രാമനുണ്ണി തീര്‍ത്ത പാരസ്പര്യത്തിന്റെ സുവര്‍ണ നിമിഷങ്ങള്‍

Originally posted 2017-06-29 19:40:50.

രാമനുണ്ണി തീര്‍ത്ത പാരസ്പര്യത്തിന്റെ സുവര്‍ണ നിമിഷങ്ങള്‍         

      ജമാല്‍ കടന്നപ്പള്ളി

മൂന്നു വയസില്‍ അഛന്‍ നഷ്ടപ്പെട്ട തനിക്ക് പിതൃസ്ഥാനത്തുണ്ടായത് അയല്‍വാസിയായ സുഹൃത്ത് ഖയ്യൂമിന്റെ പിതാവ് അബ്ദുല്ല ഹാജിയായിരുന്നു.’ കണ്ണൂര്‍ ജില്ലാ ജമാഅത്തെ ഇസ്‌ലാമി ഓഫീസ് (യൂനിറ്റി സെന്റര്‍) പള്ളിയുടെ മിഹ്‌റാബിനു താഴെ നിന്നു കൊണ്ട് കേരളത്തിന്റെ പ്രശസ്ത സാഹിത്യകാരന്‍ കെ.പി രാമനുണ്ണി ഹൃദയം തുറന്നപ്പോള്‍ അദ്ദേഹവും സദസ്സും ഒരേ പോലെ മനുഷ്യസ്‌നേഹത്തിന്റെ പ്രസന്ന മധുരമായ ഭൂതകാലത്തേക്ക് സഞ്ചരിച്ചു.

‘ഞാനും ഖയ്യൂമും ചെസ് കളിക്കാനിരിക്കുമ്പോള്‍ ഖയ്യൂമിന്റെ ജ്യേഷ്ഠന്‍ ഖയ്യൂമിനെ സപ്പോട് ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പറമ്പിന്റെ ഏത് ഭാഗത്തുനിന്നായാലും അബ്ദുല്ലഹാജി ഓടിവന്ന് തന്റെ പക്ഷത്ത് നിന്നു കൊണ്ട് പറയും: ‘എന്റെ രാമനുണ്ണിയെ തോല്‍പിക്കാന്‍ നിങ്ങള്‍ക്ക് സാധ്യമല്ല.’

പിന്നീട് വളര്‍ന്ന് വലുതായി വായനാ ലോകത്ത് പ്രവേശിപ്പിച്ചപ്പോഴാണ് ‘അനാഥക്കുട്ടികളുടെ മുമ്പില്‍ നിന്ന് സ്വന്തംമക്കളെ ലാളിക്കരുത്’ എന്ന മുഹമ്മദ് നബി(സ)യുടെ ഉപദേശം ശിരസാവഹിക്കുക മാത്രമാണ് അബ്ദുല്ല ഹാജി ചെയ്തതെന്ന് ബോധ്യപ്പെട്ടത്.’

പള്ളിയില്‍ തിങ്ങിനിറഞ്ഞ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വന്‍ ജനാവലിയുടെ മുന്നില്‍ ഒരു മണിക്കൂര്‍ നേരം രാമനുണ്ണി തന്റെ മനസ്സ് തുറന്നു വെച്ചപ്പോള്‍ അത് അനുഭൂതികളുടെ വേലിയേറ്റം സൃഷ്ടിച്ചു. പലപ്പോഴും വൈകാരികത മുറ്റിയ മിഴികളോടെ രാമനുണ്ണി ദൂരേക്ക് നോക്കി. പോയ കാലത്തിന്റെ മനുഷ്യത്വവും മാനവികതയും സദസ്സിന്റെ മനസ്സിന്റെ ഉള്‍ത്തലങ്ങളിലും നൊമ്പരത്തീപ്പൂക്കളായി വിടര്‍ന്നു. പലരും കൈലേസു കൊണ്ട് കണ്ണ് തുടച്ചു.

സൂഫി പറഞ്ഞ കഥയും ദൈവത്തിന്റെ പുസ്തകവും ഉള്‍പ്പെടെ ഒട്ടനവധി കനപ്പെട്ട രചനകള്‍ നിര്‍വ്വഹിച്ച കൃതഹസ്തനായ പ്രിയപ്പെട്ട സാഹിത്യകാരന്‍ കാലഘട്ടത്തിന് സംഭവിച്ച അവിശ്വസനീയമായ നിറഭേദത്തില്‍ അല്‍ഭുതം കൂറി. ഹൈന്ദവ പ്രതീകങ്ങളെ വികൃതവത്കരിക്കുന്ന ഫാഷിസം, ഹിന്ദു  മുസ്‌ലിം ഐക്യത്തിനു പാരപണിത ബ്രിട്ടീഷ് സാമ്രാജ്യത്വ കുതന്ത്രങ്ങള്‍, യൂറോ കേന്ദ്രീകൃത ആധുനികത ലോകസംസ്‌കാരത്തിനു സമ്മാനിച്ച മൂല്യച്യുതിയുടെ ആഴം. ഇങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങളിലേക്ക് കൂടി വെളിച്ചം വീഴ്ത്തിക്കൊണ്ടാണ് രാമനുണ്ണി തന്റെ ‘റമദാന്‍ പ്രഭാഷണം’ നിര്‍ത്തിയത്.

മദീനയിലെ മസ്ജിദുന്നബവിയില്‍ മുഹമ്മദ് നബി ഇതര മതസ്തരെ സ്വീകരിക്കുകയും അവര്‍ക്ക് ആരാധന നടത്താന്‍ വരെ സ്വന്തം പള്ളി ഒരുക്കിക്കൊടുക്കുകയും ചെയ്ത ഇസ്‌ലാമിന്റെ സുവര്‍ണകാലം തിരിച്ചുപിടിച്ച ജമാഅത്തെ ഇസ്‌ലാമിയുടെ ഈ മനസ്സ്, വിശിഷ്യാ വര്‍ത്തമാന കാലസാഹചര്യത്തില്‍ എല്ലാവരും അനുകരിച്ചെങ്കില്‍ എന്നാശിച്ചു പോയി.

Related Post