വിമര്‍ശന വായനയില്‍ നിന്നും ഇസ്‌ലാമിലേക്ക് കടന്നു വന്ന ജൊറാം വാന്‍
അന്ന് വരെ ഉമര്‍ ഖുര്‍ആന്‍ നേരില്‍ കേട്ടിരുന്നില്ല. മുഹമ്മദിനെ കുറിച്ച് കേട്ടറിവ് മാത്രമായിരുന്നു അദ്ദേഹത്തിന്. ഹംസ ഇസ്‌ലാമിലേക്ക് വന്ന മൂന്നാം ദിനം ഉമര്‍ തീരുമാനിച്ചു. ഇനി മുഹമ്മദിനെ വെറുതെ വിടാന്‍ പാടില്ല. ഖുറൈശികളില്‍ പലരും കളം മാറി ചവിട്ടുന്നു. തങ്ങളുടെ വിശ്വാസവും ഐക്യവും മുഹമ്മദ് തകര്‍ക്കുന്നു. തങ്ങളുടെ ദൈവങ്ങളെ ഇല്ലാതാക്കുന്നു. പോകുന്ന വഴിയിലാണ് ഉമറിന്റെ തന്നെ കുടുംബത്തില്‍ പെട്ട നുഐം ഇബ്‌നു അബ്ദുല്ലയെ കണ്ടുമുട്ടിയത്. അദ്ദേഹം രഹസ്യമായി ഇസ്ലാം വിശ്വസിച്ച വ്യക്തിയാണ്. ഉമറിന്റെ ഭാവം കണ്ടപ്പോള്‍ എന്തോ പന്തികേട് കണ്ട നുഐം കാര്യം തിരക്കി. ഉമര്‍ വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു. ‘മുഹമ്മദിനെ കൊല്ലണം’. അതിനുള്ള കാരണവും വിവരിച്ചു. തന്റെ കുടുംബത്തില്‍ നിന്ന് തന്നെ മുഹമ്മദിന് അനുയായികള്‍ ഉണ്ടെന്ന വിവരം അപ്പോഴാണ് ഉമര്‍ അറിഞ്ഞതും.
പിന്നെ ഉമര്‍ നേരെ നടന്നത് സഹോദരിയുടെ വീട്ടിലേക്ക്. അവിടെ ഹബ്ബാബ് അവരെ ഖുര്‍ആന്‍ പഠിപ്പിക്കുകയായിരുന്നു. ‘ഇവിടെ പതുങ്ങിയ സ്വരത്തില്‍ നിങ്ങള്‍ എന്തോ വായിക്കുന്നത് കേട്ടല്ലോ’ ഉമര്‍ അതിനു മുമ്പ് ഖുര്‍ആന്‍ നേരിട്ട് കേട്ടിരിക്കാന്‍ വഴിയില്ല. സഹോദരിയെയും ഭര്‍ത്താവിനെയും കണക്കറ്റു ഉമര്‍ മര്‍ദ്ദിച്ചു. അവസാനം സഹോദരിയുടെ മുഖത്ത് നിന്നും രക്തം വരുന്നതു വരെ അത് നീണ്ടു നിന്നു. പിന്നീട് ഉണ്ടായതെല്ലാം ചെന്നെത്തിച്ചത് ഉമറിന്റെ ഇസ്‌ലാമിലേക്കുള്ള യാത്രയായിരുന്നു. ഖുര്‍ആനിലെ ഇരുപതാം അധ്യായത്തിലെ ആദ്യ വരികള്‍ മാത്രം മതിയായിരുന്നു ഉമറിനെ പോലുള്ള ഒരാളുടെ മനസ്സ് മാറ്റാന്‍.
മുന്‍വിധികളില്ലാതെ ഒന്ന് വായിച്ചാല്‍ തീരുന്ന വിഷയമാണ് പലരുടെയും ഇസ്‌ലാം വിരുദ്ധത
അത് തന്നെയാണ് ഇന്നത്തെയും വിഷയം. മുന്‍വിധികളില്ലാതെ ഒന്ന് വായിച്ചാല്‍ തീരുന്ന വിഷയമാണ് പലരുടെയും ഇസ്‌ലാം വിരുദ്ധത. ഇസ്ലാമിനെ വിമര്‍ശിക്കാന്‍ വായിച്ച പലരും പിന്നെ എത്തിപ്പെട്ടത് ഇസ്‌ലാമിന്റെ വഴിയിലാണ്. ഡച്ച് തീവ്രവലതുപക്ഷ നേതാവും മുന്‍ എം.പിയുമായ ജൊറം വാന്‍ ക്ലവ്‌റെണ്‍ ഇസ്ലാം സ്വീകരിച്ചത് അതു കൊണ്ടാണ് നമുക്ക് അത്ഭുതമല്ലാത്തതും. ഇസ്‌ലാമിനെ വിമര്‍ശന ബുദ്ധിയോടെ വായിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ഇസ്‌ലാമിനെ വായിക്കാന്‍ രണ്ടു വായന വേണം. ഒന്ന് പ്രമാണ വായന. മറ്റൊന്ന് മുസ്ലിംകളുടെ ജീവിതം.
അദ്ദേഹത്തിന്റെ നാട്ടില്‍ അവസാന കണക്കു പ്രകാരം മുസ്ലിം ജനസംഖ്യ എട്ടര ലക്ഷമാണ്. മൊത്തം ജനസംഖ്യ ഒന്നേമുക്കാല്‍ കോടിയും. അതായത് മൊത്തം ജനസംഖ്യയുടെ അഞ്ചു ശതമാനം വരും മുസ്ലിംകള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഫ്രീഡം പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത് ‘ഇനിയും കൂടുതല്‍ മൊറോക്കന്‍ ജനതയെ ആവശ്യമുണ്ടോ’ എന്ന ചോദ്യം കൊണ്ടാണ്. ഒരു പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച വ്യക്തിയാണ് ജൊറം വാന്‍. തന്റെ വിമര്‍ശന പഠനത്തിന്റെ ഇടയില്‍ വെച്ചാണ് അദ്ദേഹം ഇസ്ലാമില്‍ എത്തിച്ചേര്‍ന്നത്. ക്രിസ്ത്യാനിറ്റിയില്‍ നിന്നും ഇസ്‌ലാമിലേക്ക് എന്നൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ അദ്ദേഹം.
‘പച്ചക്കറി മാത്രം കഴിക്കുന്നവന്‍ ഇറച്ചികടയില്‍ ജോലിക്കു പോകുന്നത് പോലെ’ എന്നാണു ജൊറേം വാനിന്റെ ഇസ്‌ലാം ആശ്ലേഷണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ മുന്‍ നേതാവ് വില്‍ഡേഴ്‌സ് വിശേഷിപ്പിച്ചത്. സമൂഹം എന്ത് പറഞ്ഞാലും ഞാനിപ്പോള്‍ ഒരു മുസ്ലിമാണ് എന്നതാണ് ജെറോമിന്റെ നിലപാട്. 2050ാടെ നെതര്‍ലാന്റില്‍ മുസ്ലിം ജനസംഖ്യയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാവുമെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ കച്ചവടക്കാരിലൂടെയാണ് ഇസ്ലാം നെതര്‍ലാന്റില്‍ എത്തുന്നത്. പിന്നീട് മൊറോക്കോ,ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ മുസ്ലിംകള്‍ എത്തിച്ചേര്‍ന്നു.
ഡച്ച് മുസ്ലിംകള്‍ 50 ശതമാനവും വെള്ളിയാഴ്ച പള്ളികളില്‍ വരുന്നവരാണ് എന്നാണ് പറയപ്പെടുന്നത്. സ്ത്രീകളില്‍ 60 ശതമാനത്തിന് മുകളില്‍ ഹിജാബ് ധരിക്കുന്നു. സെപ്റ്റംബര്‍ 11 മറ്റെല്ലാ യൂറോപ്യന്‍ രാജ്യങ്ങളെയും പോലെ നെതര്‍ലാന്‍ഡിലും പ്രശ്‌നം സൃഷ്ടിച്ചു. നാന്നൂറോളം പള്ളികള്‍ അവിടെയുണ്ട് എന്നാണ് കണക്ക്. ഇസ്‌ലാമോഫോബിയ മറ്റു രാജ്യങ്ങളെ പോലെ അവിടെയും രൂപപ്പെട്ടു. തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ അതൊരു അജണ്ടയായി കൊണ്ടുനടന്നു.
ജൊറോം വാന്‍ മറ്റു പലര്‍ക്കും മാതൃകയാണ്. അദ്ദേഹം നടത്തിയ പോലെ ഇസ്‌ലാമിനെ വിമര്‍ശന വിധേയമായി പഠിക്കാന്‍ നമ്മുടെ നാട്ടിലെ ഇസ്ലാം വിരോധികളും തയ്യാറാകണം. മുന്‍ധാരണയില്ലാതെ ഒന്ന് വായിച്ചാല്‍ തീരുന്നതാണ് പലരുടെയും കാര്യം. ഇസ്‌ലാമിനെ കുറിച്ച് പലരും കഥയറിയാതെ ആട്ടം കാണുന്നു. അല്ലെങ്കില്‍ അവര്‍ ഇസ്ലാമിന് അന്യമായ കാര്യം ഇസ്‌ലാമിന്റെ പേരില്‍ കെട്ടിവെച്ചു അതിനു മറുപടി കണ്ടെത്തുന്നു. ഇസ്ലാം രണ്ടു രീതിയില്‍ വായിക്കണം. ഒന്ന് പ്രമാണം എന്ന രീതിയില്‍. മറ്റൊന്ന് മുസ്ലിംകളുടെ ജീവിതം വിലയിരുത്തിയും. രണ്ടാമത്തെ വായന പലപ്പോഴും ശരിയായില്ലെന്ന് വരും.
പ്രമാണവും അധികം വിശ്വാസികളും തമ്മില്‍ അകല്‍ച്ച കൂടുതലാണ്. പക്ഷെ അടിസ്ഥാന പ്രമാണങ്ങള്‍ ഒരിക്കലും അങ്ങിനെയാവില്ല എന്നുറപ്പാണ്. ഖുര്‍ആന്‍ കൊതുകിനെയും ഈച്ചയെയും ഉദാഹരിക്കുന്നു എന്നതായിരുന്നു അന്നത്തെ കാലത്തെ ശത്രുക്കളുടെ ആരോപണം. പ്രസ്തുത വിഷയം കൈകാര്യം ചെയ്ത ഖുര്‍ആന്‍ ശേഷം പറഞ്ഞത് ‘ഇവ്വിധം ഒരേ വചനത്തിലൂടെത്തന്നെ അല്ലാഹു നിരവധിപേരെ വഴികേടിലാക്കുകയും ധാരാളം പേരെ നേര്‍വഴിയിലേക്ക് നയിക്കുകയും ചെയ്യുന്നു. എന്നാല്‍, അവന്‍ വഴികേടിലകപ്പെടുത്തുന്നത് ധിക്കാരികളെ മാത്രമാകുന്നു. സത്യപാത കണ്ടെത്താന്‍ പലര്‍ക്കും തടസ്സം ഈ ധിക്കാരം തന്നെയല്ലേ ?. സ്വഭാവത്തില്‍ ധിക്കാരിയെങ്കിലും മുന്‍ധാരണ ഇല്ലാത്ത മനസ്സായിരുന്നു ഉമറിനെ ഇസ്‌ലാമില്‍ എത്തിച്ചത് എന്ന് കൂടി നാം ചേര്‍ത്ത് വായിക്കണം.