IOS APP

മ്യാന്‍മര്‍; കൂട്ടകശാപ്പില്‍ നിന്ന് വംശീയ ഉന്മൂലനത്തിലേക്ക്

                                                 മ്യാന്‍മര്‍; കൂട്ടകശാപ്പില്‍ നിന്ന് വംശീയ ഉന്മൂലനത്തിലേക്ക്

മ്യാന്‍മര്‍; കൂട്ടകശാപ്പില്‍ നിന്ന് വംശീയ ഉന്മൂലനത്തിലേക്ക്

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളും വാര്‍ത്തകളുമാണ് മ്യാന്‍മറില്‍ നിന്നും വന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രദേശത്തു നിന്നും പുറത്തു വന്ന റിപോര്‍ട്ടുകളേക്കാള്‍ ഭീകരമാണ് അവിടത്തെ യഥാര്‍ഥ സ്ഥിതിയെന്ന് അവിടെ നിന്നും പലായനം ചെയ്തവരുടെ സാക്ഷ്യപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നു. അവിടത്തെ റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ ദുരിതം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇസ്‌ലാമിക രാഷ്ട്ര സംവിധാനം നിലനിന്നിരുന്ന അറാകാന്‍ എന്ന മുസ്‌ലിം ഭൂരിപക്ഷ പ്രവിശ്യ 1784 ബര്‍മയിലെ ബുദ്ധസര്‍ക്കാര്‍ ആക്രമിച്ച് തങ്ങളുടെ രാഷ്ട്രത്തിന്റെ ഭാഗമാക്കിയത് മുതല്‍ റോഹിങ്ക്യന്‍ വംശജരായ അവിടത്തുകാര്‍ ദുരിതങ്ങള്‍ അനുഭവിക്കുകയാണ്. അറാകാനിലെ റാഖൈന്‍ ബുദ്ധ വംശത്തിലേക്ക് ചേര്‍ത്ത് പ്രവിശ്യയുടെ പേര് തന്നെയും അവര്‍ മാറ്റി. അറാകാന്‍ തങ്ങളുടെ വംശത്തിനുള്ളതാണെന്നും മുസ്‌ലിംകള്‍ അവിടെ നുഴഞ്ഞുകയറിയവരാണെന്നും വാദിക്കുന്ന റാഖൈന്‍ ബുദ്ധന്‍മാര്‍ മുസ്‌ലിംകളെ കൊന്നും കുടിയിറക്കിയും ഉന്മൂലനം ചെയ്യുകയാണവിടെ.

രാജ്യത്തെ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ വംശജരെ ഭൂരിപക്ഷം കൊന്നൊടുക്കുമ്പോള്‍ അത് തടയേണ്ട ഭരണകൂടം ഇരക്കൊപ്പമല്ല, വേട്ടക്കാരനൊപ്പം നിന്ന് വേണ്ട എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുകയാണ്. രാജ്യത്തെ പൗരന്‍മാരായി റോഹിങ്ക്യകളെ അംഗീകരിക്കുന്നില്ലെന്നും സര്‍ക്കാര്‍ പദ്ധതികളൊന്നും ആ പ്രദേശത്ത് എത്തുന്നില്ലെന്നതും തന്നെ അതിന്റെ വ്യക്തമായ തെളിവാണ്. നേരത്തെ ആക്രമണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് സൈന്യം ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ സൈന്യം തന്നെയാണ് കൂട്ടകശാപ്പുകള്‍ നടത്തുന്നത്. ഭരണകൂടത്തിന്റെ തന്നെ മേല്‍നോട്ടത്തില്‍ വംശീയ ഉന്മൂലനം നടക്കുമ്പോള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പുകള്‍ക്ക് തടയിടാനുള്ള ന്യായീകരണങ്ങളും അവര്‍ ഉണ്ടാക്കിയെടുക്കുന്നുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 25ന് റോഹിങ്ക്യന്‍ സായുധ സംഘം പോലീസ് ആസ്ഥാനം ആക്രമിച്ച് പോലീസുകാരെ കൊലപ്പെടുത്തിയെന്ന പ്രചരണം അതിന്റെ ഭാഗമാണ്. റോഹിങ്ക്യന്‍ സായുധ ഗ്രൂപ്പ് പോലീസ് കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ഗ്ലോബല്‍ റോഹിങ്ക്യ സെന്ററിന്റെ മലേഷ്യയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫരീദ് അബ്ദുല്‍ ജബ്ബാര്‍ പറയുന്നത്. പോലീസ് ആസ്ഥാനത്ത് കൊടിയ പീഡനങ്ങള്‍ക്കിരയാക്കപ്പെട്ടു കൊണ്ടിരുന്ന തങ്ങളുടെ ബന്ധുക്കളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ് റോഹിങ്ക്യകളെന്നും അവര്‍ സായുധരായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഷങ്ങളായി കൊടിയ പീഡനങ്ങള്‍ക്കും കൂട്ടകശാപ്പുകള്‍ക്കും വിധേയരാക്കപ്പെടുന്ന ഒരു വിഭാഗത്തില്‍ ആക്രമണത്തെയും അടിച്ചമര്‍ത്തലുകളെയും പ്രതിരോധിക്കാന്‍ ഒരു പ്രതിരോധ പ്രസ്ഥാനം ഉയര്‍ന്നു വന്നിട്ടുണ്ടെങ്കില്‍ തന്നെ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം അക്രമങ്ങള്‍ക്ക് കൂട്ടുനിന്ന ഭരണകൂടത്തിനാണ്.

റോഹിങ്ക്യകള്‍ക്കെതിരെയുള്ള ആക്രമണം ‘കൂട്ടകശാപ്പിന്റെ’ ഘട്ടം പിന്നിട്ട് ‘വംശീയ ഉന്മൂലനത്തിന്റെ’ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നാണ് ഇന്തോനേഷ്യയില്‍ എത്തിയ റോഹിങ്ക്യന്‍ അഭയാര്‍ഥിയായ കരീമുല്ല മുഹമ്മദ് പറയുന്നത്. മുസ്‌ലിംകളെ പീഡിപ്പിക്കുക എന്നതിനപ്പുറം മ്യാന്‍മറിലെ മുസ്‌ലിം സാന്നിദ്ധ്യം പൂര്‍ണമായി ഇല്ലാതാക്കലാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. അറാകാനില്‍ അവശേഷിക്കുന്ന ബന്ധുക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനല്ലാതെ മറ്റൊന്നിനും സാധിക്കാത്ത കരീമിനെ പോലെ പല രാഷ്ട്രങ്ങളിലും അഭയാര്‍ഥികളായി കഴിയുന്നവര്‍ അനവധിയാണ്. 300 റോഹിങ്ക്യന്‍ വംശജര്‍ കൊല്ലപ്പെട്ടതായിട്ടാണ് ഓണ്‍ലൈന്‍ മാധ്യമ റിപോര്‍ട്ടുകളെങ്കിലും, മൂവായിരത്തിലേറെ ആളുകള്‍ കൊല്ലപ്പെടുകയും നൂറിലേറെ ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് അവിടെ നിന്നും നേരിട്ട് അറിയാന്‍ സാധിച്ചതെന്നും കരീം പറഞ്ഞു.

മ്യാന്‍മറിലെ കൂട്ടകശാപ്പുകള്‍ക്കെതിരെയുള്ള തങ്ങളുടെ പ്രതിഷേധം അന്താരാഷ്ട്ര സമൂഹവും മുസ്‌ലിം രാഷ്ട്രങ്ങളും അപലപിക്കലിലും പ്രതിഷേധം രേഖപ്പെടുത്തലിലും പരിമിതപ്പെടുത്തിയപ്പോള്‍ തുര്‍ക്കിയും അതിന്റെ പ്രസിഡന്റും സ്വീകരിച്ച നിലപാട് വളരെ ശ്രദ്ധേയമാണ്. നിരപരാധികള്‍ കൊലചെയ്യപ്പെടുകയും സ്ത്രീകളുടെ അഭിമാനം പിച്ചിചീന്തപ്പെടുകയും കുട്ടികള്‍ നദികളിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുമ്പോള്‍ മറ്റ് രാഷ്ട്രങ്ങളെ പോലെ മൗനം പാലിക്കാന്‍ ഞങ്ങള്‍ക്കാവില്ലെന്ന് പറഞ്ഞ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ബംഗ്ലാദേശിനോട് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കായി അതിര്‍ത്തി തുറന്നു കൊടുക്കാന്‍ നിര്‍ദേശിക്കുകയും അവരുടെ ചെലവുകള്‍ തുര്‍ക്കി വഹിക്കുമെന്ന വാഗ്ദാനം നല്‍കുകയും ചെയ്തു. പിറന്ന നാട്ടിലെ പീഡനങ്ങള്‍ സഹിക്കവയ്യാതെ അഭയാര്‍ഥികളായ റോഹിങ്ക്യന്‍ വംശജരുടെ ഒരു ഭാഗം ഇന്ത്യയിലുമുണ്ട്. അവരെ പുറത്താക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നമ്മുടെ സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായി കൊണ്ടിരിക്കുന്നത്. അഭയാര്‍ഥികള്‍ക്ക് നേരെ നമ്മുടെ രാജ്യം ഇക്കാലമത്രെയും സ്വീകരിച്ച നിലപാടുകള്‍ മാറ്റിമറിക്കപ്പെടുകയാണ്. എല്ലാ തരത്തിലും നരകയാതന അനുഭവിച്ചു കൊണ്ടിരിക്കുന്ന റോഹിങ്ക്യകള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കാനെങ്കിലും നമുക്ക് സാധിക്കേണ്ടതുണ്ട്.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.