മാനവികതയാണ് ഇസ്‌ലാം

Originally posted 2016-05-19 13:01:59.

3d-Allah-name-700x453

മാനവികതയാണ് ഇസ്‌ലാം

മാനവികതയാണ് ഇസ്‌ലാം

ഡോ. സൈനബ് അല്‍-അലവാനി

തൗഹീദ് അഥവാ ഏകദൈവത്വമാണ് ഇസ്‌ലാമിന്റെ അന്തസത്ത. അല്ലാഹുവിനോടുള്ള കീഴവണക്കത്തിന്റെ ഭാഗമായി ചെയ്യുന്ന കര്‍മ്മങ്ങളുടെയും അതിലൂടെ ഉണ്ടാകുന്ന മനശ്ശാന്തിയുടെയും ആകെത്തുകയാണ് ഇസ്‌ലാമിക വിശ്വാസത്തിന്റെ നെടുംതൂണ്‍. തൗഹീദ് എന്നത് ഈ ബന്ധത്തിന്റെ കാതലായ ഭാഗമാണ്. ഈ തൗഹീദിന്റെ ബഹിസ്ഫുരണമാണ് വിശ്വാസിയുടെ ആരാധനാകര്‍മങ്ങളിലും സ്വഭാവ മര്യാദകളിലും ദൃശ്യമാകുന്നത്.

അല്ലാഹുവാണ് മനുഷ്യരെ സൃഷ്ടിച്ചതെന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. അതില്‍ സ്ത്രീ-പുരുഷന്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളെയും അവന്‍ ഉണ്ടാക്കി. മനുഷ്യ സൃഷ്ടിപ്പിന്റെ ധര്‍മം അല്ലാഹുവിന്റെ പ്രതിനിധകളായി(ഖലീഫ) ഭൂമിയില്‍ അവന്റെ ഇച്ഛകള്‍ നടപ്പിലാക്കുക എന്നതാണ്. അല്ലാഹു പറയുന്നു:
”നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: ”ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുകയാണ്.” അവരന്വേഷിച്ചു: ”ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ചെയ്യുന്നവരെയോ നീ നിയോഗിക്കുന്നത്? ഞങ്ങളോ നിന്റെ മഹത്വം കീര്‍ത്തിക്കുന്നു. നിന്റെ വിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നു.” അല്ലാഹു പറഞ്ഞു: ”നിങ്ങളറിയാത്തത് ഞാനറിയുന്നു.” (അല്‍-ബഖറ: 30)
മനുഷ്യര്‍ക്കിടയില്‍ എന്തെങ്കിലും തരത്തിലുള്ള വേര്‍തിരിവുണ്ടെങ്കില്‍ അത് അവരുടെ തഖവ അഥവാ ദൈവഭയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. അല്ലാഹു പറയുന്നു:
”മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.” (അല്‍-ഹുജറാത്ത്: 13)

അല്ലാഹു തന്റെ ഖലീഫമാരില്‍ വിശ്വാസമര്‍പ്പിച്ചാണ് ഭൂമിയിലേക്ക് അവനെ നിയോഗിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ തൗഹീദ് മനസ്സില്‍ ഉറച്ച വിശ്വാസി ജീവിതകാലം മുഴുക്കെ അവന്റെ കല്‍പനകളെ പാലിച്ചും അവന്റെ നിരോധനങ്ങളെ മാനിച്ചും ജീവിക്കുന്നു. ദൈവബോധം വിശ്വാസിയുടെ മനസ്സില്‍ ഉണ്ടാക്കുന്ന ആത്യന്തികമായ വികാരം തിന്മയോടും അരുതായ്കളോടുമുള്ള ജാഗ്രതയാണ്. തെറ്റിലേക്ക് ചായാതെയും തെറ്റിലേക്ക് വീഴാതെയും പരമാവധി സൂക്ഷിച്ചായിരിക്കും അവന്‍ ജീവിതം മുന്നോട്ടു കൊണ്ടു പോവുക. തെറ്റ് സംഭവിച്ചു പോയാല്‍ തന്നെ വളരെ ആത്മാര്‍ത്ഥമായി ഖേദിച്ചു മടങ്ങുന്നവനായിരിക്കും അവന്‍. ഈ ബോധമാണ് തഖ്‌വ. തഖ്‌വ നേടിയെടുക്കണമെങ്കില്‍ പ്രവര്‍ത്തനങ്ങളെ തസ്‌കിയ്യത്ത് അഥവാ സംസ്‌കരിക്കേണ്ടതുണ്ട്. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവയെല്ലാം മനുഷ്യജീവിതത്തിലെ വിവിധ മേഖലകളില്‍ സംസ്‌കരണം നടപ്പാക്കുന്നവയാണ്.

മനുഷ്യനില്‍ ഉത്തമമായ സ്വഭാവഗുണങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതുകൂടി ഇബാദത്തകളുടെ ലക്ഷ്യമാണ്. അതിന് വ്യക്തിബന്ധങ്ങളും സാമൂഹികബന്ധങ്ങളും സംസ്‌കരിക്കപ്പെടേണ്ടതുണ്ട്. സ്ത്രീ-പുരുഷന്മാര്‍ തമ്മിലുള്ള ബന്ധങ്ങള്‍, അവരുടെ ധര്‍മങ്ങള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവയെല്ലാം ഖുര്‍ആന്‍ ചര്‍ച്ച ചെയ്യുന്നു. സ്ത്രീയും പുരുഷനും തമ്മില്‍ വൈവാഹിക ബന്ധവും കുടുംബ ബന്ധവും സുഹൃദ്ബന്ധവും അയല്‍പക്ക ബന്ധവുമൊക്കെ നിലനില്‍ക്കുന്നു. ഈ ബന്ധങ്ങളെ ദൈവിക മാര്‍ഗത്തില്‍ വിനിയോഗിക്കണമെന്നാണ് അല്ലാഹു താല്‍പര്യപ്പെടുന്നത്. കുടുംബത്തില്‍ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലും ഉപ്പയും മകളും തമ്മിലും ഉമ്മയും മകനും തമ്മിലും സഹോദരിയും സഹോദരനും തമ്മിലും ഉണ്ടാവേണ്ട ബന്ധം പരലോക ബോധത്തില്‍ അധിഷ്ഠിതമായിരിക്കണം. പരസ്പരം നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും അവര്‍ ശീലമാക്കണം. പരസ്പരമുള്ള ഗുണകാംക്ഷയുടെ അടിസ്ഥാനം സ്‌നേഹവും കാരുണ്യവുമായിരിക്കണം. അല്ലാഹു പറയുന്നു:
”അല്ലയോ മനുഷ്യരേ, നിങ്ങളുടെ റബ്ബിനെ ഭയപ്പെടുവിന്‍. ഒരൊറ്റ ആത്മാവില്‍നിന്നു നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവില്‍നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി പെരുത്തു സ്ത്രീപുരുഷന്മാരെ ലോകത്തു പരത്തുകയും ചെയ്തവനത്രെ അവന്‍. ഏതൊരുവനെ സാക്ഷിയാക്കിയാണോ നിങ്ങള്‍ പരസ്പരം അവകാശങ്ങള്‍ ചോദിക്കുന്നത്, ആ അല്ലാഹുവിനെ ഭയപ്പെടുവിന്‍. കുടുംബബന്ധങ്ങള്‍ തകരുന്നതു സൂക്ഷിക്കുവിന്‍. അല്ലാഹു നിങ്ങളെ സദാ നിരീക്ഷിക്കുന്നുവെന്നു കരുതിയിരിക്കുക.” (അന്നിസാഅ്: 1)

സ്ത്രീ-പുരുഷ ദൗത്യനിര്‍വഹണത്തില്‍ ലിംഗവ്യത്യാസമില്ല എന്നു തന്നെയാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. കാരണം, മനുഷ്യരെയാണ് പ്രതിനിധികളായി നിശ്ചയിച്ചതെന്നാണ് ഖുര്‍ആന്‍ പറയുന്നത്. പുരുഷന് സ്ത്രീയേക്കാള്‍ കായബലവും അധ്വാനശീലവും ഉണ്ട് എന്നത് പ്രകൃതിപരമാണ്. പുരുഷനും സ്ത്രീക്കും പ്രകൃതിയില്‍ നിര്‍വഹിക്കാനുള്ള ധര്‍മങ്ങള്‍ക്കനുസരിച്ചാണ് അവരുടെ ശരീരപ്രകൃതി രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ സ്രഷ്ടാവായ ദൈവത്തെ വണങ്ങുന്നതിനും അവന് ഇബാദത്തുകള്‍ അര്‍പിക്കുന്നതിനും ഇത് അവര്‍ക്ക് തടസ്സമാകുന്നില്ല. മറിച്ച് തങ്ങള്‍ ഇടപഴകുന്ന സമൂഹത്തിലാണ് അവരുടെ ധര്‍മങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും സംവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നതും. എന്നാല്‍ സ്ത്രീക്കും പുരുഷനും സമൂഹത്തില്‍ അവരുടേതായ പങ്ക് വഹിക്കാനുണ്ടെന്ന് ഇസ്‌ലാം വ്യക്തമാക്കുന്നു. സ്ത്രീ കുടുംബത്തിന്റെ സംരക്ഷകയാണെങ്കില്‍ പുരുഷന്‍ കുടുംബത്തിന്റെ അന്നദാതാവാണ്. തൊഴിലിടങ്ങളിലും സാമൂഹ്യ രംഗങ്ങളിലും തുല്യ പ്രാധാന്യത്തോടെ തന്നെ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ഇസ്‌ലാം പഠിപ്പിക്കുന്നു. പുരുഷന്മാരോടൊപ്പം സ്ത്രീകള്‍ പള്ളികളില്‍ നമസ്‌കരിച്ചതും യുദ്ധങ്ങളില്‍ പങ്കെടുത്തതും രണ്ട് ധ്രുവങ്ങളിലെ സ്ത്രീ-പുരുഷ പങ്കാളിത്തത്തെ കുറിക്കുന്നു.
”അല്ലയോ മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി; പരസ്പരം തിരിച്ചറിയേണ്ടതിന്ന്. നിങ്ങളില്‍ ഏറ്റം ദൈവഭക്തിയുള്ളവരാകുന്നു, അല്ലാഹുവിങ്കല്‍ ഏറ്റം ഔന്നത്യമുള്ളവര്‍.28 നിശ്ചയം, അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ ബോധമുള്ളവനുമാകുന്നു.” (അല്‍-ഹുജറാത്ത്: 13)

ഈ സൂക്തത്തില്‍ നിന്ന് തന്നെ ആണ്‍-പെണ്‍, വര്‍ണ-വര്‍ഗ-ദേശാ-ഭാഷാ വ്യത്യാസങ്ങള്‍ക്കപ്പുറം മനുഷ്യന്‍ എന്ന വിശാല ചിന്തയില്‍ നിന്നുകൊണ്ട് സമൂഹ സേവനത്തിനാണ് പ്രാധാന്യം നല്‍കേണ്ടത് എന്നു മനസ്സിലാക്കാം. ദൈവബോധം എന്നാല്‍ മാനുഷിക ബോധം കൂടിയാണ്. മനുഷ്യസേവനം ദൈവാരാധനയാണെന്ന് പഠിപ്പിക്കുന്ന ആദര്‍ശമാണ് ഇസ്‌ലാം. അതിനാല്‍ ഇസ്‌ലാം ക്ഷണിക്കുന്നത് മാനവികതയിലേക്കാണ്, വിഭാഗീയതകളിലേക്കല്ല.

 

Related Post