാണാറുണ്ട്. അതില്‍ പോലും ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടൂം സ്വീകരിക്കുന്ന സമീപനം വ്യത്യസ്തമാണ്. സന്താനങ്ങള്‍ തമ്മില്‍ വൈരാഗ്യവും പകയും ഉണ്ടാക്കാനേ ഇത്തരം സമീപനങ്ങള്‍ സഹായിക്കുകയുള്ളൂ.

വിശ്വസ്തത

സുരക്ഷിതത്വവും നിര്‍ഭയത്വവും കളിയാടുന്ന ഇടത്തെയാണ് കുടുംബം എന്ന് വിളിക്കാനാകുക. അതായത് അവിടെ അംഗങ്ങള്‍ക്ക് പരസ്പരവിശ്വാസവും രഹസ്യങ്ങളെക്കുറിച്ച സുരക്ഷിതബോധവും ഉറപ്പാക്കാം. നിര്‍ഭാഗ്യവശാല്‍ , സന്താനങ്ങളുടെ ദൗര്‍ബല്യങ്ങളെ അന്യരുടെ മുമ്പില്‍ വാരിവിളമ്പി അവഹേളിക്കുന്ന സ്വഭാവം ചില രക്ഷകര്‍ത്താക്കള്‍ക്കുണ്ട്. കുട്ടികള്‍ രക്ഷകര്‍ത്താക്കളെ അവിശ്വസിക്കുന്നതിലേക്കാണ് ഇത് ചെന്നെത്തുക. അതോടെ കുടുംബത്തിനുപുറത്ത് ഉറ്റവരെയും വിശ്വസ്തരെയും തേടുന്ന അവര്‍ ആദര്‍ശവ്യതിചലനത്തിലേക്കും ആത്മീയഭ്രംശത്തിലേക്കും ആപതിക്കുകയാണ് ചെയ്യുക.

തവക്കുല്‍

കുട്ടികള്‍ക്ക് നല്‍കാനാകുന്നതില്‍വെച്ച് ഏറ്റവും വലിയ സമ്മാനമാണ് എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കാനാകുന്ന മനസ്സ്. നന്നെചെറുപ്രായത്തില്‍തന്നെ കുട്ടികളില്‍ അത്തരം മനസ്സ് വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിയണം. എല്ലാ അനുഗ്രഹത്തിനും അല്ലാഹുവിനോട് നന്ദിപ്രകാശിപ്പിക്കാന്‍ അവരെപരിശീലിപ്പിക്കണം. അതോടൊപ്പം ഭൗതികാസക്തിയെ എല്ലാ അര്‍ഥത്തിലും നുള്ളിക്കളയാന്‍ ശ്രമിക്കണം. അല്ലാഹു നമുക്ക് ചെയ്ത അസംഖ്യം അനുഗ്രഹങ്ങളെ എടുത്തോതിയും നമ്മെക്കാള്‍ ഭാഗ്യഹീനരായ ആളുകളെ ചൂണ്ടിക്കാട്ടിയും അതിന് എളുപ്പവഴി കണ്ടെത്താനാകും.

ആത്മവിശ്വാസം

ആത്മാര്‍ഥമായ പിന്തുണയും പ്രോത്സാഹനവും പ്രശംസയും നല്‍കി കുട്ടികളില്‍ ആത്മവിശ്വാസം പകര്‍ന്നുനല്‍കേണ്ട ഉത്തരവാദിത്വം മാതാപിതാക്കളുടേതാണ്. ആത്മവിശ്വാസം നേടുകവഴി കുട്ടികള്‍ സ്വയം എല്ലാപ്രശ്‌നങ്ങളെയും അഭിമുഖീകരിക്കാനുള്ള കരുത്ത് അവര്‍സ്വായത്തമാക്കുന്നു.

ആത്മനിയന്ത്രണം

കണ്ടതും കേട്ടതും സ്വന്തമാക്കണമെന്ന സ്വഭാവത്തെ നിയന്ത്രിച്ച് ആത്മസംയമനം പരിശീലിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. ഭാവിയില്‍ അമിതമായ ഭൗതികാസക്തിക്കടിപ്പെടാതിരിക്കാന്‍ അത് സഹായിക്കും.

ശാന്തത

പ്രതികൂലാവസ്ഥകളില്‍ ചഞ്ചലചിത്തനാകാതെ ശാന്തതയും ധൈര്യവും കൈവരിക്കാന്‍ കുട്ടികളെ പര്യാപ്തരാക്കണം. അതിന് അല്ലാഹുവെക്കുറിച്ച ഭയഭക്തി അവരില്‍ ഊട്ടിവളര്‍ത്തണം. എന്തിനുമേതിനും അല്ലാഹുവിനെ മാത്രം ആശ്രയിക്കാന്‍ അവരെ പരിശീലിപ്പിക്കണം.

ധൈര്യം

ദീനിനെക്കുറിച്ച ശരിയായ ചിത്രം നമ്മുടെ ജീവിതത്തിലൂടെ പ്രായോഗികമായി കാണിക്കുകയാണ് കുട്ടികളില്‍ ധൈര്യമെന്ന സ്വഭാവഗുണം വളര്‍ത്തിയെടുക്കാനുള്ള എളുപ്പവഴി. കുട്ടികളെ ഇസ്‌ലാമിന്റെ ഓരോ കാര്യങ്ങളും പഠിപ്പിക്കാന്‍ കിട്ടുന്ന എല്ലാ അവസരവും ഉപയോഗപ്പെടുത്തണം. കുടുംബം എന്ന സംവിധാനം ഇഹ്‌സാന്‍ എന്ന ലക്ഷ്യംപ്രാപിക്കുന്നതും അങ്ങനെയാണ്. ഇത്തരം കുടുംബങ്ങളില്‍ ഓരോരുത്തരും കരുത്തുറ്റ വ്യക്തിത്വത്തിനുടമകളായി മാറുന്നു.

ചിന്താശേഷി

കാര്യങ്ങളെ സദാ നിരീക്ഷിക്കാനും അതിനെപ്പറ്റി പര്യാലോചിക്കാനും, മനനംചെയ്യാനും ഖുര്‍ആന്‍ നമ്മോട് അടിക്കടി ആഹ്വാനംചെയ്യുന്നു. അതിനാല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ കുട്ടികളെ പ്രചോദിപ്പിക്കണം. പ്രയാസമേറിയചോദ്യങ്ങള്‍ കുട്ടികളോട് ദേഷ്യപ്പെടുന്ന ചില മാതാപിതാക്കളുണ്ട്. അത് അവരിലെ ചിന്താശേഷിയെ തളര്‍ത്തിക്കളയുന്നു. അവര്‍ അലസരും മറ്റുള്ളവര്‍ക്ക് വഴങ്ങിക്കൊടുക്കുന്നവരും അന്ധമായി പിന്‍പറ്റുന്നവരും ആയിത്തീരുന്നു.

ജീവകാരുണ്യമനസ്

മുസ്‌ലിംവ്യക്തിത്വത്തിന്റെ സവിശേഷസ്വഭാവമാണ് സഹജീവികളോടുള്ള ദയാവായ്പ്. മുഹമ്മദ് നബി(സ) ഇപ്രകാരം പറഞ്ഞു:’ അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്ക് മാപ്പുകൊടുക്കുക.’ പരസ്പരം വിട്ടുവീഴ്ചചെയ്യാത്തതുകൊണ്ടുമാത്രമാണ് അധികബന്ധങ്ങളും തകര്‍ന്നുപോകുന്നത്. സംവാദങ്ങളിലും തര്‍ക്കങ്ങളിലും മാതാപിതാക്കള്‍ മറ്റുള്ളവരോട് വിട്ടുവീഴ്ചചെയ്യുന്നത് മക്കള്‍ കണ്ടുപഠിക്കാന്‍ അവസരംനല്‍കണം. നബിതിരുമേനി(സ) പറഞ്ഞു:’ നിങ്ങള്‍ സ്വന്തത്തിനുവേണ്ടി ഇഷ്ടപ്പെടുന്നത് സഹോദരനുവേണ്ടിയും ഇഷ്ടപ്പെടണം.’ഭാര്യയും ഭര്‍ത്താവും അന്യോന്യം ആദരം നേടിയെടുക്കാനായിരിക്കണം ശ്രമിക്കേണ്ടത്. സഹജീവി സ്‌നേഹം മറ്റുള്ളവരുടെ ഇല്ലായ്മകളിലും വല്ലായ്മകളിലും സഹായം എത്തിക്കലാണ് എന്നതാണ് പ്രധാനം.
ശാഹിന സിദ്ദീഖ്

Related Post